news-details
കഥപറയുന്ന അഭ്രപാളി

മസാന്‍ ഗംഗാതീരത്തെ ജീവിതം

തട്ടുപൊളിപ്പന്‍ ഗാനങ്ങളും ആക്ഷനും ഹീറോയിസവും പടുകൂറ്റന്‍ ബംഗ്ലാവും ഐറ്റം ഡാന്‍സുമൊക്കെ കൂടിച്ചേര്‍ന്ന കച്ചവടസിനിമകള്‍ മാത്രം ഉള്‍ക്കൊള്ളുന്നതായി മാറിക്കഴിഞ്ഞു ബോളിവുഡ് സിനിമാലോകം. കലാമൂല്യമുള്ള ജീവിതത്തെ ആവിഷ്ക്കരിക്കുന്ന സിനിമകള്‍ ഇപ്പോള്‍ ഇവിടെ വളരെ വിരളമായേ ഉണ്ടാവാറുള്ളു. കഴിഞ്ഞ ഒന്ന്, രണ്ട്, വര്‍ഷത്തിനിടയില്‍ അത്തരത്തിലുണ്ടായ സിനിമകളാണ് ഇംഗ്ലീഷ്, ക്യൂന്‍, ഹൈവേ തുടങ്ങിയവ. സാധാരണക്കാരുടെ ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന സിനിമകളാണിവ. തുടക്കത്തില്‍ പറഞ്ഞ കച്ചവടസിനിമകള്‍ക്കിടയില്‍നിന്നും വേറിട്ടുനില്‍ക്കുന്ന സിനിമകള്‍. പ്രമേയത്തോടൊപ്പം തന്നെ സിനിമയുടെ - ആഖ്യാനത്തിലും വ്യത്യസ്തത വരുത്തണമെന്ന് ഈ സിനിമകള്‍ കാണിച്ചുതരുന്നു. ഇത്തരം സിനിമകളുടെ കൂട്ടത്തില്‍ പെടുത്താന്‍ പറ്റുന്ന സിനിമയാണ് നീരജ് ഗെയ്വാന്‍ സംവിധാനം ചെയ്ത മസാനും.

വര്‍ത്തമാനകാലത്തെ ഇന്ത്യ ആവശ്യപ്പെടുന്ന സിനിമയാണ് 'മസാന്‍'. എത്രയൊക്കെ മാറ്റങ്ങള്‍ സമൂഹത്തില്‍ വന്നാലും, ഇന്നും മാറ്റമില്ലാതെ തുടരുന്ന സാമൂഹ്യവ്യവസ്ഥിതിയെ ചൂണ്ടിക്കാണിക്കുന്നു ഈ സിനിമ. വാരണാസിയുടെ പശ്ചാത്തലത്തില്‍ നമുക്ക് മുന്നിലേയ്ക്ക് വരുന്ന കഥാപാത്രങ്ങള്‍ ഇന്നത്തെ ഇന്ത്യന്‍സമൂഹം എത്തരത്തില്‍ വേട്ടയാടപ്പെടുന്നു എന്ന് കാണിച്ചുതരുന്നു.

'മസാനി'ലെ വാരണാസി നാം ഇതുവരെ കണ്ടുവന്ന വാരണാസിയല്ല. 'മസാന്‍' എന്നാല്‍ ശ്മശാനം എന്നാണര്‍ത്ഥം. കത്തിയെരിയുന്ന ശവശരീരങ്ങളുടെ ഭൂമി, പുണ്യം തേടി അലയുന്ന ആത്മാക്കളുടെ ഭൂമി; ഈ പേരിനെ ഇന്നത്തെ സമൂഹത്തോട് ചേര്‍ത്തുവായിക്കണം, അപ്പോള്‍ അതിനു പുതിയ മാനങ്ങള്‍ കൈവരും. ഇവിടെ വാരണാസി പുണ്യഭൂമിയോ, സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലമോ ഒന്നുമല്ല. ജീവിതത്തിന്‍റെയും മരണത്തിന്‍റെയും വ്യത്യസ്തങ്ങളായ സംഘര്‍ഷങ്ങള്‍ അവതരിപ്പിക്കുന്ന ഭൂമിയായി ഇവിടെ വാരണാസി മാറുന്നു. പുണ്യവും പാപവും ഇടകലര്‍ത്തി ഈ സംഘര്‍ഷങ്ങളെ അവതരിപ്പിക്കുന്നതില്‍ നീരജ് ഗെയ്വാന്‍ എന്ന സംവിധായകന്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു.

മൂന്നു കഥകള്‍; അല്ല മൂന്നു ജീവിതങ്ങള്‍ പ്രധാനമായും നമുക്കീ സിനിമയില്‍നിന്ന് കണ്ടെത്താനാവും. ഇവ മൂന്നും മുന്നോട്ടു വെയ്ക്കുന്ന പ്രശ്നങ്ങള്‍ നമ്മുടെ സമൂഹത്തിന് അനിവാര്യമായിത്തീര്‍ന്ന മാറ്റങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

ദേവി (റിച്ച ചണ്ഡ)യില്‍നിന്നാണ് സിനിമ ആരംഭിക്കുന്നത്. ദേവി തന്‍റെ കാമുകനായ പീയൂഷിനൊപ്പം ഹോട്ടല്‍മുറിയില്‍വച്ച് പിടിക്കപ്പെടുകയും, പീയൂഷ് ആത്മഹത്യയ്ക്കു ശ്രമിക്കുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്യുന്നു. കപടസദാചാരങ്ങളുടെ പേരില്‍ ഒരു സ്ത്രീയും പുരുഷനും ഇന്ത്യയില്‍ എത്തരത്തില്‍ അസ്വതന്ത്രരാണ് എന്ന് ഈ രംഗം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഇവിടെ ഇവര്‍ അസ്വതന്ത്രര്‍ മാത്രമല്ല, ചൂഷണത്തിനിരയാവുകയും ചെയ്യുന്നു. ഹോട്ടല്‍മുറിയില്‍വച്ച് തന്നെ ദേവിയുടെ ചിത്രങ്ങള്‍ പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈലില്‍ പകര്‍ത്തുന്നു. കേസ് ഒഴിവാക്കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ദേവിയുടെ അച്ഛനോട് പണം ആവശ്യപ്പെടുന്നു. ഗംഗയുടെ തീരത്ത് പൂജാസാമഗ്രികളും മറ്റും വില്‍ക്കുന്ന സംസ്കൃതപണ്ഡിതനായ ദേവിയുടെ അച്ഛന് അധികാരവര്‍ഗ്ഗത്തിന്‍റെ അഴിമതിക്ക് കൂട്ടുനില്‍ക്കേണ്ടിവരുന്നു. പിന്നീട് ജോലി ലഭിക്കുന്ന സ്ഥലത്തും ദേവി പല പ്രശ്നങ്ങളും നേരിടുന്നു. ഒടുവില്‍ ദേവി പീയൂഷിന്‍റെ നാടായ അഹമ്മദാബാദിലേയ്ക്ക് പോകുന്നു.

ദേവിയുടെ അച്ഛനൊപ്പം നില്ക്കുന്ന ജോഢാ എന്ന പയ്യന്‍റെ കഥയാണ് അടുത്തത്. ജോഢാ ഒരു ഒറ്റപ്പെട്ട കഥാപാത്രമല്ല, നമുക്ക് ചുറ്റും ഒരുപാട് ജോഢാമാരുണ്ട്. അനാഥരായി ജനിച്ച് ബാല്യത്തിനും ജീവിതത്തിനുമിടയില്‍ കിടന്ന് ശ്വാസം മുട്ടുന്നവര്‍. ഗംഗയില്‍ മുങ്ങി ഏറ്റവും കൂടുതല്‍ നാണയങ്ങള്‍ ശേഖരിച്ച് വിജയിക്കുന്ന ഒരു കളി വാരണാസിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതിലൂടെ കുട്ടികളുടെ ജീവന്‍ അപകടത്തിലാവാറുണ്ട്. ഇതിനെ ചിത്രം പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ദേവി, അച്ഛന്‍, ജോഢാ എന്നിവര്‍ മൂന്നു തലമുറകള്‍ നേരിടുന്ന പ്രതിസന്ധികളുടെയും സംഘര്‍ഷങ്ങളുടെയും പ്രതീകങ്ങളായി മാറുന്നു.

ഗംഗയുടെ തീരത്ത് കത്തിയെരിയുന്ന ചിതകള്‍ മാത്രമേ നാം കണ്ടിട്ടുള്ളു. ആ ചിത കൂട്ടുന്ന; മൃതദേഹങ്ങളെ കത്തിയെരിയിപ്പിക്കുന്ന ഒരു സമൂഹവും അവിടെ ജീവിക്കുന്നുണ്ട്. അവിടെനിന്ന് രക്ഷ നേടാന്‍ ആഗ്രഹിക്കുന്ന പോളിടെക് വിദ്യാര്‍ത്ഥിയാണ് ദീപക് (വിക്കി കൗശാല്‍). ദീപക്കിന്‍റേതാണ് മൂന്നാമത്തെ കഥ. ഉയര്‍ന്ന ജാതിയില്‍പ്പെട്ട ശാലു വുമായി ദീപക് പ്രണയത്തിലാവുന്നു. ഹിന്ദി-ഉറുദു കവിതകള്‍ ഇഷ്ടപ്പെടുന്ന ശാലുവുമായുള്ള പ്രണയം ദീപക്കിന്‍റെ ജീവിതത്തിന് കൂടുതല്‍ നിറം പകരുന്നു. ഇവരുടെ പ്രണയത്തിലേയ്ക്ക് ജാതി ഒരു പ്രശ്നമായി കടന്നുവരുന്നുണ്ടെങ്കിലും അവര്‍ രണ്ടുപേരും ആ പ്രതിസന്ധികളെ നേരിടാന്‍ തയ്യാറുമായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ പ്രണയം നഷ്ടമാകുമ്പോള്‍ ദീപക് തകര്‍ന്നുപോകുന്നത്. ചുവപ്പ്കല്ല് പതിച്ച ശാലുവിന്‍റെ മോതിരം കാണുമ്പോള്‍ മരണം എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ അവനു കഴിഞ്ഞില്ല. ആ മോതിരം ഗംഗയിലേക്ക് വലിച്ചെറിഞ്ഞ്, അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന തിരിച്ചറിവില്‍ പുറകെ ചാടുന്ന ദീപക്, ഗംഗയില്‍ അക്കരെവരെ നീന്തി, മുങ്ങിനിവരുന്ന ദീപക് ജീവിതത്തിന്‍റെയും മരണത്തിന്‍റെയും യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നു. ഇവിടെ ഗംഗ പുണ്യനദിയായിതന്നെ അവതരിപ്പിക്കപ്പെടുന്നു. ചരിത്രാതീതകാലം മുതല്‍ ഗംഗയ്ക്ക് നല്‍കിയിട്ടുള്ള പുണ്യവും പാവനത്വവും അതേപോലെതന്നെ ഇന്നും നിലനില്‍ക്കുന്നു. ഈ ചിത്രത്തില്‍ ഗംഗാനദി ജീവിതപ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കുന്ന പുണ്യനദിയായി തന്നെ അവതരിപ്പിക്കുന്നു.

കംപ്യൂട്ടറിന്‍റെയും ടെക്നോളജിയുടെയും യുഗത്തില്‍തന്നെയാണ് ഈ ചിത്രം സംഭവിക്കുന്നത്. കഥയിലെ സന്ദര്‍ഭങ്ങളെ തമ്മില്‍ കൂട്ടിയിണക്കാന്‍ ടെക്നോളജി വളരെയധികം സഹായിച്ചു. ദേവിയും കാമുകനും പരിചയപ്പെടുന്നത് കംപ്യൂട്ടര്‍ സെന്‍ററില്‍ വച്ചാണ്. ദീപക്കിന്‍റെയും ശാലുവിന്‍റെയും പ്രണയം പുരോഗമിക്കുന്നതും ഇന്‍റര്‍നെറ്റിലൂടെയാണ്.

ധാരാളം ബിംബങ്ങള്‍ ഈ ചിത്രത്തിലുപയോഗിച്ചിട്ടുണ്ട്. ദീപക് വലിച്ചെറിയുന്ന ചുവപ്പ് കല്ല് വെച്ച ശാലുവിന്‍റെ മോതിരമാണ് ജോഢാ ഗംഗയില്‍നിന്നെടുത്ത് ദേവിയുടെ അച്ഛന് നല്‍കുന്നത്. ആ മോതിരം ക്ലോസ്അപ്പ് (closeup) ഷോട്ടില്‍ കാണിക്കുന്നതുതന്നെ അതിനുള്ള പ്രധാന്യം മനസ്സിലാക്കാന്‍ സഹായിക്കുന്നു. ദീപക്കും ശാലുവും തങ്ങളുടെ ഇഷ്ടം പരസ്പരം വെളിപ്പെടുത്തുന്നത് അവര്‍ മുകളിലേയ്ക്ക് പറത്തുന്ന ബലൂണുകളിലൂടെയാണ്. മനോഹരവും വ്യത്യസ്തവുമായ രീതിയിലുള്ള പല ദൃശ്യങ്ങളും നമുക്കീ ചിത്രത്തില്‍ കാണാന്‍ കഴിയും.

പീയൂഷിന്‍റെ മരണശേഷം ദേവി ആ വീട്ടില്‍ ചെല്ലുന്ന രംഗങ്ങള്‍ ഗെയ്റ്റിനു വെളിയില്‍നിന്നാണ് പ്രേക്ഷകന്‍ കാണുന്നത്. ഗെയ്റ്റിനപ്പുറത്തേയ്ക്ക് ക്യാമറ പ്രവേശിക്കുന്നില്ല. സിനിമയാണെങ്കില്‍പ്പോലും ഓരോ കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും അര്‍ഹിക്കുന്ന സ്വകാര്യത അവര്‍ക്കു നല്‍കുന്നു. സിനിമയുടെ തുടക്കത്തില്‍ പീയൂഷ് നല്‍കുന്ന സമ്മാനം സിനിമയുടെ അവസാനംവരെ ദേവി തുറന്നുനോക്കുന്നില്ല. അവള്‍ അത് നദിയില്‍ ഒഴുക്കികളയുകയാണ്. നദി ഈ സിനിമയിലുടനീളം ഒരു കഥാപാത്രമായി പ്രേക്ഷകനനുഭവപ്പെടും. ദീപക്കും ദേവിയും ഇരുവരും തങ്ങളുടെ പ്രണയത്തിന്‍റെ ഓര്‍മ്മകള്‍ ഒഴുക്കികളയുന്നത് നദികളിലാണ്.

വ്യത്യസ്തയാര്‍ന്ന പ്രമേയമല്ല ഈ സിനിമയുടേത്, എന്നാല്‍ ഇത്തരത്തില്‍ പല ജീവിതങ്ങളെത്തമ്മില്‍ കൂട്ടിയിണക്കി മനോഹരമായ ഒരു ദൃശ്യാവിഷ്ക്കാരമാക്കി എന്നതിലാണ് മസാന്‍ എന്ന സിനിമയുടെ വിജയം. ദേവിയുടെയും ദീപക്കിന്‍റെയും കഥകള്‍ രണ്ട് വഴിയ്ക്കാണ് നീങ്ങുന്നത്. സിനിമയുടെ അവസാനഘട്ടത്തിലല്ലാതെ മറ്റൊരു സന്ദര്‍ഭത്തിലും ഇവര്‍ കണ്ടുമുട്ടുന്നില്ല. യാതൊരു വിധത്തിലുള്ള കോട്ടവും തട്ടാതെ തിരക്കഥയെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ വരുണ്‍ ഗ്രോവര്‍ എന്ന തിരക്കഥാകൃത്ത് വിജയിച്ചിരിക്കുന്നു. അഭിനേതാക്കള്‍ എല്ലാംതന്നെ തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. സമൂഹത്തിലെ പല വിധത്തിലുള്ള പ്രശ്നങ്ങളെ ഈ ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. മാറ്റങ്ങള്‍ അനിവാര്യമായിത്തീര്‍ന്ന ഒരു സമൂഹത്തെ നമുക്കീ ചിത്രത്തില്‍ കാണാന്‍ കഴിയും. 68-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്‍റര്‍നാഷണല്‍ ജൂറി ഓഫ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് മസാന് ലഭിച്ചിട്ടുണ്ട്.

You can share this post!

യാത്രകള്‍ ജീവിതത്തെ തൊടുന്ന നിമിഷങ്ങള്‍

അജി ജോര്‍ജ്ജ്
അടുത്ത രചന

ധീരതയുടെ പ്രതിധ്വനികള്‍

വിനീത് ജോണ്‍
Related Posts