news-details
കവർ സ്റ്റോറി

കുടുംബപ്രശ്നങ്ങള്‍ ഒരു മനഃശാസ്ത്രസമീപനം

നമ്മുടെ കുടുംബങ്ങളുടെ അവസ്ഥ എങ്ങനെ?  കുടുംബങ്ങളുടെ ഉള്ളറകളില്‍ എന്തൊക്കെ കാണേണ്ടിവരുന്നു?  പാരമ്പര്യമായി നാം പിന്തുടര്‍ന്നുപോന്ന മൂല്യങ്ങള്‍ ചില്ലുകൊട്ടാരം പോലെ തകര്‍ന്നുവീഴുന്നുവോ?  കേരളത്തിലെ കുടുംബങ്ങള്‍ ഇന്നു തകര്‍ച്ചയുടെയും തളര്‍ച്ചയുടെയും ഭീഷണിയിലാണോ?  ഇങ്ങനെ പോയാല്‍ നാളത്തെ കുടുംബങ്ങളുടെ സ്ഥിതി എന്തായിരിക്കും?  ഇത്തരം ചോദ്യങ്ങള്‍ നാം അനുദിനം ആശങ്കയോടെ ചോദിച്ചുതുടങ്ങിയിരിക്കുന്നു.  കുടുംബം തകര്‍ന്നാല്‍ സമൂഹം തകരും.  രാഷ്ട്രം നശിക്കും.  രാജ്യത്തിന്‍റെ ഭാവിയും സുസ്ഥിരതയും താറുമാറാകും.  നാം വലിയൊരു വിപത്തിലേക്കു തന്നെയല്ലേ ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്?  ഇനിയും നാം ചിന്തിക്കുവാന്‍ വൈകിയിരിക്കുന്നു.  കുടുംബബന്ധങ്ങളില്‍ ഇന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്ന വേദനകളുടെയും മുറിവുകളുടെയും ആഴം നമുക്ക് അവഗണിക്കാന്‍ കഴിയില്ല.

ആധുനികകുടുംബങ്ങളുടെ സ്ഥിതി

കുടുംബം സമൂഹത്തിന്‍റെ അടിസ്ഥാനഘടകമാണെന്ന് സോഷ്യോളജിസ്റ്റുകള്‍ പറയുന്നു. കുടുംബം ഉറപ്പുള്ളതായി തീരുന്നത് അംഗങ്ങള്‍ തമ്മിലുള്ള സ്നേഹത്തിന്‍റെ ഊഷ്മളതയിലാണ്.  എന്നാല്‍ ആധുനികകുടുംബങ്ങളില്‍ ഇത്തരം ഊഷ്മളത കുറയുകയാണ്.  സാംസ്കാരികത്തനിമയും മൂല്യങ്ങളും ഇന്ന് ഒന്നിനൊന്ന് ഇല്ലാതാകുന്നു. കുടുംബത്തെ സംബന്ധിച്ച സങ്കല്‍പ്പങ്ങളും മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. കുടുംബബന്ധങ്ങള്‍ അസ്ഥിരമായി തീരുന്നു.  സമര്‍പ്പണവും സഹകരണവും കുടുംബത്തില്‍ തീരെ ഇല്ലാതാകുന്നത് ആധുനികകുടുംബങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമായിത്തീരുന്നു.  കൂട്ടുകുടുംബത്തില്‍ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം ഇന്ന് നമ്മുടെ സമൂഹത്തിന്‍റെ വ്യതിയാനത്തെ വിളിച്ചോതുന്നതാണ്.    താളവും ലയവും നഷ്ടപ്പെട്ട് അപസ്വരം പുറപ്പെടുവിക്കുന്ന സ്ഥിതിയിലേക്ക് ഇന്നത്തെ കുടുംബങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു.  ആധുനികകുടുംബങ്ങളുടെ ഈ തകര്‍ച്ചയ്ക്ക് എന്താണ് കാരണം എന്ന് നാം വളരെ ഗൗരവപൂര്‍വ്വം ചിന്തിച്ചേ മതിയാവൂ.

കൂടുമ്പോള്‍ ഇമ്പമുണ്ടോ?

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം എന്ന് നാം നിര്‍വ്വചിക്കാറുണ്ട്.  എന്നാല്‍ നമ്മുടെ കുടുംബങ്ങളില്‍ ഇമ്പമുണ്ടോ?  കൂടുന്നത് തന്നെ വിരളം എന്ന അവസ്ഥ ഉണ്ടാകുന്നു. പഴയ കാലങ്ങളില്‍ കുടുംബങ്ങളില്‍ കൂട്ടായ്മയോടെ ചെയ്യാന്‍ അനവധി കാര്യങ്ങള്‍ ഉണ്ടായിരുന്നു.  അടുക്കളയിലും പുറത്തും ഭാര്യയും ഭര്‍ത്താവും മക്കളും ഒത്തൊരുമിച്ച് പലതും ചെയ്തിരുന്നു.  ഇപ്പോള്‍ ഫാസ്റ്റ് ഫുഡ്ഡ് വന്നപ്പോള്‍ കൂട്ടായ്മയുടെ രസം ഇല്ലാതായി. വിവരസാങ്കേതികതയും നൈറ്റ് ഷിഫ്റ്റും ട്യൂഷന്‍ക്ലാസും കുടുംബാംഗങ്ങളെ തമ്മില്‍ അകറ്റി.  ടി.വി.യുടെ മുമ്പില്‍ സീരിയല്‍ കാണാന്‍ മാത്രമായി ഒത്തൊരുമിക്കല്‍.  അവിടെ നിശ്ശബ്ദതയ്ക്കാണ് പ്രാമുഖ്യം. കഥയിലെ സംഘര്‍ഷം കുടുംബാംഗങ്ങളുടെ ഞരമ്പു വലിച്ചുമുറുക്കുമ്പോള്‍ കൂട്ടായ്മയ്ക്ക്  സ്ഥാനം ഇല്ലാതാക്കുന്നു.  ടി.വി.യുടെ മുമ്പിലെ കൂട്ടായ്മയും ഏതാണ്ട് അസ്തമിച്ചിരിക്കുന്നു.  ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടം.  അതിനാല്‍ ഓരോ മുറിയിലും ഓരോ എല്‍.സി.ഡി. എന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയി. കുടുംബത്തില്‍ അപസ്വരങ്ങള്‍ കുറയ്ക്കാന്‍ ഇത് ഉപകരിക്കും.  വീട്ടില്‍ ഉണ്ടാക്കുന്ന ആഹാരസാധനങ്ങളെ ചൊല്ലിയാണ് ഒരുകാലത്ത് തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നത്.  ആ തര്‍ക്കവും പരിഹരിക്കാന്‍ വഴി കണ്ടെത്തി.  രാത്രിയാകുമ്പോള്‍ എല്ലാവരും ചേര്‍ന്ന് കാറില്‍ കയറി ടൗണിലെ റസ്റ്റോറന്‍റിലേക്ക് ഒരു ട്രിപ്പ് വയ്ക്കുന്നു.  ഓരോരുത്തരുടെയും ടേസ്റ്റ് അനുസരിച്ച് വേണ്ടത് ഓര്‍ഡര്‍ ചെയ്യുന്നു.  മാന്യത കാക്കേണ്ടതുള്ളതുകൊണ്ട് അനിഷ്ടങ്ങളും തര്‍ക്കങ്ങളും ഒതുക്കി തീര്‍ക്കുന്നു.  നേട്ടം കുട്ടികള്‍ക്കാണ്. കാരണം ആവശ്യപ്പെടുന്നത് എന്തും കിട്ടും. ഇങ്ങനെയുള്ള കൂടിച്ചേരലുകള്‍ കുടുംബം സൃഷ്ടിക്കുമോ?

വിവാഹം ഒരു ഉടമ്പടിയ്ക്ക് അപ്പുറം...

വിവാഹം ഒരു ഉടമ്പടിയാണ്.  പ്രായപൂര്‍ത്തിയും തിരിച്ചറിവും വന്ന യുവതിയും യുവാവും ആണ് പ്രധാന കക്ഷികള്‍.  ക്രിസ്തുവിന്‍റെയും സഭയുടെ പ്രതിനിധിയായ വൈദികന്‍റെയും സാന്നിദ്ധ്യത്തില്‍ വധുവിന്‍റെയും വരന്‍റെയും കുടുംബാംഗങ്ങളും ബന്ധുമിത്രാദികളും അയല്‍ക്കാരും സുഹൃത്തുക്കളും ഒത്തുകൂടി അവരുടെ മധ്യത്തില്‍ വച്ച് കക്ഷികള്‍ സ്വമനസ്സാ തിരിച്ചറിവോടെ നടത്തുന്ന ഉടമ്പടി.  എന്നാല്‍ ഈ ഉടമ്പടി വെറും നൈയാമികമല്ല.  ക്രൈസ്തവമായ മാനത്തില്‍ കൗദാശികമാണ്.  നഗ്നനേത്രങ്ങള്‍ക്ക് ഗോചരമല്ലാത്ത ഒരു പ്രസാദവരം ദമ്പതികള്‍ക്ക് വിവാഹത്തിലൂടെ ലഭിക്കുന്നു.  ക്രൈസ്തവേതര സമൂഹത്തില്‍ മാതാപിതാക്കന്മാരുടെ അനുഗ്രഹം അഗ്നിയെ സാക്ഷിയാക്കി ദമ്പതികള്‍ ഏറ്റുവാങ്ങുന്നതും കാണാം.  ഇതില്‍ നിന്നും വിവാഹം വെറും ഒരു ഉടമ്പടിയല്ലെന്നും അതിനപ്പുറമുള്ള ഒരു മാനം അതിനുണ്ടെന്നും മനസ്സിലാക്കാവുന്നതാണ്.  വ്യക്തികളുടെ മാത്രം കഴിവില്‍ ആശ്രയിച്ചു ദാമ്പത്യജീവിതം ഭദ്രമാക്കാന്‍ കഴിയുമെന്ന ധാരണ ഇവിടെ തിരുത്തപ്പെടുന്നു.  ദമ്പതികള്‍ തമ്മിലുള്ള ഐക്യവും വിവാഹത്തിന്‍റെ അവിഭാജ്യതയും കാത്തുസൂക്ഷിക്കണമെങ്കില്‍ ദമ്പതികള്‍ക്ക് പ്രസാദവരം അനുപേക്ഷണീയമാണ്.  അതിനാല്‍ വിവാഹത്തെ വെറുമൊരു ഉടമ്പടി മാത്രമായി കണ്ടുകൂടാ.  യുവാവും യുവതിയും പ്രഥമദര്‍ശനത്തില്‍ കണ്ടു ഇഷ്ടപ്പെട്ട് ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു എന്നുവച്ച് വിവാഹം ഒരു യാഥാര്‍ത്ഥ്യം ആയിത്തീരുകയില്ല.  ശാരീരിക-മാനസിക-വൈകാരിക ബന്ധം മാത്രമായി വിവാഹത്തെ കാണുന്നതും ശരിയല്ല.  അതിനുമപ്പുറം സാമൂഹികവും ആത്മീയവും ദൈവികവുമായ ഒരു തലം കൂടി ദാമ്പത്യജീവിതത്തിന് ഉണ്ട് എന്നു മനസ്സിലാക്കുമ്പോഴാണ് വിവാഹം അതിന്‍റെ പൂര്‍ണ്ണത കൈവരിക്കുന്നത്.

വിവാഹം-അഭേദ്യതയും അവിഭാജ്യതയും

വിവാഹബന്ധം അവിഭാജ്യമായ സാമൂഹിക ജീവിതശൈലിയാണ്. ആഹ്ലാദവും ആനന്ദവും ഉല്‍ക്കര്‍ഷേച്ഛയും കരുതലും കൈത്താങ്ങും പങ്കുവയ്ക്കലും ഒരുപോലെ വിളയാടുന്ന വേദിയാണത്.  ഒരു അള്‍ത്താരയിലെന്നതുപോലെ സങ്കടവും കണ്ണീരും ദാരിദ്ര്യവും രോഗപീഡകളും ഒപ്പിമാറ്റുന്ന സാന്ത്വനസങ്കേതമാണ്. അങ്ങനെ എല്ലാ വിധത്തിലും കുടുംബം എന്നത് കൂടണയുന്ന പക്ഷിക്കൂട്ടങ്ങളുടെ പായാരങ്ങളും കൊച്ചുവര്‍ത്തമാനങ്ങളും കൊണ്ട് എപ്പോഴും മുഖരിതമായ അന്തരീക്ഷമായിരിക്കണം. കളിയും ചിരിയും പിണക്കങ്ങളും പരിഭവങ്ങളും കൊച്ചുകൊച്ചു തിരുത്തലുകളും കുടുംബത്തില്‍ ബന്ധങ്ങളെ കൂടുതല്‍ കൂടുതല്‍ ആര്‍ദ്രവും ഊഷ്മളവുമാക്കി മാറ്റുന്നതാണ്.

കുടുംബങ്ങളില്‍ പ്രശ്നങ്ങളുടെ ആരംഭം

വിവാഹജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ദമ്പതികള്‍ക്ക് എന്തെന്തു സ്വപ്നങ്ങളാണ്! ആ സ്വപ്നങ്ങള്‍ എല്ലാം നല്ലതാണ്.  സന്തോഷത്തിലും ദുഃഖത്തിലും ദാരിദ്ര്യത്തിലും സമ്പത്തിലും ഒരേ മനസ്സോടെ ജീവിക്കാം എന്ന വാക്കു നല്‍കിയാണ് എല്ലാവരും വിവാഹ ജീവിതം തുടങ്ങുന്നത്.  എന്നാല്‍ ജീവിതം ചില നാളുകള്‍ മുമ്പോട്ടു നീങ്ങുമ്പോള്‍ യാഥാര്‍ത്ഥ്യങ്ങളോട് ഏറ്റുമുട്ടുമ്പോള്‍ സ്വപ്നങ്ങള്‍ക്ക് നിറം മങ്ങുന്നു.  ബന്ധങ്ങള്‍ ഉലയുന്നു. അതോടെ ദാമ്പത്യബന്ധത്തില്‍ പ്രശ്നങ്ങളുടെ ആരംഭമായി.  

