ജീവിതത്തെ സൗന്ദര്യമുള്ളതാക്കുന്നതും തീവ്രമാക്കുന്നതും ജീവനം എന്ന സാധാരണ അനുഭവത്തിന് അതിജീവനം എന്ന അസാധാരണ ഭാവം ഉണ്ട് എന്ന് തിരിച്ചറിയുമ്പോഴാണ്. യേശു തന്‍റെ ജീവിതത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും അത് വെളിപ്പെടുത്തുന്നു. അതിജീവനം ഒരു ദൈവികപദ്ധതിയാണോ എന്ന ഒരു ചോദ്യം നമുക്ക് ഈ അവസരത്തില്‍ ചോദിക്കാവുന്നതാണ്. നിശ്ചയമായും അതെ, മനുഷ്യന്‍റെ സാധാരണ ജീവിതമണ്ഡലത്തില്‍ നിന്ന് പുതിയ തലങ്ങളിലേക്ക് മനുഷ്യര്‍ സഞ്ചരിക്കേണ്ടതാണെന്ന് യേശു തന്‍റെ ജീവിതംകൊണ്ട് വെളിപ്പെടുത്തുന്നു. മനുഷ്യാവതാരത്തിന്‍റെ ലക്ഷ്യം തന്നെ ഇതായിരിക്കാം. ജീവനത്തിന്‍റെ പുതിയ തലങ്ങളിലേക്ക് എത്തിച്ചേരാന്‍ സമസ്തസൃഷ്ടിയെയും പ്രാപ്തരാക്കുന്ന ദൈവിക പദ്ധതിയാണ് മനുഷ്യാവതാരത്തിലൂടെ വെളിപ്പെടുന്നത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ലോകത്തെ അതിജീവനത്തെക്കുറിച്ചു പഠിപ്പിക്കാന്‍ ദൈവം ഉയര്‍ത്തിയ മാതൃകയാണ് ക്രിസ്തു. ലാറ്റിന്‍ അമേരിക്കന്‍ ദൈവശാസ്ത്രജ്ഞനായ L. Boff യേശുവിന്‍റെ Originality യേക്കുറിച്ച് ഇങ്ങനെയെഴുതുന്നു. “Christ... was original. Not because he discovers new things but because he says things with absolute simplicity and mastery. Everything that he says and does is transparent, crystalline, self evident. Others see it at once. In contrast with Jesus each of us meets our ownself and what is best in ourself: each of us is brought to what is ,original in us.”(quoted in The Future of Liberation Theology, Essays in honor of Gustavo Gutierrez, page 201) ) ക്രിസ്തു നമ്മില്‍ വരുത്തുന്ന അല്ലെങ്കില്‍ നാം വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ഈ നിരീക്ഷണങ്ങള്‍ അതിജീവനപാഠങ്ങളിലേക്ക് മനുഷ്യനെ ക്ഷണിക്കുന്നതായിരിക്കും. ഈ ഒരു പശ്ചാത്തലത്തില്‍ ക്രിസ്തു എന്ന മഹനീയമായ അതിജീവനത്തെക്കുറിച്ച് ഏതാനും ചില നിരീക്ഷണങ്ങള്‍ നടത്താന്‍ മാത്രമാണ് ഈ കുറിപ്പുകൊണ്ട് ഉദ്ദേശിക്കുന്നത്.
