news-details
കഥ

മടക്കയാത്ര

'ഇന്ന് റേറ്റ് കൂടിയോ?', പോക്കറ്റില്‍ നിന്നും പത്തിന്‍റെയും ഇരുപതിന്‍റെയും റിയാല്‍ നോട്ടുകള്‍ എണ്ണിയെടുക്കുമ്പോള്‍ ഹരി ചോദിച്ചു.

'വലിയ വ്യത്യാസമൊന്നും ഇല്ല. എത്ര അയയ്ക്കണം?'

അവന്‍ സ്ഥിരമായി അയയ്ക്കുന്നത് ഇരുപതിനായിരം രൂപയാണെന്ന് അറിയാം. എങ്കിലും വെറുതെ ചോദിച്ചു.

'ഇപ്രാവശ്യം ഒരു മുപ്പത് അയയ്ക്കാം. കുറച്ച് പൈസ കൂടുതല്‍ കിട്ടി.'

പൈസ അയക്കാനുള്ള അപേക്ഷാഫോം പൂരിപ്പിക്കുമ്പോള്‍, കഴിഞ്ഞ ഒന്നു രണ്ടു കൊല്ലങ്ങള്‍ കൊണ്ട് അവന് വന്ന മാറ്റം ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു.

ഏകദേശം രണ്ട് കൊല്ലം മുന്‍പ്, ഫ്ളാറ്റിനടുത്തുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍, സാധനങ്ങള്‍ നിറഞ്ഞ ട്രോളിയും തള്ളി നടന്നുനീങ്ങുമ്പോള്‍, അവിടത്തെ ജീവനക്കാരനായ സുകു പുറകെ വന്നു.

'ഒരു പുതിയ പയ്യന്‍ ലാന്‍ഡ് ചെയ്തിട്ടുണ്ട്. ഇലക്ട്രോണിക്സ് സെക്ഷനില്‍ നില്‍പ്പുണ്ട്. കണ്ടിരുന്നോ? '

ഏത് പുതിയ ആള് വന്നാലും പരിചയപ്പെടുക എന്നത് ഒരു ശീലമായിരുന്നു. എക്സ്ചേഞ്ച് കമ്പനിയുടെ മാനേജര്‍ എന്ന നിലയില്‍ അത് ബിസിനസ്സിന്‍റെ ഭാഗം കൂടിയാണ്.

ഹരി മെലിഞ്ഞ് കൊലുന്നനെയുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. പാലക്കാട് ജില്ലയിലെ ഏതോ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നും ഒമാനില്‍ വന്നിറങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞിരുന്നു.

ഹരിയുടെ താമസം ഞങ്ങളുടെ ഫ്ളാറ്റിന്‍റെ തൊട്ടടുത്ത കെട്ടിടത്തില്‍ ആയിരുന്നു. ചെറുപ്പക്കാര്‍ കൂട്ടമായി താമസിക്കുന്ന മുറികള്‍. ഒരേ മുറിയില്‍ നാലും അഞ്ചും ആളുകള്‍. ഞാന്‍ ഇടയ്ക്കിടെ ആ ഫ്ളാറ്റുകളില്‍ പോകുമായിരുന്നു.

ഹരി ഇടയ്ക്ക് ഞങ്ങളുടെ മുറിയില്‍ വരും. മക്കളുടെ കൂടെ കളിക്കും. കുറച്ച് ദിവസങ്ങള്‍ കൊണ്ട് മോന്‍റെ അടുത്ത ചങ്ങാതിയായി ഹരി മാറി.

ഒമാനിലെ ഐഡി കാര്‍ഡ് , 'പടാക' , കിട്ടിയ ദിവസം ഹരി അത് കാണിക്കാനായി ഫ്ളാറ്റില്‍ വന്നു.

'സൂക്ഷിച്ച് വെച്ചോ. നാട്ടില്‍ പോവണമെങ്കില്‍ ഈ കാര്‍ഡ് എയര്‍പോര്‍ട്ടില്‍ കാണിക്കണം.'
എല്ലാരോടും പറയുന്നത് തന്നെ അവനോടും പറഞ്ഞു.

