വില കൂടിയ കോട്ടും സ്യൂട്ടും ധരിച്ച് വരന്‍റെ കൂട്ടുകാര്‍ ബാന്‍ഡ് മേളത്തിന് മുന്നില്‍ ആടിക്കളിക്കുന്നതിന്‍റെ ഇടയില്‍ വെളുത്ത തലപ്പാവണിഞ്ഞ ഒരു സര്‍ദാര്‍ജി അഞ്ഞൂറ് രൂപയുടെ നോട്ട് വായുവില്‍ കറക്കിക്കൊണ്ട് നൃത്തം വെച്ചു.
കുതിരപ്പുറത്ത് ഇരിക്കുന്ന വരന്‍റെ മുഖം മറച്ച മൂടുപടത്തിന്‍റെ ചുവപ്പു കസവ്, അരികില്‍ നില്ക്കുന്ന പയ്യന്‍ ഉയര്‍ത്തിപ്പിടിച്ച വെളുത്ത ദീപപ്രഭയില്‍ തിളങ്ങുന്നുണ്ടായിരുന്നു.
ബാന്‍ഡ് മേളം മുറുകിക്കൊണ്ടിരുന്നു. ഡ്രംസ് കൊട്ടുന്ന മൂന്നുനാലു പേര്‍, ബ്യൂഗിള്‍ വായിക്കുന്ന രണ്ട് പേര്‍, നീങ്ങുന്ന വാഹനത്തിന്‍റെ പുറകില്‍ കീ ബോര്‍ഡ് വായിക്കുന്ന വേറൊരാള്‍. ദീപാലങ്കാരങ്ങള്‍ കൊണ്ട് നടക്കുന്ന നാലഞ്ച് പയ്യന്മാര്‍. കറുത്ത ചെറിയ ബാഗ് കക്ഷത്തില്‍വെച്ച് ചുറ്റും നോക്കിക്കൊണ്ട് വേറൊരാള്‍. ഇതായിരുന്നു അവരുടെ സംഘം.
സ്വര്‍ണ്ണ ചെയിന്‍ ധരിച്ച ഒരാള്‍ വരന്‍റെ മുന്നില്‍ വന്ന് കുറെ പത്തു രൂപയുടെ നോട്ടുകള്‍ വരന്‍റെ മുഖത്തിന് ചുറ്റും ആരതി ഉഴിയുന്നതുപോലെ കറക്കി, മേളത്തിന്‍റെ ഇടയിലേക്ക് വീശിയെറിഞ്ഞു. ബാന്‍ഡ് സംഘത്തിലെ ബാഗ് പിടിച്ച ആള്‍ ഉടനെ റോഡിലേക്ക് ഇരുന്ന് നിലത്തു വീഴുന്ന നോട്ടുകള്‍ പെറുക്കാന്‍ തുടങ്ങി. ഇടയ്ക്കിടെ മദ്യലഹരിയില്‍ ആടിക്കളിക്കുന്നവരുടെ ഷൂവിട്ട കാലുകള്‍ അയാളുടെ കൈകളില്‍ ചവിട്ടുന്നുണ്ടായിരുന്നു. അതൊന്നും വകവെക്കാതെ അയാള്‍ ആ നോട്ടുകള്‍ വാരി ബാഗിലാക്കി. അയാള്‍ കാണാതെ പോയ നോട്ടുകള്‍ സംഘത്തിലെ ചിലര്‍ ചൂണ്ടിക്കാണിച്ചു കൊടുത്തു.
വാഹനവും കുതിരയും നൃത്ത സംഘവും ദീപങ്ങളും പതുക്കെ പതുക്കെ റോഡിലൂടെ നീങ്ങിക്കൊണ്ടിരുന്നു.
ബ്യൂഗിള്‍ വായിച്ചു കൊണ്ടിരുന്ന സുധാകറിന്‍റെ കണ്ണുകള്‍ സര്‍ദാര്‍ജിയുടെ കയ്യിലെ നോട്ടിന്‍റെ വൃത്തത്തില്‍ ഇളകി. ഒരു മണിക്കൂറോളമായി ഊതുന്നത് കൊണ്ടാവാം, അയാളുടെ തൊണ്ടക്കുഴിയില്‍ ശ്വാസം വിലങ്ങി നിന്നു. അയാളായിരുന്നു ആ സംഘത്തിലെ ഏറ്റവും മുതിര്‍ന്നയാള്‍.
'ഒരു നൂറു രൂപയുണ്ടെങ്കില്‍ കുഞ്ഞിന് മരുന്ന് വാങ്ങാം.', വൈകിട്ട് ബ്യൂഗിള്‍ കയ്യിലെടുത്ത് ചേരിയിലെ തകര ഷീറ്റ് മേഞ്ഞ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പദ്മ പറഞ്ഞു. ഒന്ന് മൂളി എന്ന് വരുത്തി ഇറങ്ങുമ്പോള്‍ മുന്നിലെ മഴവെള്ളവും ചെളിയും നിറഞ്ഞ ചാലില്‍ കാലൊന്ന് തെന്നി.
വിവാഹമേളങ്ങള്‍ക്ക് പോവുമ്പോള്‍ വായുവില്‍ പറന്നു വീഴുന്ന നോട്ടുകള്‍ മേളക്കാര്‍ക്ക് സ്വന്തമാണ്. അതു കൊണ്ട് തന്നെ മേളം കൂടുതല്‍ കൊഴുത്താല്‍ കൂടുതല്‍ വരുമാനം കിട്ടും.
സര്‍ദാര്‍ജി ഓരോ മേളക്കാരുടെയും മുന്നില്‍ ചെന്ന് നോട്ട് കണ്മുന്നില്‍ വീശി.
'പോരാ, പോരാ..', സര്‍ദാര്‍ജി പറഞ്ഞു കൊണ്ടിരുന്നു.
ഡ്രംസ് കൊട്ടുന്നവര്‍ ശക്തി കൂട്ടി. ഡ്രംസ് കഴുത്തില്‍ തൂക്കിയിട്ട ഒരു മേളക്കാരന്‍ കുനിഞ്ഞ് കുനിഞ്ഞ് മുതുക് ഇപ്പോള്‍ ഒടിയും എന്ന മട്ടിലായി. എല്ലാവരുടെയും കണ്ണുകള്‍ ആ നോട്ടില്‍ ആയിരുന്നു. സുധാകര്‍ ശ്വാസം മൊത്തം വലിച്ചു കയറ്റി ഊതാന്‍ തുടങ്ങി.
തൊണ്ട പൊട്ടി എന്ന് തോന്നിയ നിമിഷത്തില്‍ സര്‍ദാര്‍ജി അഞ്ഞൂറിന്‍റെ നോട്ട് കറുത്ത ബാഗുകാരന്‍റെ കയ്യിലേക്ക് കൊടുത്തു. എല്ലാ മേളക്കാരുടെയും മുഖം ഒന്ന് തെളിഞ്ഞു.
കുപ്പിയില്‍ നിറച്ച വെള്ളം സുധാകര്‍ വായിലേക്ക് കമഴ്ത്തി. വെള്ളം ഒരു എരിച്ചിലോടെ നെഞ്ചിലൂടെ താഴോട്ട് ഇറങ്ങി. അപ്പോഴേക്കും കീ ബോര്‍ഡില്‍ അടുത്ത താളം മുറുകിത്തുടങ്ങി.
ക്ഷീണം ഒന്ന് മാറി എന്ന് തോന്നിയപ്പോള്‍ ഒരു ശബ്ദം. 'ക്ഷീണിച്ചോ?', അയാള്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ സര്‍ദാര്‍ജി വീണ്ടും. കയ്യില്‍ അഞ്ഞൂറ് രൂപയുടെ ഒരു നോട്ട് നീട്ടിപ്പിടിച്ചിരിക്കുന്നു.
'നിങ്ങള്‍ക്ക് വയസ്സായല്ലോ. ഈ പൈസ നിങ്ങള്‍ക്ക് ഇരിക്കട്ടെ. എന്‍റെ വക ഒരു സമ്മാനം..'
അയാളുടെ കണ്ണുകള്‍ ഒന്നു വിടര്‍ന്നു. അയാള്‍ ആ പൈസയ്ക്കായി കൈ നീട്ടി.
'ആദ്യം താന്‍ ബ്യൂഗിള്‍ വായിക്ക്. കേള്‍ക്കട്ടെ. നന്നായാല്‍ ഈ പൈസ നിങ്ങള്‍ക്ക്.', സര്‍ദാര്‍ ലഹരിയില്‍ മയങ്ങിയ കണ്ണുകളോടെ പറഞ്ഞു. ആ നോട്ടു കൊണ്ട് സുധാകറിന്‍റെ ബ്യൂഗിളില്‍ സര്‍ദാര്‍ തലോടി.
അയാള്‍ ബ്യൂഗിള്‍ ചുണ്ടോട് ചേര്‍ത്തു. അകത്തേക്ക് വലിച്ച ശ്വാസം ഉള്ളില്‍ എവിടെയൊക്കെയോ വേദനകള്‍ പടര്‍ത്തുന്നു. കീ ബോര്‍ഡില്‍ പുതിയ പാട്ടിന്‍റെ വേഗമാര്‍ന്ന താളങ്ങള്‍. ചുറ്റും ആളുകളുടെ ചടുലമായ ചുവടുകള്‍.
സുധാകര്‍ കണ്ണടച്ച് ബ്യൂഗിള്‍ ഊതാന്‍ തുടങ്ങി. സര്‍ദാര്‍ അയാളുടെ കവിളില്‍ നോട്ട് കൊണ്ട് താളത്തില്‍ തട്ടിക്കൊണ്ടിരുന്നു.
'സബാഷ്.. ഇനിയും ഉറക്കെ, ഇനിയും ഉറക്കെ..', സര്‍ദാര്‍ പ്രോത്സാഹിപ്പിച്ചു.
അയാളുടെ അകക്കണ്ണില്‍ തണുത്ത തറയില്‍ തളര്‍ന്നു ഉറങ്ങുന്ന മകളും, അഞ്ഞൂറിന്‍റെ ഒരു നോട്ടിന്‍റെ സ്പര്‍ശനവും മാത്രം. അയാള്‍ ഉള്ള ശക്തി മുഴുവന്‍ സമാഹരിച്ച് ബ്യൂഗിള്‍ വായിച്ചു. നിമിഷങ്ങള്‍ക്ക് വേഗത കുറഞ്ഞതുപോലെ.
ഇടക്കെപ്പോഴോ നെഞ്ചിലെ വേദന കൂടിയപ്പോള്‍ അയാള്‍ കണ്ണുകള്‍ തുറന്നു. ചുറ്റും തിരിച്ചറിയാന്‍ കഴിയാത്തപോലെ മങ്ങിയിരുന്നു. ദീപങ്ങളുടെ വെള്ളിവെളിച്ചവും, നൃത്തം ചെയ്യുന്നവരുടെ ചുവടുവെയ്പുകളും, താളമേളങ്ങളും ഇടകലര്‍ന്ന് നിറക്കൂട്ടുകള്‍ മാത്രം കണ്ണിന് മുന്നില്‍. ഇരുട്ട് കൂടിയതാണോ അതോ കാഴ്ച മങ്ങിയതാണോ.
അവ്യക്തമായി കാണുന്ന സര്‍ദാറിന്‍റെ മുഖത്തേക്ക് അയാള്‍ ദയനീയമായി കൈ നീട്ടി.
'ഇനിയും..ഇനിയും..', സര്‍ദാര്‍ മുരണ്ടു.
അവശേഷിച്ച ജീവനില്‍ പിടിച്ചു തൂങ്ങി അയാള്‍ ബ്യൂഗിളിലേക്ക് തന്‍റെ അവസാന ശ്വാസവും ഊതിക്കയറ്റി.
സുധാകറിന്‍റെ മുഖത്തെ ഭാവഭേദങ്ങള്‍ കണ്ടിട്ടാണോ എന്തോ, പിഞ്ഞിത്തുടങ്ങിയ, ബട്ടണുകള്‍ വിട്ടു തുടങ്ങിയ അയാളുടെ ബാന്‍ഡ് വേഷത്തിന്‍റെ പോക്കറ്റിലേക്ക് സര്‍ദാര്‍ ആ നോട്ട് തിരുകിവെച്ച് കൊടുത്തു. എന്നിട്ട് തിരിഞ്ഞ് കൈകള്‍ വായുവിലേക്ക് ഉയര്‍ത്തി ഡാന്‍സ് തുടര്‍ന്നു.
നെഞ്ചിന്‍റെ ഏതൊക്കെയോ കോണുകളില്‍ കൊളുത്തിപ്പിടിക്കുന്ന വേദനയോടെ, സുധാകര്‍ ആ ഇരുട്ടിലേക്ക് ചരിഞ്ഞ് വീണു.
താഴെ പത്തു രൂപ നോട്ടുകള്‍ ചിതറിക്കിടക്കുന്ന പരുപരുത്ത ടാറിട്ട നിരത്തിലേക്ക് കുഴഞ്ഞു വീഴുമ്പോള്‍ സുധാകറിന്‍റെ ബ്യൂഗിള്‍ കയ്യില്‍ നിന്നും ഊര്‍ന്ന് തെറിച്ചുവീണു. അയാളുടെ ഒരു കൈ അപ്പോഴും പോക്കറ്റിലെ നോട്ടില്‍ അമര്‍ത്തിപ്പിടിച്ചിരുന്നു.