പ്രശ്നങ്ങള്‍ അകത്തും പുറത്തും
കുടുംബത്തകര്‍ച്ചകളുടെ കാരണങ്ങള്‍ തേടുമ്പോള്‍ അടിസ്ഥാനപരമായി രണ്ടു തരത്തിലുള്ള പ്രശ്നങ്ങള്‍ കാണാം.
1. ദമ്പതികളുടെ ശാരീരിക-മാനസിക-വൈകാരിക അപക്വതകള്‍
2. ദമ്പതികളുടെ കുടുംബാംഗങ്ങളും മറ്റുള്ളവരും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍
താഴെ പറയുന്ന ചില കൗണ്‍സിലിംഗ് അനുഭവങ്ങള്‍ ശ്രദ്ധിക്കുക.
സുഷമയ്ക്കു കുളിക്കാന്‍ ഒരു സോപ്പു പോരാ...

സുഷമ എം.ടെക്. പാസായ പെണ്‍കുട്ടിയാണ്. വയസ്സ് ഇരുപത്തിനാല്. കാണാന്‍ സുന്ദരി.     ചെറിയ ശമ്പളത്തില്‍ വലിയൊരു സ്ഥാപനത്തില്‍ മാന്യമായ ഒരു ജോലി കിട്ടി.  ആ അവസരം മുതലാക്കി നല്ല ഒരു ഷെയര്‍ നല്‍കി ഗവണ്‍മെന്‍റ് സര്‍വ്വീസില്‍ ജോലിയുള്ള ഒരു ചെറുക്കനെക്കൊണ്ട് കെട്ടിച്ചു.  ചില നാളുകള്‍ കഴിഞ്ഞപ്പോഴാണ് ചെറുക്കന്‍റെ വീട്ടുകാര്‍ ശ്രദ്ധിച്ചത്.  സുഷമ കുളിക്കാന്‍ കയറിയാല്‍ ഏറെ നേരം കഴിഞ്ഞേ ഇറങ്ങൂ.  കുളിച്ചിട്ടും കുളിച്ചിട്ടും തൃപ്തി വരുന്നില്ല.  കുളിക്കാന്‍ കയറിയാല്‍ ഒരു സോപ്പുതന്നെ തികയുന്നില്ല.  ചോദിച്ചും പെറുക്കിയും വന്നപ്പോഴാണ് അറിയുന്നത് സുഷമ ഒ.സി.ഡി. എന്ന മനോരോഗത്തിന് വര്‍ഷങ്ങളായി മരുന്നുകള്‍ ഉപയോഗിച്ചുവരുന്നു എന്നത്.

ലിജോയുടെ സംശയരോഗം

ലിജോ ഇസ്രായേലില്‍ മെയില്‍ നേഴ്സ് ആയി ജോലി ചെയ്യുന്നു.  ഇക്കഴിഞ്ഞ അവധിക്ക് നാട്ടില്‍ വന്നപ്പോളായിരുന്നു കല്യാണം.  പൊടിപൊടിപ്പന്‍ കല്യാണം.  ഭാര്യയും നേഴ്സ്.  ഡല്‍ഹിയിലെ ഒരു ഹോസ്പിറ്റലിലാണ് അവള്‍ക്ക് ജോലി. കല്യാണം കഴിഞ്ഞ് ഭാര്യയുടെ കൂടെ ഡല്‍ഹിക്കു പറന്നു.  ഹോസ്പിറ്റലില്‍ ചെന്നു.  ഹോസ്പിറ്റലിലെ ഒരു ജൂണിയര്‍ ഡോക്ടറുടെ പെരുമാറ്റത്തില്‍ ലിജോയ്ക്കു സംശയം തോന്നി.  ലിജോ ചില നുണക്കഥകള്‍ മെനഞ്ഞു ഭാര്യയോട് പറഞ്ഞു.  ഭാര്യ വീണു.  ജൂണിയര്‍ ഡോക്ടര്‍ ഒന്നുരണ്ടു തവണ അറിഞ്ഞോ അറിയാതെയോ മുട്ടി ഉരുമിയ വിവരം പറഞ്ഞു.  ലിജോയുടെ സംശയരോഗത്തിനു തീപിടിച്ചു.

ഫെയ്സ് ബുക്കും ചാറ്റിംഗും

ചിഞ്ചുമോള്‍ക്കു രാത്രി പകല്‍ പോലെയാണ്.  എപ്പോഴും ഫെയ്സ് ബുക്കും ചാറ്റിംഗും.  രണ്ടു മക്കളുണ്ട്.  പെണ്‍കുട്ടികള്‍.  മൂത്ത കുട്ടി ഒന്‍പതില്‍.  ഇളയത് ആറില്‍.  ഭര്‍ത്താവ് ഗള്‍ഫില്‍.  കുറേക്കാലം ചിഞ്ചുമോള്‍ ഭര്‍ത്താവിനൊപ്പം ആയിരുന്നു.  അന്നും ഏതുസമയവും ഫെയ്സ് ബുക്കിലും ചാറ്റിംഗിലും ആയിരുന്നു.  ഇതിന്‍റെ പേരില്‍ കുടുംബകലഹം സാധാരണമായി.  ചിഞ്ചുമോള്‍ ഭര്‍ത്താവിനോട് പറഞ്ഞു.  എനിക്ക് എന്‍റെ ഫെയ്സ് ബുക്ക് ഫ്രണ്ട്സിനെ പിരിയാന്‍ കഴിയില്ല.  നിങ്ങളും ആയിക്കോ.  എനിക്ക് ഒരു വിരോധവുമില്ല.  ഞാന്‍ എല്ലാവരുമായും ചാറ്റ് ചെയ്യും.  നിങ്ങളുടെ അക്കൗണ്ട് നോക്കാന്‍ ഞാന്‍ വരുന്നില്ല.  

ചിഞ്ചുമോളുടെ ജീവിതം ഡിവോഴ്സിലേക്കു നീങ്ങാന്‍ ഏറെ നാള്‍ വേണ്ടിവന്നില്ല.

മീഡിയ എന്ന ചാത്തന്‍

മീഡിയയെ പിശാച് എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.  ടി.വി.,കമ്പ്യൂട്ടര്‍,ഇന്‍റര്‍ നെറ്റ് തുടങ്ങിയവയുടെ മുമ്പില്‍ ആരാധനാഭാവത്തോടെ ഇന്ന് മനുഷ്യന്‍ ഇരിക്കുന്നു. ഇവയുടെ  കാന്തവലയത്തിലാണ് അവന്‍.  ഈ വലയത്തില്‍ നിന്ന് പുറത്തു കടക്കാന്‍ അവന് കഴിയുന്നില്ല. ദൃശ്യമീഡിയ മനുഷ്യന്‍റെ കണ്ണുകളിലൂടെ കടന്ന് മനസ്സിന്‍റെ ക്യാന്‍വാസില്‍ ചിത്രം പോലെ ആശയങ്ങളെ പതിച്ചുവയ്ക്കുന്നു.  ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാംപോലെ പിന്നീട് അത് പ്രവര്‍ത്തിക്കുന്നു.  മനുഷ്യരുടെ ചിന്താഗതികളെയും പ്രവൃത്തികളെയും ഒരുപോലെ സ്വാധീനിക്കുന്നു.  കുടുംബജീവിതം മീഡിയയില്‍ കാണുന്നതുതന്നെ എന്നു പെട്ടെന്നു കരുതിപ്പോകുന്നു.  ചിന്തയിലും വാക്കിലും പെരുമാറ്റത്തിലും പ്രവര്‍ത്തിയിലും എല്ലാം ഇത് പ്രതിഫലിക്കുന്നു.  ഒരുതരം മായാപ്രപഞ്ചത്തില്‍ കഴിയുന്നവരായി ദമ്പതികള്‍ മാറുന്നു.  യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കുമ്പോള്‍ പൊട്ടിത്തെറികള്‍ സ്വാഭാവികമാകുന്നു.  ആധുനികദമ്പതികള്‍ക്കിടയിലെ പൊരുത്തക്കേടിന്‍റെ പ്രധാന കാരണം മീഡിയയുടെ അനിയന്ത്രിതമായ കടന്നുകയറ്റമാണെന്ന് കാണാവുന്നതാണ്.

സ്നേഹം നേടാനുള്ളതല്ല, നല്‍കാനുള്ളതാണ്.

കുടുംബങ്ങളില്‍ സ്നേഹം പങ്കുവയ്ക്കലിന്‍റെ ഒരു തലത്തിലേക്ക് ഇന്ന് മാറുന്നില്ല. സ്നേഹം ത്യാഗം ആവശ്യപ്പെടുന്നു.  പരസ്പരസമര്‍പ്പണം ത്യാഗത്തിന്‍റെ ഭാഗമാണ്. ദമ്പതികള്‍ പരസ്പരം സ്നേഹത്തിനുവേണ്ടി ആഗ്രഹിക്കുന്നു.  സ്നേഹം നല്‍കിക്കൊണ്ട് നേടിയെടുക്കാന്‍ ദമ്പതികള്‍ക്ക് കഴിയണം.  എനിക്കു മുഴുവന്‍ വേണം എന്ന ചിന്ത മാറ്റി ഞാന്‍ മുഴുവന്‍ നല്‍കും എന്ന അവസ്ഥയിലേക്ക് ദാമ്പത്യസ്നേഹം വഴിമാറണം. സമര്‍പ്പണത്തിന്‍റെ അഭാവമാണ് ഇന്നത്തെ കുടുംബപ്രശ്നങ്ങളുടെ മുഖ്യകാരണം.  

പഴയ കാമുകനെ തേടിപ്പോയ ബ്യൂട്ടീഷന്‍

കാമുകനും കാമുകിക്കും അറുപത് വയസ്സ് വീതം പ്രായമുണ്ട്.  സ്കൂള്‍ പഠനകാലത്ത് ക്ലാസ്മേറ്റ്സ് ആയിരുന്നു.  കടലവിറ്റാണ് കാമുകന്‍ അന്ന് പഠിച്ചത്.  ഉച്ചഭക്ഷണത്തിന് വഴി ഉണ്ടായിരുന്നില്ല.  കാമുകി ധനാഢ്യ ആയിരുന്നു.  കൂടാതെ ദരിദ്രരോട് അനുകമ്പയും ഉണ്ടായിരുന്നു.  കാമുകി എന്നും വീട്ടില്‍ നിന്ന് രണ്ടു പൊതിച്ചോറ്  കൊണ്ടുവന്നിരുന്നു. ഒന്ന് കാമുകന് നല്‍കും.  അനുകമ്പയുടെ പേരിലായിരുന്നു.  മനസ്സില്‍ ചെറിയൊരു ഇഷ്ടവും ഉണ്ടായി.  എന്നാല്‍ സ്കൂള്‍ ജീവിതത്തിനുശേഷം അവര്‍ ഇരുവഴിക്ക് പിരിഞ്ഞു. പിന്നീട് പരസ്പരം കണ്ടിട്ടില്ല.  വര്‍ഷങ്ങള്‍ കടന്നുപോയി.  വീട്ടുകാര്‍ സ്വന്തം ഇഷ്ടത്തിന് അവരെ വിവാഹം ചെയ്ത് അയച്ചു.  ഇരുവരും നല്ല നിലയിലായി. കാമുകന്‍ റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തി.  കാമുകി സ്വന്തമായി ഒരു ബ്യൂട്ടി പാര്‍ലര്‍ ആരംഭിച്ചു.  ഇരുവരുടെയും കുടുംബജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടായി.  സ്നേഹത്തിന്‍റെ നിഴലാട്ടം പോലും കണ്ടില്ല. ഇരുവര്‍ക്കും മക്കളായി.  മക്കളുടെ മക്കളായി.  അവരെല്ലാം വിദേശത്ത് താമസമായി.  ഇതിനിടയില്‍ കാമുകിയുടെ ഭര്‍ത്താവ് മരിച്ചു.  അറുപതാം വയസ്സില്‍ ഇരുവരും വീണ്ടും കണ്ടുമുട്ടി.  ദാമ്പത്യസ്നേഹം എന്തെന്ന് അനുഭവിച്ചറിയാത്ത ഇരുവരും വിവാഹം ചെയ്യാന്‍ തീരുമാനിച്ചു.  ഇരുവരും കൗണ്‍സിലിംഗിന് എത്തിച്ചേര്‍ന്നു. ഇരുവര്‍ക്കും ഒറ്റ പരാതിയേ ഉള്ളൂ.  ദാമ്പത്യജീവിതത്തില്‍ സ്നേഹം കിട്ടിയിട്ടില്ല. ഇനി ഒരുമിച്ചു ജീവിക്കുക. ഒരുമിച്ചു മരിക്കുക. ജീവിച്ചിരിക്കുന്ന ഭാര്യയോ മക്കളോ മരുമക്കളോ ഒന്നും ഇരുവരും പ്രശ്നമാക്കുന്നില്ല.  

അമ്മ മകള്‍ക്കു നല്‍കിയ സാരോപദേശം

ഈ ബന്ധം വിച്ഛേദിക്കപ്പെടാനുള്ളതാണ് എന്ന ധാരണയോടുകൂടി വിവാഹത്തിലേക്ക് വളരെ അശുഭാപ്തി വിശ്വാസത്തോടെ കടന്നുവരുന്ന ദമ്പതികള്‍ ഇന്നു വിരളമല്ല. മണിയറയില്‍ എങ്ങനെ പെരുമാറണമെന്ന് അമ്മ കല്യാണത്തലേന്ന് മകളുടെ കാതില്‍ പറഞ്ഞുകൊടുത്തു.  ആന കരിമ്പിന്‍കാട്ടില്‍ കയറുന്നതുപോലെ ഭര്‍ത്താവ് വന്നേക്കും. നീ ഒന്നിനും വഴങ്ങിക്കൊടുത്തേക്കരുത്. പിന്നീട് വല്ല ഡിവോഴ്സിനും കേസു കൊടുക്കേണ്ടി വന്നാല്‍ എല്ലാം വല്ലാത്ത പൊല്ലാപ്പാകും.

ദമ്പതികളുടെ രക്ഷിതാക്കളും മക്കളുടെ ജീവിതത്തെ ലാഘവബുദ്ധിയോടെ കാണുന്നു. കല്യാണം കഴിപ്പിക്കുന്നതിനേക്കാള്‍ ഉത്സാഹമാണ് ഡിവോഴ്സ് ചെയ്യിക്കാന്‍.  ഏതു കുടുംബപ്രശ്നത്തിനും ഒറ്റ പരിഹാരമേ ഇന്ന് രക്ഷിതാക്കള്‍ കാണുന്നുള്ളൂ.  അത് വിവാഹമോചനം ആണ്.  ഫാമിലികൗണ്‍സിലിംഗിന് എത്തുന്ന ദമ്പതികളെക്കാള്‍ വിവാഹമോചനത്തിന് ഇന്നു തിടുക്കം രക്ഷിതാക്കള്‍ക്ക് ആണ്. കേരളത്തില്‍ വിവാഹമോചനം പെരുകുന്നതിന്‍റെ കാരണം ദമ്പതികളല്ല, അവരുടെ രക്ഷിതാക്കളുടെ അമിതമായ ഇടപെടല്‍ ആണ് എന്ന് കൗണ്‍സിലിംഗ് അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇവിടെ പറയേണ്ടിയിരിക്കുന്നു.  പ്രീമാരിറ്റല്‍ കൗണ്‍സിലിംഗിന്‍റെയും പരിശീലനങ്ങളുടെയും ഭാഗമായി മാതാപിതാക്കള്‍ക്ക് വ്യക്തമായ ക്ലാസ് നല്‍കുന്നില്ലെങ്കില്‍ നാളത്തെ കുടുംബങ്ങള്‍ മിക്കതും തകരും.  

മക്കള്‍ വേണ്ട നമുക്കു കളിച്ചുനടക്കാം എന്നു വരെ കരുതുന്ന ദമ്പതികള്‍ ഇന്ന് ഉണ്ട്. ഇത്തരം മനോഭാവങ്ങളിലേക്ക് ദമ്പതികള്‍ നീങ്ങുന്നത് ആശാസ്യമല്ല. ജോലിഭാരം, ജീവിതഭാരം ഇങ്ങനെ പോകുന്നു ചില തട്ടുമുട്ടു ന്യായങ്ങള്‍.  ഭര്‍ത്താവിന് ഡേ ഡ്യൂട്ടി, ഭാര്യക്ക് നൈറ്റ് ഡ്യൂട്ടി എന്നിങ്ങനെ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം മുഖാമുഖം കാണാത്ത ചില ഐ.റ്റി. ജോലിക്കാരും കല്യാണപ്പിറ്റേന്ന് വിമാനം കയറുന്ന ചില നേഴ്സുമാരും നമ്മുടെ നാട്ടില്‍ ഇന്ന് സാധാരണം.  കുടുംബവും കുടുംബസങ്കല്‍പ്പവും ഇന്ന് മാറിമറിഞ്ഞിരിക്കുന്നു.  വിവാഹത്തിനും ദാമ്പത്യബന്ധത്തിനും പുതിയ അര്‍ത്ഥതലങ്ങള്‍ ഉണ്ടായിരിക്കുന്നു.  സ്ത്രീയും പുരുഷനും വിവാഹാനന്തരം പരസ്പരം പങ്കുവയ്ക്കുന്നതാണ് സെക്സ് എന്ന പ്രാപഞ്ചികനിയമത്തിന് ഇളക്കംതട്ടിയിരിക്കുന്നു. കുടുംബജീവിതം പ്രശ്നങ്ങളിലേക്കു നീങ്ങാനും തകര്‍ച്ചയുടെ വക്കിലേക്ക് എത്തിച്ചേരാനും ഇവയൊക്കെ കാരണമായിത്തീരുന്നുണ്ട്.  ഒരു കണ്ണാടിക്കൊട്ടാരമാണ് കുടുംബം എന്നത് നാം ഒരിക്കലും മറക്കാതിരിക്കുക.

