ഭൂമിയുടെ ജൈവികതയ്ക്ക് ഏകാധിപതിയായി മനുഷ്യന്‍ വാഴുകയും, മറ്റവകാശികള്‍ തനിക്കൊപ്പമോ താഴെയോ നിലനില്‍ക്കാതിരിക്കാന്‍ ബോധപൂര്‍വ്വമായ അവന്‍റെ ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്ന കാലത്ത്, വൈറ്റ് ഗോഡ് (WHITE GOD) (2014) എന്ന ഹംഗേറിയന്‍ സിനിമ ഏറെ പ്രസക്തമാകുന്നു. കോര്‍ണന്‍ മണ്‍ഡ്രൂസോയുടെ സംവിധാന മികവില്‍ പുറത്തിറക്കിയ ഈ ചലച്ചിത്രം, ഒട്ടും സങ്കീര്‍ണമല്ലാത്ത ആവിഷ്കാരശൈലിയിലൂടെ, സങ്കീര്‍ണ്ണമല്ലാത്ത ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അതിന്‍റെ ദൗത്യം പൂര്‍ത്തീകരിക്കുന്ന ഒന്നാണ്. മനുഷ്യനും, അവനോട് ഏറ്റവുമിണങ്ങുന്ന വളര്‍ത്തുമൃഗമായ നായയും തമ്മിലുള്ള ബന്ധം, പലവട്ടം, മനോഹരമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട് സിനിമയിലും സാഹിത്യത്തിലും. എന്നാല്‍, മാറുന്ന കാലത്തിന്‍റെ ചര്‍ച്ചാവിഷയം, തെരുവിലുപേക്ഷിക്കപ്പെട്ട്, മനുഷ്യന് ഭീഷണിയാകുന്ന നായ്ക്കളെ എങ്ങനെ കൊന്നെടുക്കാം എന്നതാണ്. വൈറ്റ് ഗോഡ് എന്ന ലളിതമായ ചിത്രം, ഈ പ്രശ്നത്തെ അതിന്‍റെ എല്ലാ ഗൗരവത്തോടുകൂടെയും നേരിടുകയും, അനിവാര്യമായ ചില തിരിച്ചറിവുകളിലേക്ക് മനുഷ്യനെ നയിക്കുകയും ചെയ്യുന്നു. തെരുവുനായ്ക്കള്‍ ഒരു വലിയ ഭീഷണിയായി മാറിയ കേരളീയന്‍റെ കാഴ്ചയിലും വൈറ്റ് ഗോഡ് പുതിയ മാനങ്ങള്‍ സൃഷ്ടിക്കുന്നു.
ഏറെ നാടകീയമായ ഒരു തുടക്കമാണ് സിനിമയ്ക്കുള്ളത്. വിജനമായ തെരുവിലൂടെ സൈക്കിളോടിച്ചു പോകുന്ന ലില്ലി എന്ന പെണ്‍കുട്ടി. ഫ്രെയിമിലെ പേടിപ്പെടുത്തുന്ന നിശബ്ദതയിലേക്ക്, ഒരുപറ്റം നായ്ക്കല്‍ ഓടിയടുക്കുന്നു. പലനിറത്തില്‍, വലുപ്പത്തില്‍, അതിവേഗത്തില്‍, ലില്ലിയെ പിന്തുടരുന്ന നായ്ക്കളുടെ ഭീകരദൃശ്യത്തില്‍, ആദ്യരംഗം ഉദ്വേഗജനകമായി അവസാനിക്കുകയാണ്. തൊട്ടടുത്ത രംഗത്തില്‍, ലില്ലിയും അവളുടെ ഹാഗന്‍ എന്ന വളര്‍ത്തുനായയും, ഒരു പാര്‍ക്കില്‍ കളിക്കുകയാണ്. ലില്ലിയുടെ അമ്മ, ഒരു വിദേശയാത്രയ്ക്ക് ഒരുങ്ങുകയാണെന്നും, മൂന്നു മാസത്തേയ്ക്ക് അവള്‍ തന്‍റെ അച്ഛനോടൊപ്പം താമസിക്കേണ്ടതുണ്ട് എന്നും