news-details
കഥപറയുന്ന അഭ്രപാളി

സിനിമയിലെയും സമൂഹത്തിലെയും അരികുജീവിതങ്ങള്‍

പ്രേമവും' എന്നു 'നിന്‍റെ മൊയ്തീനും' കളക്ഷന്‍ റെക്കാര്‍ഡുകള്‍ തകര്‍ത്ത് ഈ വര്‍ഷം തിയറ്ററുകളിലെത്തിയ സിനിമകളെല്ലാംതന്നെ സ്ഥിരം ഫോര്‍മുലകളില്‍, തീരെ തരം താഴ്ന്ന അനുകരണങ്ങളായി അവശേഷിച്ചുവെന്ന് പറയാതെ വയ്യ. ലിജോ ജോസിന്‍റെ 'ഡബിള്‍ ബാരല്‍' ഒഴിച്ചുനിര്‍ത്തിയാല്‍ സ്ഥിരം സങ്കേതങ്ങളെ വെല്ലുവിളിച്ച് പുതിയവഴി കണ്ടെത്താനുള്ള ശ്രമങ്ങള്‍ മുഖ്യധാരയില്‍ വിരളമായിരുന്നു. പക്ഷെ സമാന്തരസിനിമയുടെ സുവര്‍ണ്ണവര്‍ഷം കൂടിയായിരുന്നു ഇത്. മുഖ്യധാരയുടെ സര്‍വ്വസ്വരൂപങ്ങളോടും കലഹിച്ചുനിന്ന് സമാന്തരമായ വഴികള്‍ വെട്ടിത്തുറന്ന നിരവധി സിനിമകള്‍ ഈ വര്‍ഷം ഉണ്ടായി. അവയില്‍ പലതും തീയറ്ററുകളില്‍ എത്തിയെങ്കിലും പ്രേക്ഷകരുടെയും, അധികാരസ്ഥാപനങ്ങളുടെയും തണുപ്പന്‍ പ്രതികരണങ്ങള്‍ അവയെ പൊതുമദ്ധ്യത്തില്‍നിന്ന് അകറ്റിനിര്‍ത്തി. ഡിസംബര്‍ സിനിമയെ സംബന്ധിച്ചിടത്തോളം കേരളത്തിലെ ആഘോഷകാലമാണ്. IFFK ഏറ്റവും ഉയര്‍ന്ന സിനിമാസംരംഭങ്ങളുടെയും കാഴ്ചയുടെയും ആഘോഷവും, ഉദ്ഘോഷവുമാണ്. 2015 ലെ IFFK യെക്കുറിച്ച് പല വിധത്തില്‍ പലതും പറയാമെങ്കിലും, അതൊന്നുമല്ല ഈ എഴുത്തിന്‍റെ വിഷയം. നേരത്തേ പറഞ്ഞ സമാനയാത്രകളിലെ ഒരു പുതിയ അധ്യായത്തെക്കുറിച്ചാണിത്. കഴിഞ്ഞ IFFK യില്‍ പുരസ്കാരമടക്കം വന്‍ ജനപ്രീതി നേടുകയും ഈ വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ തീയറ്ററുകളിലെത്തുകയും ചെയ്ത ക്രൗഡ് ഫണ്ട് സിനിമയായ 'ഒരാള്‍പ്പൊക്കം' സംവിധാനം ചെയ്ത സനല്‍കുമാര്‍ ശശിധരന്‍റെ പുതിയ സിനിമ 'ഒഴിവുദിവസത്തെ കളിയാണ്' ഈ എഴുത്തിന് കാരണം.

ഉണ്ണി ആറിന്‍റെ ഒഴിവുദിവസത്തെ കളിയെന്ന ചെറുകഥയെ ആസ്പദമാക്കി സനല്‍കുമാര്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ഈ സിനിമ മലയാളത്തിലെ നടപ്പുശീലങ്ങളെയെല്ലാം ചോദ്യം ചെയ്യുന്ന ശക്തമായ സിനിമാനിര്‍മ്മിതിയാണ്. പല തലങ്ങളില്‍ ഒഴിവുദിവസത്തെ കളിക്ക് പ്രാധാന്യമുണ്ട്. അവയിലോരോന്നും വിലയിരുത്തേണ്ടതായുണ്ട്. ആദ്യം സിനിമയെന്ന കലാരൂപത്തിന്‍റെ ലാവണ്യപരിസരങ്ങളില്‍നിന്ന് ഈ സിനിമയെ വായിക്കാം.

സിനിമയുടെ കഥ വളരെ ലളിതമാണ്. സമൂഹത്തിന്‍റെ വിവിധ തട്ടുകളില്‍നിന്നുള്ള അഞ്ചു പേര്‍, സുഹൃത്തുക്കളായ അഞ്ചുപേര്‍ തിരഞ്ഞെടുപ്പിന്‍റെ അവധിദിവസം മദ്യപിക്കാനും ജോളിയടിക്കാനും ഒരു രഹസ്യകേന്ദ്രത്തിലേക്ക് പോകുന്നു. അവിടെ മദ്യപാനം തിമിര്‍ക്കുന്നു. ഭക്ഷണമൊരുക്കാന്‍ വരുന്ന കറുത്ത വേലക്കാരി പെണ്ണിനെ ഇവര്‍ പലവിധത്തിലും സമീപിക്കുന്നു. ഒടുക്കം സംഘത്തലവന്‍ അവളുടെ പുലയാട്ടുവിളിയും കരണത്തടിയും മേടിച്ച് തൃപ്തനാകുന്നു. ഇതിനിടയില്‍ കൂട്ടത്തിലെ രണ്ടുപേര്‍ തമ്മില്‍ വഴക്കാവുന്നു (സംഘത്തലവന്‍ VS പുരോഗമനവാദി.) അത് മൂത്ത് ഭീകരമാവുകയും, എന്നാല്‍ അപകടമൊന്നുമുണ്ടാക്കാതെ അവസാനിക്കുകയും ചെയ്യുന്നു. തിരികെയെത്തുന്ന സംഘം ആഘോഷമാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുമ്പോള്‍ കൂട്ടത്തിലെ ബുദ്ധിമാന്‍ ഒരാശയം വയ്ക്കുന്നു. കള്ളനും പോലീസും കളി. നാല് പേപ്പര്‍ കഷ്ണത്തില്‍ കള്ളന്‍, പോലീസ്, രാജാവ്, മന്ത്രി എന്നിങ്ങനെ എഴുതുന്നു. എന്നിട്ടിവ നറുക്കിനിടുന്നു. പോലീസെന്ന കഷ്ണം കിട്ടുന്നവര്‍ അത് വെളിപ്പെടുത്തും. മറ്റ് മൂന്ന് പേര്‍ അത് രഹ്യമായി വയ്ക്കണം. ശേഷം പോലീസ് കള്ളനെ കണ്ടെത്തണം., പോലീസിന് ആള് തെറ്റിയാല്‍ ശിക്ഷ ലഭിക്കും. അടിയാണ് ശിക്ഷ. കള്ളനെ കണ്ടെത്തിയാല്‍ കള്ളനും ശിക്ഷ നല്‍കും. ഉണ്ണിയുടെ കഥയില്‍ നാലുപേരാണെങ്കില്‍ സിനിമയില്‍ അഞ്ചു പേരുണ്ട്. അഞ്ചാമത്തെയാളെ സിനിമയില്‍ ന്യായാധിപനായി നിയമിക്കുന്നു. supreme court of India കളി മുന്നോട്ട് പോകുന്നു. പോലീസിനു തെറ്റു പറ്റുന്നു. അടി കിട്ടാതെ രക്ഷപെടാന്‍ പോലീസ് രാജാവിനും, മന്ത്രിക്കും, കോടതിക്കും കൈക്കൂലി കൊടുക്കുന്നു. ഒടുക്കം കള്ളനെ കണ്ടെത്തുന്നു. സ്വാഭാവികമായും അവന്‍ കറുത്തവനും താഴ്ന്ന ജാതിയിലുള്ളവനുമാകുന്നു. മേല്‍ത്തട്ടിലുള്ളവരെല്ലാം ചേര്‍ന്ന് അവനെ തൂക്കിക്കൊല്ലുന്നു.

