ആം ആദ്മി പാര്‍ട്ടി ഒരു ചരിത്രസൃഷ്ടിയാണ്. ഇന്ത്യ മുഴുവന്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ ആഴ്ന്നിറങ്ങിയ ഒരു കാലത്ത് അതിനെതിരായി കക്ഷിരാഷ്ട്രീയത്തിനതീതമായി ബഹുജനങ്ങളുടെ മുന്‍കൈയില്‍ ഉയര്‍ന്നു വന്ന പ്രതിരോധത്തിന്‍റെ ഫലമാണത്. അന്നാ ഹസാരെയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സമരപ്രസ്ഥാനം മുന്നോട്ടു വച്ച ജനലോക്പാല്‍ എന്ന കര്‍ശന നിയമം അംഗീകരിക്കാന്‍ ഒരു രാഷ്ട്രീയ കക്ഷിയും തയ്യാറായില്ല. സ്വതന്ത്രമായ ഒരു അഴിമതി നിരോധന സംവിധാനം എന്നതില്‍ ആര്‍ക്കും താല്പര്യമില്ലെന്നു ജനങ്ങള്‍ക്കു തന്നെ ബോധ്യമായി. രാഷ്ട്രീയ കക്ഷികളെ വിവരാവകാശ നിയമത്തിനു കീഴില്‍ കൊണ്ടുവരുന്നതിലോ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ തിരിച്ചുവിളിക്കാനുള്ള അവകാശം മുതലായ വിഷയങ്ങളിലോ ഒക്കെ എല്ലാ കക്ഷികളും ഒളിച്ചുകളിക്കുന്നു. ഈ ഘട്ടത്തിലാണ് അഴിമതിവിരുദ്ധ പ്രസ്ഥാനം മുന്നോട്ടു വച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ രാഷ്ട്രീയാധികാരം ലഭിക്കേണ്ടതുണ്ട് എന്ന ചിന്ത ഉയര്‍ന്നത്. ഇതു ചര്‍ച്ചയ്ക്കു വന്നപ്പോള്‍ അന്നാ ഹസാരെ അടക്കം പല നേതാക്കളും ശുഭപ്രതീക്ഷ ഉള്ളവരായിരുന്നില്ല. അധികാരം കിട്ടിയാല്‍ ആരും ദുഷിക്കാം എന്നതായിരുന്നു അവരുടെ ഭയം. അതു തടയാന്‍ കഴിയും വിധം ആഭ്യന്തര നിയന്ത്രണ സംവിധാനം അനിവാര്യമാണെന്ന് ചിന്തിച്ചത് അങ്ങനെയാണ്. അതിനെയാണ് ആഭ്യന്തര ലോക്പാല്‍ എന്നു വിളിക്കുന്നത്.
ഈ പ്രക്രിയ അത്ര എളുപ്പമല്ലെന്ന് ഏറ്റവും നന്നായി അറിയാവുന്ന വ്യക്തി അരവിന്ദ് കെജ്രിവാള്‍ തന്നെയായിരുന്നു. ഖരക്പൂര്‍ ഐ ഐ ടില്‍ നിന്നും ബിരുദം നേടി ഐ ആര്‍ എസിലൂടെ സര്‍ക്കാര്‍ സേവനത്തിനെത്തിയ വ്യക്തിയാണ് അരവിന്ദ് കെജ്രിവാള്‍. സര്‍ക്കാര്‍ സംവിധാനത്തിന്‍റെ ഉള്‍പ്പിരിവുകളെപ്പറ്റിയും അഴിമതികളെപ്പറ്റിയും നന്നായി അടുത്തറിയാവുന്ന വ്യക്തി. അതു രാജിവച്ചുകൊണ്ട് പൊതുപ്രവര്‍ത്തനത്തിനിറങ്ങി. വിവരാവകാശനിയമം രൂപപ്പെടുത്തുന്നതില്‍ അരുണാ റോയിക്കൊപ്പം നിന്നുകൊണ്ട് പല വര്‍ഷം പ്രവര്‍ത്തിച്ചു. ദില്ലിയില്‍ പരിവര്‍ത്തന്‍ എന്ന സര്‍ക്കാരേതര സംഘടനയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. അതിനെത്തുടര്‍ന്നാണ് ഇന്ത്യ എഗെന്‍സ്റ്റ് കറപ്ഷനില്‍ എത്തിയത്.
കേവലം മറ്റൊരു പാര്‍ട്ടി ഉണ്ടായതുകൊണ്ട് കാര്യമില്ല. നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ പുതിയ കക്ഷിയും മറ്റുള്ളവരുടെ വഴിയേ തന്നെ പോകാനാണ് സാദ്ധ്യത. മറിച്ച് ഈ കക്ഷി ഒരു പുതിയ രാഷ്ട്രീയം തന്നെ മുന്നോട്ടുവയ്ക്കണം. അത് സ്വന്തം പ്രവര്‍ത്തന ശൈലിയിലൂടെ തന്നെ ജനങ്ങളെ ബോധ്യപ്പെടുത്തണം. തങ്ങള്‍ വ്യത്യസ്തരാണെന്ന് വെറുതേ പറഞ്ഞാല്‍ ആരാണ് വിശ്വസിക്കുക? ഇതിനേക്കാള്‍ വലിയ നേതാക്കള്‍ ഇത്തരം വാഗ്ദാനങ്ങള്‍ നല്കി വഞ്ചിച്ച അനുഭവം ജനങ്ങള്‍ക്കു മുന്നിലുണ്ട്. പുതിയ രാഷ്ട്രീയത്തിന്‍റെ രൂപമെന്തായിരിക്കണം. അതെങ്ങനെ നേതൃത്വത്തെ നിശ്ചയിക്കും. എങ്ങനെ ഫണ്ട് പിരിക്കും, എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടും, എങ്ങനെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കും, എങ്ങനെ ജനങ്ങള്‍ക്കു നല്കുന്ന വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നുറപ്പാക്കും, വാഗ്ദാനലംഘനം നടത്തിയാല്‍ ജനങ്ങളുടെ മുന്നില്‍ എന്തു വഴി, അഴിമതി ആരോപണം ഉയര്‍ന്നാല്‍ അതിനെ എങ്ങനെ നേരിടും... ഇത്തരം നിരവധി വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് വ്യക്തത നല്കാന്‍ കഴിയണം. സര്‍ക്കാര്‍ നയരൂപീകരണത്തില്‍ ജനങ്ങള്‍ക്കെന്തു പങ്കുണ്ട് എന്നതും പ്രധാനമാണ്.
