ആഗമനകാലം അവസാനിക്കുന്നത് മിശിഹായുടെ വരവിലൂടെയാണ്. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം മിശിഹായുടെ ആഗമനമാണ് യേശുക്രിസ്തുവിന്‍റെ ജന്മം. എന്നാല്‍ യഹൂദര്‍ ഇപ്പോഴും അവന്‍റെ വരവ് കാത്തിരിക്കുന്നു. ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കും അവന്‍ എന്നിലേക്കും നമ്മിലേക്കും വരാനുണ്ട്, കാത്തിരിക്കാനുണ്ട്.
അവന്‍റെ വരവ് വാഗ്ദാനത്തിന്‍റെ പൂര്‍ത്തീകരണമാണ് - വാഗ്ദാനമാണ് വന്നത്; വാഗ്ദാനം രക്ഷയാണ്. ഭാവി അങ്ങനെ കാത്തിരിപ്പിന്‍റെയും രക്ഷയുടെയും വരവിന്‍റെയുമാകുന്നു. ആ വിധത്തില്‍ വരുന്നതു വചനമാണ്, വാക്ക്. വാക്കു പാലിക്കാന്‍ വരുന്നു. വാക്ക് ദാനമായി വന്നു വീഴുന്നതാണ്. വാക്ക് ചരിത്രത്തില്‍ വീണു ചരിത്രത്തെമാറ്റുന്നു; എന്‍റെ ചരിത്രത്തെയും എന്‍റെ മനസ്സിനെയും മനുഷ്യരുടെ ചരിത്രത്തെയും.
ജോമിട്രിയുടെ ഉല്പത്തിയെക്കുറിച്ച് എഡ്മണ്ട് ഹുസ്സേല്‍ പ്രൗഢമായ പഠനമെഴുതി. മരണശേഷം അതു പ്രസിദ്ധീകരിച്ചപ്പോള്‍ അതിന് ദീര്‍ഘമായ ആമുഖമെഴുതിയതു ഡെറീഡയാണ്. ജോമിട്രി ഇടത്തിന്‍റെ ഗണിതമാണ്. ഇടത്തിന്‍റെ രൂപങ്ങളുടെ അനുഭവത്തില്‍ നിന്നു നിര്‍ദ്ധാരണം ചെയ്താണ് അതിന്‍റെ ഭാഷയുണ്ടാക്കുന്നത്. ആ ഭാഷയാണ് നമ്മുടെ ജീവിതത്തിന്‍റെ ഇടങ്ങളെ പിന്നീട് വിപ്ലവാത്മകമായി മാറ്റുന്നത്. ശാസ്ത്രീയത ശാസ്ത്രത്തിന്‍റെ ഭാഷയിലുള്ള വിശ്വാസവുമാണ്. ചരിത്രത്തിലേക്കു ശാസ്ത്രഭാഷ കടന്നു ചരിത്രത്തെ മാറ്റിമറിച്ച ലോകമാണ് നമ്മുടേത്. അത് ഭാഷയുടെ വിപ്ലവാത്മകതയാണ്. ചങ്ങമ്പുഴയുടെ വാഴക്കുലയുടെയും തകഴിയുടെ തോട്ടിയുടെ മകന്‍റെയും സാഹിത്യഭാഷ സമൂഹത്തിന്‍റെ കാഴ്ചപ്പാടുകളെ മാറ്റിക്കൊണ്ടിരിക്കുന്നു. ഇവിടെയൊക്കെ വാഗ്ദാനങ്ങളാണ് ശാസ്ത്രജ്ഞനും കവിയും മനുഷ്യര്‍ക്കു നല്കുന്നത്.
വാഗ്ദാനങ്ങളുടെ വരവ് രക്ഷയുടെ വരവാണ്. സാര്‍വ്വത്രികമായ വാഗ്ദാനങ്ങളുടെ ഘടനയെയാണ് നാം മിശിഹാക്കടുത്തത് എന്നു പറയുന്നത്. ഓരോ തവണയും ഞാന്‍ വായ് തുറക്കുമ്പോള്‍ ഞാന്‍ വാഗ്ദാനങ്ങള്‍ നല്കുന്നു; ഞാന്‍ എഴുതുമ്പോഴും ഇതുതന്നെ നടക്കുന്നു. ഞാന്‍ നുണ പറയുമ്പോഴും സത്യം പറയുന്നു എന്ന വാഗ്ദാനത്തിലാണ് അതു ചെയ്യുന്നത്. പലതരം വര്‍ത്തമാനത്തില്‍ ഒരു തരമല്ല വാഗ്ദാനം. എല്ലാ ഭാഷണത്തിലും വാഗ്ദാനമുണ്ട്. വാഗ്ദാനം രക്ഷയുടെ വരവാണ്. അത് അപരനാണ്, പേരില്ലാത്തവനാണ്.
