news-details
കവർ സ്റ്റോറി

അതിജീവനത്തിലെ എന്‍റെ ചവിട്ടുവഴികള്‍

'എല്ലാ വിളക്കും കെടുമ്പോള്‍ ആകാശമുണ്ട്
എല്ലാ സദിരും നിലയ്ക്കില്‍ നിന്‍ നാദമുണ്ട്
ഏവരും പിരിയിലും നിന്‍റെ സാന്നിധ്യമുണ്ട്
എങ്ങും വരണ്ടാലും ഉണ്ടു നിന്‍ ആര്‍ദ്രത'
 (വെറുതെയാണെന്‍റെ അസ്വാസ്ഥ്യം /
വി. മധുസൂദനന്‍നായര്‍)

'കൈചൂണ്ടികളും വഴികാട്ടികളും സ്ഥാപിച്ച് നീ കടന്നുപോയ വഴി നന്നായി മനസ്സില്‍ ഉറപ്പിക്കുക'(ജറെമിയ: 31/21) എന്ന പ്രവാചകശബ്ദം കുറച്ചുകാലമായി എന്‍റെ പിന്നാലെയുണ്ട്. മുന്‍പില്‍ എത്തുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കാനുള്ള എന്തോ ഒരു ദിവ്യമന്ത്രം കണക്കെയാണ് ഈ വചനത്തിലെ ഓരോ വാക്കും എന്‍റെയുള്ളില്‍ പ്രതിധ്വനിക്കുന്നത്. അടുത്തുനില്ക്കുന്ന വന്‍റെ ശുഭാപ്തിവിശ്വാസവും പോരാട്ടവീര്യവും കണ്ട് അമ്പരന്നുനില്‍ക്കാതെയും സ്വയം കുറ്റപ്പെടുത്താതെയും ഞാന്‍ കടന്നുവന്ന വഴികളില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിക്കാനുള്ള ഒരു ദിവ്യമന്ത്രം... ആ വഴികള്‍ എത്ര സമ്പന്നമാണ്!

വളരെ ലളിതവും ഏതൊരാള്‍ക്കും നടന്നുതീര്‍ക്കാന്‍ ആവുന്നതുമായ ഒരു ദൂരം താണ്ടുക എന്നതാണ് പ്രധാനം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ സ്വന്തം ജീവിതം തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഒരു പാഠപുസ്തകമായി മാറേണ്ടത്. കടന്നുവരുന്ന  ഏതു പ്രതിസന്ധിയേയും അതിജീവിക്കാന്‍ ഉള്ള ഊര്‍ജ്ജം ആ പുസ്തകത്താളുകള്‍ക്കിടയില്‍ എവിടെയോ ഒളിഞ്ഞുകിടപ്പുണ്ട്. മേല്‍ സൂചിപ്പിച്ച പ്രവാചകശബ്ദം നമ്മെ കൂട്ടിക്കൊ ണ്ടുപോകുന്നതും അത്തരം ഒരു സാധ്യതയിലേക്ക് അല്ലേ?.

ആദ്യ ചുവട് ഇങ്ങനെ ആയാലോ? ഓരോ ദിവസവും കടന്നുവരുന്ന അനുഭവങ്ങള്‍ പതിയെ ഓര്‍ത്തെടുക്കുക... എന്തൊക്കെ ഭയങ്ങള്‍, നിരാശ കള്‍, ആകുലതകള്‍, മുന്‍വിധികള്‍, സംശയങ്ങള്‍... ഒക്കെ നാം ഓരോരുത്തരുടെയും വഴിയില്‍ കാത്തു നില്‍പ്പുണ്ടായിരുന്നു. ആ ദിവസം അവസാനിക്കുമ്പോള്‍ ഇവയില്‍ പലതിനെയും നാം മറികടന്നിട്ടുമുണ്ട്. പക്ഷേ അറിഞ്ഞില്ലെന്നു മാത്രം. ഉദാഹരണത്തിന്, നാളുകളായി ആരെയോ കുറിച്ച് ഉള്ളില്‍ സൂക്ഷിച്ച മുന്‍വിധി ഇന്ന് അവിചാരിതമായി അയാളെ കണ്ടുമുട്ടിയതു വഴി എന്‍റെ ഉള്ളില്‍ നിന്നു മാഞ്ഞുവെന്നത് എന്‍റെ അതിജീവനം അല്ലേ? എന്‍റെ മനസ്സിന്‍റെ അടഞ്ഞുകിടന്ന ഒരു വാതില്‍ അല്ലേ ഇന്ന് അതുവഴി തുറക്കപ്പെട്ടത്... ആ കാര്യം എത്ര സന്തോഷത്തോടെ എഴുതിചേര്‍ക്കേണ്ടതാണ്... അങ്ങനെയങ്ങനെ എന്തൊക്കെ... ഒന്നോര്‍ക്കുക, വലിയ മൂല്യം ഇല്ലെന്നു കരുതി അവഗണിച്ചു കളഞ്ഞ ഈ ചെറുനാണയത്തുട്ടുകള്‍ ഓര്‍മയുടെ അറയില്‍ ഭദ്രമായി സൂക്ഷിച്ചു തുടങ്ങിയാല്‍ പതിയെ പതിയെ അവ വലിയ നിക്ഷേപമായി മാറും.

