“Where is the Life We
have lost in the Living?
Where is the Wisdom We
have lost in knowledge?
Where is knowledge We
have lost in information?”
T.S. Eliot
ബല്‍ജിയത്തെ പ്രമുഖമായ ഒരു സര്‍വ്വകലാശാലയിലാണ് 2008 മുതല്‍ 2015 വരെ ഈ ലേഖകന്‍ പഠിച്ചത്. ആ സര്‍വ്വകലാശാലയിലെ ഒരു വിയറ്റ്നാമി ഗവേഷക വിദ്യാര്‍ത്ഥിയെ ഒരു യു.എസ്. ഏജന്‍സി ഇങ്ങനെ പറഞ്ഞ് സമീപിക്കുകയുണ്ടായി: "വിയറ്റ്നാമില്‍, യു.എസ്. 'ഏജന്‍റ് ഓറഞ്ച്' തളിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന ഗവേഷണത്തിന് ഏജന്‍സി ഫണ്ട് നല്കും. വിദ്യാര്‍ത്ഥിയുടെ പഠനം സുഗമമായി മുന്നോട്ട് പോവുകയും ചെയ്യും" എന്നാല്‍ വിദ്യാര്‍ത്ഥി ഇതിനോട് വിയോജിക്കുകയും മേലില്‍ യു.എസ്. ഏജന്‍സി തന്‍റെ സ്വന്തം നാടിനെ ചതിക്കുന്ന പദ്ധതിയില്‍നിന്ന് പിന്‍വലിയുകയും ചെയ്യണമെന്ന് താക്കീത് നല്കുകയും ചെയ്തു.
ലോകജനത അംഗീകരിച്ചിരിക്കുന്ന ഒരു സത്യമാണ് വിയറ്റ്നാം യുദ്ധത്തിനിടയില്‍ (1962-1974) യു.എസ്. സൈന്യം 75,700,000 ലിറ്റര്‍ ഏജന്‍റ് ഓറഞ്ച് എന്ന കളനാശിനി വിയറ്റ്നാമില്‍ തളിക്കുകയുണ്ടായി എന്നത്. വിയറ്റ്നാം ഗവണ്‍മെന്‍റിന്‍റെ കണക്കനുസരിച്ച് നാല്പതുലക്ഷത്തോളം ആള്‍ക്കാരെ കളനാശിനിയുടെ തളിക്കല്‍ ആരോഗ്യകരമായി ബാധിക്കുകയുണ്ടായി. റെഡ്ക്രോസ് ഓഫ് വിയറ്റ്നാമിന്‍റെ കണക്കനുസരിച്ച് പത്ത് ലക്ഷത്തോളംപേര്‍ അംഗവൈകല്യമുള്ളവരായി.
എന്തായിരുന്നു അപ്പോള്‍ വിയറ്റ്നാം വിദ്യാര്‍ത്ഥിയെ ഗവേഷണത്തിനായി സമീപിച്ച യു.എസ്. ഏജന്‍സിയുടെ താത്പര്യം? ഒരു പക്ഷേ ഏജന്‍റ് ഓറഞ്ച് തളിച്ച യു. എസ്. സൈന്യത്തെയും അതു നിര്‍മ്മിച്ച ബഹുരാഷ്ട്രകമ്പനികളെയും വെള്ളപൂശി ലോകജനതയ്ക്ക് മുന്നില്‍ കുറ്റവിമുക്തരാക്കി അവതരിപ്പിക്കാന്‍ ശ്രമിച്ചതാകാം. ഏജന്‍റ് ഓറഞ്ച് യു.എസ്. സൈന്യത്തിന് നിര്‍മ്മിച്ച് നല്കിയിരുന്നത് മോണ്ടസാന്തോ കോര്‍പറേഷനും (Monsanto Corporation) ഡോവ്മെഡിക്കലു (Dow Chemical)മാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ ഗവേഷണംപോലും ഒരു തൊഴിലാവുകയും ഗവേഷണവിദ്യാര്‍ത്ഥിയെ തൊഴിലാളിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഈ സംഭവത്തില്‍ നമ്മള്‍ കാണുന്നത്. വേതനം ലഭിക്കുന്നതെന്തും തൊഴില്‍ തന്നെയല്ലേ? അതിലുപരിയായി, ഒരു സത്യത്തെ വളച്ചൊടിക്കാനുള്ള ഒരു ബഹുരാഷ്ട്രകോര്‍പ്പറേഷന്‍റെ അവിശ്രാന്തപരിശ്രമം കാണുന്നില്ലേ? ഒരു നുണ പലപ്രാവശ്യം പറഞ്ഞാല്‍ സത്യമായിത്തീരും എന്ന ഗീബല്‍സിയന്‍ തത്വത്തെ മുറുകെപ്പിടിക്കുന്ന ബഹുരാഷ്ട്ര കുത്തക മുതലാളിമാര്‍ അവര്‍ക്ക് കീഴില്‍ ജോലിചെയ്യുന്ന തൊഴിലാളികളുടെ സ്വത്വത്തെതന്നെ ചോദ്യം ചെയ്യുന്നവരല്ലേ? സത്യം എന്തെന്ന് അറിഞ്ഞിട്ടും അതിന് എതിരെ അസത്യപ്രചരണം നടത്തുന്നത് സ്വത്വത്തെ വെല്ലുവിളിക്കുകയും അപനിര്‍മ്മിക്കുകയും ചെയ്യുന്നതിന് തുല്യമല്ലേ?