ഹരി സ്വന്തം കഥകള്‍ ഇടയ്ക്ക് പറഞ്ഞു. കരിമ്പനകള്‍ അതിരുകള്‍ തീര്‍ക്കുന്ന പാടവരമ്പുകള്‍ക്ക് അപ്പുറം, വരണ്ടുണങ്ങിയ ഭൂമിക്കരികിലായുള്ള കുഞ്ഞുവീടും, കൃഷിക്കാരനായ അച്ഛനും, അമ്മയും, കോളേജില്‍ പഠിക്കുന്ന ചക്കരയും. അനിയത്തിയെ അവന്‍ ചക്കര എന്നാണ് വിളിക്കുന്നത്. അവന് പറയാന്‍ വേറെ കഥകള്‍ ഒന്നുമില്ലായിരുന്നു.

'ഇനി നീ വേണം എല്ലാം നോക്കാന്‍.'

ആകെയുള്ള പത്ത് സെന്‍റ് സ്ഥലം ബാങ്കില്‍ പണയം വെച്ച് കിട്ടിയ തുക ഏജന്‍റിന് വിസക്കായി കൊടുത്ത് മടങ്ങുമ്പോള്‍ അച്ഛന്‍ പറഞ്ഞു.

ഒമാനിലേക്ക് യാത്രക്കായി ഇറങ്ങിയപ്പോള്‍ അമ്മയും അനിയത്തിയും കരഞ്ഞ് തളര്‍ന്നിരുന്നു. പാലക്കാട് ടൗണ്‍ വരെ അച്ഛന്‍ കൂടെ വന്നു. തോളത്ത് മടക്കിയിട്ട തോര്‍ത്തിന്‍റെ കര കൊണ്ട് അച്ഛന്‍ കണ്ണുകള്‍ ഒപ്പുന്നത് ഓടുന്ന ബസ്സില്‍ ഇരുന്ന് അവന്‍ കണ്ടു.

മസ്കറ്റില്‍ വിമാനമിറങ്ങി പത്തിരുന്നൂറു കിലോമീറ്റര്‍ അകലെയുള്ള ചെറിയൊരു പട്ടണത്തിലേക്ക് കാറില്‍ യാത്ര ചെയ്യുമ്പോള്‍ പുറത്ത് ചുട്ടുപൊള്ളുന്ന വെയില്‍ കാഴ്ചകളെ മറച്ചു. ജീവിതം പണയംവെച്ച് സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും മരുപ്പച്ചകള്‍ തേടുന്ന പ്രവാസികളില്‍ ഒരാളായി ഹരിയും.

ഹരി എല്ലാ മാസവും കൃത്യമായി അച്ഛന്‍റെ അക്കൗണ്ടിലേക്ക് പൈസ അയച്ചുകൊണ്ടിരുന്നു.

'നിന്‍റെ പേരില്‍ അക്കൗണ്ട് തുടങ്ങണ്ടെ? കുറച്ച് പൈസ നിന്‍റെ പേരിലും ഇട്ടൂടെ?', ഞാന്‍ ഇടക്ക് അവനോട് ചോദിക്കുമായിരുന്നു.

'ആദ്യം വീട്ടിലെ പ്രശ്നങ്ങള്‍ തീരട്ടെ. എന്‍റെ കാര്യമൊക്കെ പിന്നെ മതിയല്ലോ', ഹരി അതേ പറയൂ.

കടങ്ങള്‍ തീര്‍ന്നതും, വീട് പുതുക്കിപ്പണിയുന്നതും, അനിയത്തി നല്ല മാര്‍ക്കോടെ പാസ്സായതും എല്ലാം ഇടയ്ക്കിടെ അവന്‍ പറഞ്ഞു.

കഴിഞ്ഞ കൊല്ലമാണ് ഞാന്‍ കുടുംബവുമായി നാട്ടില്‍ പോയത്. പോവുന്നതിന് മുന്‍പ് ഒരു ദിവസം ഹരി ഫ്ളാറ്റില്‍ വന്നു.

'സാറ് എന്‍റെ വീട്ടിലൊന്ന് പോകാമോ?'

'പിന്നെന്താ.. വീട്ടില്‍ കൊടുക്കാനുള്ളത് തന്നു വിട്ടാ മതി.' മറുപടി കേട്ടപ്പോള്‍ അവന്‍റെ മുഖം തിളങ്ങുന്നുണ്ടായിരുന്നു.

ഒരു ബാഗ് നിറയെ സാധനങ്ങള്‍ കൊണ്ട് അവന്‍ പോകുന്നതിന്‍റെ തലേന്ന് ഫ്ളാറ്റില്‍ വന്നു.
'ഇത് അച്ഛന് ഒരു പുതപ്പ്. ഈ ഷര്‍ട്ടും അച്ഛന്. ഈ കവറ് അമ്മക്കുള്ളതാ. ഇത് മുഴുവന്‍ എന്‍റെ ചക്കരക്ക്.', എല്ലാം എടുത്ത് കാണിക്കുമ്പോള്‍  അവന്‍റെ മുഖത്ത് അനവധി വികാരങ്ങളുടെ തിളക്കം.

ഞങ്ങള്‍ നാട്ടിലേക്ക് കയറുമ്പോള്‍ ഒരു കുഞ്ഞു ബാഗ് നിറയെ ഹരിയുടെ സാധനങ്ങള്‍ ആയിരുന്നു.

രണ്ട്

ഞങ്ങളുടെ നാട്ടില്‍ നിന്നും ഏകദേശം മൂന്ന് മണിക്കൂര്‍ എടുത്തു, ഹരിയുടെ ഗ്രാമത്തിലേക്ക്. ഹരിയുടെ അച്ഛന്‍ ബസ് സ്റ്റോപ്പില്‍ കാത്ത് നില്ക്കുന്നുണ്ടായിരുന്നു.  

'ഹരി വിളിച്ച് ഫോണ്‍ വെച്ചതേയുള്ളൂ.', ഷര്‍ട്ടിന്‍റെ പോക്കറ്റിലെ മൊബൈലില്‍ കൈ തൊട്ടുകൊണ്ട് അച്ഛന്‍ പറഞ്ഞു. വല്ലാത്തൊരു സന്തോഷം ആ ശബ്ദത്തില്‍ അനുഭവപ്പെട്ടു.
'കുറച്ച് നടക്കണം', കയ്യിലെ ബാഗ് വാങ്ങി അച്ഛന്‍ മുന്നില്‍ നടന്നു.

ഹരിയുടെ ഗ്രാമം എനിക്ക് കാണാപാഠമായിരുന്നു. അമ്പലത്തിന്‍റെ അരികിലെ ആല്‍മരവും, കല്‍പ്പടവുകളും, കുളവും കടന്ന് കരിമ്പനകള്‍ക്ക് കീഴെയുള്ള നടപ്പാതയിലൂടെ നടക്കുമ്പോള്‍ പാലക്കാടിന്‍റെ ചൂട് നെറ്റിയെ പൊള്ളിച്ചു.

'ഇതാണ് ഹരീടെ മുറി ', ഇളം നീല ജനല്‍ക്കര്‍ട്ടനുകള്‍ അച്ഛന്‍ ഒരു വശത്തേക്ക് നീക്കി. പാതി തുറന്ന ജനാലയിലൂടെ വയല്‍ക്കാറ്റ് അകത്തേക്ക് കടന്നു വന്നു.

'കടങ്ങളൊക്കെ തീര്‍ന്നു. ന്‍റെ കുട്ടി അവിടെ കഷ്ടപ്പെടുന്നതിന്‍റെ ഗുണം.' സ്വരത്തില്‍ ജീവിതം പച്ച പിടിച്ച് വരുന്നതിന്‍റെ ആശ്വാസം.

ചക്കര കവറുകള്‍ തുറന്നിരുന്നു. ഒരു ഇളം പച്ച ഡ്രസ്സ് കയ്യില്‍ എടുത്തുകൊണ്ട് അവള്‍ അമ്മയുടെ അടുത്തേക്ക് വന്നു.

'കണ്ടോ അമ്മേ. എന്‍റെ ഫേവറിറ്റ് കളര്‍. ഏട്ടന്‍ മറന്നിട്ടില്ല.' അവള്‍ ആ ഡ്രസ്സ് മാറോട് ചേര്‍ത്ത് പിടിച്ചു.

ചോറുണ്ടിട്ട് ഇറങ്ങിയാല്‍ മതി എന്ന് ഹരിയുടെ വീട്ടുകാരുടെ നിര്‍ബന്ധം.

'ന്‍റെ മോന് സുഖല്ലേ സാറെ', ചോറ് വിളമ്പിത്തരുമ്പോള്‍ അമ്മ വീണ്ടും ചോദിച്ചു. അതെ എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ നനവിന്‍റെ കണങ്ങള്‍ ഞാന്‍ കണ്ടു.

ഒടുവില്‍ അവിടെ നിന്ന് ഇറങ്ങുമ്പോള്‍, ഒരു ബാഗില്‍ അച്ഛന്‍ പലഹാരങ്ങളും അച്ചാറും എടുത്ത് വെച്ച് കയ്യില്‍ തന്നു.

'അവനെ ഇനി എന്നാ കാണാന്‍ പറ്റുക. ഒരു കൊല്ലം കൂടി കഴിയണം എന്നാ അവന്‍ പറഞ്ഞെ', അച്ഛന്‍ ഒരു ദീര്‍ഘശ്വാസം വിട്ടു.

നാട്ടിലേക്ക് പോവുന്ന കാര്യം ചോദിക്കുമ്പോള്‍ ഹരി പറയാറുള്ളത് പെട്ടെന്ന് ഓര്‍മ്മ വന്നു.
'കടമൊക്കെ തീരട്ടെ സാറെ. അതിനല്ലേ ഇങ്ങോട്ട് വന്നെ.'

ബസ്സ്റ്റോപ്പ് വരെ അച്ഛന്‍ വന്നു. കയറാന്‍ നേരം അച്ഛന്‍ അടുത്ത് വന്ന് എന്‍റെ വലത് കയ്യില്‍ കൂട്ടിപ്പിടിച്ച് ശരി എന്ന മട്ടില്‍ തലയാട്ടി.

പിന്നെയും ഒരാഴ്ച കഴിഞ്ഞാണ് ഒമാനിലേക്ക് തിരിച്ച് പോയത്.

വീട്ടിലെ പലഹാരപ്പാത്രങ്ങള്‍ കയ്യിലെടുത്ത് ഹരി മണപ്പിച്ച് നോക്കി. അവന്‍റെ നാടിന്‍റെ ഗന്ധം ഏതൊക്കെയോ ഓര്‍മ്മകളിലേക്ക് അവനെ തിരിച്ച് കൊണ്ടുപോകുന്നതുപോലെ തോന്നി, ആ ഭാവം കണ്ടപ്പോള്‍.

'എല്ലാരും നന്നായിരിക്കുന്നല്ലോ, അല്ലേ ..'

അവന്‍റെ മുഖത്ത് സന്തോഷവും സങ്കടവും കലര്‍ന്ന ഭാവം.

മൂന്ന്

റമദാന്‍ കാലം അവധികളുടെ സമയമാണ്. എല്ലാ ഗവണ്മെന്‍റ് ഓഫീസുകളും നീണ്ട അവധിയില്‍. ബാങ്കുകള്‍ ഉള്‍പ്പെടെ ഒരാഴ്ചയോളം അടഞ്ഞു കിടക്കും. പ്രവാസികള്‍ യാത്രകള്‍ പോകുന്നത് അപ്പോഴാണ്. ചിലര്‍ നാട്ടിലേക്കും മറ്റു ചിലര്‍ പുറംരാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും.

ഫ്ളാറ്റിന് താഴെ വെച്ച്, ഹരിയെ അവധി തുടങ്ങുന്നതിന്‍റെ തലേന്ന് കണ്ടു.

'ഈ പ്രാവശ്യവും നാട്ടില്‍ പോണില്ലേ?', അവന്‍റെ അച്ഛന്‍റെ മുഖമായിരുന്നു മനസ്സില്‍.

'പടാക പുതുക്കാന്‍ കൊടുത്തു. അതിനി റമദാന്‍ കഴിഞ്ഞേ കിട്ടൂ. എന്നിട്ട് നാട്ടില്‍ ഒന്ന് പോണം. അതാണ് പ്ലാന്‍', കൂട്ടുകാര്‍ വിളിച്ചപ്പോള്‍ ഹരി അങ്ങോട്ട് പോയി.

എന്‍റെ രണ്ട് കൂട്ടുകാര്‍ കുടുംബവുമായി വന്നിരുന്നു. എല്ലാരും കൂടി ഒമാനിലെ സൂര്‍ എന്ന പട്ടണത്തിലേക്ക് ഒരു യാത്ര പോയി. അവിടെ രാത്രിയില്‍ കടലാമകള്‍ മുട്ടയിടുന്നത്  കാണാന്‍ കഴിയും. അര്‍ദ്ധരാത്രി മണല്‍പ്പരപ്പില്‍ നക്ഷത്രങ്ങള്‍ തിളങ്ങുന്ന ആകാശത്തിന് കീഴെ മങ്ങിയ നിലാവില്‍ ആമകള്‍ മുട്ടയിടുന്നതും, ചില മുട്ടകള്‍ വിരിഞ്ഞ് ആമക്കുഞ്ഞുങ്ങള്‍ കടലിലേക്ക് ഓടിയിറങ്ങുന്നതും ഞങ്ങള്‍ കണ്ടു. പിറ്റേന്ന് രാവിലെയാണ് തിരിച്ചു പോന്നത്. ഉച്ചകഴിഞ്ഞിരുന്നു ഫ്ളാറ്റില്‍ തിരിച്ച് എത്തിയപ്പോള്‍.
അന്ന് രാത്രി എട്ടു മണിയായിക്കാണും, കതകില്‍ ഒരു മുട്ട് കേട്ടു. തുറന്നപ്പോള്‍ ഹരിയുടെ റൂമില്‍ താമസിക്കുന്ന ഷൗക്കത്ത് .

