പോയവര്‍ഷം ഏറെ ജനപ്രീതി നേടിയ ടര്‍ക്കിഷ് സിനിമയാണ് 'മുസ്താങ്'. ഡെനിസ് ഗാംസേ എര്‍ഗുവന്‍ സംവിധാനം ചെയ്ത 97 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിന് കഴിഞ്ഞവര്‍ഷത്തെ മികച്ച വിദേശഭാഷാചിത്രത്തിനുള്ള ഓസ്കാര്‍ നോമിനേഷന്‍ ഉണ്ടായിരുന്നു. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ലേബല്‍ യൂറോഫാ സിനിമാസ് അവാര്‍ഡ് മുസ്താങിന് ലഭിച്ചു. നമുക്കേവര്‍ക്കും പരിചിതമായ, പരിചിതമായിക്കൊണ്ടിരിക്കുന്ന ഗൗരവമേറിയ വിഷയത്തെ ലളിതമായ ആഖ്യാനശൈലിയില്‍ കൈകാര്യം ചെയ്തതാണ് ഈ സിനിമ കൈയടി നേടിയതിന്‍റെ പ്രധാനകാരണം. ആഹ്ലാദകരമായ അന്തരീക്ഷത്തില്‍ നാം കൈയടിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിനു പിന്നില്‍ അറിയാതെ പോകുന്ന കൈയുടെ അവസ്ഥയുണ്ടല്ലോ അത് 'മുസ്താങി'ല്‍ സ്വാതന്ത്ര്യത്തിന്‍റെ അന്തരീക്ഷത്തെ തേടുന്ന പെണ്ണിന്‍റെ അവസ്ഥയായി ലാളിത്യത്തോടെ കടന്നുവരുന്നു. ഈ ലാളിത്യമാണ് സിനിമയെ സങ്കീര്‍ണ്ണസ്വഭാവമുള്ളതാക്കിത്തീര്‍ക്കുന്നത്. ലാളിത്യം സങ്കീര്‍ണ്ണമാകുന്ന അവസ്ഥാവിശേഷം.
പുരുഷാധിപത്യവ്യവസ്ഥ പെണ്ണിനുമേല്‍ അടിച്ചേല്‍പ്പിക്കുന്ന ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് സ്വതന്ത്രരാവാന്‍ അതിയായി ആഗ്രഹിക്കുന്ന ലാലിയുടെയും അവളുടെ നാല് സഹോദരിമാരുടെയും കഥയാണ് മുസ്താങ് പറയുന്നത്. സിനിമ ചിത്രീകരിച്ചിരിക്കുന്ന സ്ഥലങ്ങളെ കൃത്യമായി വിശകലനം ചെയ്താല്‍ കഥാപാത്രങ്ങളായ ലാലിയുടെയും അവളുടെ നാലു സഹോദരിമാരുടെയും ജീവിതം എങ്ങനെ സങ്കീര്‍ണ്ണതയുള്ളതായി മാറുന്നു, എങ്ങനെ സമകാലികപ്രസക്തിയുള്ളതായി മാറുന്നു എന്ന് വ്യക്തമാകും. സ്വാതന്ത്ര്യത്തിന്‍റെ സ്ഥലം, അധീശത്വത്തിന്‍റെ സ്ഥലം, പ്രതീക്ഷയുടെ സ്ഥലം എന്നിങ്ങനെ മൂന്നായി സിനിമയുടെ ചിത്രീകരണസ്ഥലത്തെ തിരിക്കാം. സ്കൂളില്‍ അധ്യാപകരുടെ സ്നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങുന്ന ലാലിയും സഹോദരിമാരും ആണ്‍സുഹൃത്തുക്കളോടൊപ്പം കടലില്‍ നിര്‍ദോഷമായ വിനോദത്തിലേര്‍പ്പെടുകയും ഉദ്യാനത്തില്‍ അതിരുകളില്ലാത്ത സ്വാതന്ത്ര്യത്തിന്‍റെ സ്ഥലത്തെ അനുഭവിച്ചറിയുകയും ചെയ്യുന്നു. ഈ സംഭവങ്ങള്‍ വലിയൊരു സദാചാരപ്രശ്നമായി നാട്ടിലും വീട്ടിലും മാറുന്നു. പെണ്‍കുട്ടികളുടെ പേരില്‍ അപവാദങ്ങള്‍ പ്രചരിക്കുന്നതോടെ ഇവരുടെ ജീവിതം അധികാരത്തിന്‍റെ ബലതന്ത്രങ്ങള്‍ പരീക്ഷിക്കുന്ന വീട്ടില്‍ മാത്രമായി ഒതുങ്ങുന്നു. സിനിമയുടെ ഏറിയ പങ്കും ചിത്രീകരിക്കുന്നത് ഈ അധീശത്വത്തിന്‍റെ സ്ഥലത്താണ്.
