ഒന്ന്
അതിജീവനത്തിനും ഉപജീവനത്തിനും വേണ്ടിയുള്ള നിരന്തരമായ അലച്ചിലുകളുടെ ചരിത്രമാണ് മനുഷ്യന്‍. കുറച്ചുപേരെങ്കിലും ഒരിടത്ത് അടങ്ങിയൊതുങ്ങി സമാധാനത്തോടെ ജീവിക്കാന്‍ തുടങ്ങിയിട്ട് അധികനാളായിട്ടില്ല. അരക്ഷിതത്വത്തിന്‍റെ ഭീതിദമായ അവസ്ഥകളിലൂടെ തന്നെയാണ് മനുഷ്യന്‍റെ ജീവിതം കടന്നുപോകുന്നതെങ്കിലും അസ്വസ്ഥമായ യാത്രകള്‍ക്ക് കുറച്ചൊക്കെ ശമനം കിട്ടിത്തുടങ്ങിയിട്ടുണ്ടെന്ന് പറയാം. ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ടെങ്കിലും യാത്രകള്‍ കുറെയൊക്കെ വെളിച്ചം കണ്ടെത്തിയിട്ടുണ്ടെന്നു തന്നെയാണ് മനുഷ്യന്‍റെ ചരിത്രം വസ്തുനിഷ്ഠമായി പഠിക്കുമ്പോള്‍ ബോദ്ധ്യമാകുന്നത്. യുദ്ധങ്ങളുടെ കഥകള്‍ മാത്രം ചരിത്രമായിരുന്നിടത്തുനിന്ന് നയതന്ത്രജ്ഞതയിലൂടെ യുദ്ധങ്ങള്‍ ഒഴിവാക്കാനും ലോകത്തെവിടെയും യാത്ര ചെയ്യാനും മനുഷ്യന് ഇന്നാകുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ആയിരം മഹായുദ്ധങ്ങളുണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടും അതെല്ലാം ഒഴിവായിപ്പോയത് ഭൂതകാലാനുഭവങ്ങളില്‍നിന്ന് മനുഷ്യന്‍ പാഠം ഉള്‍ക്കൊണ്ടതു കൊണ്ടുതന്നെയാണ്. മനുഷ്യന്‍റെ ജീവിതയാത്രകള്‍ അന്ധതയില്‍നിന്നും കാഴ്ചയിലേക്ക് നയിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. രണ്ടു വ്യക്തികള്‍ക്കിടയില്‍, രണ്ടു ചെറിയ ഗോത്രങ്ങള്‍ക്കിടയില്‍ എപ്പോഴും ഭയവും മരണവും മണത്തിരുന്ന അവസ്ഥയില്‍നിന്നാണ് നാം ഇതുവരെയെത്തിയ തെന്നോര്‍ക്കുമ്പോള്‍ വെളിച്ചത്തില്‍നിന്ന് വെളിച്ചത്തിലേക്ക് യാത്ര തുടരുന്ന ജീവിയായിത്തന്നെ നമുക്ക് മനുഷ്യരെ വായിച്ചെടുക്കാനാകും.
രണ്ട്
എന്നോട് പലരും ചോദിക്കാറുണ്ട് എങ്ങനെ ജീവിക്കാനാണ് ഇഷ്ടമെന്ന്. അപ്പോള്‍ ഞാന്‍ പറയാറുള്ളത് കാറ്റ് പോലെ ജീവിക്കാനാണെന്നാണ്. എന്തുകൊണ്ട് കാറ്റ് പോലെയെന്ന് ചോദിച്ചാല്‍ കാറ്റ് എവിടെയും തങ്ങിനില്‍ക്കാതെ ഒഴുകിക്കൊണ്ടേയിരിക്കും എന്നാണ് പറയുക.
കെട്ടിക്കിടക്കുന്നതൊക്കെ കെട്ടുപോകുമെന്നും ഒഴുകിക്കൊണ്ടിരിക്കുന്നത് എപ്പോഴും നവീകരിക്കപ്പെടുമെന്നും അറിഞ്ഞിട്ടുണ്ട്. ശാരീരികവും മാനസികവും ബുദ്ധിപരവുമായ യാത്രകള്‍ ബോധത്തിലുണ്ടെങ്കില്‍ നാം എപ്പോഴും ശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കും.
ഹൃദ്യമായി ജീവിച്ചവരെയെല്ലാം ശ്രദ്ധിച്ചാലറിയാം അവര്‍ നിരന്തരം യാത്ര ചെയ്തവരാ യിരുന്നെന്ന്. ഏതു തരത്തിലുള്ള യാത്രക്കാരായിരുന്നു അവര്‍? ശരീരംകൊണ്ടു മാത്രമുള്ള യാത്രികരല്ലായിരുന്നു. അവര്‍ ഒരിടത്തും തങ്ങിനില്‍ക്കില്ലായിരുന്നു. ഏതെങ്കിലും ആശയത്തിലോ, വ്യവസ്ഥയിലോ, ചിന്തയിലോ തങ്ങിനില്‍ക്കില്ലായിരുന്നു. അവര്‍ ജീവിതം കുറച്ചുകൂടി വെളിച്ചമുള്ള താക്കാന്‍ സഹായിക്കുന്ന മാറ്റങ്ങള്‍ എപ്പോഴും ഉണ്ടാക്കികൊണ്ടിരുന്നവരാണ്. സ്വയം പരിവര്‍ത്തന വിധേയമായവരാണ്. മാറ്റത്തെ ധീരമായി സ്വീകരിച്ചൊഴുകിയവരാണ്. അല്ലാതെ മുന്‍കാലങ്ങളില്‍ വന്നുപോയവരെ അങ്ങനെതന്നെ പിന്തുടരുന്നവരായിരുന്നില്ല. പാരമ്പര്യത്തില്‍നിന്ന് സ്വീകരിക്കേണ്ടതി നെയൊക്കെ ഹൃദയത്തില്‍ സ്വീകരിക്കുകയും മാറ്റപ്പെടുത്തേണ്ടതിനെ മാറ്റപ്പെടുത്തുകയും നാളത്തെ യാത്രയ്ക്ക് സ്വീകരിക്കേണ്ടതിനെ തന്‍റെ അവബോധത്തില്‍ നിന്ന് സ്വീകരിക്കുകയും ചെയ്തു യാത്ര ചെയ്തവരായിരുന്നു.
ഒരു സ്ഥലത്ത് താമസിച്ച്, വളരുന്ന ഏതൊരാള്‍ക്കും ആ സാമൂഹികസാംസ്കാരിക പശ്ചാത്തലത്തില്‍നിന്ന് ലഭിക്കുന്ന ഒരറിവുണ്ട്. അവിടുത്തെ അറിവും സംസ്കാരവുമായി മാത്രം ബന്ധപ്പെട്ട് കഴിയുന്നവര്‍ക്ക് അതാണ് ശരിയായ ശരി. പക്ഷേ, ഞാന്‍ എന്‍റെ ശരീരവുമായി മറ്റൊരു ദേശത്തേക്ക് യാത്ര പോകുമ്പോള്‍, വേറെ സാംസ്കാരിക പശ്ചാത്തലത്തിലുള്ള മനുഷ്യരെ കാണുമ്പോള്‍ ആദ്യം ഒരുതരം സംഘര്‍ഷമാണ് ഉണ്ടാവുക. കാരണം, നമുക്ക് അതിനോട് പെട്ടെന്ന് യോജിക്കാന്‍ പറ്റില്ല. പക്ഷേ ആ ഒരു ഇടത്തെ കൂടി ചേര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ഇടത്തിന്, നമ്മുടെ ആകാശത്തിന് വികാസമുണ്ടാകും.
സദാ പരിവര്‍ത്തനത്തിന് വിധേയരാവേണ്ടവരാണ് നമ്മളെന്ന അറിവ് യാത്ര സമ്മാനിക്കാറുണ്ട്. മാത്രമല്ല, എന്‍റെ ശരിപോലെ അനേകതരത്തിലുള്ള ശരികളുണ്ടെന്നും അതിലൊക്കെ ജീവിതമുണ്ടെന്നും എല്ലാ ശരികളെയും ചേര്‍ത്തുപിടിക്കേണ്ട തുണ്ടെന്നുമുള്ള അറിവ് നല്‍കിയിട്ടുള്ളത് സഞ്ചാരമാണ്. പ്രത്യേകിച്ച് ആശയപരമായ സഞ്ചാരം. വിശ്വാസങ്ങളും ചിന്തകളുമൊക്കെ പറയുന്നത് ഹൃദയശുദ്ധിയെ കുറിച്ചാണ്. ഹൃദയ ശുദ്ധിയെ സഹായിക്കുന്ന തരത്തിലുള്ള എല്ലാ ചിന്തകളും വിശ്വാസങ്ങളും സ്വീകാര്യമാകുന്നത് നമ്മള്‍ വ്യത്യസ്തമായ ആശയങ്ങളിലൂടെ നിര്‍ബന്ധബുദ്ധിയില്ലാതെ യാത്രചെയ്യുമ്പോഴാണ്.
ഞാന്‍ ജനിച്ചുവളര്‍ന്നത് ഇസ്ലാമിക പശ്ചാത്തലത്തിലാണ്. ഖുര്‍ആന്‍ വായിച്ചാണ് വളര്‍ന്നത്. അതുമാത്രമാണ് ശരിയെന്നാണ് ഒരു കാലത്ത് ഞാന്‍ വിശ്വസിച്ചിരുന്നത്. പിന്നീട് അതിനപ്പുറത്തേക്ക് പോയി ബൈബിള്‍ വായിച്ച് ക്രിസ്തുവിനെ അറിഞ്ഞു. ബുദ്ധദര്‍ശനം വായിച്ച് ബുദ്ധനെ അറിഞ്ഞു. ആ യാത്ര ഇങ്ങ് നാരായണഗുരു വരെ എത്തി. യേശുക്രിസ്തുവെന്ന് കേട്ടാല്‍ ഉള്ളില്‍ നിറയുന്നത് ബൈബിളല്ല. സ്നേഹം എന്ന വാക്കാണ്. ബുദ്ധനെന്നു കേട്ടാലോ കരുണ. മുഹമ്മദ് നബിയെന്നു കേട്ടാല്‍ സാഹോദര്യം. നാരായണഗുരുവെന്നു കേട്ടാല്‍ പല മതസാരവുമേകം. കരുണയും സ്നേഹവും സാഹോദര്യവും പല മതസാരവും ഏകമെന്ന സമഗ്രദര്‍ശനവും നമ്മളെല്ലാവരും ജീവിതത്തില്‍ സ്വാംശീകരിക്കേണ്ടതാണ്. അതു പകര്‍ന്നു കിട്ടിയത് എന്‍റെ ശരികളില്‍ തങ്ങിനില്ക്കാതെ ആശയപ്രപഞ്ചങ്ങളി ലൂടെ യാത്ര ചെയ്തപ്പോഴാണ്.
ജീവിതത്തില്‍ വ്യത്യസ്തമായ മേഖലകളിലുള്ള മനുഷ്യരുടെ മൂല്യബോധങ്ങളില്‍നിന്നും ജീവിതങ്ങ ളില്‍നിന്നുമൊക്കെ നമുക്ക് ജീവിതത്തിന് ഈര്‍പ്പം നല്‍കുന്ന അനുഭവങ്ങളെ സ്വാംശീകരിക്കാന്‍ കഴിയുന്നത് വിവിധങ്ങളായ ദര്‍ശനങ്ങളിലൂടെ യാത്ര ചെയ്യുമ്പോഴാണ്. വ്യത്യസ്തമായ സംസ്കാരവുമായുള്ള ശാരീരികവും മാനസികവും ബുദ്ധി പരമായതുമായ പരിചയം നമുക്ക് ഉണ്ടാകണമെങ്കില്‍ നില്‍ക്കുന്നിടത്ത് നിന്ന് യാത്ര ചെയ്തു തുടങ്ങണം.
നില്‍ക്കുന്ന ഇടം മാത്രമല്ല അപ്പുറത്തും അനേകം ഇടങ്ങളുണ്ടെന്ന് മനസ്സിലാക്കി അതിലേ ക്കൊക്കെ യാത്ര ചെയ്ത് എല്ലാറ്റിന്‍റെയും സാരമായിരിക്കുന്ന, ജീവിതത്തിന്‍റെ ഈര്‍പ്പമായിരിക്കുന്ന സ്നേഹത്തിലേക്ക്, വിശാലതയിലേക്ക് ഉണരാന്‍ നമുക്കാകുമ്പോള്‍ എല്ലാ യാത്രകളും ഉദാത്തമായിത്തീരും. ഉല്‍കൃഷ്ടമായിത്തീരും. ജീവിതത്തിന്‍റെ അന്തര്‍ധാര സംഗീതാത്മകമാകും. അത് നമ്മുടെ ജീവിതത്തിന് സ്വാസ്ഥ്യം പ്രദാനം ചെയ്യും. ബുദ്ധനും യേശുക്രിസ്തുവും മുഹമ്മദ്നബിയും ഖലീല്‍ ജിബ്രാനും രവീന്ദ്രനാഥടാഗോറും നാരായണഗുരുവും അങ്ങനെ സര്‍ഗ്ഗാത്മകമായി ലോകത്ത് ജീവിച്ച എല്ലാ മനുഷ്യരുടെയും ഇരിപ്പിടമായി നമ്മുടെ അകം മാറും. അവിടെ നമ്മുടെ യാത്ര ഉദാത്തമായ ഒരു പ്രവാഹമായി മാറും.
മനുഷ്യന്‍ ഒരു സംഘജീവിയാണ്. ഏതോ ഒരാളുടെ, ആശയത്തെ അന്ധമായി പിന്തുടരു കയാണ് ആ ജീവിക്ക് എളുപ്പം. ചിന്തിക്കുക എന്നത് അപൂര്‍വ്വമായി നടക്കുന്ന കാര്യമാണ്. നേതാവ് പറയുന്നതിലെ സത്യാസത്യങ്ങളും ന്യായാന്യായങ്ങളും പരിശോധിക്കുകയെന്നത് അവിടെയില്ല. പറഞ്ഞത് നേതാവാണോ, എങ്കിലത് ശരി എന്ന ഉറപ്പാണ് മനുഷ്യരില്‍ പ്രവര്‍ത്തിക്കുക. പിന്നെ ആ വാക്കിനുവേണ്ടി ജീവന്‍പോലും കളയാന്‍ അനുയായികള്‍ തയ്യാറാകും.
ഖുര്‍ആനും ബൈബിളും ഗീതയും വായിച്ചിട്ടല്ല ഒരാള്‍ മുസ്ലിമോ ക്രിസ്ത്യാനിയോ ഹിന്ദുവോ ആകുന്നത്. അത് വിശ്വസിക്കുന്ന കൂട്ടത്തില്‍ ജനിച്ചതുകൊണ്ടു മാത്രമാണ്. രാഷ്ട്രീയവും ഏറെക്കുറെ അങ്ങനെ തന്നെ. അതുകൊണ്ടാണ് മതവും രാഷ്ട്രീയവും വിചാരത്തേക്കാള്‍ വികാരത്തിന് അടിമപ്പെട്ടുപോകുന്നത്. ഞങ്ങള്‍ എന്ന വികാരമാണ് അവിടെ മുഖ്യം. അല്ലാതെ അറിവ്, സത്യം എന്ന അന്വേഷണമല്ല. (ശാസ്ത്ര, യുക്തി, സ്വതന്ത്ര വാദക്കാരിലും ഈ സംഘബോധ വിധേയത്വം പ്രബലമാണ് എന്നോര്‍ക്കുമ്പോള്‍ നാം മനുഷ്യന്‍ എത്ര സങ്കീര്‍ണ്ണമായ സംഗതിയാണെന്ന് ബോദ്ധ്യമാകും.)
ഇങ്ങനെയുള്ള ഒരു ലോകത്താണ് നമ്മുടെ ജീവിതം. നമ്മുടെ സംഘത്തിന്‍റെ ഇത്തിരി വെട്ടത്തിനും ചെറിയ, വലിയ കൂട്ടത്തിനും പുറത്തും വ്യത്യസ്തമായ കൂട്ടങ്ങളുണ്ടെന്നും അവര്‍ക്കും അവരുടേതായ ശരികളുണ്ടെന്നും മനസ്സിലാക്കി പരസ്പരം സഹകരിക്കാനുള്ള വഴികള്‍ ആരായു ന്നിടത്താണ് നാം മനുഷ്യത്വമുള്ളവരാകുന്നത്. അല്ലാതെ അവരവരുടെ ശരികള്‍ മൈക്കു കെട്ടി ഉച്ചത്തില്‍ ഘോഷിക്കുമ്പോഴല്ല.
അവരവരുടെ ശരി ജീവിക്കുന്നതിനേക്കാള്‍ മറ്റുള്ളവരുടെ തെറ്റുകള്‍ കണ്ടെത്തുവാനുള്ള ത്വരയാണ് മനുഷ്യന്‍റെ സ്വഭാവത്തില്‍ മുന്നിട്ടു നില്ക്കുന്നത്. അതു തന്നെയാണ് മത രാഷ്ട്രീയ വിഷയങ്ങളിലും പ്രതിഫലിക്കുന്നത്.
എന്നാണാവോ നാം മനുഷ്യരില്‍നിന്ന് മനുഷ്യത്വത്തിലേക്ക് യാത്ര ചെയ്ത് വളരുക?! എന്‍റെ ശരിക്കൊപ്പം അപരന്‍റെ ശരിയും മാനിച്ചു തുടങ്ങുക? അപ്പോഴല്ലേ നാം യഥാര്‍ത്ഥ യാത്രികരാകുക?
മൂന്ന്
ഈ ഭൂമിയിലേക്ക് വന്നിട്ട് അമ്പതു വര്‍ഷം കഴിഞ്ഞു. ഇത്രയും നാളത്തെ ജീവിതം പകര്‍ന്നു തന്നത് എന്താണ്? ജീവിതത്തില്‍നിന്ന് മനസ്സിലാ ക്കിയതെന്താണ്? ഞാനെന്നോട് പലവുരു ചോദി ച്ചിട്ടുണ്ട്.
പലരെയും കണ്ടു. പല വഴിയില്‍ സഞ്ചരിച്ചു. പലതും അറിഞ്ഞു. പലതും അറിഞ്ഞില്ല. ചില ശരികളില്‍ മയങ്ങിവീണു. ചില ശരികളില്‍നിന്ന് തെളിഞ്ഞെണീറ്റു. മിന്നിയും മങ്ങിയും കത്തുന്ന വെളിച്ചത്തിലൂടെ വലിയ ക്ഷതങ്ങളൊന്നു മേല്ക്കാതെ സഞ്ചരിച്ചു. ഇനിയും കുറച്ചുദൂരം നടക്കാനുണ്ട്. അതു കഴിഞ്ഞാല്‍ വിട പറയാനുള്ള സമയമാകും. പറഞ്ഞുവന്നത് മറ്റൊന്നാണ്. എന്താണ് ഇത്രയും നാളത്തെ ജീവിതം പഠിപ്പിച്ചത്? അല്ലെങ്കില്‍ ജീവിതത്തില്‍നിന്ന് പഠിച്ചത്?
ഒരൊറ്റ കാര്യമാണ് പ്രധാനമായി അറിഞ്ഞത്. പകര്‍ന്നു കൊടുക്കുന്നിടത്താണ് ജീവനും ജീവിതവും ജീവത്താകുന്നത്. ഹൃദ്യമാകുന്നത്. കൂട്ടി വയ്ക്കുന്നിടത്ത് അതെന്നും നിര്‍ജ്ജീവമാണ്. വിരസമാണ്. സമ്മര്‍ദ്ദമാണ്. ഭീതിയും ഭൂതവുമാണ്.
ഒഴുക്കില്ലാതെ നദിക്ക് എങ്ങനെ സാഗരത്തെ സ്വപ്നം കാണാനാകും?! സാഗരോന്മുഖമായി ഒഴുകുക എന്നതുതന്നെയാണല്ലോ നദിയുടെ ആ സ്വപ്നം. സാക്ഷാത്ക്കാരവും.