ഇതെല്ലാം സാധ്യമാകും വിധത്തില്‍ ഒരു രാഷ്ട്രീയ സംവിധാനം രൂപപ്പെടുത്താനാണ് കെജ്രിവാള്‍ ശ്രമിച്ചത്. ഇതില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യക്കു തന്നെ അത് വലിയ തിരിച്ചടിയായിരിക്കും. യഥാര്‍ത്ഥ ജനാധിപത്യം തന്നെ ഇന്ന് ഇന്ത്യക്കാര്‍ക്ക് പരിചിതമല്ല. ജാതി, മതം, കുടുംബം, പണം, കായികശേഷി, മാദ്ധ്യമപ്രഭാവം തുടങ്ങിയവ വഴിയാണല്ലോ ഇന്നു പലരും തെരഞ്ഞെടുപ്പുകളില്‍ വിജയം നേടുന്നത്. ഇതിനപ്പുറം കടന്ന് ജനമനസ്സുകളില്‍ കടന്നുകൂടണമെങ്കില്‍ ഏറ്റവും താഴെത്തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പൊതുസമൂഹത്തിലും മാധ്യമങ്ങളിലും അഴിമതി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തുന്നതോടൊപ്പം വാളന്‍റിയര്‍മാര്‍ നിരന്തരം ഗൃഹസന്ദര്‍ശനം നടത്തുക എന്നതാണ് പാര്‍ട്ടിയുടെ പ്രധാന പ്രവര്‍ത്തനം. ഇത്തരം ഗൃഹസന്ദര്‍ശനവും നഗരസഭാ ഡിവിഷനുകളിലെ അയല്‍സഭകളില്‍ നിരന്തരം ഇടപെടുകയും ചെയ്തു. ഇതു വഴി യഥാര്‍ത്ഥ ജനകീയ പ്രശ്നങ്ങള്‍ എന്തെല്ലാമെന്നു തിരിച്ചറിയാനും അതില്‍ ഇടപെടാനും വാളന്‍റിയര്‍മാര്‍ക്കു കഴിഞ്ഞു. ഇത്തരം നിരന്തര ബന്ധങ്ങളാണ് പാര്‍ട്ടിയുടെ അടിത്തറ വളര്‍ത്തിയത്.
ആം ആദ്മി പാര്‍ട്ടിയുടെ അടിസ്ഥാന പ്രത്യയശാസ്ത്രം ഗാന്ധിജിയുടെ ഗ്രാമസ്വരാജ് തന്നെയാണ്. പക്ഷേ അത് ഇന്നത്തെ സമൂഹത്തിന് അനുയോജ്യമാം വിധം രൂപഭേദം വരുത്തുകയാണ് കെജ്രിവാള്‍ ചെയ്തത്. തന്‍റെ അടിസ്ഥാന സമീപനം എന്താണെന്ന് കെജ്രിവാള്‍ വ്യക്തമാക്കുന്നു. എന്താണ് സ്വരാജ് എന്നു തന്‍റെ പുസ്തകങ്ങളിലൂടെ അദ്ദേഹം വിശദീകരിക്കുന്നു. ഒരു സാധാരണ മനുഷ്യന് ഇന്ന് ഭരണകൂടം എന്നത് വളരെ ഉയരത്തില്‍ നില്ക്കുന്ന ഒന്നാണ്. ജനാധിപത്യം പരാജയപ്പെടുന്നത് ഇവിടെയാണ്. ഇതു മാറണം. ഇവിടെ യഥാര്‍ത്ഥത്തില്‍ അധികാരി സാധാരണ മനുഷ്യരാണ്. പക്ഷേ തെരഞ്ഞെടുപ്പില്‍ ജയിച്ച് അധികാരത്തിലേറിയാല്‍ പിന്നെ ജനം അധികാരിയുടെ അടിമയാണ്. ഒരു ഭരണകൂടം എല്ലാവരുടേതുമാണ്. ധനികനും ദരിദ്രനും സ്ത്രീക്കും പുരുഷനും കുട്ടിക്കും രോഗിക്കും ആരോഗ്യവാനും ഏതു തൊഴില്‍ ചെയ്യുന്നവനും ഏതു ജാതി മതത്തിലുള്ളവര്‍ക്കും ഏതു തരം വിശ്വാസമുള്ളവര്‍ക്കും അവകാശപ്പെട്ടതാണ്. തെറ്റു ചൂണ്ടിക്കാട്ടിയാല്‍ അതു തിരുത്താനുള്ള മനസാണ് ഒരു യഥാര്‍ത്ഥ നേതാവിന്‍റെ ഗുണം. ദില്ലിയിലെ ആദ്യ സര്‍ക്കാര്‍ 49 ദിവസങ്ങള്‍ക്കുശേഷം രാജിവച്ചതില്‍ ശക്തമായ പ്രതിഷേധമുള്ള ഒരു ഓട്ടോ ഡ്രൈവര്‍ കെജ്രിവാളിന്‍റെ ചെകിട്ടത്ത് അടിച്ച സംഭവം നാമൊക്കെ അറിഞ്ഞതാണല്ലോ. അന്നു വൈകിട്ട് ആ ഡ്രൈവറുടെ വീട്ടിലെത്തി താന്‍ ചെയ്ത തെറ്റിന് മാപ്പു ചോദിച്ചത് കേവലം അഭിനയമായിരുന്നില്ല.