തുടര്‍ന്നുള്ള രംഗങ്ങളിലൂടെ വ്യക്തമാക്കുന്നു. ഇതിനിടയില്‍, ഒരു മാംസസംസ്കരണശാലയിലെ ദാരുണമായ രംഗങ്ങളും സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നു. അവിടെ, ജോലി ചെയ്യുന്ന ലില്ലിയുടെ അച്ഛന്‍, തനിക്കു മുന്നില്‍ നടക്കുന്ന ക്രൂരതകളുടെ നിശബ്ദസാക്ഷിയാണ്. തന്‍റെ വെളുത്ത കോട്ടില്‍ തെറിച്ച ചോരക്കറ മായ്ക്കാന്‍ ശ്രമിക്കുന്ന പ്രൊഫസര്‍, കണ്ണാടിയിലെ അദ്ദേഹത്തിന്‍റെ വിളറിയ പ്രതിബിംബം, കൈയില്‍ മകള്‍ക്കുവേണ്ടി കരുതിയ സമ്മാനം... തുടങ്ങിയവയെല്ലാം ശക്തമായ പ്രതീകങ്ങളാണ്. മകള്‍ക്കു നല്‍കാനായി, ഒരു പൊതി മാംസം പ്രൊഫസര്‍ക്കു കൊടുക്കുന്ന അദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകനും, ഈ വൈരുധ്യം പ്രതിനിധാനം ചെയ്യുന്നുണ്ട്. മിണ്ടാപ്രാണികളോടുള്ള സമീപനത്തില്‍, അധീശത്വം, നിര്‍വികാരത, അവഗണന തുടങ്ങി പല ഭാവങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ്, സിനിമയിലെ ഓരോ കഥാപാത്രങ്ങളും. ലില്ലിയുടെ, ഹാഗനോടുള്ള സ്നേഹമാകട്ടെ ഇത്തരം പ്രതീകങ്ങള്‍ക്കിടയില്‍ സമഭാവന എന്ന വ്യത്യസ്തഭാവമായി വേറിട്ടുനില്‍ക്കുന്നു.
ലില്ലിയുടെ മാതാപിതാക്കള്‍ വിവാഹമോചിതരാണ് എന്ന ഘടകം, ഹാഗനുമായുള്ള അവളുടെ സൗഹൃദത്തെ ന്യായീകരിക്കാനല്ല, മറിച്ച്, മനുഷ്യബന്ധങ്ങളേക്കാള്‍ അര്‍ത്ഥമുള്ളവയാണ് പലപ്പോഴും മൃഗങ്ങളുടെ സ്നേഹം എന്ന സത്യത്തെ അടിവരയിട്ടുറപ്പിക്കാനായാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. ലില്ലിയോടൊപ്പമുള്ള വളര്‍ത്തുനായ, പ്രൊഫസറെയും അസ്വസ്ഥനാക്കുന്നു. ആഹാരം കഴിക്കുമ്പോള്‍, ഉറങ്ങുമ്പോള്‍, എല്ലാം ഹാഗന്‍ ഒപ്പമുണ്ടാകണമെന്ന അവളുടെ വാശി, പ്രൊഫസറെ രോഷാകുലനാക്കുന്നു. മറ്റൊരു വിധത്തില്‍, വേര്‍പിരിഞ്ഞ ഭാര്യയോടൊപ്പം ജീവിക്കുന്ന ടീനേജുകാരിയായ മകളെ ഉള്‍ക്കൊള്ളാനും സ്നേഹിക്കാനുമുള്ള അദ്ദേഹത്തിന്‍റെ വിമുഖതയാണ്, ഹാഗ് എന്ന സൂചകത്തിലൂടെ വെളിവാകുന്നത്. പ്രൊഫസറുടെ വീട്ടുടമസ്ഥയാകട്ടെ, പരസ്പരം ഉള്‍ക്കൊള്ളാനാകാത്ത മനുഷ്യരുടെ സ്വാര്‍ത്ഥതയ്ക്ക് ഉദാഹരണമാണ്.
ലില്ലിയുടെ ട്രംപറ്റ് വായന കേട്ടുറങ്ങന്ന ഹാഗന്‍, അവര്‍ തമ്മിലുള്ള സ്നേഹത്തിന്‍റെ സവിശേഷചിത്രമാണ്. എന്നാല്‍, മ്യൂസിക് ക്ലാസില്‍, ഇതേ ഹാഗന് സ്ഥാനമില്ല, എന്നു വരുമ്പോള്‍ ലില്ലിയും അവിടം വിട്ടിറങ്ങുന്നു. ഇവിടെ, ലില്ലിയുടെ സൃഷ്ടിപരതയും ആത്മബോധവും തിരിച്ചറിയുന്ന, ആസ്വദിക്കുന്ന ഹാഗന്‍ ഒരു നായയാണ് എന്ന പേരില്‍, തിരിച്ചറിവില്ലാത്ത മനുഷ്യരാല്‍ പുറന്തള്ളപ്പെടുകയാണ്. ഹാഗനെ ചേര്‍ത്തുപിടിച്ച്, മറ്റൊരു നായയെ പരിശീലിപ്പിക്കുന്ന മനുഷ്യനെ നോക്കി "നിന്നോട് ഞാന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല" എന്നു പറയുന്ന ലില്ലി, മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധത്തില്‍ പുതിയ സമവാക്യങ്ങള്‍ എഴുതിച്ചേര്‍ക്കുകയാണ് - അവിടെ, പരസ്പരം തുല്യരായി കാണേണ്ടതിന്‍റെ ആവശ്യകതയും നീതിയും വെളിപ്പെടുത്തുകയാണ്. ഹാഗന്‍റെ ജീവിതത്തിലെ തുടര്‍ന്നുള്ള സംഭവങ്ങള്‍, ലില്ലിയുടെ ഈ ഉറപ്പിനെ ദാരുണമായി നിഷ്ഫലമാക്കുന്നു.
ലില്ലിയും ഹാഗനും, പിരിയേണ്ടിവരുന്ന രംഗം, അതിവൈകാരികതയില്ലാതെ, എന്നാല്‍ കാഴ്ചക്കാരന്‍റെ ഹൃദയത്തില്‍ തൊടുന്ന വിധത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. തുടര്‍ന്ന്, വൈറ്റ്ഗോഡ് എന്ന ചിത്രം അത്തരം സമാന്തരപാതകളിലൂടെയാണ് മുന്നേറുന്നത്. മറ്റു തെരുവുനായ്ക്കള്‍ക്കിടയില്‍, ഹാഗന്‍ ഒരു സൗഹൃദം കണ്ടെത്തുന്നു, നായപിടുത്തക്കാരില്‍നിന്നും തലനാരിഴയ്ക്കു രക്ഷപെടുന്നു. സ്വന്തം വ്യക്തിത്വം അറിയാനാകാതെ അലഞ്ഞുതിരിയുന്നു. മറുവശത്ത്, ലില്ലിയുടെ ജീവിതവും പ്രക്ഷുബ്ധമായിത്തീരുകയാണ്. മ്യൂസിക് ക്ലാസില്‍ ക്ഷമാപണത്തോടെ വീണ്ടും എത്തിയെങ്കിലും, ലില്ലി ആത്മസംഘര്‍ഷങ്ങള്‍ തരണം ചെയ്യാനാകാതെ, ഒരു റിബലായി സ്വയം രൂപപ്പെടുകയാണ്. സുഹൃത്തുക്കളും, നിശാപാര്‍ട്ടിയും, അവള്‍ സ്വയം കണ്ടെത്തുന്ന രക്ഷാസങ്കേതങ്ങളാണെങ്കിലും, അവിടെയെല്ലാം ലില്ലി ഒറ്റപ്പെടുന്നു.
ലില്ലിയ്ക്ക് ഹാഗനെ ഉപേക്ഷിക്കേണ്ടിവരുന്നതിന്‍റെ പ്രകടമായ കാരണം, അവന്‍ സങ്കരയിനത്തില്‍പെട്ട ഒരു നായയാണെന്നതും, അത്തരം നായ്ക്കളെ വളര്‍ത്താന്‍ ഗവണ്‍മെന്‍റ് അനുവദിക്കുന്നില്ല എന്നതുമാണ്. ഹാഗന്‍റെ ഉടമസ്ഥതയ്ക്കായി കെട്ടിവയ്ക്കേണ്ട പണം നല്‍കാന്‍ പ്രൊഫസര്‍ തയ്യാറാകാത്തത്, അവന്‍ തന്‍റെ മുന്‍ഭാര്യയുടെ നായയാണ്, എന്ന കാരണത്താലും. ഇത്തരം വേര്‍തിരിവുകളുടെ സ്വാര്‍ത്ഥതയെ അതിജീവിക്കാനുള്ള ശ്രമംകൂടിയാണ്, ലില്ലിയുടെയും ഹാഗന്‍റെയും പരസ്പരം തേടിയുള്ള യാത്ര. ആ യാത്രയില്‍ അവര്‍ നേരിടുന്ന വെല്ലുവിളികള്‍, സ്നേഹത്തിന്‍റെ, നന്മയുടെ, അലിവിന്‍റെ പുതിയ ദൂരങ്ങള്‍ താണ്ടുന്ന കാഴ്ചാനുഭവം, നമുക്കു സമ്മാനിക്കുന്നു.
തെരുവിലുപേക്ഷിക്കപ്പെടുന്ന ഹാഗന്‍ ഒരു നായയുടെ ചീഞ്ഞളിഞ്ഞ ജഡം നോക്കി നില്‍ക്കുന്ന ദൃശ്യം, ഏറെ അര്‍ത്ഥപൂര്‍ണമാണ്. കാഴ്ചയിലും, ഗന്ധത്തിലും ലില്ലിയുടെ സ്നേഹം മാത്രമറിഞ്ഞിരുന്ന അവന്‍, ഞെട്ടിപ്പിക്കുന്ന പുതിയ അറിവുകളിലേക്ക്, തന്‍റെതന്നെ നിലനില്‍പ്പിന്‍റെ അടുത്ത സാധ്യതയിലേക്ക് നയിക്കപ്പെടുകയാണ്. തൊട്ടടുത്ത രംഗത്തില്‍, നഗരത്തിന്‍റെ ഭീതിപ്പെടുത്തുന്ന സൗന്ദര്യത്തെ ഒറ്റയ്ക്കു നേരിടുന്ന ഹാഗനെയും നാം കാണുന്നു. ഈ രണ്ടു ദൃശ്യങ്ങള്‍, നഗരവത്കരണത്തിന്‍റെ പൊള്ളത്തരങ്ങളിലേക്കും, സുരക്ഷിതവലയങ്ങള്‍ക്കുള്ളില്‍നിന്നും പുറത്താക്കപ്പെടുന്ന മനുഷ്യന്‍റെ നിസ്സഹായാവസ്ഥയിലേക്കും, കാഴ്ചക്കാരനെ നയിക്കുന്നുണ്ട്, എന്നു പറയാതെവയ്യ. ഒരു പാലത്തില്‍, നഗരം കണ്ടു നില്‍ക്കുന്ന ഹാഗന്‍റെ ചലനങ്ങള്‍ ക്യാമറ ഒപ്പിയെടുക്കുന്നു, അതിമനോഹരമായി. ഒപ്പം, റോഡ് മുറിച്ചുകടക്കാന്‍, മറ്റൊരു നായയ്ക്കും അതിന്‍റെ യജമാനനുമൊപ്പം ഹാഗന്‍ തിരക്കിട്ടു നടക്കുന്ന രംഗവും ഹൃദയസ്പര്‍ശിയാണ്. ഒരുപക്ഷേ, ലില്ലിയുടെ അസാന്നിധ്യവും ഹാഗന്‍റെ അനാഥത്വവും, സ്ക്രീനില്‍ ഏറ്റവും വൈകാരികമായി പതിയുന്ന ദൃശ്യവും ഇതുതന്നെയാണ്.
തുടര്‍ന്ന്, ഹാഗന്‍ കാണുന്ന വലിയ ലോകം, ലില്ലിയില്‍നിന്നും, ഏറെ വ്യത്യസ്തമാണ.് നായപിടുത്തക്കാര്‍, വൃദ്ധരായ ഭിക്ഷക്കാര്‍, അനിമല്‍ ഷെല്‍ട്ടിന്‍റെ നടത്തിപ്പുകാര്‍, ഡോഗ് ഫൈറ്റിംഗ് ട്രെയിനര്‍ എന്നിവരിലൂടെയെല്ലാം, തന്നെ ചൂഷണം ചെയ്യുന്ന, അടിമയായികാണുന്ന മനുഷ്യരുടെ വലിയനിരയെ ഹാഗന്‍ കാണുന്നു. ഇത്തരം ഓരോ കാഴ്ചയും, കാഴ്ചക്കാരനില്‍, പുതിയ തിരിച്ചറിവുകള്‍ ഉണര്‍ത്തുന്നു - സ്വാര്‍ത്ഥതയുടെ പല രൂപങ്ങളില്‍ അവതരിക്കുന്ന മനുഷ്യവംശത്തിലെ ഓരോ അംഗത്തെയും കുറിച്ചുള്ള തിരിച്ചറിവുകള്‍. ഹാഗനെ അന്വേഷിച്ച് നഗരത്തില്‍ അലയുന്ന ലില്ലിയുടെ ദുഃഖമാകട്ടെ, ഇതിന് തികഞ്ഞ വൈരുദ്ധ്യമായി നിലകൊള്ളുന്നു.
ഹാഗനെ ആക്രമണകാരിയായ ഒരു വേട്ടപ്പട്ടിയായി രൂപപ്പെടുത്തുന്ന പ്രക്രിയ, ഹൃദയഭേദകമാണ് - ഡോഗ് ട്രെയിനറുടെ സങ്കേതത്തിലെ കാഴ്ചകള്‍, പ്രേക്ഷകനെ ചില യാഥാര്‍ത്ഥ്യങ്ങള്‍ ഓര്‍മ്മപ്പെടുത്താതിരിക്കില്ല. മനുഷ്യനിലാകട്ടെ, നായയിലാകട്ടെ, വന്യതയുടെ ഭാവങ്ങളും ഹിംസയും, ആര്‍ദ്രഭാവങ്ങളും സ്നേഹവും ഉറങ്ങിക്കിടക്കുന്നുണ്ട്. ചുറ്റുപാടുകളാണ്, അവയെ ഉണര്‍ത്തി, പ്രകടമായ സ്വഭാവങ്ങളാക്കിത്തീര്‍ക്കുന്നത്, എന്നുള്ളപ്പോള്‍, മനുഷ്യന്, മൃഗങ്ങളെ വിധിക്കാന്‍ എന്തവകാശം? മ്യൂസിക് ക്ലാസില്‍, നിര്‍ദ്ദയനായ ടീച്ചറോട്, സ്നേഹത്തെക്കുറിച്ച് ധൈര്യത്തോടെ സംസാരിക്കുന്ന ലില്ലി ഈ സന്ദേശത്തിന്‍റെ മറ്റൊരു വശമാണ്. ആ തുറന്നുപറച്ചില്‍, അവള്‍ക്ക് അധികനേരം പ്രാക്ടീസ് ചെയ്യണം എന്നുള്ള ശിക്ഷയായിത്തീര്‍ന്നുവെങ്കിലും, ലില്ലിയുടെ ആത്മരോഷവും അതിന് അവള്‍ക്കു സുഹൃത്തുക്കള്‍ നല്‍കുന്ന പിന്തുണയും ശ്രദ്ധേയമാണ്.
മ്യൂസിക് ക്ലാസിലെ ആണ്‍സുഹൃത്ത് ലില്ലിയ്ക്ക് പുതിയ ലോകങ്ങള്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നുണ്ട്. നൈറ്റ് പാര്‍ട്ടിയില്‍, പക്ഷേ, അവള്‍ തനിച്ചിരുന്ന് ദുഃഖിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഹാഗനുപകരം, മറ്റൊന്നുമില്ല എന്നത് ലില്ലിയേയും കാഴ്ചക്കാരനെയും ഇവിടെ ഒരുപോലെ വേദനിപ്പിക്കുന്നു. ഡ്രഗ്സ് കൈവശം വച്ചു എന്ന കുറ്റത്തില്‍നിന്നും ലില്ലി മോചിതയാകുന്നത്, പ്രൊഫസറുടെ സ്നേഹത്തിലേക്കാണ് അവര്‍, അച്ഛനും മകളും പരസ്പരം ഉള്‍ക്കൊണ്ടുതുടങ്ങുന്നു. മറ്റൊരു നായ എന്ന പ്രൊഫസറുടെ നിര്‍ദ്ദേശം ലില്ലി നിരാകരിക്കുമ്പോള്‍തന്നെ, ഹാഗന്‍റെ അസാന്നിദ്ധ്യം എന്ന വേദന, സ്ക്രീനില്‍ നിറയുന്നുണ്ട്. അമിതമായ ഭാവപ്രകടനങ്ങളോ സംഭാഷണങ്ങളോ ഇല്ലാതെ, ലില്ലി എന്ന ടീനേജുകാരിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച, സോഫിയ സോട്ടയുടെ പ്രകടനം, എടുത്തുപറയേണ്ടതാണ്.
