വീണ്ടും ഒരു ഡിസംബര്‍......തണുത്തുറഞ്ഞ പ്രഭാതങ്ങള്‍......നേര്‍ത്ത മഞ്ഞിന്‍ പാളികള്‍ക്കിടയിലൂടെ നടന്നു നീങ്ങുന്ന പുറം ചട്ടയിട്ട കുറെ രൂപങ്ങള്‍ നിഴലുകളെ ഓര്‍മ്മപ്പെടുത്തുന്നു. നിറങ്ങളില്ലാത്ത പുതുവര്‍ഷപ്പുലരികള്‍......ചീന്തിയെറിഞ്ഞ കലണ്ടര്‍ താളുകള്‍പോലെ കഴിഞ്ഞു പോയ വര്‍ഷങ്ങളും ഓര്‍മ്മചിന്തുകളും മറവിയുടെ ശ്മശാനത്തിലേക്ക് എറിയപ്പെടുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ വീടിന്‍റെ മുന്നില്‍ തൂക്കുവിളക്ക് പോലെ ഒരു നക്ഷത്രം ചെറുകാറ്റില്‍ ഇളകിയാടിയിരുന്നു. ഇപ്പോളത് പൊടിയും മാറാലയും പിടിച്ച് ഓര്‍മ്മകളുടെ തട്ടിന്‍പുറത്ത് കിടക്കുന്നുണ്ട്.....
അനീറ്റ, പ്രിയ കൂട്ടുകാരി നിന്‍റെ മുഖം ഓരോ ഡിസംബറിലും എന്നെ തിരഞ്ഞുവരാറുണ്ട്.....നീ കൊണ്ട് വന്നിരുന്ന കേക്കിന്‍റെ പാതി തിന്നുമ്പോഴും നിന്‍റെ ഉടുപ്പുകള്‍ നോക്കി അസൂയപ്പെടുമ്പോഴും ഞാന്‍ അറിഞ്ഞിരുന്നേയില്ല നീ ദൈവത്തിന്‍റെ മകള്‍ ആയിരുന്നെന്ന്....ആരോ വച്ചുനീട്ടുന്ന സമ്മാനപ്പൊതികളുടെ ബാക്കിപത്രങ്ങളായിരുന്നു ആ കുഞ്ഞുടുപ്പുകളെന്നു ഞാന്‍ വൈകിയായിരുന്നു തിരിച്ചറിഞ്ഞത്. നിനക്കറിയാമോ കരോളിന്‍റെ ഇടയില്‍ നിന്ന് എന്നെ തിരഞ്ഞ രണ്ടു കണ്ണുകള്‍ കാണാനായി മാത്രം ജനലിന്‍റെ കര്‍ട്ടന്‍വിരിയുടെ മറവില്‍ ഞാന്‍ കുസൃതിയോടെ ഒളിച്ചു നിന്നിരുന്നു.
ക്രിസ്മസ് തലേന്ന് പലചരക്ക് സാധനങ്ങളുടെ ഒപ്പം വര്‍ക്കിച്ചായന്‍ തന്നിരുന്ന കേക്കിന്‍റെ രുചി പിന്നീട് ഒരിക്കലും ഞാന്‍ അറിഞ്ഞിട്ടില്ല......സൂപ്പര്‍മാര്‍ക്കറ്റുകളിലെ കണ്ണാടിക്കൂടുകളില്‍ നിരന്നിരിക്കുന്ന കേക്കുകള്‍ക്ക് സ്നേഹത്തിന്‍റെയും വാത്സല്യത്തിന്‍റെയും മണം ഇല്ലായിരുന്നു.
ഒരു മോഷണക്കുറ്റം ആരോപിച്ചു കള്ളനെന്നു പേര് വീണ ഒരു കൂട്ടുകാരന്‍റെ നിലവിളി പള്ളിമേടയിലെ കൂട്ടമണികള്‍ക്കിടയില്‍ അലിഞ്ഞു പോയി. അസ്വസ്ഥമായ മനസ്സുമായി ചാപ്പലിന്‍റെ മേശയില്‍ മുഖമമര്‍ത്തി കിടന്ന എന്‍റെ തലമുടിയിഴകളില്‍ കൈകള്‍ കടത്തി തലോടിയ മാലാഖയുടെ മുഖത്തിന് സിസ്റ്റര്‍ ജോസെഫിന്‍റെ ഛായ ഉണ്ടായിരുന്നു.
