news-details
കഥ

ഉള്ളിന്‍റെ ഉള്ളില്‍ ഒരു കള്ളന്‍

ബാംഗ്ളൂര്‍ കന്യാകുമാരി ഐലന്‍റ് എക്സ്പ്രസ്സിന്‍റെ ട9 കോച്ചിനടുത്തേക്ക് ഓടി കിതച്ചാണ് അവള്‍ എത്തിയത്. ഇന്ദിര നഗറില്‍ നിന്ന് സിറ്റി ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷന്‍ വരെ എത്താന്‍ ഒരു മണിക്കൂര്‍...നഗരത്തില്‍ വൈകുന്നേരം ലക്ഷ്യം തേടി പായുന്ന ലക്ഷങ്ങള്‍, ജനം ഒഴുകുകയാണ്...ആ ഒഴുക്കിലൂടെയാണ് വാഹനങ്ങള്‍ നീന്തേണ്ടത്..അത് മുന്നില്‍ കണ്ടാണ് മുറിയില്‍ നിന്നും കുറച്ച് നേരത്തെ ഇറങ്ങിയത്..

കോച്ചിന്‍റെ മുന്നില്‍ പതിച്ച റിസര്‍വേഷന്‍ ലിസ്റ്റില്‍ എന്നത്തേയും പോലെ ഭയത്തോടെ കണ്ണോടിച്ചു നോക്കി അവള്‍ ആശ്വാസത്തോടെ ഒരു നെടുവീര്‍പ്പിട്ടു..കൂടെ യാത്രക്കാരില്‍ അച്ഛനും, അമ്മയും, രണ്ട് കുട്ടികളും ചേര്‍ന്ന്! ഒരു കുടുംബം..അപ്പര്‍ ബര്‍ത്തും, മിഡില്‍ ബര്‍ത്തും അവരുടേത്..ഇടത് വശത്ത് താഴെ താനും, എതിര്‍ വശത്ത് അറുപത് വയസ്സുള്ള ഒരാളും...

'ആശ്വാസം..അച്ഛന്‍റെ പ്രായമുള്ള ഒരാള്‍... പിന്നെയൊരു കുടുംബം.'മുന്‍ യാത്രയില്‍ ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് ബസ്സില്‍ നിന്നുമുണ്ടായ ഒരനുഭവമാണ് ട്രെയിനിലേക്ക്  യാത്രകള്‍ മാറ്റാന്‍ ഇടയാക്കിയത്... ബസ്സില്‍ ഇരുള്‍ പടര്‍ന്നപ്പോള്‍ പിന്‍സീറ്റില്‍ നിന്നും കൈകള്‍ തന്‍റെ സ്വകാര്യ ഭാഗത്തിലേക്ക്... തിരിഞ്ഞ് നോക്കിയപ്പോള്‍ സ്വന്തം ഭാര്യയുടെ കൂടെ യാത്ര ചെയ്യുന്ന ഒരുവന്‍... സുഖമായി ചാരി ഉറങ്ങുന്ന ഭാര്യയെ വെട്ടിച്ച് അയാളുടെ ഉള്ളിന്‍റെയുള്ളില്‍ നിന്നും ഒരു കള്ളന്‍... പ്രതികരിക്കാന്‍ നിന്നില്ല... ആ കുടുംബം തകര്‍ക്കാന്‍ കാരണമാകേണ്ടയെന്ന് കരുതി മുന്നിലേക്ക് മാറിയിരുന്നു... അന്ന് നിര്‍ത്തി ബസ്സ് യാത്രകള്‍..ഒരു കുപ്പി വെള്ളവും, രണ്ട് പാക്കറ്റ് ചിപ്സും വാങ്ങി ട്രെയിനില്‍ കയറി നേര്‍ത്ത വെട്ടത്തില്‍ സീറ്റ് കണ്ടെത്തിയപ്പോള്‍ ആശ്വാസം... എതിര്‍ വശത്ത് ഒരു പുസ്തകത്തില്‍ കണ്ണോടിച്ച് അദ്ദേഹം... താന്‍ കയറി വന്നിട്ടും, ബാഗ് മുകളില്‍ വെച്ചിട്ടും, ബുക്കില്‍ നിന്നും കണ്ണെടുക്കാതെ വായനയില്‍ മുഴുകി... ട്രെയിന്‍ പോകാന്‍ തുടങ്ങിയപ്പോള്‍ ലിസ്റ്റില്‍ കണ്ട കുടുംബത്തെ കണ്ടില്ല... അവര്‍ ഇനിയും വന്നിട്ടില്ല... ഒരു പക്ഷെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തിരിക്കും... എന്തായാലും കൂടെ യാത്ര ചെയ്യുന്നത് അച്ഛന്‍റെ പ്രായമുള്ള ഒരാളല്ലേ... അത് തന്നെ ആശ്വാസം...

യാത്ര തുടങ്ങുമ്പോള്‍ എന്നും ചില സമയത്ത് പഴയ ഓര്‍മ്മകള്‍ കടന്ന് വരും... ട്രെയിനിന്‍റെ ജാലകത്തിലൂടെ തണുത്ത കാറ്റിനൊപ്പം ഇത്തവണ ഓര്‍ത്തത് അച്ഛനെ കുറിച്ചാണ്... അച്ഛനായിരുന്നു കഴിഞ്ഞ വര്‍ഷം നാളത്തെ ദിവസം വരെ ജീവിതത്തിലെ ഏറ്റവും വലിയ സുഹൃത്ത്... ഒരു അമ്മയേക്കാള്‍ തന്നെ കൂടുതല്‍ സ്നേഹിച്ചത് അച്ചനായിരുന്നോ? തോന്നലുകള്‍ ആകാം... വൈകിട്ട് ഉറങ്ങുന്നതിന് മുമ്പ് അച്ഛന്‍റെ വയറില്‍ തല ചായ്ച്ച് കുറച്ച് നേരം ടി.വി. കാണും... മുതിര്‍ന്നിട്ടും ആ പതിവ് തുടര്‍ന്നു... ആ കൈകള്‍ അപ്പോഴും തലമുടിയില്‍ തഴുകുന്നുണ്ടാകും... വാത്സല്യത്തോടെ...

'പെണ്ണിനെ കെട്ടിച്ച് വിടാറായി... ബാംഗ്ളൂര്‍ത്തെ പഠിത്തം കഴിഞ്ഞാല്‍ നോക്കണം... എന്നിട്ടും അച്ഛന്‍ പുന്നാരം മാറിയിട്ടില്ല... 'അടുക്കളയില്‍ നിന്നും അമ്മയുടെ വക... തിരികെ വിളിച്ച് പറയും അമ്മയെ വെറുതെ പിരി കയറ്റാന്‍...'അമ്മക്ക് കുശുമ്പാ... എന്നോട്... അങ്ങിനെ ഒരുത്തന്‍ കെട്ടി കൊണ്ടോയാലും ഞാന്‍ സമയം കിട്ടുമ്പോ ഈ വയറ്റില്‍ തല ചായ്ച് കെടക്കും... പണ്ട് അമ്മ എന്നെ പ്രെഗ്നന്‍റ് ആയിരിക്കുമ്പോ ആ വയറിനുള്ളില്‍ കിടന്നിതിനേക്കാള്‍ സുഖമാ  അച്ഛന്‍റെ വയറില്‍ തല ചായ്ച്ച് കിടക്കുമ്പോ. ട്രെയിന്‍ ഒന്ന് ഉലഞ്ഞപ്പോള്‍ ഓര്‍മ്മയില്‍ നിന്നും തിരിച്ച് വന്നു... കണ്ണില്‍ പൊടിഞ്ഞ കണ്ണുനീര്‍ തുടച്ച് എതിര്‍ വശത്തേക്ക് നോക്കിയപ്പോള്‍ തോന്നി ആ കണ്ണുകള്‍ അത്രയും നേരം തന്നില്‍ ആയിരുന്നുവെന്ന്. സംശയം ഒരു രോഗമാണെന്ന പൊതു തത്വം തിരിച്ച് മനസ്സില്‍ തോന്നിയപ്പോള്‍ കുറച്ച് ദുഃഖം തോന്നി... മാന്യനായ ആ മനുഷ്യനെ സംശയിച്ചതില്‍... അതും അച്ഛന്‍റെ പ്രായമുള്ള ഒരാള്‍... പക്ഷെ എല്ലാ സംശയവും കാറ്റില്‍ പറത്തി പിന്നീട് ആ കണ്ണുകള്‍ തന്നെ ആരുമറിയാതെ ശ്രദ്ധിക്കുന്നുവെന്ന സത്യം തിരിച്ചറിഞ്ഞു... പുസ്തകം ഒരു മറ മാത്രം... കണ്ണുകള്‍ വേട്ടയാടുന്നു... നഗ്നമായ കാല്‍പാദം മുതല്‍ മേലേക്ക് ഇടയ്ക്കിടെ കാമം പുരണ്ട നോട്ടം കൊണ്ട് ചുഴിയുന്ന കണ്ണുകള്‍... അച്ഛന്‍റെ പ്രായമുള്ള അയാളുടെ ഉള്ളിന്‍റെയുള്ളില്‍ ഒരു കള്ളനുണ്ട്... ആ തിരിച്ചറിവ് വേദനിപ്പിച്ചു... ഒപ്പം ഒരു രാത്രി യാത്ര അയാളുടെ കൂടെ യാത്ര ചെയ്യുന്നതിലുള്ള ഭീതിയും.
ഭക്ഷണം കഴിച്ച് ടോയ്ലറ്റിലേക്ക് നടക്കുമ്പോള്‍ ആ കണ്ണുകള്‍ പിന്തുടരുന്നത് പോലെ... തിരികെ സീറ്റിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനിന്‍റെ വാതിലിനരികില്‍ അയാളെ കണ്ടു... കയ്യിലൊരു മൊബൈല്‍ ഫോണുമായി... ആ ഫോണിന്‍റെ മറഞ്ഞിരിക്കുന്ന കണ്ണുകള്‍ തന്നില്‍ പതിയുന്നോ? മുന്നോട്ട്നടക്കുമ്പോള്‍ ആ കൈകള്‍ തന്‍റെ ദേഹത്ത് മനപൂര്‍വ്വം തട്ടിയതായി തോന്നി... വേഗം സീറ്റില്‍ എത്തി പേടിയോടെ അപ്പര്‍ ബെര്‍ത്തില്‍ കയറി തല മൂടി പുതച്ച് കിടന്നു... ഇരുളില്‍ ഭയത്തേക്കാളുപരി മനസ്സിന് വേദനയായിരുന്നു...

'അച്ഛന്‍റെ പ്രായമുള്ള മനുഷ്യന്‍... "അയാള്‍ക്കുമുണ്ടാകില്ലേ  കുടുംബം.. പെണ്‍മക്കള്‍? 'ഉറങ്ങുന്നതിനു മുമ്പ് എന്നും പ്രാര്‍ത്ഥിക്കും... അച്ഛനെ ഒരു നിമിഷം മനസ്സില്‍ ഓര്‍ക്കും... മനസ്സില്‍ സൂക്ഷിക്കുന്ന ദൈവങ്ങളില്‍ ഒന്ന്!... കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് അച്ഛന്‍ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍... ഒന്നുമുണ്ടായില്ല... ഒരു നെഞ്ച് വേദന... മരിക്കുന്നതിന് മുന്‍പ് വരെ കളിയും, തമാശയും.. 'പെണ്‍കുട്ടികള്‍ വീടിന്‍റെ വിളക്കാ.. അവരില്ലെങ്കില്‍ വീട് എത്ര വെളിച്ചമുണ്ടായാലും മങ്ങിയിരിക്കും.. മോള് ബാംഗ്ളൂര്‍ പഠിക്കാന്‍ പോയതില്‍ പിന്നെ നമ്മുടെ വീട്ടിലും ഒരു മങ്ങലാ.. 'ഐ.സി.യു. വില്‍ കിടക്കുമ്പോള്‍ അവസാനം കാണാന്‍ വന്ന അടുത്ത സ്നേഹിതനോട് പറഞ്ഞ വാക്കുകള്‍... അച്ഛന്‍ ഇല്ലാതായപ്പോള്‍ മാത്രമാണ് ആ ഒരു സ്ഥാനം ജീവിതത്തില്‍ എത്ര പ്രധാനമെന്ന് മനസ്സിലാക്കിയത്. എല്ലാത്തിലും, എന്തിനും ഒരു ബലവും, സുരക്ഷയുമായിരുന്നു അച്ഛന്‍... അത് കൊണ്ട് തന്നെ ഇപ്പോള്‍ അച്ഛന്‍റെ പ്രായമുള്ള ആരെ കണ്ടാലും സങ്കടമാണ്... ആ സങ്കടമാണ് ഇപ്പോള്‍ ഒരു വേദനയായി എതിര്‍ വശത്തെ സീറ്റില്‍ തനിക്ക് നേരെ കത്തുന്ന കനലായി നീളുന്നത്...

കാലില്‍ എന്തോ ഇഴയുന്ന പോലെ ..സത്യം തിരിച്ചറിയാന്‍ കഴിഞ്ഞു... മനസ്സില്‍ ആയിരം മുള്ളുകള്‍ തറയുന്നു... എങ്ങിനെ പ്രതികരിക്കണം... വിളിച്ച് കൂവാന്‍ തോന്നി... ചാടി എഴുന്നേറ്റ് കരണത്ത് ഒന്ന് പൊട്ടിക്കാന്‍  തോന്നി... അല്ലെങ്കില്‍ ചീത്ത വിളിക്കാന്‍ തോന്നി... ഒരു നിമിഷം മനസ്സില്‍ അച്ഛനെ ഓര്‍ത്തു..അച്ഛന്‍ മുന്നില്‍ വന്ന് പറഞ്ഞത്  പോലെ..

'അരുത്. അതല്ലാ പ്രതികരിക്കാനുള്ള മാര്‍ഗ്ഗം. 'മനസ്സിലേക്ക് ഒരു ബലം വന്നത് പോലെ... പുതപ്പിനുള്ളില്‍ നിന്നും ചാടി ഉണര്‍ന്ന് കുറച്ചുറക്കെ മുന്നില്‍ ഉള്ളിന്‍റെയുള്ളില്‍ കള്ളനെ ഒളിപ്പിച്ച് തനിക്ക് നേരെ  നീണ്ട കയ്യില്‍ മുറുകെ പിടിച്ചു കരഞ്ഞുകൊണ്ട് 'അച്ഛാ... 'ആ വിളിയില്‍ എല്ലാമുണ്ടായിരുന്നു... വീണ്ടും ആ മുഖത്ത് നോക്കി ഉറക്കെ..

'അച്ഛന്‍ എന്താണീ ചെയ്യണത്...'

അയാള്‍ ഷോക്കടിച്ച പോലെ സീറ്റിലേക്ക് തിരിച്ചിരുന്നു. ഒന്നും മിണ്ടാന്‍ പോലും കഴിയാതെ... പതുക്കെ അപ്പര്‍ ബെര്‍ത്തില്‍ നിന്നും ഇറങ്ങി വീണ്ടും താഴെത്തെ സീറ്റില്‍ വന്നിരുന്ന്! അയാളുടെ മുഖത്ത് നോക്കി വീണ്ടും വിളിച്ചു...

'അച്ഛാ...' ഇത്തവണ അദ്ദേഹം വിളി കേട്ടു... ഒരു മകളുടെ വിളി...അവളെ പതുക്കെ നിറഞ്ഞ കണ്ണുകള്‍ കൊണ്ട് നോക്കി... തിരിച്ചറിവുകള്‍ മനസ്സിലേക്ക്... ഒന്നും പറയാന്‍ കഴിയാതെ.

