'ഹലോ...ഫാദര്‍ മനുവേല്‍ ഹിയര്‍...'
'അച്ചോ...ഇതു കോണ്‍വെന്‍റീന്ന് റോസിലി സിസ്റ്ററാന്നെ....'
'ങാഹാ.. എന്താ വിശേഷിച്ച്...പറയൂ...'
'ഞങ്ങള്‍ കുറേനേരമായ് ട്രൈചെയ്യുന്നു... ഒരത്യാവശ്യകാര്യമുണ്ട് അച്ചന്‍ എത്രയും പെട്ടെന്ന് ഇവിടെവരെ ഒന്നുവരണം....'
'എന്താ സിസ്റ്റര്‍ ഇന്നാളത്തെപ്പോലെ കള്ളന്‍ കയറിയോ?...'
ബീപ്..ബീപ് ...ബീപ്... ഇല്ല, അച്ചന്‍ ചോദിച്ചത് അവിടെ കേട്ടിട്ടില്ല. മറുതലയ്ക്കല്‍ ഫോണ്‍ വച്ച് പോയിരിക്കുന്നു.
അപ്പോള്‍ ഇവരായിരുന്നു രാവിലെമുതല്‍ വിളിച്ചുകൊണ്ടിരിക്കുന്നത്. എന്താണാവോ ഇത്ര ഗുരുതരമായ പ്രശ്നം. ഒട്ടും സമയം കളയാതെ അച്ചന്‍ മഠത്തിലേക്കു പുറപ്പെട്ടു.
കാലമത്ര നന്നല്ലാത്തതിനാല്‍ തീരെ ഒഴിച്ചുകൂടാന്‍ വയ്യാത്ത സാഹചര്യത്തില്‍ മാത്രമെ അച്ചന്‍ കോണ്‍വെന്‍റിലേക്ക് പോകാറുള്ളു. ആഹാരം കഴിക്കാന്‍ അച്ചന് ഇവിടെ വന്നൂടെ എന്ന മദറിന്‍റെ നിര്‍ദേശത്തെ വെറുംചിരിയാല്‍ നിരസിച്ചുകൊണ്ട് അച്ചന്‍ തൂക്കുപാത്രത്തില്‍ നേരം തെറ്റിയെത്തുന്ന തണുത്ത ആഹാരത്തില്‍ തൃപ്തനായി ജീവിക്കുന്നു.
മാനുവേലച്ചന്‍ പടിക്കലെത്തിയപ്പോഴേക്കും മദര്‍ നേരിട്ടുവന്നു സ്വീകരിച്ചു...
'എന്താ മദറെ പ്രശ്നം?..'
'പ്രശ്നമൊന്നുമല്ലാ....അച്ചന്‍ വരൂ, കാണിച്ചു തരാം ഒരു സന്തോഷ വര്‍ത്തമാനമാണ്.'
'അതെന്താണെന്നൊന്നു പറഞ്ഞൂടെ....' കുന്നു കയറിതിടുക്കത്തില്‍ നടന്നതിന്‍റെ ക്ഷീണത്തില്‍ അച്ചന്‍ നിന്നു കിതച്ചു.
'അച്ചനിങ്ങുവരുന്നെ... ഇതൊന്നുകണ്ടിട്ട് എന്താവേണ്ടേന്ന് വേഗം തീരുമാനിക്കണം...'
മാനുവേലച്ചന്‍റെ കൈയില്‍പിടിച്ചു വലിച്ചു കൊണ്ട് മദര്‍ അകത്തേക്ക് പോയി. അടുക്കളയോടു ചേര്‍ന്നുള്ള ഊണുമുറിയില്‍ കന്യാസ്ത്രീകളെല്ലാം വട്ടംകൂടിയിട്ടുണ്ട്. ഇവിടെ കാര്യമായിട്ടെന്തോ സംഭവിച്ചിരിക്കുന്നു എന്ന് അച്ചനു മനസിലായി.