അതെ. പങ്കുവയ്ക്കുന്നതാണ് ഒഴുക്ക്. കൊടു ത്തുകൊണ്ടേയിരിക്കുന്നവര്‍ക്ക് എവിടെ നിന്നെങ്കിലും കിട്ടിക്കൊണ്ടേയിരിക്കും; നാം പ്രതീക്ഷിക്കുന്നിടത്തു നിന്നും കിട്ടിയില്ലെങ്കിലും.
നൂറ്റാണ്ടുകളായി പേറിക്കൊണ്ടു നടക്കുന്ന ആ ഭാരമേറിയ ധാരണയില്‍ നിന്നാണ് മോക്ഷം കിട്ടേണ്ടത്. വാരിക്കൂട്ടാനുള്ള ആര്‍ത്തിയില്‍ നിന്ന്. ആ ആര്‍ത്തിയിലാണ് എല്ലാ വ്യാധിയും, ആധിയും. ഇതൊക്കെയാണ് അറിഞ്ഞതിന്‍റെ സംക്ഷിപ്തം. അതില്‍ ഇത്തിരി ജീവിക്കാന്‍ കഴിയുമ്പോള്‍ തന്നെ എന്തൊരാശ്വാസമാണ്. സമാധാനമാണ്. ജീവിതയാത്ര പകരുന്ന ചെറിയ വലിയ മിന്നാമിനുങ്ങു വെട്ടങ്ങളാണ് ഇതെല്ലാം.
നാല്
ഹിമാലയം പോലെ പ്രകൃതിമനോഹരമായ അനേകം ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ജീവിതത്തിന്‍റെ ഭാഗമായിട്ടുള്ള ഒരു കാലത്താണ് നാം ജീവിക്കുന്നത്. മലയാളികള്‍ ഇത്രയും സജീവമായി നിരന്തരയാത്രകള്‍ നടത്താന്‍ തുടങ്ങിയത് രണ്ടായിരത്തിന് ശേഷമാണെന്നാണ് തോന്നുന്നത്. ചെറിയ പ്രായം മുതല്‍ തന്നെ യാത്ര ചെയ്യുന്ന ഒരാളായിരുന്നു ഞാന്‍. യാത്ര ചെയ്യുകയെന്ന് പറഞ്ഞാല്‍ ഹിമാലയത്തിലേക്കല്ല. മറ്റ് ദൂരസ്ഥലങ്ങളിലേക്കുമല്ല. നമ്മുടെ ചുറ്റുവട്ടത്തേക്കിറങ്ങിയുള്ള കുഞ്ഞുകുഞ്ഞു യാത്രകള്‍. ഉമ്മയുടെ വീട്ടിലേക്കുള്ള യാത്രയായിരുന്നു അത്. എല്ലാ വെള്ളിയാഴ്ചയും സ്കൂള്‍ വിട്ടുകഴിഞ്ഞാല്‍ ഞങ്ങളെ നോക്കുന്ന മറിയകുട്ടിത്തയുടെ കയ്യും പിടിച്ച് മൂന്നു കിലോമീറ്റര്‍ ദൂരം സന്തോഷത്തോടെ ആസ്വദിച്ച് പോകുമായിരുന്നു. അതിനുശേഷം ഏത് യാത്ര നടത്തുമ്പോഴും മറിയക്കുട്ടിത്തയെ ഓര്‍ക്കും. അവരുടെ കൈപിടിച്ച് തെങ്ങിന്‍ തോപ്പുകള്‍ക്കിടയിലൂടെ നടന്നതും ഉള്ളില്‍ നിറയും. അന്നനുഭവിച്ച പല തരത്തിലുള്ള പക്ഷികളുടെ ചിലുചിലുക്കലുകളും അങ്ങിങ്ങായി തെങ്ങില്‍ കെട്ടിയിട്ടിരിക്കുന്ന ആടുകളും പശുക്കളും തെളിയും.
പോകുന്ന വഴിയില്‍ ഏതെങ്കിലും ബന്ധുവീട്ടില്‍ കയറി ചായ കുടിക്കും. ചായയോടൊപ്പം പലഹാരങ്ങളും തരും. യാത്ര ചെറുതാണെങ്കിലും സ്ഥിരം കാണുന്ന മുഖങ്ങളെയും പ്രകൃതിയെയും മറ്റു ജീവികളെയുമൊക്കെ വിട്ട് പുതിയ മനുഷ്യരുടെ മുഖങ്ങള്‍ കാണുക, പ്രകൃതി കാണുക, പക്ഷികളെ കാണുക, മറ്റു ജീവികളെ കാണുക തുടങ്ങിയവയെല്ലാം അന്ന് വലിയ അനുഭവമായിരുന്നു. അതെല്ലാം നമ്മില്‍ ഉണ്ടാക്കുന്ന പ്രസരിപ്പ് വളരെ വലുതായിരുന്നു. ഒരാഴ്ച കഴിഞ്ഞ് വീണ്ടും അതുവഴി കടന്നുപോകുമ്പോഴും പുതിയ സ്ഥല ത്തേക്ക് പോകുന്നതുപോലെയാണ് തോന്നുക. ആ യാത്ര പകര്‍ന്നു തന്നിട്ടുള്ള ഒരു നവോന്മേഷമുണ്ട്. വെളിച്ചമുണ്ട്. അതിന് നൂറ് കിലോമീറ്ററോ ആയിരംകിലോമീറ്ററോ ദൂരത്തേക്ക് യാത്രചെയ്യണമെന്നില്ല.
നമ്മുടെ ശരീരം സ്ഥിരമായി വ്യവഹരിക്കുന്ന അന്തരീക്ഷത്തില്‍നിന്ന് മാറിപ്പോകുമ്പോള്‍ ശരീരത്തിനും മനസ്സിനും ബുദ്ധിക്കും ബോധപൂര്‍വ്വമായ യാതൊരു പ്രയത്നവുമില്ലാതെതന്നെ ആഴത്തിലുള്ള നവോന്മേഷം ഉണ്ടാകുന്നത് അനുഭവിച്ചിട്ടുണ്ട്. ബോധത്തിന് പിരിമുറുക്കം അനുഭവപ്പെടുമ്പോഴും സങ്കുചിതമായ ലോകങ്ങളിലേക്ക് വീണുപോകുമ്പോഴും ഉണര്‍ന്നെഴുന്നേറ്റ് വരാനുള്ള ഒരു വഴി അപ്പോള്‍ നില്‍ക്കുന്ന ഇടത്തില്‍നിന്ന് ഇറങ്ങി നടക്കുക എന്നുള്ളതാണ്. കെട്ടിക്കിടക്കുന്ന ഇടത്തില്‍നിന്ന് ഇറങ്ങി വെറുതെ ഒഴുകുക എന്നുള്ളതാണ്.
സ്ഥിരമായി വ്യവഹരിക്കുന്ന സ്ഥലത്തുനിന്ന് പുറത്തേക്ക് പോയാല്‍ അറിയാതെ ഒരു സ്വസ്ഥത നമുക്കനുഭവിക്കാനാകും. സമാധാനം അനുഭവിക്കാനാകും. ദേഷ്യം വന്നാല്‍ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചപ്പോള്‍ ഒരു കുഞ്ഞുമോള്‍ പറഞ്ഞ ഒരു മറുപടിയുണ്ട്. നമുക്ക് വളരെ ദേഷ്യവും വെറുപ്പുമൊക്കെ ഉണ്ടാകുമ്പോള്‍ പിടിച്ചു നില്‍ക്കുന്ന ആ ഇടത്തില്‍നിന്ന്, അവസ്ഥയില്‍നിന്ന് ഉടനെ മാറിനില്‍ക്കുകയാണ് വേണ്ടതെന്ന്. മാറി കഴി ഞ്ഞാല്‍ ദേഷ്യം ഉണ്ടാക്കിയിട്ടുള്ള സമ്മര്‍ദ്ദത്തില്‍ നിന്ന് നമുക്ക് പെട്ടെന്ന് മുക്തി കിട്ടും. താല്‍ക്കാ ലികമായിട്ടാണെങ്കിലും സമാധാനം കിട്ടും.
അതെ. ഒഴുകിക്കൊണ്ടേയിരിക്കുക. ഒഴുകാതിരിക്കുന്നതെന്തും കെട്ടുപോകും. അത് ആശയത്തിന്‍റെ ലോകമായാലും ശരി, വിശ്വാസത്തിന്‍റെ ലോകമായാലും ശരി. ജീവിതം ഒരു ഒഴുക്കാണ്. പ്രവഹിച്ചുകൊണ്ടേയിരിക്കുന്ന ബോധാവസ്ഥയിലാണ് ജീവിക്കുന്നുവെന്ന അനുഭവം ഉണ്ടാകുക. ഒഴുകിക്കൊണ്ടിരിക്കാനാകണം നമ്മുടെ യാത്രകളെല്ലാം. അപ്പോള്‍ എല്ലാ യാത്രകളും ഒഴുക്കാണോ എന്ന് ചോദിച്ചാല്‍ പല യാത്രകളും ഒഴുക്കല്ല എന്നുള്ളതാണ് സത്യം.
ബദരീനാഥിലെ ഏറ്റവും മനോഹരമായിട്ടുള്ള ഒരനുഭവം ഉദയസൂര്യന്‍റെ കിരണങ്ങള്‍ ശിവലിംഗ പര്‍വ്വതത്തില്‍തട്ടി പ്രതിഫലിക്കുമ്പോള്‍ തങ്കനിറത്തില്‍ ആ പര്‍വ്വതാഗ്രം വെട്ടിത്തിളങ്ങി നില്‍ക്കുന്ന കാഴ്ചയാണ്. ക്ഷേത്രഭാഗത്തുനിന്നും കുറച്ചുമാറി ഹിമാലയത്തിലെ ആ തണുപ്പു നിറഞ്ഞ വിജനതയില്‍ പുലര്‍കാലത്തെ മനോഹരവും പ്രശാന്തവുമായ അന്തരീക്ഷത്തില്‍ ധ്യാനാത്മകമായിരുന്ന് ആ ഹിമവല്‍ ശൃംഗങ്ങളില്‍ സൂര്യസ്പര്‍ശമേല്‍ക്കുന്ന മനോഹരമായ കാഴ്ച കണ്ടിരിക്കുകയെന്നത് ബദരിയില്‍ പോയിട്ടുള്ള ആളുകളുടെയൊക്കെ മറക്കാനാകാത്ത അനുഭവമായിരിക്കും.