ആധുനികസൗകര്യങ്ങളുള്ള ഈ വീട്, 'വീട് എന്നത് പുറമേ നിന്ന് നോക്കിക്കാണേണ്ടതല്ല, ഉള്ളിലെത്തി അനുഭവിച്ചറിയേണ്ടതാണ്. താമസിക്കുന്നവര്‍ക്ക് സുഖകരമായ അന്തരീക്ഷം ഒരുക്കുകയാണ് മുഖ്യം. ഇതിന്‍റെ പ്രതിപ്രവര്‍ത്തനമായി ഉരുത്തിരിയേണ്ടതാണ് രൂപം' എന്ന ആര്‍ക്കിടെക്ചര്‍ ഭാവനകളെ തകിടം മറിക്കുന്നു. ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങി പുറംലോകവുമായി ബന്ധിപ്പിക്കുന്ന ലിങ്കുകളെ ഇല്ലാതാക്കിയും കൂറ്റന്‍ മതിലുകള്‍ക്കും വാതിലുകള്‍ക്കും പുറമേ ഇരുമ്പഴികള്‍ നിര്‍മ്മിച്ചും, അങ്കിളിന്‍റെ നിയമം അമ്മൂമ്മയുടെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കിയും വീട് ജയിലറയ്ക്ക് സമാനമായി മാറ്റിയെടുക്കുന്നു.
അച്ഛനും അമ്മയും മരിച്ചുപോയതിനാല്‍ അമ്മൂമ്മയുടെയും അങ്കിളിന്‍റെയും സംരക്ഷണയില്‍ വളര്‍ന്നുവരുന്ന ഈ കുട്ടികള്‍ക്ക് വേഷവിധാനത്തിലും കര്‍ശനമായ നിയന്ത്രണങ്ങള്‍ വരുന്നു. കാരണം കാലാവസ്ഥയ്ക്കിണങ്ങിയതും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടതുമായ വസ്ത്രം ഈ അധീശസ്ഥലത്തിന് ചേര്‍ന്നതല്ലായിരുന്നു. പുരുഷകേന്ദ്രീകൃതമായ ഒരു സ്ഥലത്തില്‍ സ്ത്രീകള്‍ പുരുഷപ്രമാണങ്ങള്‍ അംഗീകരിക്കാന്‍ വിധിക്കപ്പെടുന്നു. ഇവിടെ സ്ഥലം ലിംഗഭേദത്തെ നിര്‍മ്മിക്കുകയും സുസ്ഥിരമാക്കുകയും ചെയ്യുന്നുണ്ട്.
സ്ത്രീക്ക് അവളുടെ 'ശരീരം' സ്വന്തമല്ല! അവകാശികള്‍ക്കുവേണ്ടി സംരക്ഷിക്കേണ്ട ബാധ്യത മാത്രമാണ് അവള്‍ക്കുള്ളത്. വിവാഹത്തിനു മുമ്പ് കന്യകയായിരിക്കേണ്ട ആവശ്യകതയും വിവാഹശേഷം പതിവ്രതയുടെ കടമകളും മാത്രമാണ് പെണ്‍കുട്ടികള്‍ക്കു വേണ്ട അറിവുകള്‍. അല്ലെങ്കില്‍ അതു മാത്രമാണ് വീട്ടിലെ മുതിര്‍ന്ന സ്ത്രീ അവരെ പഠിപ്പിക്കുന്നതും. ഇവിടെ സ്ത്രീ ശരീരകേന്ദ്രീകൃതമായ സ്ഥാപിത സദാചാര സംഹിതയ്ക്കെതിരെയുള്ള പ്രതികരണം എന്ന നിലയിലേക്കും സിനിമ കടക്കുന്നു. മാത്രമല്ല വീട്ടില്‍ തന്നെ പെണ്ണിനുമാത്രം സ്ഥലങ്ങളെ തീരുമാനിച്ചിട്ടുണ്ട്. കിടപ്പു മുറിയും അടുക്കളയും. ഇതിനെ അതിലംഘിച്ച് ലാലിയും സഹോദരിമാരും ഫുട്ബോള്‍ കളി കാണാനും, മൂത്ത പെണ്‍കുട്ടി കാമുകനൊത്ത് ബീച്ചിലേക്കും പോകുന്നുണ്ട്. ഇത് കൂടുതല്‍ പ്രത്യാഘാതം ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
ഇതിനു മുമ്പ് ഫുട്ബോള്‍ കളി കാണാന്‍ 'ലാലി' ആഗ്രഹം പ്രകടിപ്പിക്കുന്ന വേളയില്‍ അങ്കിള്‍ പറയുന്നത് അത് നിങ്ങളുടെ സ്ഥലമല്ലെന്നാണ്. മൂത്തസഹോദരി പറയുന്നതാകട്ടെ സ്വപ്നത്തില്‍ കാണാമെന്നും. ഇങ്ങനെ വികലീകൃതമാക്കപ്പെട്ട സ്ഥലത്തിന്‍റെ അവസ്ഥയെ തരണം ചെയ്യാന്‍ മുന്നിലുള്ള ഏകവഴി ഭാവനകൊണ്ട് നിര്‍മ്മിച്ച ഇടങ്ങള്‍ മാത്രമാണ്. 'മുസ്താങി'ല്‍ ലാലിയും സഹോദരിമാരും ഇടത്തെ നിര്‍മ്മിക്കുന്നത് കൗതുകകരമാണ്. തങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥല പരിസരത്തില്‍ വേഷവിധാനങ്ങള്‍ കൊണ്ടും പ്രവൃത്തികള്‍കൊണ്ടും ഭാവനകൊണ്ടും വീടിനെ കളിസ്ഥലം, മോഡലിംങ്ങിനുള്ള വേദി, സ്വിമ്മിങ്ങ് പൂള്‍, ബീച്ച് എന്നിവയാക്കി ഇവര്‍ മാറ്റുന്നു. ഇങ്ങനെ അധീശത്വത്തിന്‍റെതായ നിര്‍മ്മിതിയെ ഭാവനയുക്തി കൊണ്ട് ഇവര്‍ തകര്‍ക്കുന്നു. അല്ലെങ്കില്‍ സ്ഥലവും സ്വത്വവും തമ്മിലുള്ള സംഘര്‍ഷഭരിതമായ അവസ്ഥയെ ലാലിയും സഹോദരിമാരും അതിജീവിക്കുന്നതിങ്ങനെയാണ്. സ്ഥലം കെട്ടിതിരിച്ച് അധികാരപ്രയോഗത്തിന്‍റെ ശാഠ്യങ്ങളെ കുട്ടികള്‍ ഭാവന കൊണ്ട് കലഹിക്കുമ്പോള്‍ പ്രേക്ഷകന് ഇത് കുട്ടികളുടെ കുസൃതിയായി അനുഭവപ്പെടാം. പൊട്ടിച്ചിരിയുണ്ടാക്കുന്ന കുസൃതികള്‍.
കുട്ടികളോടൊപ്പം ഈ സിനിമയില്‍ സ്ത്രീകളുടെ കാര്യവും പരിഗണിക്കേണ്ടതാണ്. നിലനിന്നു വരുന്ന വ്യവസ്ഥകളോട് നീതി പുലര്‍ത്താന്‍, മുതിര്‍ന്ന സ്ത്രീകള്‍ കാണിക്കുന്ന വ്യഗ്രത ഹയരാര്‍ക്കിയല്‍ പാരമ്പര്യത്തിന് ബോധപരമായി മാത്രമല്ല അബോധപരമായും സ്വാധീനമുണ്ടെന്ന് തെളിയിക്കുന്നു. കുട്ടികളുടെ 'കുസൃതി'കളെപ്പോലെ തന്നെ ഇവരുടെ പ്രവൃത്തികളും പ്രേക്ഷകന്‍ ചിരിയുണര്‍ത്തുന്ന പട്ടികയില്‍ ചേര്‍ക്കും. പ്രത്യേകിച്ച് ഒളിച്ച് ക്രിക്കറ്റ് കളി കാണാന്‍ പോയ കുട്ടികളെ പുരുഷന്മാര്‍ അറിയാതെ സംരക്ഷിക്കാന്‍ മുതിര്‍ന്ന സ്ത്രീകള്‍ നടത്തുന്ന ശ്രമങ്ങള്‍.