'അച്ചനിതേലൊന്നു നോക്കിക്കെ...'
മനുവേലച്ചന്‍ ചൂണ്ടുവിരല്‍കൊണ്ട് കണ്ണാടി മൂക്കിമേല്‍ നന്നായ് ഉറപ്പിച്ച് സൂക്ഷിച്ചുനോക്കി. മേശമേല്‍ വിരിച്ച വെള്ളത്തുണിയില്‍ ഒരു കരിഞ്ഞ ചപ്പാത്തിയിരിക്കുന്നു.
'എന്തായിത്...ചപ്പാത്തീയല്ലെ!!!....' അച്ചനു കാര്യത്തിന്‍റെ ഗൗരവം തീരെ പിടികിട്ടിയില്ലാ...
'ആ ചപ്പാത്തിയില്‍ എന്താണു കാണുന്നതെന്ന് ഒന്നുകൂടി സൂക്ഷിച്ചുനോക്കു.... അതില്‍ ക്രിസ്തുവിന്‍റെ പ്രതിരൂപം കാണുന്നില്ലെ അച്ചോ?'
ശരിയാണ്. പരത്തിയപ്പോള്‍ അല്പം ഓവല്‍ഷെയ്പ്പ് ആയെങ്കിലും ചപ്പാത്തി കണ്ടാല്‍ കുറ്റം പറയാനൊക്കില്ല.പഴുത്ത തവയില്‍ ചുട്ടെടുത്ത നേരത്ത് ഒത്ത നടുഭാഗത്താണ് കരിവു പറ്റിയത്. ആ കരിവുപാടില്‍ നോക്കിയാല്‍ ക്രിസ്തു കുരിശില്‍ തൂങ്ങിക്കിടക്കുന്നതുപോലെയുണ്ട്. കുരിശിനു താഴെയായ് മൂന്നുനാലു ചെറിയ കരിവുകള്‍ ...അതു ക്രിസ്തുവിന്‍റെ മാതാവും പ്രിയ ശിഷ്യന്‍ യോഹന്നാനും മദ്ധലനാ മറിയവും ഒക്കെ ആയിരിക്കണം...അല്ലെങ്കില്‍ പീലാത്തോസിന്‍റെ പടയാളികള്‍...
'ഇനി എന്താ നമുക്ക് ചെയ്യേണ്ടെ?... അച്ചനോടു ചോദിച്ചിട്ടുവേണോലോ ഒരു തീരുമാനമെടുക്കാന്‍.'
'ഇതാര്‍ക്കാ ഈ ദര്‍ശനം ആദ്യമുണ്ടായത്?' അച്ചന്‍ ചോദിച്ചു...
'റോസിലി സിസ്റ്ററിനാ...'
'ഇന്നു ആഹാരമുണ്ടാക്കുന്നത് എന്‍റെ ഊഴമായിരുന്നു. എല്ലാം സാധാരണപോലെ, മാവുകുഴച്ചുവച്ചിട്ട് കറിക്കുള്ളതെല്ലാം റെഡിയാക്കി അടുപ്പത്തുവച്ചു. പിന്നെ മാവ് പരത്തി ചപ്പാത്തി ചുട്ടുതുടങ്ങി... മൂന്നാമത്തെ ചപ്പാത്തി ചുട്ടപ്പോഴാണ് അത്ഭുതം സംഭവിച്ചത്. ' റോസിലി സിസ്റ്റര്‍ പറഞ്ഞു.
മാനുവേലച്ചന്‍ കസേര വലിച്ചിട്ടിരുന്ന് കരിഞ്ഞ ചപ്പാത്തിയെ സൂക്ഷിച്ച് വീക്ഷിച്ചു... കര്‍ത്താവ് അപ്പോഴും കുരിശില്‍ തന്നെ ഉണ്ടായിരുന്നു.