ആദ്യമായി, രണ്ടായിരത്തില്‍ ഞാനും സഹയാത്രികയായ ഗായത്രിയും ഹിമാലയത്തില്‍ പോയ സമയത്ത് ഏതാണ്ട് ഇരുന്നൂറോളം പേര്‍ തലേന്ന് രാത്രിയില്‍ ബദരിയില്‍ വന്നിട്ടുണ്ട്. പക്ഷെ രാവിലെ നാലരയ്ക്ക് സൂര്യോദയം കാണാന്‍ ആ ക്ഷേത്രപരിസരത്ത് വന്നിരിക്കുന്ന ആളുകള്‍ കുറച്ചുപേര്‍ മാത്രമാണ്. അതില്‍ കൂടുതല്‍ പേരും വിദേശികളാണ്. ബാക്കിയുള്ള ആളുകളൊക്കെ വേഗത്തില്‍ ക്ഷേത്രദര്‍ശനം നടത്തി തിരിച്ച് മുറിയിലേക്ക് പോവുകയാണ് ചെയ്യുന്നത്. നാട്ടില്‍ തിരിച്ചെത്തി അവര്‍ പറയുന്നത് ഞങ്ങള്‍ ഹിമാലയത്തില്‍ പോയി എന്നാണ്. ഹിമാലയത്തിലേക്ക് പോകുന്നവരെല്ലാം ഹിമാലയം കാണുന്നുണ്ടോ എന്ന് ചോദിച്ചാല്‍, ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. യാത്ര പോകുന്നതു കൊണ്ട് മാത്രം ആരും യാത്രികര്‍ ആകുന്നില്ല. ക്ഷേത്രദര്‍ശനത്തോടൊപ്പം പ്രകൃതിക്ഷേത്രത്തെകൂടി സ്പര്‍ശിച്ചില്ലെങ്കില്‍ ഹിമാലയയാത്ര അപൂര്‍ണ്ണമാണെന്നാണ് എന്‍റെ തോന്നല്‍. ഹിമാലയം തന്നെയാണല്ലോ യഥാര്‍ത്ഥ ക്ഷേത്രം!
ഇത് ഏതു യാത്രയുടെയും കാര്യമാണ്. ഇങ്ങ് ഊട്ടിയില്‍ പോകുന്നവരും എവിടെയാണ് പോകുന്നത്. ഒരു വ്യൂ പോയന്‍റ്, പിന്നെ പാര്‍ക്ക്, ലേയ്ക്ക്. കഴിഞ്ഞു. എന്നാല്‍ ഊട്ടിയിലെ പരിസര പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോഴാണ് ആ പ്രദേശത്തിന്‍റെ മനോഹാരിത നാം തൊട്ടറിയുക. ടൂറിസ്റ്റ് സ്പോട്ടുകളില്‍നിന്ന് മുക്തി കിട്ടിയാലേ യാത്രയുടെ യഥാര്‍ത്ഥ സൗന്ദര്യത്തിലേക്ക് നമുക്ക് പ്രവേശിക്കാനാകൂ. ഊട്ടി നഗരത്തില്‍നിന്നും കുറച്ചു ദൂരം മാത്രമുള്ള അവലാഞ്ചി മലനിരകളിലൂടെയുള്ള യാത്ര ഒഴിവാക്കിയാല്‍ നീലഗിരി യാത്ര എത്ര അപൂര്‍ണ്ണമാണെന്നോ? ചെറിയ തടാകങ്ങളും ചെറുദ്വീപുകളും കൊണ്ട് അത്രമാത്രം വശ്യമാണ് നാം കണ്ടുപോരുന്ന ഊട്ടിയ്ക്ക് പുറത്തുള്ള ഊട്ടി. അതാണ് നാം നേരത്തെ പറഞ്ഞത് കെട്ടിക്കിടക്കുന്ന ഇടങ്ങളില്‍നിന്ന് ചുറ്റുപാടേക്ക് സഞ്ചരിച്ചാലേ നാം യാത്രികരാകൂ എന്ന്.
എപ്പോഴാണ് നമ്മള്‍ യാത്രികരാകുക? ലക്ഷ്യ സ്ഥാനം ലക്ഷ്യമല്ലാതിരിക്കുന്നവരാണ് യഥാര്‍ത്ഥ യാത്രികന്‍. അവരുടെ ലക്ഷ്യം വഴി തന്നെയാണ്. അതു മാത്രമാണ്.
ഞാന്‍ താമസിക്കുന്ന കാരമടയില്‍ നിന്ന് ഹിമാലയത്തിലേക്ക് യാത്ര പുറപ്പെടുന്ന സമയം മുതല്‍ ഇന്ദ്രിയങ്ങളെയും മനസ്സിനെയും ബുദ്ധിയെയും പൂര്‍ണ്ണമായി തുറന്നുവെച്ചുകൊണ്ട് ഇറങ്ങുമ്പോള്‍ തൊട്ടുമുന്നില്‍ നില്‍ക്കുന്ന ആടിനെയും മേയ്ക്കുന്ന ആട്ടിടയന്‍മാരെയും കാണും. ആ ആട്ടിടയന്മാരെയും ആട്ടിന്‍ കൂട്ടങ്ങളെയും ഞാന്‍ കയറുന്ന ബസ്സിനെയും അതിലുള്ള മനുഷ്യരെയും എന്‍റെ ചുറ്റുപാടും സഞ്ചരിക്കുന്ന ആളുകളെയും വാഹനങ്ങളെയും കടകളെയും കെട്ടിടങ്ങളെയുമെല്ലാം കണ്ടുകണ്ട് യാത്ര ആരംഭിക്കുമ്പോഴാണ് ഞാന്‍ ഒരു യാത്രികനാവുന്നത്. പലപ്പോഴും അങ്ങനെയല്ല യാത്രികര്‍ക്ക് സംഭവിക്കുന്നത്. എനിക്കും അങ്ങനെയായിരുന്നില്ല. പിന്നീടെപ്പോഴോ ആണ് വഴിയെ കാണാതെ ലക്ഷ്യത്തെ ഉറ്റുനോക്കുന്ന മനസ്സില്‍നിന്ന് മുക്തി കിട്ടിയത്. അന്നുമുതലാണ് കണ്‍മുന്നിലുള്ളതെല്ലാം കണ്ടു തുടങ്ങിയത്. കേട്ടു തുടങ്ങിയത്. തൊട്ടു തുടങ്ങിയത്. ഞാനൊരു യാത്രികനായിത്തുടങ്ങിയത്.
പലപ്പോഴും യാത്രികര്‍ പോകാന്‍ തീരുമാനിച്ചിട്ടുള്ള ഇടം എത്തുന്നതുവരെ കിടന്നുറങ്ങുകയാണ് പതിവ്. ശരീരം കിടന്നുറങ്ങുന്നില്ലെങ്കിലും ബോധം കിടന്നുറങ്ങുകയാണ്. ഒന്നും കാണുന്നില്ല. ഒന്നും കേള്‍ക്കുന്നില്ല. ഒന്നും അനുഭവിക്കുന്നില്ല. ഒന്നും മനസ്സിലാക്കുന്നില്ല. പല യാത്രികരെയും ഞാനങ്ങനെ അനുഭവിച്ചിട്ടുണ്ട്. ഞാനും അങ്ങനെയായിരുന്നു. ശരീരംകൊണ്ട് ഒരുപാട് സ്ഥലങ്ങളില്‍ യാത്ര പോയി വന്നതുകൊണ്ട് ഒരാളും യാത്രികരായിത്തീരുന്നില്ല.
ഞാന്‍ ഒരാളോട് ചോദിച്ചു; പുലര്‍ച്ചെ എഴുന്നേറ്റ് നീലകണ്ഠ പര്‍വ്വതത്തിന് മുകളില്‍ സൂര്യോദയം പ്രസരിപ്പിക്കുന്ന മനോഹരമായ കാഴ്ചയിലേക്ക് സ്വയം വിട്ടുകൊടുക്കാന്‍ തയ്യാറാകുമ്പോള്‍ വന്നു ഭവിക്കുന്ന സൗന്ദര്യാനുഭൂതി കൂടി അനുഭവിക്കുമ്പോഴല്ലേ യാത്ര പൂര്‍ണ്ണമാകുന്നത്?
ഏയ്, എനിക്ക് അതിലൊന്നും താല്പര്യമില്ല. ഇതൊരു പുണ്യഭൂമിയാണ്. ഈ ഭൂമിയില്‍ ഒന്ന് സ്പര്‍ശിച്ചിട്ട് തിരിച്ചുപോവുക എന്നുള്ളത് മാത്രമാണ് കാര്യം.
അദ്ദേഹത്തിന് അത് വലിയ സമാധാനം നല്കുന്നുണ്ടായിരിക്കും. എന്നാല്‍ പ്രകൃതിയുടെ വിശ്വവശ്യമായ സൗന്ദര്യത്തെ ഹൃദയത്തിലേക്ക് സ്വാംശീകരിക്കാതെയുള്ള ആ തിരിച്ചിറക്കം ജീവനും ജീവിതത്തിനും ലഭിക്കാവുന്ന വലിയൊരു സാദ്ധ്യതയെ നഷ്ടപ്പെടുത്തലായാണ് എനിക്കു തോന്നിയത്.