വിവാഹത്തിലൂടെ നടത്തുന്ന സ്ഥലത്തിന്‍റെ മാറ്റം സംബന്ധിച്ച സംഘര്‍ഷഭരിതമായ രംഗങ്ങള്‍ സിനിമയെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു. മൂത്തപെണ്‍കുട്ടിക്ക് പ്രണയ സാഫല്യമുണ്ടാകുമ്പോള്‍ രണ്ടാമത്തവള്‍ വിനീതമായി കീഴടങ്ങുന്നു. മൂന്നാമത്തവളാകട്ടെ പറിച്ചുമാറ്റലിന്‍റെ സാഹചര്യത്തോട് പ്രതികരിക്കുന്നത് രണ്ടു തരത്തിലാണ്. ഒന്ന് തന്‍റെ കന്യകാത്വത്തെ നിഷേധിച്ച് ശരീരത്തെ 'മലിനപ്പെടുത്തി'യും, രണ്ട് തന്‍റെ ജീവന്‍ തന്നെ ഇല്ലാതാക്കിയും. അവള്‍ ആത്മഹത്യ ചെയ്യുന്നതിനുമുമ്പുള്ള രംഗം സൂക്ഷ്മ പരിശോധന അര്‍ഹിക്കുന്നു. ഭക്ഷണം കഴിക്കുന്ന വേളയില്‍ അങ്കിളിനു മുമ്പില്‍ ചിരിക്കുക എന്ന ഗൗരവമേറിയ പാതകം ചെയ്ത കുട്ടി ആ സ്ഥലത്തുനിന്ന് പുറത്താക്കപ്പെടുന്നു. പിന്നീട് ജീവിതത്തില്‍ നിന്നും. ഇവിടെ അധികാരലിംഗഘടനകളുടെ രാഷ്ട്രീയത്തില്‍ നിന്നാണ് മരണത്തിന്‍റെയും അര്‍ത്ഥങ്ങള്‍ രൂപപ്പെടുന്നത്.
നാലാമത്തെ പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യവാഞ്ഛയെ ഇളയവളായ 'ലാലി'യുടെ ശ്രമത്തിലൂടെ സാധ്യമാകുന്നിടത്ത് സ്വാതന്ത്ര്യത്തെ ഈ സിനിമയില്‍ രണ്ടുതരത്തില്‍ ചിത്രീകരിക്കുന്നു. തനിക്ക് അനുവദിക്കപ്പെട്ട സ്ഥലത്തെ സ്വാതന്ത്ര്യത്തിന്‍റെ ഇടങ്ങളാക്കി ഭാവന ചെയ്തുകൊണ്ടും, ഭാവനചെയ്ത സ്വാതന്ത്ര്യത്തിന്‍റെ ഇടങ്ങളെ പ്രത്യക്ഷത്തില്‍ സൃഷ്ടിച്ചുകൊണ്ടും. ഇങ്ങനെ പ്രത്യക്ഷത്തില്‍ ലാലി കാണാന്‍ ആഗ്രഹിക്കുന്ന പ്രതീക്ഷയുടെ ഇടമാണ് 'ഇസ്താംബുള്‍'.
