അനേകലക്ഷം വര്‍ഷങ്ങളായി ഈ ഭൂമിയില്‍ തുടരുന്ന മനുഷ്യന്‍റെ വാഴ്വില്‍ ഏറ്റവും പുരാതനമെന്ന് കരുതാവുന്ന സാമൂഹ്യസ്ഥാപനം കുടുംബമാണ്. ജീവശാസ്ത്രപരമായി 'ആധുനിക മനുഷ്യന്‍' എന്ന വിശേഷണം കൊണ്ട് അടയാളപ്പെടുത്താവുന്ന മനുഷ്യന്‍റെ ഈ ഭൂമിയിലെ ചരിത്രത്തിന് ഒരു ലക്ഷത്തിലധികം വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുണ്ട്. മനുഷ്യന്‍റെ ലക്ഷണമൊത്ത ആദ്യരൂപമായ Homo hahilis കള്‍ ഈ ഭൂമിയില്‍ അധിവസിക്കാനാരംഭിച്ചത് ഏകദേശം ഇരുപത് ലക്ഷം വര്‍ഷങ്ങള്‍ക്കപ്പുറത്താണ്. കഴിഞ്ഞ ഇരുപത് ലക്ഷത്തിലധികം വര്‍ഷങ്ങളായി ആക്രമിച്ചും ആക്രമിക്കപ്പെട്ടും ഇരതേടിയും ഇണചേര്‍ന്നും ജനിച്ചും ജനിപ്പിച്ചും പിന്‍തുടര്‍ന്നും പലായനം ചെയ്തും വിശന്നും നിലവിളിച്ചും നമ്മളീ ഭൂമിയിലുണ്ട്. വനാന്തര്‍ഭാഗത്തെ ഇരുളിലും ഏകാന്തതയിലും പ്രാപഞ്ചികഭീതികളുടെ അര്‍ത്ഥമെന്തെന്നുപോലുമറിയാതെ, അമ്പും ആയുധവും അലര്‍ച്ചയും മരണവുമായി തന്നെ പിന്‍തുടരുന്ന ആദിമഭയങ്ങളില്‍നിന്നും രക്ഷനേടാനായി നിരന്തരം പലായനം ചെയ്തിരുന്നവരാണ് നമ്മുടെ ആദിമകാരണങ്ങള്‍. ഈ പലായനത്തിലിടയിലെപ്പോഴോ അവന്‍ അല്ലെങ്കില്‍ അവള്‍ തനിയെ ആവാതിരിക്കാനായി ഒരിണയെ കണ്ടെത്തുന്നു. ജൈവികമായൊരു ഒത്തുചേരലില്‍ അവര്‍ക്കൊരു കുഞ്ഞു ജനിക്കുന്നു, ആ കുഞ്ഞ് 'തങ്ങളുടേതെന്ന്' അവര്‍ തിരിച്ചറിയുന്നു, ആ കുഞ്ഞിലൂടെ അവര്‍ പരസ്പരം ബന്ധിതരാകുന്നു. സാമൂഹ്യശാസ്ത്രപരമായി പറഞ്ഞാല്‍, മനുഷ്യപ്രവര്‍ത്തനങ്ങളുടെ സാമ്പ്രദായിക അര്‍ത്ഥത്തില്‍ നിര്‍വ്വചിക്കപ്പെടുന്നൊരു ലോകത്തില്‍, ഇതിനേക്കാള്‍ വലുതായ, ഇതിനേക്കാള്‍ മനോഹരമായ ഒരു കണ്ടുപിടുത്തം നടക്കാനിടയില്ല.
കുടുംബമുണ്ടാക്കാനും കഴിവനുസരിച്ച് കുഞ്ഞുങ്ങളെ ജനിപ്പിച്ച് മനുഷ്യവംശത്തിന്‍റെ തുടര്‍ച്ച നിലനിര്‍ത്താനും വേണ്ടിയാവണം സ്ത്രീയും പുരുഷനും ഒന്നാവേണ്ടതെന്ന വാദം മതപഠന ക്ലാസുകള്‍ക്കും വിവാഹഒരുക്ക സെമിനാറുകള്‍ക്കും ചേരുമെങ്കിലും നരവംശശാസ്ത്രവും ജീവശാസ്ത്രവും അത് പൂര്‍ണമായി അംഗീകരിക്കുന്നില്ല. ശക്തമായ ലൈംഗികപ്രേരണകളാണ് സ്ത്രീയുടെയും പുരുഷന്‍റെയും പരസ്പര ആകര്‍ഷണത്തിനിടയാക്കുന്നതും അവരുടെ ഒന്നുചേരലിന് കാരണമാവുന്നതും. ഒരു സസ്യവംശത്തിന്‍റെ അതിജീവനത്തിനുവേണ്ടി നിഷ്കര്‍ഷയോടെ സൂക്ഷിക്കപ്പെട്ടൊരു വിത്തിനപ്പുറത്ത് മധുരമുള്ളൊരു ഫലത്തിന്‍റെ കവചം തീര്‍ത്ത് ആ വിത്തിന്‍റെ സംരക്ഷണവും പ്രജനനവും വ്യാപനവും ഉറപ്പാക്കുന്ന പ്രകൃതിയുടെ മാന്ത്രികമായൊരു അതിജീവനവിദ്യ സ്ത്രീ-പുരുഷ ലൈംഗികതയില്‍ പ്രപഞ്ചാത്മാവു ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കുഞ്ഞിന്‍റെ ജനനം വിത്ത് മുളക്കുംപോലുള്ള ഒരു സ്വാഭാവിക പരിണതിയാണ്. ലൈംഗികത എന്ന സ്വാഭാവിക ചോദനയാല്‍ ആകര്‍ഷിക്കപ്പെടുന്ന സ്ത്രീയും പുരുഷനും കുഞ്ഞുങ്ങളുടെ ജനനത്തിനു ശേഷവും പരസ്പരം ബന്ധിതരായി തുടരുന്നത്, പക്ഷേ ലൈംഗികേതരമായ കാരണങ്ങള്‍ക്കൊണ്ടുകൂടിയാണ്. ലെവിന്‍ജര്‍ (Levinger) എന്ന സാമൂഹ്യശാസ്ത്രജ്ഞന്‍ നിരീക്ഷിക്കുന്നതുപോലെ സ്നേഹവും സഖിത്വവും വൈകാരികപിന്തുണയ്ക്കുവേണ്ടിയുള്ള ആഗ്രഹവും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പ്രതീക്ഷിക്കപ്പെടുന്ന ഭൗതികമായ പിന്തുണയും ലൈംഗികത പോലെതന്നെ പ്രധാനമാണ് സ്ത്രീ-പുരുഷ കൂട്ടുചേരലില്‍. ലൈംഗികതയാല്‍ മാത്രം പ്രചോദിപ്പിക്കപ്പെടുന്നൊരു വ്യക്തി കുടുംബമുണ്ടാക്കാന്‍ തയ്യാറാവില്ല. ഒരു പങ്കാളിയില്‍ മാത്രമായി ബന്ധിതനായി / ബന്ധിതയായി തുടരുകയുമില്ല.
