അതിര്‍ത്തികളോ അതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളോ ഇല്ലാത്ത ഒരു ഇടം - മനുഷ്യചരിത്രത്തില്‍ ഇന്നോളം തുടരുന്ന യുദ്ധങ്ങളുടെ കെടുതികള്‍ സ്മരിക്കുന്ന ഏതൊരാളും ഇത്തരമൊരു ഇടം ഭാവന ചെയ്തേക്കാം. ദേശാതിര്‍ത്തിക്കുള്ളിലെ അസഹ്യമായ ആഭ്യന്തരപ്രശ്നങ്ങളും ഒരുപക്ഷേ ഇത്തരമൊരു സങ്കല്‍പത്തെ സാധൂകരിക്കുന്നുണ്ട്. നാനാത്വങ്ങളെ അപ്രസക്തമാക്കി ഏകത്വത്തിലേക്കു ചുരുങ്ങുവാന്‍ വ്യഗ്രത കാട്ടുന്ന സമകാലിക ഇന്ത്യന്‍ ദേശീയ രാഷ്ട്രീയത്തിനുള്ളില്‍ നിന്ന് ചിന്തിക്കുമ്പോള്‍ ഇവയ്ക്കു കൂടുതല്‍ പ്രസക്തി കൈവരുന്നു. ജാതി-മത-വര്‍ഗ-വര്‍ണ വിവേചനങ്ങളാല്‍ രൂപപ്പെട്ട സാംസ്കാരിക അതിര്‍ത്തികളില്‍ വളര്‍ന്നുതുടങ്ങുന്ന അസഹിഷ്ണുതയുടെ മതിലുകള്‍ സാമൂഹികജീവിതത്തെ ദുരന്തനാടകത്തിനു സമാനമാക്കും. സാമൂഹിക ജീവിതത്തിന്‍റെ അനിവാര്യതകളെ ബഹിഷ്കരിച്ച് ഏകാന്തവാസത്തിനൊരുങ്ങാന്‍ ആര്‍ക്കെങ്കിലുമൊക്കെ തോന്നിയേക്കാം. എന്തായാലും അതൊരു സാഹസം തന്നെയാണ്; ദേശീയത എന്ന മിത്തിനോടുള്ള വെല്ലുവിളി പോലുമാണ്.
ജോര്‍ജ് ഓവഷ്വിലിയുടെ 2014 ല്‍ പുറത്തുവന്ന കോണ്‍ ഐലന്‍റ് എന്ന സിനിമ പങ്കുവയ്ക്കുന്നത് ഇത്തരം ചില വിചാരങ്ങളാണ്. ജോര്‍ജിയയുടെയും അബ്ഗാസിയയുടെയും അതിര്‍ത്തിനദിയുടെ നടുവില്‍ പുറമ്പോക്കുഭൂമിപോലെ കിടന്ന ഒരു തുരുത്താണ് സിനിമയുടെ പശ്ചാത്തല ഭൂമിക. തന്‍റെ ദേശീയ സ്വത്വത്തെ നിര്‍മാര്‍ജനം ചെയ്ത് ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കുവാന്‍ ഈ തുരുത്തില്‍ എത്തുന്ന വൃദ്ധനും അയാളുടെ കൊച്ചുമകളുമാണ് പ്രധാന കഥാപാത്രങ്ങള്‍. വിരലിലെണ്ണാവുന്ന സംഭാഷണങ്ങള്‍ മാത്രമേ സിനിമയിലുള്ളു. ഈ തുരുത്ത് ഏതു രാജ്യത്തിന് അവകാശപ്പെട്ടതാണെന്ന സന്ദേഹം ഉയരുമ്പോള്‍ അവള്‍ അത് വൃദ്ധനോട് തുറന്നു ചോദിക്കുന്നു. അയാളുടെ മറുപടി ഇങ്ങനെ.
"ആരിതിനെ നിര്‍മ്മിക്കുന്നുവോ അവരുടേത്"
ദേശനിര്‍മ്മിതിയില്‍ അടിസ്ഥാന വര്‍ഗത്തിനുള്ള നിര്‍ണായകമായ പങ്കിനെക്കുറിച്ച് കര്‍ഷകനായ വൃദ്ധന്‍റെ വാക്കുകള്‍ സൂചന നല്‍കുന്നു. അയാള്‍ ആ തരിശുഭൂമിയെ ഒരു ചോളത്തുരുത്താക്കി നിര്‍മിച്ചെടുക്കുകയാണ്. പ്രായത്തിനു തളര്‍ത്താന്‍ കഴിയാത്ത പ്രവര്‍ത്തനോര്‍ജവും നിശ്ചയദാര്‍ഢ്യവുമാണ് അയാളില്‍ അടിമുടി പ്രതിഫലിക്കുന്നത്. ഏതാനും ദിവസങ്ങള്‍കൊണ്ട് ചെറിയൊരു വീടും കൃഷിനിലവും അയാള്‍ നിര്‍മിച്ചെടുക്കുന്നു. അതിര്‍ത്തിനദിയിലൂടെ റോന്തുചുറ്റുന്ന പട്ടാളബോട്ടുകളും ഇടയ്ക്കിടെ കേള്‍ക്കുന്ന വെടിയൊച്ചകളും അവരുടെ സ്വസ്ഥതയെ ഉലയ്ക്കുന്നുണ്ടെങ്കിലും അയാള്‍ അതിനെ കാര്യമാക്കുന്നില്ല. എന്നാല്‍ പെണ്‍കുട്ടിയുടെ സ്ഥിതി അതായിരുന്നില്ല. യൗവനാവസ്ഥയെ അഭിമുഖീകരിക്കാന്‍ കാലമായ ഒരു പെണ്ണിന് സംഭവിക്കുന്ന ഭാവമാറ്റങ്ങളെ സൂക്ഷ്മമായി ആവിഷ്ക്കരിച്ചുകൊണ്ടാണ് സിനിമയില്‍ ഈ കഥാപാത്രത്തിന്‍റെ വളര്‍ച്ച. സ്ത്രൈണതയിലേക്കു വളരുന്ന തന്‍റെ ശരീരത്തെ അവള്‍ തിരിച്ചറിയുന്നത് പട്ടാളക്കാരുടെ തീവ്രനോട്ടങ്ങളില്‍നിന്നാണ്. പുരുഷനോട്ടങ്ങള്‍ക്ക് വിധേയമാകുവാന്‍ വിധിക്കപ്പെട്ട തന്‍റെ ശരീരത്തെക്കുറിച്ച് അവള്‍ ജാഗ്രതയുള്ളവളായത്തീരുന്നു. അത്തരം നോട്ടങ്ങളെ അവള്‍ പ്രതീക്ഷിക്കുന്ന മുഹൂര്‍ത്തങ്ങളും സിനിമയില്‍ ഉണ്ടെന്ന് വാദിക്കാന്‍ കഴിയും. ഏകാന്തഭംഗത്തിനായുള്ള അപരസാന്നിധ്യവാഞ്ഛ ആയിരിക്കാം അത്. ആത്മബോധങ്ങള്‍ അതിനെ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ അപരങ്ങളുടെ സാന്നിധ്യത്തിലാണ് സാക്ഷാത്കൃതമാകുന്നത്. അത് സ്വയം സൃഷ്ടമല്ല. സ്വയം സത്തയുള്ളതുമല്ല. ആത്മം സാംസ്കാരിക നിര്‍മിതിയാണെന്ന് ഉത്തരാധുനികര്‍ പറയുന്നത് അതുകൊണ്ടാണ്.
കൗമാരലാളിത്യത്തില്‍നിന്ന് യൗവനസങ്കീര്‍ണതയിലേക്കുള്ള അവളുടെ പരിവര്‍ത്തനം ചില സൂചനകളിലൂടെ മാത്രമാണ് പ്രേക്ഷകര്‍ക്ക് മനസിലാകുന്നത്. കൈയില്‍നിന്ന് ഒഴിവാക്കാന്‍ പറ്റാത്ത വസ്തുവെന്നപോലെ അവള്‍ കൊണ്ടുനടന്ന ഒരു തുണിപ്പാവ ഇടക്കെപ്പോഴോ അവളില്‍നിന്ന് അപ്രത്യക്ഷമാകുന്നു. പിന്നീട്, പെട്ടിപ്പുറത്തുകിടന്ന ആ പാവയെ അവള്‍ നിര്‍വികാരതയോടെ എടുത്ത് ചുവരില്‍ കോര്‍ത്തിടുന്നു. കൈയില്‍കൊണ്ടുനടന്നതിനെ ചുവരില്‍കോര്‍ക്കുന്നതില്‍ ഉള്ളടങ്ങിയിരിക്കുന്ന ഉപേക്ഷാമനോഭാവം വളരെ വ്യക്തമാണ്. ക്രമേണ തുരുത്തിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് അവള്‍ പരുവപ്പെടുന്നുണ്ട്. മീന്‍പിടിച്ച് വെട്ടിയുണക്കാനും വെള്ളംകോരി ചോളതൈകള്‍ നനക്കാനും മണ്‍വെട്ടി ഉപയോഗിക്കാനും അവള്‍ ശ്രദ്ധകാണിക്കുന്നു. ജീവിതത്തിന്‍റെ ഉദയകാന്തിയില്‍ സ്വയംപര്യാപ്തതയും ആത്മവീര്യവും നേടാന്‍ തുരുത്തിലെ അനുഭവങ്ങള്‍ അവളെ പ്രാപ്തയാക്കുന്നു.
പെണ്‍കുട്ടിയുടെയും വൃദ്ധന്‍റെയും ഇടയിലേക്ക് അപ്രതീക്ഷിതമായി ഒരു അതിഥി എത്തുന്നതോടെ കഥ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. വെടിയേറ്റ് മരണാവസ്ഥയിലായ അബ്ഖാസിയന്‍ യോദ്ധാവാണ് അയാള്‍. ജോര്‍ജിയയില്‍നിന്ന് എത്തിയ വൃദ്ധന്‍ തന്‍റെ ദേശാതീതമായ മനുഷ്യസ്നേഹം വെളിവാക്കുന്നത് ഇവിടെയാണ്. ജോര്‍ജിയന്‍ പട്ടാളത്തിന്‍റെ കണ്ണില്‍പ്പെടാതെ വൃദ്ധന്‍ അയാളെ സംരക്ഷിക്കുന്നു. വ്യവസ്ഥാനുസാരിയായ മനുഷ്യരോടല്ല വ്യവസ്ഥയോടുതന്നെയാണ് അയാള്‍ക്ക് എതിര്‍പ്പ്. തന്‍റെ നിത്യാഹാരമായ ഉണക്ക റൊട്ടിക്കും മീന്‍ചുട്ടതിനും പകരം നല്ല ആഹാരം അയാള്‍ അതിഥിക്ക് നല്‍കുന്നു. വൃദ്ധന്‍റെ സ്ഥായിയായ പരുഷഭാവത്തില്‍ നിലീനമായിരിക്കുന്ന മാനുഷിക ഗുണങ്ങള്‍ക്ക് ഇവിടെ പ്രത്യക്ഷീകരണമുണ്ടാവുകയാണ്. ബാഹ്യസ്ഥിതിയും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമില്ലായ്മ ഇവിടെയെല്ലാമുണ്ട്. ദിവസങ്ങള്‍ക്കൊണ്ട് പട്ടാളക്കാരന്‍ സുഖം പ്രാപിക്കുന്നു. ശാരീരികമായ പരിവര്‍ത്തനത്തിലുപരി ഈ തുരുത്തിലെ ജീവിതാദര്‍ശങ്ങളോട് ആഭിമുഖ്യം തോന്നുവാനുള്ള മാനസിക പരിപാകംകൂടി അയാള്‍ക്കുണ്ടാകുന്നു.
പെണ്‍കുട്ടിക്ക് പട്ടാളക്കാരനോടുള്ള സമീപനം കളിമട്ടിലുള്ള സൗഹൃദമെന്നോ പ്രണയ വാഞ്ഛയെന്നോ സഹോദര വാത്സല്യമെന്നോ സഹജീവി സ്നേഹമെന്നോ പെട്ടെന്ന് പൊരുള്‍ തിരിക്കാനാവാത്തവിധം നിഗൂഢമാണ്. മൊണോലിസയുടെ ചിരിപോലെ നിഗൂഢാര്‍ത്ഥങ്ങള്‍ ഒളിഞ്ഞിരിക്കുന്ന നിരവധി ദൃശ്യമുഹൂര്‍ത്തങ്ങള്‍ ഈ സിനിമയിലുണ്ട്. അതുതന്നെയാണ് ഈ സിനിമയുടെ സൗന്ദര്യവും.
മനുഷ്യചരിത്രത്തെ ചാക്രികമായ ആവര്‍ത്തനങ്ങളായി ഭാരതീയരുള്‍പ്പെടെ ഭാവനചെയ്തിട്ടുണ്ട്. അനുസ്യൂതഭംഗങ്ങളും വെട്ടിത്തിരിയലുകളും അതില്‍ സ്വാഭാവികം. പ്രകൃതി പ്രതിഭാസങ്ങള്‍ക്ക് അതിലുള്ള പങ്ക് വളരെ വലുതാണ്. മനുഷ്യകേന്ദ്രിതമല്ലാത്ത ചരിത്രദര്‍ശനമാണിത്. ഓരോ ചരിത്രഘട്ടത്തിന്‍റെയും അവസാനത്തില്‍ നിലവിലുള്ളവ നാശത്തിനു വിധേയമാകും. അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ ഒന്നും ബാക്കിയാകില്ലെന്ന് അതിന് അര്‍ത്ഥമില്ല. മഹാശിലായുഗ അവശിഷ്ടങ്ങളുള്‍പ്പെടെ പിരമിഡുകളും രാജകൊട്ടാരങ്ങളും വരെ ഉദാഹരണം. സമകാലികതയില്‍ ആത്മവീര്യത്തോടെയും അഹന്തയില്ലാതെയും ജീവിക്കാന്‍ ഭൂതകാലത്തിന്‍റെ ഇത്തരം തിരുശേഷിപ്പുകള്‍ മനുഷ്യന് ഉപകരിക്കും. കോണ്‍ ഐലന്‍റ് പങ്കുവയ്ക്കുന്ന ചരിത്രദര്‍ശനവും ഇതിനോടു സമാനമാണ്. ആദ്യമായി തുരുത്തിലെത്തി മണ്ണ് പരിശോധിക്കുമ്പോള്‍ ലഭിച്ച മനുഷ്യ നിര്‍മിതമായ ഒരു വസ്തുവിനെ അവിടുത്തെ ഭൂതകാല മനുഷ്യജീവിതത്തിന്‍റെ തിരുശേഷിപ്പായി അയാള്‍ കൊണ്ടുനടക്കുന്നു. പതറിപ്പോകുന്ന ചിലമുഹൂര്‍ത്തങ്ങളില്‍ ഈ വസ്തുവിന്‍റെ സാന്നിധ്യം അയാള്‍ക്ക് കരുത്തുപകരുന്നുണ്ട്. ഈ തുരുത്തില്‍ ജീവിതം സാധ്യമാണെന്ന വിശ്വാസമാണ് ആ വസ്തു അയാള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ചരിത്രം പ്രകൃതിയില്‍ അതിന്‍റെ ചാക്രികത പൂര്‍ത്തിയാക്കുമ്പോള്‍ അയാള്‍ക്ക് തന്നെയും തന്‍റെ സാമ്രാജ്യത്തെയും സമര്‍പ്പിക്കേണ്ടിവരുന്നു. മണ്ണൊരുക്കി ചോളം വിതച്ച രാത്രിയില്‍ പെയ്ത പ്രതീക്ഷയുടെ മഴ അയാളുടെ കണക്കുകൂട്ടലിനെ ശരിവച്ചിരുന്നു. എന്നാല്‍ വിളവെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ പെയ്ത പേമാരി അയാളുടെ കണക്കുകൂട്ടലുകള്‍ക്ക് വിപരീതമായിരുന്നു. അടുത്ത പ്രഭാതം അവശേഷിപ്പിച്ചത് ഒരു ചെമ്മണ്‍കൂന മാത്രമാണ്. ചെറുവള്ളത്തില്‍ മറ്റൊരു വൃദ്ധന്‍ അവിടേക്ക് വരുന്നു. ഭൂതകാലത്തിന്‍റെ തിരുശേഷിപ്പായി അവിടെനിന്ന് അയാള്‍ക്ക് ലഭിക്കുന്നത് പെണ്‍കുട്ടി എന്നോ ഉപേക്ഷിച്ച തുണിപ്പാവയാണ്. അങ്ങനെ ആ തുരുത്തില്‍ ഒരു പുതിയ ചരിത്രഘട്ടത്തിന് വീണ്ടും ആരംഭം കുറിക്കുന്നു.
മികച്ച ഒരു മനശാസ്ത്ര നാടകമായി പലരും ഈ സിനിമയെ വിലയിരുത്തിയിട്ടുണ്ട്. മനുഷ്യന്‍റെ അതിജീവന തന്ത്രങ്ങളും ആത്മഭാവ രൂപീകരണവും ആദര്‍ശവത്ക്കരണവും സിനിമയെന്ന മാധ്യമത്തിന്‍റെ സങ്കേതങ്ങളും സാധ്യതകളും ഉപയോഗിച്ച് അവതരിപ്പിക്കാനുള്ള ശ്രമം. പലതരം വ്യാഖ്യാനങ്ങള്‍ക്കും സംവാദങ്ങള്‍ക്കും സാധ്യതയൊരുക്കിത്തരുന്ന ഈ സിനിമ ആസ്വാദക വൃന്ദങ്ങളില്‍ വന്‍ചലനങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.