news-details
കഥപറയുന്ന അഭ്രപാളി

ഭൂപടമെന്ന കളിക്കോപ്പില്‍ തെറ്റിപ്പോകുന്ന അതിര്‍ത്തികള്‍

മനുഷ്യന്‍റെ പ്രയാണഗതിയിലെ സങ്കീര്‍ണ്ണമായ യാത്രപ്പാടുകളാണ് യുദ്ധങ്ങള്‍. പരിഷ്കൃതിയുടെ വിവിധ ഘട്ടങ്ങളില്‍ രൂപഭാവങ്ങള്‍ മാറി മാറി അതിന്‍റെ ആസുരമായ താണ്ഡവങ്ങള്‍ തുടര്‍ന്നു പോരുന്നു. ആധുനികദേശരാഷ്ട്രങ്ങളുടെ വളര്‍ച്ചയോടെ വിഭവാധികാരത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കപ്പുറത്തേയ്ക്ക് യുദ്ധങ്ങള്‍ വളര്‍ന്നു. ഇരുപതാം നൂറ്റാണ്ടില്‍ യുദ്ധങ്ങള്‍ ലോകഭൂപടത്തെ പലവുരു മാറ്റിവരച്ചു. ശാസ്ത്രത്തിന്‍റെ ഭാവിക്കിനാവുകളില്‍ മനുഷ്യനുയര്‍ത്തിയ ദന്തഗോപുരങ്ങളില്‍ നിന്ന് രണ്ട് ലോകമഹായുദ്ധങ്ങള്‍ അവനെ ജീര്‍ണ്ണജീവിതത്തിന്‍റെ ചതുപ്പിലേയ്ക്കെടുത്തെറിഞ്ഞു. എന്നാല്‍ കൊല്ലലിനും കീഴടക്കലിനും പകരം ജീവിപ്പിക്കലും ജീവിതത്തെ പരിപോഷിപ്പിക്കലും അധികാരസ്ഥാപനത്തിനുള്ള നവീനമാര്‍ഗ്ഗങ്ങളാകുന്ന ജൈവാധികാരത്തിന്‍റെ കാലത്ത് യുദ്ധങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണങ്ങളാണ്. ആയുധങ്ങളുടെ പ്രയാണദൂരങ്ങളെ സംബന്ധിക്കുന്ന ലളിതമായ ഗണിതയുക്തിയില്‍ അവ ഒതുങ്ങുന്നില്ല. ഇരയേത് വേട്ടക്കാരനേതെന്ന് തിരിച്ചറിയാനാവാത്ത, ശത്രുതയും മൈത്രിയും നയപരമായ സാധ്യതകള്‍ മാത്രമാകുന്ന സമകാലിക സാഹചര്യത്തിലാണ് തോബാസ് ലിന്‍ഡഹാമിന്‍റെ 'എ വാര്‍' എന്ന സ്പാനിഷ് ചിത്രം പ്രസക്തമാകുന്നത്.

അഫ്ഗാനിസ്ഥാനില്‍ ഭീകരവിരുദ്ധപോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്പാനിഷ് പട്ടാളത്തിന്‍റെ ഒരു കമ്പനിയുടെ റോന്തുചുറ്റലില്‍ നിന്നുമാണ് സിനിമ ആരംഭിക്കുന്നത്. ഇതിനിടെ കുഴിബോംബ് പൊട്ടി ഒരു പട്ടാളക്കാരന്‍ കൊല്ലപ്പെടുന്നു. തങ്ങളുടെ സുഹൃത്തിന്‍റെ വിയോഗത്തില്‍ മാനസ്സികമായി തകര്‍ന്ന സൈനികരെ കര്‍മ്മനിരതരാക്കാന്‍ കമ്പനി കമാന്‍ഡറായ ക്ലോസ് മൈക്കല്‍ പെഡേഴ്സണ്‍ തന്നെ അടുത്തദിവസം മുതല്‍ പെട്രോളിങ്ങിന് അവരോടൊപ്പം യാത്രയാകാന്‍ തീരുമാനിക്കുന്നു. ഗ്രാമത്തിലേയ്ക്ക് ചെല്ലുന്ന അവര്‍ക്ക് എതിര്‍പ്പുകളൊന്നും നേരിടേണ്ടി വരുന്നില്ല. ഒരു വീട്ടില്‍ കൈക്ക് പൊള്ളലേറ്റ പിഞ്ചുകുഞ്ഞിന് അവര്‍ ചികിത്സ നല്കുന്നു. ആ ഗൃഹനാഥന് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്താണ് ക്ലോസും അനുയായികളും യാത്രയാകുന്നത്. വളരെ സൗഹാര്‍ദ്ദപൂര്‍ണ്ണമാണ് അവരോടുള്ള തദ്ദേശിയരുടെ പെരുമാറ്റവും. ഇതിനു സമാന്തരമായി തന്നെയാണ് ക്ലോസിന്‍റെ വീട്ടിലെ 'യുദ്ധങ്ങളും' ആഹ്വാനം ചെയ്യപ്പെടുന്നത്. ക്ലോസിന്‍റെ അഭാവത്തില്‍ ജീവിതം മുന്നോട്ടു നീക്കാന്‍ കഷ്ടപ്പെടുകയാണ് മിറിയവും മക്കളായ ഫിയെനും ജൂലിയസും ഏലിയറ്റും. മിറിയം സൂക്ഷിച്ചു വച്ചിരുന്ന മരുന്നെടുത്ത് കഴിക്കുന്ന ഏലിയറ്റ് മരണത്തിന്‍റെ വക്കോളമെത്തുന്നു. മിറിയത്തിന്‍റെ സംയമനത്തോടുകൂടിയുള്ള ഇടപെടലാണ് അവനെ രക്ഷപ്പെടുത്തുന്നത്.

ക്ലോസിന്‍റെ കമ്പനി ഇതിനിടയില്‍ ഒരു ഭീകരനെ വധിക്കുന്നു. പ്രത്യാക്രമണത്തെക്കുറിച്ചുള്ള ഭീതിയുടെ നിഴല്‍ വീണ ക്യാമ്പിലേയ്ക്കാണ് മുന്‍പു കണ്ട ഗ്രാമീണന്‍ തന്‍റെ കുടുംബവുമായി എത്തുന്നത്. പട്ടാളം തങ്ങളെ സഹായിച്ചെന്ന് താലിബാന് മനസ്സിലായെന്നും അതിനാല്‍ വീട്ടിലേയ്ക്ക് മടങ്ങിപ്പോയാല്‍ തങ്ങള്‍ വധിക്കപ്പെടുമെന്നും തങ്ങള്‍ക്ക് ക്യാമ്പില്‍ അഭയം നല്‍കണമെന്നുമാണ് അയാളുടെ ആവശ്യം. അയാള്‍ക്ക് അഭയം നല്‍കുവാന്‍ പട്ടാളചട്ടങ്ങള്‍ ക്ലോസിനെ അനുവദിക്കുന്നില്ല. അവരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്ന ക്ലോസ് പിറ്റേന്ന് തന്നെ ആ പ്രദേശം താലിബാനില്‍ നിന്നും കൈക്കലാക്കാമെന്നും അവരെ സംരക്ഷിക്കാമെന്നും ഉറപ്പ് നല്‍കുന്നു. തന്‍റെ നിര്‍ബന്ധങ്ങള്‍ നിഷ്ഫലമാണെന്നു മനസ്സിലാക്കിയ ഗ്രാമീണന്‍ മനസ്സില്ലാമനസ്സോടെ കുടുംബത്തെയും കൂട്ടി മടങ്ങുന്നു. പിറ്റേന്ന് ഗ്രാമീണന്‍റെ വീട്ടിലെത്തിയ സൈന്യം കാണുന്നത് വധിക്കപ്പെട്ട കുടുംബത്തെയാണ്. തങ്ങളൊരു കെണിയിലാണെന്ന് തിരിച്ചറിയും മുന്‍പേ അവര്‍ക്കുനേരെ വെടിവെയ്പ് ആരംഭിക്കുന്നു. ലാസെ എന്ന പട്ടാളക്കാരനു കഴുത്തിനു വെടിയേല്‍ക്കുന്നു. അയാളെ രക്ഷിക്കാന്‍ അവിടെ നിന്നു പുറത്തു കടക്കാതെ മറ്റു മാര്‍ഗ്ഗങ്ങളില്ല എന്നു മനസ്സിലാക്കുന്ന ക്ലോസ് ശത്രുക്കളുണ്ടെന്നു കരുതുന്ന കോംപൗണ്ടിനു നേരെ ബോംബെറിയാന്‍ നിര്‍ദ്ദേശം നല്കുന്നു. ഒടുവില്‍ അയാള്‍ രക്ഷപെടുന്നു.

എന്നാല്‍ ക്ലോസിന്‍റെ നിര്‍ദ്ദേശപ്രകാരമുള്ള ബോംബേറില്‍ എട്ടു കുട്ടികളടക്കം പതിനൊന്ന് തദ്ദേശിയരും കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് നാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന ക്ലോസിന് അവിടെ വിചാരണ നേരിടേണ്ടി വരുന്നു. ദീര്‍ഘമായ വാദപ്രതിവാദങ്ങള്‍ക്കുശേഷം കോടതി ക്ലോസിനെ കുറ്റവിമുക്തനാക്കുന്നു. എന്നാല്‍ സിനിമയുടെ അവസാനരംഗത്തോടെ അതുവരെ കണ്ട കാഴ്ച്ചകള്‍ക്ക് നവീനമായൊരു അര്‍ത്ഥതലം കൈവരുന്നു. വിധിപ്രസ്താവത്തിനുശേഷം വീട്ടിലെത്തിയ ക്ലോസ് രാത്രിയില്‍ ജൂലിയനോടൊപ്പം അവന്‍റെ കിടപ്പുമുറിയില്‍ സംസാരിച്ചിരിക്കുകയായിരുന്നു. ചുവരിലെ ലോകഭൂപടത്തില്‍ നോക്കി  വിവിധ രാജ്യങ്ങളെ തിരിച്ചറിയുകയായിരുന്നു ജൂലിയന്‍. അഫ്ഗാനും ഡെന്മാര്‍ക്കും ബ്രസീലും കൃത്യമായി കണ്ടെത്തിയ അവന്‍ മറ്റൊരു രാജ്യത്തെ ഇറ്റലി എന്നു പറയുന്നു. "അല്ല അത് അമേരിക്കയാണ്" എന്നു പുഞ്ചിരിയോടെ ക്ലോസ് തന്‍റെ മകനെ തിരുത്തുമ്പോള്‍ സിനിമ ശക്തമായ ഒരു രാഷ്ട്രീയ നിലപാടില്‍ അവസാനിക്കുന്നു.

കൊല്ലപ്പെട്ടവനും കൊന്നവനും ഒരുപോലെ ഇരകളായിത്തീരുന്ന സമകാലിക യുദ്ധങ്ങളുടെ സങ്കീര്‍ണ്ണ യുക്തിയിലേയ്ക്ക് പ്രേക്ഷകനെ തള്ളിയിട്ടാണ് 'എ വാര്‍' അവസാനിക്കുന്നത്. അധിവീക്ഷണം ആണ് ഈ യുദ്ധങ്ങളിലെ ഏറ്റവും മാരകമായ ആയുധം. വെട്ടിപ്പിടിക്കാനല്ല കെട്ടിപ്പടുക്കാനെന്ന അധിനിവേശത്തിന്‍റെ വ്യാജസാധൂകരണം തന്നെയാണ് ഇവിടെയും തുറുപ്പുചീട്ട്. അശാന്തിയുടെ അന്തരീക്ഷസൃഷ്ടിയിലൂടെ സ്വന്തം ശക്തിയില്‍ രാജ്യത്തിന് സംശയം ജനിപ്പിച്ച് 'ലോക' നന്മകളും സമാധാനവും മാത്രം ലക്ഷ്യമാക്കി രക്ഷാകര്‍തൃത്വം ഏറ്റെടുക്കുക എന്നതാണ് ഈ യുദ്ധങ്ങളുടെ നയപരിപാടി. 'ജനങ്ങള്‍ക്ക് മാന്യമായി ജീവിക്കാനുതകും വണ്ണം സുരക്ഷയും സഹായവും നല്‍കാനാണ്' നിത്യേനയുള്ള പെട്രോളിംങ്ങ് എന്നാണ് ക്ലോസ് തന്‍റെ കമ്പനിക്ക് വിവരിച്ച് കൊടുക്കുന്നത്.

അധിവീക്ഷണത്തെ ധ്വനിപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളാല്‍ സമ്പന്നമാണ് 'എ വാര്‍' കോടതിയിലെ വിധി പ്രസ്താവത്തിനു മുമ്പ് കടല്‍ത്തീരത്ത് ഒഴിവുസമയം ചിലവഴിക്കുന്ന ക്ലോസിനും കുടുംബത്തിനും മുകളിലൂടെ ഒരു പറ്റം കഴുകന്മാര്‍ പറന്നുപോകുന്ന ഒരു രംഗമുണ്ട്. അധിനിവേശത്തിന്‍റെ ഭീതചരിതങ്ങള്‍ തിരയടിക്കുന്ന തീരത്ത് പാറിനടക്കുന്ന കഴുകന്‍കണ്ണുകള്‍ അര്‍ത്ഥസാന്ദ്രമാകുന്നത് ജൂലിയന്‍റെ ഭൂപടതെറ്റിനുശേഷം മാത്രമാണ്. വിചാരണയ്ക്കു മുന്‍പുള്ള ദിവസം വീടിന്‍റെ മട്ടുപ്പാവില്‍നിന്നും തന്‍റെ രാജ്യത്തിന്‍റെ പതാകയ്ക്ക് മുകളിലൂടെ പറന്നു പോകുന്നതായി ക്ലോസ് കാണുന്ന ഹെലികോപ്റ്ററും സിനിമയുടെ അവസാനം അവിടെ നിന്നു തന്നെ തെളിയുന്ന ശൂന്യമായ ആകാശവും ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്.

ഇത്തരം രാഷ്ട്രീയസമസ്യകളോടു ചേര്‍ന്നു തന്നെ യുദ്ധം നൈനികതയെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങളും ഉയര്‍ത്തുന്നു. അന്താരാഷ്ട്രനിയമങ്ങളിലെ കുറുക്കുവഴികളില്‍ ഒളിഞ്ഞിരിക്കുന്ന അധീശശക്തി ജൈവാധികാരത്തിന്‍റെ മികച്ച ദൃഷ്ടാന്തമാണ്. അതുമായി ബന്ധപ്പെടുത്തി വേണം യുദ്ധനിയമങ്ങളെയും മനസ്സിലാക്കാന്‍. പതിനൊന്ന് പൗരജനങ്ങളെ വധിച്ചതിന്‍റെ പേരില്‍ ക്ലോസിനെതിരെയുള്ള കേസ് വിശാലമായ മാനവികതയുടെ കാഴ്ച്ചപ്പാടില്‍ പരിശോധിക്കണമെന്നതാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ഈ വിശാലമായ മാനവിക കാഴ്ച്ചപ്പാട് പരിശോധിക്കുന്നതാകട്ടെ വധിക്കപ്പെട്ടവര്‍ സിവിലിയന്‍ ടാര്‍ജറ്റായിരുന്നോ അതോ മിലിട്ടറി ടാര്‍ജറ്റായിരുന്നോ എന്നതു മാത്രമാണ്. അതിനാല്‍ ക്ലോസ് നേരിടുന്ന വിചാരണ അതിനകത്തുതന്നെ ഒരു പ്രഹസനമായിത്തീരുന്നു. കേവലം അയുക്തികമായ മറ്റൊരു യുദ്ധം.!

ഗ്രാമീണനു ചെയ്തു നല്കുന്ന സഹായത്തിലൂടെ ആണ് ക്ലോസിന്‍റെ ദുരന്തം ആരംഭിക്കുന്നത്. ആ ദിവസത്തെ പെട്രോളിങ്ങ് ദൃശ്യത്തിനുശേഷം സിനിമയില്‍ വരുന്നത് ഏലിയറ്റ് മരുന്ന് വിഴുങ്ങുന്നതും ആശുപത്രിയിലാക്കുന്നതുമാണ്. ജീവിതത്തെ സഹായിക്കേണ്ട മരുന്നുകള്‍ മരണത്തിലേയ്ക്ക് വഴി നടത്തുമ്പോള്‍ സഹായം ദുരന്തമായി മാറ്റുന്ന ക്ലോസിന്‍റെ വിധി പ്രേക്ഷകന്‍ മുന്‍കൂട്ടി കാണുന്നു.

യുദ്ധത്തിന്‍റെ സ്ഥായീഭാവം ശൈഥില്യമാണ്. സിനിമയിലെ ഓരോ കഥാപാത്രവും ഈ ശൈഥില്യം അനുഭവിക്കുന്നു. ഈ ശൈഥില്യത്തില്‍ നിന്നുമാണ് നമ്മള്‍ ചലിക്കുന്ന ലക്ഷ്യങ്ങള്‍ മാത്രമാണെന്ന് ലാസെ പറയുന്നത്. ഇതേ ശൈഥില്യത്തിന്‍റെ പ്രതിഫലനമാണ് ക്ലോസിന്‍റെ വീട്ടിലെ സംഘര്‍ഷങ്ങളും. യുദ്ധം സൃഷ്ടിക്കുന്ന വൈയക്തികവും സാമൂഹികവുമായ ശൈഥില്യത്തെ സമര്‍ത്ഥമായി 'എ വാര്‍' അനുഭവിപ്പിക്കുന്നു. ക്ലോസിന്‍റെ സംഘത്തിന്‍റെ ആദ്യ പെട്രോളിങ് സമയത്ത് പട്ടാളക്കാരോടൊപ്പം ചേര്‍ന്ന് ഒരു ഗ്രാമീണബാലന്‍ പറത്തി വിടുന്ന പട്ടം അവരുടെ രണ്ടാം വരവില്‍ കീറിപ്പറിഞ്ഞ് ഒരു ഉണക്കമരക്കൊമ്പില്‍ തൂങ്ങിക്കിടക്കുന്നതായാണ് കാണുന്നത്. സിനിമയുടെ അവസാനത്തില്‍ തെറ്റിപ്പോകുന്ന ഭൂപടത്തിലേയ്ക്കെത്തുമ്പോഴാണ് നാം വെറും കളിക്കോപ്പുകളാവുന്ന യുദ്ധത്തിന്‍റെ ബീഭത്സ്യത മനസ്സിലാക്കുന്നത്. ശരമേത്, ശരവ്യമേതെന്ന് തിരിച്ചറിയാനാവാത്ത കളിയുടെ കലക്കമാണ് പുതുകാലത്തെ യുദ്ധനീതി.

You can share this post!

യാത്രകള്‍ ജീവിതത്തെ തൊടുന്ന നിമിഷങ്ങള്‍

അജി ജോര്‍ജ്ജ്
അടുത്ത രചന

കോകോ

ജോസ് സുരേഷ്
Related Posts