ആനിമല്‍ ഷെല്‍ട്ടറിലും, ഹാഗന്‍ ദാരുണമായ അനുഭവങ്ങള്‍ക്ക് സാക്ഷിയാകുന്നു. ഏതെല്ലാം വിധത്തില്‍, നിര്‍ദ്ദയമായാണ്, മനുഷ്യന്‍ നായകളെ ഉപദ്രവിക്കുന്നത് എന്നത്, ആ മിണ്ടാപ്രാണികളുടെ കണ്ണിലൂടെയാണ്, ക്യാമറ നമുക്കു കാട്ടിത്തരുന്നത്. അവിടെ, ഹാഗനിലെ മാക്സ് വീണ്ടുമുണരുന്നത്, അതിക്രൂരമായ പീഡങ്ങളുടെ നേര്‍കാഴ്ചമൂലമാണ്. തന്നെ കൊല്ലാന്‍ വന്നയാളുടെ കഴുത്തിലെ മാംസം കടിച്ചെടുക്കുന്ന ഹാഗന്‍, ആനിമല്‍ ഷെല്‍ട്ടറിന്‍റെ പശ്ചാത്തലത്തില്‍, ഒരു നായകന്‍റെ അതിനാടകീയമായ രംഗാവതരണത്തെ ഓര്‍മ്മപ്പെടുത്തുന്നു. മറുവശത്ത്, ലില്ലിയുടെയും സുഹൃത്തുക്കളുടെയും കണ്‍സേര്‍ട്ട് അവതരണംപോലെ, ഇവിടെ, ഹാഗനു കീഴില്‍ ആനിമല്‍ഷെല്‍ട്ടറിലെ നായ്ക്കള്‍ അണിനിരക്കുകയാണ്. നഗരം, അവരുടെ കുതിച്ചുപായലിന് ഭയത്തോടെ സാക്ഷിയാകുന്നു. ഇന്നലെവരെ, ആ മിണ്ടാപ്രാണികളെ നിഷ്കരുണം അവഗണിച്ചിരുന്ന നഗരം ഈ ഘട്ടം മുതല്‍, "വൈറ്റ് ഗോഡ്" എന്ന സിനിമ കൈവരിക്കുന്ന അതിനാടകീയത, അസാധാരണമായി തോന്നിയേക്കാം. എന്നാല്‍, ഇത്തരം ഒരു പമേയത്തെ ഫലപ്രദമായി അവതരിപ്പിക്കാന്‍, സംവിധായകന്‍ സ്വീകരിച്ച വേറിട്ട വഴിയായി നമുക്കതിനെ കാണാം.
കണ്‍സേര്‍ട്ട് ഹാളില്‍നിന്നും, ഹാഗനെ തിരഞ്ഞ് ആക്രമണകാരികളായ നായ്ക്കൂട്ടത്തിനു പിന്നാലെയിറങ്ങുന്ന ലില്ലി, ഹാഗന്‍ കടന്നുവന്നതിനു സമാനമായ ഭീകരദൃശ്യങ്ങള്‍ക്ക് സാക്ഷിയാകുന്നുണ്ട്. മനുഷ്യന്‍റെ പരിമിതമായ ജീവിതാനുഭവങ്ങളെ പരിഹസിക്കുകയാവാം, ഇത്തരം ദൃശ്യങ്ങള്‍. തുടര്‍ന്ന്, സിനിമയുടെ ഗതി, ചടുലതാളം കൈവരിക്കുന്നു. അവിശ്വസനീയമായ ഒരു പ്രതികാരകഥയാണ്, ഹാഗനും സംഘവും ഏറ്റെടുത്ത് നടത്തുന്നത്. "വെളുത്ത ദൈവ'ങ്ങള്‍ക്കെതിരെയുള്ള മിണ്ടാപ്രാണികളുടെ ന്യായവിധി. സ്വയം, പ്രകൃതിയുടെ യജമാനനും, ദൈവവുമെന്ന് കരുതുന്ന മനുഷ്യന്‍റെ സ്വാര്‍ത്ഥതയ്ക്ക് തക്ക മറുപടി. ഫാന്‍റസിയുടെയും സര്‍റിയലിസത്തിന്‍റെയും നിറങ്ങള്‍ കൈവരിച്ച്, സിനിമ ഇവിടെ മറ്റൊരു തലത്തിലേയ്ക്കുയരുകയാണ്.
തുടര്‍ന്ന്, തുടക്കത്തിലെ നാടകീയരംഗത്തിലേക്ക്, സിനിമ മടങ്ങുന്നു. ലില്ലിയെ പിന്തുടരുന്ന നായ്ക്കൂട്ടം. ഇവിടെ, റോഡില്‍ വീണ് മുറിവേറ്റു കിടക്കുന്ന ലില്ലി, ഹാഗന്‍റെ വേദനയുടെ പ്രതിഫലനം കൂടെയാവാം. നഗരത്തില്‍ നായ്ക്കളുടെ ആക്രമണം, വലിയ ഭീഷണിയാകുകയും, കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടിവരികയും ചെയ്യുന്നു. രക്തച്ചൊരിച്ചിലിന്‍റെ കാഴ്ചകള്‍, അസ്വാഭാവികത ഉണര്‍ത്തുന്നുവെങ്കിലും, അവ ഈ ചലച്ചിത്രത്തെ പുതിയ അര്‍ത്ഥതലങ്ങളിലേക്ക് നയിക്കുന്നുണ്ട്. ഇത്തരം ഭീകരദൃശ്യങ്ങള്‍, പക്ഷേ ലില്ലിയുടെ ഹാഗനെ തിരഞ്ഞുള്ള യാത്രയ്ക്ക് തടസമാകുന്നില്ല. തീരുമാനിച്ചുറപ്പിച്ച ഒരു തീവ്രവേദനയോടെ, തകര്‍ന്ന നഗരക്കാഴ്ചകളിലൂടെ ഹാഗനെ തിരിച്ചുപിടിക്കാന്‍ അവള്‍ ഒറ്റയ്ക്ക് അതിസാഹസികയായ ഒരു രാത്രിസഞ്ചാരത്തിന് തുടക്കമിടുകയാണ്. മറുവശത്ത് ഹാഗനിലെ മാക്സ്, അവന്‍റെ ഫ്രാങ്കന്‍സ് റ്റൈന്‍ (Frankenstein) സ്രഷ്ടാവിന്‍റെ അന്ത്യവിധി കുറിക്കുന്നു. ഡോഗ്ട്രെയിനറെ കടിച്ചുകീറുന്ന നായ്ക്കള്‍ക്കു പിന്നില്‍, അയാളുടെ "മാക്സ്" എന്ന നിലവിളിക്കു പിന്നില്‍, ഹാഗന്‍റെ രൂപം സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുന്നു.
സ്ളോട്ടര്‍ ഹൗസ് കോമ്പൗണ്ടിനുള്ളില്‍, ലില്ലിയും ഹാഗനും നേര്‍ക്കുനേര്‍ കാണുകയാണ്. ആ കൂടിക്കാഴ്ച, ഒരുപക്ഷേ, അപകടകരമായ അവരുടെ മറുവ്യക്തിത്വങ്ങളുടെ കൂടി ഏറ്റുമുട്ടലാകാം. ഹാഗനിലെ മാക്സ്, തനിക്കപരിചിതനാണ് എന്ന സത്യം ലില്ലിയെ നിസ്സഹായയാക്കുന്നു. തന്നെ നിര്‍ഭയം ആക്രമിക്കാനൊരുങ്ങുന്ന നായക്കൂട്ടത്തിനു മുന്നില്‍, അവള്‍ പ്രൊഫസറെ വിളിച്ചുകരയുന്നുണ്ട്. എന്നാല്‍, പ്രൊഫസറുടെ സാന്നിധ്യത്തില്‍, അതീവസംഘര്‍ഷം നിറഞ്ഞ ഒരു നിമിഷത്തില്‍, ലില്ലി തന്‍റെ ട്രംപറ്റ് കൈയ്യിലെടുത്ത് വായിച്ചു തുടങ്ങുന്നു. ഹാഗനും, നായ്ക്കൂട്ടവും, ആ സംഗീതത്തിനു മുന്നില്‍ കീഴടങ്ങുന്നു. ലില്ലിയുടെ ട്രംപറ്റ് വായനയോടുള്ള നായകളുടെ പ്രതികരണം, അതീവമനോഹരമായി, സൂക്ഷ്മാംശങ്ങള്‍ ചോര്‍ന്നുപകാതെയാണ് സംവിധായകന്‍ ചിത്രീകരിച്ചിട്ടുള്ളത്. പരസ്പരം തിരിച്ചറിഞ്ഞ ലില്ലിയും ഹാഗനും, നിലത്ത് കണ്ണുകള്‍ കോര്‍ത്ത് കിടക്കുന്ന രംഗം ഏറെ ഹൃദയസ്പര്‍ശിയാണ്. ഹാഗന്‍റെ നിലയിലേയ്ക്കിറങ്ങിച്ചെന്ന്, ലില്ലി അവനെ കാണുമ്പോള്‍, ഒപ്പമുള്ള നായ്ക്കൂട്ടവും, അതേ നിലയില്‍ മകള്‍ക്കരികില്‍ വന്നുകിടക്കുന്ന പ്രൊഫസറും, ഒരു പുതിയ ലോകദര്‍ശനത്തിന്‍റെ മാതൃകതന്നെയാണ്.
ഇത്തരം അപൂര്‍വ്വമായ ഒരു ക്ലൈമാക്സ് രംഗത്തിലൂടെ "വൈറ്റ് ഗോഡ്" അതിന്‍റെ പ്രമേയസാധ്യതയെ അത്ഭുതകരമായ വിധത്തില്‍, വിശാലമാക്കുന്നുണ്ട്. സഹജീവിയുടെ കാഴ്ചയിലേക്ക്, അനുഭവത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആ രംഗം നമ്മെ പ്രേരിപ്പിക്കുന്നു. ഒപ്പം, സംഗീതത്തിന്‍റെ കലയുടെ, സാഹിത്യത്തിന്‍റെ മാസ്മരികശക്തി, മറ്റെല്ലാത്തിനെയും ജയിക്കുന്നതാണെന്ന് തെളിയിക്കുന്നു. സിനിമയില്‍ സൂചിപ്പിച്ചിരിക്കുന്ന റിച്ചാര്‍ഡ് വാഗ്നറുടെ ഒപ്പേറപോലെ, ലില്ലിയുടെയും ഹാഗന്‍റെയും കഥ, നിസ്വാര്‍ത്ഥമായ സ്നേഹത്തിന്‍റെ, ഒരു "കണ്‍സേര്‍ട്ട്" ആയി മാറുന്നു, ലില്ലിയുടെ കണ്‍സേര്‍ട്ട് പ്രകടനം തടസപ്പെടുന്നുണ്ടെങ്കില്‍പോലും, അത് ഉന്നതമായ ചില മൂല്യങ്ങള്‍ക്കായുള്ള ത്യാഗമായി കാഴ്ചക്കാരനും ഉള്‍ക്കൊള്ളുന്നു.
സിനിമയില്‍ കടന്നുവരുന്ന നൂറുകണക്കിന് നായ്ക്കള്‍, ഹംഗേറിയന്‍ നായസങ്കേതങ്ങളില്‍ നിന്ന് രക്ഷപെടുത്തി, പരിശീലനം നല്‍കപ്പെട്ടവയാണെന്നത്, മറ്റൊരു സവിശേഷതയാണ്. ഹംഗേറിയന്‍ വംശീയപ്രശ്നങ്ങള്‍ പരിഗണിക്കുമ്പോള്‍, സിനിമ, ഹാഗന്‍റെ യാതനകളെ, ലോകത്ത് ഇന്ന് അടിച്ചമര്‍ത്തപ്പെടുന്ന എല്ലാ സമൂഹങ്ങളുടെയും വേദനയായി പരിഗണിക്കുന്നു. ഇങ്ങനെ വീക്ഷിക്കുമ്പോള്‍, ഒരു പെണ്‍കുട്ടിയുടെയും അവളുടെ ഉറ്റചങ്ങാതിയായ നായയുടെയും കഥപറയുന്ന ഈ ചലച്ചിത്രം, അതിന്‍റെ ലാളിത്യത്തില്‍ അടങ്ങിയിരിക്കുന്ന അനേകം പ്രമേയസാധ്യതകളെയും, വായനകളേയും വെളിപ്പെടുത്തുന്നു. കാഴ്ചക്കാരന്, ആസ്വാദകന് ഒരു വെല്ലുവിളിയായിത്തന്നെ നിലകൊള്ളുന്നു.