news-details
സഞ്ചാരിയുടെ നാൾ വഴി

1
മനസ്സിനെ ഏറോപ്ലെയിന്‍ മോഡില്‍ ഇട്ട്, കേള്‍ക്കുന്നു എന്ന് നടിച്ച് വെറുതെ തലയാട്ടി ഇരിക്കുന്നവരേക്കാള്‍ ഒരുപക്ഷേ, ഒരാളെ സഹായിക്കാന്‍ പോകുന്നത് ആത്മഭാഷണങ്ങളായിരിക്കാം- Self talk.

അപരനോടുള്ള ഭാഷണങ്ങളേക്കാള്‍ ആത്മസംവാദങ്ങള്‍ പ്രയോജനം ചെയ്തേക്കുമെന്നുള്ള സങ്കല്പത്തിലാണ് Self talk എന്ന പദം മനഃശാസ്ത്രത്തില്‍ പ്രസക്തമാകുന്നത്. ഏതൊക്കെയോ രീതിയില്‍ എല്ലാവരും അതില്‍ ഏര്‍പ്പെടുന്നുണ്ട്. മറ്റാരും കേള്‍ക്കാനില്ലാത്തതുകൊണ്ട് എരുത്തിലെ പശുക്കളോട് അമ്മ സംസാരിച്ചുകൊണ്ടേയിരുന്നു എന്നൊരു കവി എഴുതുമ്പോഴും അത് ആത്മഭാഷണത്തിന്‍റെ നേര്‍പ്പിച്ച രൂപമാണ്. സ്വന്തം പേരു പറഞ്ഞ് സംസാരിക്കുന്ന കുട്ടികളുടെ ശീലത്തിലും അതിന്‍റെ നിഴല്‍ വീണിട്ടുണ്ട്. അവനവനോടു തന്നെ മിണ്ടിക്കൊണ്ടിരിക്കുന്ന ഒരാള്‍ പൈത്യക്കാരനെന്ന് ചിലപ്പോള്‍ വിശേഷിപ്പിക്കപ്പെട്ടേക്കാം. അയാള്‍ അനുഭവിക്കുന്ന സാന്ത്വനത്തേക്കാള്‍ മൂല്യമുള്ളതല്ല അയാള്‍ നേരിടുന്ന പരിഹാസം. ഡോ. ഷാഡ് ഹെംസ്റ്റെറ്ററുടെ What to Say When You Talk to Your Self ആയിരിക്കണം സെല്‍ഫ് റ്റോക്കിന്‍റെ സാധ്യതകളെക്കുറിച്ചുള്ള ആദ്യഗ്രന്ഥം. പവിത്രമെന്ന് കരുതാവുന്ന നേരത്തും ഇടങ്ങളിലും അവനവനോടുതന്നെ മിണ്ടിത്തുടങ്ങുകയും കേള്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന രീതിയായിട്ടുപോലും പ്രാര്‍ത്ഥനയെ ഗണിക്കാവുന്നതാണ്. അതിനു മുന്നൊരുക്കമായി പുറംലോകത്തേക്കുള്ള വാതില്‍ തഴുതിടണമെന്ന് യേശു പറഞ്ഞിട്ടുണ്ട്. തീരത്തെ വീടുകളില്‍ ചിലതില്‍ ഇപ്പോള്‍പ്പോലും വാതിലുകളില്ല.

രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് അവരുടെ ജീവിതം ഇന്നത്തേതിനേക്കാള്‍ ഭേദമായിരിക്കാന്‍ തരമില്ലല്ലോ. അപ്പോള്‍ ഇന്ദ്രിയങ്ങളെ കൊട്ടിയടയ്ക്കണമെന്നു സാരം. ഏതൊരു തെരുവിലും ഒരാള്‍ അങ്ങനെയാണ് ബുദ്ധനാവുന്നത്. ഒന്നു കണ്ണു പൂട്ടിയാല്‍ ശരീരം പര്‍ണ്ണശാലയാകുന്നു. തിരക്കുള്ള ഒരു ബസ്സില്‍ പോലും അതു സാധ്യമാണ്- ഹെഡ്സെറ്റില്‍ നിന്ന് കുട്ടികള്‍ പാട്ടു കേള്‍ക്കുന്നതുപോലെ. പിന്നെയാണ് അകത്തേക്ക് പ്രവേശിക്കേണ്ടത്. അകത്തൊരാളുണ്ട്; ക്വാളിറ്റി സെല്‍ഫ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരാള്‍. പഠിച്ചതും വായിച്ചതും കേട്ടറിഞ്ഞതും പാരമ്പര്യങ്ങളില്‍ കൈമാറിക്കിട്ടിയതുമൊക്കെയായി രൂപപ്പെടുത്തിയ, പ്രകാശമുള്ള, ഭാസുരബോധത്തിന്‍റെ ഒരിടം. അതിനോടാണ് ഓരോരോ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടത്. അതിലാണ് ഓരോന്നും ഉരച്ചുനോക്കേണ്ടത്. അതിന്‍റെ മര്‍മരങ്ങളാണ് ചുവടുകളായി മാറേണ്ടത്. ചുരുക്കത്തില്‍ അവനവനോടുതന്നെ പറഞ്ഞും തിരുത്തിയും മിനുക്കിയും മുന്നോട്ടുപോകേണ്ട തുടങ്ങുന്ന ആത്മധ്യാനമാണ് പ്രാര്‍ത്ഥന. അതിനേക്കാള്‍ നിങ്ങളെ ശ്രദ്ധാപൂര്‍വം കേള്‍ക്കുന്ന മറ്റൊരാളില്ല. ഏതൊരു കുത്തൊഴുക്കിലും അതിനേക്കാള്‍ ദിശ കാട്ടുന്ന വേറൊരു കോമ്പസുമില്ല. നോക്കൂ, ഒരിക്കല്‍ ആരവങ്ങള്‍ മാത്രം മുഴങ്ങിയിരുന്ന ഈ കടല്‍തീരത്ത് മനുഷ്യര്‍ ധ്യാനലീനരായി ഇരിക്കുന്നത്. വല കെട്ടുന്ന ചെറുപ്പക്കാര്‍, കട്ടമരം തള്ളി നീക്കുന്ന കുട്ടികള്‍, മീന്‍ വില്‍ക്കുന്ന അമ്മമാര്‍ എല്ലാവരും തങ്ങളുടെ ജാലകപ്പാളികള്‍ വലിച്ചടച്ച് എത്രയോ ഏകാഗ്രമായിങ്ങനെ. സ്വന്തം ധര്‍മ്മത്തില്‍ സ്ത്രീകളെ ചേര്‍ക്കുന്നതിനു മുന്നോടിയായി ബുദ്ധ ആവശ്യപ്പെട്ടത് നഗരത്തിലെ ഒരു കരുവാന്‍റെ പുത്രിയെ കൊണ്ടുവരാനായിരുന്നു. അവളില്‍ അങ്ങ് എന്തിത്ര പ്രത്യേകത കണ്ടുവെന്ന് ശിഷ്യര്‍ ആരായുമ്പോള്‍ ബുദ്ധ പറഞ്ഞു, 'ഞാനതു കണ്ടിട്ടുണ്ട്, കഴിഞ്ഞ ദിവസം തെരുവിലൂടെ ഒരു രാജകീയപ്രദക്ഷിണം പോവുകയായിരുന്നു; ആനയും വാദ്യഘോഷങ്ങളും ചമയങ്ങളും ഒക്കെയായി തെരുവു കവിഞ്ഞ്. അതൊന്നുമറിയാതെ, തലയുയര്‍ത്താതെ ആലയില്‍ അവളൊരു അസ്ത്രം കൂര്‍പ്പിക്കുകയായിരുന്നു. അത്രമേല്‍ മുഗ്ദ്ധയായി! / ആമഗ്നയായി.'

2

മടങ്ങിപ്പോകുന്ന ഒരാള്‍ ഉരുവിടുന്ന വാക്കുകള്‍ക്ക് നാം കരുതുന്നതിനേക്കാള്‍ മുഴക്കവും പ്രതിധ്വനികളുമുണ്ട്. നിക്കോസ് കസന്‍ദ്സാക്കിസിന്‍റെ ഫ്രാന്‍സിസ് കടന്നുപോകുമ്പോള്‍ മന്ത്രിച്ചത് അതാണ്- സ്നേഹം, ശാന്തി, ദാരിദ്ര്യം. ആദ്യത്തേത് മനുഷ്യരാശിയില്‍ ആശങ്കയുള്ള ഏതൊരാളില്‍ നിന്നും ഉയരാവുന്നതേയുള്ളു. എന്നാല്‍ ആ ഒടുവിലെ വാക്ക്- ദാരിദ്ര്യം - നമ്മുടെ ബോധത്തിന് അത്ര സുപരിചിതമല്ല. ഇത്തിരി നേര്‍പ്പിച്ചാണെങ്കില്‍പ്പോലും ആ പദത്തെ ബോധത്തില്‍ നിലനിര്‍ത്താന്‍ കഴിയുകയാണ് ഏതൊരു കാലത്തിലെയും സാധകര്‍ക്കുള്ള വെല്ലുവിളി. പതിമൂന്നാം നൂറ്റാണ്ടില്‍ നിന്ന് വര്‍ത്തമാനത്തിലേക്ക് എത്തുമ്പോള്‍ ആ കൊടിയ ദാരിദ്ര്യമെന്ന സങ്കല്പത്തിന് പല രീതിയിലുള്ള ഭാഷ്യങ്ങളും പതിപ്പുകളും ഉണ്ടാകുന്നുണ്ട്. സൂക്ഷ്മമായി നിരീക്ഷിക്കേണ്ട അത്തരം അനേകം ശ്രമങ്ങളില്‍ നിന്ന് മിനിമലിസം സവിശേഷപരാമര്‍ശം അര്‍ഹിക്കുന്നുവെന്ന് തോന്നുന്നു. വളരെ കുറച്ചു കാര്യങ്ങളുള്ള ജീവിതം സാധ്യമാണെന്നു ശഠിക്കുന്നു അതിന്‍റെ പ്രയോക്താക്കള്‍; മല കയറുന്നൊരാള്‍ ശിഖയിലേക്കെത്തുന്നതനുസരിച്ച് പൊക്കണത്തിലെ ഓരോരോ കാര്യങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്നു കണ്ടെത്തി ഭാരം കുറയ്ക്കുന്നതു പോലെ. കൂടുതല്‍ ഏകാഗ്രമാകുവാനും, ജീവിതമൂല്യങ്ങളേയും സൗഖ്യത്തേയും നിലനിര്‍ത്തുവാന്‍ വേണ്ടി ഭൗതികവും ആത്മീയവുമായ ഘടകങ്ങളില്‍ ഭാരമുള്ള ചിലതിനെ ആവശ്യാനുസൃതം ഉപേക്ഷിക്കുവാനുമുള്ള ആഹ്വാനമാണത്. താങ്ങാവുന്നതിലധികം വസ്തുക്കളും വിവരങ്ങളും കുമിയുമ്പോള്‍ ജീവിതത്തിനു മേലുള്ള നിയന്ത്രണം നഷ്ടമാകുന്നു.

