ഫ്രാന്‍സിസ്കന്‍ മിസ്റ്റിസിസം അസ്സീസിയിലെ ഫ്രാന്‍സിസിലും ബോനവെഞ്ചറിലും സ്കോട്ടസിലും മറ്റും ഒതുങ്ങുന്നതല്ല. അസ്സീസിയിലെ ക്ലാരയും അവളുടെ പിന്‍ഗാമികളും കൂടി ചേര്‍ത്തുവയ്ക്കുന്ന മിസ്റ്റിസിസത്തിന്‍റെ ഏടുകള്‍ തുല്യമായി വരുന്നുണ്ടതില്‍. മറ്റനേകം വിശുദ്ധരുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം വളരെക്കുറച്ചേ എഴുതി യിട്ടുള്ളൂ ഫ്രാന്‍സിസ്. അതേസമയം, വെറും നാലഞ്ച് കത്തുകളും, തന്‍റെ സഹോദരി സംഘത്തിനായി എഴുതിയ നിയമാവലിയും പിന്നെ അവളുടെ മരണപത്രവും മാത്രമേ ക്ലാരയുടേതായി നമുക്ക് ലഭ്യമായിട്ടുള്ളൂ. ആവൃതികള്‍ക്കകത്ത് ജീവിച്ച ഒരു തപസ്വിനിയില്‍ നിന്ന് അത്രയെങ്കിലുമൊക്കെ നമുക്ക് ലഭിച്ചല്ലോ എന്നോര്‍ത്ത് ആശ്വസിക്കാം.
അസ്സീസി പട്ടണത്തിനു വെളിയില്‍, തകര്‍ന്നു പോകാന്‍മാത്രം പഴക്കമുള്ള ഒരു പള്ളിയിലും പഴയ വൈദിക ഭവനത്തിലുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ക്ലാര എന്ന പ്രഭുകുമാരിയുടെയും സഹോദരിമാരുടെയും ജീവിതം അക്കാലത്തുതന്നെ രാജ്യാന്തര പ്രശസ്തി നേടിയിരുന്നു. ബൊഹീമിയന്‍ രാജാവിന്‍റെ രാജകുമാരിയായിരുന്നു ആഗ്നസ്. അതീവ സുന്ദരിയായിരുന്ന അവള്‍ക്ക് അനവധി പ്രമുഖരുടെ വിവാഹാലോചനകളാണ് വന്നത്. ഏതാണ്ട് യൂറോപ്പ് മുഴുവന്‍ ഭരിക്കുകയാണ് റോമാ ചക്രവര്‍ത്തി അന്ന്. റോമാ ചക്രവര്‍ത്തി ബൊഹീമിയയിലെ രാജകുമാരിയായ ആഗ്നസിന്‍റെ സൗന്ദര്യത്തെ ക്കുറിച്ച് കേട്ടറിഞ്ഞു. അദ്ദേഹം അവളെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു. എന്നാല്‍, ക്ലാരയെയും സഹോദരിമാരെയും അവര്‍ ഇറ്റലിയിലെ അസ്സീസി യില്‍ നയിച്ചുവരുന്ന താപസ ജീവിതത്തെയുംകുറിച്ച് കേട്ടറിഞ്ഞ ആഗ്നസിനും ക്ലാരയെപ്പോലെ ജീവിക്കണമെന്നതായി ആഗ്രഹം. അങ്ങനെ ചക്രവ ര്‍ത്തിയുടെ വിവാഹാഭ്യര്‍ത്ഥനയും ചക്രവര്‍ത്തിനി പട്ടവും വേണ്ടെന്നുവച്ചാണ് അവള്‍ കൊട്ടാരം വിട്ടിറങ്ങിയത്. കേട്ടറിഞ്ഞ അറിവുവച്ച് ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗില്‍ അവളും ക്ലാരയെപ്പോലെ ജീവിക്കാനാരംഭിച്ചു. തപസ്വിനിയായ ആഗ്നസിനോടൊപ്പം പലരും കൂടെച്ചേര്‍ന്ന് അവള്‍ക്കും സഹോദരിമാര്‍ ഉണ്ടായി. അക്കാലത്ത് ഇന്നത്തെ ചെക്ക് നാടും ആസ്ട്രിയയും ആല്‍പ്സ് പര്‍വ്വത നിരയും മുറിച്ചുകടന്ന് ഇറ്റലിയുടെ ഏതാണ്ട് മധ്യ ത്തിലുള്ള അസ്സീസിയില്‍ ഒരു കത്ത് നടന്നെ ത്തണമെങ്കില്‍ മാസങ്ങളെടുക്കുമായിരുന്നു. തപസ്വിനിയായി മാറിയ ആഗ്നസ്, അങ്ങനെ, ഉപദേശം യാചിച്ചുകൊണ്ട് ക്ലാരക്ക് കത്തെഴുതുന്നു. അതിന് മറുപടിയായാണ് ഒരമ്മയുടെ വാത്സല്യവും കരുതലും നിറച്ച് ക്ലാര ആഗ്നസിനെഴുതുന്നത്. അങ്ങനെ ക്ലാരയെഴുതിയ നാല് കത്തുകളാണ് നമുക്കിന്ന് ലഭ്യമായിട്ടുള്ളത്. നിയമാവലിയിലും മരണപത്രത്തിലും സാധ്യമായ ആത്മപ്രകാശനത്തിന് പരിമിതികളുണ്ട്. മറ്റൊരാള്‍ക്ക് എഴുതുന്ന വ്യക്തിപരമായ കത്തുകളില്‍ ആത്മപ്രകാശനത്തിന് അത്രതന്നെ പരിമിതികളുണ്ടാവില്ല. അങ്ങനെ നോക്കുമ്പോള്‍ ക്ലാര പ്രാഗിലെ ആഗ്നസിന് എഴുതിയ നാല് കത്തുകളിലൂടെയാണ് അവളുടെ മിസ്റ്റിസിസത്തിന്‍റെ ആഴങ്ങള്‍ നമുക്ക് വെളിപ്പെ ട്ടുകിട്ടുക.
ഇവയില്‍ ആദ്യത്തെ കത്ത് സാമാന്യം ഔപചാരികമാണ്. രണ്ടാമത്തെ കത്തിലാണ് "ഏറ്റവും കുലീനയായ രാജ്ഞീ, നീ ക്രൂശിതനായവനെ നോക്കിയിരിക്കുക (gaze upon) അവനെ പരിഗണിക്കുക (consider), അവനെ ആഴത്തില്‍ നോക്കുക(contemplate), അവനെ അനുഗമിക്കാനാഗ്രഹിക്കുക (desire to imitiate) എന്ന് ഫ്രാന്‍സിസ്കന്‍ രീതിയിലുള്ള ധ്യാനത്തിന്‍റെ നാല് പടവുകളെ അവളില്‍നിന്ന് നാം പരിചയപ്പെടുന്നത് (വാക്യം 20). ഒരു യുവതി തന്‍റെ മനസ്സിനിണങ്ങിയവനെ ശ്രദ്ധിക്കുന്നതും അവനെ പരിഗണിക്കാന്‍ തുടങ്ങുന്നതും കൂടുതല്‍ ആഴത്തില്‍ അവനിലെ നന്മകളെ കണ്ടെത്തുന്നതും അവനുമായി ഹൃദയൈക്യപ്പെടുന്നതുമായ സൂചനകളുണ്ട് ഇവിടെ. ആഴമാര്‍ന്ന ക്രൈസ്തവ ധ്യാനത്തിന്‍റെ അനുശീലനമാണ് ആഗ്നസിനായി ക്ലാര ഇവിടെ വരച്ചിടുന്നത്.
മൂന്നാമത്തെയും നാലാമത്തെയും കത്തുകളിലാണ് (പിന്നെ മരണപത്രത്തിലും) കണ്ണാടി എന്ന രൂപകം ക്ലാര പ്രാധാന്യത്തോടെ ഉപയോഗിക്കുന്നത്. ക്ലാര 'കണ്ണാടി' എന്ന് പറയുമ്പോള്‍, ഇന്ന് കാണുന്ന തരം നിലക്കണ്ണാടികളെ നാം നിരൂപിച്ചുകൂടാ. അക്കാലത്ത് നാം കാണുന്നതരം ചില്ലുകണ്ണാടികള്‍ ഉണ്ടായിട്ടില്ല. വൃത്താകൃതിയിലുള്ള ലോഹക്കണ്ണാടി കളേ അക്കാലത്തുള്ളൂ. അപ്പോഴും നമ്മുടെ ഇന്നത്തെ ആറന്മുളക്കണ്ണാടിയുടെ തെളിമയൊന്നും പ്രതീക്ഷിക്കരുത്. മധ്യഭാഗത്തു മാത്രം കുറേ യൊക്കെ വ്യക്തതയോടെ പ്രതിഛായ പ്രതിബിംബി പ്പിക്കാന്‍ പോന്ന, മധ്യം വിട്ട് അരികുകളിലേക്ക് നീങ്ങുമ്പോള്‍ അവ്യക്തമായ പ്രതിരൂപം മാത്രം പ്രദാനം ചെയ്യുന്നതരം ലോഹക്കണ്ണാടികളേ അന്നുണ്ടായിരുന്നുള്ളൂ. അതും, പ്രഭുകുടുംബങ്ങളിലും അന്തഃപുരങ്ങളിലും രാജമന്ദിരങ്ങളിലും മാത്രം!
ആഗ്നസിനുള്ള മൂന്നാമത്തെകത്തില്‍ ഏറ്റവും അവധാനതയോടെ എഴുതപ്പെട്ട ഈ ഭാഗം നാം കാണാതെ പോകില്ല:
'നിത്യതയുടെ കണ്ണാടിക്കുമുന്നിലായി നിന്‍റെ മനസ്സിനെ നീ പ്രതിഷ്ഠിക്കുക,
മഹത്ത്വത്തിന്‍റെ ഉജ്ജ്വലതക്കുമുന്നില്‍ നിന്‍റെ ആത്മാവിനെ നീ ഇരുത്തുക,
ദൈവിക സത്തയുടെ രൂപത്തില്‍ നിന്‍റെ ഹൃദയത്തെ നീ പ്രതിഷ്ഠിക്കുക,
ആഴമാര്‍ന്ന ധ്യാനത്തിലൂടെ (contemplation) ദൈവശിരസ്സിന്‍റെതന്നെ സാദൃശ്യത്തിലേക്ക് നിന്‍റെ പൂര്‍ണ്ണസ്വത്വത്തെ പരിവര്‍ത്തിപ്പിക്കുക'(വാ. 12-13).
നാലാമത്തെ കത്തിലാണ് ക്ലാരയിലെ മിസ്റ്റിക്കിനെ അവളുടെ പ്രഭാപൂര്‍ണ്ണമായ വര്‍ണ്ണരാജി യില്‍ നമുക്ക് കാണാന്‍ കഴിയുക. ജ്ഞാനത്തിന്‍റെ പുസ്തകത്തിലെ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ടാണ് ആഗ്നസിനെ അവള്‍ കണ്ണാടിക്കു മുന്നിലേക്ക് ക്ഷണിക്കുന്നത്. 'അവിടത്തെ നന്മയുടെ പ്രതിരൂപം; ദൈവപ്രവൃത്തിയുടെ നിര്‍മ്മലദര്‍പ്പണം' (ജ്ഞാനം 7: 26) ആ ദര്‍പ്പണത്തില്‍ അനുദിനം നീ നോക്കുക. 'ഓ രാജ്ഞിയും യേശുക്രിസ്തുവിന്‍റെ മണവാട്ടി യുമായവളേ, നിന്‍റെ മുഖം നിരന്തരം നീ അതില്‍ പഠിക്കുക; അങ്ങനെ അകമെയും പുറമെയും മനോഹര വസ്ത്രങ്ങളാല്‍ വിഭൂഷിതയാകാന്‍ നിനക്ക് കഴിയും' - പൂ ചൂടാനും സുകൃതങ്ങളാല്‍ സ്വയം അലങ്കരിക്കാനും നിനക്ക് കഴിയും - എന്നി ങ്ങനെ ക്ലാര അവിടെ കൂടുതല്‍ വാചാലയാകു ന്നുണ്ട്.
എന്നിട്ടവള്‍ തന്‍റെ ദര്‍ശനത്തിന്‍റെ വിശദാംശങ്ങ ളിലേക്ക് ആഗ്നസിനെ നയിക്കുന്നു. "ഈ കണ്ണാ ടിയുടെ ഏറ്റവും അരികുകളില്‍ നീ നോക്കുക." 'പിള്ളക്കച്ചകളില്‍ പൊതിയപ്പെട്ട, പുല്‍ത്തൊട്ടി യിലെ അവന്‍റെ ദാരിദ്ര്യത്തെ നിനക്കവിടെ കാണാം.' 'ഇനി നീ കണ്ണാടിയുടെ കുറച്ചുകൂടി മധ്യഭാഗത്തേക്ക് നിന്‍റെ നോട്ടം നീക്കുക. അവിടെ കാണാറാകുന്ന പവിത്ര വിനയത്തിലും വര്‍ണ്ണനാതീതമായ പീഡാസഹനങ്ങളിലും കുറേനേരം നിന്‍റെ മനസ്സുട ക്കുക. ഇനിയും, കണ്ണാടിയുടെ മധ്യത്തിലെ ആഴത്തിലേക്ക് നീ ദൃഷ്ടികള്‍ ഊന്നുക (contemplate) കുരിശുമരത്തില്‍ തൂങ്ങി ഏറ്റവും നിന്ദ്യമായ മരണം കൈവരിച്ച അവന്‍റെ ആഴമാര്‍ന്ന സ്നേഹത്തിലേക്കാണ് നീ ഇപ്പോള്‍ നോക്കുന്നത്. ആ സ്നേഹം കാരണത്താലാണ് തന്നിലേക്ക് നോക്കാനും തന്നെ പരിഗണിക്കാനും മരത്തില്‍ തറച്ച് തൂക്കപ്പെട്ട ആ കണ്ണാടി അതുവഴി കടന്നു പോകുന്നവരെ ക്ഷണിക്കുന്നത്.' ക്ലാരയുടെ മിസ്റ്റിക്കല്‍ വിവരണം അങ്ങനെയാണ് പുരോഗമിക്കുന്നത്. "സ്വര്‍ഗ്ഗീയ രാജാവിന്‍റെ മഹനീയ രാജ്ഞീ, ഇപ്പോള്‍ മുതല്‍ ആ സ്നേഹാഗ്നിയാല്‍ കൂടുതല്‍ ശക്തമായി നീ ജ്വലിതയാകട്ടെ.
ഇനി അവന്‍റെ നിത്യസൗഭാഗ്യങ്ങളിലേക്ക് നീ മനസ്സ് നീട്ടുക.
'സ്വര്‍ഗ്ഗീയ മണവാളന്‍റെ സൗരഭ്യങ്ങളുടെ ഹൃദയഹാരിതയില്‍ അപ്പോള്‍ നാം അവനോടൊപ്പം പായും.'
'നീ എന്നെ വീഞ്ഞിന്‍റെ നിലവറയില്‍ കൊണ്ടുപോകും വരെ,
നീ നിന്‍റെ ഇടതുകരം എന്‍റെ തലയിണയാക്കും വരെ,
നിന്‍റെ വലതുകരം എന്നെ ആലിംഗനത്തിലേക്ക് വലിച്ചടുപ്പിക്കും വരെ,
നിന്‍റെ അധരം ഏറ്റവും മധുരതരമായ നിന്‍റെ ചുംബനം എന്നിലര്‍പ്പിക്കും വരെ,
ഞാന്‍ ഓടിയാലും തളരില്ല."
- എന്ന് ആത്മാവ് അതിന്‍റെ പ്രാണനാഥന്‍റെ പ്രേമത്തില്‍ അലിയുന്ന ഉത്തമഗീതത്തിന്‍റെ രൂപക ബിംബങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ക്ലാര മിസ്റ്റി സിസത്തിന്‍റെ ഏറ്റവും ഉത്തുംഗ ശൃംഗത്തിലേക്ക് ആഗ്നസിനെയും, നമ്മെയും കൂട്ടിക്കൊണ്ടു പോകുന്നു.
മനുഷ്യാവതാരത്തിന്‍റെ പുല്‍ത്തൊട്ടിയിലെ ദാരിദ്ര്യാവിഷ്ക്കാരത്തില്‍ നിന്നാരംഭിച്ച്, പീഡാസഹനങ്ങളുടെ സ്വയം ശൂന്യവല്ക്കരണത്തിലൂടെ പുരോഗമിച്ച്, കുരിശുമരണത്തിലെ സ്നേഹത്തിന്‍റെ സ്വയം ദാനത്തിലും ബലിയിലും ആണ് ചെന്നു നില്ക്കുന്നത്. അങ്ങനെ ആ പരമ സ്നേഹത്തെ കണ്‍റ്റെംപ്ളേറ്റ് ചെയ്യുമ്പോഴാണ് ആ ദിവ്യസ്നേ ഹത്താല്‍ മനുഷ്യാത്മാവ് ജ്വലിതമാവുക. അവിടെ നിന്നാണ് അവന്‍റെ വാഗ്ദാനങ്ങളുടെയും നിത്യസൗഭാഗ്യങ്ങളുടെയും ധ്യാനാനുഭവത്തിലേക്ക് പ്രവേശിക്കേണ്ടത്. വെറുതെ ചിന്തിക്കുകയോ ഭാവന ചെയ്യുകയോ കിനാവുകാണുകയോ അല്ല അവള്‍. മിസ്റ്റിക്കലായ അത്തരം ഒരനുഭവത്തിലൂടെ അവള്‍ തീര്‍ച്ചയായും കടന്നുപോയിട്ടുണ്ട് എന്നത് നിശ്ചയം.
എന്തുകൊണ്ടായിരിക്കാം അവള്‍ കുരിശെന്ന മരത്തില്‍ ആണിയടിച്ച് തൂക്കിയ ക്രിസ്തുവിനെ കണ്ണാടിയായി കാണുന്നതും അതില്‍ മുഖം നോക്കുന്നതും? പ്രഭുകുമാരിയായ ഒരു യുവതിയെന്ന നിലയില്‍ അവള്‍ തന്‍റെ വീട്ടില്‍ ആയിരിക്കേ സ്വന്തം സൗന്ദര്യം ആസ്വദിക്കാനും അങ്ങനെ തന്നില്‍ ആത്മാഭിമാനം ഉണര്‍ത്താനും തന്നെ ഏറ്റവും സഹായിച്ച വസ്തു എന്ന നിലയിലായിരിക്കുമോ? അതോ തന്‍റെ മുഖത്തെ മാലിന്യവും കുറവുകളും നികത്താന്‍ അത് തന്നെ സഹായിച്ച തുകൊണ്ടാവുമോ? ഇതൊന്നുമാണ് അതിന്‍റെ കാരണം എന്നെനിക്ക് തോന്നുന്നില്ല. ഫ്രാന്‍സിസ്കന്‍ ആത്മീയതയുടെ കേന്ദ്രമാണ് ക്രിസ്ത്വാവ ബോധം. ക്രിസ്തു എല്ലാറ്റിലും എല്ലാവരിലും എന്ന തിരുവചന ബോധ്യമാണത്. എന്തെങ്കിലും ആയിരിക്കുന്നുണ്ടോ (If anything is), അത് ക്രിസ്തുവില്‍ ആണ്. അവനെക്കൂടാതെയും അവന്‍വഴിയും അവനിലും അല്ലാതെ യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്ന ആഴമാര്‍ന്ന ബോധ്യം. അതിനാല്‍, ക്രിസ്തുവിനെ നോക്കുന്ന ഒരോ ദ്രഷ്ടാവും ക്രിസ്തുവിന്‍റെ പ്രതിരൂപം പേറുന്നുണ്ട്. ക്രിസ്തു അവന്‍റെ കുരിശോടുകൂടി എല്ലാവരിലും പതിഞ്ഞു കിടക്കുന്നു. അതിനാല്‍, ക്ലാരയാവട്ടെ, ആഗ്നസാവട്ടെ, ഞാനാവട്ടെ, നീയാവട്ടെ, ക്രിസ്തു വിനെ നോക്കുമ്പോള്‍ കണ്ണാടിയിലാണ് നോക്കുന്നത്. ക്രിസ്തു എന്ന കണ്ണാടിയില്‍ നോക്കുന്ന ഓരോ ആളും തന്നിലെ അവ്യക്തമായ ക്രിസ്തു രൂപത്തെത്തന്നെയാണ് നിദര്‍ശിക്കുന്നത്. ക്രിസ്തു എന്ന കണ്ണാടിയില്‍ മുഖം നോക്കിയാണ് തന്നിലെ ക്രിസ്തുവിന്‍റെ അവ്യക്തരൂപത്തിന് നാം വ്യക്തത വരുത്തേണ്ടത്. അസ്സീസിയിലെ സഹോദരി ക്ലാരയിലെ തപസ്വിനി ആ വഴിയേ ഏറെ ദൂരം നടന്നവളാണ്. അവളുടെ നടപ്പുകളും അവനോടൊ പ്പമുള്ള പാച്ചിലുകളും അവള്‍ക്ക് മടുപ്പേതും ഏറെയതുമില്ല. മരച്ചുവട്ടിലിരുന്ന് കണ്ണാടി നോക്കാന്‍ അവള്‍ നമ്മെയും ക്ഷണിക്കുന്നുണ്ട്!
2023 ആഗസ്റ്റ് 11: തപസ്വിനിയും മിസ്റ്റിക്കുമായ സഹോദരി ക്ലാരയുടെ കടന്നുപോകലിന്‍റെ 770-ാം വാര്‍ഷികം.
ഏവര്‍ക്കും തിരുനാള്‍ മംഗളങ്ങള്‍!