news-details
കഥപറയുന്ന അഭ്രപാളി

മുറിഞ്ഞുപോയ ഫ്രെയിമുകള്‍ കളിമണ്ണില്‍ വാര്‍ക്കുമ്പോള്‍

കമ്പോടിയന്‍ ചരിത്രത്തിലെ പോള്‍ പ്ലോട്ട് യുഗത്തിന്‍റെ നഷ്ടപ്പെട്ട ഫ്രെയിമുകളെ കളിമണ്‍ ശില്പങ്ങളില്‍ പുനഃസൃഷ്ടിക്കുകയാണ് റിഥി പാനിന്‍റെ (Rithy Panh) മിസ്സിങ് പിക്ചര്‍ (Missing Picture).  കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും പാടെ ഉപേക്ഷിച്ച് സംവിധായകന്‍ പിന്നില്‍നിന്ന് നല്‍കുന്ന നറേഷനിലൂടെ മാത്രം കഥ അവതരിപ്പിക്കപ്പെടുന്നു. പോള്‍ പ്ലോട്ടിന്‍റെ ഭരണകാലത്തെ ഓര്‍മ്മപ്പെടുത്തുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോ ഫൂട്ടേജുകള്‍ ചരിത്രാവശിഷ്ടങ്ങളെന്ന നിലയ്ക്ക് സിനിമയില്‍ ഉപയോഗിക്കപ്പെടുന്നു. നഷ്ടപ്പെട്ടുപോയ ചരിത്രത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങളെ നിശ്ചലമായ കളിമണ്‍ ശില്പങ്ങളുടെ സഹായത്തോടെ ഇവിടെ കണ്ടെത്താന്‍ ശ്രമിക്കുന്നു. പക്ഷെ നഷ്ടപ്പെട്ട ആ ചിത്രത്തെ കണ്ടെടുക്കാന്‍ സംവിധായകനാവുന്നില്ല. പകരം ആ ശ്രമം ഒരു വീണ്ടെടുക്കലും ഓര്‍മ്മപ്പെടുത്തലും ആയി മാറുന്നു. കമ്പോടിയന്‍ ചരിത്രത്തിലേക്കുള്ള പിന്‍മടക്കം മനുഷ്യചരിത്രത്തിന്‍റെ പരിണാമത്തെതന്നെ അടയാളപ്പെടുത്തുന്നു. റിഥി പാനെന്ന വ്യക്തി തന്‍റെ ബാല്യത്തിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ട് ഒരു സമൂഹത്തിന്‍റെ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുന്നു.

സിനിമയുടെ ടൈറ്റില്‍സ് തെളിയുന്നതുതന്നെ ഘടന നഷ്ടപ്പെട്ട അനേകം ഫിലിം റീലുകള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിലാണ്. അവയില്‍ വ്യക്തമായും അവ്യക്തമായും ചില മുഖങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. വെളിച്ചത്തിന്‍റെ അഭാവത്തില്‍ അവ നിഴല്‍രൂപങ്ങളാവുന്നു. ഈ നിഴല്‍രൂപങ്ങള്‍ മുഖം നഷ്ടപ്പെട്ട ഒരു സമൂഹത്തിന്‍റെ പ്രതിബിംബങ്ങളാണ്. എന്നാല്‍ ആ മുഖങ്ങള്‍ക്ക് തെളിമയും പഴമയും പ്രദാനം ചെയ്യാന്‍ വേണ്ടുന്ന വെളിച്ചത്തിന്‍റെ അഭാവം തന്നെയാണ് കളിമണ്‍ ശില്പങ്ങളുടെ നിശ്ചലതയിലേക്കും നിര്‍വികാരതയിലേക്കും സംവിധായകനെ എത്തിക്കുന്നത്. അന്‍പതാം വയസ്സില്‍ ഓര്‍മ്മകളുടെ ഗോപുരവാതിലില്‍ പതയുന്ന നിരന്തരശബ്ദ ങ്ങള്‍ അയാളെ തന്‍റെ ബാല്യത്തില്‍ നഷ്ടപ്പെട്ട ചിത്രങ്ങളിലേക്ക് പുനരായനം ചെയ്യിക്കുന്നു. എന്നാല്‍ ആ നഷ്ടചിത്രം അയാളുടെ ബാല്യത്തിന്‍റേത് മാത്രമല്ല, മുഖം നഷ്ടപ്പെട്ട സമൂഹത്തിന്‍റേതുകൂടിയാണ്. ക്യാമറയിലേക്ക് പതഞ്ഞുകയറുന്ന കടലിന്‍റെ അഗാധതയിലാണ് ഈ ചിത്രങ്ങള്‍.

ചരിത്രത്തിന്‍റെ മാത്രമല്ല സിനിമാസങ്കേതത്തിന്‍റെയും പൊളിച്ചെഴുത്താണ് മിസ്സിങ് പിക്ചര്‍. കളിമണ്ണില്‍ മെനഞ്ഞ ശില്പങ്ങളെ അണിനിരത്തിയും, ചലിപ്പിച്ചും ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഹോളിവുഡില്‍ നിര്‍മ്മിക്കപ്പെടുന്ന ആനിമേഷന്‍ സിനിമകളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമാണ് മിസ്സിങ്ങ് പിക്ചറിന്‍റെ സാങ്കേതം. സിനിമയുടെ പ്രാഥമിക  പ്രത്യേകതകളായ ചലനാത്മകതയും, കഥാപാത്രസ്വരൂപസൃഷ്ടിയും, സംഭാഷണാഭിമുഖ്യവും ഇവിടെ നിരാകരിക്കപ്പെടുന്നു. ചരിത്രത്തിലേക്കുള്ള പിന്മടക്കം സിനിമയുടെ സ്ഥാപിതയുക്തികളെ ചോദ്യം ചെയ്യുന്നതായി മാറുകയാണിവിടെ. മുഖം നഷ്ടപ്പെട്ടവരെക്കുറിച്ചുള്ള അന്വേഷണത്തില്‍ സിനിമയുടെ മുഖം പൊളിച്ചെടുത്ത് പുതുക്കുകയാണ് സംവിധായകന്‍ ചെയ്യുന്നത്.

പോള്‍ പ്ലോട്ട് ഭരണത്തില്‍ തങ്ങള്‍ വെറും അക്കങ്ങളായി മാറിയെന്നു സിനിമയില്‍ പറയുന്നുണ്ട്. കറുത്ത ചായം പൂശി വസ്ത്രങ്ങളണിഞ്ഞ് ചരിത്രത്തില്‍നിന്നും, ബന്ധങ്ങളില്‍നിന്നും, ജീവിതകാലത്ത് സമ്പാദിച്ചവയില്‍നിന്നുമൊക്കെ നിര്‍ബന്ധിതമായി പറിച്ചുമാറ്റപ്പെട്ടവരുടെയെല്ലാം മുഖം ഒരേപോലെയായി. ഒരേപോലിരിക്കുന്ന, ചലനം നഷ്ടപ്പെട്ട, നിര്‍വികാരതയണിഞ്ഞ, മെലിഞ്ഞ് എല്ലുന്തിയ, കൂനി നില്‍ക്കുന്ന, മുഖത്ത് ചുളിവുകള്‍ വീണ ആയിരക്കണക്കിന് കളിമണ്‍ മുഖങ്ങള്‍ നമുക്കുമുന്നില്‍ പ്രത്യക്ഷപ്പെടുന്നു. ഇവരെല്ലാവരും നിശബ്ദരാണ്, നിശബ്ദരാക്കപ്പെട്ടവരാണ്. ഒരു കഥാപാത്രംപോലും സിനിമയില്‍ പൂര്‍ണ്ണമായ സ്വത്വനിര്‍മ്മിതിക്ക് വിധേയമാവുന്നില്ല. കഥപറയുന്ന സംവിധായകന്‍പോലും വെള്ളിത്തിരയ്ക്കു പിന്നിലെവിടെയോ മറഞ്ഞിരിക്കുന്നു. മുമ്പ് പറഞ്ഞതുപോലെ വൈയക്തികാനുഭവങ്ങള്‍ സമൂഹത്തിലേക്ക് നിഴലുകള്‍ നീട്ടുന്നു.

രണ്ടുതരത്തിലുള്ള അധികാര ഭീകരതകള്‍ സിനിമയില്‍ ശ്രദ്ധേയമായവിധം ഇടം നേടുന്നു. ഒന്നാമതായി കമ്പോടിയയില്‍ അധികാരം കൈയടക്കിവച്ചിരിക്കുന്ന പോള്‍ പ്ലോട്ടിന്‍റെ ജനവിരുദ്ധനയങ്ങളുടെ പൈശാചികമുഖം. സമൂഹത്തിന്‍റെ ബഹുസ്വരതയും, ബഹുമുഖവളര്‍ച്ചയും തല്ലിത്തകര്‍ത്ത് തന്‍റെ സ്വേച്ഛാധിപത്യത്തിന് കീഴില്‍ ഭൂമിയും, സമൂഹവും, സമ്പത്തും അടക്കിവയ്ക്കാനുള്ള ഫാസിസ്റ്റ് ത്വരയാണത്. റഷ്യന്‍ കമ്മ്യൂണിസം അതിന്‍റെ സ്ഥാപനത്തെ തന്നെ തുരങ്കം വച്ച് കിരാതമായ ഒരു പ്രസ്ഥാനമായി പരിണമിച്ചതുപോലെ ചുവപ്പുകൊടിയുയര്‍ത്തി കമ്മ്യൂണിസ്റ്റ് റെജീം എന്നു വിളിക്കപ്പെട്ട പോള്‍ പ്ലോട്ട് ഭരണം അധികാരദുര്‍മോഹത്തിന്‍റെ മറ്റൊരു ചരിത്ര അദ്ധ്യായമായി. ഒ.വി. വിജയന്‍റെ ധര്‍മ്മപുരാണം സര്‍വ്വസ്വേച്ഛാധിപതികളെയും ചരിത്രത്തില്‍നിന്ന് കണ്ടെടുത്ത് കരണം പൊട്ടിക്കുന്നതുപോലെ അധികാരസ്ഥാപനങ്ങള്‍ക്കിടയില്‍ ചരിത്രത്തില്‍ മുഖമില്ലാത്തവരായിത്തീര്‍ന്ന ജനതകളുടെ പൊതുചരിത്രമായി മിസ്സിങ്ങ് ചിക്ചര്‍ മാറുന്നു. പാനിന്‍റെ വൈയക്തികാനുഭവം കമ്പോടിയന്‍ സമൂഹത്തിന്‍റെ ചരിത്രമായതുപോലെ പോള്‍ പ്ലോട്ടുകാലത്തെ ദുരന്താനുഭവങ്ങള്‍ ഭൂതത്തിലും വര്‍ത്തമാനത്തിലും ഭാവിയിലും ഒരുപോലെയുള്ള അധികാരപ്പോരുകളുടെ പ്രതിധ്വനികളില്‍ മുഴങ്ങുന്ന നിശബ്ദവിലാപങ്ങളുടെ അടയാളപ്പെടുത്തലാണ്.

രണ്ടാമതായി കോളണിയനന്തരകാലത്തിലെ അമേരിക്കന്‍ അധിനിവേശത്തിനുപിന്നിലെ അധികാരയുക്തികള്‍ സിനിമയില്‍ അപ്പോളോയുടെ ചന്ദ്രയാനമായി പ്രത്യക്ഷപ്പെടുന്നു. ചന്ദ്രനിലേക്ക് കുതിച്ചുയരുന്ന റോക്കറ്റും അതിലെ യാത്രികരും, ചന്ദ്രനില്‍ കാലുകുത്തുന്ന ആംസ്ട്രോങ്ങും, മനുഷ്യരാശിയുടെ വലിയ കാല്‍വെയ്പെന്ന പ്രയോഗവും ഇവിടെ പ്രത്യക്ഷപ്പെടുന്നു. ലോകപോലീസായി സ്വയം പ്രഖ്യാപിച്ച് ലോകത്തിന്‍റെ എല്ലാ കോണുകളിലേക്കും നീരാളിക്കരങ്ങള്‍ നീട്ടി വാ പിളര്‍ന്നു നില്‍ക്കുന്ന ഭീകരസത്വമാണ് അമേരിക്ക. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ അമേരിക്ക നടത്തിയ/നടത്തിക്കൊണ്ടിരിക്കുന്ന എണ്ണക്കൊള്ള കൃത്രിമമായി നിര്‍മ്മിച്ചെടുക്കപ്പെട്ട ഭീകരതകളുടെ മാധ്യമരൂപകങ്ങളിലൂടെയാണ് നിലനില്‍ക്കുന്നത്. ലോകത്തെ ഭീതിയിലാഴ്ത്തുന്ന ഭീകരസംഘടനകളുടെയെല്ലാം ഉത്ഭവത്തിനുപിന്നില്‍ അമേരിക്കന്‍ അജണ്ടയുടെ പതാകവാഹകരുണ്ടെന്നുള്ളത് പകല്‍പോലെ വ്യക്തമായ, എന്നാല്‍ മാധ്യമകുത്തകകള്‍ അജ്ഞതയുടെ മുഖമുടിയണിഞ്ഞ് മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന യാഥാര്‍ത്ഥ്യമാണ്. മിസ്സിങ് പിക്ചര്‍ രണ്ടുവിധത്തിലുള്ള അധികാരചിത്രങ്ങളെയും കളിമണ്ണിലും, അരേഖീയമായ ഫൂട്ടേജുകളിലും വീണ്ടെടുക്കുന്നു.

ഇത്തരം യുദ്ധ/അധികാര ഭീകരതകളെ വിഷയീകരിച്ച പല സിനിമകളേക്കാളുമധികം ആഘാതം സൃഷ്ടിക്കാന്‍ മിസ്സിങ്ങ് പിക്ചറിന് സാധിക്കുന്നു. നിശ്ചലവും നിര്‍ജ്ജീവവുമായ കളിമണ്‍ ശില്പങ്ങള്‍ മനുഷ്യാവസ്ഥയുടെ ആഴങ്ങളിലേക്ക് നിഴല്‍വളര്‍ച്ച നേടുന്നു. ക്രമാനുഗതമായി ചിത്രവും ചരിത്രവും വികസിക്കുമ്പോഴും ഇതൊരു സിനിമയാണെന്ന/കലാരൂപമാണെന്ന ബോധ്യം സംവിധായകന്‍ കൈവിടുന്നില്ല. താന്‍ കണ്ടെത്താന്‍ ശ്രമിച്ച മിസ്സിങ്ങ് ചിക്ചര്‍ തനിക്ക് കണ്ടെത്താനാവാതെ പോയെന്നും, ബാക്കിയാകുന്നത് ഈ അന്വേഷണത്തിന്‍റെ ചിത്രശേഷിപ്പുകളാണെന്നും പാന്‍ പറയുന്നു. ഈ ശേഷിപ്പുകള്‍ കാഴ്ചക്കാരന്‍റെ ബോധത്തിലേക്ക് ചാട്ടുളിയായെറിഞ്ഞിട്ടാണ് സിനിമയും സംവിധായകനും പിന്‍വാങ്ങുന്നത്. ഓരോ ദിനവും ആയിരം മുഖങ്ങളെ മണ്ണുമൂടുന്നത് കണ്ടുനിന്ന കാലത്തിന്‍റെ ഓര്‍മ്മയുടെ ഈ അവശിഷ്ടങ്ങള്‍ കാഴ്ചക്കാരന്‍റെ ചരിത്രബോധ്യവും ഭാവിപ്രവചനവുമായി പരിണമിക്കുന്നു.

ക്യാമറയുടെ ഫ്രെയിമിനുള്ളിലേക്ക് ഇരച്ചുകയറുന്ന നുരയുന്ന തിരമാലകളെ സിനിമ പലവട്ടം അഭിമുഖീകരിക്കുന്നുണ്ട്. ചരിത്രത്തില്‍ രേഖപ്പെടുത്താത്ത കഥകള്‍ കടല്‍പോലെ വിസ്തൃതമായി നുരഞ്ഞുകൊണ്ടിരിക്കുകയാണ്. നഷ്ടപ്പെട്ട ഫ്രെയിമുകളിലേക്ക് ആ പ്രവാഹം ഒഴുകിനിറയും. അങ്ങനെ നഷ്ടപ്പെടലുകള്‍ ഉയിര്‍ത്തെഴുന്നേല്‍പ്പുകള്‍ക്കായി വഴിമാറിക്കൊടുക്കും. ആ ഉയിര്‍ത്തെഴുന്നേല്‍പ്പുകളിലേക്കാണ് ഈ കളിമണ്‍ ശില്പങ്ങള്‍ സിനിമയുടെ ചതുരക്കാഴ്ചയെ വളര്‍ത്തിയെടുക്കുന്നത്. മിസ്സിങ്ങ് പിക്ചര്‍ കണ്ടെടുക്കാനാവാത്ത ഫ്രെയിമുകളുടെ മാത്രം കഥയല്ല, കണ്ടെടുത്ത, കണ്ടെടുക്കേണ്ട ഫ്രെയിമുകളുടെ കഥ കൂടിയാണ്. മനുഷ്യചരിത്രത്തിന്‍റെ ധര്‍മ്മപുരാണം.

You can share this post!

യുദ്ധം - അര്‍ത്ഥപൂര്‍ണ്ണമായി നിര്‍വചിക്കപ്പെടേണ്ട യാഥാര്‍ത്ഥ്യം

അജി ജോര്‍ജ്ജ്
അടുത്ത രചന

ധീരതയുടെ പ്രതിധ്വനികള്‍

വിനീത് ജോണ്‍
Related Posts