'സാറെ, ഒരു പ്രശ്നമുണ്ട്.'

ഞാന്‍ റൂമിന് വെളിയിലേക്ക് ഇറങ്ങി ചെന്നു.

'ഹരിയുടെ വീട്ടീന്ന് വിളിച്ചിരുന്നു. അവന്‍റെ അച്ഛന് ഹാര്‍ട്ട് അറ്റാക്ക്', ശ്വാസം പെട്ടെന്ന് വിലങ്ങിയത് പോലെ തോന്നി.

'അയ്യോ, ഹോസ്പിറ്റലില്‍ ആണോ? സീരിയസ് ആണോ?', പെട്ടെന്ന് എന്താ ചെയ്യണ്ടെ എന്ന് അറിയാത്തപോലെ.

'അല്ല സാറെ. അച്ഛന്‍ മരിച്ചു.'

ഞാന്‍ തരിച്ചു നിന്നു.

'ഹരി അറിഞ്ഞോ?'

'പറഞ്ഞു. അല്ലാതെ എന്താ ചെയ്യ.', ഷൗക്കത്തിനും ആകെ പരിഭ്രമം.

ഹരിയുടെ റൂമിന് വെളിയില്‍ എത്തിയപ്പോള്‍ ആളുകള്‍ കൂടി നില്ക്കുന്നു. എന്നെ കണ്ടപ്പോള്‍ സുകു ഓടി വന്നു.

'അവന് നാട്ടിലേക്ക് പോണം എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കുന്നു. എന്താ ചെയ്യ? പടാക കിട്ടാതെ പോകാനും പറ്റില്ല. ഒരാഴ്ച കഴിയാതെ ഓഫീസൊന്നും തുറക്കേം ഇല്ല.', സുകുവിന്‍റെ ശബ്ദത്തില്‍ നിസ്സഹായത.

ഞാന്‍ പതുക്കെ ഹരിയുടെ മുറിയിലേക്ക് കടന്നു. കട്ടിലിന്‍റെ അരികില്‍ കാല്‍മുട്ടുകളില്‍ കൈകള്‍ ഊന്നി കൈവെള്ളയില്‍ മുഖം അമര്‍ത്തി ഹരി ഇരിക്കുന്നു.

അടുത്ത് ചെന്ന് ഞാന്‍ ചുമലില്‍ കൈ വെച്ചു. അവന്‍ മുഖമുയര്‍ത്തി. കരഞ്ഞ് കലങ്ങിയ കണ്ണുകള്‍.

'ന്‍റെ അച്ഛന്‍. എനിക്കൊന്ന് കാണണം', അവന്‍ എന്‍റെ കൈത്തണ്ടയിലേക്ക് മുഖം അമര്‍ത്തി.

നാട്ടിലേക്ക് പോകാന്‍ കഴിയില്ല എന്ന് അവനോട് എങ്ങിനെ പറയും. ഞാന്‍ അവന്‍റെ അരികില്‍ കട്ടിലില്‍ ഇരുന്നു. അവന്‍റെ തോളത്തു കൈയ്യിട്ട് എന്നോട് ചേര്‍ത്ത് ഇരുത്തി.

'പോവാം.', അങ്ങിനെയേ പറയാന്‍ പറ്റിയുള്ളൂ. അവന്‍ ഏങ്ങലടിച്ചു കൊണ്ടേയിരുന്നു.

പുറത്ത് മരുഭൂമിയുടെ ചൂട്. പ്രവാസികളുടെ നിശ്വാസങ്ങള്‍ക്കും അതേ ചൂടാണ്.

അങ്ങ് ദൂരെ നീല ജനാലവിരികള്‍ക്ക് കീഴെ, അമ്മയും ചക്കരയും പിന്നെ അച്ഛനും കാത്തിരുന്നു. ഹരി വരുന്നതും നോക്കി.

You can share this post!

മാര്‍ജാരഗര്‍ജ്ജനം

ഷോബി ടി.ജി.
അടുത്ത രചന

കമ്മല്‍

ജിജോ ജോസഫ് എന്‍.
Related Posts