യാത്ര എന്താണ് നമ്മളോട് ചെയ്യേണ്ടത്? ഞാനെന്നോട് ചോദിച്ചിട്ടുണ്ട്. യാത്രകള്‍ എനിക്കു പകര്‍ന്ന ഉത്തരം എങ്ങനെയാണ് ജീവിക്കേണ്ട തെന്ന് യാത്ര നമ്മെ പഠിപ്പിക്കണം എന്നാണ്. എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് യാത്ര നമ്മെ പഠിപ്പിക്കുന്നതെങ്ങനെ? സദാ തുറന്നുവെച്ച കണ്ണുകളോട് കൂടിയവരായിരിക്കും യാത്രികര്‍. കണ്ണുകള്‍ എന്നുവെച്ചാല്‍ രണ്ട് കണ്ണ് മാത്രമല്ല. പഞ്ചേന്ദ്രിയങ്ങളേയും മനസ്സിനെയും ബുദ്ധിയേയും പരിപൂര്‍ണ്ണമായി തുറന്നുവെച്ച് സഞ്ചരിക്കുക എന്നാണ്. അങ്ങനെയുള്ള ഒരാള്‍ക്ക് ലക്ഷ്യസ്ഥാനം അയാള്‍ പോകുന്ന വഴി കൂടി ആയിരിക്കും. ലക്ഷ്യസ്ഥാനം ഏതൊരു യാത്രയുടെയും ഒരംശം മാത്രമാണ്.
സഞ്ചരിക്കുന്ന ഇടങ്ങളെല്ലാം യാത്ര പുറപ്പെടുന്ന സമയം മുതല്‍ ആസ്വദിക്കുകയെന്ന അനുഭവം ഒരാള്‍ക്കുണ്ടായെന്നിരിക്കട്ടെ. എന്നാല്‍, തിരിച്ചുവന്ന് ജീവിതയാത്രയിലെ ഓരോ നിമിഷത്തെയും ആസ്വദിക്കാനുള്ള മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കാന്‍ ആ യാത്ര സഹായിച്ചില്ലെങ്കില്‍ ആ ആള്‍ യാത്രയിലൂടെ സംഭവിക്കേണ്ട മഹത്തായ ഒന്ന് ലഭിക്കാതെ പോയ ആളാണെന്ന് പറയേണ്ടി വരും. ഒരിക്കലും ഒരു നല്ല യാത്രികനല്ലെന്നു പറയേണ്ടി വരും.
പ്രതീകാത്മകമായി ഒരു നാമം എന്ന നിലയില്‍ മാത്രമാണ് ഇവിടെ ഹിമാലയം എന്ന വാക്ക് ഉപയോഗിക്കുന്നത്. വര്‍ഷത്തിലൊരിക്കല്‍ ഹിമാലയത്തില്‍ പോയി തിരിച്ചുവന്നിട്ട് ഇനി അടുത്ത വര്‍ഷം വീണ്ടും പോയിട്ടുവേണം ജീവിതം ആസ്വദിക്കാനെന്നുപറഞ്ഞ് കാത്തിരിക്കുന്ന ഒരാള്‍ ഒരിക്കലും ജീവിതം അനുഭവിക്കുന്ന ഒരാളാണെന്ന് തോന്നിയിട്ടില്ല. യാത്ര അനുഭവിക്കുന്ന ഒരാളെന്ന് തോന്നിയിട്ടില്ല. ഹൃദ്യമായിട്ടുള്ള ജീവിതത്തില്‍ ഒരുപാട് അനുഭൂതി തരുന്ന, വെളിച്ചം തരുന്ന ഒരു യാത്ര നടത്തി തിരിച്ചുവന്നതിനു ശേഷം ദൈനംദിന ജീവിതത്തിലെ ജീവിക്കുന്ന നിമിഷങ്ങളെ കഴിയുന്നത്ര മൂല്യവത്തായി ജീവിക്കാന്‍ കഴിയുന്നു ണ്ടെങ്കില്‍ അവരാണ് യാത്ര ചെയ്തവര്‍. യഥാര്‍ത്ഥ യാത്രികര്‍.
ദീര്‍ഘമായ ഒരു യാത്ര കഴിഞ്ഞ് തിരിച്ചുവന്ന് വിശ്രമിക്കുമ്പോള്‍ നമ്മുടെ മുന്നില്‍ ഒരു മനുഷ്യന്‍ അവശനായി വന്നു നിന്നെന്ന് കരുതുക. ആ മനുഷ്യന്‍റെ കണ്ണിലേക്ക് നാം നോക്കുമ്പോള്‍ അയാളുടെ ആവശ്യങ്ങള്‍ തിരിച്ചറിയാനുള്ള ഒരു മനസ്സ് ആ യാത്ര നമുക്ക് നല്കിയിട്ടില്ലെങ്കില്‍ നമ്മുടെ യാത്ര പരാജയമായിരുന്നെന്ന് പറയേണ്ടി വരും.
സങ്കുചിതമായ ജീവിതസങ്കല്പങ്ങളില്‍ നിന്ന് കുറച്ചുകൂടി വിശാലമായിട്ടുള്ള അവബോധത്തിലേക്ക് നാം സ്വയം വികസിച്ചിട്ടുണ്ടെങ്കില്‍, കുറച്ചുകൂടി കരുതലുള്ളവരായി, കരുണയുള്ളവരായി, ഉണര്‍വ്വുള്ളവരായി നമ്മോട് ചേര്‍ന്ന് ജീവിക്കുന്ന മനുഷ്യരെ കുറച്ചുകൂടി തുറന്നറിയാനുള്ള ഒരു മനസ്സുള്ളവരായി നാം മാറിയിട്ടുണ്ടെങ്കില്‍ പറയാം, നമ്മള്‍ നന്നായി യാത്ര ചെയ്തിരുന്നു എന്ന്. യാത്രയ്ക്ക് ശേഷം ജീവിതത്തിലുള്ള ആര്‍ത്തി കുറഞ്ഞിട്ടുണ്ടെങ്കില്‍, ധൃതികളൊക്കെ കുറഞ്ഞിട്ടുണ്ടെങ്കില്‍ നാം നല്ല യാത്രികരാണ്. തന്‍റെ ഉത്തരവാദിത്തങ്ങളെ അല്ലെങ്കില്‍ താന്‍ ചെയ്യേണ്ടതായ കാര്യങ്ങളെ ക്ഷമയോടെയും സാവകാശത്തോടെയും ആസ്വാദ്യതയോടെയും ആത്മാര്‍ത്ഥതയോടെയും സൗമ്യഹൃദയത്തോടെയും ജീവിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ നാം യാത്ര ചെയ്തിരുന്നെന്ന് പറയാം.
യാത്രികന് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണമായി തോന്നിയിട്ടുള്ളത് ധൃതിയില്ലായ്മയാണ്. ധൃതി ഇല്ലാത്ത ഒരാള്‍ക്കേ യാത്രയെ ആസ്വദിക്കാന്‍ പറ്റൂ. ധൃതി എല്ലാ ആസ്വാദനങ്ങളെയും നഷ്ടപ്പെടുത്തിക്കളയും. ധൃതിയില്‍ സ്ഥലങ്ങള്‍ കണ്ടുവന്നവരുടെ കയ്യില്‍ കുറെ ഇടങ്ങളുടെ ലിസ്റ്റുണ്ടാകും. ഞാന്‍ ഈ വര്‍ഷം ഇത്ര സ്ഥലത്ത് പോയി, ഞാന്‍ ഇത്ര ഉയരത്തില്‍ പോയി എന്നൊക്കെ പറയാമെ ന്നല്ലാതെ യാത്ര നല്‍കേണ്ടതായ ആഴമേറിയ അനുഭവം അവര്‍ക്ക് ആ ധൃതി സമ്മാനിച്ചിട്ടുണ്ടാവണമെന്നില്ല.
യാത്ര ഒരു ദുരഭിമാനമായി മാറാതിരിക്കാന്‍ നാം അത്രമാത്രം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ യാത്രകള്‍ പലപ്പോഴും ദുരഭിമാനങ്ങളാണ്. ആത്മാഭിമാനങ്ങളല്ല. കുറേ പണം സമ്പാദിച്ചാല്‍, കുറേ സ്വത്ത് സമ്പാദിച്ചാല്‍ ഒരാള്‍ ജീവിതത്തില്‍ വിജയിച്ചവനാണെന്ന് ധരിക്കുന്നതുപോലെയാണ് ഒരുപാടൊരു പാട് യാത്ര ചെയ്ത ആള്‍ മികച്ച ആളാണെന്ന്, അനുഭവമുള്ളയാളാണെന്ന് തെറ്റിദ്ധരിക്കുന്നത്.
ഏതൊരു യാത്രയും ജീവിതത്തില്‍ ഗുണകരമായി മാറുമ്പോഴാണ് ഒരാള്‍ കൂടുതല്‍ യാത്ര ചെയ്യുന്ന ആളായി മാറുന്നത്. യാത്രയുടെ എണ്ണത്തിലല്ല ഗുണത്തിലാണ് നാം ശ്രദ്ധിക്കേണ്ടതെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. ഒരിക്കല്‍ മാത്രം ഹിമാലയത്തില്‍ പോയി തിരിച്ചു വന്ന ഒരു സുഹൃത്തുണ്ടെനിക്ക്. അദ്ദേഹം നാല്പത് വര്‍ഷം മുമ്പാണ് ഹിമാലയത്തില്‍ പോയിവന്നത്. ഇപ്പോള്‍ 70 വയസ്സൊക്കെ ആയിട്ടുണ്ടാകും. പിന്നീട് എന്തുകൊണ്ടാണ് യാത്ര ചെയ്യാതിരുന്നതെന്ന് ഞാനൊരിക്കല്‍ അദ്ദേഹത്തോട് ചോദിച്ചു.
അദ്ദേഹം പറഞ്ഞു: ആ ഒരു യാത്രകൊണ്ടു തന്നെ ജീവിതമാകുന്ന യാത്ര എങ്ങനെ ചെയ്യണ മെന്ന് പഠിച്ചു. മെല്ലെമെല്ലെ ജീവിതത്തില്‍ ധൃതിയില്ലാതെയായി. ഹിമാലയത്തിന്‍റെ ഔന്നത്യത്തില്‍ നിന്നുകൊണ്ട് താഴ്വരയിലേക്കും ഹിമവല്‍ശൃംഗങ്ങളുടെ ഔന്നത്യത്തിലേക്കും നിശ്ചലനായി നോക്കിനിന്നപ്പോള്‍ ഞാനെത്ര നിസ്സാരനായ ഒരു മനുഷ്യനാണെന്നും അതേസമയം എത്രയെത്ര ഉദാത്തമായ അനുഭവങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു ബോധത്തിന് ഉടമയാണെന്നും അറിഞ്ഞു. മഹിമയും എളിമയും ഒരുപോലെ എന്‍റെ ബോധത്തിന് ആ യാത്ര സമ്മാനിച്ചു. അതു പിന്നെ ബോധത്തില്‍ നിന്ന് വിട്ടുപോകാത്തതുകൊണ്ട് രണ്ടാമതൊരു യാത്ര ചെയ്യേണ്ടതായി വന്നില്ല.
ഇരുപതിലധികം തവണയെങ്കിലും ഹിമാലയത്തിലേക്ക് യാത്രചെയ്ത എന്നേക്കാളും ഒരേയൊരു തവണ യാത്ര പോയിവന്ന അദ്ദേഹമാണ് കൂടുതല്‍ യാത്ര ചെയ്തതെന്ന് അന്നു ഞാനനുഭവിച്ചു.
നമ്മള്‍ യാത്രയില്‍ അനുഭവിക്കുന്ന ഒരു കാര്യം ഉയരങ്ങള്‍ കീഴടക്കുക എന്നുള്ളതാണ്. പ്രകൃതിയെ കീഴടക്കിയിട്ടുള്ള യാത്രകളൊന്നും ഒരു യാത്രികനെയും യാത്രികനാക്കുന്നില്ലെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. പ്രകൃതിയുടെ മുമ്പില്‍ കീഴടങ്ങു ന്നവരാണ് യഥാര്‍ത്ഥ യാത്രികര്‍. പ്രകൃതിയുടെ വിശ്വവശ്യമായ ഔന്നത്യത്തിന് മുന്നില്‍, സൗന്ദര്യത്തിനു മുന്നില്‍, ആശ്ചര്യപരതയ്ക്ക് മുന്നില്‍ നമ്മള്‍ സ്വയം തോറ്റുപോവുകയാണ് ചെയ്യുന്നത്. സ്വയം കീഴടങ്ങുന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ നമ്മള്‍ എല്ലാറ്റിനെയും കീഴടക്കുന്നത്. നമ്മുടെ അഹങ്കാരത്തെ, നമ്മുടെ ധാര്‍ഷ്ട്യത്തെ കീഴടക്കാനുള്ള വഴി പ്രകൃതിയുടെ മുന്നില്‍ കീഴടങ്ങുക എന്നുള്ളതാണ്. അതുകൊണ്ട് പ്രകൃതിയെയല്ല നമ്മള്‍ കീഴടക്കേണ്ടത്. നമ്മെത്തന്നെയാണ്.
ഞാന്‍ മാത്രമാണ് ശരിയെന്ന് പറയുന്ന നമ്മുടെ ഹ്രസ്വമായ, ചുരുങ്ങിക്കിടക്കുന്ന ബോധത്തെ കീഴടക്കാന്‍ വേണ്ടി പ്രകൃതിയുടെ ആ മനോഹാരിതയില്‍, ആശ്ചര്യപരതയില്‍ നാം കീഴൊതുങ്ങി കൊടുക്കേണ്ടതുണ്ട്. ഏതൊരു യാത്രയും പ്രകൃതിയുടെ വൈവിധ്യങ്ങള്‍ക്ക് മുന്നില്‍ സ്വയം കീഴടങ്ങാന്‍ നമ്മെ സഹായിക്കുന്നുണ്ടെങ്കില്‍ അഹന്തയെ കീഴടക്കാനുള്ള ഒരു വഴിയായിട്ടത് മാറും. ഞാന്‍ ഒരു സംഭവമാണെന്നുള്ള ധാര്‍ഷ്ട്യവു മായി ജീവിക്കുന്ന ഒരാള്‍ക്ക് ഞാന്‍ ഒന്നുമല്ലെന്നും ഒരു കാറ്റടിച്ചാല്‍ വീണുപോകുന്ന ഇത്തിരിപോന്ന ഒരു ജീവിയാണെന്നുമുള്ള അവബോധം സമ്മാനിക്കുന്ന സൗന്ദര്യാനുഭവങ്ങളിലൂടെയാണ് യാത്ര ചെയ്യുന്നതെങ്കില്‍ ആ യാത്ര അത്രയും മഹത്തരമാണ്.
യാത്ര നമ്മുടെ ബോധത്തിലെ എല്ലാ തരത്തിലുമുള്ള കല്ലിപ്പിനെയും അലിയിച്ചുകളയാന്‍ സഹായിക്കുന്നതാകണം. കലിപ്പ് ബാധിച്ചിട്ടുള്ള നമ്മുടെ അഹങ്കാരങ്ങളെ കുറച്ചൊന്ന് അലിയിച്ചു തരാന്‍ നമ്മുടെ യാത്രകള്‍ സഹായിക്കുന്നുണ്ടെങ്കില്‍ ആ യാത്രകള്‍ കൊള്ളാം. ഓരോ യാത്രയും കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ഞാന്‍ ഒരു യാത്രയും ഇതുവരെ ചെയ്തിട്ടില്ലല്ലോ എന്ന ഒരു ചിന്തകൂടി നമ്മുടെ നെഞ്ചില്‍ ഉണ്ടാവുകയാണെങ്കില്‍ നാം കുറച്ചൊക്കെ യാത്ര ചെയ്ത ആളാണെന്ന് പറയാം.
നാലോ അഞ്ചോ പത്തോ പുസ്തകങ്ങള്‍ വായിച്ച ഒരാള്‍ക്ക് ഒരുപാട് പുസ്തകങ്ങള്‍ വായിച്ച ആളാണെന്ന് തോന്നും. എന്നാല്‍ ആന്തരികവും ബഹ്യവുമായ ആശയപ്രപഞ്ചങ്ങളെ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളിലൂടെ മെല്ലെ മെല്ലെ യാത്ര ചെയ്ത് മുമ്പോട്ടു പോകുമ്പോഴാണ് നമ്മള്‍ എത്ര അറിവില്ലാത്ത ആളുകളാണെന്ന് മനസ്സിലാകുക. എത്ര കുറച്ച് വായിച്ചവരാണെന്ന് ബോദ്ധ്യമാകുക. അറിഞ്ഞറിഞ്ഞു വരുന്തോറും നാം എത്ര അറിവി ല്ലാത്തവരാണെന്ന അനുഭവമാണ് അറിവിന്‍റെ ലോകം നമുക്ക് സംഭാവന ചെയ്യുക. ചില പുസ്തകങ്ങളുടെ വായനകള്‍പോലെ ചില വ്യക്തികളുടെ സാന്നിധ്യങ്ങള്‍ നമ്മളെ വലിയ യാത്രികരാക്കി മാറ്റാറുണ്ട്.
രമണമഹര്‍ഷിയെ കുറിച്ച് കേട്ടിട്ടുണ്ടാകും. വളരെയധികം'യാത്ര' ചെയ്തിട്ടുള്ള ഒരു മനുഷ്യനാണ് രമണമഹര്‍ഷി. എങ്ങനെയാണ് തിരുവണ്ണാമലയെന്ന മലയുടെ ചുറ്റുമുള്ള കുറച്ചു ഗുഹകളില്‍ മാത്രം ഒരു ജീവിതകാലം മുഴുവന്‍ ജീവിച്ച രമണമഹര്‍ഷി ഒരുപാട് യാത്ര ചെയ്ത ആളാകുന്നത്? ഒരുപാട് യാത്ര ചെയ്താല്‍ ലഭിക്കേണ്ട വിനയവും വെളിച്ചവും ആ മനുഷ്യനില്‍ ഉണ്ടായിരുന്നു എന്നതുകൊണ്ടാണത്. നമ്മുടെ ഉള്ളില്‍ അറിവിന്‍റെ വെളിച്ചവും അലിവിന്‍റെ വിനയവും ഒരുപോലെ സമ്മേളിക്കുന്ന ഒരു ബോധാവസ്ഥ സമ്മാനിക്കുന്നില്ലെങ്കില്‍ ഏതു യാത്രയും നിരര്‍ത്ഥകമാണ്.
ഓരോ യാത്രയിലും അപരിചിതരായിട്ടുള്ള എത്രയോ മനുഷ്യരെയാണ് കണ്ടുമുട്ടുന്നത്. ഹിമാലയത്തിലേക്ക് പോകുമ്പോള്‍ തിരിച്ചിറങ്ങി വരുന്ന ഓരോ മനുഷ്യരെയും നോക്കി നാം ചിരിക്കുന്നത് ആത്മസഹോദരരെ നോക്കി ചിരിക്കുന്നതു പോലെയാണ്. അവര്‍ക്ക് വെള്ളം പകരുന്നത് നമ്മുടെ ആത്മസഹോദരന് വെള്ളം കൊടുക്കുന്നതുപോലെയാണ്. തളര്‍ന്നിരിക്കുന്ന ഒരു മനുഷ്യനെ കണ്ടാല്‍ കുറച്ചുസമയം അയാളുടെ അടുത്തിരുന്ന് തലോടിക്കൊടുക്കും. എന്നിട്ട് പറയും; സാരമില്ല നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം എന്ന്. യാത്രയില്‍ കണ്ടുമുട്ടുന്ന ഓരോ അപരിചിതനും സുപരിചിതനാണെന്നും ആത്മബന്ധുവാണെന്നു മുള്ള തോന്നല്‍ ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നുണ്ട്.
ഉള്ളതില്‍ തൃപ്തിയോടെ ജീവിക്കാനും ജീവിതത്തെ ഒരു ഹിമാലയന്‍ യാത്രപോലെ തന്നെ അനുഭവിക്കാനും യാത്രയിലുണ്ടായ പ്രതിസന്ധികളെയും പ്രയാസങ്ങളെയും അനായാസതയോടെയും തൃപ്തിയോടെയും ധീരതയോടെയും അതിജീവിച്ച തുപോലെ ദൈനംദിന ജീവിതത്തില്‍ ഉണ്ടാകുന്ന പ്രയാസങ്ങളെയും പ്രതിസന്ധികളെയുമൊക്കെ നിറപുഞ്ചിരിയോടെ അതിജീവിക്കാനും കഴിയുന്നിടത്ത് യാത്ര അതിന്‍റെ പൂര്‍ണ്ണതയെ തൊട്ടുതുടങ്ങു ന്നെന്ന് പറയാം.
യാത്രയില്‍ തികച്ചും അപരിചിതരായ മനുഷ്യര്‍ എതിരെ വരുമ്പോള്‍ അവരെ നോക്കി ചിരിക്കുകയും ദാഹിക്കുന്നവരോട് വെള്ളം വേണോ എന്ന് ചോദിക്കുകയും വെള്ളം പകരുകയും ചെയ്തതുപോലെ കടന്നുവരുന്ന എല്ലാ അപരിചിതരെയും നോക്കി ചിരിക്കാനും അവരാരും അപരിചിതരല്ല മറിച്ച്, സുപരിചിതരാണെന്ന് മനസ്സിലാക്കി അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് നമ്മിലുള്ള ഒരു പങ്ക് അവര്‍ക്ക് പങ്കുവെക്കാനും കഴിയുന്നിടത്ത് നാം നടത്തിയ യാത്രകള്‍ ഹൃദ്യമായിത്തുടങ്ങുന്നു.
യാതൊരു ധൃതിയുമില്ലാതെ, സമാധാനത്തോടെ ഉള്ളതില്‍ തൃപ്തരായി സാവകാശത്തോ ടുകൂടി ചുറ്റുപാടുമുള്ള താഴ്വരകളെയൊക്കെ കണ്ടാസ്വദിച്ച് ജീവിതത്തെ ജീവിച്ചാല്‍ മതിയെന്ന അവബോധം കൂടി നമ്മളില്‍ നിറയ്ക്കാന്‍ യാത്ര സഹായിക്കുമെങ്കില്‍ നമ്മള്‍ യാത്രികരാണ്. സദാ യാത്രികരാണെന്ന മനോഭാവത്തെ ഉള്ളില്‍ സൃഷ്ടിക്കാന്‍ യാത്രകള്‍ പ്രചോദനമായെങ്കില്‍ എന്നുമാത്രമാണ് പ്രാര്‍ത്ഥന.
അഞ്ച്
യാത്രികനില്ലാതാകും വരെ യാത്ര തുടരണം
യാത്രയില്ലാതാകും വരെ യാത്രികന്‍ തുടരണം
ജീവിതത്തിന്‍റെ നിഗൂഢതകളറിയണമെന്ന താല്പര്യമോ, കാടും മലയും അനുഭവിക്കാനുള്ള അടങ്ങാത്ത ദാഹമോ അല്ല എന്നെ യാത്രകളിലേക്ക് തള്ളിയിട്ടത്. വീട്ടില്‍നിന്നും ഓടിയകലാനുള്ള വെമ്പല്‍ മാത്രമായിരുന്നു പ്രചോദനം. എല്ലാ തരത്തിലുമുള്ള കെട്ടുപാടുകളില്‍നിന്നും കുതറി മാറാനുള്ള ചോദന. അടങ്ങാത്ത മോഹത്തോടെ സ്വന്തമാക്കാന്‍ കൊതിച്ചതെല്ലാം കൈപ്പിടിയിലാവു ന്നതോടെ ഊര്‍ന്നുപോവുകയോ അതില്‍നിന്നും സ്വയം അകന്നുപോവുകയോ ചെയ്തു. ഒന്നുകില്‍ അതെന്നെ വിട്ടുപോകും. അല്ലെങ്കില്‍ ഞാനതിനെ വിട്ടുപോകും. ഒന്നും എന്നില്‍ ഒട്ടിനിന്നില്ല; ഞാന്‍ ആഗ്രഹിച്ചതുപോലും.
ഉള്ളില്‍ തട്ടിയവയെ നിലനിറുത്താന്‍ ശ്രമിച്ചപ്പോഴെല്ലാം ശരീരത്തിലും മനസ്സിലും തീപടരുകയാ ണുണ്ടായത്. നമ്മുടെ ആഗ്രഹങ്ങള്‍ക്കുമപ്പുറം ജീവിതത്തിന് അതിന്‍റേതായ ഉള്‍വഴികളുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നാം സൃഷ്ടിക്കുന്ന വഴികളേക്കാള്‍ സുനിശ്ചിതവും സുശക്തവുമാണ് ആ വഴികളെന്നും വഴിമാറിയൊഴുകാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ സങ്കീര്‍ണ്ണവും സംഘര്‍ഷവും നിറഞ്ഞ ജീവിതമാകും സംഭവിക്കുകയെന്നും അനുഭവം പറഞ്ഞുതന്നു.
ജീവിതത്തെ, അതിന്‍റെ സൂക്ഷ്മമായ അന്തര്‍ധാരകളെ, ബോധാബോധങ്ങളില്‍ അലയടിക്കുന്ന സൂക്ഷ്മമായ വൈകാരികപ്രപഞ്ചങ്ങള നിസ്സഹായനായി അനുഭവിക്കാന്‍ യാത്രകള്‍ സഹായിച്ചു. ഭയവും അനുഭൂതിയും ആശങ്കയും നിരാശയും പ്രത്യാശയും അനാഥത്വവും സനാഥത്വവും എല്ലാം ഒരു മഹാപ്രവാഹമായി ഉള്ളില്‍ അലയടിച്ച യാത്രകള്‍!
യാഥാസ്ഥിതികമായ മതവിശ്വാസങ്ങളില്‍ നിന്നും അകന്നുപോയിരുന്നെങ്കിലും ജീവിത ത്തിന്‍റെ നിഗൂഢപ്രപഞ്ചത്തിലേക്ക് വലിച്ചെറിയപ്പെട്ടത് യാത്രകളിലേക്ക് വഴുതിവീണപ്പോഴാണ്. വിശ്വാസ അവിശ്വാസ ലോകങ്ങള്‍ക്കുമപ്പുറം വിരാജിക്കുന്ന ഒരു മഹാപ്രപഞ്ചമുണ്ടെന്നും അവിടെ എല്ലാ അതിരുകളും അറ്റുവീഴുമെന്നും അനന്തമായ ആകാശവും താഴ്വരകളിലൂടെ മന്ദമായൊഴുകന്ന വെണ്‍മേഘങ്ങളും മൗനമൂകമായ വനഹൃദയവും പറഞ്ഞുതന്നു. ഒരു പിഞ്ചുകുഞ്ഞിന്‍റെ നിഷ്കളങ്കതയോടെ ആ വാക്കുകള്‍ക്ക് ചെവിയോര്‍ത്തു. ആത്മാവിന്‍റെ ആഴങ്ങളിലേക്ക് ഊര്‍ന്നിറങ്ങിപ്പോയ ആ വാക്കുകളാണു പിന്നീടു ജീവിതത്തിന് പ്രത്യാശയുടെ നവോന്മേഷം പകര്‍ന്നത്. മുമ്പോട്ടുള്ള യാത്രയ്ക്ക് പ്രചോദനമാ കത്തക്ക രീതിയില്‍ ഇന്നിനെ നിറവുള്ളതാക്കാനും ആ സംഗീതം എന്നെ സഹായിക്കുന്നു. അപശ്രുതികളാല്‍ ഹൃദയം കലുഷമാകുമ്പോഴെല്ലാം അകമേ വാത്സല്യസാന്നിദ്ധ്യമായി ആ കനിവ് നിറയുന്നു.
യാത്രകള്‍ ഉള്ളിലൊരു ലോകമുണ്ടെന്ന് കാണിച്ചുതന്നു. പിടിതരാത്ത ലോകം. അടുക്കും തോറും അകന്നകന്നു പോകുന്ന മഹാപ്രപഞ്ചം. നിസ്സഹായനായി നോക്കിയിരിക്കുക മാത്രമേ വഴിയുള്ളൂവെന്ന് അനുഭവിപ്പിച്ച യാത്രകള്‍ ഭാവിയില്‍ ജീവിതം എത്തിച്ചേര്‍ന്നേക്കാവുന്ന ഒരിടത്തേക്ക് വെളിച്ചം വീശുകയായിരുന്നിരിക്കണം.
നിയതി ക്ഷമയോടെ നമുക്കു മുമ്പില്‍ വീണ്ടുംവീണ്ടും ഒരേ കാര്യം പറഞ്ഞുതരാനായി സമാനമായ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് യാത്രകളില്‍ തോന്നിയിട്ടുണ്ട്. എന്നെങ്കിലും നാം അനുഭവത്തിനു പിന്നിലിരിക്കുന്ന മൗനമന്ദഹാസത്തിലേക്ക് ഉണരുമെന്ന് നിയതി പ്രതീക്ഷിക്കുന്നു. അന്നു നാം ഒരുപക്ഷേ നമ്മുടെ വിഡ്ഢിത്തമോ ര്‍ത്ത് പൊട്ടിച്ചിരിക്കുമായിരിക്കും. ജീവിതാനുഭവങ്ങളെക്കുറിച്ച് ഊറ്റം കൊണ്ടിരുന്ന നമ്മുടെ അഹന്ത അവിടെ അറ്റു വീണേക്കും. പുതുപുത്തന്‍ അനുഭവങ്ങള്‍ക്കായി വെമ്പല്‍ കൊണ്ട് അലഞ്ഞു തിരിയുന്ന അന്തരംഗം അതോടെ നിശ്ചലമായേക്കും. ജീവിക്കുന്ന നിമിഷങ്ങളോട് ഉത്തരവാദിത്വമുള്ളവരായിത്തീരുന്ന അനുഗ്രഹനിമിഷങ്ങളായിരിക്കാം പിന്നീട് നമ്മില്‍ സംഭവിക്കുക.
ഒരനുഭവത്തില്‍ എന്തൊക്കെയാണോ സംഭവിക്കുന്നത് അത് മാത്രമേ അടുത്ത അനുഭവത്തിലും സംഭവിക്കുന്നുള്ളൂവെന്ന് ഒരാളറിയുമ്പോള്‍ അനുഭവത്തിനുവേണ്ടിയുള്ള അന്തര്‍ദാഹം ശമിക്കുകയും വന്നു ഭവിക്കുന്ന അനുഭവങ്ങളെ നിശ്ചലവും നിസ്സംഗവുമായ ബോധത്തോടെ അതിശയോക്തിയില്ലാതെ അനുഭവിക്കുകയും ചെയ്യും. അങ്ങനെയുള്ള അനുഭവം പുതുമയുള്ള തായിരിക്കും.
അതൊരു നവീനമായ ഉണര്‍വ്വാണ്. അനുസ്യൂതമായ അനുഭവങ്ങള്‍ക്കു പിന്നാലെ പായുന്ന മനസ്സിന്‍റെ സഞ്ചാരം നിലയ്ക്കുക ഈ ഒരറിവ് അകമേ നിറയുമ്പോള്‍ മാത്രമാണ്. ബുദ്ധിപരമായി നാം ഇതറിയുമ്പോള്‍ അതൊരു വെറും അറിവു മാത്രമേ ആകുന്നുള്ളൂ. നമ്മുടെ സത്തയില്‍ ഈ അറിവ് കലരുമ്പോഴേ ജീവിതത്തിന്‍റെ നിഗൂഢത നാം അറിഞ്ഞു തുടങ്ങുകയുള്ളൂ.
കുടുംബസുരക്ഷിതത്വത്തില്‍ സുഖമായി കഴിഞ്ഞിരുന്ന എനിക്ക് പ്രതിസന്ധികളെ ഒരിക്കലും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. ജീവിതത്തിന്‍റെ ഉപരിതലങ്ങളില്‍ മാത്രം വ്യാപരിച്ചിരുന്ന ബോധത്തിന് കേവല സുഖങ്ങള്‍ക്കുമപ്പുറമുള്ള അനുഭൂതിലോകങ്ങളും അനുഭവിക്കാനായില്ല. എന്നാല്‍ യാത്രകള്‍ സമ്മാനിച്ചത് മറ്റൊന്നായിരുന്നു. ഇവിടെ ഇതാ ജീവിതം അതിന്‍റെ ആഴങ്ങളെ അനുഭവിപ്പിക്കുന്നു. സനാഥത്വത്തിന്‍റെയും അനാഥത്വ ത്തിന്‍റെയും ആഴങ്ങള്‍! ഈശ്വരാ, ജീവിതം എത്ര നിഗൂഢമാണെന്ന് പ്രാര്‍ത്ഥിച്ചു തുടങ്ങിയത് ആ അനിശ്ചിതത്വത്തിലിരുന്നായിരുന്നു. എല്ലാ സുനിശ്ചിതത്വങ്ങളും അനിശ്ചിതത്വങ്ങളിലാണ് വിലീനമായിരിക്കുന്നതെന്ന് അറിയാനായാല്‍ എത്ര അനായാസമായിരിക്കും ജീവിതം എന്നു പറഞ്ഞത് യാത്രകളായിരുന്നു.
സുനിശ്ചിതമായ വഴികളിലൂടെ സുഖംതേടി അലഞ്ഞലഞ്ഞ് ദുഃഖത്തിന്‍റെ മഹാര്‍ണ്ണവത്തില്‍ ചെന്നുവീഴുന്ന ബോധങ്ങള്‍. എല്ലാ പ്രതീക്ഷകളു മറ്റ് നിസ്സഹായനായിരിക്കേ സ്വാസ്ഥ്യത്തിന്‍റെ വീചികള്‍ എവിടുന്നോ ഒഴുകിയെത്തി ഉള്ളം കുളിര്‍പ്പിക്കുന്നു. അറിയുംതോറും അറിയാനാവാത്തവിധം നിഗൂഢമാണ് സുഖദുഃഖങ്ങള്‍ക്കു കാരണമായിരിക്കുന്ന പൊരുളെന്ന് ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവര്‍ക്കെല്ലാം ബോദ്ധ്യ പ്പെട്ടിട്ടുള്ളതാണ്. എന്തെങ്കിലും ആയിത്തീരാനുള്ള മോഹങ്ങളില്‍നിന്നെല്ലാം ബോധത്തെ നിവര്‍ത്തിച്ച് വന്നുചേരുന്ന അനുഭവങ്ങള്‍ക്കു മുകളില്‍ ധ്യാന നിരതരായാല്‍ ജീവിതം അതിന്‍റെ എല്ലാ സൗകുമാര്യതയോടും വന്നു ഭവിക്കുന്നത് അനുഭവിക്കാ നാകും.
യാത്രകള്‍ എല്ലാ പ്രതിരോധങ്ങളെയും കണക്കുകൂട്ടലുകളെയും തയ്യാറെടുപ്പുകളെയും തകര്‍ത്ത് നിസ്സഹായതയുടെ ശൂന്യതയിലേക്ക് പലപ്പോഴും നമ്മെ വലിച്ചെറിഞ്ഞേക്കാം. നിനച്ചിരിക്കാതെ വരുന്ന പ്രതിസന്ധികള്‍ ജീവിത യാത്രയുടെ സുഗമമായ പ്രയാണത്തിന് തടസ്സ മുണ്ടാക്കുമ്പോഴെല്ലാം കാത്തിരിക്കുക, ക്ഷമയോടെ കാത്തിരിക്കുക എന്ന് ഉള്ളിന്‍റെയുള്ളില്‍ നിന്നും ഉണര്‍ന്നുവരാറുള്ള നാദം യാത്രകള്‍ സമ്മാനിച്ച അനുഗ്രഹമല്ലാതെ മറ്റൊന്നുമായിരുന്നില്ല.
ജീവിതത്തിന് ജീവിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവുമില്ലെന്ന് അനുഭവിപ്പിച്ചത് യാത്രകളാണ്. നാം വിചാരിക്കുന്നതുപോലെ മാറ്റി മറിക്കാവുന്നതല്ല ജീവിതമെന്നും അതിന് അതിന്‍റേതായ വഴികളുണ്ടെന്നും അതോടൊപ്പം വിനീതരായി ഒഴുകുക മാത്രമേ നാം ചെയ്യേണ്ടതു ള്ളൂവെന്നും പലരില്‍നിന്നും അറിഞ്ഞു. അപ്പോഴൊക്കെ ഞാന്‍ ഓര്‍ക്കും; ഇതുതന്നെയല്ലേ യാത്രകളും പറയുന്നതെന്ന്.
ജീവിതാനുഭവങ്ങളില്‍ നവീനത്വമനുഭവിക്കാനായാല്‍ ജീവിതത്തിന് രസമുണ്ടാകും. കാരുണ്യവും സ്നേഹവും നിറഞ്ഞ ഹൃദയവും സദാ ഉണര്‍ന്നിരിക്കുന്ന ജിജ്ഞാസുവായ ഒരുള്ളവും കാര്യങ്ങളെ നിസ്സാരമായെടുക്കാനുള്ള മനോഭാവവും അല്പം സരസതയും വലിയ നിലപാടുകളൊന്നുമില്ലാത്ത അയഞ്ഞൊരു ജീവിതദര്‍ശനവും കൈമുതലായുണ്ടെങ്കില്‍ ഏത് വാസവും വലിയ ഹാനിയില്ലാതെ നയിച്ചുകൊണ്ടു പോകാവുന്നതാണെന്ന് തോന്നുന്നു. ഗൗരവതരമായ എല്ലാ കടുംപിടുത്തങ്ങളെയും ഉപേക്ഷിച്ച് സൗമ്യശാന്തമായ ഒരു ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ യാത്രകള്‍ ഒരവസരമായേക്കും. യാത്രയുടെ ഹൃദയസ്പന്ദനവുമായി പാരസ്പര്യപ്പെടാന്‍ അവസരമുണ്ടായിട്ടുള്ളവര്‍ക്ക് ആ അയവു നല്കുന്ന ഊഷ്മളത എത്രയെന്നു പറയാതെതന്നെ അറിയാം. നാം ആരാണെന്ന് അറിയുകയെന്നാല്‍ ആരുമല്ലെന്നറിയലാണെന്ന് അറിയാന്‍ യാത്രപോ ലൊരു ഉപനിഷത്തില്ല.
ആറ്
ഉപസംഹാരമായി എന്തെങ്കിലും എഴുതാനിരുന്നപ്പോഴാണ് അതോടെ യാത്രയുടെ രസം വറ്റിപ്പോകുമല്ലോ എന്നോര്‍ത്തത്. ഫുള്‍സ്റ്റോപ്പിടാതെ കോമയിലും സെമിക്കോളനിലും ഹൈഫ ണിലും മാത്രമേ ജീവിതത്തെ നിര്‍വ്വചിക്കാവൂ എന്നാണ് യാത്രകള്‍ മൊഴിഞ്ഞത്. ഒന്നും അവസാനിക്കുന്നില്ല, തുടര്‍ച്ചകളേയുള്ളൂ എന്ന വെളിച്ചമാണ് യാത്രകള്‍ പകരുന്നത്. അതെത്ര ആശ്വാസമാണ്.
തുടര്‍ച്ചകള്‍! പ്രതീക്ഷയുടെ വിത്തുകള്‍ തളിര്‍ത്തു വരാനായി വെമ്പുകയും വിതുമ്പുകയും ചെയ്യുന്ന അര്‍ദ്ധവിരാമങ്ങളേയുള്ളൂവെന്ന് അറിയുന്ന ബോധത്തില്‍ നിരാശയ്ക്ക് ഇടമില്ല. അതെപ്പോഴും വീണിടത്തുനിന്നും എഴുന്നേറ്റു നടക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിനെപ്പോലെയാണ്. വീണതിനെ പ്രതിയുള്ള വേദനയോ നിരാശയോ കുഞ്ഞിനെ ബാധിക്കുന്നില്ല. ഏതുവിധേനയും നടക്കുകയെന്ന ഒരൊറ്റ ഉദ്ദേശമേ കുഞ്ഞിലുള്ളൂ. ഇനി എനിക്കു വയ്യെന്നു പറഞ്ഞ് ഒരു കുഞ്ഞും നടക്കാനുള്ള ഉദ്യമത്തില്‍നിന്ന് പിന്തിരിഞ്ഞിട്ടില്ല. നമ്മുടെ എല്ലാ യാത്രകളും നമ്മിലെ കുഞ്ഞിലുള്ള ആ ഊര്‍ജ്ജത്തെ വീണ്ടെടുക്കാനാകട്ടെ എന്ന ആശംസകളോടെ യാത്ര തുടരാം.