സ്വന്തം മുഖവും പേരും ജീവിതാനുഭവങ്ങളുമുള്ള സാധാരണമനുഷ്യരാണ് തൊഴിലാളികളും. അമ്മയുടെ ഉദരത്തില്‍ ഉരുവായതുമുതല്‍ നാം ഓരോരുത്തരും കെട്ടിപ്പടുക്കുന്ന ഒന്നാണ് നമ്മുടെ സ്വത്വം അഥവാ വ്യക്തിത്വം. സമൂഹത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കെ ഓരോ മനുഷ്യനും ഒരു സ്വത്വം രൂപവല്‍ക്കരിക്കുന്നു. ഓരോ മനുഷ്യനും അവളവളുടെ/അവനവന്‍റെ ബോധപൂര്‍വ്വമായ ബൗദ്ധിക അന്വേഷണത്തിലൂടെയും സര്‍ഗ്ഗാത്മകതയിലൂടെയും സമൂഹത്തെ തന്‍റെ സ്വത്വത്തിലേയ്ക്ക് ചേര്‍ത്തുനിര്‍ത്തുന്നു. മാനവരാശിക്ക് ദൈവത്താല്‍ പ്രകൃത്യാ നല്കപ്പെട്ട ഉദാത്തമായ ഈ സ്വത്വത്തെ വര്‍ത്തമാനകാല 'ബൂര്‍ഷ്വാസികള്‍' വളരെ ആസൂത്രിതമായി അടിച്ചമര്‍ത്തുന്നില്ലേ? അവരുടെ സത്യവും പ്രത്യയശാസ്ത്രവും 'എന്‍റേ'താക്കി മാറ്റാന്‍ ആഗോളീകരിക്കപ്പെട്ട മുതലാളിത്തവ്യവസ്ഥിതി ശ്രമിക്കുന്നു. എന്താണ് ഈ ആഗോളീകരിക്കപ്പെട്ട മുതലാളിത്തവ്യവസ്ഥിതി? അതും 'എന്‍റെ' തൊഴിലും സ്വത്വവും തമ്മിലുള്ള ബന്ധം എന്താണ്?
ആഗോളവത്കരണവും തൊഴിലും
സാമൂഹ്യശാസ്ത്രജ്ഞനായ ഡാനിയേല്‍ ബെല്‍ തന്‍റെ ഗ്രന്ഥത്തില്‍ (The coming of Post Industrial Society, 1976) കാറല്‍ മാര്‍ക്സിന്‍റെ മുതലാളിത്തവ്യവസ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിച്ചുവെന്ന് പ്രസ്താവിച്ചു. മൂലധനത്തെക്കുറിച്ചുള്ള മാര്‍ക്സിന്‍റെ വിശകലനങ്ങളും പ്രവചനങ്ങളും വര്‍ത്തമാനകാലസമൂഹത്തില്‍ പ്രസക്തിയുള്ളതല്ല. ക്ലാസിക്കല്‍ മുതലാളിത്ത വ്യവസ്ഥിതിയിലെ മൂലധനലാഭത്തിനുവേണ്ടിയുള്ള ഇച്ഛയും തീക്ഷ്ണതയും പുറന്തള്ളപ്പെട്ടിരിക്കുന്നു. 'ഉദ്പാദനം കൂട്ടുകവഴി ലാഭം' എന്നതായിരുന്നു ക്ലാസിക്കല്‍ സമ്പദ്വ്യവസ്ഥയുടെ മൂലക്കല്ല്. വര്‍ത്തമാനകാലഘട്ടത്തില്‍, വിവിധ സ്വകാര്യമുതലാളിത്ത സ്ഥാപനങ്ങള്‍ ദേശീയ അനന്യതകളെ അവഗണിച്ച്, ഓഹരിയുടെ അടിസ്ഥാനത്തില്‍, ലയിച്ച് ഒരു ആഗോളകമ്പോളവ്യവസ്ഥ സ്ഥാപിച്ചിരിക്കുന്നു. ഉദാഹരണത്തിന്, ഇന്ത്യന്‍ കമ്പനിയായ ടാറ്റായും ബ്രിട്ടീഷ് വാഹനകമ്പനിയായ ജാഗ്വറും 2008 ല്‍ ഒന്നിക്കുകയുണ്ടായി. മൂലധനവും അതിന്‍റെ വിപണനവും ഒരു രാഷ്ട്രത്തിന്‍റെ സമ്പദ്ഘടനയെ സ്വാധീനിക്കുന്ന ഘടകമായി. ദേശീയ അതിര്‍ത്തികള്‍ ഭൂപടത്തില്‍ അവശേഷിക്കുന്ന രേഖകള്‍ മാത്രമായി. ലോകം ഒരു കമ്പോള(ചന്ത) നഗരമായി. നഗരത്തില്‍ നമ്മള്‍ കാണുന്നത് വിവിധകാര്യങ്ങളില്‍ വ്യഗ്രതയുള്ള വ്യക്തികളെയാണ്. പരസ്പരം അറിയാത്തവര്‍, അറിഞ്ഞാലും വ്യാജമായി പുഞ്ചിരിക്കുന്നവര്‍, വിലപേശുന്നവര്‍, വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍. അവര്‍ക്ക് കാരുണ്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ഭാഷയുണ്ടോ? 'സമൂഹത്തെ' കമ്പോളനഗരത്തില്‍ കാണുന്നില്ല. വ്യക്തി ആള്‍ക്കൂട്ടങ്ങളില്‍ ഒറ്റപ്പെട്ടവളായി/ഒറ്റപ്പെട്ടവനായി. 1990 കളോടെ ആഗോളവത്കരണകാലഘട്ടത്തില്‍ തൊഴില്‍മേഖലകള്‍ ഒരു ഗ്രാമത്തിലേക്കോ രാജ്യത്തേക്കോ ചുരുങ്ങാതെ ലോകവ്യാപകമായിവളര്‍ന്നു. ഗ്രാമത്തിന്‍റെയും രാജ്യത്തിന്‍റെയും അനന്യതകളെ തൊഴില്‍-മുതലാളിത്ത വ്യവസ്ഥിതികള്‍ ഭേദിച്ചപ്പോള്‍ വ്യക്തിയുടെ അനന്യതയെയും അത് ലംഘിച്ചു.
1994 ല്‍ ഗാട്ട് കരാറിലൂടെ നിലവില്‍വന്ന വ്യാപാരവാണിജ്യ ഉടമ്പടിപ്രകാരം അതുവരെ വ്യാപാരത്തിന്‍റെ പരിധിയില്‍പ്പെടാത്ത കൃഷി, ബൗദ്ധിക സ്വത്തവകാശം, സര്‍വ്വീസ്മേഖല - സര്‍വീസ് മേഖല ഇന്ന് സര്‍വ്വീസ് ഇന്‍ഡസ്ട്രി ആയിരിക്കുന്നു - വിദേശമൂലധനനിക്ഷേപം ബഹുരാഷ്ട്രവ്യാപാരത്തിന്‍റെ കൈപ്പിടിയിലായി. സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുന്നത് കമ്പോളവും കമ്പോളത്തെ നിയന്ത്രിക്കുന്നത് ലോകബാങ്ക് പോലുള്ള അന്താരാഷ്ട്രധനകാര്യസ്ഥാപനങ്ങളും ബഹുരാഷ്ട്രകോര്‍പ്പറേഷനുകളും അവ അന്താരാഷ്ട്രതലത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളുമാണ്.
ദേശീയാതിര്‍ത്തിക്കുള്ളില്‍ ഈ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് അതാതു ഭരണകൂടങ്ങളാണ്. സാമ്പത്തികതീരുമാനങ്ങള്‍ എടുക്കുന്നത് ഭരണകൂടങ്ങള്‍തന്നെ. പക്ഷേ അവ അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങള്‍ക്ക് അനുസൃതമായി മാത്രം. കോര്‍പ്പറേറ്റ് വ്യവസ്ഥിതിയുടെ പ്രത്യേകത എന്താണ്? 'ഞങ്ങള്‍ക്കാവശ്യമായ, ഞങ്ങളെ പിന്തുണയ്ക്കുന്ന നിയമത്തിന്‍റെ മാതൃക ഞങ്ങള്‍ ഉണ്ടാക്കും'. പെപ്സി, കൊക്കക്കോള, വാള്‍മാര്‍ട്ട്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ അന്താരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനികള്‍ മറഞ്ഞിരുന്നുള്ള നിയമനിര്‍മാണം നടത്തുന്നു. കോര്‍പ്പറേറ്റ് പുരോഗതി വിലയിരുത്തുന്ന അവസ്ഥയില്‍ കമ്പോളനിയമങ്ങള്‍ പരമപ്രധാനമായി. മൂലധനലാഭം വര്‍ദ്ധിപ്പിക്കുന്നതിന് ഭരണകൂടങ്ങള്‍ കൂട്ടുനില്‍ക്കുന്നു. പ്രതിഷേധസ്വരങ്ങളില്ലാത്ത ഒരു പൊതുമണ്ഡലം സൃഷ്ടിക്കുകയാണ് തഴച്ചുവളരുന്ന മുതലാളിത്ത-കമ്പോള വ്യവസ്ഥയ്ക്ക് വിധേയമായ ഭരണകൂടങ്ങള്‍ ചെയ്യുന്നത്. ഇന്ത്യയും യു.എസും ഫ്രാന്‍സ്, ഓസ്ട്രേലിയ തുടങ്ങിയ സമ്പന്നരാജ്യങ്ങളുമായുള്ള ആണവകരാറുകളും നേരിട്ടുള്ള വിദേശനിക്ഷേപവും ഈ തലത്തില്‍ നിന്നാണ് വീക്ഷിക്കേണ്ടത്. ഈ രാജ്യങ്ങളില്‍ ആണവനിലയങ്ങള്‍ നിയന്ത്രിക്കുന്നത് സ്വകാര്യമേഖലയാണ്. "ജനങ്ങളുടെ, ജനങ്ങളാല്‍, ജനങ്ങള്‍ക്കുവേണ്ടി" നിലകൊള്ളുന്ന സാമ്പ്രദായിക ജനാധിപത്യം വര്‍ത്തമാനകാലഘട്ടത്തില്‍ മണ്‍മറഞ്ഞുപോയിരിക്കുന്നു. ഈ അവസരത്തിലാണ് 'ഞങ്ങള്‍ക്കാവശ്യമായ ഞങ്ങളെ പിന്തുണയ്ക്കുന്ന നിയമത്തിന്‍റെ മാതൃക ഞങ്ങള്‍ ഉണ്ടാക്കിത്തരും' എന്ന ഭാവത്തോടെ ബഹുരാഷ്ട്രകമ്പനികള്‍ കടന്നുവരുന്നത്. അകികൗറിസ്മാകി പറയുന്നതുപോലെ, "ലോകത്തിലെ അതിസമ്പന്നവിഭാഗമായ ഈ ഒരു ശതമാനം എല്ലാം കൈയടക്കിവെച്ചിരിക്കുന്നു.... മനുഷ്യത്വത്തിന് ഒരു വിലയുമില്ലാതാക്കിയത് ഈ ഒരു ശതമാനമാണ്" ഇന്നത്തെ തൊഴില്‍വ്യവസ്ഥിതി അന്താരാഷ്ട്ര യജമാനവ്യവസ്ഥയും വ്യക്തിയും തമ്മില്‍ കൂട്ടിയിണക്കിയിട്ടുള്ള ഒരുമാതിരിയുള്ള ചേരുവയാണ്. ക്ലാസിക്കല്‍ മുതലാളിത്തവ്യവസ്ഥിതിയില്‍ യജമാനനും അടിമയ്ക്കും അവരവരുടെ സ്വത്വങ്ങള്‍ അംഗീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ അടിമയ്ക്ക് വ്യവസ്ഥിതിയ്ക്ക് എതിരെ സമരാഷ്ട്രീയത്തിന്‍റെ യുക്തി ഉണ്ടായിരുന്നു. ഹേഗലിനെ സംബന്ധിച്ച് യജമാനനും അടിമയും തമ്മിലുള്ള വൈരുദ്ധ്യാത്മകമായ ബന്ധത്തിലാണ് സമരാഷ്ട്രീയം ഉയിര്‍ക്കൊള്ളുന്നത്. ഇന്നത് അന്താരാഷ്ട്രവ്യവസ്ഥിതിയായ മുതലാളിത്തം മറഞ്ഞിരിക്കുന്നു; വെളിച്ചത്ത് വരുന്നില്ല. 'ജനങ്ങളുടെ ജനങ്ങളാലുള്ള' ഭരണകൂടം ഈ കോര്‍പ്പറേറ്റ് വ്യവസ്ഥിതിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് നിയമനിര്‍മ്മാണം നടത്തുന്നു.
ആഗോളവത്കരണകാലഘട്ടത്തിലെ തൊഴിലാളി
ആഗോളവത്കരണകാലഘട്ടത്തിലെ തൊഴിലാളിയുടെ അവസ്ഥ എന്താണ്? അവളുടെ/അവന്‍റെ സ്വത്വം എന്താണ്? ആഗോളീകരണകാലത്തെ പുതിയസാമൂഹിക-സാമ്പത്തിക ക്രമവും തൊഴില്‍രൂപങ്ങളുമായി ലോകത്തിലെ 99% ജനങ്ങളും പൊരുത്തപ്പെട്ടിരിക്കുന്നു. ഈ തൊഴില്‍രൂപങ്ങള്‍ ഒരുപക്ഷേ, മാനേജരീയല്‍ ആയിരിക്കാം, ചിയര്‍ഗേള്‍സ് ആയിരിക്കാം, എന്തു തൊഴിലുമായിക്കൊള്ളട്ടെ ആഗോളവത്കരിക്കപ്പെട്ട കോര്‍പ്പറേറ്റ് സംസ്കാരം ഇന്ന് ഓരോ വ്യക്തിയെയും നിയന്ത്രിക്കുന്ന അയാളുടെ ജീവിതത്തിലെ ഘടകമായിത്തീര്‍ന്നിരിക്കുന്നു. ഓരോ തൊഴിലാളിയും പ്രത്യക്ഷത്തില്‍ സ്വയംനിയന്ത്രിക്കുന്ന വ്യക്തിയാണ്. അല്ലെങ്കില്‍ കോര്‍പ്പറേറ്റ് വ്യവസ്ഥിതിക്ക് അനുസരിച്ച് സ്വയം നിയന്ത്രിക്കപ്പെടേണ്ട വ്യക്തിയാണ് എന്ന് പഠിപ്പിച്ചുവെച്ചിരിക്കുകയാണ്. രാഷ്ട്രീയമായും ധാര്‍മ്മികമായും തൊഴില്‍ദാതാവിന്‍റെ അധികാരദുര്‍വിനിയോഗങ്ങള്‍ക്കെതിരെ വിമര്‍ശനാത്മകമായി ശബ്ദിക്കാന്‍ കഴിയാത്ത വ്യക്തിയായിത്തീര്‍ന്നിരിക്കുന്ന വര്‍ത്തമാനകാലഘട്ടത്തിലെ ഒരു തൊഴിലാളി. പ്രത്യക്ഷത്തില്‍, മുതലാളിത്തവും തൊഴിലാളിയും തമ്മിലുള്ള വൈരുധ്യാത്മകതയില്ലല്ലോ. തൊഴിലാളികള്‍ കഠിനാദ്ധ്വാനികളും 'ഫ്ളെക്സിബിളും' ആണ്. പുതിയ തൊഴില്‍ സാഹചര്യങ്ങളുമായി ഇണങ്ങിചേരുന്നവരും ആണ്. ഈ വ്യക്തികള്‍ കമ്പോളവ്യവസ്ഥിതിയില്‍ ഉപഭോക്താവിനെ കണ്ടുമുട്ടുമ്പോള്‍ പുഞ്ചിരിക്കുന്നു. ഇവര്‍ ഉന്നതനിലവാരമുള്ള പ്രൊഫഷണലുകള്‍തന്നെ. മാത്സര്യമേറിയ തൊഴില്‍മാര്‍ക്കറ്റില്‍ മത്സരിച്ചു ജയിക്കുന്നവരാണ്. എന്നാല്‍, ഇവര്‍ ആഗോളതൊഴില്‍ മാര്‍ക്കറ്റിലെ പ്രവര്‍ത്തനവസ്തുക്കള്‍കൂടിയാണ്. ഇവരുടെ ഭാവപ്രകടനങ്ങളില്‍നിന്നാണ് ഉപഭോക്താവ് ഉല്‍പന്നങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഇങ്ങനെ 'പ്രദര്‍ശനവസ്തുക്കളെ' സൃഷ്ടിക്കുന്ന ബഹുരാഷ്ട്രമുതലാളിത്തത്തിന് ജീവിതത്തിന്‍റെ അളവുകോല്‍ മനുഷ്യനല്ല; പുറംപകിട്ടുകളാണ്. പുറംപകിട്ടുകളാകട്ടെ കോര്‍പ്പറേറ്റ് വളര്‍ച്ചനിരക്കുകളിലും നിക്ഷേപങ്ങളിലും ഊന്നിയ നാഗരികതയുടെ ഉത്പന്നവും. വ്യക്തിത്വത്തിനോ സ്വത്വത്തിനോ അല്ല പ്രാധാന്യം; പുറംപൂച്ചുകള്‍ക്കാണ്. കമ്പോളസാഗരമായി മാറിയ ഒരു ലോകത്തില്‍ തൊഴിലാളിക്ക് നീതിയും അനീതിയും എന്തെന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല. കോര്‍പറേറ്റ് വ്യവസ്ഥിതിക്ക് ആവശ്യം ഒരുപോലെ ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുന്ന, ചലിക്കുന്ന വ്യക്തികളെയാണ്. മനസ്സിലുള്ള ഭാവനകളെയും സഹജമായ സര്‍ഗ്ഗാത്മകതയും കോര്‍പറേറ്റ് സംഘാത്മകതയില്‍ വ്യക്തികള്‍ വിസ്മരിക്കുന്നു. കോര്‍പറേറ്റ് വ്യവസ്ഥിതിക്ക് ഒരു 'മിഷന്‍ സ്റ്റേറ്റ്മെന്‍റ്' (Mission Statement. ) ഉണ്ട്; ആ 'മിഷന്‍ സ്റ്റേറ്റ്മെന്‍റ്' തന്നെ വ്യക്തിയുടെയും Mission Statement. . തൊഴിലാളികളുടെ വ്യാജവൈകാരിക പ്രകടനങ്ങള്‍ക്കിടെ തങ്ങളുടെ സ്വത്വം അവര്‍ മറന്നുപോകുന്നു. വ്യക്തിയുടെ അധമവത്ക്കരണമാണിത്. വ്യക്തി ഇവിടെ സ്വയം അടിമത്തത്തിന്‍റെ അവസ്ഥയിലേക്ക് വരുന്നു. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍, വ്യക്തിത്വത്തിന്‍റെ, സ്വത്വത്തിന്‍റെ വികാസമല്ല, തകര്‍ക്കലാണ് ബഹുരാഷ്ട്രകോര്‍പറേറ്റ് വ്യവസ്ഥിതിയുടെ ലക്ഷ്യം. കോര്‍പറേറ്റ് സംഘാത്മകത ഉത്പാദനക്ഷമതയിലേക്കും ലാഭത്തിലേക്കും തൊഴിലാളിയെ ചുരുക്കുന്നു. ഓരോ ബഹുരാഷ്ട്രകമ്പനിയും അതാതിന്‍റെ നിയമങ്ങള്‍ ഭരണകൂടങ്ങളില്‍ സ്വാധീനം ചെലുത്തി നടപ്പിലാക്കുന്നതിനാല്‍ ഒരു ചുഴിയിലേക്കെന്നപോലെ എല്ലാവരെയും അതിലേക്ക് വലിച്ചെടുക്കുന്നു. ആശയങ്ങളും യുക്തികളും ഒന്നും വേണ്ട. കോര്‍പറേറ്റ് വ്യവസ്ഥിതിയുടെ പ്രത്യയശാസ്ത്രം മാത്രം മതി. ഒരു കോര്‍പറേറ്റ് സംഘാത്മകതയുടെ ഭാഗമായിത്തീരുന്നു ഒരു വ്യക്തി.
കോര്‍പറേറ്റ് സംഘാത്മകതയില്‍ തൊഴില്‍സ്ഥലങ്ങളും തൊഴിലാളികളുടെ സ്ഥാപനങ്ങളും ഒരു പ്രത്യേകതരം കൃത്യതയോടെ നിര്‍ണ്ണയിക്കപ്പെടുന്നു. ഒരാള്‍ക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രത്യേക ജോലി നിശ്ചിതസമയപരിധിക്കുള്ളില്‍ നിര്‍വഹിക്കുക എന്ന യാന്ത്രികകര്‍മ്മം മാത്രം അനുഷ്ഠിക്കുന്നവര്‍ മാത്രമായിത്തീരുന്നു തൊഴിലാളികള്‍. കോര്‍പറേറ്റ് വ്യവസ്ഥിതിയുടെ യുക്തി ഉത്പാദനക്ഷമതയും ലാഭവുമാണ്. ഇത്തരത്തില്‍ തൊഴിലാളിയെ അന്യവല്‍ക്കരിച്ച് കൂടുതല്‍ തൊഴില്‍സുരക്ഷയും ഉദ്യോഗക്കയറ്റവും വെള്ളക്കോളര്‍ തൊഴിലാളികളെ ആകര്‍ഷിക്കുന്നു. അതേസമയം നിയമിക്കുക അല്ലെങ്കില്‍ പിരിച്ചുവിടുക എന്ന നിയന്ത്രണത്തിനും അവര്‍ വിധേയരാണ്. പുതിയ വൈദഗ്ദ്ധ്യങ്ങള്‍ നേടി മുന്നിലെത്താന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ പിറകിലാവുന്നു. കാര്യക്ഷമതയില്ലാത്തവരെ തീറ്റിപ്പോറ്റുക എന്ന ബാദ്ധ്യത ബഹുരാഷ്ട്രകമ്പനികള്‍ക്ക് ഇല്ലല്ലോ. മുകളില്‍ സൂചിപ്പിച്ചതുപോലെ അന്താരാഷ്ട്രതലത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളാണ് രാജ്യാതിര്‍ത്തിക്കുള്ളില്‍ അതാതു ഭരണകൂടങ്ങള്‍ നടപ്പിലാക്കുന്നത്. ഈ തീരുമാനങ്ങള്‍ തൊഴിലാളികള്‍ക്ക് അനുകൂലമായിരിക്കില്ല എന്ന് പറയേണ്ടതില്ലല്ലോ.
ബഹുരാഷ്ട്രസമ്പദ്വ്യവസ്ഥയില്‍ സാങ്കേതികമുന്നേറ്റത്തിനും നയരൂപീകരണത്തിനും അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു വൈജ്ഞാനിക സമൂഹമുണ്ട്. സര്‍വകലാശാലാ വിദ്യാഭ്യാസവും സാങ്കേതികവൈദഗ്ദ്ധ്യവും അതാതു കോര്‍പറേറ്റുകളുടെ സൈദ്ധാന്തിക-പ്രത്യയശാസ്ത്ര പരിജ്ഞാനവും നേടിയവര്‍. ഇവരും തൊഴിലാളികള്‍തന്നെ. വേതനം കൈപ്പറ്റുന്ന കൂലിക്കാര്‍ തന്നെയാണല്ലോ ഇത്തരത്തിലുള്ള തൊഴിലാളികളും? പക്ഷേ ഇവരുടെ ഗവേഷണങ്ങള്‍ ബോധപൂര്‍വ്വം നിര്‍ണയിക്കപ്പെടുന്ന ലക്ഷ്യങ്ങള്‍ക്കുവേണ്ടിയായിരിക്കും. സ്വന്തമായ ഒരു സത്യാന്വേഷണം ഇവര്‍ക്ക് സാദ്ധ്യമല്ല. കോര്‍പ്പറേറ്റ് പ്രത്യയശാസ്ത്രങ്ങള്‍ക്ക് മറവില്‍നിന്നാണ് ഇവരുടെ ഗവേഷണം. ബഹുരാഷ്ട്രമുതലാളിത്തം 'കല്പിക്കുന്ന സത്യങ്ങളായിരിക്കണം' ഇവരുടെയും സത്യം.