news-details
കവർ സ്റ്റോറി

കരുണയിലെ സ്ത്രൈണത

ഊര്‍ജ്ജതന്ത്രം പഠിപ്പിക്കുമ്പോള്‍ E=mc^2  എന്ന സമവാക്യം എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഊര്‍ജ്ജത്തെ നിര്‍മ്മിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല. മനുഷ്യന്‍ എത്തിനില്‍ക്കുന്ന ഹഡ്രോണ്‍ കൊളൈഡറിലെ കണികാ പരീക്ഷണത്തിലും ന്യൂക്ലിയര്‍ ഫിഷനിലും ന്യൂക്ലിയര്‍ ഫ്യൂഷനിലും ഒക്കെ ഊര്‍ജ്ജത്തിന്‍റെ അളവ് സ്ഥിരമായിരിക്കും. ഇത് കണ്ടുപിടുത്തം. തെളിയിക്കപ്പെട്ടതുമാണ് ഇത്. പ്രപഞ്ചത്തിലെ സംതുലനത്തിന്‍റെ സമന്വയം നമ്മെ അത്ഭുതപ്പെടുത്തും. ദൈവം = (കാരുണ്യം+സ്നേഹം) എന്ന സമവാക്യം ശാസ്ത്രത്തിന്‍റെ ആപേക്ഷികതപോലെ മനുഷ്യജീവിതത്തില്‍ ചേര്‍ത്തുവയ്ക്കാവുന്നതാണ്. അനുഭവങ്ങളാണ് ആവിഷ്കരിക്കപ്പെടേണ്ടത്. അത് മനുഷ്യന്‍റെ ഹൃദയത്തിലും മാംസത്തിലും മജ്ജയിലും ഒരേ തന്മയത്വം പകരും. കരുണ അനുഭവമാണ്.

*ഉത്തരക്കടലാസില്‍ അരമാര്‍ക്കുകൂടി കോറിയിട്ടാല്‍ ജയം തരപ്പെടുത്താവുന്ന കുട്ടി. അധ്യാപകന്‍റെ മുമ്പില്‍ നിര്‍ന്നിമേഷനായി നിന്ന്, അര മാര്‍ക്കിന്‍റെ കാരുണ്യത്തിന് യാചിക്കുന്ന അവന്‍റെ കണ്ണുകള്‍ കരുണയെ ഉറ്റുനോക്കുന്നു. മനസ് കരുണയെ കാംക്ഷിക്കുന്നു. അങ്ങനെ എത്രയോ തവണ അരമാര്‍ക്കും ഒരു മാര്‍ക്കും കരുണയായി രൂപാന്തരപ്പെട്ടിട്ടുണ്ട്.

*സ്വന്തം അമ്മയുടെ അന്തിമനിമിഷങ്ങള്‍, കണ്ണിണപൂട്ടുമ്പോള്‍ ഇടയ്ക്കിടെ സ്ക്രീനിലെന്നപോലെ കാണാറുണ്ട്. ജീവന്‍റെ അവസാന തുടിപ്പിലും അത് നിലനിര്‍ത്താനുള്ള ദയനീയമായ നോട്ടം ഇപ്പോഴും മനസ്സിനെ ഉലയ്ക്കുന്ന തരത്തില്‍ അലോസരപ്പെടുത്താറുണ്ട്. മനുഷ്യന്‍റെ നിസ്സഹായതയ്ക്കു മുന്നില്‍ ദൈവകരുണയ്ക്കായി വാതില്‍ തുറന്നിടുന്ന നിമിഷങ്ങള്‍.

*മീഡിയ പഠനത്തിനായി ഡല്‍ഹിയിലായിരുന്ന കാലം. ക്രിസ്തുമസ് നാളായിരുന്നു അന്ന്. പരീക്ഷാദിനങ്ങളും. പിതാവിന്‍റെ മരണവാര്‍ത്ത അറിഞ്ഞ് എമര്‍ജന്‍സി എയര്‍ടിക്കറ്റില്‍, പകുതി ദൂരമെത്തി, കനത്ത മൂടല്‍മഞ്ഞില്‍ ഫ്ളൈറ്റ് ക്യാന്‍സലായി. തുടര്‍യാത്രയ്ക്ക് പണവും മാര്‍ഗവുമില്ലാതെ വഴിമുട്ടിയപ്പോള്‍ കാരുണ്യത്തിന്‍റെ മുഖവുമായി എത്തിയ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ ആന്ധ്രക്കാരന്‍ ഭാസ്കരറെഡ്ഢിയെ, പ്രാര്‍ത്ഥിക്കുമ്പോള്‍ ഓര്‍മ്മിക്കാതിരിക്കാനാവില്ല. കാരണം അത് സഹായമായിരുന്നില്ല. കരുണയായിരുന്നു.