പാതിരാകുര്‍ബാനയ്ക്ക് പള്ളിയില്‍ മുഴങ്ങിയ പാട്ടുകള്‍ക്കൊപ്പം ഞാന്‍ മാലാഖമാരുടെ വേഷം ധരിച്ചു കൂടെ പാടിയിരുന്നു. കുരിശും കൊന്തയും മേരിയുടെ പടവും എന്‍റെ പെട്ടിയില്‍ വച്ച 'മുത്ത്' എന്ന് അര്‍ഥം വരുന്ന ഒരു പേരുകാരി എങ്ങോട്ടോ യാത്ര പറഞ്ഞുപോയി......ലോകത്തിന്‍റെ കോണിലെവിടെയോ ഏതോ മുത്തുച്ചിപ്പിയില്‍ ഒളിഞ്ഞിരിക്കുന്ന അവളെ എനിക്ക് ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
നീട്ടിയ കൈകള്‍ വിടുവിച്ചു ആരോ ഒരാള്‍ ഡിസംബറിലെ മഞ്ഞിന്‍ പാളികള്‍ക്കിടയിലൂടെ നടന്നു മറഞ്ഞു..... കണ്ണുനീര് വീണ തലയിണയും ഡയറി താളുകളും മൂകസാക്ഷികളായി രാത്രികളില്‍ എനിക്ക് കൂട്ടിരുന്നു......
ഒറ്റപ്പെട്ട് ജീവിതവഴിയില്‍ തനിച്ചായെന്നു തോന്നിയ ഒരു നിമിഷം മുപ്പതു വെള്ളിക്കാശിനാല്‍ ഒറ്റികൊടുക്കപ്പെട്ട് കുരിശിലേറിയ ദൈവപുത്രന്‍റെ കാല്‍ക്കല്‍ ഹൃദയനൊമ്പരങ്ങള്‍ കണ്ണീരായി ഒഴുകിയപ്പോള്‍, ശിരസ്സില്‍ വീണ ചോരപ്പൂക്കളാല്‍ ഞാനെന്‍റെ ദുഃഖഭാരങ്ങള്‍ കഴുകിക്കളഞ്ഞു. സുരക്ഷിതമായ ആ കൈകളില്‍ പിടിച്ചു ഞാന്‍ ആകാശത്തിനു കുറുകെയും കടലിനു കുറുകെയും യാത്ര പോയി. മൂന്നാം നാള്‍ അദ്ദേഹം ഉയിര്‍ത്തെഴുന്നേറ്റ പോലെ ഞാനും പഴയ വേഷങ്ങള്‍ അഴിച്ചു വച്ച് എന്‍റെ ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് തിരിച്ചു വന്നു.
മതേതര ഇന്ത്യക്ക് കളങ്കമേറ്റെന്നു ഡിസംബറിലെ ഒരു തണുത്തുറഞ്ഞ പ്രഭാതമാണ് എന്നെ വിളിച്ചറിയിച്ചത്.....മഞ്ഞള്‍പ്രസാദത്തിന്‍റെ നൈര്‍മല്യവുമായി ഒരു നിഷ്കളങ്കമുഖം ചെപ്പടിവിദ്യ കാട്ടി മഞ്ഞിന്‍ പുതപ്പുകള്‍ക്കിടയില്‍ മറഞ്ഞുപോയതും ആ ഡിസംബറില്‍ ആയിരുന്നു. പ്രിയപ്പെട്ടവരും അല്ലാത്തവരുമായ കുറേപ്പേര്‍ ചരമക്കോളത്തില്‍ ചിരിച്ചുകൊണ്ട് നിറഞ്ഞു നിന്നതും ഡിസംബറിലെ പത്രത്താളുകളില്‍ ആയിരുന്നു.