'മറ്റു രണ്ടുചപ്പാത്തികള്‍ കൊണ്ടുവരു ...'
ആദ്യം ചുട്ട രണ്ടുചപ്പാത്തികളും അച്ചന്‍ സസൂഷ്മം നിരീക്ഷിച്ചു... അതിലും കരിഞ്ഞപാടുകള്‍ ഉണ്ടായിരുന്നു...പക്ഷേ ഒന്നും ഉറപ്പിച്ചു പറയാന്‍ പറ്റുന്നില്ലാ...ഒരുപക്ഷെ ഗലീലിയ കടലാവാം... താബോര്‍ മലയാവാം... അല്ലെങ്കില്‍ ജറുസലേം പട്ടണം മൊത്തത്തിലായ്ക്കൂടെന്നുമില്ലാ.
'കറി ഇന്നും ഉരുളക്കിഴങ്ങുതന്നെ ആയിരിക്കുമല്ലോ ഇല്ലെ, അതിന്‍റെ അവസ്ഥയില്‍ അതിസ്വോഭാവികമായ എന്തെങ്കിലും മാറ്റങ്ങള്‍ കാണുന്നുണ്ടോ? ' അച്ചന്‍ അതു ചോദിച്ചപ്പോഴാണ് കറിയില്‍ എന്തെങ്കിലും അടയാളം ഉണ്ടോ എന്നു നോക്കിയില്ലല്ലോ എന്ന് കന്യാസ്ത്രീജനങ്ങള്‍ക്കും തോന്നിയത്. പെണ്‍ബുദ്ധി പിന്‍ബുദ്ധി എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.കറിക്കലം മൊത്തമായ് മേശമേല്‍ എത്തി. അപ്പോഴും അതില്‍നിന്നും ചെറുതായ് ദിവ്യചൈതന്യമെന്ന പോലെ ആവിപറക്കുന്നുണ്ടായിരുന്നു.
മാനുവേലച്ചന്‍ പ്ലേയ്റ്റില്‍ ഒന്നിനുമുകളില്‍ ഒന്നായ് ചപ്പാത്തികളടുക്കി. ഇപ്പോള്‍ ക്രൂശിതനായ ക്രിസ്തു ഏറ്റവും മുകളില്‍. പിന്നെ ഉരുളക്കിഴങ്ങു കറി രണ്ടുവട്ടം അച്ചന്‍ ചപ്പാത്തിക്കുമുകളിലൊഴിച്ചു. പണ്ട് പടയാളികള്‍ ക്രിസ്തുവിന്‍റെ മുഖത്ത് തുപ്പിയതിലും ക്രൂരമായ ഒരു പ്രവൃത്തി...
അച്ചന്‍ തിടുക്കത്തില്‍ മൂന്നു ചപ്പാത്തിയും അകത്താക്കി.
ചപ്പാത്തി പരത്തുന്ന കോലുവച്ച് അച്ചനെ തലക്കടിച്ചുകൊല്ലാന്‍പോലും കഴിയാതെ മദറമ്മ മരവിച്ചു നിന്നുപോയ്.
കൈകഴുകി തുടച്ചിട്ട് അച്ചന്‍ എല്ലാവരോടുമായ് ഇത്രയും പറഞ്ഞു...
'കരിഞ്ഞ ചപ്പാത്തിയിലല്ലാ ദൈവത്തെ തിരയേണ്ടത്...കരയുന്ന മനുഷ്യനിലാണ്. നമ്മുടെ ആശുപത്രിയില്‍ എത്രയോ രോഗികള്‍ കിടന്ന് വേദനിക്കുന്നു. അവരുടെ ഇടയിലൊക്കെപോയ് തിരയൂ ദൈവത്തെ....'
മാനുവേലച്ചന്‍ തിരിഞ്ഞുനോക്കാതെ പടികളിറങ്ങി, അനുദിനജീവിതത്തിന്‍റെ തിരക്കുകളിലേക്ക്.