വളരെ അപ്രതീക്ഷിതമായി  അല്പം ഗ്രേഡ് കൂടിയ പ്രതിസന്ധികള്‍ ഇനി കടന്നുവന്നുവെന്ന് കരുതുക... സ്വാഭാവികമായി ആദ്യ പ്രതികരണം; മുന്‍പോട്ടു പോകാന്‍ ആവാതെയുള്ള പകച്ചു നില്‍ക്കലും നിശ്ചലാവസ്ഥയും ഒക്കെ തന്നെയാ യിരിക്കും. എങ്കിലും അതിന്‍റെയൊക്കെ ദൈര്‍ഘ്യം പഴയതിനേക്കാള്‍ കുറയും. കാരണം, സ്വന്തം കീശ കാലിയായി പോയ ആ ചുറ്റുപാടില്‍ മേല്‍പ്പറഞ്ഞ നിക്ഷേപത്തിലേക്ക് എന്‍റെ ഹൃദയം പതിയെ ചായും. ചുമ്മാതെയല്ല ക്രിസ്തു പറഞ്ഞത്;'നിന്‍റെ നിക്ഷേപം എവിടെയോ അവിടെയാണ് നിന്‍റെ ഹൃദയവും'

ഈ ചുവട് ആയിരിക്കണം അതിജീവനത്തിന്‍റെ അടിത്തറ. ഈ അടിത്തറ കെട്ടിക്കഴിഞ്ഞു, ഇനി മറ്റാരുടെയെങ്കിലും ജീവിതാനുഭവങ്ങള്‍ ശ്രവിക്കുമ്പോള്‍ എന്താവും നമ്മെ ഭരിക്കുന്നത്? അസൂയ, അപകര്‍ഷത, നിരാശ, താരതമ്യം.....ഇങ്ങനെ എന്തെങ്കിലും? ഏയ് ഒരിക്കലുമില്ല. അതൊക്കെ പഴയ കഥ മാത്രം. പകരം, ആ അനുഭവങ്ങളെ ആദരവോടെ നോക്കും; നമ്മുടെ ജീവിതത്തിന് ആവശ്യമായവ അവിടെ നിന്നു സ്വീകരിക്കും. കാരണം നമ്മുടേതിനോട് സമാനമായ ചിലത് ഒരു പക്ഷേ അവിടെയുണ്ടാവും. അവ മുന്നോട്ടുള്ള വഴികളില്‍ ഒരു മുതല്‍ക്കൂട്ടാവുകയും ചെയ്യും.

അതുകൊണ്ട് ദൈവം നമുക്കു മുന്‍പില്‍ വെച്ചു നീട്ടുന്ന ഏതൊരു അനുഭവത്തെയും ഒരു അനുഗ്രഹമായി സ്വീകരിക്കുക.  ചെറുത്, വലുത്; നല്ലത്, ചീത്ത; തുടങ്ങിയ അതിര്‍ത്തിതര്‍ക്കങ്ങള്‍ ഒക്കെ അവസാനിപ്പിക്കുക. 'Count   your   blessings   and   name   them   one   by   one'  എന്ന പാട്ട് എനിക്ക് പരിചയപ്പെടുത്തി തന്നത് ദീര്‍ഘകാലമായി ഒരു രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന എന്‍റെ അനിയത്തിയായിരുന്നു. അവള്‍ എന്നോട് പറഞ്ഞതും ഇതേ കാര്യം തന്നെ. എല്ലാം അനുഗ്രഹങ്ങള്‍ അല്ലേ.......എല്ലാം.ഇത്രയും പറഞ്ഞത് ഒരു കഥ പറഞ്ഞു തീര്‍ക്കുന്ന ലാഘവത്തോടെയല്ല. ജനിച്ച നാള്‍ മുതല്‍ ഇന്നീ നിമിഷം വരെ തമ്പുരാന്‍ സമ്മാനിച്ച അനുഭവങ്ങളുടെ സമൃദ്ധിയില്‍ വളര്‍ന്ന് അവയുടെ തണല്‍പ്പറ്റി നിന്ന് പ്രചോദനം സ്വീകരിച്ചു കൊണ്ടുതന്നെയാണ്.

സ്നേഹവും വാത്സല്യവും കരുതലും കൊണ്ടു സമ്പന്നമായ എന്‍റെ കൊച്ചുവീടിന്‍റെ അകത്തളങ്ങളില്‍ നിന്നാണ് എന്‍റെ ജീവിതത്തിന്‍റെ സുവിശേഷം ആരംഭിക്കുന്നത്. ആദ്യ അധ്യായങ്ങള്‍ നിറയെ എന്‍റെ വര്‍ത്തമാനവും കളിചിരികളും സ്ഥാനം പിടിച്ചുവെങ്കില്‍ പിന്നീടുള്ള  കുറെ അധ്യായങ്ങളില്‍ അപകര്‍ഷതയുടെയും ഉള്‍വലിയലിന്‍റെയും  ഇരുണ്ട തുരുത്തുകളില്‍ അലഞ്ഞുതിരിഞ്ഞ ഒരുവള്‍ ആയിട്ടാണ് ഞാന്‍ എന്നെത്തന്നെ കണ്ടെത്തുന്നത്. ചങ്ങാതിമാരെ കൊണ്ടു സമ്പന്നമായ ഒരു പഠനകാലം ഒന്നുമായിരുന്നില്ല എന്‍റേത്. ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലയളവ് പഠിക്കുന്ന കാലമാണ് എന്നൊക്കെയുള്ള വര്‍ത്തമാനങ്ങള്‍ ചുറ്റുവട്ടങ്ങളില്‍ നിന്ന് കേള്‍ക്കുമ്പോള്‍ ഏറെ നൊമ്പരങ്ങള്‍ തിങ്ങിനില്‍ക്കുന്ന, തലകുമ്പിട്ടു നടന്ന, ആള്‍ക്കൂട്ടങ്ങളെ ഭയന്ന ചിത്രമാണ് പലപ്പോഴും എനിക്കു കണ്ടെത്താന്‍ ആവുന്നത്. വളരെ ചുരുക്കം വര്‍ഷങ്ങള്‍ അപവാദം എന്ന പോലെയുണ്ടെങ്കിലും... പഠനം മാത്രം ആയി ചുരുങ്ങിയ, പൊട്ടിച്ചിരികളും ആരവങ്ങളും ഇല്ലാത്ത ഒരു ജീവപര്യന്തം തടവിന്‍റെ കാലയളവ്. എന്തുകൊണ്ടങ്ങനെയെന്നു  ഇന്നും എനിക്കറിയില്ല. അതിന്‍റെ പേരില്‍ ആരുടെ നേര്‍ക്കും വിരല്‍ചൂണ്ടാനുള്ള ബലം അന്നും ഇന്നും എനിക്കില്ല.

ആ നാളുകള്‍ക്കിടയില്‍ എപ്പോഴോ അപസ്മാരം എന്ന അതിഥിയും എന്‍റെ ജീവിതത്തില്‍ പ്രവേശിച്ചു. 18 വര്‍ഷമായി ഇടയ്ക്കിടെ എന്നെ സന്ദര്‍ശിക്കാന്‍ എത്തുന്ന പ്രിയപ്പെട്ട അതിഥി...

പിന്നീട് ആയുസ്സിന്‍റെ സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ ദൈവപുത്രന്‍റെ മഹത്വമുള്ള പരിവേഷത്തില്‍ മാത്രം, ജനിച്ച നാള്‍ മുതല്‍ ഞാന്‍ കണ്ടുപരിചയിച്ച ആള്‍ പുതിയ രൂപഭാവങ്ങളോടെ എന്നെ തേടിയെത്തി, കൈയ്യില്‍ ഒരു സമ്മാനപൊതിയുമായി.(പേശികള്‍ ക്രമേണ ദുര്‍ബലമാകുന്ന ഒരു അപൂര്‍വരോഗം) ഉള്ളില്‍ എവിടെയോ വിശ്രമിക്കാന്‍ പോയിരുന്ന എന്‍റെ അപകര്‍ഷബോധത്തെ നന്നായി ഉണര്‍ത്താനുള്ള വക ആ സമ്മാനപൊതിയില്‍ യഥാര്‍ത്ഥത്തില്‍ ഉണ്ടായിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു. ശരീരം മുടന്താന്‍ തുടങ്ങിയപ്പോള്‍ അത്രയും കാലം ഏതൊക്കെയോ കെട്ടുകളില്‍പ്പെട്ടു കിടന്നിരുന്ന മനസ്സും ആത്മാവും സ്വതന്ത്രമായി തുടങ്ങി... അതിന്‍റെ പിന്നിലെ യുക്തിസഹമായ കാരണങ്ങള്‍ ഒന്നും കണ്ടെത്താന്‍ എനിക്ക് തീരെ താല്പര്യമില്ല. ഭക്തിയുടെ വിറയാര്‍ന്ന അക്ഷരങ്ങള്‍ പതിയെ മായ്ച്ചു, പ്രണയത്തിന്‍റെയും സൗഹൃദത്തിന്‍റെയും വടിവൊത്ത അക്ഷരങ്ങള്‍കൊണ്ട് എന്‍റെ ഉള്ളറകളെ അലങ്കരിച്ചവന്‍റെ പൊടിക്കൈകള്‍ ആയി അതിനെ വ്യാഖ്യാനിക്കുന്നതാണ് എനിക്ക് ഇഷ്ടം.

ഇന്ന് എന്‍റെ കൂടാരത്തെ അവന്‍ ഒരുപാട് വിശാലമാക്കിയിരിക്കുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആയി ഒരുപാട് പേര്‍. എല്ലാവരും പ്രവേശിക്കുന്ന ഇടങ്ങളില്‍ മാറ്റിനിര്‍ത്തപ്പെടുമ്പോഴും പലരും മാറിനില്‍ക്കുന്ന ഇടങ്ങളില്‍ അവനെന്നെ പ്രവേശിപ്പിക്കുന്നു. വേറിട്ട ലക്ഷ്യങ്ങളും സ്വപ്നങ്ങളും നല്‍കുന്നു... ഇപ്പറഞ്ഞതിന്‍റെ ഒക്കെയര്‍ഥം, എന്‍റെ ജീവിതത്തി,നിരാശകളോ പകച്ചുനില്‍ ക്കലുകളോ,അപകര്‍ഷബോധമോ, പാളിച്ചകളോ ഒന്നും പിന്നീട് ഒരിക്കലും കടന്നുവന്നിട്ടില്ലെന്നോ ഞാന്‍ മുഴുവന്‍ സമയവും സന്തോഷിക്കുകയാണെന്നോ ഒന്നുമല്ല. എല്ലാം ഉണ്ട്. എന്നാല്‍ അവയോടുള്ള എന്‍റെ സമീപനത്തില്‍ എന്തോ ഒരു മാറ്റം സംഭവിച്ചിരിക്കുന്നു. ഭൂമിയില്‍ ഇത്രമാത്രം മാലാഖമാര്‍ ഉണ്ടെന്ന് സത്യത്തില്‍ ഇപ്പോഴാണ് തിരിച്ചറിയുന്നത്... ചിറകുകള്‍ മുറിഞ്ഞുവോ എന്ന പരിദേവനം എന്‍റെയുള്ളില്‍ ഉയരുമ്പോള്‍, കടന്നുവന്ന വഴികളുടെ ഓര്‍മപ്പെടുത്തലിലൂടെ വിശാലമായ ആകാശത്തെ നെഞ്ചിലേറ്റാന്‍ പ്രേരിപ്പിക്കുന്നവര്‍... മുന്‍പും ഇവരൊക്കെ മറ്റു പല രൂപഭാവങ്ങളില്‍ ഇവിടെ ഉണ്ടായിരുന്നു. പക്ഷേ എന്‍റെ കാഴ്ചയ്ക്ക് അന്യമായിരുന്നു എന്നു മാത്രം.

ആരുടെയൊക്കെയോ ചവിട്ടടികളില്‍ ഞെരിഞ്ഞ മരുന്ന പൂഴിത്തരികള്‍ക്ക് സമം വിലകെട്ടവള്‍ എന്നു കരുതിയ ഒരുവള്‍ തന്‍റെ ചങ്കില്‍ ചുംബിച്ച വിത്തിനു വേണ്ടി ഉള്ളില്‍ കോറിയിട്ട പ്രണയഗീതത്തിന്‍റെ ചില വരികള്‍ മാത്രമാണ് ഇവിടെ കുറിച്ചത്... വായനക്കാരാ, നീയും എഴുതിത്തുടങ്ങൂ ഉള്ളിന്‍റെയുള്ളില്‍, നീ കടന്നുവന്ന വഴികളുടെ വിശേഷങ്ങള്‍, നല്ല തലയെടുപ്പോടെ തന്നെ.  ശുഷ്കമെന്ന വിധിവാചകം ഇനിയും അവയ്ക്കു മേല്‍ ചാര്‍ത്തി കൊടുക്കരുത്...അവ നിന്നെ പ്രചോദിപ്പിക്കാന്‍ കാത്തിരിക്കുന്നു... തുടക്കത്തില്‍ സൂചിപ്പിച്ച ആ ദിവ്യമന്ത്രം നീന്‍റെയുള്ളിലും പ്രതിധ്വനിക്കട്ടെ.

You can share this post!

ഫ്രാന്‍സിസിന്‍റെ അസ്സീസിയില്‍

സക്കറിയ
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts