അന്നലക്ഷ്യം മനുഷ്യന്‍റെ പ്രധാന ജീവിതലക്ഷ്യങ്ങളിലൊന്നാണ്. അന്നം, ഒരുവന്‍റെ നിലനില്പിനുള്ള താങ്ങുവേരുകളില്‍ അവശ്യം വലിഞ്ഞുകേറപ്പെടേണ്ട ഒരു ഘടകം. അവന്‍റെ മുരടിപ്പും മുരടിപ്പില്ലായ്മയും പച്ചപ്പുമൊക്കെ നിര്‍ണയിക്കുന്നതും ഇതു തന്നെ. ഇതിത്തിരി ആവശ്യത്തിലധികമാകുമ്പോഴാണ്, അനധികൃത കൊഴുപ്പുകള്‍ അടിയിക്കുമ്പോഴാണ് മുഷ്കിന്‍റെ കുത്തല്‍ ഉണ്ടാകുന്നത്. അന്നലക്ഷ്യത്തിലേക്ക് പല മാര്‍ഗങ്ങളുണ്ടാകാം, പരമ്പരാഗതവും, സ്വയാര്‍ജ്ജിതവും. സ്വയാര്‍ജ്ജിത രുചിഭേദങ്ങളറിയാന്‍ ജീവിതത്തില്‍ നിയോഗിക്കപ്പെട്ടവന് ഒരു തൊഴിലിന്‍റെ ലേബലും അതിന്‍റെ ആനുകൂല്യാവകാശങ്ങളുമൊക്കെ വേണം. തൊഴില്‍ മാപിനി പലപ്പോഴും സഹചാരിയും വില്ലനും കുടുംബംകൊല്ലിയുമൊക്കയാകാറുമുണ്ട്.
തൊഴില്‍ മാപിനി രേഖപ്പെടുത്തുന്ന ചാര്‍ട്ട് നിവര്‍ത്തി കൂട്ടിക്കിഴിച്ച്, വെട്ടിപ്പിടിച്ച് ഉദാരഭാവം പുരട്ടി നീട്ടപ്പെടുന്ന തുണ്ടുകടലാസില്‍ വിധേയനായി ഒപ്പിടുമ്പോള്‍, ഒരു ശരാശരി തൊഴിലാളിയുടെ അകക്കണ്ണില്‍ വേറെ ചില കോളങ്ങള്‍ തെളിയുന്നതവനല്ലേ അറിയൂ. അവയിലെത്രയെണ്ണം വെട്ടിമാറ്റിക്കാമെന്ന കണക്കുകൂട്ടലിനിടയില്‍ അവനറിയാതെതന്നെ ഒരു ഗണിതവിദ്വാനാകും. ഗണിതമാന്ത്രികത്തിലൂടെ പരമാവധി കോളങ്ങള്‍ രാജിയാക്കി, ഒരു നെടുനിശ്വാസം വിട്ട, അടുത്ത ശ്വാസം വലിച്ചെടുക്കുന്നതിനു മുന്‍പുതന്നെ അടുത്ത കോളനിര വരയ്ക്കപ്പെടും. പലചരക്കുകാരന്‍, പച്ചക്കറിക്കാരന്‍, വൈദ്യക്കാരന്‍, വിദ്യാഭ്യാസക്കാരന്‍, കറണ്ടുകാരന്‍, കേബിളുകാരന്‍ ഇതൊന്നും പോരാത്തതിന് വിരുന്നുകാരന്‍...
എന്തിനാണ് തൊഴില്‍? മേല്പറഞ്ഞ തരത്തിലുള്ള 'കാരന്‍' മാരെക്കൊണ്ട് കോളങ്ങള്‍ വരപ്പിക്കാന്‍ പ്രേരിപ്പിക്കാനും പിന്നെ അതു വെട്ടിപ്പിക്കാനും ഇടയ്ക്കിത്തിരി കുന്നായ്മത്തരം കാട്ടി കളംവെട്ടില്‍നിന്ന് ഒഴിയാനും പിന്നെ അതൊരു ഊരാക്കുടുക്കായി മാറുമ്പോള്‍ ഉദാരവായ്പാനയം ഫ്ളെക്സടിച്ചു പതിപ്പിച്ചു ചിരിക്കുപ്പായമിട്ട് നമുക്ക് മുന്നില്‍ ഇരിപ്പിടം തന്ന് വിനയചന്ദ്രനായി തിളങ്ങുന്നവന്‍റെ മേശപ്പുറത്ത് തിരിച്ചറിയല്‍ രേഖകള്‍ക്കൊപ്പം വയ്ക്കാനുള്ള 'സാലറി സര്‍ട്ടിഫിക്കേറ്റ്' കിട്ടുന്നതിനും... അങ്ങനെ ഒത്തിരി ഒത്തിരി നൂലാമാലകള്‍ കുരുക്കുന്നതിനും കുരുക്കഴിക്കുന്നതിനും ചിലപ്പോള്‍ അതില്‍ത്തന്നെ കുരുങ്ങുന്നതിനും അവസരമൊരുക്കുന്നതിനു വേണ്ട ഒരു 'അവശ്യവസ്തു'വാണ് തൊഴില്‍. തൊഴില്‍ ഒരുവന് സ്വത്വം നല്കാം, നല്കാതിരിക്കാം. സാഹചര്യങ്ങളുടെ മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകളനുസരിച്ചാണ് സ്വത്വവും സ്വത്വമില്ലായ്മയുമൊക്കെ വരയ്ക്കപ്പെടുന്നത്.
മേല്പറഞ്ഞ 'അവശ്യവസ്തു' വിന്‍റെ ഉല്പന്നമാണ് മനുഷ്യന്‍റെ ജീവിതവും അവന്‍റെ കുടുംബവുമൊക്കെ. തൊഴില്‍ മാപിനിയുടെ സൂചികയുടെ കയറ്റിറക്കങ്ങളുടെ അടിസ്ഥാനത്തില്‍ അവന് പച്ചപ്പിനും മുരടിപ്പിനും സാധ്യതയുണ്ട്. ഈ അവശ്യവസ്തു അവന്‍റെ ജീവിതത്തിന്‍റെ ഒരു അനിവാര്യഘടകമാണ്. ഇതവന്‍റെ ജീവിതത്തോട് ഒട്ടിച്ചേര്‍ന്നിരിക്കുന്നു; വേര്‍തിരിച്ചെടുക്കാനാവാത്തവിധം. ഇതിന്‍റെ നൂലാമാലകള്‍ അഴിച്ചും കെട്ടിയും അലക്കിയെടുത്തുകഴിയുമ്പോഴേക്കും അവന്‍ പിഞ്ചിയ ഒരു തുവര്‍ത്തുമുണ്ടുപോലെ സുതാര്യനാകും.
ഒരു വശത്തുനിന്ന് അവശ്യാവശ്യങ്ങളുടെയും അത്യാവശ്യങ്ങളുടെയും അനാവശ്യങ്ങളുടെയും മുറവിളിയുയരുമ്പോള്‍, മറുവശത്ത് അവയെ നിശബ്ദമാക്കാന്‍ പോരുന്ന അക്കപ്പെരുക്കങ്ങളുടെ കലമ്പലുകളുയര്‍ത്താനുള്ള മാന്ത്രികനാണ് തൊഴില്‍. അക്കപ്പെരുക്കങ്ങളുടെ കലമ്പലുകള്‍ക്ക് ഇടയില്‍ ജീവശ്രുതിയില്‍, അപശ്രുതി കലരാതെ മീട്ടാന്‍ കഴിയുന്നവന്‍ വിജയി. പരാജിതന്‍ 'കഴിവില്ലാത്തവന്‍' എന്ന ലേബലൊട്ടിച്ച് വേര്‍തിരിക്കപ്പെടുന്നു, കുടുംബത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക്.
തൊഴിലിടങ്ങളും വീട്ടിടങ്ങളും തമ്മില്‍ പലപ്പോഴും സംഘട്ടനമുണ്ടാകാറുണ്ട്. രണ്ടിടത്തേയും പ്രശ്നങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും അനാവശ്യ അതിര്‍ത്തിലംഘനം നടത്തിയാലേ പ്രശ്നമുണ്ടാകൂ. രണ്ടിടങ്ങളിലേക്കും എപ്പോഴും പാച്ചിലാണ്. രാവിലെ സമയത്തുതന്നെ തൊഴിലിടത്തിലെത്താന്‍ ഒരു പാച്ചില്‍, വഴിക്ക് പലരുമായും മുറുമുറുക്കണം. വൈകുന്നേരം വീട്ടിലേക്കൊരു പടപ്പുറപ്പാടാണ്. പടയൊരുക്കം നടത്തി, പടവെട്ടി, തോറ്റോ, തോല്പ്പിച്ചോ ഒക്കെ രംഗം ശാന്തമാക്കുമ്പോഴേക്കും പിറ്റേന്നത്തെ പുറപ്പാടൊരുക്കത്തിനുള്ള കോപ്പുകൂട്ടിത്തുടങ്ങാന്‍ സമയമായിരിക്കും.
ഇതെല്ലാമൊരു രസമല്ലേ... തൊഴിലിടത്തെ ചുമതലകളും ഉത്തരവാദിത്തവും, വീട്ടിടത്തെ കടപ്പാടുകളും കണക്കുപറച്ചിലുകളും, പിന്നെ ഇടയ്ക്കിത്തിരി കുത്തിത്തിരിപ്പും കുശുമ്പും കുന്നായ്മയും പാരവയ്ക്കലും പാരകൊള്ളലും...
തൊഴിലിടവും വീട്ടിടവും വെട്ടിമാറ്റി വെവ്വേറെ അതിര്‍ത്തിക്കല്ലിട്ട് തിരിക്കേണ്ടതില്ല. രണ്ടിടങ്ങളും തമ്മില്‍ ബലപ്രയോഗത്തിലൂടെയല്ല, സൗഹൃദത്തോടെ ഒന്നിക്കട്ടെ. അതിര്‍ത്തി ലംഘനമല്ല, അതിര്‍ത്തി ലയിപ്പിക്കലാണ് ഇവിടെ ആവശ്യം. തൊഴിലിടത്തിന്‍റെ ഭാഗമായിരിക്കുമ്പോള്‍ തന്നെ അവന്‍ വീട്ടിടത്തിന്‍റെയും ഭാഗമല്ലേ. ഈ രണ്ടിടങ്ങളുടെയും ആകെത്തുകയാണ് അവന്‍റെ ജീവിതം. ഒദ്യോഗികജീവിതത്തിന്‍റെ സ്ഥാനമാനങ്ങള്‍ വച്ചുനീട്ടുന്ന വര്‍ണപ്പകിട്ടില്‍ മാത്രം ജീവിതവിജയത്തിന്‍റെ മാനദണ്ഡത്തെ നിജപ്പെടുത്തുന്നവന് വീട്ടിടം എപ്പോഴും പ്രശ്നക്കളമായിരിക്കും. ഔദ്യോഗികജീവിതത്തിലെ അംഗീകാരത്തില്‍ അഭിമാനിക്കാം, ആനന്ദിക്കാം. പക്ഷേ, അതില്‍ അഹങ്കരിക്കരുത്, അഹങ്കാരം ലഹരിയിലേക്കും ലഹരി ഉന്മാദാവസ്ഥയിലേക്കും ഉന്മാദം ഭ്രാന്തിലേക്കും നയിച്ചേക്കാം. ഒരു നോര്‍മല്‍ മനുഷ്യനായിരിക്കുക. തൊഴിലിടത്തില്‍ നിന്ന, വീട്ടിടത്ത് ലഭിക്കുന്ന സമ്മിശ്രവികാരങ്ങളെ ആട്ടിപ്പായിക്കാതിരിക്കുക. തൊഴിലിടത്തെ വീര്‍പ്പുമുട്ടലുകളില്‍ വീട്ടിടത്തെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ ഇടയ്ക്കൊക്കെ ഒന്നു മിന്നിമറയാന്‍ അനുവദിക്കുക. തൊഴിലിടത്തെ സങ്കടങ്ങള്‍ വീട്ടിടത്തെ കൂടിച്ചേരലുകള്‍ക്കിടയില്‍ പറയുക, പ്രതികരിക്കുക, രോഷവും അമര്‍ഷവും ശക്തമായ ഭാഷയില്‍തന്നെ പറയുക. അവസാനം അതൊരു പൊട്ടിച്ചിരിക്കു വഴിയൊരുക്കും, തീര്‍ച്ച. തൊഴിലിടങ്ങളെ വീട്ടകങ്ങള്‍ക്കു പരിചിതമാക്കുക; അവിടുത്തെ സഹപ്രവര്‍ത്തകര്‍, മേലധികാരികള്‍, കസ്റ്റമേഴ്സ് അങ്ങനെയങ്ങനെ എന്തെല്ലാം കാര്യങ്ങള്‍... അനാവശ്യ മസില്‍ പിടുത്തങ്ങള്‍ ഒഴിവാക്കുക. കടുംപിടുത്തങ്ങളെക്കാള്‍ നല്ലത് വിട്ടുവീഴ്ചയാണ്. തൊഴിലിടങ്ങളെ യാന്ത്രികജീവരംഗമായി മുരടിപ്പിക്കാതെ മനുഷ്യവത്കരിക്കുക. പരമാവധി ടെന്‍ഷനൊഴിവാക്കി, മുക്കിനു മുക്കിനു കൗണ്‍സില്‍ സെന്‍റര്‍ കിളുക്കുന്നതിനെ പ്രോത്സാഹിപ്പിക്കാതിരിക്കുക.
തൊഴില്‍രംഗം വ്യക്തിജീവിതത്തെയോ, കുടുംബജീവിതത്തെയോ ദോഷകരമായി ബാധിക്കാറില്ല. വിരമിക്കല്‍പത്രം കൈപ്പറ്റുന്നതിനു മുന്‍പുതന്നെ പലരും മറ്റൊരു മേഖലയില്‍ കുടിയേറിയിരിക്കും. ഇതില്‍ വലിയൊരു ശതമാനവും ജീവിതത്തിന്‍റെ തിരക്കുകളെ ഒഴിവാക്കാനാഗ്രഹിക്കാത്തവരോ, അല്ലെങ്കില്‍ ശാന്തമായ ജീവിതം തങ്ങളുടെ വ്യക്തിത്വത്തെ നശിപ്പിക്കുമെന്ന് ഭയപ്പെടുന്നവരോ ഒക്കെയാണ്. ചെറിയൊരു ശതമാനം ജീവിതപ്രാരാബ്ധങ്ങളുടെ ലഘൂകരണത്തിനായി മറ്റ് മേഖലകള്‍ തേടിപ്പിടിക്കുന്നവരാണ്. ന്നതു നല്ലതാണ്. പക്ഷേ, ടൈംടേബിളില്‍നിന്ന് ഇടംവലം മാറില്ലായെന്ന മുഴക്കോലുമായി നടക്കരുത്. അത്യാവശ്യം ഉളിയും ചിന്തേരുമൊക്കെ പ്രയോഗിക്കാന്‍ പഠിച്ചിരിക്കണം. സന്ദര്‍ഭങ്ങളെ യുക്തിപൂര്‍വ്വം, തന്മയത്വത്തോടെ നേരിടാനുള്ള പ്രായോഗികപരിജ്ഞാനം ആര്‍ജ്ജിക്കേണ്ടതിനു പകരം, തൊഴിലിടങ്ങള്‍ വീട്ടിടങ്ങളെ കലുഷിതമാക്കുന്നു എന്ന് ആരോപിതവിലാപമുയര്‍ത്തരുത്.
ഒരുവന്‍റെ കുടുംബജീവിതത്തിന്‍റെ സാമ്പത്തികനാഡിയിടിപ്പാണ് തൊഴില്‍. വരുമാനത്തിന്‍റെ തലത്തില്‍ മാത്രമായി തൊഴിലിനെ പ്രതിഷ്ഠിക്കുമ്പോഴാണ് അതൊരു ഭാരവും മടുപ്പും വിരസതയും നേരമില്ലായ്മയ്ക്കു കാരണക്കാരനുമൊക്കെയാകുന്നത്. ജീവിതമെന്നു പറയുന്നത് കുടുംബത്തില്‍നിന്നും കിട്ടുന്ന സുഖസന്തോഷങ്ങളും കരുതലും സുരക്ഷിതത്വവും മാത്രമായി കണക്കാക്കരുത്. അവയ്ക്കൊക്കെ ഇടയ്ക്കെപ്പോഴെങ്കിലും നേരിടുന്ന ഭംഗങ്ങള്‍ക്കു കാരണം തൊഴിലിടത്തിലെ തിരക്കുകളോ, ടെന്‍ഷനോ ആണെന്ന് തെറ്റിദ്ധരിക്കരുത്. തൊഴിലിടവും അവിടുത്തെ പ്രശ്നങ്ങളും വരുമാനവും വരുമാനമില്ലായ്മയും ഒക്കെച്ചേര്‍ന്ന് സൃഷ്ടിക്കുന്ന തലവേദനയും അതിന്‍റെ പുകച്ചിലും പിന്നെ ഇത്തിരി ആശ്വാസം കാണലും വീണ്ടുമെത്തുന്ന നെട്ടോട്ടവുമെല്ലാം ജീവിതത്തിന്‍റെ തന്നെ ഭാഗമായി കാണണം. പ്രശ്നങ്ങള്‍ സ്വാഭാവികം, പ്രശ്നമഴിക്കലും സ്വാഭാവികമായി നടക്കട്ടെ. തൊഴില്‍, വീട്ടിടത്ത് പ്രശ്നകാരിയും പ്രശ്നപരിഹാരിയുമൊക്കെയാകട്ടെ. അപ്പനപ്പൂന്മാര്‍ നട്ടുനനച്ച്, പറിച്ചെടുത്ത് ഉണക്കിവച്ചിരിക്കുന്നവ, നനച്ചു കുതിര്‍ത്ത് പുഴുങ്ങി വിഴുങ്ങി കൊളസ്ട്രോള്‍ കൂട്ടുന്നതില്‍ എന്തു രുചിയാണിരിക്കുന്നത്?
തൊഴിലിടത്തേയ്ക്ക് സമയത്തെത്താനുള്ള തത്രപ്പാടും, വൈകിട്ട് വീട്ടകത്തെ സ്വര്യൈം തരുന്ന സ്വര്യൈക്കേടുകളിലേക്ക് ഓടിയെത്താനുള്ള ധൃതിയുമൊക്കെയല്ലേ ആനന്ദം? ഇതിനിടയില്‍ അനുഭവിക്കുന്ന തിക്കുമുട്ടല്‍ ഒരു ഹരമല്ലേ? ജീവിക്കണമെങ്കില്‍ തൊഴില്‍ അവശ്യം തന്നെ. പക്ഷേ, തൊഴിലുണ്ടോ ജീവിതത്തിലിത്തിരി ഇടങ്ങേറൊക്കെ വരാം. ഈ ഇടങ്ങേറുകളല്ലേ ജീവിതത്തെ ജീവിതമാക്കുന്നത്...