മനുഷ്യവംശത്തിന്‍റെ വികാസ-പരിണാമഘട്ടങ്ങളില്‍ എവിടെവച്ചാണ് കൂട്ടുചേരാനും ആ കൂട്ടുചേരലില്‍ തുടരാനും മനുഷ്യന്‍ ശീലിച്ചതെന്ന് നമുക്കറിയില്ല. 'തന്‍റെ ഇണ', തന്‍റെ കുഞ്ഞുങ്ങള്‍', തന്‍റെ ജൈവപരിസരം' എന്ന കൈവശാവകാശബോധത്തിലും സ്വാര്‍ത്ഥതയിലും അധിഷ്ഠിതമായ വൈകാരികബന്ധനങ്ങള്‍ മനുഷ്യന്‍ സ്വയം സ്വീകരിച്ചതും ശീലിച്ചതും ലൈംഗികതയുടെ സഹജപ്രേരണകള്‍കൊണ്ടു മാത്രമല്ല. ബുദ്ധിപരമായൊരു പ്ലാനിങ്ങ് അതിനു പിന്നിലുണ്ട്. ആദിമമായ ഏകാന്തതയില്‍ നിന്നും ആദിമഭയങ്ങളില്‍ നിന്നും രക്ഷപെടാന്‍ താന്‍ നിരന്തരം പലായനം ചെയ്യുന്ന ഈ ഭൂമിയില്‍ തനിക്കുചുറ്റും സ്ഥിരമായൊരു ലോകം തീര്‍ത്ത് സുരക്ഷിതത്വം നേടാനായി മനുഷ്യന്‍ തന്‍റെ rationality ഉപയോഗിക്കുകയായിരുന്നു എന്നുവേണം കരുതാന്‍. തനിക്കുചുറ്റും ചെറുതെങ്കിലും സ്ഥിരതയുള്ളൊരു ലോകം പുനര്‍നിര്‍മ്മിച്ച് സുരക്ഷിതത്വം നേടാനുള്ള ഈ ശ്രമത്തില്‍ അവന്‍/ അവള്‍ തന്‍റെ വ്യക്തിസ്വാതന്ത്ര്യമെന്ന വിലയേറിയ സ്വത്ത് ഈ സുരക്ഷിതത്വത്തിന് പകരമായി നല്കാന്‍ തയ്യാറാകുന്നതും ഈ rationality യുടെ പ്രയോഗത്താലാണ്. മനുഷ്യസംസ്കാരത്തിന്‍റെ വികാസപരിണാമഘട്ടങ്ങളിലെവിടെയോ കുടുംബത്തിന്‍റെ പ്രാഗ് രൂപം പിറവിയെടുക്കുന്നതങ്ങനെയാണ്. കുടുംബമെന്ന സാമൂഹ്യസ്ഥാപനത്തിന്‍റെ ജൈവ-വൈകാരിക-മനശ്ശാസ്ത്ര ഘടന, അത് പ്രാചീനകാലത്തായാലും ആധുനികകാലത്തായാലും, ഇക്കാരണങ്ങളാല്‍തന്നെ സമാനവുമായിരിക്കും.
മനുഷ്യസംസ്കാരത്തിന്‍റെ പരിണാമഘട്ടങ്ങളില്‍ കുടുംബമെന്ന സാമൂഹ്യസ്ഥാപനം കൂടുതല്‍ ഘടനാപരത ആര്‍ജ്ജിക്കുന്നതു കാണാം. സാമൂഹ്യ-സാംസ്കാരിക-മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ structured ആയി മാറുന്ന കുടുംബങ്ങളെ പിന്നീട് മതങ്ങള്‍ തങ്ങളുടെ യൂണിറ്റുകളാക്കി മാറ്റുന്നതും ചരിത്രത്തില്‍നിന്ന് വായിച്ചെടുക്കാം. മതങ്ങള്‍ മാത്രമല്ല, രാഷ്ട്രനീതിയും ഇതുതന്നെയാണ് ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതും. മതങ്ങളും രാഷ്ട്രവുമടക്കമുള്ള അധികാരസ്ഥാപനങ്ങള്‍ തങ്ങളുടെ അധികാരപ്രയോഗം ഏറ്റവും ആയാസരഹിതമായി നടത്തുന്നത് കുടുംബമെന്ന സാമൂഹ്യസ്ഥാപനത്തിലാണ്. ഒറ്റപ്പെട്ടവരിലും സ്വതന്ത്രവ്യക്തികളിലും (മാനസികമായി) അഭയാര്‍ത്ഥികളിലും അധികാരപ്രയോഗം അത്രയൊന്നും ലളിതമല്ല. സാമൂഹ്യനിയമങ്ങളുടെ വിളുമ്പുകളില്‍ ഒറ്റപ്പെടുത്തപ്പെട്ടവരും സ്വയം ഒറ്റപ്പെട്ടവരും ബൗദ്ധികമായും കായികമായും സാഹസികരോ അപകടകാരികളോ ആണെന്ന് ഈ അധികാരസ്ഥാപനങ്ങളേക്കാള്‍ മറ്റാര്‍ക്കാണറിയുക? അതുകൊണ്ട് രാഷ്ട്രവും മതവും എന്നും കുടുംബങ്ങളെ സംരക്ഷിക്കാനും നിലനിര്‍ത്താനും ശ്രമിച്ചുകൊണ്ടിരിക്കും. വാര്‍ഡുകളും പഞ്ചായത്തുകളും ബ്ലോക്കുകളുമൊക്കെയായി ഒരു വശത്തും മൈക്രോകൂട്ടായ്മകളും വാര്‍ഡുകൂട്ടായ്മകളും മറ്റനേകം കൂട്ടായ്മകളുമായി മറുവശത്തും ഈ പ്രക്രിയ നടക്കുന്നുണ്ട്.
ഉയരത്തില്‍നിന്ന് താഴേക്ക് പതിച്ച് പടര്‍ന്നു പരന്നൊഴുകുന്ന ഒരു ജലപാതത്തിന്‍റെ ഘടനയല്ല, ഇഷ്ടികകൊണ്ട് താഴെനിന്നും മുകളിലേക്ക് സ്തൂപാകൃതിയില്‍ പണിതുയര്‍ത്തി, മുകളിലേക്കെത്തുംതോറും വ്യാസം കുറഞ്ഞ്കുറഞ്ഞ് ഒടുക്കം ഒരു ഏകശിലയിലവസാനിക്കുന്ന ഘടനയാണ് രാഷ്ട്രവും മതവുമടങ്ങുന്ന അധികാരസ്ഥാപനങ്ങള്‍ക്കുള്ളത്. ഈ അധികാരഘടനയിലെ താല്‍ക്കാലികമായ ചില നീക്കുപോക്കുകള്‍ മാത്രമാണ് ജനാധിപത്യം എന്ന് നാം ആദര്‍ശവത്കരിക്കുന്ന സാമൂഹികവ്യവസ്ഥ. വ്യവസ്ഥാപിത കുടുംബഘടനയില്‍തന്നെ വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യവും വലിയൊരളവില്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നു. ഇനി അവയെ അടുക്കിവച്ച് രാഷ്ട്രവും മതവും പണിയാനെളുപ്പമാണ്. ഒറ്റപ്പെട്ട വ്യക്തികളെ ഇങ്ങനെ അടുക്കിവയ്ക്കാനാവില്ല. അധികാരം നിലനിര്‍ത്താനാഗ്രഹിക്കുന്ന ഏതൊരു സ്ഥാപനവും, അതുകൊണ്ട് ആത്മഗതം ചെയ്തുപോകും 'അവന്‍ ഏകനായിരിക്കുന്നത് നന്നല്ല' എന്ന്.
മതവും രാഷ്ട്രവുമൊക്കെ കുടുംബങ്ങളില്‍ കാണിക്കുന്ന സവിശേഷശ്രദ്ധ അത്രയൊന്നും നിഷ്കളങ്കമല്ല എന്നുതന്നെയാണ് പറഞ്ഞുവരുന്നത്. വ്യക്തി സാമൂഹ്യജീവിയാകുന്നതും 'ഡിസിപ്ലിന്‍ഡ്' ആകുന്നതും കുടുംബങ്ങളിലാണ്. അദ്ധ്വാനിക്കുന്നതും സമ്പാദിക്കുന്നതും കരുതിവയ്ക്കുന്നതും കരുതലോടെ വ്യയം ചെയ്യുന്നതും കുടുംബത്തിനും മക്കള്‍ക്കും വേണ്ടിയാണ്. ഈ പ്രവര്‍ത്തനമാണ് ഒരു രാഷ്ട്രത്തിന്‍റെ മൂലധനവും ചാലകശക്തിയും ഇന്ധനവുമായി മാറുന്നത്. ശൃംഖലാസ്വഭാവമുള്ള ഇത്തരം പ്രവര്‍ത്തനങ്ങളില്ലെങ്കില്‍, പിന്നെ രാഷ്ട്രസങ്കല്പത്തിന് നിലനില്‍ക്കാനാവില്ല. അതുപോലെ മക്കളുടെ ജനനവും മതത്തിലേക്കുള്ള പ്രവേശനവും (മാമ്മോദീസപോലെ) മതപരമായ മറ്റനേകം ചടങ്ങുകളും (ആദ്യകുര്‍ബാന, സുന്നത്ത്, ഉപനയനം) വിവാഹവും മാതാപിതാക്കളുടെ മരണാനന്തരചടങ്ങുകളുമൊക്കെ ആചരിക്കപ്പെടുന്നില്ലെങ്കില്‍ മതങ്ങളുടെ അവസ്ഥയെന്തായിരിക്കും? രാഷ്ട്രവും മതവുമടക്കമുള്ള അധികാരരൂപങ്ങളുടെ ഉഴവുപാടങ്ങളാണ് കുടുംബങ്ങള്‍. ഉഴുതുമറിച്ചും വിളവെടുത്തും വിത്തിറക്കിയും ഒരുക്കിയെടുത്തും അവരതിനെ പോഷിപ്പിക്കും. വിവാഹത്തലേന്നു രാത്രിയിലെ കുടുംബത്തിന്‍റെ ഇത്തിരി സ്വകാര്യതയുടെ താക്കോല്‍ ദ്വാരങ്ങളിലേക്കുപോലും പൗരോഹിത്യത്തിന്‍റെ ഒരു 'കരുതല്‍' നോട്ടമുണ്ട് ഇപ്പോള്‍. ഒരവസാനവട്ട ഉപദേശപ്രസംഗത്തില്‍ നിന്ന് വിവാഹരാത്രിയെങ്കിലും ഒഴിവാക്കപ്പെടുമെന്നാശിക്കാം.
സ്റ്റേറ്റും മതവും ഇത്രയേറെ കരുതലോടെ കാത്തുസൂക്ഷിക്കുന്ന, തങ്ങളുടെ പണിത്തരങ്ങള്‍ കൂടിയായ കുടുംബങ്ങളില്‍ എല്ലാം ശുഭകരമായിത്തന്നെയാണോ നടക്കുന്നത്? സ്നേഹവും സഖിത്വവും വൈകാരിക-ഭൗതികപിന്തുണയും പരസ്പരം കൊടുത്തും വാങ്ങിയും നിലനിന്നിരുന്ന കുടുംബസങ്കല്പങ്ങളിലേക്ക് ചരിത്രത്തിന്‍റെ ഏതോ ഘട്ടത്തില്‍ സാമ്പത്തികശാസ്ത്രം കടന്നുവരുന്നുണ്ട്. സ്വകാര്യസ്വത്ത് ആര്‍ജ്ജിക്കുന്നതും സംരക്ഷിക്കുന്നതും കുടുംബത്തിന്‍റെ ഘടനാപരമായ ധര്‍മ്മങ്ങളോട് ചേര്‍ക്കപ്പെടുന്നു. പിന്നീട് കാലക്രമത്തില്‍ വൈകാരികാംശത്തിനുമേല്‍ മേല്‍ക്കൈ നേടുന്നു. സാമ്പത്തിക ഘടകങ്ങളിലധിഷ്ഠിതമായ അധികാരഘടന കുടുംബങ്ങളില്‍ കൂടുതല്‍ കര്‍ക്കശമാകുന്നതും ഈ ഘട്ടത്തിലാണ്. കായികാധ്വാനം സമ്പത്തിന്‍റെ അടിസ്ഥാനഘടകമായതിനാല്‍ കായികമായി കൂടുതല്‍ മുതല്‍മുടക്കാന്‍ കഴിയുന്ന പുരുഷാംഗം - കുടുംബനാഥന്‍- സ്തൂപാഗ്രത്തിലെ ഏകശിലയും തൊട്ടുതാഴെ മറ്റു മുതിര്‍ന്ന പുരുഷാംഗങ്ങളും അതിനുതാഴെ മാത്രം അമ്മ (കുടുംബനാഥ)യും മറ്റ് അംഗങ്ങളും ('സ്ത്രീകളും കുട്ടികളും' എന്ന് ഒഴുക്കന്‍ മട്ടില്‍ പറയുന്നവര്‍) വരുന്ന ഒരു കുടുംബഘടന രൂപപ്പെട്ടു. സ്വകാര്യസ്വത്തിന്‍റെ കൈമാറ്റവുമായി ബന്ധപ്പെട്ട് മരുമക്കത്തായം പോലെ ഗൃഹനാഥ (അമ്മ)ക്ക് പ്രാമുഖ്യമുള്ള കുടുംബഘടന ചില സമൂഹങ്ങളില്‍, ചില കാലത്തേക്കുമാത്രം, നിലനിന്നിരുന്നു എങ്കിലും, പൊതുവേ പുരുഷാധിപത്യം കുടുംബഘടനയുടെ പൊതു അടയാളമായി.
വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ ബലിപീഠങ്ങളാണ് ആശയപരമായിത്തന്നെ കുടുംബങ്ങള്‍. സ്വാതന്ത്ര്യവും ജനാധിപത്യവുമൊക്കെ വലിയ തോതില്‍ Compromise ചെയ്താണ് കുടുംബം രൂപംകൊള്ളുന്നതുതന്നെ. രണ്ടു വ്യത്യസ്ത വ്യക്തികള്‍ ഒരുമിക്കുന്ന ഈ പ്രക്രിയ ഒട്ടേറെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കുടുംബം കുടുംബമായി തുടരുന്ന ഓരോ നിമിഷങ്ങളും സന്ധിചെയ്യലുകളുടെയും വിട്ടുവീഴ്ചകളുടേതുമാണ്. വിവാഹജീവിതം മുഴുവന്‍ രതിയുടെ ആഘോഷമാണെന്ന് തെറ്റിദ്ധരിച്ച് വിവാഹജീവിതത്തിലേക്കിറങ്ങുന്നവര്‍ക്ക് കാലിടറിപ്പോകുന്നത് അതുകൊണ്ടാണ്. വിവാഹവ്യവസ്ഥിതിക്കു പുറത്തുനില്ക്കുന്ന പുരോഹിത-സന്ന്യാസ സമൂഹങ്ങളിലുള്ള ചിലര്‍ക്കെങ്കിലും വിവാഹിതരെപ്പറ്റി ഇത്തരം ധാരണകളുണ്ട്. യഥാര്‍ത്ഥ കുടുംബങ്ങളിലെ സ്നേഹവും ശാന്തിയും സമാധാനവും വ്യക്തികളുടെ ത്യാഗത്തിന്‍റെയും ബലിയുടെയും ഫലങ്ങളാണ്. പീഡാസഹനവും കുരിശുമരണവും പൂര്‍ത്തിയാക്കിയാണ് കുടുംബങ്ങള്‍ കുര്‍ബാനയപ്പം ഭക്ഷിക്കുന്നത്.
വിട്ടുവീഴ്ചകള്‍ കുടുംബങ്ങളുടെ പൊതു അടയാളമാണെങ്കിലും സാമ്പത്തികതാല്‍പര്യങ്ങളും പുരുഷാധിപത്യവും ഏറ്റവുമധികം ഇരകളാക്കുന്നത് സ്ത്രീകളെയാണ്. സ്ത്രീകളുടെ അധ്വാനം അംഗീകരിക്കപ്പെടാത്തതും അവമതിക്കപ്പെടുന്നതും കുടുംബങ്ങള്‍ക്കുള്ളിലാണ്. 'അമ്മയുടെ ജോലിയെന്ത്' എന്ന ചോദ്യത്തിന് 'ജോലിയൊന്നുമില്ല' എന്നാണ് പലപ്പോഴും മക്കളുടെ ഉത്തരം. അമ്മയുടെ ഉത്തരവും വ്യത്യസ്തമല്ല. രാത്രി മുതല്‍ രാത്രിവരെ നീളുന്നതാണ് അവളുടെ പ്രവൃത്തിദിനം. എന്നിട്ടും അവള്‍ 'ഒന്നും ചെയ്യുന്നില്ല' അവള്‍ സാമ്പത്തികമൂല്യമില്ലാത്ത സാമൂഹ്യഉല്‍പന്നമാണ്. സാമ്പത്തികമായി താഴെത്തട്ടിലുള്ള കുടുംബങ്ങളില്‍ പുരുഷന്‍റെ ദുര്‍വ്യയവും മദ്യപാനവും കുടുംബത്തിന്‍റെ താളം തെറ്റിക്കുമ്പോള്‍, എല്ലാ സമ്മര്‍ദ്ദവും ഒറ്റക്ക് സഹിക്കേണ്ടിവരുന്നത് സ്ത്രീകള്‍ക്കാണ്. സ്വാഭാവികമായും കുട്ടികളും അവിടെ ഇരകളാക്കപ്പെടും. ഉയര്‍ന്ന വിദ്യാഭ്യാസവും താരതമ്യേന കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യവുമുള്ള സ്ത്രീകള്‍ ഉള്‍പ്പെടുന്ന മധ്യവര്‍ഗ്ഗ കുടുംബങ്ങളില്‍ പലതിലും പൊള്ളുന്ന ഈഗോയുടെയും നീറ്റുന്ന അസഹിഷ്ണുതയുടെയും നെരിപ്പോടുകള്‍ക്കു മുകളിലാണ് സഹശയനത്തിനായി ദമ്പതികള്‍ കിടക്ക വിരിക്കുന്നത്.
ചിന്തിക്കുകയും പ്രതികരിക്കുകയും പ്രവചിക്കുകയും ചെയ്തിരുന്ന സ്ത്രീകളെ 'മന്ത്രവാദിനികള്‍' എന്നാണ് മധ്യകാലസമൂഹങ്ങള്‍ നിര്‍വ്വചിച്ചിരുന്നത്. ഒരു ആപ്പിള്‍ കഥയുടെ മറവില്‍ സ്ത്രീകള്‍ സാത്താനോട് vulnerable ആണെന്നും പൈശാചിക പ്രവര്‍ത്തനങ്ങളുടെ വിളനിലമാണവരെന്നും വാദിച്ച് witch- Craft’ന്‍റെ പേരില്‍ ഉയര്‍ന്ന ബൗദ്ധിക നിലവാരമുള്ള സ്ത്രീകളെ തേടിപ്പിടിച്ച് കൊല്ലുന്നത് ആചാരപരമായി സ്വീകരിക്കപ്പെട്ടിരുന്നു അക്കാലത്ത്. സ്ത്രീകളുടെ സൗന്ദര്യവും ശരീരവും അദ്ധ്വാനവും പുരുഷന്‍റെ ആസ്തിയായി എണ്ണപ്പെട്ടു. ഉത്തരാധുനികന്‍റെ അടുക്കളയും അകത്തളവും മധ്യകാലത്തിന്‍റേതില്‍നിന്ന് ഏറെയൊന്നും വിഭിന്നമല്ല. പലതരത്തിലുള്ള അവമതിയും അടിച്ചമര്‍ത്തലും കായികമായ ആക്രമണവും സ്ത്രീകള്‍ ഇന്നും നേരിടുന്നു. പത്ര-ദൃശ്യമാധ്യമങ്ങളിലെ വാര്‍ത്തകള്‍ കണ്ട് ഞെട്ടലോടെയല്ലാതെ ആരംഭിക്കാന്‍ നമുക്കിന്നൊരു പ്രഭാതമില്ല. അമര്‍ത്തിയ ഒരു നിലവിളിയോടെയല്ലാതെ നമുക്കിന്നുറങ്ങാനുമാവില്ല. സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നതുകൊണ്ട് സ്ത്രീകളെപ്പറ്റി പറഞ്ഞു എന്നേയുള്ളൂ. ആധുനിക കാലത്ത് ശിഥിലമാക്കപ്പെടുന്ന കുടുംബങ്ങളില്‍ ജീവിതം തട്ടിമറിഞ്ഞുപോകുന്നത് സ്ത്രീകളുടേതുമാത്രമല്ല, കുഞ്ഞുങ്ങളുടേതും പുരുഷന്‍റേതും കൂടിയാണ്.