അതിരുകളെ അതിജീവിച്ചവന്‍
ഏതൊരു സമൂഹവും ബന്ധങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്നത് പതിവ് കാഴ്ചയാണ്. രാജ്യങ്ങള്‍ക്ക് അതിര്‍ത്തി നിശ്ചയിക്കപ്പെടുന്നു, ബന്ധങ്ങള്‍ക്ക് വിലക്കുകള്‍ ഉണ്ടാകുന്നു. സഹവാസങ്ങള്‍ നിഷേധിക്കപ്പെടുന്നു. ഇങ്ങനെ നിരന്തരമായി വിഭജിക്കപ്പെടുന്ന ഒരു സമൂഹത്തില്‍ നിന്നാണ് ക്രിസ്തു തന്‍റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നത്. ഈ ഒരു പശ്ചാത്തലത്തിലാണ് ക്രിസ്തുവിന്‍റെ ڇദൈവരാജ്യം സമീപിച്ചിരിക്കുന്നുڈ എന്ന പ്രഘോഷണത്തിന്‍റെ വ്യാപ്തി തിരിച്ചറിയേണ്ടത്. നിലവിലുണ്ടായിരുന്ന വ്യവസ്ഥിതിക്ക് തികച്ചും ബദലാണിത്. ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍, ബന്ധങ്ങള്‍, പ്രവര്‍ത്തനരീതികള്‍ ഇവയെല്ലാമാണ് തുടര്‍ന്ന് സുവിശേഷത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. മനുഷ്യാവതാരം തന്നെ ദൈവത്തിന്‍റെ അതിരുകളില്‍ നിന്ന് നടത്തുന്ന വലിയ ഒരു എടുത്തുചാട്ടമാണ്. 'വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു' (യോഹ. 1:14). മനുഷ്യന് എത്തിച്ചേരാവുന്ന ദൂരത്തിലേക്ക് ദൈവം എത്തിച്ചേര്‍ന്നു എന്ന നിലയിലാണ് യോഹന്നാന്‍ നിരീക്ഷിക്കുന്നത്. അതുപോലെ തന്നെ മനുഷ്യന്‍ എവിടെ എത്തിച്ചേരണം എന്ന് ക്രിസ്തുവിലെ മനുഷ്യനെ ചൂണ്ടിക്കാണിച്ച് ദൈവം നമ്മെ പഠിപ്പിക്കുന്നുമുണ്ട്. ഈ ഒരു മാതൃകയാണ് ക്രിസ്തു പരസ്യശുശ്രൂഷയില്‍ നിര്‍വ്വഹിക്കുന്നത്.
ചുങ്കക്കാരോടും രോഗികളോടും സ്ത്രീകളോടും സമൂഹവും മതവും അയിത്തം കല്‍പിച്ചിരുന്ന ഇതരജനവിഭാഗങ്ങളോടും ക്രിസ്തു പുലര്‍ത്തിയ തീവ്രവും വ്യക്തിപരവുമായ ബന്ധങ്ങള്‍ ശക്തമായ അതിജീവന മാതൃകയാണ്. ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ എന്നാണ് അവനെ വിളിച്ചിരുന്നതുതന്നെ. ചുറ്റുപാടുകളോട് ക്രിസ്തു പുലര്‍ത്തിയ ബന്ധങ്ങള്‍ പരസ്യശുശ്രൂഷ കാലത്തുതന്നെ അനേകര്‍ക്ക് ജീവിക്കാനും മാനസാന്തരപ്പെടാനുമുള്ള പ്രചോദനമായി. ചുങ്കക്കാരന്‍ സക്കേവൂസ്, മര്‍ത്തായും മറിയവും (യോഹ. 10:38-42) ശമര്യാക്കാരി സ്ത്രീ (യോഹ. 4:4-26) ശതാധിപന്‍ (മത്താ. 8:513) ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ വേദപുസ്തകത്തില്‍ കാണാന്‍ സാധിക്കും.
ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ യേശു എത്രയോ മനുഷ്യര്‍ക്ക് അതിജീവനത്തിന്‍റെ ജീവിതമാതൃകയായി. രാജ്യങ്ങളുമായും ജനതകളുമായും സംസ്കാരങ്ങളുമായും നിരന്തരം സംവദിച്ച് ക്രിസ്തുവിനെ ലോകത്തിന് പരിചയപ്പെടുത്തിയ അപ്പോസ്തോലന്മാര്‍. മിണ്ടാതെ കൈകെട്ടി നിന്ന് മരണത്തെ പുല്‍കിയ രക്തസാക്ഷികള്‍. തിരസ്കരണത്തിന്‍റെ ജീവിത മാതൃക കണ്ടെത്തി പുതിയ ബന്ധങ്ങള്‍ക്ക് തുടക്കം കുറിച്ച വിശുദ്ധന്മാര്‍. ക്രിസ്തുവിനെ നോക്കി പുതിയ ഭാഷണരീതികള്‍ കണ്ടെത്തിയവര്‍. സ്നേഹമെന്ന വാക്കിന് യാഗത്തിന്‍റെ തീവ്രതയുണ്ട് എന്ന് മനസ്സിലാക്കി ജീവിതം ഉഴിഞ്ഞുവെച്ചവര്‍. ഇവരെല്ലാം സാധാരണ വ്യവഹാരങ്ങളുടെയും ലോകവീക്ഷണങ്ങളുടെയും ജീവിതലക്ഷ്യങ്ങളുടെയും മീതെ സഞ്ചരിക്കുന്നവരാണ്. ഇങ്ങനെ നടക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതും മാതൃകയായതും ക്രിസ്തു എന്ന അതിജീവനമാണ്.
ദൈവരാജ്യത്തില്‍ സ്നേഹം നിര്‍വചിക്കുന്നത് ഒരുവന്‍ അപരനെ എത്രമാത്രം തന്നെക്കാള്‍ സ്നേഹിക്കുന്നുണ്ട് എന്ന അടിസ്ഥാനത്തിലാണ്. പങ്കുവെക്കപ്പെടുന്ന തീവ്രമായ സ്നേഹം പുതിയ ബന്ധങ്ങളിലേക്കാണ് നമ്മെ കൊണ്ടുചെന്ന് എത്തിക്കുന്നത്.
സൗഖ്യവും അതിജീവനവും
സൗഖ്യം മനുഷ്യജീവിതത്തിലെ ഒരു നിരന്തര അനുഭവമാണ്. ഓരോ ദിവസവും സൗഖ്യമാകുന്നതുകൊണ്ടാണ് മുന്നോട്ടു നീങ്ങാന്‍ ഓരോരുത്തരും പ്രാപ്തരാകുന്നത്. എന്നാല്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ തടസ്സമായി നില്‍ക്കുന്ന പല ജീവിത സാഹചര്യങ്ങളുണ്ട്. ശാരീരികമായ രോഗങ്ങള്‍, ജന്മനാ ഉള്ള വൈകല്യങ്ങള്‍, മാനസിക പ്രശ്നങ്ങള്‍ ഇവയെല്ലാം അതില്‍ പ്രധാനമാണ്. എന്നാല്‍ ഇതോടുകൂടി തന്നെ ജാതീയവും വംശീയവും ലിംഗപരവുമായ പ്രശ്നങ്ങള്‍ സജ്ജീവമായി പരിഗണിക്കേണ്ടതുതന്നെയാണ്. ഹൈദ്രാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല എന്ന വിദ്യാര്‍ത്ഥി ജീവനൊടുക്കേണ്ടി വന്നത് ദലിതനായതുകൊണ്ട് മാത്രമാണ്. അദ്ദേഹം എഴുതി വെച്ച കുറിപ്പില്‍ ഇങ്ങനെ എഴുതുന്നു: എന്‍റെ ജന്മം തന്നെയാണ് എന്‍റെ മരണ കാരണം. സാമൂഹികവും സാമ്പത്തികവും ബൗദ്ധികവുമായ പ്രതിസന്ധികളെയും അതിരുകളെയും ലംഘിച്ച് മുന്നോട്ട് പോകുവാന്‍ മുതിരുന്ന ദലിതര്‍ക്കും ജാതിവിവേചനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നവര്‍ക്കും വംശീയമായി തരംതിരിവ് അനുഭവിക്കുന്നവര്‍ക്കും ലിംഗപരമായ അസമത്വം നേരിടുന്നവര്‍ക്കും ഇതൊരു മുന്നറിയിപ്പാണ്. ഇവിടെ സൗഖ്യമാകേണ്ടത് അടിമത്തവും അനീതിയും ശാശ്വതമാക്കുന്ന സാമൂഹ്യ ഘടനകള്‍ക്കുമാണ് എന്ന് വിസ്മരിക്കാന്‍ സാധിക്കില്ല. വിവിധ ജനവിഭാഗങ്ങളുടെ ജീവിക്കാനും സഞ്ചരിക്കാനും പഠിക്കാനും ചിന്തിക്കാനും ഉള്ള അവകാശം തടസ്സപ്പെടുന്നു. ഈ തടസ്സങ്ങള്‍ക്കെതിരെ പോരാടാന്‍ ആര് തന്നെ രംഗപ്രവേശനം ചെയ്താലും അതിന് സൗഖ്യത്തിന്‍റെ സാമൂഹ്യമാനം ഉണ്ടായിരിക്കും.