ഒരു പ്രതിസന്ധിക്കു മുന്നിലും പതറാതിരിക്കുക എന്നതും ഗാന്ധിജി നല്‍കുന്ന പാഠമാണ്. സ്വന്തം മരണത്തെപ്പോലും ഒരളവില്‍ക്കൂടുതല്‍ ഭയപ്പെടരുത്. ലോകമാകെ പ്രശംസിച്ച ദില്ലിയിലെ ഒറ്റ-ഇരട്ട നമ്പര്‍ വാഹന പരിഷ്കാരം പ്രഖ്യാപിച്ച ഘട്ടത്തില്‍ പലരും മുന്നറിയിപ്പ് നല്കി. ഇതു നടപ്പാക്കിയാല്‍ മദ്ധ്യവര്‍ഗ്ഗക്കാരുടെ പിന്തുണ പോകും, അത് തെരഞ്ഞെടുപ്പില്‍ വോട്ട് കുറയ്ക്കാന്‍ ഇടയാക്കും എന്നൊക്കെ. അതൊക്കെ ഉണ്ടായാലും പൊതുസമൂഹത്തിന് ഈ നടപടി അനിവാര്യമാണെന്നതിനാല്‍ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ഉറച്ചു നിന്നു. ഒടുവില്‍ സുപ്രീം കോടതി ജഡ്ജിക്കുപോലും ഈ നിര്‍ദ്ദേശം ശരിയെന്ന് അംഗീകരിക്കേണ്ടി വന്നു. അദ്ദേഹത്തിന് ഈ നിയമം ബാധകമായിരുന്നില്ല. എന്നിട്ടും അതനുസരിക്കാന്‍ തയ്യാറായത് സര്‍ക്കാരിന്‍റെ നടപടിക്കുള്ള അംഗീകാരമാണ്.
ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയനയങ്ങള്‍ എന്താണെന്ന് പലരും ചോദിക്കാറുണ്ട്. പതിവു ശൈലിയില്‍ ഒരു പ്രത്യയശാസ്ത്രം അല്ലെങ്കില്‍ തത്വശാസ്ത്രം ഓരോ പാര്‍ട്ടിയും പ്രഖ്യാപിക്കാറുണ്ട്. ഗാന്ധിസം, സോഷ്യലിസം, ലോഹ്യയിസം എന്നിങ്ങനെ. പക്ഷേ ഇതൊക്കെ പ്രഖ്യാപിക്കുന്നവര്‍ നടപ്പിലാക്കുന്ന നയങ്ങള്‍ ഇപ്പറഞ്ഞ തത്വങ്ങളുമായി ഒരു യാതൊരു ബന്ധവുമില്ലാതെ ആയിരിക്കും. ഗാന്ധിസം അടിസ്ഥാനമാക്കിയാണല്ലോ കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചു വരുന്നത്. ആഗോളവല്‍ക്കരണവും ഉദാരവത്ക്കരണവും വന്‍കിട വികസനവുമെല്ലാം അവരുടെ ഗാന്ധിസവുമായി എന്തു ബന്ധമാണുള്ളത്? അതുപോലെ സോഷ്യലിസം പറയുന്നവര്‍ ഭരണത്തിലെത്തിയാല്‍ എന്തു നയം സ്വീകരിക്കണമെന്ന് നാം ഇതിനകം കണ്ടുകഴിഞ്ഞു. ആഗോളവത്കരണത്തെ എതിര്‍ക്കുന്നു എന്നു പറയുന്നവര്‍ ചെയ്ത കാര്യങ്ങളും നമ്മുടെ മുന്നിലുണ്ട്. ചുരുക്കത്തില്‍ പറയാന്‍ ഒരു പ്രത്യയശാസ്ത്രം വേണമെന്നേ അവര്‍ക്കുള്ളൂ. തന്നെയുമല്ല ഇത്തരം ഒറ്റമൂലി പ്രത്യയശാസ്ത്രങ്ങള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയുന്നതല്ല ഇന്നത്തെ ലോകത്തിന്‍റെ സങ്കീര്‍ണപ്രശ്നങ്ങള്‍ എന്നും അനുഭവം നമ്മെ പഠിപ്പിച്ചു കഴിഞ്ഞു. പല ലോകവീക്ഷണങ്ങളുടെയും സങ്കരമോ ചില പുതിയ വീക്ഷണങ്ങള്‍ തന്നെയോ ഇന്ന് അനിവാര്യമായിരിക്കുന്നു. ഇതിന്‍റെ അന്വേഷണം കൂടിയാണ് ഇവിടെ നടത്തുന്നത്. ഒരു പാര്‍ട്ടി എന്തു പ്രത്യയശാസ്ത്രം പറയുന്നു എന്നതിലല്ല അവര്‍ ഭരണത്തിലേറിയാല്‍ എന്തു ചെയ്യുന്നു എന്നതാകണം ആ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം.
പാര്‍ട്ടി മുതലാളിത്തത്തിനെതിരല്ല. കാരണം വ്യക്തം. അതാണ് ഇന്നു നിലനില്‍ക്കുന്ന വ്യവസ്ഥിതി. മറിച്ച് ഒരു ചങ്ങാത്ത മുതലാളിത്തത്തിന് തീര്‍ത്തും എതിരുമാണ്. റിലയന്‍സും അദാനിയും മറ്റും ഇന്നും നടത്തുന്നത് ചങ്ങാത്തമുതലാളിത്തമാണ്. സര്‍ക്കാരിലും പാര്‍ട്ടികളിലുമുള്ള സ്വാധീനം ഉപയോഗിച്ച് നിയമങ്ങള്‍ തന്നെ മറികടന്ന് സമ്പത്തുണ്ടാക്കുന്നു. ഐ. പി. എല്‍. കുംഭകോണത്തില്‍പെട്ട ലളിത് മോദിക്ക് സഹായവുമായി കേന്ദ്രമന്ത്രി സുഷമാസ്വരാജ് നിന്നതു നാം കണ്ടു. രാജ്യം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യക്തിയാണ് ലളിത് മോദി. നിലവിലെ എല്ലാ കക്ഷികളുടെയും ഒരു കൂട്ടുകച്ചവടമാണിന്ന് അഴിമതി. യു പി എ സാര്‍ക്കാരിന്‍റെ കാലത്ത് ഒരു ബി ജെ പി എം. പിയായ മുന്‍ ക്രിക്കറ്റ് കളിക്കാരന്‍ കീര്‍ത്തി ആസാദ് ഇന്നത്തെ ധനമന്ത്രിയും ബി ജെ പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ഉന്നയിച്ച ഗുരുതരമായ അഴിമതി ആരോപണങ്ങള്‍ സര്‍ക്കാര്‍ കണ്ടതായിപ്പോലും നടിച്ചില്ല. ദില്ലി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ടതാണ് ഈ അഴിമതി. ഇതില്‍ തൊടാന്‍ കോണ്‍ഗ്രസിന്‍റെ കൈ വിറയ്ക്കും. കാരണം ഇതിലെ കൂട്ടുപ്രതികള്‍ കോണ്‍ഗ്രസിന്‍റെ രാജീവ് ശുക്ലയും എന്‍ സി പിയുടെ ശരദ്പവാറും മറ്റുമാണ്.
എന്നാല്‍ ആം ആദ്മി അധികാരമേറ്റതോടെ കഥ മാറി. ജെയ്റ്റ്ലിക്കെതിരെ നടത്തിയ അന്വേഷണത്തില്‍ വലിയ അഴിമതി നടന്നിരിക്കുന്നു എന്നും അതില്‍ ജെയ്ററ്ലിക്ക് പങ്കുണ്ടെന്നും കണ്ടെത്തി. (റിപ്പോര്‍ട്ട് കിട്ടാന്‍ വേണ്ടിയാണ് കെജ്രിവാളിന്‍റെ ഓഫീസ് സി ബി ഐ റെയ്ഡ് ചെയ്തത്. പക്ഷേ ഒന്നും കിട്ടിയില്ല എന്നു മാത്രം). അഴിമതി നിരോധന സംവിധാനം മോദി സര്‍ക്കാര്‍ ദില്ലി സര്‍ക്കാരില്‍ നിന്നും എടുത്തു മാറ്റിയതുകൊണ്ടു മാത്രം ഇപ്പോള്‍ ജെയ്റ്റ്ലി ജയിലില്‍ ആയില്ല. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍റെ നേതൃത്വത്തില്‍ ഇപ്പോള്‍ ദില്ലി സര്‍ക്കാരിന്‍റെ അന്വേഷണം നടന്നുവരുന്നു. ഈ കേസ് സംബന്ധിച്ച് ദി ഹിന്ദു പത്രത്തില്‍ ഒരു ലേഖനം വന്നതിന്‍റെ തലക്കെട്ട് ഇങ്ങനെയാണ് 'കൂട്ടു കമ്പനിക്കു പുറത്തുള്ളവര്‍ ഭരണരംഗത്തെത്തിയപ്പോള്‍' എന്നാണ്. നാളിതുവരെ ക്രിക്കറ്റിന്‍റെ മേഖലയില്‍ നടന്നിട്ടുള്ള നൂറുകണക്കിനു കോടിയുടെ അഴിമതികള്‍ മൂടിവയ്ക്കപ്പെട്ടത് എല്ലാ കക്ഷികളും അതില്‍ പങ്കാളികള്‍ ആണെന്നതിനാലാണ്.
ദില്ലി മന്ത്രിസഭയിലെ ഭക്ഷ്യ പരിസ്ഥിതി മന്ത്രിയായിരുന്ന അസിം അഹമ്മദ് ഖാന്‍ നടത്തിയ ഒരു ടെലഫോണ്‍ സംഭാഷണത്തിന്‍റെ ടേപ് കിട്ടിയ ഉടനെ തന്നെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി സിസൊദിയായും അതു കേള്‍ക്കുകയും അതില്‍ സത്യമുണ്ടെന്നു കണ്ടെത്തി രണ്ടുമൂന്നു മണിക്കൂറുകള്‍ക്കകം പത്രസമ്മേളനം വിളിച്ച് അദ്ദേഹത്തെ പുറത്താക്കിയതായി അറിയിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ടേപ് വിദഗ്ദ്ധ പരിശോധനയോ എഫ് ഐ ആറോ കോടതി വിധിയോ ഒന്നും വേണ്ടി വന്നില്ല. കേസ് സി ബി ഐ തന്നെ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആ പത്രസമ്മേളനത്തില്‍ ഒരു കാര്യം മുഖ്യമന്ത്രി വെട്ടിത്തുറന്നു പറഞ്ഞു. 'ആര് അഴിമതി നടത്തിയാലും ആ വ്യക്തിയെ അധികാരത്തില്‍ നിന്നും പുറത്താക്കും. അത് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയാ ആയാലും എന്‍റെ മകന്‍ ആയാലും. ഞാനാണ് അതു ചെയ്യുന്നതെങ്കില്‍ ഉപമുഖ്യമന്ത്രി എന്നെ പുറത്താക്കും.' ഇത്തരമൊരു നിലപാടുള്ള സര്‍ക്കാരില്‍നിന്നും അഴിമതി നിരോധന വകുപ്പ് എടുത്തു മാറ്റുന്നതിന്‍റെ ലക്ഷ്യം എന്താണ്? അഴിമതി നിരോധനവകുപ്പ് ദില്ലി സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലായിരുന്നപ്പോള്‍ ഒരു സ്വതന്ത്ര എജന്‍സി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് അവിടെ അഴിമതി 80 ശതമാനത്തോളം കുറഞ്ഞു എന്നാണ്. ചുരുക്കത്തില്‍ അഴിമതി ഒരു ആഗോളപ്രതിഭാസമായതിനാല്‍ ആര്‍ക്കും തടയാനാവില്ല എന്ന സാധാരണ നേതാക്കളുടെ പ്രസ്താവന ശരിയല്ലെന്നു തന്നെ വരുന്നു.
ഇതൊരു നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ കാലമാണല്ലോ. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പാര്‍ട്ടിയുടെ നിലപാട് വിശദീകരിക്കുന്നതില്‍ തെറ്റില്ലെന്നു കരുതുന്നു. ഒരു നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെങ്കില്‍ അതിനുമുമ്പ് ഒരു വര്‍ഷത്തേയ്ക്കെങ്കിലും മുന്നൊരുക്കം നടത്തിയിരിക്കണം. ഓരോ വാര്‍ഡിലും (അഥവാ ഓരോ ബൂത്തിലും) പത്ത് സജീവ വാളന്‍റിയറന്മാര്‍ ഉണ്ടെന്നു ഉറപ്പു വരുത്തിയിരിക്കണം. മാനിഫെസ്റ്റോ, സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലായവയില്‍ നിര്‍ണായക തീരുമാനം എടുക്കേണ്ടത് താഴെത്തട്ടില്‍ നിന്നായതിനാല്‍ ഈ നിബന്ധനയില്‍ ഇളവില്ല. മാനിഫെസ്റ്റോ തയ്യാറാക്കപ്പെടുന്നത് വാര്‍ഡ് സഭ / ഗ്രാമസഭകളില്‍ നിന്നുമാണ്. ഒന്നും രണ്ടും വട്ടം ചര്‍ച്ചകള്‍ ഇതിനായി നടക്കണം. ഈ ഗ്രാമസഭാ തീരുമാനങ്ങള്‍ മണ്ഡലം തലത്തില്‍ ക്രോഡീകരിച്ച് മണ്ഡലം തല മാനിഫെസ്റ്റോ രൂപപ്പെടുത്തണം. ദില്ലിയില്‍ 70 മണ്ഡലങ്ങളില്‍ 70 മാനിഫെസ്റ്റോകള്‍ ഉണ്ടായിരുന്നു എന്നറിയുക. ഇത് വെറും ഒരു അനുഷ്ഠാനമായല്ല കാണേണ്ടത്. ഇതിനെയാണ് സ്വരാജ് എന്നു പറയുന്നത്.
മറ്റു രാഷ്ട്രീയകക്ഷികളുടെ മാനിഫെസ്റ്റോയില്‍ സ്മാര്‍ട്ട് സിറ്റിയും മറ്റു വന്‍കിട പദ്ധതികളും ഏറ്റവും മുന്നില്‍ വരുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ഗണനാ പദ്ധതികളായി വന്നത് എല്ലാ വീടുകള്‍ക്കും പ്രതിമാസം 20000 ലിറ്റര്‍ വെള്ളം, 400 യൂണിറ്റിനു താഴെയുള്ള ഉപഭോക്താക്കള്‍ക്ക് പകുതിവിലയ്ക്കു വൈദ്യുതി, സര്‍ക്കാര്‍ സ്കൂളുകളില്‍ കൂടുതല്‍ ക്ലാസ് മുറികള്‍, കൂടുതല്‍ സര്‍ക്കാര്‍ സ്കൂളുകള്‍, 500 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, ചേരികളില്‍ 1000 എസി ക്ലിനിക്കുകള്‍ മുതലായവ ആണ്. മന്ത്രിമാര്‍ക്ക് വളരെ കുറച്ച് മാത്രം പാഴ്സണല്‍ സ്റ്റാഫ്, പകരം എം. എല്‍. എ മാര്‍ തന്നെ മന്ത്രിയുടെ സ്റ്റാഫ് ആയി പ്രവര്‍ത്തിക്കല്‍, മന്ത്രിമാര്‍ക്ക് കൊടിയും ഫ്ളാഷ് ലൈറ്റും വേണ്ടെന്നു വയ്ക്കല്‍ മുതലായവയും താഴേ നിന്നും വന്ന നിര്‍ദ്ദേശങ്ങളാണ്. ഇത്തരത്തിലുള്ള ഒരു മാനിഫെസ്റ്റോ വന്നത് അവിടത്തെ വന്‍ വിജയത്തിനുള്ള ഒരു പ്രധാന കാര്യമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാസങ്ങള്‍ക്കു മുന്നേ മാനിഫെസ്റ്റോ ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടണം. മറ്റു കക്ഷികള്‍ക്ക് മാനിഫെസ്റ്റോ വെറും അലങ്കാരം മാത്രമാണ്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിക്ക് അതു ജനങ്ങള്‍ക്കു നല്കുന്ന വാഗ്ദാനമാണ്. അതു നടപ്പിലാക്കാന്‍ നമുക്ക് കഴിയുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെങ്കില്‍ പാര്‍ട്ടി അധികാരത്തിന്‍റെ അടുത്തെങ്കിലും എത്തുമെന്ന് ജനങ്ങള്‍ക്ക്, ഏറ്റവും കുറഞ്ഞത് പാര്‍ട്ടിക്കെങ്കിലും വിശ്വാസമുണ്ടാകണമല്ലോ.
മാനിഫെസ്റ്റോയുടെ നടത്തിപ്പ് സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള സംശയങ്ങളും ആശങ്കകളും പരിഹരിക്കാന്‍ പാര്‍ട്ടിയും വോളന്‍ററിയന്മാരും ബാധ്യസ്ഥരാണ്. ദില്ലിയില്‍ അധികാരമേറ്റ സര്‍ക്കാര്‍ തങ്ങളുടെ മാനിഫെസ്റ്റോയിലെ ഇനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. 70 വാഗ്ദാനങ്ങളില്‍ 17 എണ്ണം ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. 38 എണ്ണം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
രണ്ടാമത്തെ വിഷയം സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചാണ്. ഒരു വര്‍ഷം മുമ്പെങ്കിലും സ്ഥാനാര്‍ഥിയെ കണ്ടെത്തി പ്രചരണം ആരംഭിക്കണം. സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതും താഴെത്തട്ടില്‍ നിന്നുമാണ്. അവിടെ നിന്നും വരുന്ന നിര്‍ദ്ദേശങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം ജനങ്ങളില്‍ നിന്നും സര്‍വ്വേ നടത്തിയാണ് തീരുമാനമെടുക്കുന്നത്. ഇങ്ങനെ വരുന്ന സ്ഥാനാര്‍ഥി ഒരു വര്‍ഷമെങ്കിലും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കണം. 2017 ല്‍ നടക്കുന്ന പഞ്ചാബിലെ നിയമസഭാതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളില്‍ വലിയൊരു പങ്കും ഇതിനകം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു എന്നും അറിയണം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതും മാനിഫെസ്റ്റോ ഉണ്ടാക്കുന്നതും മറ്റു പാര്‍ട്ടികളുടെ രീതിയാണ്. ആം ആദ്മി പാര്‍ട്ടിയുടേതല്ല.
അഴിമതിക്കെതിരായി രൂപം കൊണ്ട പ്രസ്ഥാനമാണല്ലോ ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പില്‍ വന്‍തോതില്‍ പണം ഇറക്കി മല്‍സരിക്കുന്നത് പാര്‍ട്ടി നയങ്ങള്‍ക്കെതിരാണ്. പാര്‍ട്ടിക്കു പണം പിരിക്കുന്നതിനു വളരെ വ്യക്തമായ മാനദണ്ഡങ്ങള്‍ ഉണ്ട്. ഏറ്റവും സുതാര്യമായ രീതിയിലായിരിക്കണം പണം പിരിക്കുന്നത്. പിരിക്കുന്ന ഏതു ചെറിയ തുകയും ദേശീയ സമിതിയുടെ അറിവോടെ ആയിരിക്കണം. അത് വെബ്സൈറ്റില്‍ തല്‍സമയം പ്രസിദ്ധീകരിക്കണം. അവരുടെ രസീത് എസ് എം എസ് വഴി പണം നല്‍കുന്ന വ്യക്തിക്കു കിട്ടണം. ഇത്തരത്തിലല്ലാതെയുള്ള പണം പിരിവ് പാര്‍ട്ടി നിയമങ്ങള്‍ക്കെതിരാണ്. നയങ്ങള്‍ക്കെതിരാണ്. മറ്റുള്ളവരുടെ ധനശക്തിക്കു പകരം വാളന്‍റിയര്‍ ശേഷിയിലൂടെ ഇത്തരം അഴിമതിക്കാരുടെ പണക്കൊഴുപ്പിനെ നേരിടുക എന്നതാണ് പാര്‍ട്ടിയുടെ നയം. അതിനുതക്ക വാളന്‍റിയര്‍ ശക്തിയില്ലാതെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നത് പാര്‍ട്ടിയേയും അഴിമതിയിലേക്കു നയിക്കാന്‍ സാദ്ധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ ശക്തമായ അടിത്തറ ഇല്ലാത്തിടത്തു മത്സരിക്കുന്നില്ലെന്നു തീരുമാനിക്കണം.
ഇക്കഴിഞ്ഞ നിരവധി സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പുകളില്‍ (മഹാരാഷ്ട്ര, ഝാര്‍ഘണ്ഡ്, ഹരിയാന, കാഷ്മീര്‍ ഏറ്റവുമൊടുവില്‍ ബീഹാര്‍) ഒന്നിലും പാര്‍ട്ടി മത്സരിക്കാതിരുന്നതും ഇതുകൊണ്ടാണ്. കേരളത്തോടൊപ്പം തിരഞ്ഞെടുപ്പു നടക്കുന്ന തമിഴ്നാട്, പോണ്ടിച്ചേരി, പശ്ചിമബംഗാള്‍, ആസ്സാം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടി മത്സരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കേരളാനിയമസഭയിലേക്കും മല്‍സരിക്കാന്‍ കഴിയില്ല. മാനിഫെസ്റ്റോ ഇല്ല. സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയിട്ടില്ല. മല്‍സരിക്കാന്‍ വേണ്ട വോളന്‍റിയര്‍ ശേഷിയുമായിട്ടില്ല. കേരളത്തില്‍ പാര്‍ട്ടി ലക്ഷ്യമാക്കേണ്ടത് 2019ലെ ലോകസഭാ തെരഞ്ഞെടുപ്പാണെന്ന് പാര്‍ട്ടി തീരുമാനിച്ചത് ഇതുകൊണ്ടാണ്.
പാര്‍ട്ടിക്കു മറ്റൊരു കക്ഷിയുമായും സഖ്യം ഉണ്ടാക്കാനുമാകില്ല. കാരണം വ്യക്തം. അവരുടെ പഴയതും പുതിയതുമായ അഴിമതികളെ നമുക്കു ന്യായീകരിക്കേണ്ടി വരും. പിന്നെ മുന്നണി മര്യാദ എന്ന രീതിയില്‍ അവരുടെ എല്ലാ അഴിമതിക്കും കൂട്ടു നില്‍ക്കേണ്ടി വരും. കേവലം ഒരു പുതിയ നല്ല പാര്‍ട്ടി ആയല്ല ജനങ്ങള്‍ക്കു മുമ്പില്‍ ചെല്ലുന്നത്. മറിച്ച് ഒരു പുതിയ രാഷ്ട്രീയമാണു മുന്നോട്ടു വയ്ക്കുന്നത്. മറ്റാരുമായി ചേര്‍ന്നാലും അതില്‍ ഉറച്ചു നില്‍ക്കാനാവില്ല. വളരെ സവിശേഷമായ ഒരു സാഹചര്യത്തില്‍ ദില്ലി സര്‍ക്കാരിന് നിരന്തരം തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പിക്കും മോഡിക്കും ഒരു തിരിച്ചടി നല്‍കാന്‍ മാത്രമാണ് ബീഹാറില്‍ നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന മുന്നണിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും അവിടെ വച്ചുനീട്ടിയ സീറ്റുകള്‍ വേണ്ടന്നുവെച്ചത് പാര്‍ട്ടിയുടെ നയമാണു കാണിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിനു വേണ്ടി നെട്ടോട്ടമോടുന്ന രാഷ്ട്രീയക്കാരെ മാത്രം കണ്ടു പരിചയമുള്ള നമുക്ക് ഇത് അത്ഭുതമായി തോന്നിയേക്കാം. പക്ഷെ ഇതാണു ആം ആദ്മി പാര്‍ട്ടി മുന്നോട്ടു വക്കുന്ന രാഷ്ട്രീയ നയം.കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ തീര്‍ത്തും ജനാധിപത്യ വിരുദ്ധമായാണ് ദില്ലീ സര്‍ക്കാരിനോട് പെരുമാറുന്നത് എന്നതൊരു രഹസ്യമല്ല. ഇപ്പോള്‍ ജെ എന്‍ യു വിലും മുന്‍പ് ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയിലും പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും അരുണാചല്‍ പ്രദേശിലും മറ്റു പലയിടത്തും കേന്ദ്രസര്‍ക്കാരും ബി ജെ പിയും സംഘപരിവാര്‍ ശക്തികളും നടത്തുന്ന തേര്‍വാഴ്ച്ച തുടങ്ങുന്നത് ദില്ലിയില്‍ നിന്നുമാണ്. 2014 മേയില്‍ പാര്‍ലമെന്‍റില്‍ ഒറ്റയ്ക്ക് വന്‍ഭൂരിപക്ഷം നേടി മോദി അധികാരത്തിലെത്തുകയും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വന്‍ വിജയം നേടുകയും ചെയ്ത ശേഷമാണു 2015 ഫെബ്രുവരിയില്‍ ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2013 ലെ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഇല്ലാതിരുന്നാല്‍ 49 ദിവസം മാത്രം ഭരിച്ചു രാജിവെച്ചു പോയ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഒരൊറ്റസീറ്റും കിട്ടാത്ത ആം ആദ്മി പാര്‍ട്ടി തനിക്കൊരു ഭീഷണിയല്ലെന്നാണു മോദി കരുതിയത്. രാജ്യമാകെ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനു അവിടെ ഒന്നും ചെയ്യാനില്ല. തന്നെയുമല്ല കഴിഞ്ഞ 8 മാസമായി മോദിയുടെ കേന്ദ്രസര്‍ക്കാര്‍ തന്നെ നേരിട്ടു ഭരിക്കുകയാണ് ദില്ലി. മോദി നടത്തുന്ന എല്ലാ ദിഗ്വിജയങ്ങള്‍ക്കും അന്നാട്ടുകാര്‍ സാക്ഷികളുമാണ്. എല്ലാ കേന്ദ്രമന്ത്രിമാരും എം പിമാരും ആ ചെറിയ സംസ്ഥാനത്തില്‍ വന്‍ പ്രചരണം നടത്തി. മോദി തന്നെ നേരിട്ടു വന്ന് കെജ്രിവാളിനെതിരെ ശകാരവര്‍ഷം ചൊരിഞ്ഞു. ഭരിക്കാന്‍ അറിയാത്ത കെജ്രിവാള്‍ നക്സലുകളൊപ്പം കാട്ടില്‍ ജീവിക്കട്ടെ എന്നു വരെ പറഞ്ഞു. തെരഞ്ഞെടുപ്പിന്‍റെ അടുത്തെത്തിയപ്പോള്‍ ചിത്രം അത്ര സുഖകരമല്ലെന്നു അദ്ദേഹത്തിനു തന്നെ തോന്നി. തന്‍റെ വ്യക്തിപ്രഭാവം കൊണ്ടു മാത്രം കെജ്രിവാളിനെ നേരിടാന്‍ കഴിയില്ലെന്നായപ്പോഴാണു അഴിമതി വിരുദ്ധ സമരത്തില്‍ അന്നാ ഹസാരെക്കൊപ്പം നിന്ന കിരണ്‍ ബേദിയെ രംഗത്തിറക്കിയത്. പക്ഷെ ഫലം അത്യന്തം നിരാശാജനകമായിരുന്നു. മോദിയെ എന്നും നേരില്‍ക്കണ്ടിരുന്നവര്‍, അദ്ദേഹത്തിന്‍റെ ഭരണം നേരിട്ട് അനുഭവിച്ചവര്‍, അദ്ദേഹം വാഗ്ദാനം ചെയ്ത അഛാ ദിന്‍ അത്ര "അഛാ" അല്ലെന്നു തിരിച്ചറിഞ്ഞു. ഇന്ത്യന്‍ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ അത്യപൂര്‍വ്വമായ ഒരു ഫലം നാം ദില്ലിയില്‍ കണ്ടു. 70ല്‍ 67 സീറ്റ് മാത്രമല്ല, പോള്‍ ചെയ്ത വോട്ടിന്‍റെ 54 ശതമാനം ആം ആദ്മി പാര്‍ട്ടിക്കു കിട്ടി. ഈ തെറ്റിനു (ആം ആദ്മി പാര്‍ട്ടിക്കു മാത്രമല്ല ആം ആദ്മികളായ ദില്ലി ജനതകള്‍ക്കും) മാപ്പ് കൊടുക്കാന്‍ മോദി ഇതു വരെ തയ്യാറായിട്ടില്ല. താന്‍ അജയ്യനാണെന്നു ധരിച്ച ഒരു നേതാവിന് ഇങ്ങനെ തോന്നുന്നതില്‍ തെറ്റില്ല. ജനാധിപത്യം എന്നതിന് സ്വന്തം ആധിപത്യം എന്ന അര്‍ത്ഥം നല്‍കുന്ന ഫാസിസ്റ്റിനു ഇതു സഹിക്കാവുന്നതില്‍ അപ്പുറമായിരുന്നു. മോദിയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് മറ്റു കക്ഷികള്‍ക്കും ഇതു വഴി ബോധ്യമായി.
ദില്ലി ഒരു അര്‍ധ സംസ്ഥാനമാണ്. ഭരണഘടനയുടെ 239 എ എ വകുപ്പു (1991 ലെ ഭേദഗതി അനുസരിച്ചു നാഷണല്‍ കാപ്പിറ്റല്‍ ടെറിട്ടറി ഓഫ് ദില്ലി ) ഇത് കേവലം ഒരു കേന്ദ്ര ഭരണ പ്രദേശവുമല്ല. മറ്റ് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ നിര്‍വചിക്കുന്ന ഏഴാം ഷെഡ്യൂളിലെ മൂന്ന് ഇനങ്ങള്‍ (പൊതുക്രമ സമാധാനം, പോലീസ്, ഭൂമി) ഒഴികെ മറ്റെല്ലാറ്റിലും ദില്ലീ സര്‍ക്കാരിനും അധികാരം ഉണ്ട്. തെരഞ്ഞെടുത്ത നിയമസഭ, അതില്‍ ഭൂരിപക്ഷം ഉള്ളവരുടെ മന്ത്രിസഭ, ആ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍... എല്ലാം ഉണ്ട്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലടക്കം ദില്ലിക്കു സ്വതന്ത്ര സംസ്ഥാന പദവി വേണം എന്നു വാദിച്ചിരുന്ന ബി ജെ പി കേന്ദ്ര ഭരണത്തില്‍ വന്നപ്പോള്‍ നിലപാട് മാറ്റുകയാണുണ്ടായത് എന്നും ഓര്‍ക്കാം.
ദില്ലിയിലും കേന്ദ്രത്തിലും വ്യത്യസ്ത കക്ഷികളുടെ സര്‍ക്കാരുകള്‍ വന്നത് ഇതാദ്യമല്ല. എന്നാല്‍ മറ്റൊരു കാലത്തും ഇല്ലാത്ത തരത്തില്‍ ഗവര്‍ണ്ണറിലൂടെ കേന്ദ്രം ദില്ലി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ ഇടപെടുകയാണ്. കേന്ദ്ര സര്‍വ്വീസില്‍നിന്നും സംസ്ഥാനം ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ നല്‍കുക എന്ന പതിവ് മാറ്റി തങ്ങള്‍ക്കിഷ്ടപ്പെട്ടവരെ മാത്രം നല്‍കുന്നു. പെട്ടെന്ന് ഒരു നാള്‍അവരെ പിന്‍വലിക്കുന്നു. ദില്ലി സര്‍ക്കാരിനോട് അനുതാപമുള്ളവരെ സി ബി ഐയെ ഉപയോഗിച്ചു പോലും വിരട്ടുന്നു. പ്രലോഭിപ്പിക്കുന്നു. ഇങ്ങനെ പലതും. ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 77 ഓഫീസര്‍മാരെ സി ബി ഐ ചോദ്യം ചെയ്തു.
ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ നിലപാട് തന്നെയാണ് പ്രശ്നമെന്ന് വ്യക്തമാണ്. ദില്ലി ഗവര്‍ണ്ണറെ നിയന്ത്രിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലെ നൃപേന്ദ്ര മിശ്ര എന്ന ഉദ്യോഗസ്ഥനാണ്. പല കേന്ദ്ര മന്ത്രിമാരും തങ്ങള്‍ നിസ്സഹായകരാണെന്ന് കെജ്രിവാളിനോട് തന്നെ പറഞ്ഞിട്ടുണ്ട്. ദില്ലി തെരഞ്ഞെടുപ്പിനുശേഷം കെജ്രിവാളിന്‍റെ പേര്‍ കേള്‍ക്കുമ്പോള്‍ തന്നെ മോദിയുടെ രക്തം തിളയ്ക്കുമത്രെ. തങ്ങള്‍ക്കിടയിലെ മഞ്ഞുരുക്കാന്‍ വേണ്ടി പലവട്ടം കെജ്രിവാള്‍ ശ്രമിച്ചതുമാണ്. മുഖ്യമന്ത്രി വിളിച്ചാല്‍ പലപ്പോഴും ഫോണ്‍ മോദി എടുക്കുക തന്നേയില്ല. നേരിട്ട് ചെന്ന് പലവട്ടം കണ്ടിട്ടുണ്ട് "നമ്മള്‍ രണ്ടുപേരും ജനങ്ങളുടെ വോട്ടു കിട്ടി ഭരണമേറ്റവരല്ലേ? ഇത്ര ചെറിയ സ്ഥാനത്തുള്ള എന്നോട് താങ്കള്‍ വിരോധം കാട്ടുന്നതെന്തിന്? രാഷ്ട്രീയം തെരഞ്ഞെടുപ്പിലാണ് അതു കഴിഞ്ഞാല്‍ കക്ഷി രാഷ്ട്രീയമല്ല ഭരണമാണു ജനങ്ങള്‍ ആഗ്രഹിക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം. പാര്‍ട്ടിയുടെ സര്‍ക്കാര്‍ അല്ലല്ലോ ജനങ്ങളുടെ സര്‍ക്കാരല്ലേ? താങ്കളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എനിക്കു സഹായം നല്‍കുക. രണ്ടു വര്‍ഷത്തിനകം സ്വച്ഛ ഭാരതത്തിന്‍റെ ഭാഗമായ സ്വച്ഛ ദില്ലി നമുക്കുണ്ടാക്കാം. മറ്റു സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതുപോലെ ഞങ്ങള്‍ പണമോ ഭൂമിയോ ആവശ്യപ്പെടുന്നില്ല. നിയമമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ മതി." ഇത്തരം ചോദ്യങ്ങള്‍ പലവട്ടം ആവര്‍ത്തിച്ചിട്ടും മോദിജി ഒരക്ഷരം അനുകൂലമായോ പ്രതികൂലമായോ പറഞ്ഞില്ല. ഇതുതന്നെ അദ്ദേഹം അറിഞ്ഞിട്ടു തന്നെയാണ് ഉതൊക്കെ ചെയ്യുന്നതെന്ന് സൂചിപ്പിക്കുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസിക്കാന്‍ മടിക്കാത്ത പ്രധാനമന്ത്രി, കെജ്രിവാളിനോട് ഇങ്ങനെ പെരുമാറുന്നതിന്‍റെ പിന്നിലെ സങ്കുചിത താല്‍പര്യം വ്യക്തം. സഹികെട്ടപ്പോഴാണ് പ്രധാനമന്ത്രിക്കു മാനസികരോഗമാണെന്ന് കെജ്രിവാള്‍ പറഞ്ഞത്.
ഇവിടെ മോദി ഭയക്കുന്നത് മറ്റൊന്നാണ് ഇപ്പോള്‍ ദില്ലി, 2017 ല്‍ പഞ്ചാബ് നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്കു വന്‍ വിജയം ഉണ്ടാകുമെന്നു പ്രവചനങ്ങള്‍ പറയുന്നു. മറ്റ് രാഷ്ട്രീയ നേതാക്കളെ മോദിക്കിത്ര ഭയമില്ല. അവര്‍ പരമ്പരാഗത രീതിയില്‍ സ്വയം ചീഞ്ഞുനാറുമെന്ന് അദ്ദേഹം കരുതുന്നു. എന്നാല്‍ മറ്റൊരു രാഷ്ട്രീയം ഉയര്‍ത്തുന്ന ആം ആദ്മി പാര്‍ട്ടി വളര്‍ന്നാല്‍ അതിനെതിരെ പിടിച്ചുനില്‍ക്കാന്‍ എളുപ്പമല്ലെന്നു മോദി തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ അതിനെ മുളയിലെ നുള്ളിക്കളയാന്‍ ആഗ്രഹിക്കുന്നു. പക്ഷെ ഇന്ത്യ ഇത്തരമൊരു രാഷ്ട്രീയം ആഗ്രഹിക്കുന്നു എങ്കില്‍ അതിനെ തടയാന്‍ മോദിക്കാകില്ല.