മത്തായിയുടെ സുവിശേഷത്തില്‍ അന്ത്യവിധിയുടെ വിവരണത്തില്‍ പറയുന്നതുപോലെ "നീതിയുടെ" അവകാശവും ചോദിച്ചാണ് അപരന്‍ വരുന്നത്. രക്ഷ നല്കുന്ന അവന്‍ ചോദിക്കുന്നതു നീതിയാണ്; അതിന്‍റെ ആതിഥ്യമാണ്. അതു സമാധാനവും കാരുണ്യവും ചോദിക്കും. ഭാരത സംസ്കാരത്തിന്‍റെ, പരിപ്രേക്ഷ്യത്തില്‍ അപരന്‍ മുമ്പില്‍ വന്നു ചോദിക്കുന്നതു "ധര്‍മ്മം തരണേ" എന്നാണ്. രക്ഷയുടെ വരവ് ധര്‍മ്മവും ചോദിച്ചുകൊണ്ടാണ്.
ഈ ക്രിസ്തുമസ്സിന്‍റെ മറ്റൊരു പ്രത്യേകത ഫ്രാന്‍സിസ് മാര്‍പാപ്പ കാരുണ്യവര്‍ഷത്തിന്‍റെ വാതായനങ്ങള്‍ തുറക്കുന്നു എന്നതാണ്. കാരുണ്യത്തിന്‍റെ വാഗ്ദാനമാണ് സഭ നടത്തുന്നത്. കാരുണ്യത്തിന്‍റെ വരവിനു സഭ വാതില്‍ തുറക്കുന്നു. എന്‍റെ കാരുണ്യ വാഗ്ദാനം എന്‍റെ ആന്തരികതയില്‍ നിന്നാണ് വരുന്നത്. മനുഷ്യജീവിതത്തില്‍ വിലപ്പെട്ടതൊക്കെ ആന്തരികതയുടെ ദാനമാണ്. ഞാന്‍ കരുണ വാഗ്ദാനം ചെയ്യുമ്പോള്‍ അത് എന്നെ കൊടുക്കാനുള്ള വാഗ്ദാനമാണ്. സഭ കാരുണ്യം നല്കുന്നു, വാഗ്ദാനം നടത്തുന്നു. കാരുണ്യം ദാനമാണ്. അത് അര്‍ഹത നോക്കി കൊടുക്കുന്നതല്ല. അതു ദാനമായി നല്കുന്നു. അങ്ങനെ കൊടുക്കുന്നതു ഡറീഡ എഴുതിയതുപോലെ സ്വന്തം ജീവിതവും ജീവനും കൊടുക്കലാണ് - മരണ സമര്‍പ്പണമാണ്. ഞാന്‍ നിനക്കായി എന്‍റെ ജീവിതകാണ്ഡം വച്ചു നീട്ടുന്നു.
ആധുനിക മനുഷ്യന്‍റെ ജീവിതം നിയമങ്ങളാല്‍ വരിഞ്ഞു മുറുക്കപ്പെട്ടതാണ്. രാഷ്ട്രീയത്തിന്‍റെ സിവിലും ക്രിമിനലുമായ നിയമങ്ങള്‍, സഭയുടെ കാനോന്‍ നിയമം, രൂപതയുടെ നിയമാവലി, ഇടവകയുടെ നിയമങ്ങള്‍. ഒരച്ചന്‍ ചോദിച്ചു ഒരു സഭാ സമ്മേളനത്തില്‍, "കൊന്ത പൊട്ടിപ്പോയാല്‍ അത് എന്തു ചെയ്യണമെന്നു നിയമ സംഹിതയില്‍ ഇല്ലല്ലോ?" ജീവിതത്തിന്‍റെ ഒരു മണ്ഡലവും നിയമമില്ലാതെ വെറുതെ ഇടരുത് എന്ന വല്ലാത്ത നിയമ വ്യഗ്രതയുണ്ട്. സഭയ്ക്കും ഈ വ്യഗ്രത കുറച്ചൊന്നുമല്ല. ഈ നിയമങ്ങളുടെ മണ്ഡലത്തിലാണ് കരുണയുടെ വാതില്‍ തുറക്കുന്നത്. അങ്ങനെ തുറക്കാന്‍ നിവൃത്തിയില്ലാത്ത വിധം നിയമ തടസ്സങ്ങളാണ്. അവിടെ കാരുണ്യം അപകടം പിടിച്ച പണിയാണ്. നിയമങ്ങളുടെ മുമ്പില്‍ കണടച്ചാല്‍ വിപ്ലവകാരിയാകും.
ഈ വ്യഗ്രത കണ്ടിട്ടായിരിക്കുമോ ഹെല്‍ഡര്‍ലിന്‍ ഈ കവിത കുറിച്ചത് എന്നറിയില്ല.
"നാം ബോധമില്ലാത്ത രാക്ഷസരായിരിക്കുന്നു.
നാം വേദനയ്ക്കു പുറത്തു കഴിയുന്ന
അന്യദേശത്ത് നമ്മുടെ നാവുകള്‍
നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു."
വേദനയറിയാത്തവന് കാരുണ്യം കാണിക്കാനാവില്ല. രാക്ഷസര്‍ കാരുണ്യം കാണാത്തവരാണ്. മനുഷ്യത്വത്തിന്‍റെ നാവിറങ്ങിപ്പോയവര്‍. മനുഷ്യന് നാവു നഷ്ടമാകുമ്പോള്‍ വാഗ്ദാനം പറ്റില്ല, അയാള്‍ ഭാഷയില്ലാതെ ഒറ്റയാനായി മാറുന്നു - ഭയപ്പെടേണ്ട ഒറ്റയാന്‍.
നമുക്കു നാവു നഷ്ടപ്പെടുന്ന നാട് ചന്തയാണ്. പക്ഷേ. ചന്തയല്ലേ കലപില വായാടിത്തത്തിന്‍റെ വേദി? അവിടെ ആളുകള്‍ക്ക് ആയിരം നാക്കാണ്. ചന്ത വായാടികളുടെ മണ്ഡലമാണ്. പിന്നെ നാവ് ഇറങ്ങിപ്പോകുന്നത് എങ്ങനെ? ഹൈഡഗര്‍ എന്ന ചിന്തകന്‍ സംഭാഷണം (Rede) വാചകമടി (Grrede) എന്ന രണ്ടു തരം ഭാഷണത്തെക്കുറിച്ചു പറയുന്നു. രണ്ടാമത്തേത് അലസമായ വെടിപറച്ചിലാണ്. അത് കിംവദന്തികളും വെറും വാചക കസര്‍ത്തുകളുമാണ്. അതില്‍ ഉത്തരവാദിത്വമോ പറയുന്നവനെക്കുറിച്ചുള്ള ശ്രദ്ധയോ ഇല്ല. അതു നാവിന്‍റെ വെറും പെരുമ്പറയടിയാണ്. ചന്ത ഈ കച്ചവടത്തിന്‍റെ പൊളിവാക്കിന്‍റെ വേദിയാണ്. അവിടെ ഭാഷണം തന്ത്രത്തിന്‍റെയാണ്. വൈശികതന്ത്രം, വേശ്യാവൃത്തി വിജയകരമായി നടത്താനുള്ള കാപട്യത്തിന്‍റെ ഭാഷണം. ആ നാട്യഭാഷയില്‍ ആത്മാവില്ല, ആത്മാര്‍ത്ഥതയില്ല, ആന്തരികതയില്ല. അപരനെ ഭാഷണത്തില്‍ ചൂഷണം ചെയ്യാനുള്ള പൊങ്ങച്ച ഭാഷ. ആ ഭാഷയാണ് കമ്പോളത്തിന്‍റെ പരസ്യഭാഷ. പരസ്യങ്ങളുടെ വാഗ്ദാനത്തില്‍ ആരും വിശ്വസിക്കാറില്ല. കാരണം അതു പൊള്ളയാണ്, കാരണം അതു ചരക്കിന്‍റെ വശ്യമായ പൊതിച്ചിലാണ്. കമ്പോളം ഇപ്പോള്‍ എല്ലായിടത്തുമാണ്. വിശുദ്ധ വേദികളില്‍ പോലും കമ്പോളം കയറിക്കഴിഞ്ഞു. അതോടെ കമ്പോള ഭാഷ വിശുദ്ധ വേദിയിലേക്കും കടന്നു.
മാര്‍പാപ്പയുടെ കാരുണ്യവര്‍ഷത്തിന്‍റെ ഭാഷ വാഗ്ദാനമാണ് - പക്ഷേ അതു വാഗ്ദാനങ്ങളുടെ പൊള്ളയായ പൊതിച്ചിലിന്‍റെ പരസ്യം മാത്രമായി അധഃപതിക്കാം. അഹത്തിന്‍റ ആധിപത്യത്തിനും സ്തുതിക്കും പുകഴ്ചയ്ക്കും വേണ്ടിയുള്ള തമ്പേറടിയായി ഭാഷണം മാറുമ്പോള്‍ അത് അന്യമായി വിശ്വസിക്കാന്‍ കൊള്ളാത്തതാകും. കാരണം അത് ആത്മാവിനെ സ്പര്‍ശിക്കുന്നില്ല. ആത്മപരിപാലനം പരിശീലിക്കാത്ത സമൂഹത്തില്‍ നിന്നും വ്യക്തിയില്‍ നിന്നും പുറപ്പെടുന്നതില്‍ ആത്മാവുണ്ടായിരിക്കുകയില്ല. കമ്പോളത്തിന്‍റെ ഫാഷനനുസരിച്ച് ആത്മാവിനെ എഡിറ്റ് ചെയ്തവരുടെ ഭാഷയില്‍ കാരുണ്യവും ഒരു കച്ചവടച്ചരക്കാകും.
കാരുണ്യത്തിന്‍റെ പൊയ്മുഖങ്ങള്‍ ധാരാളമുണ്ടാകും, അതിന്‍റെ പരസ്യങ്ങളും ഇഷ്ടം പോലെ, അതിന്‍റെ വിഗ്രഹങ്ങളും അനവധി. പക്ഷേ, കാരുണ്യം മാത്രം വരാനില്ലാതാകുമ്പോള്‍ കഷ്ടകാലം പിറക്കുന്നു - ദൈവത്തിന്‍റെ അസാന്നിദ്ധ്യത്തിന്‍റെ കഷ്ടകാലം. കരുണയുടെ വാഗ്ദാന ചരക്കുകള്‍ വന്നുകൊണ്ടിരിക്കും. അപ്പോള്‍ കാരുണ്യത്തിന്‍റെ കച്ചവടക്കാരില്‍ വിശ്വാസം നഷ്ടപ്പെടും, ഭാഷ അശുദ്ധമാകും.
ബൈബിളിന്‍റെ പ്രാഥമിക വെളിപാട് വാക്കിന്‍റെയാണ്. വാക്ക് മാംസം ധരിക്കുന്ന വാഗ്ദാനം. അതു ഭാഷണത്തെ ഉത്തരവാദിത്വ പൂര്‍ണ്ണമാക്കുന്നു. വാക്കുകള്‍ മണല്‍ക്കാട്ടിലെ ഊഷരമായ കാറ്റ് ഒന്നും മുളപ്പിക്കാതെ കടന്നുപോകുമ്പോള്‍ ഒന്നു മാത്രമാണ് കരണീയം. മൗനം, മൗനം കൊണ്ട് വാചകമടിക്കാരെ നേരിടുക. മാധ്യമ ഭ്രാന്ത് പിടിച്ചവരെ അരങ്ങിലേക്കു തന്നെ വിടുക - അവര്‍ ചന്തയുടെ അധിപന്മാരാകട്ടെ. അഹത്തിന്‍റെ പെരുമ്പറ കുത്തിപ്പൊട്ടിക്കുക. ആത്മാവ് മൗനമായി കണ്ണീര്‍ പൊഴിക്കട്ടെ. കണ്ണീരു കൊണ്ടു പണിതുണ്ടാക്കുന്ന സത്യം സാക്ഷ്യം നിര്‍വ്വഹിക്കട്ടെ. പ്രകാശരശ്മിയുടെ കാലൊച്ച നീ കേള്‍ക്കുന്നുണ്ടോ? കണ്ണടയ്ക്കുമ്പോള്‍ ഇമ പൂട്ടുന്നതിന്‍റെ ശബ്ദം നീ കേട്ടോ? നിന്‍റെ രക്തചംക്രമണത്തിന്‍റെ ഇരമ്പല്‍ നീ കേള്‍ക്കുന്നുണ്ടോ? അതു കേള്‍ക്കാനായി കണ്ണും വായുമടച്ച് കാത്തിരിക്കുക. അതു കേട്ടാല്‍ നീ കണ്ണു തുറക്കുക, കണ്ണീരോടെ നോക്കുക. അപ്പോള്‍ നിന്‍റെ കണ്ണീരിലൂടെ കരുണ ഒഴുകിയിറങ്ങും - അത് ഒരു ചരക്കല്ല. നിന്‍റെ ശുദ്ധമാക്കപ്പെട്ട ആത്മാവാണ് - അതു നീ കൊടുക്കുക.