സിനിമയുടെ സാധ്യതകളിലേക്ക് ചെറുകഥയെ പരുവപ്പെടുത്തിയെടുത്ത് തിരക്കഥയൊരുക്കിയിടത്ത് തുടങ്ങുന്നു ഒഴിവുദിവസത്തെ കളിയുടെ മികവ്. വളരെ കുറച്ച് കഥാപാത്രങ്ങളെ ഉപയോഗിച്ച്, കുറഞ്ഞ ലൊക്കേഷനുകളില്‍ ചുരുങ്ങിയ ഷോട്ടുകളില്‍ ഒരുക്കിയിരിക്കുന്ന സിനിമ കാഴ്ചാസങ്കേതത്തിന്‍റെ സാധ്യതകളെ കൗശലപൂര്‍വ്വം ഒരുക്കുന്നു. സിനിമയുടെ രണ്ടാം പകുതി (അമ്പതുമിനിറ്റിലധികം) ഒറ്റഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. അതായത് കള്ളനും പോലീസും കളിയുള്‍പ്പെട്ട കഥയുടെ പ്രധാനഭാഗം മുഴുവന്‍ ഒറ്റ ഒഴുക്കില്‍ സംഭവിക്കുന്നു. അതിനിടയില്‍ ഷോട്ടുകള്‍ തിരിക്കുന്നതിന്‍റെ തടസങ്ങളില്ല. ജീവിതത്തിന്‍റെ സ്വാഭാവികമായ ഒഴുക്കിനെ സാധ്യമാക്കിയ ശേഷമാണ് ഒടുക്കത്തിലെ ഞെട്ടലിലേക്ക് സംവിധായകന്‍ പ്രേക്ഷകനെ തള്ളിയിടുന്നത്. തുടക്കം മുതലേ നര്‍മ്മം കലര്‍ന്ന സംഭാഷണങ്ങളും ഇരുണ്ട ഹാസ്യത്തിന്‍റെ ദ്വയാര്‍ത്ഥപ്രയോഗങ്ങളും സിനിമയുടെയുള്ളിലേക്ക് കാഴ്ചക്കാരെ ആവാഹിച്ചെടുക്കുന്നു. അതില്‍ ഓരോ വാക്കും, വരിയും ആഴമുള്ള ചിന്തകളിലേക്ക് തിയറ്ററില്‍ നിന്നിറങ്ങിയശേഷവും പ്രേക്ഷകനെ തള്ളിവിട്ടേക്കാം. റിയലിസത്തിന്‍റെ സുന്ദരമായ പ്രയോഗം സിനിമയെ ഏറെ ആസ്വാദ്യകരമാക്കുന്നു. ബുദ്ധിജീവിസിനിമയുടെ ആഡംബരങ്ങളൊന്നും സിനിമയുടെ ഒഴുക്കിനെ തടസപ്പെടുത്തുന്നില്ല. സംവിധായകന്‍ ഇവിടെ ഒരു കഥപറയുകയാണ്. ആ കഥ കണ്ട് നമുക്ക് മടങ്ങാം. കഥയ്ക്കുള്ളിലൊളിച്ചിരിക്കുന്നവയെല്ലാം നമ്മുടെയുള്ളില്‍ നാം സൂക്ഷിക്കുന്ന ദ്രവിച്ചു വീഴാറായ നാറുന്ന തരംതിരിവുകളും പക്ഷപാതവുമൊക്കെയാണ്. അതൊന്നും സിനിമ പ്രത്യക്ഷത്തില്‍ പറഞ്ഞുപഠിപ്പിക്കേണ്ട സന്ദേശമെഴുതിക്കാണിച്ച് തിരുത്താനേ ശ്രമിക്കുന്നില്ല. അത്തരം രാസപ്രവര്‍ത്തനങ്ങളൊക്കെ കാഴ്ചക്കാരന്‍റെയുള്ളില്‍ സംഭവിക്കേണ്ടതാണ്. കലാകാരന്‍ തന്‍റെ കലയെ അവതരിപ്പിക്കുകമാത്രം ചെയ്യുന്നു.