കുടുംബപ്രശ്നങ്ങളും ഫാമിലി കൗണ്‍സിലിംഗും

പ്രശ്നങ്ങള്‍ കുടുംബത്തില്‍ ഉണ്ടാകുന്നത് സാധാരണമാണ്.  അവയെ പരിഹരിച്ചു മുമ്പോട്ടുപോകാന്‍ നമുക്കു കഴിയണം.  പണ്ട് കുടുംബപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ കാരണവന്മാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു.  ഇക്കാലത്താകട്ടെ, ശാസ്ത്രീയമാര്‍ഗ്ഗങ്ങള്‍ നാം അവലംബിക്കേണ്ടി വരുന്നു.  ഫാമിലി കൗണ്‍സിലിംഗ് ഇതിന് ഉദാഹരണമാണ്.   വിവാഹത്തോടനുബന്ധിച്ച് പ്രധാനമായും മൂന്നു തരത്തിലുള്ള കൗണ്‍സിലിംഗ് നല്‍കുന്നു.

1. വിവാഹപൂര്‍വ്വ കൗണ്‍സിലിംഗ് (Pre-marital counselling)
2. വിവാഹാനന്തര കൗണ്‍സിലിംഗ് (Marital counselling))
3. കുടുംബക്ഷേമ കൗണ്‍സിലിംഗ് (Family counselling)
ഇവ കൂടാതെ ഡിവോഴ്സ് കൗണ്‍സിലിംഗ് (Divorce counselling)ചില സന്ദര്‍ഭങ്ങളില്‍ കൊടുക്കേണ്ടിവരാറുണ്ട്.  

ദമ്പതികളുടെ മനഃശാസ്ത്രപരമായ പ്രശ്നങ്ങള്‍ വിശകലനം ചെയ്ത് ചികിത്സകള്‍ കൊടുക്കേണ്ട ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാറുണ്ട്.  പെരുമാറ്റങ്ങളില്‍ കാണപ്പെടുന്ന വൈകല്യങ്ങള്‍ കണ്ടെത്തി പരിഹരിക്കാനാണ് ഇത്.  മനഃശാസ്ത്രചികിത്സകള്‍ ഇതിന് അവലംബിക്കുന്നു.  ചില അവസരത്തില്‍ ഔഷധങ്ങള്‍ നല്‍കിയുള്ള സൈക്യാട്രിക് ചികിത്സകള്‍ വേണ്ടിവരും.  കുടുംബജീവിതം ഭദ്രമായി മുമ്പോട്ടു കൊണ്ടുപോകുന്നതിന് ആവശ്യമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് നാം മടി കാണിക്കരുത്. കൗണ്‍സിലിംഗ് എടുക്കുന്നത് ഭ്രാന്ത് ബാധിച്ചവരാണ് എന്ന തെറ്റായ ധാരണ കുറേയൊക്കെ ഇന്ന് മാറിവന്നിട്ടുണ്ട്.  പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് മുളയില്‍ തന്നെ മാറ്റിയെടുക്കാനും പരിഹരിക്കാനും ദമ്പതികളോ ബന്ധപ്പെട്ടവരോ ശ്രദ്ധിക്കണം.  സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കാന്‍ ഇടവരുത്തരുത്.  കുടുംബത്തിലെ ചെറിയ ചില അഡ്ജസ്റ്റ്മെന്‍റ് പ്രശ്നങ്ങള്‍ വഷളാക്കി പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ എത്തിച്ചിട്ടാണ് മിക്കപ്പോഴും കൗണ്‍സിലിംഗിന് എത്തുന്നത്.  അത്തരം സാഹചര്യങ്ങളില്‍ പ്രശ്നപരിഹാരം വൈഷമ്യമുള്ളതായി തീരും.  ദമ്പതികളുടെ സഹകരണം വേണ്ടത്ര കിട്ടാതെയുംവരും.  കൗണ്‍സിലറും കൗണ്‍സിലിയും ഒത്തൊരുമിച്ചു ശ്രമിക്കുമ്പോഴാണ് പ്രശ്നപരിഹാരം സാധിക്കുക.  സഹകരണവും വിട്ടുവീഴ്ചകളും ഒത്തൊരുമയോടെ ജീവിക്കാനുള്ള ആഗ്രഹവും കുടുംബപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എപ്പോഴും ആവശ്യമാണ്.

You can share this post!

ഫ്രാന്‍സിസിന്‍റെ അസ്സീസിയില്‍

സക്കറിയ
അടുത്ത രചന

നാം തുറക്കേണ്ട സാംസ്കാരിക ജാലകങ്ങള്‍

ജോർജ്ജ് വലിയപാടത്ത്
Related Posts