news-details
കവർ സ്റ്റോറി

കാരുണ്യം ക്രൈസ്തവികതയുടെ സ്ത്രൈണഭാവം

ഫ്രാന്‍സിസ് പാപ്പാ കാരുണ്യവര്‍ഷപ്രഖ്യാപനത്തിലൂടെ ക്രൈസ്തവികതയെ അതിന്‍റെ തനിമയിലേയ്ക്ക് മടക്കിവിളിക്കുകയാണ്. കാരണം, ക്രിസ്തു അവതരിപ്പിച്ച ദൈവം കരുണയുടെ ദൈവമാണ്. അതിനാല്‍ ക്രൈസ്തവികതയുടെ മുഖഛായതന്നെ കരുണയുടെ മുഖഛായയാണ്. ക്രൈസ്തവികതയുടെ കരുണയുടെ മുഖം വീണ്ടെടുക്കുക എന്നാല്‍, ആത്മീയതയുടെ സ്ത്രൈണഭാവം വീണ്ടെടുക്കുക എന്നുതന്നെയാണ് അര്‍ത്ഥം.

ബൈബിള്‍ ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന rahamim എന്ന മൂലപദത്തിന്‍റെ ഏകവചനരൂപത്തിന് ഗര്‍ഭപാത്രം (womb) എന്നും ബഹുവചനരൂപത്തിന് കരുണാര്‍ദ്രസ്നേഹം, കരുണ, വാത്സല്യം എന്നൊക്കെയാണ് അര്‍ത്ഥം. ദൈവത്തെ, ദൈവത്തിന്‍റെ കരുണയെ ഗര്‍ഭം ധരിക്കുന്ന, പ്രസവവേദനയനുഭവിക്കുന്ന, ഒരു കുഞ്ഞിന് ജന്മം നല്‍കുന്ന, കുഞ്ഞിനെ ശുശ്രൂഷിക്കുന്ന അമ്മയായി അവതരിപ്പിക്കുന്ന ബൈബിളിന്‍റെ കാവ്യാത്മകഭാവന ശ്രദ്ധേയമാണ്.

കരുണയെ, ദൈവത്തിന്‍റെ സ്ത്രൈണഭാവത്തോട് ചേര്‍ത്ത് മനസ്സിലാക്കേണ്ടതുണ്ട്. കരുണയുടെ യഥാര്‍ത്ഥ അര്‍ത്ഥവും ആഴവും മനസ്സിലാക്കാന്‍, അമ്മയുടെ മനസ്സും ഹൃദയവും ആവശ്യമാകുന്നത് അതുകൊണ്ടാണ്. "നിങ്ങളുടെ നീതി ഫരിസേയരുടെയും നിയമജ്ഞരുടെയും നീതിയെ അതിശയിപ്പിക്കുന്നതാകണം" എന്ന് ക്രിസ്തു പറയുമ്പോള്‍, അര്‍ഹിക്കുന്നവന് അര്‍ഹിക്കുന്നത് നല്കുന്ന നീതിയുടെ തലത്തില്‍ നിന്ന് അര്‍ഹിക്കാത്തവന് അര്‍ഹിക്കാത്തത് കൊടുക്കുന്ന കരുണയുടെ തലത്തിലേയ്ക്ക് വളരണമെന്ന് അവന്‍ ആവശ്യപ്പെടുന്നു.

അര്‍ഹിക്കാത്തവന് അര്‍ഹിക്കാത്തത് കൊടുക്കുന്നതിനെക്കുറിച്ച് അമ്മയോട് ചോദിക്കൂ. അതിന്‍റെ ആന്തരികഭാവം അവള്‍ക്കേ അറിയാന്‍ കഴിയൂ. ക്രൈസ്തവ ആത്മീയതയുടെ അടിസ്ഥാനഭാവത്തില്‍ത്തന്നെ ഈ സ്ത്രൈണതയുടെ അടയാളങ്ങള്‍ പതിഞ്ഞുകിടക്കുന്നുണ്ട്. ദൈവകരുണയുടെ പ്രഘോഷകരായ എത്ര സ്ത്രീകളെത്തന്നെയാണ് സുവിശേഷം പരിചയപ്പെടുത്തുന്നത്. രക്ഷാകരസംഭവത്തിന്‍റെ - യേശുവിന്‍റെ ജനനം, ജീവിതം, മരണം, ഉത്ഥാനം - സജീവസാക്ഷികളും പ്രഘോഷകരും സ്ത്രീകളാണ്, സ്ത്രീകള്‍ മാത്രമാണ്. കരുണയുടെ ദൈവത്തിന്‍റെ അവതാരം പരിശുദ്ധമാതാവില്‍ സംഭവിക്കുമ്പോള്‍, ആദ്യമായി അവള്‍ കരുണയുടെ രഹസ്യം ലോകത്തിന് വെളിപ്പെടുത്തി. രണ്ടാമത്തെ സ്ത്രീ എലിസബത്ത്. മറിയവും എലിസബത്തും-രണ്ട് സ്ത്രീകള്‍, രണ്ട് അമ്മമാര്‍, ദൈവകരുണയുടെ ആ മഹാസംഭവത്തെ, അതിന്‍റെ പൂര്‍ണ്ണതയില്‍ അനുഭവിക്കുകയും പ്രഘോഷിക്കുകയുമാണ്.
യേശുവിന്‍റെ മനുഷ്യാവതാരം തന്നെ കരുണയുടെ ദൈവത്തെ, ലോകത്തിന് പരിചയപ്പെടുത്താനും വെളിപ്പെടുത്താനുമുള്ളതായിരുന്നു. ഇസ്രായേലിലെ പുരുഷാധിപത്യ മതസമൂഹം വെളിപ്പെടുത്തിയ ദൈവദര്‍ശനങ്ങളില്‍, ഭരിക്കുന്ന അധികാരിയായി, ശിക്ഷിക്കുന്ന ന്യായാധിപനായി, വിജയം നല്‍കുന്ന യോദ്ധാവായി, ശക്തനായ രാജാവായി, ദൈവം തിളങ്ങിനില്‍ക്കുന്നു. ഇതേ ദൈവത്തിന്‍റെ പേരില്‍ അധികാരം ഉറപ്പിക്കാനും ഉച്ചനീചത്വങ്ങള്‍ വളര്‍ത്തിയെടുക്കാനും മതാധികാരികള്‍ മത്സരിച്ചപ്പോള്‍, ദൈവം തന്‍റെ എകജാതനെത്തന്നെ അയച്ചു, താന്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്ന പൂര്‍ണമായ വെളിപ്പെടുത്തലുമായി.

ജനനത്തിലൂടെയും ജീവിതത്തിലൂടെയും പ്രബോധനങ്ങളിലൂടെയും സംവാദത്തിലൂടെയുമെല്ലാം നിരന്തരം തന്‍റെ പിതാവായ ദൈവം, ചെറിയവരോട് ചേര്‍ന്ന് നില്‍ക്കുന്ന കരുണയുടെ ദൈവം ആണെന്ന് യേശു വെളിപ്പെടുത്തി. ഇതിന് വിരുദ്ധമായുള്ള സര്‍വ്വപ്രബോധനങ്ങളോടും വ്യവസ്ഥകളോടും നിയമങ്ങളോടും അവന്‍ നിരന്തരം കലഹിച്ചു. അധികാരിയായ ദൈവത്തെ അവതരിപ്പിക്കേണ്ടത് മതസമൂഹത്തിന് അകത്തുള്ള അധികാര രാഷ്ട്രീയത്തിന് (power politics) അനിവാര്യമാണെന്നറിഞ്ഞ മതസമൂഹം സ്വഭാവികമായും ഇതില്‍ അപകടം മണത്തു. ദൈവത്തെ, ദൈവപുത്രന്‍ പുനര്‍നിര്‍വചിച്ചതും പുനര്‍വ്യാഖ്യാനം ചെയ്തതും ദൈവത്തിന്‍റെ മൊത്തക്കച്ചവടക്കാര്‍ക്ക് രുചിച്ചില്ല. യേശുവിന്‍റെമേല്‍ ചുമത്തപ്പെട്ട ഏറ്റവും ഗൗരവമേറിയ ആരോപണവും  അതുതന്നെയായിരുന്നല്ലോ, ദൈവദൂഷണമെന്നപേരില്‍...