* താഴെകാണാം, മുകളിലേക്ക് നീട്ടിപ്പിടിച്ച കൈകള്‍. ചിലര്‍ കൈകൂപ്പി നില്‍ക്കുന്നു. അവര്‍ക്കുനേരെ ഭക്ഷണപ്പൊതി നീട്ടിയെറിയുമ്പോള്‍ മനസ്സ് ഒരു റിപ്പോര്‍ട്ടറുടേതായിരുന്നില്ല. അവരില്‍ ഒരാളുടേതായിരുന്നു. അവരുടെ കണ്ണുകളിലെ വേദന ആകാശത്തുനിന്നു തിരിച്ചറിയാന്‍ കഴിയില്ല. പക്ഷേ മനസ്സ് വായിക്കാം (ഡിസംബര്‍ 7, മലയാളമനോരമ). തീരസംരക്ഷണ സേനയുടെ ഹെലികോപ്ടറില്‍ ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി പോയ മനോരമ റിപ്പോര്‍ട്ടര്‍ വിനോദ് ഗോപിയുടെ വാക്കുകള്‍.

വരും വര്‍ഷം നാം ഏറ്റവും കൂടുതല്‍ കേള്‍ക്കാന്‍ പോകുന്നത് കരുണ എന്ന പദം ആയിരിക്കും. വത്തിക്കാനില്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കായുടെ വാതില്‍ മുതല്‍ ലോകത്തിന്‍റെ വിവിധ കോണുകളില്‍ കരുണയുടെ വാതില്‍ തുറക്കപ്പെട്ടു കഴിഞ്ഞു. ബോധ്യങ്ങളില്‍ നിന്നുയിര്‍ക്കൊണ്ട കരുണയുടെ സദ്ഫലങ്ങള്‍ പ്രായോഗികമാക്കാന്‍ ഈ വാതിലിലൂടെ അകത്ത് പ്രവേശിക്കുന്നവര്‍ക്കും പുറത്തേക്ക് ഇറങ്ങിവരുന്നവര്‍ക്കും കഴിയുന്നുണ്ടോ എന്നതാണ് പ്രസക്തി. മൂന്ന് വര്‍ഷത്തെ മിനിസ്ട്രിക്കായി 30 വര്‍ഷത്തെ വിധേയത്വത്തിന്‍റെ ഒരുക്കം നടത്തിയവനാണ് ക്രിസ്തു. അതുകൊണ്ടായിരിക്കണം ക്രിസ്തുവില്‍നിന്ന് സ്ത്രൈണത നിറഞ്ഞ കാരുണ്യം - അമ്മയുടേതെന്നപോലെ, പെങ്ങളുടേതെന്ന പോലെ, കൂട്ടുകാരിയുടേതെന്നപോലെ - പ്രകാശം പരത്തുന്നത്. സ്ത്രീയില്‍നിന്നും ജാതനായവനാണവന്‍.