മിനിമലിസത്തിന്‍റെ ഗൃഹപാഠങ്ങളില്‍ നിന്ന് ചില കൗതുകങ്ങള്‍ ഇങ്ങനെയൊക്കെയാണ്. അവനവന്‍റെ ഊട്ടുമേശയില്‍ നിന്ന് ഒഴിവാക്കാവുന്ന കുപ്പികളും പാത്രങ്ങളും മാറ്റി വയ്ക്കുകയാണ് ഒന്ന്. വീടിനുള്ളിലെ ഡ്യൂപ്ലിക്കേറ്റുകളെ ഒരു ചാക്കിലാക്കി കെട്ടി വയ്ക്കുകയാണ് മറ്റൊരു പാഠം. ഒരു വര്‍ഷത്തിനിടയില്‍ ചാക്ക് തുറക്കേണ്ട ആവശ്യം വന്നില്ലെങ്കില്‍ അവയെയൊക്കെ അനാവശ്യമായി ഗണിച്ച് ഒഴിവാക്കാം. (അപരര്‍ക്ക് ഉപഹാരങ്ങളായി നല്‍കുകയുമാവാം!) ഫേസ്ബുക്കിലെ ആയിരം ചങ്ങാതിമാരേക്കുറിച്ച് ഹുങ്കു പറയുന്നതിനു പകരം ആരാണെന്നു പോലും അറിയാത്ത 995 പേരെ അണ്‍ഫ്രണ്ട് ചെയ്യാം. അങ്ങനെയങ്ങനെ... അവനവന്‍റെ ഏകാന്തതയേയും ആന്തരികതയേയും ഭാസുരമാക്കാന്‍ ഉപയുക്തമല്ലാത്ത എല്ലാത്തില്‍ നിന്നും കുതറി നടക്കുക എന്നതാണ് സാരം. സ്വതന്ത്രവും ലളിതവുമായ ജീവിതസങ്കല്പങ്ങളില്‍ പുലരുക. വസ്ത്രത്തേക്കാള്‍ പ്രധാനമാണ് ശരീരമെന്നും അപ്പത്തേക്കാള്‍ മൂല്യമുള്ളതാണ് പ്രാണനെന്നുമുള്ള യേശുമൊഴികളില്‍ ആ സനാതനപാഠത്തിന്‍റെ പൊരുളുണ്ട്. ഭാരതകഥയില്‍, 'ആരാലും തോല്പിക്കപ്പെടാത്ത അസംഖ്യം സൈനികര്‍ വേണമോ അതോ നിരായുധനായി, യുദ്ധം ചെയ്യാതിരിക്കുന്ന എന്നെ വേണമോ?' എന്ന പാര്‍ത്ഥസാരഥിയുടെ ചോദ്യവും ഇതുതന്നെയാണ് അര്‍ത്ഥമാക്കുന്നത്.

പരിവ്രാജകരും നിസ്വരുമൊക്കെ പുതിയ പുതിയ വേഷപ്പകര്‍ച്ചകളില്‍ നമ്മളെത്തേടി ഇപ്പോഴും എത്തുന്നുണ്ട്.

You can share this post!

അതിര്‍ത്തി കല്ലുകള്‍

ബോബി ജോസ് കട്ടികാട്
അടുത്ത രചന

വീണ്ടും ജനിക്കുന്നവര്‍

ബോബി ജോസ് കട്ടികാട്
Related Posts