തങ്ങള്‍ക്ക് സ്തൂപം നിര്‍മ്മിക്കാനുള്ള പണിത്തരങ്ങളായി കുടുംബങ്ങളെ ഒരുക്കിയെടുക്കുന്ന തിരക്കില്‍ സ്റ്റേറ്റും മതവും സമൂഹവും കുടുംബങ്ങളുടെ ഉള്ളില്‍ നടക്കുന്ന രാസപ്രവര്‍ത്തനങ്ങളെപ്പറ്റി അറിയുന്നില്ല. തൊണ്ണൂറ്റിയൊന്‍പതു രൂപ കട്ടെടുത്തിട്ട് കുടുംബക്ഷേമപദ്ധതിയിലേക്ക് ഒരു രൂപ നല്കി കൃതാര്‍ത്ഥത നേടുന്ന അധികാരരൂപങ്ങളും പതിനഞ്ച് മിനിറ്റ് നീളുന്ന ഞായറാഴ്ച പ്രസംഗങ്ങളില്‍ കുടുംബമെന്ന ദേവാലയത്തെപ്പറ്റി പറഞ്ഞുപരത്തി ഉപദേശവും ചീത്തവിളിയും പാകത്തിനു ചേര്‍ത്ത് തന്‍റെ മുമ്പില്‍ നിലത്ത് ചടഞ്ഞിരിക്കുന്ന സൃഷ്ടികളെ നോക്കി 'എല്ലാം നല്ലതായിരിക്കുന്നു' എന്നു കണ്ട് സാബത്തിന്‍റെ വിശ്രമത്തിലേക്കു പോകുന്ന മതത്തിന്‍റെ കാണാകൈകള്‍ കുടുംബങ്ങളെ വരിഞ്ഞുമുറുക്കുന്നുണ്ട്. സാമ്പത്തികശാസ്ത്രത്തിന്‍റെ നിഘണ്ടു കൈയ്യില്‍ കരുതാതെ കുടുംബപ്രശ്നങ്ങളെ വിശകലനം ചെയ്ത് മധ്യസ്ഥ പ്രാര്‍ത്ഥ നടത്തി ലളിതവത്കരിക്കരുത്. ഭാര്യ-ഭര്‍തൃ സംഘര്‍ഷങ്ങളും മാതാപിതാക്കളും മക്കളുമായുള്ള സംഘര്‍ഷങ്ങളും കുടുംബങ്ങളെ പുനരെഴുത്തിനു വിധേയമാക്കുന്നുണ്ട്. മൂന്നോ നാലോ പേര്‍ മാത്രം ഒരുമിച്ചു കഴിയുന്ന ന്യൂക്ലിയര്‍ കുടുംബങ്ങളില്‍ അത്രതന്നെ ദ്വീപുകളുണ്ടാവുമ്പോള്‍ നാമറിയണം അതൊരു പൊട്ടിത്തെറിയുടെ സാധ്യത ഉള്ളില്‍ സൂക്ഷിക്കുന്ന 'ഫിഷനബിള്‍' ന്യൂക്ലിയസ്സാണെന്ന്. എല്ലാം മോശമാണ് എന്നല്ല പറഞ്ഞുവരുന്നത്, പക്ഷേ, എല്ലാം നല്ലതല്ല എന്നുതന്നെയാണ്.