പലവിധത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഈ സിനിമയ്ക്ക് നല്കാനാവും. അത്രയധികം വ്യാപ്തി ഈ പ്രാദേശികമായ കഥയ്ക്കകത്ത് ഒളിഞ്ഞുകിടപ്പുണ്ട്. കേരളത്തിന്‍റെ ഒരു ചെറിയ കോണില്‍ സംഭവിക്കുന്ന കഥയിലെ അനീതിയും, ജാതീയതയും, തരംതിരിവുകളും, പക്ഷപാതവും, പുരുഷധാര്‍ഷ്ട്യവുമെല്ലാം ലോകത്തിന്‍റെ എല്ലായിടത്തുമുള്ളതാണ്. പല വിധത്തിലാണിവയെന്നുമാത്രം. അതായത് ലോക്കലായ ഒരു കഥ യൂണിവേഴ്സലായ സാധ്യതകളിലേക്ക് വളരുന്നു. ഒന്നാമത് അരികുവല്‍ക്കരിക്കപ്പെടുന്ന ജനസമൂഹങ്ങളും ജനാധിപത്യവും തമ്മിലുള്ള ബന്ധത്തെ സിനിമ അടയാളപ്പെടുത്തുന്നു. അങ്ങനെ നോക്കുമ്പോള്‍ സിനിമ മൊത്തത്തില്‍ ഒരു മെറ്റഫറാണ്. നമ്മുടെ സമൂഹത്തിന്‍റെ മെറ്റഫര്‍. അഞ്ചുപേരിലൊരുവനായ കറുത്തവനും, ഭക്ഷണമൊരുക്കാന്‍ വരുന്ന പെണ്ണും കഥയ്ക്കുള്ളില്‍ അരികുവല്‍ക്കരിക്കപ്പെട്ടവരാണ്. അതിന് ജനാധിപത്യം കണ്ണുമൂടി അനുവാദം നല്കിയിട്ടുണ്ട് താനും. കള്ളനും പോലീസും കളി സത്യത്തില്‍ ജനാധിപത്യത്തിന്‍റെ മീനിയേച്ചര്‍ രൂപമാണ്. അടിയില്‍നിന്ന് രക്ഷനേടാന്‍ പോലീസ് കൈക്കൂലി കൊടുക്കുമ്പോള്‍ ജനാധിപത്യത്തില്‍ ഇതൊക്കെ അനുവദനീയമാണെന്ന് പറയുന്നുണ്ട്. ഒടുക്കം ആ ജനാധിപത്യം കള്ളനാക്കി മുദ്രകുത്തിയ കറുത്തവനെ തൂക്കിക്കൊല്ലുന്നു. കഥയ്ക്കിടയില്‍ പ്ലാവില്‍ കയറി ചക്ക വെട്ടാനും കോഴിയെ കൊല്ലാനും ഇതേ കറുത്തവന്‍തന്നെ വേണ്ടിവരുന്നതും യാദൃച്ഛികമല്ല. ദാസ്യവൃത്തിക്കൊടുവില്‍ അവന്‍റെ പിടച്ചില്‍ കണ്ട് ആസ്വദിക്കുന്ന നാലുപേര്‍ നമ്മുടെ ജനാധിപത്യസമൂഹത്തിന്‍റെ പ്രതിനിധാനങ്ങളാണ്. ഇടയ്ക്ക് പെണ്ണിന്‍റെ സ്വാതന്ത്ര്യത്തെക്കുറിച്ച് പുരോഗമനവാദം പറയുന്നവനും കറുത്തവന്‍റെ മരണം കണ്ട് കൈകൊട്ടി ചിരിക്കുന്നു.

വേലക്കാരിയായി വരുന്നവളെ പുരുഷന്മാര്‍ പലവിധത്തില്‍ സമീപിക്കുന്നുണ്ട്. അവളും കറുത്തവളാണ്. പക്ഷെ തനിക്ക് പ്രതികരിക്കാനും വേണ്ടിവന്നാല്‍ ആയുധമുയര്‍ത്താനും കെല്‍പ്പുണ്ടെന്ന് കാട്ടുമ്പോള്‍ സംഘത്തലവന്‍റെ വീര്യമെല്ലാം കെട്ടടങ്ങുന്നു. എന്നാല്‍ ഇനിയും അവള്‍ വേട്ടയാടപ്പെടുകതന്നെ ചെയ്യും. അത്രകണ്ട് പുരുഷാധിപത്യമുള്ള സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അവിടെ പെണ്ണ് കറുത്തവള്‍കൂടിയാണെങ്കില്‍ അവളുടെ സ്ഥിതി പരമദയനീയമാവും. പുരുഷന്‍റെ സദാചാരമുഖംമൂടികള്‍ക്കുള്ളില്‍ എന്താണെന്ന് സിനിമ പറയാതെ പറയുന്നു. പെണ്ണിനെ കീഴ്പ്പെടുത്തി വെയ്ക്കുന്നതാണ് ആണത്തമെന്നും, അതിന് നട്ടെല്ലുറപ്പ് വേണമെന്നും ബുദ്ധിമാന്‍ പുരോഗമനവാദിയുമായുള്ള തര്‍ക്കത്തിനിടയില്‍ പറയുന്നുണ്ട്. ഭൗതികമായ പുരോഗമനം അതിവേഗം സംഭവിക്കുന്ന വാട്ട്സ് ആപ്പ് യുഗത്തിലും സമൂഹം പഴകിത്തുരുമ്പിച്ച മൂല്യങ്ങളില്‍ ഉറച്ച് ശ്രേണീവല്‍ക്കരണവും ജാതീയതയും വിടാതെ പിന്തുടര്‍ന്ന് പുരുഷാധിപത്യത്തില്‍ ഉറങ്ങിക്കിടക്കുകയാണ്. ഒഴിവുദിവസത്തെ കളികളെല്ലാം പുരുഷന്‍റെ കുത്തകയാണ്. പെണ്ണ് ഉടല്‍പ്രദര്‍ശനത്തിനുള്ള, സുഖദായകമായ ഒരു കമ്മോഡിറ്റി മാത്രമാകുന്നു. ജനാധിപത്യത്തിന് പുരുഷാധിപത്യമെന്ന് പര്യായമുള്ളതായി തോന്നിയേക്കാം.

മേല്‍പറഞ്ഞവയെല്ലാം സംഭവിക്കുന്നത് ഇലക്ഷന്‍ദിനത്തിലാണ്. ഭാവിയെ വോട്ടുകമ്മട്ടത്തില്‍ കുത്തുന്ന തിരഞ്ഞെടുപ്പിന്‍റെ ഒഴിവുദിവസം. വോട്ടിന് കുപ്പി മലര്‍ത്തുന്ന ഇലക്ഷന്‍ ദിനം. കലാരൂപങ്ങളെ ഇന്‍സ്റ്റന്‍റ് ഗുളികപ്പരുവത്തിലാക്കുന്ന രാഷ്ട്രീയ കലാമേള. ഒരു ജനാധിപത്യസമൂഹത്തിന്‍റെ ജീര്‍ണ്ണതകളെയാകെ ഒഴിവുദിവസത്തെ കളി അതിന്‍റെ ഗര്‍ഭത്തില്‍ പേറുന്നുണ്ട്. ഈ ആശയങ്ങളെല്ലാം പൂര്‍ത്തിയാവേണ്ടത് പ്രേക്ഷകന്‍റെ ബുദ്ധിയിലും ബോധത്തിലുമാണ്. അതിനുള്ള കാഴ്ചാബോധം കാഴ്ചക്കാര്‍ക്കുണ്ടാവണമെന്നുമാത്രം.

ഈ സിനിമ ഇത്രയധികം ഹൃദയത്തിലേക്ക് തുളച്ച് കയറുന്നത് ഇതിന്‍റെ സംവിധാനമികവിനൊപ്പം ഇതില്‍ അഭിനയിച്ചിരിക്കുന്നവരുടെ അസാമാന്യ പ്രകടനം കൊണ്ടുകൂടിയാണ്. അരുണ്‍കുമാര്‍, ഗിരീഷ് നായര്‍, നിസ്താര്‍ അഹമ്മദ്, ബൈജു നെറ്റോ, പ്രദീപ്കുമാര്‍, റെജു പിള്ള, അഭിജ ശിവകല എന്നിവരുടെ പകര്‍ന്നാട്ടം സിനിമ നമ്മുടെ മുന്നില്‍ സംഭവിക്കുന്നുവെന്ന പ്രതീതിയുണ്ടാക്കുകയും നമ്മില്‍ വല്ലാത്തൊരാഘാതം അവശേഷിപ്പിക്കുകയും ചെയ്യുന്നു. ഇന്ദ്രജിത്തിന്‍റെ ക്യാമറയും ഇതിന് ആക്കംകൂട്ടുന്നുണ്ട്. രണ്ടാംപകുതി മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഒറ്റഷോട്ട് മലയാളസിനിമയുടെ സാങ്കേതികബോധ്യങ്ങളിലേക്ക് നിരവധി ചോദ്യങ്ങള്‍ നീട്ടിയെറിയുന്നുണ്ട്. കാഴ്ചയെക്കുറിച്ചുള്ള ധാരണകളെയാണ് ഈ വിധത്തില്‍ സംവിധായകന്‍ ചോദ്യം ചെയ്യുന്നത്. അങ്ങനെ നമ്മുടെ സിനിമയിലെ സമാന്തരയാത്രയുടെ നാഴികക്കല്ലുകളിലൊന്നാവുന്നു ഒഴിവുദിവസത്തെ കളി.

മുഖ്യധാരാ സിനിമയുടെ മൂലധനഭീഷണികളെ മറികടക്കുകയാണ് ഇത്തരം സമാന്തര സിനിമകള്‍. തുടക്കത്തില്‍ പറഞ്ഞതുപോലെ ഈ വര്‍ഷം ഇത്തരം നിരവധി പരിശ്രമങ്ങള്‍ നടന്നുകഴിഞ്ഞു. സജിന്‍ ബാബുവിന്‍റെ അസ്തമയം വരെ, സനല്‍കുമാറിന്‍റെ ഒരാള്‍പൊക്കം, ജയരാജിന്‍റെ ഒറ്റാല്‍, മനുവിന്‍റെ മണ്‍റോ തുരുത്ത്, സുദേവന്‍റെ ക്രൈംനമ്പര്‍ 89, സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍, ബിജുവിന്‍റെ വലിയ ചിറകുള്ള പക്ഷികള്‍ ഷാനവാസിന്‍റെ കരി, അബ്ദുള്‍ റഹിമാന്‍റെ കളിയച്ഛന്‍ തുടങ്ങിയ സിനിമകള്‍ ഈ വര്‍ഷം തിയറ്ററുകളില്‍ എത്തുകയോ അവാര്‍ഡുകളാല്‍ ശ്രദ്ധിക്കപ്പെടുകയോ ചെയ്തവയാണ്. ഇവയെക്കൂടാതെ നിരവധി സിനിമകള്‍ സമാന്തരമായ വഴികള്‍ അന്വേഷിക്കുന്നുണ്ട്. അവയില്‍ ഈ വര്‍ഷം ഏറ്റവും ശ്രദ്ധേയമായ സിനിമയാണ് ഒഴിവുദിവസത്തെ കളി. പൊതുവേ തരംതാഴ്ന്ന സിനിമകളാല്‍ മുഖ്യധാര കൂപ്പുകുത്തിക്കൊണ്ടിരിക്കുമ്പോഴും സിനിമയെന്ന കലാരൂപം ശക്തമായ അതിന്‍റെ നിലപാടുകളും രാഷ്ട്രീയവും ഉറപ്പിച്ച് പുതിയ വഴികള്‍ കണ്ടെത്തുകയാണ്.

You can share this post!

യുദ്ധം - അര്‍ത്ഥപൂര്‍ണ്ണമായി നിര്‍വചിക്കപ്പെടേണ്ട യാഥാര്‍ത്ഥ്യം

അജി ജോര്‍ജ്ജ്
അടുത്ത രചന

കോകോ

ജോസ് സുരേഷ്
Related Posts