യേശു പ്രഘോഷിച്ച കരുണയുടെ ദൈവത്തെ ഏറ്റവും നന്നായി മനസ്സിലാക്കാന്‍ കഴിഞ്ഞത്, ആ സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കായിരുന്നു, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. യേശുവിന്‍റെ ശിഷ്യഗണത്തിലെ വര്‍ദ്ധിച്ച സ്ത്രീസാന്നിധ്യം തന്നെയാണ് തെളിവ്. ബഥനിയായിലെ  മര്‍ത്തായും മറിയവും സമരിയായിലെ സ്ത്രീയുമൊക്കെ, യേശുവില്‍ കണ്ടെത്തിയ ദൈവകരുണയുടെ സജീവപ്രഘോഷകരാകുന്നത് അങ്ങനെയാണ്. കാരണം, കണക്കുകള്‍ നോക്കാതെ സ്നേഹിക്കാനറിയാവുന്നത് അവര്‍ക്കാണ്. കരുണയുടെ ഭാവം അതിന്‍റെ ഉടയവനെ തിരിച്ചറിയുന്നു....

യേശുവിന്‍റെ ക്രൂശുമരണത്തിലും കുരിശിന്‍ ചുവട്ടില്‍ നിന്നതും മഗ്ദലനമറിയമുള്‍പ്പെടെയുള്ള സ്ത്രീകളും സൈത്രണഭാവം ഏറെയുള്ള യോഹന്നാനും ആണെന്നോര്‍ക്കുക. ഉത്ഥാനത്തിന്‍റെ പ്രഥമസാക്ഷിയും പ്രചാരകയുമായതോ മഗ്ദലനമറിയവും....ചരിത്രഗതിയില്‍, ക്രൈസ്തവസഭയ്ക്ക് അതിന്‍റെ സ്ത്രൈണഭാവങ്ങളെല്ലാം നഷ്ടപ്പെട്ടു. സഭാപാരമ്പര്യത്തിന്‍റെ സ്ത്രൈണമുദ്രകളെല്ലാം തമസ്കരിക്കപ്പെട്ടു. ഒപ്പം അതിന്‍റെ കരുണാര്‍ദ്രഭാവങ്ങളും. അത് നിയമങ്ങളിലൂടെയും അധികാരസ്ഥാപനങ്ങളിലൂടെയും ശക്തി പ്രകടിപ്പിക്കാന്‍ തുടങ്ങി. ഇനിയൊരു പിന്‍മടക്കത്തിന് കാലമായെന്ന് കാലം നമ്മോട് പറയുന്നുണ്ട്.

കരുണയെന്നാല്‍, പണപ്പിരിവും സാമ്പത്തികസഹായവുമല്ലെന്നും അത് ഹൃദയത്തിന്‍റെ അതിരുകള്‍ ഭേദിക്കലാണെന്നും ഹൃദയകവാടങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നിടലാണെന്നും സംവേദനം ചെയ്യാന്‍ ഒരു സ്ത്രൈണമനസ്സ്  നമുക്ക് ആവശ്യമുണ്ട്. കരുണയുടെ ജപമാല ചൊല്ലിയും കരുണായാത്രകള്‍ നടത്തിയും ഈ കരുണയുടെ വര്‍ഷവും ആഘോഷമാക്കി നമ്മള്‍ 'ശക്തി' തെളിയിക്കുമായിരിക്കും. മറിച്ച്, കുറെക്കൂടി ഹൃദയം വിശാലമാക്കാന്‍, മതത്തിന്‍റെയും ദൈവത്തിന്‍റെയും പേരിലുള്ള അതിരുകള്‍ മായ്ച്ചുകളയാന്‍-ഇതരമതങ്ങളോട്, ഇതരക്രൈസ്തവസഭകളോട്, പാപികളെന്ന് മുദ്രകുത്തി മാറ്റി നിര്‍ത്തുന്നവരോട് ഒക്കെയുള്ള ആദരവിലേയ്ക്ക് വളരാനും, ഹൃദയത്തിന്‍റെ ചക്രവാളങ്ങളെ വികസിപ്പിക്കാനും കഴിഞ്ഞിരുന്നെങ്കില്‍....

വലിയവരെന്ന് കരുതുന്നവര്‍-അധികാരത്തിന്‍റെ, ശക്തിയുടെ, സൗന്ദര്യത്തിന്‍റെ, അറിവിന്‍റെ, പദവിയുടെ ഒക്കെപേരിലുള്ള വലുപ്പങ്ങള്‍, ഇതൊന്നുമില്ലാത്തവരെ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്ന ഇടങ്ങളാകേണ്ടതുണ്ട്. അധികാരം കൈയ്യാളുന്നവര്‍ സഭയില്‍, ഇടവകയില്‍, സമൂഹത്തില്‍ സ്ഥാപനങ്ങളില്‍ അധീനരോട് കുറെക്കൂടി ആദരവും അലിവും ഉള്ളവരാകാന്‍, വീടിന്‍റെ അകങ്ങളില്‍, ഭര്‍ത്താവ് ഭാര്യയോട്, മാതാപിതാക്കള്‍ മക്കളോട്, വൃദ്ധരോട് കുറെക്കൂടി ദയാലുവാകുവാന്‍, അങ്ങനെ ദൈവത്തിന്‍റെ കരുണയുടെ മുഖം ക്രൈസ്തവ ആത്മീയതയുടെ തനതുരൂപമായി തിരിച്ചറിയപ്പെടുവാന്‍ ഈ കരുണാവര്‍ഷം ഇടയാകുമെന്ന് പ്രതീക്ഷിക്കാം.

ചെറിയവര്‍ക്ക് സമ്പന്നര്‍ വച്ചുനീട്ടുന്ന തുട്ടുകളല്ല, വേണ്ടത്. അവരുടെ സ്വരത്തിന് അംഗീകാരമുണ്ടാകണം. അവരുടെ ആത്മാഭിമാനമാണ് തിരികെ ലഭിക്കേണ്ടത്. ഖലില്‍ ജിബ്രാന്‍റെ ഒരു ദര്‍ശനത്തോടെ ഈ കുറിപ്പ് അവസാനിപ്പിക്കാമെന്ന് കരുതുന്നു.

വലിയ പാപഭാരത്തോടെയാണയാള്‍ ഗുരുവിന്‍റെ അടുത്തെത്തിയത്.വന്നപാടേ അയാള്‍ പറഞ്ഞു, ഗുരോ, ഞാന്‍ വലിയ പാപിയാണ്. ഗുരു പറഞ്ഞു; ഞാനും അതേ. അയാള്‍ പറഞ്ഞു. "ഞാന്‍ പലരുടെയും സ്വത്തുക്കള്‍ മോഷ്ടിച്ചിട്ടുണ്ട്." ഗുരു പറഞ്ഞു, "ഞാനും എത്രയോ മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ലെന്നുമാത്രം." തെല്ലൊരു സംശയത്തോടെ അയാള്‍ തുടര്‍ന്നു, "ഗുരോ ഞാന്‍ മൂലം നശിച്ചുപോയ ഒരുപാടു സ്ത്രീകളുണ്ട്." ഗുരു പറഞ്ഞു. "എന്‍റെ ശരീരത്തിന്‍റെ മോഹങ്ങളോടുള്ള സമരത്തില്‍ എനിക്കിനിയും വിജയിക്കാനായിട്ടില്ല." ഇങ്ങനെയൊരു പാപിയുടെ അടുത്തേക്കാണല്ലോ താന്‍ ഉപദേശം ചോദിച്ചെത്തിയതെന്നോര്‍ത്ത് അയാള്‍ മടങ്ങി. ശിഷ്യന്‍മാര്‍ ഗുരുവിനോട് കലഹിച്ചു. "അങ്ങെന്തേ അയാളെ ഉപദേശിച്ചില്ല?" ഗുരു പറഞ്ഞു, "എന്തിന്? അയാളുടെ മനസ്സിപ്പോള്‍ ശാന്തി അനുഭവിക്കുന്നുണ്ടല്ലോ." അപ്പോള്‍ ദൂരെ നിന്നും വിശ്രാന്തി അനുഭവിക്കുന്ന ഒരു ഹൃദയത്തിന്‍റെ സംഗീതം അവിടെ അലയടിക്കുന്നുണ്ടായിരുന്നു.  

You can share this post!

ഫ്രാന്‍സിസിന്‍റെ അസ്സീസിയില്‍

സക്കറിയ
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts