അധ്വാനത്തോളം അടിസ്ഥാനപരമായ ഒരു സങ്കല്പനം ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ മറ്റൊന്നുണ്ടോ എന്നുതന്നെ സംശയമാണ്. അഥവാ, അധ്വാനത്തെ ഇത്രകണ്ട് ശ്ലാഘിച്ചുയര്‍ത്തിയിട്ടുള്ള ആധ്യാത്മികസരണികള്‍ വേറെയുണ്ടെന്നുതന്നെ തോന്നുന്നില്ല. ബൈബിളില്‍ എവിടെയാണ് അധ്വാനത്തെക്കുറിച്ചുള്ള നമ്മുടെ അന്വേഷണം ആരംഭിക്കേണ്ടത്? ബൈബിളില്‍ ഇസ്രായേല്‍ ജനതയുടെ സ്വത്വാന്വേഷണം ആരംഭിക്കുന്നത് തീര്‍ച്ചയായും 'പുറപ്പാട്' ഗ്രന്ഥത്തില്‍നിന്നാണ്. ചരിത്രത്തില്‍ മുഖ്യമായും രണ്ട് വെളിപ്പെടല്‍ നിമിഷങ്ങളാണ് ഇസ്രായേലിനുള്ളത്. ഈജിപ്തിലെ അടിമത്തത്തിന്‍റെയും ബാബിലോണിയന്‍ അടിമത്തത്തിന്‍റെയും ചരിത്രനിമിഷങ്ങള്‍. മറ്റൊരു ജനതയുടെ നാട്ടില്‍ കിരാതമായ അടിമത്തത്തിനു കീഴിലാണ് ഇസ്രായേലിന്‍റെ സ്വത്വബോധം ഉടലെടുക്കുന്നത്. അതുകൊണ്ടുതന്നെ അത്തരമൊരു സ്വത്വനിര്‍മ്മിതിക്കുപിന്നില്‍ നിലകൊള്ളുന്ന ശക്തമായ ഒരു അപരത്വനിര്‍മ്മിതിയുണ്ട് എന്നു കാണാം. ഈജിപ്ഷ്യന്‍-ബാബിലോണിയന്‍ അപരത്വങ്ങളുടെ രംഗപടത്തിലാണ് ഇസ്രായേലിന്‍റെ സ്വത്വം ഉടല്‍ നിവര്‍ത്തുന്നത്. ബാബിലോണിലും ഈജിപ്തിലും ഉള്ള പ്രവാസവും അടിമത്തവും, അടിമത്തത്തിന്‍റെ നിയതമായ കഠിനാധ്വാനവുമാണ് ഇസ്രായേല്‍ ജനതയുടെ സ്വത്വ വെളിപാടുനിമിഷങ്ങള്‍. അടിമത്തം കഠിനാധ്വാനത്തിന്‍റേതാണ്. അടിമത്തത്തിലെ അധ്വാനം അന്യവല്ക്കരണത്തിന്‍റേതാണ്. അന്യവല്ക്കരിക്കപ്പെട്ട അധ്വാനം വേദനയും സഹനവുമാണ്. അധ്വാനത്തിന്‍റെ കരാള നിമിഷങ്ങളില്‍ ഉടലെടുത്ത സ്വത്വാവിഷ്കാരമായിരുന്നിട്ടുകൂടി ഇസ്രായേലിന്‍റെ സ്വത്വബോധം അധ്വാനവിമുഖമായില്ലെന്നതാണ് സത്യം. അത്രകണ്ട് അധ്വാനത്തിന്‍റെ പ്രാമുഖ്യത്തെ അവര്‍ തിരിച്ചറിഞ്ഞു. 'അടിമത്തത്തിന്‍റെ ഭവനമായ ഈജിപ്തില്‍നിന്ന് ദൈവത്തിന്‍റെ വിശുദ്ധമലയിലേക്ക്' (പുറ. 3/12); പാരതന്ത്ര്യത്തില്‍നിന്ന് സ്വാതന്ത്ര്യത്തിലേക്ക്; നിര്‍ബന്ധിത അധ്വാനത്തില്‍നിന്ന് സ്വതന്ത്രമായ അധ്വാനത്തിന്‍റെ ആരാധനയിലേക്ക് - അതായിരുന്നു ഇസ്രായേലിന്‍റെ യാത്ര. അവര്‍ കടക്കുന്ന ജോര്‍ദ്ദാന്‍ നദി ഒരു വേര്‍പിരിയലാണ്. പാരതന്ത്ര്യത്തില്‍നിന്നുള്ള വിടുതലും സ്വതന്ത്രാധ്വാനത്തിലേക്കുള്ള പ്രവേശനവും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അധ്വാനത്തിന്‍റെ ഒരു ശൈലിയില്‍നിന്ന് അധ്വാനത്തിന്‍റെ മറ്റൊരു ശൈലിയിലേക്കുള്ള കടന്നുപോകലായിരുന്നു പെസഹാ. അവിടെയാണ് ഇസ്രായേല്‍ സ്വത്വബോധത്തിന്‍റെ ഒരടിസ്ഥാന ശിലകളിലൊന്നായ 'സാബത്ത്' അവര്‍ക്ക് നല്കപ്പെടുന്നത്. അധ്വാനത്തില്‍നിന്നുള്ള വിശ്രമം മാത്രമല്ല, സാബത്ത് ഒരു മനോഭാവവും സാബത്ത് ഒരു ജീവിതശൈലിയുമാണ്. ഇസ്രായേല്‍ ജനം മാത്രമല്ല സാബത്താചരിക്കേണ്ടത്, പ്രത്യുത ഇസ്രായേലിലെ ആശ്രിതരും അടിമകളും കന്നുകാലികള്‍ പോലും സാബത്താചരിക്കണം. യാതൊന്നിനും അധ്വാനം നല്കരുത്. സാബത്ത് സമയത്തിന്‍റെ സമയമാണ്. സമയത്തെയും സമയത്തിലെ അധ്വാനത്തെയും ദൈവാരാധനയാക്കിത്തീര്‍ക്കുന്ന വേളയാണത്. ആറുദിവസത്തെ അധ്വാനത്തിനുശേഷമാണ് സാബത്തെന്ന (ശനിയാഴ്ച) ഏഴാം ദിനം വന്നണയുക. (ക്രൈസ്തവപാരമ്പര്യത്തില്‍ ഈ പുരാവൃത്തത്തിന് ചെറിയ മാറ്റം സംഭവിച്ചു. ക്രിസ്തുവിന്‍റെ പുനരുത്ഥാനത്തോടെ ആഴ്ചയുടെ ആദ്യദിനം (ഞായറാഴ്ച) കര്‍ത്താവിന്‍റെ ദിനമായി തീരുകയുമായിരുന്നു.)
അങ്ങനെ അവര്‍ തങ്ങളുടെ ഉല്പത്തിക്കഥകള്‍ സാബത്തിന്‍റെ വൃത്തത്തില്‍ കെട്ടിയെടുത്തു. ദൈവം അധ്വാനിക്കുന്നവനാണെന്നും, സൃഷ്ടികര്‍മ്മം ദൈവാധ്വാനമാണെന്നും, ഏഴാംദിവസം ദൈവം വിശ്രമിക്കുന്നുവെന്നും അവര്‍ സങ്കല്പിച്ചു. ഉല്പത്തിപുസ്തകമാകെ (പ്രത്യേകിച്ച് ആദ്യ പന്ത്രണ്ട് അദ്ധ്യായങ്ങള്‍) എറ്റിയോളജിക്കലാണ് (etiological). നിലവില്‍ മനുഷ്യകുലം അനുഭവിക്കുന്ന യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് അവയുടെ വ്യുല്പത്തി വിശദമാക്കുന്നവയാണ് ആ കഥകളെല്ലാം. അധ്വാനം, പ്രത്യേകിച്ച് കായികാധ്വാനം വേദന നിറഞ്ഞതാണ്; മടുപ്പിക്കുന്നതാണ്. അതെങ്ങനെ അങ്ങനെയായിരിക്കാന്‍ വിധിക്കപ്പെട്ടു എന്ന് പറയുകയാണ് ഏദേന്‍തോട്ടകഥയിലൂടെ - ഉത്ഭവപാപകഥയിലൂടെ, പാപഫലമായുള്ള ദൈവശാപകഥയിലൂടെ. ദൈവശാപമല്ല അധ്വാനം, മറിച്ച് ദൈവകല്പനയാണ്. അത് നാം തിരിച്ചറിയണമെങ്കില്‍ ഉല്പത്തി 3.17നു മുമ്പായി ഉല്പത്തി 2.15 വായിച്ചിരിക്കണം. "ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെ ആക്കി" എന്നതാണ് ദൈവനിയോഗം. എന്നാല്‍ തന്നോടൊപ്പം സഹകരിക്കാനും തന്നോടൊപ്പം സഹകാരിയായി അധ്വാനിച്ച് ഏദന്‍തോട്ടത്തെ കൂടുതല്‍ സുന്ദരവും ഭാസുരവുമാക്കുന്നതിനുമായി നിയോഗിക്കപ്പെട്ട സൃഷ്ടി മാത്രമായ മനുഷ്യന്‍, അധ്വാനിക്കാതിരിക്കാന്‍ അഥവാ 'ദൈവത്തെപ്പോലെയാകാന്‍', വിലക്കപ്പെട്ട കനി തിന്നുനോക്കുന്നതാണ് ആദിപാപമായി വിരചിക്കപ്പെടുന്നത്. അതോടെ അവന്‍ ദൈവം നിര്‍ണ്ണയിച്ച - സ്വതന്ത്രമായ അധ്വാനശേഷിയുള്ള - സഹകാരിയുടേതായ ബന്ധക്രമം വിഛേദിക്കുകയും എല്ലാ ബന്ധക്രമങ്ങളും അതോടെ തകരുന്നതുമാണ് കഥാശിഷ്ടം.
എറ്റിയോളജിക്കലായ കഥയില്‍ 'ഏദന്‍തോട്ട'ത്തില്‍നിന്ന് അവന്‍ നിഷ്കാസിതനാകുന്നതായാണ് നാം കാണുന്നത്. പിന്നീട് നാം അവനെ കാണുന്നത് മറ്റൊരു തോട്ടത്തിലല്ല - മറിച്ച് വയലിലാണ്. തോട്ടവും വയലും ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. വൈജാത്യത്തിന്‍റെ തോട്ടം ദൈവേഷ്ടമായിരിക്കുമ്പോള്‍ സജാത്യത്തിന്‍റെ (monoculture) വയലാണ് മനുഷ്യനിര്‍മ്മിതി. വയലുകളിലെ അധ്വാനങ്ങളിലൂടെ നാമൊരു തോട്ടനിര്‍മ്മിതിയിലേക്കെത്തേണ്ടതുണ്ട്. മനുഷ്യന്‍ തകര്‍ത്ത ബന്ധത്തിന്‍റെ ഫലമായാണ് അധ്വാനത്തില്‍ ഭൂമി അവനോട് സഹകരിക്കാതെ പോകുന്നത്. (ഇതേകഥ യേശുവും പറയുന്നുണ്ടല്ലോ. ഒരു വീട്ടുടമസ്ഥന്‍ (ദൈവം) നിര്‍മ്മിച്ച മുന്തിരിതോട്ടത്തില്‍ നിയുക്തരായ കൃഷിക്കാരുടെ കഥ. തോട്ടത്തിലെ കൃഷിക്കാര്‍ എന്ന സ്ഥാനത്തുനിന്ന് തോട്ടത്തിന്‍റെ ഉടമസ്ഥത പിടിക്കാന്‍ ശ്രമിക്കുന്ന, അതിനായി ഉടമ അയച്ച ദൂതന്മാരെ ഓടിക്കുകയും മര്‍ദ്ദിക്കുകയും കല്ലെറിയുകയും അവസാനം ഉടമയുടെ പുത്രനെ വധിക്കുകയും ചെയ്യുന്ന കൃഷിക്കാരുടെ ഉപമ - മത്താ. 21: 33-44) അധ്വാനത്തില്‍നിന്നുള്ള ഒളിച്ചോട്ടത്തിന്‍റെ അഥവാ പാപത്തിന്‍റെ നാള്‍വഴികള്‍ ഒന്നുതന്നെയാണ്!
വീണ്ടും എത്ര ഉപമകളാണ് യേശുതന്നെയും അധ്വാനത്തെക്കുറിച്ച് പറയുക. താലന്തുകളുടെ ഉപമ ഒന്നു നോക്കൂ. ഓരോരുത്തര്‍ക്കും ഓരോ കര്‍ത്തവ്യം നല്കിയിട്ടാണ് യജമാനന്‍ രംഗത്തുനിന്ന് മാറുന്നത്. ഓരോരുത്തരും അധ്വാനിച്ച്, നല്കപ്പെട്ട താലന്തുകള്‍ ഇരട്ടിപ്പിക്കുന്നു. അവരോടെല്ലാം അനുഗ്രഹത്തിന്‍റെ ശ്ലാഘത്തോടെ അവന്‍ പറയുന്നത് "നന്നായി ചെയ്തു - നല്ലവനും വിശ്വസ്തനുമായ ഭൃത്യാ" എന്നത്രേ! ഒരു താലന്തു കിട്ടിയവന്‍ മാത്രം അധ്വാനിക്കാന്‍ കൂട്ടാക്കുന്നില്ല. അവനോട് യജമാനന്‍റെ ശാപം "ദുഷ്ടനും അലസനുമായ ഭൃത്യാ" എന്നാണ്. അധ്വാനിക്കുന്നവന്‍ നല്ലവനും വിശ്വസ്തനുമാകുമ്പോള്‍ അധ്വാനിക്കാത്തവന്‍ ദുഷ്ടനും അലസനുമാണ്. അര്‍ത്ഥതലങ്ങള്‍ മറ്റെത്രയുണ്ടെങ്കിലും യോഹന്നാന്‍ സുവിശേഷത്തില്‍ തന്നെ അന്വേഷിച്ചുവന്ന ജനക്കൂട്ടത്തോട് യേശു പറയുന്നത് ശ്രദ്ധിക്കുക - "അടയാളങ്ങള്‍ കണ്ടതുകൊണ്ടല്ല, (അധ്വാനിക്കാതെ) അപ്പം ഭക്ഷിച്ചു തൃപ്തരായതുകൊണ്ടാണ് നിങ്ങള്‍ എന്നെ അന്വേഷിക്കുന്നത്. നശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കാതെ, മനുഷ്യപുത്രന്‍ തരുന്ന നിത്യജീവന്‍റെ അനശ്വരമായ അപ്പത്തിനുവേണ്ടി അധ്വാനിക്കുവിന്‍" എന്നു തന്നെയാണ്.ത്തില്‍ പറയുന്നത് ഗ്രീക്ക് ഭാഷയിലെ ഒറ്റ പദമാണ് - 'തെതെലെസ്തായി'. 'എല്ലാം പൂര്‍ത്തിയായി' എന്നു മലായളത്തിലേക്ക് മൊഴിമാറ്റം നടത്തുമ്പോഴും, തീരെ അസാധ്യമായ ഒരു കര്‍ത്തവ്യം ഏല്പിക്കപ്പെട്ട ഭൃത്യന്‍ തന്‍റെ സര്‍വ്വകഴിവുമുപയോഗിച്ച് ആയത് പൂര്‍ത്തിയാക്കിക്കഴിയുമ്പോള്‍ കൃതാര്‍ത്ഥതയോടെ ചുരുട്ടിയ മുഷ്ടി കുലുക്കിക്കൊണ്ട് പറയുന്നതാണ് - 'തെതെലെസ്തായി' (I have accomplished it) എന്ന്. കഠിനാധ്വാനം ചെയ്ത് ഏല്പിക്കപ്പെട്ട ദൗത്യം പൂര്‍ത്തിയാക്കുന്നവനായാണ് യേശുവിനെ യോഹന്നാന്‍ ഇവിടെ ചിത്രീകരിക്കുന്നത്.
ഒരുവന്‍റെ മരണശേഷം ആത്മാവ് ദൈവത്തിന്‍റെ വിശ്രമത്തിലേക്ക് പ്രവേശിക്കുന്നു എന്നാണ് പറയുക (RIP). താലന്തുകളുടെ ഉപമയില്‍ 'യജമാനന്‍റെ ആനന്ദത്തിലേക്ക് പ്രവേശിക്കുക' എന്നാണ് ക്ഷണം. ഇവിടെ വിശ്രമം ശാന്തിതന്നെയാണ്. വിശ്രമം സാബത്താണ്. സാബത്ത് ആരാധനയുമാണ്. വിശ്രമവും ശാന്തിയും ആരാധനയും ആനന്ദവും ഒന്നാകുന്നു - ഒരായുസ്സു നീളുന്ന അധ്വാനാനന്തരം.
ഇസ്രായേലിന്‍റെ ദൈവശാസ്ത്രം അറിയുമായിരുന്ന, അധ്വാനത്തിന്‍റെ ദൈവശാസ്ത്രം തിരിച്ചറിഞ്ഞ പൗലോസ് കൂടുതല്‍ കടുത്ത നിലപാടുകള്‍ എടുക്കുന്നു: "ആരില്‍നിന്നും ഞങ്ങള്‍ അപ്പം ദാനമായി വാങ്ങി ഭക്ഷിച്ചില്ല. ആര്‍ക്കും ഭാരമാകാതിരിക്കാന്‍വേണ്ടി ഞങ്ങള്‍ രാപകല്‍ കഷ്ടപ്പെട്ടു കഠിനാധ്വാനം ചെയ്തു" (1 തെസ. 3/8). അതേ കാര്‍ക്കശ്യത്തോടെയാണ് പൗലോസ് കല്പന നല്കുന്നത്: "അധ്വാനിക്കാത്തവന്‍ ഭക്ഷിക്കാതിരിക്കട്ടെ" (2 തെസ. 3:10).
അസ്സീസിയിലെ ഫ്രാന്‍സിസ് - തിരുസ്സഭയുടെ നവീകരണത്തിനായി - സമാരംഭിച്ച സന്ന്യാസ സമൂഹത്തിന് നല്കിയ ജീവിതക്രമം അധ്വാനത്തിന്‍റേതു കൂടിയായിരുന്നു. മറ്റെല്ലാ സന്ന്യസ്തരും അധ്വാനിക്കുന്നവര്‍ തന്നെയായിരുന്നു. പക്ഷേ, ഫ്രാന്‍സിസ്കന്‍ സമൂഹം ഒരു തൊഴിലാളി മുന്നേറ്റം (worker movement) കൂടിയായിരുന്നു. ഫ്രാന്‍സിസും അനുചരന്മാരും അസ്സീസി പട്ടണത്തിലും പ്രാന്തങ്ങളിലും സാധ്യമായ എല്ലാ കായികാധ്വാനങ്ങളും ചെയ്താണ് ജീവസന്ധാരണം നടത്തിയത്. അദ്ദേഹം എഴുതിയ നിയമാവലിയില്‍ 5-ാം അധ്യായം ജോലി ചെയ്യുന്നതിനെക്കുറിച്ചായിരുന്നു. 6-ാം അധ്യായത്തിലാണ് യാതൊന്നും സ്വന്തമാക്കരുതെന്നും അധ്വാനിച്ചശേഷവും വേണ്ടത്ര കിട്ടിയിട്ടില്ലെങ്കില്‍ ഭിക്ഷയാചനം ചെയ്യണമെന്നും നിഷ്കര്‍ഷിക്കുക.
ക്രിസ്തീയമായ കാഴ്ചപ്പാടില്‍ അധ്വാനം ദൈവശാപമല്ല; ദൈവ നിയോഗമാണ്. കൂടുതല്‍ അധ്വാനശേഷിയുള്ളവന്‍ (കൂടുതല്‍ താലന്ത് ലഭിച്ചവന്‍) പൊതുനന്മയെ കരുതിയും പ്രത്യേകമായി അവരുടെ സംരക്ഷണയിലേക്ക് ഏല്പിക്കപ്പെട്ടവരെ കരുതിയും സ്നേഹപൂര്‍വ്വം കൂടുതല്‍ അധ്വാനിച്ച് ദൈവത്തെ മഹത്ത്വപ്പെടുത്തുകയാണ് കരണീയം. അധ്വാനം മനുഷ്യരെ ദൈവത്തിന്‍റെ സഹകാരികളാക്കുന്നു; ദൈവപുത്രരാക്കുന്നു - ദൈവകര്‍മ്മങ്ങളില്‍ പങ്കാളികളാക്കുന്നു. അവര്‍ക്ക് സഹകര്‍ത്തൃത്വം നല്കുന്നു. അവര്‍ അധ്വാനം വഴി സൃഷ്ടിയെ സംപൂര്‍ത്തിയിലേക്ക് നയിക്കുന്നു. അധ്വാനം അവരെ വിശ്രാന്തിക്ക് പ്രാപ്തരും അര്‍ഹരുമാക്കുന്നു.
വ്യവസായവല്ക്കരണകാലത്ത് തൊഴിലാളി അധ്വാനിയായിരുന്നപ്പോഴും തൊഴിലില്‍ അന്യവത്കൃതനായി. ഉപഭോഗപരതയിലൂന്നിയ ആഗോളവത്കൃതമായ ഉല്പാദക-വിതരണ-വിപണന സമ്പത്വ്യവസ്ഥയാണ് സമകാലിക യാഥാര്‍ത്ഥ്യം. മുന്‍ ദിനങ്ങളില്‍നിന്ന് വ്യത്യസ്തമാണ് സമകാലിക ദിവസങ്ങളില്‍ ജോലിയുടെ ദൗര്‍ലഭ്യത തുലോം കുറവാണെന്നു പറയാം. കൂടുതല്‍ കൂടുതല്‍ ഉപഭോഗം കൂടുതല്‍ കൂടുതല്‍ പേര്‍ക്ക് കൂടുതല്‍ കൂടുതല്‍ മേഖലകളില്‍ എന്നുള്ളതാണ് നടപ്പുരീതി. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ചെയ്യാനുണ്ടാവും. എന്നാല്‍ നിപുണരായ അധ്വാനശേഷിയെ കിട്ടാനില്ല എന്നതാണ് യാഥാര്‍ത്ഥ്യം. "നാം ജീവിക്കുന്ന സാമ്പത്തിക സംവിധാനം, മൂലധനത്തിനുമേല്‍ അധ്വാനത്തിന് പ്രാഥമ്യവും സ്വകാര്യതാല്പര്യത്തിനുമേല്‍ പൊതുനന്മയ്ക്ക് പ്രാഥമ്യവും എന്ന ക്രമം കീഴ്മേല്‍മറിക്കാതെ ഇരിക്കേണ്ടതിനായി സര്‍വ്വരും അധ്വാനിക്കണം" എന്ന ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രസ്താവന (മെയ് 1, 2000-ല്‍ തൊഴിലാളി ദിനത്തിന്‍റെ ജൂബിലികുര്‍ബാനയുടെ അന്ത്യത്തില്‍ നല്കിയ പ്രസംഗം) പ്രത്യേകം ശ്രദ്ധേയമാണ്.
സാബത്താചരണം നിലയ്ക്കുന്നതാണ് സമകാലിക ദുരന്തം. സാബത്താചരണം നിലയ്ക്കുന്നതോടെ വിശ്രമം ആരാധനയില്‍നിന്ന് അന്യവല്കരിക്കപ്പെടുകയും അധ്വാനം വീണ്ടും ശാപമാവുകയും വാരാന്ത്യം മാത്രം ജീവിതമാകുകയും ചെയ്യുന്നു. വിശ്രമം മാത്രം ജീവിതമാകുകയും അധ്വാനം ആഘോഷിക്കപ്പെടേണ്ടാത്ത ശാപമായി മാറുകയും ചെയ്യുമ്പോള്‍ മര്‍ത്ത്യകുലം വീണ്ടും പാപത്തില്‍ ജീവിക്കുന്നു. അവര്‍ ഏദനില്‍നിന്ന് അകറ്റപ്പെട്ടവരും ഏദന്‍ പുനര്‍നിര്‍മ്മിതിയില്‍നിന്ന് അകറ്റപ്പെട്ടവരുമായി കഴിയേണ്ടിവരുന്ന അവസ്ഥ ഒരു ദുരന്തം തന്നെയാണ്.
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റേത് എന്നപേരില്‍ ഏറ്റവും പ്രചാരം നേടിയിട്ടുള്ള ഒരു സൂക്തമുണ്ട് (അതിന്‍റെ ആധികാരികതയെചൊല്ലി എതിര്‍വാദങ്ങളുണ്ടെന്നിരിക്കിലും): "ആരൊരാള്‍ കൈകള്‍കൊണ്ട് അധ്വാനിക്കുന്നുവോ - അയാള്‍ തൊഴിലാളിയാണ് (labourer). ആരൊരാള്‍ കൈകള്‍കൊണ്ടും ബുദ്ധികൊണ്ടും അധ്വാനിക്കുന്നുവോ - അയാള്‍ വിദഗ്ദ്ധനാണ് (craftsman). ആരൊരാള്‍ കൈകള്‍കൊണ്ടും ബുദ്ധികൊണ്ടും ഹൃദയംകൊണ്ടും അധ്വാനിക്കുന്നുവോ - അയാള്‍ കലാകാരനാണ്". ശരീരവും ബുദ്ധിയും ഹൃദയവും സന്നിവേശിച്ച അധ്വാനം നമ്മെ ഏദന്‍തോട്ടത്തില്‍ തിരിച്ചെത്തിക്കും. അവിടെ ഒരാഴ്ചയുടെ അധ്വാനം (ശാപജീവിതം) ഒരു ദിവസം വിശ്രമിക്കാന്‍ (ഭാഗ്യജീവിതം) മാത്രമായിരിക്കില്ല; മറിച്ച് ഏഴുദിനവും ഭാഗ്യജീവിതമാകും. അവിടെ അധ്വാനം ആരാധനയാകും. അധ്വാനം ആത്മസുഖം നല്കും.