'അച്ഛന്‍റെ മോളെ പോലെ തന്നെയാ ഞാനും... എനിക്ക് അച്ഛനില്ല... കഴിഞ്ഞ വര്‍ഷം എന്നെ വിട്ടു പിരിഞ്ഞ് പോയ അച്ഛന്‍റെ അതേ പോലയാ എനിക്ക് നിങ്ങളെ കണ്ടപ്പോള്‍ തോന്നിയത്... ആ വാക്കുകള്‍ വീണ്ടും അയാളെ കുത്തി നോവിച്ചു... മനസ്സിലേക്ക് വേദനയോടെ ദൂരെ കാത്തിരിക്കുന്ന മകളും, അവളുടെ കൊച്ചു മകളും കടന്ന് വന്നു... എതിരെ ഇരിക്കുന്ന പെണ്‍കുട്ടിക്ക് അതേ രൂപം പോലെ... ദൈവം പോലും പൊറുക്കാത്ത തെറ്റ്. എന്നോ ജീവിത കാലചക്രത്തില്‍ മനസ്സില്‍ കൂടിയതാണ് ആ കള്ളന്‍... ആരുമറിയാതെ സ്ത്രീകളുടെ സൗന്ദര്യം ആസ്വദിക്കുന്ന കള്ളന്‍... വയസ്സ് അറുപത് കഴിഞ്ഞിട്ടും മനസ്സില്‍ നിന്നും വിട്ടുപോകാത്ത കള്ളന്‍. അതിന്‍റെ ഏറ്റവും ക്രൂരമായ വശത്തിലേക്ക് മനസ്സ് കൈകളെ കൊണ്ട് പോയിരിക്കുന്നു.അയാള്‍ തെറ്റ് ഏറ്റ് പറയാന്‍ തുടങ്ങി...

'തെറ്റ് പറ്റി... ക്ഷമിക്കണം... ഞാന്‍ അറിയാതെ..'

അയാള്‍ എഴുന്നേറ്റ് വേഗത്തില്‍ പുറത്തേക്ക് പോയി... ടോയ്ലറ്റില്‍ കയറി മനസ്സ് തുറന്ന് കരഞ്ഞു. കണ്ണുനീര്‍ കൊണ്ട് മനസ്സില്‍ എന്നോ പറ്റിയ കറ കഴുകി കളഞ്ഞു... വകതിരിവിന്‍റെ വെളിച്ചം വീശാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ മങ്ങിയ കണ്ണാടിയില്‍ നോക്കി. അതില്‍ ഒരച്ഛന്‍റെ പ്രതി രൂപം.ഒടുവില്‍ മുഖം വൃത്തിയാക്കി തിരിച്ച് വന്ന് അവളുടെ അടുത്തിരുന്നു... ഒരച്ഛന്‍റെ വാത്സല്യത്തോടെ ആ കണ്ണുകളില്‍ നോക്കി പതുക്കെ പറഞ്ഞു...

'മോള് പോയി കിടന്ന് ഉറങ്ങിക്കോ... അച്ഛന്‍ ഉണ്ടാകും... നേരം പുലരും വരെ കാവലിന്...'

സന്തോഷത്തോടെ അവള്‍ അപ്പര്‍ ബെര്‍ത്തില്‍ കയറി സുരക്ഷിതബോധത്തോടെ ഉറങ്ങാന്‍ കിടന്നു... അച്ഛന്‍ താഴെ ഉണ്ടെന്ന വിശ്വാസത്തോടെ.. അയാള്‍ പതുക്കെ പുസ്തകം എടുത്തു..അതിലെ വരികള്‍ വായിച്ചു തുടങ്ങി... മനസ്സില്‍ നിറയെ നന്മയുടെ ചിന്തകളുമായി... 'കണ്ണുകളല്ല മാറേണ്ടത്... കാഴ്ചപ്പാടാണ്.. മാറേണ്ടത്...' അതോടൊപ്പം അയാള്‍ മുകളിലേക്ക് നോക്കി... ആ കണ്ണുകള്‍ കാഴ്ചയെ മാറ്റിയത് തിരിച്ചറിഞ്ഞു... കണ്ണുകള്‍ മനസ്സിലേക്ക് തിരിച്ചറിവിന്‍റെ വെളിച്ചം വീശി തുടങ്ങി... അത് വരെ ഉള്ളിന്‍റെയുള്ളില്‍ കൂടിയ ഒരു കള്ളന്‍ അയാളില്‍ നിന്നും അടര്‍ന്ന് മാറി എന്നേക്കുമായി ഇരുളില്‍ മറഞ്ഞു... എന്നന്നേക്കുമായി.

You can share this post!

മാര്‍ജാരഗര്‍ജ്ജനം

ഷോബി ടി.ജി.
അടുത്ത രചന

വെള്ളിക്കാശിന്‍റെ നൊമ്പരം

സണ്ണി ജോര്‍ജ്
Related Posts