യേശു പറഞ്ഞു; "വഴിപോക്കരാകുക" (തോമസിന്‍റെ സുവിശേഷം 42-ാം വാക്യം).
യാത്ര എന്നും മനുഷ്യന്‍റെ ആത്മാംശത്തെ കുറെക്കൂടി തെളിച്ചമുള്ളതാക്കുന്നുണ്ട്. അന്നും ഇന്നും ദീര്‍ഘദൂരബസുകളുടെ ബോര്‍ഡുകള്‍ കാണുന്നത് ഒരു ഹരമാണ്, ആവേശമാണ്. വയനാട്ടിലെ കുടിയേറ്റ പ്രദേശങ്ങളിലേക്കും വടക്കന്‍ പാട്ടുകളുടെ വീരതാളങ്ങളിലേക്കുമൊക്കെ ആ ദിശാസൂചികള്‍ മനസ്സിനെ പായിക്കും. കഠിനാധ്വാനത്തിന്‍റെ സ്വേദഗന്ധങ്ങളിലേക്കും സുഗന്ധദ്രവ്യങ്ങളുടെ ഉന്മാദഗന്ധങ്ങളിലേക്കും പോര്‍വിളിയുടെ ഭയചകിത ദൃശ്യങ്ങളിലേക്കുമൊക്കെ ഈ രാത്രികാലവണ്ടികള്‍ മനസ്സിനെ കൊണ്ടുപോകും. ഏതൊക്കെ ദേശങ്ങളിലൂടെയാണ് അവ ഓടിയോടി ലക്ഷ്യസ്ഥാനത്തെത്തുക. ദൂരദിക്കിലുള്ള ഒരു സ്നേഹിതനെ കാണാന്‍ പോകുമ്പോള്‍, അവനെ കാണുക എന്നതിനെക്കാള്‍, അവനെ കാണാന്‍ നടത്തിയ യാത്രകളിലായിരുന്നു ശരിക്കുമിഷ്ടം എന്നുള്ള വരികളിലെ ധ്യാനത്തെ ഇപ്പോള്‍ തെളിഞ്ഞുകിട്ടുന്നുണ്ട്. ഓരോ യാത്രയും പ്രാവിന്‍കൂടുപോലുള്ള എന്‍റെ പ്രാണനെ കുറെക്കൂടി വിശാലമാക്കുന്നുണ്ട്. സ്കൂള്‍ ലൈബ്രറിയിലെ വിശാലമായ ഭൂപടത്തിന്‍റെ മുമ്പില്‍ നില്‍ക്കുമ്പോള്‍, മനസ്സ് അറിയാതെ രഥയാത്രകളും ആകാശയാത്രകളും നടത്തും.
കേരളം എന്നും സഞ്ചാരികളുടെ പറുദീസായായിരുന്നു. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന പേരുപോലും സഞ്ചാരിയുടെ ദൈവത്തെ ധ്വനിപ്പിക്കുന്നു. ഇന്നാട്ടില്‍ ധാരാളമുണ്ടായിരുന്ന വഴിയമ്പലങ്ങളും അത്താണികളും കൈചൂണ്ടികളും മൈല്‍ക്കുറ്റികളും സഞ്ചാരത്തിന്‍റെ അളവുകോലുകളാണ്. ശരീരം കൊണ്ട് എത്തിപ്പെടാന്‍ കഴിയാത്ത ഇടങ്ങളിലേക്ക് മനസ്സുകൊണ്ട് നമ്മെ സേഫ്ലാന്‍ഡ് ചെയ്യിക്കുന്ന യാത്രാവിവരണങ്ങള്‍കൊണ്ട് സമ്പന്നമാണ് നമ്മുടെ സാഹിത്യം. അതിരാണിപ്പാടത്തിന്‍റെ കഥ പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ഈ സാഹിത്യസരണിയില്‍ എത്രയെത്ര ചെറുതും വലുതുമായ ടൂര്‍പാക്കേജുകള്‍! ഓരോ യാത്രയും അവിചാരിതങ്ങളായ ഒരുപാട് മാജിക് ബോക്സുകള്‍ നമുക്കായി കരുതുന്നു. പുതിയ ദേശങ്ങള്‍, ആളുകള്‍, വേഷങ്ങള്‍, രുചികള്‍, വര്‍ണ്ണങ്ങള്‍, ഗന്ധങ്ങള്‍... പട്ടിക നീളുകയാണ്. അവസാനം, ശബ്ദസാഗരത്തിന്‍റെ അഗാധങ്ങളില്‍ നിശ്ശബ്ദ സാന്ദ്രത എന്ന ബാഷോയുടെ വരികള്‍പോലെ പുറത്തേക്കുള്ള യാത്രയുടെ ദൂരമല്ല, അകത്തേക്കുള്ള യാത്രയുടെ ദൂരം താണ്ടാനാണ് ഏറെ സമയം വേണ്ടത് എന്ന തിരിച്ചറിവും.
മലബാറും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളും തമ്മില്‍ കൊടുക്കല്‍ വാങ്ങലുകള്‍ ധാരാളം ഉണ്ടായിരുന്നു. ഈ രണ്ടു തീരങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്നത് ഒരു സ്പൈസ്-വൈന്‍ ആക്സിസ് ആയിരുന്നു. ഇതിനെ ഒന്നുകൂടെ വെട്ടിത്തെളിച്ചെടുത്താല്‍ വേദപുസ്തകത്തിന്‍റെ പല കടംകഥകളിലേക്കുമുള്ള ഉത്തരങ്ങളുടെ യാനങ്ങള്‍ ഒഴുക്കാന്‍ കഴിഞ്ഞേക്കും. മുന്തിരി വിളയുന്ന നാട്ടിലൂടെ, ഒട്ടകങ്ങളുടെ കാരവന്‍ പാതകളില്‍ യാത്രചെയ്ത് കടല്‍കാറ്റുകളുടെ വഴിയിലൂടെ തുഴയെറിഞ്ഞ് മലബാറിന്‍റെ തീരത്തണിഞ്ഞ തോമസ് 'വഴിപോക്കരാവുക' എന്ന വചനത്തെയും, 'നീ എങ്ങോട്ടാണ് പോകുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല, പിന്നെ വഴി ഞങ്ങളെങ്ങനെ അറിയും' എന്ന ലിഖിതത്തെയും മനനം ചെയ്ത് പുതിയൊരു സ്പൈസ്-വൈന്‍ ആക്സിസ് കണ്ടെത്തിയ സഞ്ചാരിയാണ്. ഇതിലെ ആദ്യവാക്ക് സ്പൈസ് -സുഗന്ധക്കൂട്ടുകള്‍- സുവിശേഷങ്ങളില്‍ ക്രിസ്തുവിന്‍റെ കാല്‍ക്കല്‍ അഭിഷേകം ചെയ്തതും, ആഴ്ചയുടെ ആദ്യദിവസം അവന്‍റെ മൃതദേഹത്തില്‍ അര്‍ച്ചനയായി നല്‍കാന്‍ കരുതിയതുമൊക്കെയാണ്. എന്നാല്‍ വൈന്‍ ആകട്ടെ ആഘോഷത്തിന്‍റെയും ജീവന്‍റെയും അടയാളങ്ങളും. ചുരുക്കത്തില്‍ സ്പൈസ് വൈന്‍ ആക്സിസ് എന്ന പ്രയോഗത്തില്‍ ജീവനും മരണവും ഒളിച്ചിരിക്കുന്നു. നമുക്കും അവനോടൊപ്പം പോയി മരിക്കാം എന്ന വചനത്തിന്‍റെ പൊരുള്‍ ഇപ്പോള്‍ കുറെക്കൂടി വ്യക്തമാകുന്നുണ്ട്.
മനസ്സില്‍ മഞ്ഞുപെയ്യിച്ചുകൊണ്ട് സുഗന്ധദ്രവ്യങ്ങളും വീഞ്ഞും മണക്കുന്ന, വഴിയിലൂടെ യാത്ര ചെയ്തൊരാള്‍ - തോമസ്. നീ എങ്ങോട്ടു പോകുന്നു എന്ന് ഞങ്ങളറിയുന്നില്ല, പിന്നെ വഴി ഞങ്ങളെങ്ങനെ അറിയും? എന്ന തോമസിന്‍റെ സംശയത്തിന്, ഞാന്‍ ജീവനിലേക്കുള്ള സത്യമായ വഴിയാണ് എന്ന് മറുപടികൊണ്ട് തോമസിന്‍റെ സംശയത്തെ ക്രിസ്തു ദൂരീകരിക്കുന്നുണ്ട്. ഈ ഉത്തരം അമര്‍ത്യതയുടെ തീര്‍ത്ഥങ്ങള്‍ തേടാന്‍ തോമസിന് പ്രചോദനമായി. യോര്‍ദ്ദാന്‍ നദിയിലേക്ക് മിഴിപായിച്ചിരിക്കെ തെക്കും വടക്കും കിഴക്കും പടിഞ്ഞാറും അലിഞ്ഞലിഞ്ഞു പോകുന്നതുപോലെ അവനു തോന്നി. ദൂരെ കാല്‍വരിയില്‍ നിന്ന് ഒരു പുഴ തോമസിന്‍റെ നേര്‍ക്ക് ഒഴുകി വന്ന് അവനെ വലംവെച്ചു. അത് അവന്‍റെ മാത്രം പുഴയായിരുന്നു. അതിന്‍റെ തിരതല്ലലില്‍ അവന്‍ വിളിച്ചു പറഞ്ഞു: പോകാം, അവനോടുകൂടി മരിക്കാന്‍ നമുക്കും പോകാം. തോമസിന്‍റെ ഓര്‍മ്മയും അനുഭവവും പ്രയാണത്തിന്‍റെ താളമായി. "മകനെ, നിനക്കുള്ളത് അനന്യമായ വഴികളാണ്, സ്വസ്തി" എന്നു പാടിക്കൊണ്ട് പക്ഷികള്‍ മരച്ചില്ലകളില്‍നിന്നും പറന്നുപൊങ്ങി. അന്യമായ വഴികള്‍ തോമസിന് അനന്യമായ മാര്‍ഗ്ഗങ്ങളായിരുന്നു. അനന്യമായ വഴിയോ, ദൈവവഴിയും. ദൈവവഴിയില്‍ അവന്‍ എത്തിച്ചേര്‍ന്നത് തെല്ല് സന്ദേഹിച്ചും വാശിപിടിച്ചുമൊക്കെയാണ്. ക്രിസ്തുവിന്‍റെ സ്നേഹതീവ്രത കൂടുതല്‍ അനുഭവിച്ചറിയാന്‍ ഈ സന്ദേഹം കാരണമായി. ക്രിസ്തുവിന്‍റെ മുറിപ്പാടുകള്‍ കണ്ടപ്പോള്‍ അതിന്‍റെ അര്‍ത്ഥവും കാരണവും തോമസിന് പിടികിട്ടി. അവന്‍റെ ഹൃദയാന്തരാളങ്ങളില്‍നിന്ന് ഉയര്‍ന്നു പൊങ്ങിയ സ്വരമായിരുന്നു, 'എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ' എന്ന്.
ക്രിസ്തു തന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുമുന്‍പ് ശിഷ്യര്‍ക്കു നല്കിയ ദൗത്യവും മറ്റൊന്നായിരുന്നില്ല. ലോകത്തിന്‍റെ അരികുകളോളം പോകുക. മാര്‍തോമായുടെ വാക്കുകളില്‍ നിരന്തരം വഴിപോക്കരായിരിക്കുക. ലോകത്തെ മറ്റൊന്നായി രൂപാന്തരപ്പെടുത്തുന്നതിലും ദൈവികശക്തിയുമായി താദാത്മ്യം പ്രാപിക്കുന്നതിലും ഈ വചനങ്ങള്‍ കൂടുതല്‍ താല്പര്യം പ്രകടിപ്പിക്കുന്നു. നിരന്തരം യാത്രയിലായിരിക്കുക എന്നു പറയുന്നതിന്‍റെ അര്‍ത്ഥം ദിവ്യത്വം അകത്തു വസിക്കുന്നു എന്നും, തങ്ങള്‍ ദിവ്യപ്രകാശത്തിലാണ് എന്നുമൊക്കെയാണ്. സുഖാന്വേഷണമല്ല ഒരു യാത്രയും. ഒഴുകുന്ന പുഴയിലെ കല്ല് വെള്ളാരം കല്ലാകുന്നപോലെ ഉരഞ്ഞുരഞ്ഞ് അപ്രസക്തമായതിനെയൊക്കെ ഉരച്ചുകളഞ്ഞു മനസ്സിനെ വിമലീകരിക്കുക. ലോകത്തിന്‍റെ അതിരുകളിലേക്ക്... നിരന്തരം വഴിപോക്കരായിരുന്നുകൊണ്ട്... അല്ലാതെ ചെറിയ ചെറിയ അതിരുകളില്‍ വഴിയരികുകളിലെ ഫുള്‍ജാര്‍ സോഡകളില്‍ കുരുങ്ങിപ്പോകരുത് ഒരു ജീവിതവും.