ഇസ്താംബുളില്‍ എത്താനുള്ള ലാലിയുടെയും സഹോദരിമാരുടെയും ശ്രമത്തെ കലാപരതയും ഹാസ്യപരതയും ചേര്‍ത്തിണക്കി സംവിധായകന്‍ അവതരിപ്പിക്കുന്നു. നാലാമത്തെ സഹോദരിയുടെ വിവാഹാഘോഷങ്ങള്‍ വീടിനു പുറത്തു നടക്കുന്നു. തനിക്ക് ഈ വിവാഹത്തിന് താല്പര്യമില്ലെന്ന് സഹോദരി 'ലാലി'യോട് പറയുന്നുണ്ട്. ലാലി തന്‍റെ നാലാമത്തെ സഹോദരിയോടൊപ്പം വീട്ടില്‍ നിന്ന് ഒളിച്ചു കടക്കുന്നു. സിനിമയിലെ ഏറെ ഉദ്വേഗമുണര്‍ത്തുന്ന രംഗങ്ങളാണ് തുടര്‍ന്നുവരുന്നത്. ഇസ്താംബുളില്‍ എത്തുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇസ്താംബുള്‍ സിനിമയില്‍ പ്രാധാന്യമേറിയ സ്ഥലമായി മാറുന്നു. പ്രതീക്ഷയുടെ സ്ഥലം. ഓര്‍ഹന്‍ പാമുകിന്‍റെയും മറ്റും രചനകളില്‍ പ്രകടമാകുന്നതുപോലെ ചരിത്രപരതയും ഗൃഹാതുരസ്മൃതികളും നിറഞ്ഞ സ്ഥലമായതുകൊണ്ടല്ല മറിച്ച് കുട്ടികള്‍, പ്രത്യേകിച്ച് ലാലി ഭാവനകൊണ്ട് സ്വാതന്ത്ര്യത്തിന്‍റെ ഇടമായി ഇസ്താംബുളിനെ കരുതുന്നതുകൊണ്ടാണ്. അറിവിലൂടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്ന ടീച്ചറുടെ സാന്നിധ്യമാണ് ലാലിയെ ഇസ്താംബുളിനെ പ്രതീക്ഷയുടെ ഇടമായി സങ്കല്‍പ്പിക്കാന്‍ പ്രേരിപ്പിച്ചത്. 'ഇസ്താംബുള്‍' ലോകത്തിന്‍റെ ഏതു ഭാഗത്തും നിര്‍മ്മിക്കപ്പെടാം. അതിനിട നല്‍കുന്ന സാഹചര്യങ്ങള്‍ ഇന്ന് നിലനില്‍ക്കുന്നു. ഇങ്ങനെ സ്ഥലത്തിന്‍റെ മാറ്റത്തിലൂടെ കുട്ടികള്‍ നിലനില്‍ക്കുന്ന വ്യവസ്ഥയോടും സാമൂഹ്യഘടനയോടും പ്രതികരിക്കുന്നു.
അങ്കിളിലൂടെ പുരുഷന്‍റെ അധികാരത്തെ അവതരിപ്പിക്കുമ്പോഴും പുരുഷനെ പ്രതിപക്ഷത്തു നിര്‍ത്തി പുരുഷന്മാരെല്ലാം സ്ത്രീക്ക് എതിരാണ് എന്ന സാമാന്യവത്കരണം സിനിമ നടത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഇതിനുദാഹരണമാണ് 'യാസിന്‍' എന്ന കഥാപാത്രം ട്രക്ക് ഡ്രൈവറായ ഇയാളാണ് ഫുട്ബോള്‍ കളി കാണാന്‍ പെണ്‍കുട്ടികളെ സഹായിക്കുന്നത്. മാത്രമല്ല ലാലിയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതും (വീട്ടുകാര്‍ അറിയാതെ) ഇസ്താംബുളില്‍ എത്തിച്ചേരാന്‍ സഹായിക്കുന്നതും യാസിനാണ്.
കഴിഞ്ഞവര്‍ഷം ഗോവയില്‍ നടന്ന ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 'മുസ്താങി'ലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച അഞ്ച് പെണ്‍കുട്ടികളെയും മികച്ച നടിമാരായി തെരഞ്ഞെടുത്തതും ശ്രദ്ധേയമായി. 'മുസ്താങ്' എന്ന സിനിമ സമൂഹത്തില്‍ സൂക്ഷ്മവും ജാഗ്രതയാര്‍ന്നതുമായ ഒരു ഇടപെടല്‍ നടത്തി പരമ്പരാഗതമായ 'ഭാവനാ നിര്‍മ്മിതി'കളെ തച്ചുടക്കുന്നു. ഇങ്ങനെ സാമൂഹ്യചരിത്ര സ്ഥാപനങ്ങളില്‍ തിരസ്കൃതമാക്കപ്പെട്ടതും ഛിന്നഭിന്നമാക്കപ്പെട്ടതുമായ സ്ത്രീയുടെ ജീവിതത്തെ സിനിമയുടെ സാധ്യതകള്‍ ഉപയോഗിച്ച് തുറന്നു കാട്ടിയതിനാലാണ് 'മുസാതാങ്' കഴിഞ്ഞ വര്‍ഷത്തെ പ്രധാന സിനിമകളിലൊന്നായി മാറിയത്.