ഞങ്ങളുടെ കുഞ്ഞു കവലയില്‍ രാത്രി 12 മണിക്ക് ക്ലബ്കളിലെ ചെറുപ്പക്കാര്‍ ഉണര്‍ന്നിരുന്ന് പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പടക്കം പൊട്ടിച്ചിരുന്നു. അതും കേട്ടുകൊണ്ട് എന്‍റെ ഡയറി താളുകളില്‍ പൂര്‍ത്തീകരിക്കാനാവാത്ത
' New Year Resolutions ' ഞാന്‍ അക്കമിട്ടു നിരത്തി എഴുതിവക്കുമായിരുന്നു
വര്‍ഷങ്ങള്‍ക്കിപ്പുറം വെടിയൊച്ചകളും കരോളും പൂത്തിരികളും നക്ഷത്രങ്ങളും സ്വപ്നങ്ങളില്‍ കണ്ട് ഞെട്ടിയുണരുന്ന എനിക്ക് നിദ്രാവിഹീനങ്ങളായ രാത്രികള്‍ പതിവായപ്പോള്‍ ഒരിക്കലും തീരാത്ത ചോദ്യങ്ങള്‍ ചോദിച്ച് അമ്മയെ ഞാന്‍ മടുപ്പിച്ചിരുന്നു. എവിടെയെങ്കിലും ഒരു പുതിയ പ്രഭാതം വിടര്‍ന്നോ എന്നാണ് ഞാന്‍ ചോദിച്ചിരുന്നതെന്ന് അമ്മക്ക് ഒരിക്കലും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.
പേര് കൊത്തിയൊരു മോതിരവുമായി നിറമുള്ള സ്വപ്നങ്ങളുടെ ലോകത്തേക്ക് ഞാന്‍ വീണ്ടും നടന്നു കയറിയത് ഒരു പുതുവര്‍ഷതലേന്നായിരുന്നു......അതേ, ഡിസംബറിനു എന്നും ഓര്‍മ്മകളുടെ തിളക്കമാണ്.....പ്രണയത്തിന്‍റെ, കണ്ണുനീരിന്‍റെ, ജന്മദിനങ്ങളുടെ, മരണത്തിന്‍റെ, തിരിച്ചറിയലുകളുടെ, വിട പറച്ചിലുകളുടെ, അങ്ങനെ അങ്ങനെ.......!!!!!!
വാല്‍ക്കഷണം
******************
ചേര്‍ത്തെഴുതിയ പേരുകള്‍ തിരകള്‍ മായ്ക്കും എന്നറിഞ്ഞുകൊണ്ടു തന്നെ അവള്‍ തീരത്ത് പേരുകള്‍ എഴുതിക്കൊണ്ടേയിരുന്നു.......ഘടികാരസ്സൂചികള്‍ മാറുന്ന ആ നിമിഷം ഒരു പുതിയ ലോകം അവള്‍ക്കായി തുറക്കുമെന്ന് ഓരോ പുതുവര്‍ഷവും അവള്‍ മോഹിച്ചുകൊണ്ടേയിരുന്നു. നീല ജനാലകള്‍ക്ക് ഇടയിലെ ചെറിയ ആകാശത്തിലെ ഒരു കുഞ്ഞു നക്ഷത്രം അവള്‍ക്കായി വഴി തെളിക്കുമെന്നു വെറുതെ മോഹിച്ചു. നഗരത്തിന്‍റെ ഇരുണ്ട ഇടനാഴിയില്‍ പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് ഒരു പീരങ്കിയൊച്ച മുഴങ്ങി. വാടിവീണ മോഹപ്പൂക്കള്‍ക്ക് മുകളില്‍ ഓര്‍മ്മകള്‍ കൊണ്ട് ഒരു പുതപ്പുണ്ടാക്കി അവള്‍ സുഖനിദ്രയിലാണ്ടൂ......സ്വപ്നങ്ങളില്‍ തൂവെള്ള ഉടുപ്പണിഞ്ഞു കിടന്ന അവളെ ഉണര്‍ത്താതെ നെറ്റിയില്‍ ഒരു ചുംബനം കൊടുത്തു കൈകളില്‍ കോരിയെടുത്ത് മുഖമറിയാത്ത ഒരു രാജകുമാരന്‍ നക്ഷത്രക്കൂട്ടങ്ങളില്‍ മറഞ്ഞു.