ഇവിടെ പറയാന്‍ ശ്രമിച്ചത്, സൗഖ്യത്തിന്‍റെ പൂര്‍ണ്ണതയായി ശാരീരികമായ സൗഖ്യത്തിനപ്പുറം സാമൂഹ്യവും-മതപരവും-രാഷ്ട്രീയവുമായ ഒരു സൗഖ്യപ്പെടല്‍ ഉണ്ട് എന്നു പറയുവാനുമാണ്. ക്രിസ്തു നല്‍കുന്ന എല്ലാ സൗഖ്യങ്ങളും സൗഖ്യം ലഭിക്കുന്ന വ്യക്തിയെ അവന്‍ എവിടെനിന്ന് പറിച്ചെറിയപ്പെട്ടോ അവിടേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുവേണ്ടിയാണ്. അതായത് ഓരോ സൗഖ്യം നല്‍കലും സൗഖ്യം ലഭിച്ചവനും സൗഖ്യം നല്‍കിയവനും തമ്മില്‍ നടന്ന വ്യക്തിപരമായ ഒരു ഇടപാട് അല്ല. മറിച്ച്, സൗഖ്യം ലഭിച്ചവന്‍റെ സാമൂഹ്യ-രാഷ്ട്രീയ-മത പരിസരത്തെ രൂപാന്തരപ്പെടുത്താന്‍ ഉതകുന്നതുകൂടിയാണ്. രോഗങ്ങള്‍, മനുഷ്യന്‍റെ ഇതരവൈകല്യങ്ങള്‍, നിറം, ജാതീയവും വംശീയവുമായ പിന്നോക്കാവസ്ഥ ഇവയെല്ലാം സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിന് മതിയായ കാരണങ്ങളാണ്. ഈ മാറ്റിനിര്‍ത്തല്‍ മതപരമായ അനുവാദത്തോടുകൂടിയാകുമ്പോള്‍ ഒറ്റപ്പെടുത്തലും അടിച്ചമര്‍ത്തലും എല്ലാ നിലകളിലും പൂര്‍ണ്ണമാകും. ഈയൊരു പശ്ചാത്തലത്തില്‍ നിന്നും ക്രിസ്തു നല്‍കുന്ന സൗഖ്യങ്ങള്‍ നമുക്ക് പരിശോധിക്കാന്‍ സാധിക്കണം.
കുഷ്ഠരോഗിയെ പരിഗണിക്കേണ്ടത് എങ്ങനെയെന്ന് ന്യായപ്രമാണം കൃത്യമായ നിഷ്കര്‍ഷകള്‍ നല്‍കുന്നുണ്ട്(ലേവ്യ. 13-14). അതുകൂടാതെ രോഗത്തെ ശാപമായി കണ്ട് പാപത്തിന്‍റെ പരിണത ഫലമാണ് എന്ന നിലയിലുള്ള ചിന്തകളും അക്കാലത്ത് നിലനിന്നിരുന്നു. എന്നാല്‍ നിലവിലുണ്ടായിരുന്ന ഈ രീതികളില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടാണ് ക്രിസ്തു കുഷ്ഠരോഗികളോട് ഇടപെടുന്നതും അവര്‍ക്ക് സൗഖ്യം നല്‍കുന്നതും. മനുഷ്യവാസമുള്ള ഗ്രാമങ്ങളില്‍ നിന്ന് ആട്ടിപ്പായിക്കപ്പെട്ടവരായിരുന്നു അവര്‍. ഈ പുറത്താക്കലിന് മതപരമായ കാരണങ്ങളുമുണ്ട്. എന്നാല്‍ യേശു കുഷ്ഠരോഗിയെ സുഖപ്പെടുത്തുമ്പോള്‍ ഇങ്ങനെ പറയുന്നു ڇയേശു കൈനീട്ടി അവനെ സ്പര്‍ശിച്ചുകൊണ്ട് അരുളി ചെയ്തു, എനിക്ക് മനസ്സുണ്ട് നിനക്ക് ശുദ്ധി വരട്ടെ. തല്‍ക്ഷണം കുഷ്ഠം മാറി അവന് ശുദ്ധി വന്നുڈ (മത്താ. 8:1-4, മര്‍ക്കോ. 1:40-45, ലൂക്കോ. 5:12-16). രക്തസ്രാവക്കാരിയോട് നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു (മത്താ. 9:20-22, മര്‍ക്കോ. 5:24-34, ലൂക്കോ. 8:43-48)എന്നും അന്ധര്‍ക്ക് കാഴ്ചകൊടുത്തുകൊണ്ട് നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ എന്നും ക്രിസ്തു പറഞ്ഞു (മത്താ. 9:27-31). കൂനിയായ സ്ത്രീക്ക് സൗഖ്യം കൊടുത്തിട്ട് അവളെ അബ്രഹാമിന്‍റെ മകളെ എന്ന് ക്രിസ്തു വിളിക്കുന്നു (ലൂക്കോ. 13:10-17). ഇവിടെ പ്രധാനമായും നിരീക്ഷിക്കേണ്ടത് ശാരീരികമായ സൗഖ്യത്തിനുമപ്പുറമായി സമൂഹത്തിന്‍റെ ശുദ്ധി- അശുദ്ധി സങ്കല്‍പത്തെ څശുദ്ധനാകچ എന്ന പ്രസ്താവത്തോടെ ക്രിസ്തു തിരുത്തുകയാണ്. കുഷ്ഠരോഗിക്ക് സൗഖ്യം കൊടുക്കുന്നതുവഴി തന്‍റെ മതസാമൂഹ്യ മണ്ഡലങ്ങളിലേക്ക് തിരികെ കയറാന്‍ വഴിയൊരുക്കുകയാണ്. നിന്‍റെ വിശ്വാസം വലുത്, നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്ക് ഭവിക്കട്ടെ എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ തങ്ങള്‍ക്ക് മതപരമായി ലഭിക്കേണ്ട ഏറ്റവും വലിയ അംഗീകാരങ്ങളായി മാറുന്നു. പാവപ്പെട്ടവരുടെ വിശ്വാസം കാണാതെപോയ യഹൂദ സമൂഹത്തില്‍ ഇത് വലിയ തിരിച്ചറിവാണ് സൃഷ്ടിച്ചത്. കൂനിയായ സ്ത്രീയെ അബ്രഹാമിന്‍റെ മകളെന്ന് വിളിക്കുമ്പോള്‍ തിരസ്കൃതയായിരുന്നവളെ അബ്രഹാമിന്‍റെ ഗണത്തിലേക്ക് ക്രിസ്തു ചേര്‍ത്തു നിര്‍ത്തുകയാണ്.
രോഗം എന്ന ശാരീരിക പ്രശ്നത്തെ ഗൗരവമായി അഭിസംബോധന ചെയ്യുമ്പോള്‍ സൗഖ്യം നല്‍കുന്നതു വഴി സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ ക്രിസ്തു വഴിയൊരുക്കുന്നു എന്നത് ആണ് നമുക്ക് ഇവിടെ നിരീക്ഷിക്കാന്‍ സാധിക്കുന്നത്.
ക്രിസ്തു ഇത്തരത്തിലാണ് സൗഖ്യത്തെ കണ്ടിരുന്നത് എന്നത് ആദര്‍ശവത്ക്കരിച്ചിട്ട് ഒരു കാര്യവുമില്ല. വളരെ പെട്ടെന്ന് സൗഖ്യം കൊടുക്കുന്ന ഒരു അത്ഭുത പ്രവര്‍ത്തകനാണ് ക്രിസ്തു എന്ന് പറഞ്ഞതുകൊണ്ടും കാര്യമില്ല. ക്രിസ്തു നല്‍കിയ സൗഖ്യങ്ങളുടെ ശക്തമായ സാമൂഹ്യപ്രത്യാഘാതങ്ങള്‍ തിരിച്ചറിയുന്നതുവഴിയാണ് ക്രിസ്തു നമുക്ക് അതിജീവനത്തിന്‍റെ മാതൃകയാകുന്നത്. സമൂഹത്തിന്‍റെ അസമത്വങ്ങള്‍ വഴി രോഗാതുരരായ അനേകര്‍ ഇന്നും നമ്മോടൊപ്പം ജീവിക്കുന്നുണ്ട്. അവരോട് പക്ഷം ചേര്‍ന്ന് അവര്‍ക്ക് മാതൃകയാകാന്‍ ഇവിടുത്തെ ക്രൈസ്തവ സഭകള്‍ക്ക് സാധിക്കുമോ എന്നത് ക്രിസ്തീയ സഭകളെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
അതിജീവനത്തിന്‍റെ ബദല്‍ മാതൃക
ക്രിസ്തു ജീവനോടു പുലര്‍ത്തുന്ന ഉദാരമായ സമീപനം ബദലുകള്‍ അന്വേഷിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. കേരളത്തിന്‍റെ സമ്പദ്വ്യവസ്ഥ ഇന്ന് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. നാണ്യവിളയായ റബ്ബര്‍ വിലത്തകര്‍ച്ചയില്‍ കൂപ്പുകുത്തിയിരിക്കുന്നു. മറ്റ് നാണ്യവിളകളായ സുഗന്ധവ്യജ്ഞനങ്ങളുടെ വിലയിലും സ്ഥിരത ലഭിക്കാതെ ചാഞ്ചാട്ടം തുടരുന്നു. കാര്‍ഷികമേഖല അപ്പാടെ അരക്ഷിതമായ അന്തരീക്ഷത്തില്‍ തന്നെയാണ്. പുറമെ വികസിക്കുന്നുവെന്ന് കൊട്ടിഘോഷിക്കപ്പെടുമ്പോഴും സാമാന്യജനത്തിന്‍റെ ജീവസന്ധാരണം പ്രതിസന്ധികളില്‍ നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിന്‍റെ കാരണങ്ങള്‍ പലതായിരിക്കാം. ആഗോള സമ്പദ്വ്യവസ്ഥയില്‍ വന്ന മാറ്റങ്ങളും സാമ്പത്തിക വികസനത്തിന് കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ കൊടുത്ത കേന്ദ്രസ്ഥാനവും പശ്ചാത്തലവും സാഹചര്യങ്ങളും മറന്ന് ജനങ്ങളില്‍ കടന്നുകൂടിയ അനുകരണ വാസനകളും, ഇതെല്ലാം വളര്‍ന്നുപന്തലിക്കുന്നതിനുവേണ്ടി ആത്മീയമായും ഭൗതീകമായും മതങ്ങളും സഭകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും എല്ലാം ചേര്‍ന്ന് നല്‍കിയിട്ടുള്ള സംഭാവനകളും ചെറുതല്ല. ഇന്ന് മനുഷ്യനും പ്രകൃതിയും നേരിടുന്ന ഈ പ്രതിസന്ധികളെയെല്ലാം അതിജീവിക്കുന്നതിന് അതിജീവന മാതൃകകളെ ലോകം തിരഞ്ഞുകൊണ്ടിരിക്കുകയാണ്. സന്തുലിതമായ വികസനത്തിന് (Sustainable Development) ഗാന്ധിയന്‍ സംഭാവനകളെ ആകര്‍ഷകമായി ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. മാധ്യമങ്ങളും മറ്റു സംഘടിത ശക്തികളും അനുദിനം ഉത്പാദിപ്പിക്കുന്ന സാംസ്കാരിക അധിനിവേശത്തെ ചെറുക്കുന്നതിന് വിവിധ പ്രതിസംസ്കാരിക രൂപങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ഇവിടെ ക്രിസ്തു സമൂഹത്തിന് ഒരു അതിജീവന മാതൃക ആകുന്നുണ്ടോ എന്ന് ആത്മവിമര്‍ശനത്തോടെ പരിശോധിച്ചുനോക്കേണ്ടതാണ്. ഇങ്ങനെ സംഭവിക്കുന്നില്ലെങ്കില്‍ അതിന്‍റെ കാരണങ്ങള്‍ അന്വേഷിക്കുവാന്‍ ക്രിസ്തീയ സമൂഹങ്ങള്‍ക്ക് ബാദ്ധ്യതയുണ്ട്.
ഫാ. സെബാസ്റ്റ്യന്‍ കാപ്പന്‍ 'യേശുവും സ്വാതന്ത്ര്യവും' എന്ന തന്‍റെ പ്രശസ്തമായ കൃതിയില്‍ പ്രധാനമായും പറയാന്‍ ശ്രമിക്കുന്ന കാര്യം ക്രിസ്ത്യാനിക്ക് ക്രിസ്തു ആരാധിക്കാനുള്ള ആരാധന മൂര്‍ത്തിയാണ്. കാലികമായി വിമോചനത്തെ തിരിച്ചറിയാനുള്ള ദൈവശബ്ദമായി അവര്‍ ക്രിസ്തുവിനെ മനസ്സിലാക്കുന്നില്ല എന്ന ആശയം പങ്കുവെക്കുന്നു. ഈ ഭൂമിയില്‍ കാലു തൊടാതെ ഇതിന്‍റെ മുകളിലൂടെ മാത്രം നടന്നവനാണ് ക്രിസ്തു എന്ന് പറയാനും വിശ്വസിക്കാനുമാണ് നമുക്ക് ഇഷ്ടം. അള്‍ത്താരയിലോ പള്ളിയിലോ മാത്രം ഇരിക്കുന്ന ദൈവത്തെ നമുക്ക് വിശ്വസിക്കാം, ആരാധിക്കാം. എന്നാല്‍ നമ്മെ മുഖാമുഖം തുറിച്ചുനോക്കുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളെ മാറ്റിത്തീര്‍ക്കാന്‍ സഹായിക്കുന്ന അതിജീവന മാതൃകയാവുകയില്ല അത് എന്നതാണ് വാസ്തവം. കേരളത്തില്‍ നൂറ്റാണ്ടുകളായി ക്രിസ്ത്യാനികളുണ്ട്. ചരിത്രത്തില്‍ എപ്പോഴെങ്കിലും നിങ്ങള്‍ ആ ക്രിസ്ത്യാനികളെ നോക്കൂ എന്ന് എത്ര പ്രാവശ്യം മറ്റുള്ളവരെക്കൊണ്ട് പറയിക്കാന്‍ നമുക്ക് സാധിക്കുന്നുണ്ട് എന്നത് ആത്മവിമര്‍ശനത്തോടെ നാം ചോദിക്കേണ്ട ചോദ്യമാണ്. സാധിക്കാതെ പോയെങ്കില്‍ ക്രിസ്തു നമ്മുടെ അള്‍ത്താരകളില്‍ വെറും 'പടം' ആയി അവശേഷിച്ചതാണ് കാരണം.