മനസ്സിനെ സ്വാധീനിച്ചു കൂടെക്കൂട്ടുന്ന വചനഭാഗം എന്നും വി. യോഹ. 8: 1-11, പിടിക്കപ്പെട്ട വ്യഭിചാരിണി. സ്ത്രീ എന്നും 'ഡിസ്പോസിബിള്‍' ആകുമ്പോള്‍ കൂടെ നില്ക്കുന്ന സഹജഭാവമാണ് യേശുവില്‍. സല്‍പേര് നഷ്ടപ്പെട്ടവളുടെ മുഖത്ത് നോക്കുക എന്നത് കരുണയുടെ ഒരു ശതമാനം പോലുമില്ലാത്ത ഏറ്റവും ഹീനമായ കൃത്യമാണ്. പിടിക്കപ്പെട്ടവളുടെ മുഖത്ത് നോക്കാതെ കുനിഞ്ഞ് വിരല്‍കൊണ്ട് നിലത്തെഴുതാന്‍ അവനെ പ്രേരിപ്പിച്ചത് അവന്‍റെ ഉള്ളിലെ ദൈവിക മാതൃത്വമാണ്. നിയമജ്ഞരുടെയും ഫരിസേയരുടെയും നേരെ നിവര്‍ന്നുനിന്ന് പാപമില്ലാത്തവന്‍ കല്ലെറിയാന്‍ പറഞ്ഞ യേശു വീണ്ടും കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു. എല്ലാവരും സ്ഥലം വിട്ടപ്പോള്‍ ധാരണയുടെ കരുണ നല്കി, യേശു നിവര്‍ന്ന് Its Ok എന്നല്ല പറഞ്ഞത്, "ഞാനും നിന്നെ വിധിക്കുന്നില്ല, പൊയ്ക്കൊള്ളുക. ഇനി മേലില്‍ പാപം ചെയ്യരുത്" എന്നാണ്. ധാരണ കരുതലും ശാസനവുമായി മാറുമ്പോള്‍, യേശു അവള്‍ക്ക് അമ്മയും രക്ഷകനും ആകുകയാണ്. ഇതിന്‍റെ മറ്റൊരു രൂപമാണ് സമറിയാക്കാരിയും നട്ടുച്ചനേരവും. യേശുവിന്‍റെ ഈ കരുണയാണ് ഗര്‍ഭഛിദ്രം ചെയ്തവര്‍ക്ക് പാപമോചനം നല്കാന്‍ കരുണയുടെ ജൂബിലി വര്‍ഷത്തില്‍ ഫ്രാന്‍സിസ് പാപ്പായ്ക്ക് പ്രചോദനമാകുന്നത്. കരുണയുടെ അതിരില്ലാത്ത വാതിലാണ് ഇവിടെ തുറക്കപ്പെടുന്നത്. തലമുറകളിലേക്ക് പകരുന്ന ആന്തരികസൗഖ്യത്തിന്‍റെ കൃപയാണിത്. കാരുണ്യപ്രവൃത്തികളേക്കാള്‍ കരുണയാണ് പ്രധാനമെന്നു തിരിച്ചറിയാം.

തന്‍റെ പരസ്യജീവിതം രഹസ്യമാക്കിയവനല്ല, ആഘോഷമാക്കിയവനാണ് യേശു. അവന്‍റെ കുരിശുമരണത്തിനു ശേഷമാണ് സന്തോഷ, ദുഃഖ, മഹിമ രഹസ്യങ്ങളുണ്ടായത്. ഏറ്റവും അവസാനം പരസ്യമായി യേശു ചെയ്തതെല്ലാം പ്രകാശത്തിന്‍റെ രഹസ്യത്തിലുമായി. വിവാഹവിരുന്നും പെരുന്നാളും കിണറ്റിന്‍ കരയും കുളക്കരയും കടല്‍ത്തീരവും ഒലിവുമലയും ഒക്കെ അവന്‍  ചുററിസഞ്ചരിച്ചു. തിരുനാളിന്‍റെ പകുതിയിലും അവസാന മണിക്കൂറിലും എഴുന്നേറ്റുനിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞവനാണ് ക്രിസ്തു. യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് സുവിശേഷം അറിയിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നവരെക്കുറിച്ച് ലൂക്കാ 8: 1-3 പറയുന്നുണ്ട്. സ്ത്രീകളെ അതും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ കൂടെ കൊണ്ടുനടക്കാന്‍ ധൈര്യപ്പെട്ട യേശുവിന്‍റെ അംഗീകാരമുദ്രയും സര്‍ട്ടിഫിക്കററും കരുണയായിരുന്നല്ലോ. രക്തസ്രാവത്തിന്‍റെ അസ്വസ്ഥത  ഒരു പക്ഷേ സ്ത്രീകള്‍ മാത്രം അനുഭവിക്കുന്നതാണ്. അസ്വസ്ഥതയുടെ ആ നാളുകളെ ഏതെങ്കിലും സ്ത്രീ ഇഷ്ടപ്പെടുമോ? എത്ര വലിയ അരുതായ്മകളുമായാണ് പന്ത്രണ്ട് വര്‍ഷങ്ങള്‍ ആ സ്ത്രീ തള്ളിനീക്കിയത്. അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പുപോലും ആ സ്ത്രീയുടെ ദൈന്യതയ്ക്ക് സൗഖ്യമായി. ഏദനിലെ ആദ്യപാപങ്ങള്‍ "നിന്‍റെ ഗര്‍ഭാരിഷ്ടതകള്‍ വര്‍ധിപ്പിക്കും." (ഉല്‍പ 3:16) എന്ന ശിക്ഷയ്ക്ക് സാന്ത്വനത്തിന്‍റെ, സൗഖ്യമാക്കലിന്‍റെ കരുണ യേശു പകര്‍ന്നു നല്കുകയാണ്. ഇതുപോലെ സ്ത്രീയുടെ പക്ഷം ചേരാന്‍ യേശുവിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക?

കാണാതായ ആടും നാണയവും ഒരമ്മയുടെ സമീപനം വെളിപ്പെടുത്തുകയാണ്. തന്‍റെ മക്കളില്‍, വികലാംഗനോ, രോഗിയോ, ബുദ്ധിമാന്ദ്യം ഉള്ളവനോ ഉണ്ടെങ്കില്‍ അമ്മയുടെ ശ്രദ്ധയത്രയും അവനിലേക്കായിരിക്കും. അവരുടെ സന്തോഷമാണ് അമ്മയ്ക്ക് വലുത്. സന്തോഷജന്യമായ അവരുടെ കാര്യങ്ങള്‍ വാട്ട്സ് ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും എന്നതുപോലെ അമ്മ തീര്‍ച്ചയായും ചുറ്റുമുള്ളവരോട് പറയും. അതുതന്നെയാണ് 99-ല്‍ ഒന്നിനെയും 10-ല്‍ ഒന്നും തിരിച്ചുകിട്ടിയപ്പോള്‍ കുടുംബകൂട്ടായ്മായും അയല്‍ക്കൂട്ടവും സമ്മേളിച്ചു എന്ന് ഈശോ പറയുന്നതും. ദേവാലയഭണ്ഡാരത്തിലെ തിരക്കിട്ട നേര്‍ച്ചകള്‍ക്കിടയില്‍ യേശുവിന്‍റെ കണ്ണുടക്കിയത് ദരിദ്രയായ വിധവയുടെ രണ്ടു ചെമ്പുതുട്ടുകളിലാണ്. പുരുഷന്‍ തന്‍റെ സമൃദ്ധിയില്‍ നിന്നേ പണമാകട്ടെ, സമയമാകട്ടെ സംഭാവന ചെയ്യാന്‍ തയ്യാറാകൂ. സ്ത്രീകളാകട്ടെ എപ്പോഴും മുഴുവന്‍ കൊടുക്കാന്‍ തയ്യാറാണ്. യേശുവിന്‍റെ ഹൃദയത്തിന്‍റെ കരുണ സ്വന്തമാക്കിയ പുരുഷനു മാത്രമേ അതു തിരിച്ചറിയാനാകൂ. ഏതു ദുരിതക്കയത്തില്‍നിന്നും അതിജീവനത്തിന്‍റെ കരുത്ത് നേടാന്‍  പുരുഷനേക്കാള്‍ സ്ത്രീകള്‍ക്കാണ് കഴിവ്. സങ്കടങ്ങളോട് സമരസപ്പെടുന്നതും ഏറ്റവും അടുത്താവുന്നതും അതിജീവിക്കുന്നതും സ്ത്രീകള്‍ തന്നെ. യേശുവിന്‍റെ കുരിശിന്‍ ചുവട്ടിലും കല്ലറയിലും സ്ത്രീകള്‍. അവനായി സുഗന്ധദ്രവ്യങ്ങള്‍ തയ്യാറാക്കി, അതിരാവിലെ  കല്ലറയിലെത്തിയതും സ്ത്രീകള്‍. ശവകുടീരത്തിന്‍റെ കല്ല് മാറ്റിയതും കച്ചകളും കണ്ട് ശിഷ്യന്മാര്‍ മടങ്ങിപ്പോയി. മഗ്ദലനമറിയം - യേശുവിന്‍റെ കരുണ അനുഭവിച്ചവള്‍ക്ക്, കല്ലറയില്‍നിന്ന് അവരോടൊപ്പം മടങ്ങാനായില്ല. ഈ സ്നേഹത്തിന്, ഉയിര്‍ത്തെഴുന്നേറ്റ് തന്‍റെ ആദ്യപ്രത്യക്ഷം യേശു സമ്മാനമായി നല്കി. സൗഹൃദയത്തിന് ഇത്രയും വലിയ സാക്ഷ്യം മറ്റാരെങ്കിലും നല്കിയിട്ടുണ്ടോ? ഈശോയ്ക്ക് തന്‍റെ സുഹൃത്തിന്‍റെ സ്റ്റാറ്റസ് നിലനിര്‍ത്താന്‍ കഴിഞ്ഞു. അവളുടെ സ്നേഹത്തിന്‍റെ പ്രഭയെ ഊതിക്കെടുത്താതെ യേശു ജ്വലിപ്പിച്ചു നിര്‍ത്തി. "കണ്ണുനീര് കൊണ്ട് അവള്‍ അവന്‍റെ പാദങ്ങള്‍ കഴുകുകയും തലമുടി കൊണ്ട് തുടയ്ക്കുകയും, ചുംബിക്കുകയും സുഗന്ധതൈലംകൊണ്ട് പൂശുകയും ചെയ്തു" (ലൂക്കാ. 7:38) സ്ത്രീകള്‍ക്ക് യേശുവിനെ കൂടുതല്‍ സ്നേഹിക്കാതിരിക്കാന്‍ പറ്റുമോ? 'കുഴിയില്‍ വീണ പന്നിക്ക് എന്നും കല്ലും തടിയുമായി' നില്ക്കുന്ന എക്കാലത്തിനും മുമ്പില്‍ സ്ത്രീവിമോചനത്തിന്‍റെയും, സൗഹൃദത്തിന്‍റെയും സദ്ഭാവനയുടെയും രൂപത്തില്‍ യേശു കരുണയുടെ വാതില്‍ തുറന്നിടുകയല്ലേ ചെയ്തത്?

പരിശുദ്ധ അമ്മയുടെ പരിലാളനം യേശുവിലെ സ്ത്രൈണഭാവമുള്ള കരുണയ്ക്ക് മാറ്റുകൂട്ടി. നായിനിലെ വിധവയുടെ മകന്‍റെ ശവമഞ്ചവുമായുള്ള വിലാപയാത്ര യേശുവിന് കാല്‍വരിയുടെ മുന്നനുഭവം പോലെയായി. തന്‍റെ അമ്മ ഏകയാക്കപ്പെടുന്നതിന്‍റെ വേദനപോലൊന്ന് അവന്‍ നായിമിലെ വിധവയില്‍ കണ്ടതും മനസ്സലിഞ്ഞതും അവനെ ജീവനുള്ളവനായി ഏല്പിച്ചതും യേശുവിലെ കരുണയുടെ സ്ത്രീപരതയാണ്. ഈ സ്ത്രീസഹജസ്നേഹം അമ്മയെയും യോഹന്നാനെയും പരസ്പരം ഏല്പിച്ചുകൊടുക്കാനും ക്രിസ്തുവിനെ പ്രാപ്തനാക്കി. ജറുസലേമിനെക്കുറിച്ച് വിലപിക്കുമ്പോള്‍ പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിന്‍കീഴ് ചേര്‍ത്തുനിന്നതുപോലെ സന്താനങ്ങളെ ഒരുമിച്ചു ചേര്‍ക്കാനാഗ്രഹിച്ച യേശുവിന്‍റെ അമ്മത്വം എത്ര തീവ്രമാണ്! മാതൃഹൃദയത്തിന്‍റെ പച്ചപ്പിനെയും സമൃദ്ധിയെയും എത്ര നന്നായി യേശു ഘോഷിക്കുന്നു! അപ്പം വര്‍ദ്ധിപ്പിച്ച അവസരങ്ങളില്‍ യേശുവിന് ജനക്കൂട്ടത്തോട് അനുകമ്പയാണ്. "അവരെ വിശപ്പോടെ വീട്ടിലേക്ക് പറഞ്ഞയച്ചാല്‍ വഴിയില്‍ വീണേക്കും" (മര്‍ക്കോ. 8:3). അമ്മയ്ക്കടുത്ത കരുണയില്‍നിന്നേ ഇത്തരമൊരു കരുതല്‍ ഉത്ഭൂതമാവൂ.

നാല് സുവിശേഷങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന വസ്തുത - യേശു ഒരിക്കലും തിരക്കുള്ളവനായിരുന്നില്ല എന്നതാണ്. കാറ്റ് അതിനിഷ്ടമുള്ളിടത്തേക്കു വീശുന്നു എന്നു പറഞ്ഞതുപോലെ യേശുവിന്‍റെ ദിനചര്യകളത്രയും, സൗഖ്യമാക്കലിനും, പഠിപ്പിക്കലിനും, പ്രബോധനത്തിനും, സൗഹൃദത്തിനും പൂര്‍ണ്ണതയുടെ മിഴിവേകുന്നത് തിരക്കുകളുടെ അശാന്തിയിലല്ല. ലേവിയുടെ വീട്ടില്‍ ഭക്ഷണത്തിനിരിക്കുന്ന ഈശോ "സക്കേവൂസ്, ഇന്ന് എനിക്ക് നിന്‍റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു" എന്ന് അങ്ങോട്ടു പറയുന്ന ഈശോ, യാത്രാമധ്യേ മര്‍ത്തായെയും മറിയത്തെയും സന്ദര്‍ശിക്കുന്ന ഈശോ - ആരെയാണ് മോഹിപ്പിക്കാതിരിക്കുക! അവന് തിരക്കിന്‍റെ ബഹളങ്ങളില്ല അതാണ് കരുണ. സിനഗോഗില്‍നിന്നും പത്രോസിന്‍റെ വീട്ടിലെത്തിയ യേശു പനിച്ചൂടിലെരിയുന്ന "പത്രോസിന്‍റെ അമ്മായിയമ്മയുടെ കൈയ്ക്ക് പിടിച്ചെഴുന്നേല്പിച്ച് പനിയെ ശാസിച്ച് സൗഖ്യമാക്കി" (മര്‍ക്കോ. 1:31) പിന്നെ ആ അമ്മയ്ക്ക് അവനെ ശുശ്രൂഷിക്കാതിരിക്കാനാവുമോ? അമ്മമനസ്സറിയുന്ന യേശുവിന് ആ ശുശ്രൂഷയുടെ കൂളിംഗ് എത്ര സ്വീകാര്യമായിരുന്നു! കരുണയുടെ കാവല്‍ക്കാരാകേണ്ടവര്‍ ഇന്ന് busy workoholics  ഒരു തരം aggressive busy അല്പമൊന്ന് കാത്തുനിന്ന് ഉയിര് കുളിച്ച് കയറുന്നത് കാണാന്‍ - ജീവന്‍ സമൃദ്ധി ചൊരിയാന്‍ - ഉപദേശങ്ങള്‍ തുള്ളി തുള്ളിയായി വീഴ്ത്താതെ - സങ്കടങ്ങളെ പെയ്തിറക്കാന്‍ ഒരു DOT ചികിത്സ - Direct Observation Treatment നല്കാന്‍ സാധിക്കാതെ പോകുന്ന busy life.. മറുപടിയില്ലാത്ത ഇ-മെയില്‍സ്, അറ്റന്‍ഡ് ചെയ്യാതെ വിട്ടുകളയുന്ന ഫോണ്‍ കോളുകള്‍, പ്രതികരിക്കാതെ മിസ്ഡ് കോളുകള്‍ ഇവയൊക്കെയും "എനിക്കു മനസ്സുണ്ട്. എനിക്ക് നിന്നെ ശുദ്ധനാക്കാന്‍ കഴിയും" എന്ന് പ്രതികരിച്ച യേശുവിന്‍റെ കരുണയ്ക്ക് വിരുദ്ധം തന്നെ.

സൗഹൃദം കരുണയാണെന്നു തിരിച്ചറിയണം. സ്ത്രീ-പുരുഷ സൗഹൃദത്തിന്‍റെ പ്രോ-ആക്ടീവ് രൂപം ഫ്രാന്‍സീസ് - ക്ലാര ബന്ധത്തിലുണ്ട്. ഫ്രാന്‍സീസിന്‍റെ മരണസമയം - ജക്കോബാ സഹോദരിയുണ്ടാക്കിയ ആല്‍മണ്ട് കേക്ക് കഴിക്കാനുള്ള ഫ്രാന്‍സീസിന്‍റെ ആഗ്രഹം - കണ്ണുകളെ ഈറനണിയിക്കുന്നു. ഇറ്റലി യാത്രയില്‍, ഫ്രാന്‍സീസ് ജക്കോബായുടെ വിഭവങ്ങളുടെ രുചിഭേദങ്ങള്‍ അറിഞ്ഞിട്ടുണ്ട്. അവള്‍ക്കും എല്ലാ സ്ത്രീകള്‍ക്കും കാലാതിവര്‍ത്തിയായി ഫ്രാന്‍സീസിനെക്കുറിച്ചുള്ള ഓര്‍മ്മയുടെ സമ്മാനമാണ് ഈ ആഗ്രഹം. മറയില്ലാത്ത ഇത്തരം സൗഹൃദങ്ങളെ എന്തുകൊണ്ട് പ്രോത്സാഹിപ്പിച്ചുകൂടാ? സ്ത്രീ മനസ്സിന്‍റെ കരുണയ്ക്ക് അംഗീകാരം നല്കുന്നതും കരുണയാണ്.

പഠിപ്പിച്ച കുട്ടികളുടെ എത്രയോ അമ്മമാര്‍ കരുണ തൂകി മനസ്സില്‍ നിറഞ്ഞു നില്ക്കുകയാണ്. ദുരിതക്കയത്തിലും. പീഡനങ്ങളിലും, വിശപ്പിന്‍റെ ദൈന്യതയിലും ഭര്‍ത്താക്കന്മാരെ കുറ്റപ്പെടുത്താതെ, മക്കളെ നോവറിയിക്കാതെ, ഏങ്ങലുകള്‍ വിഴുങ്ങിക്കഴിയുന്ന അമ്മമാര്‍. യേശുവിന്‍റെ കരുണയെ ചേര്‍ത്തുപിടിക്കുന്നവരാണവര്‍. മദ്യപിച്ച് മദിച്ച് വരുന്നവരെ ഉറക്കമിളച്ച് ആവി പറക്കുന്ന ചൂടുചോറുമായി കാത്തിരിക്കുന്ന നന്മസ്വരൂപങ്ങള്‍. ഒരു സ്ത്രീ സഖിയായുള്ളവന് തണുത്ത അത്താഴം കഴിക്കേണ്ടി വരില്ല. തിബേരിയൂസ് കടല്‍ത്തീരത്ത് അടുപ്പ് കൂട്ടി കനലില്‍ ചുട്ട മീനുമായി "കുഞ്ഞുങ്ങളേ പ്രാതല്‍ കഴിക്കാം" എന്ന യേശുവിന്‍റെ വിളിക്ക് സ്ത്രീകളുടെ കാത്തിരിപ്പിന്‍റെയും കരുതലിന്‍റെയും മൃദുലതയുടെയും ഭാഷ്യമാണുള്ളത്. എത്ര ഹൃദ്യമാണ് തിബേരിയൂസ് രംഗം!

കരുണയുടെ മനസ്സ് തുറക്കാമിനി. നീതിയും കരുണയും ഇനി ഒരുമിച്ചു പോകട്ടെ. ഏതു കാര്‍ക്കശ്യത്തിലും സ്നേഹം, മൃദുലത, ധാരണ എന്നീ കരുണാമയ ഭാവങ്ങള്‍ ഫലം ചൂടട്ടെ. യേശുവിന്‍റേതുപോലെ കരുണാസ്പര്‍ശം നല്കാന്‍ നമ്മുടെ കരങ്ങള്‍ നീളട്ടെ. ഹൃദയം ഉണരട്ടെ. കരുണയിലേക്ക് ഒരു മടക്കയാത്രയാവാം. ശത്രുക്കളോടുപോലും സ്നേഹത്തിന്‍റെ കരുണ നല്കുമ്പോള്‍ ജീവിതം വിമലീകരിക്കപ്പെടും. ജനുവരി 12 ന് പ്രസാധനം ചെയ്യുന്ന ഫ്രാന്‍സീസ് പാപ്പായുടെ പുസ്തകത്തിന്‍റെ പേരാണ് - "ദൈവത്തിന്‍റെ പേര് കാരുണ്യം". ഇത് നമ്മുടെയും പര്യായപദമാകട്ടെ.

കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍, ജീവന്‍ ബലികഴിച്ചും തൊഴിലാളികളെ രക്ഷിക്കാനിറങ്ങി മരണം കൈവരിച്ച നൗഷാദ് കരുണയുടെ പര്യായമാണ്. നൗഷാദിന് ആദരാഞ്ജലികള്‍!

You can share this post!

ഫ്രാന്‍സിസിന്‍റെ അസ്സീസിയില്‍

സക്കറിയ
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts