news-details
കവർ സ്റ്റോറി

കട്ടചങ്കുകളുടെ ചങ്കിടിപ്പ്

ചില ബന്ധങ്ങളുടെ ആഴം വെറുംവാക്കുകള്‍ കൊണ്ട് പറഞ്ഞറിയിക്കാന്‍ കഴിഞ്ഞെന്നു വരില്ല. സൗഹൃദം, മനസ്സുകളെ പരസ്പരം കോര്‍ക്കുന്ന ഒരു കാണാചരട്. കൊടുക്കല്‍വാങ്ങലുകളില്ലാതെ, ലാഭനഷ്ടങ്ങളില്ലാതെ, ഹൃദയം ഹൃദയത്തെയറിയുന്ന നേര്.  ആത്മാവിന്‍റെ ഭാഷയാണത്. ഇതിനോളം മാധുര്യമുള്ള മറ്റൊരു വികാരമില്ല. പക്ഷേ ഇന്നിലെ ചില  സൗഹൃദത്തിന് ആത്മാവ് നഷ്ടമാവുന്നപോലെ. പുതിയ സംസ്ക്കാരം ഇന്നിന്‍റെ യുവത്വത്തിനു മുന്നില്‍ തുറന്നുവയ്ക്കുന്ന ചാറ്റ് ജാലകങ്ങളും, മെയിലുകളുംചേര്‍ന്ന് ആത്മാര്‍ത്ഥസൗഹൃദത്തെ തീരെ ചെറുതാക്കുന്നുണ്ടോ?

സ്നേഹം, പ്രണയം, വൈകാരികം, സൗഹൃദം, വാല്‍സല്യം ഇവയൊക്കെ ഒരു പരിധി വരെയെങ്കിലും വര്‍ണനീയം തന്നെയാണ്. എന്നാല്‍ ഇവയ്ക്കും അപ്പുറമുള്ള അവര്‍ണനീയമായ ആത്മബന്ധത്തെ എന്ത് പേര് ഉപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടത്? വര്‍ണനാതീതമായ ഈ ആത്മബന്ധം പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടു പോകുന്നു എന്ന താണ് സങ്കടകരമായ ഒരു വസ്തുത. മറ്റെല്ലാത്തിലും ഉപരിയായി പരസ്പരം തന്നെ തെറ്റിദ്ധരിക്കപ്പെടുന്നു എന്നതാണ് ഏറെ വിഷമകരമായി അനുഭവപ്പെടുന്നതും. ഒരിക്കലും പരസ്പരം അറിയാനിടയില്ലാത്ത, ലോകത്തിന്‍റെ ഏതോ കോണിലുള്ള രണ്ടു ജന്മങ്ങള്‍ മുന്‍ജന്മപ്രേരണയാലെന്നപോലെ സ്വയം അറിയാതെ അടുക്കുമ്പോഴും പരസ്പരം പോലും പറഞ്ഞറിയിക്കാന്‍ കഴിഞ്ഞെന്നു വരില്ല ഈ ആത്മാനുഭൂതി. എന്നെങ്കിലും ഒരിക്കല്‍ സാഹചര്യങ്ങളുടെ പ്രേരണയാല്‍ പരസ്പരം ഒന്ന് വിടപറയാന്‍പോലും നിര്‍വാഹമില്ലാതെ വേര്‍പിരിയേണ്ടിവരുമ്പോഴും മനസില്‍ കാലങ്ങളോളം കെടാതെ കത്തുന്ന കൈത്തിരിയായി തീരുന്നു ഈ അപൂര്‍വ സൗഹൃദങ്ങള്‍..

പുരാണങ്ങളിലും ചരിത്രങ്ങളിലും ഇതിഹാസങ്ങളിലും നിറഞ്ഞ് കാണാം ആഴമേറിയ സൗഹൃദങ്ങള്‍. സുഹൃദ്ബന്ധങ്ങളില്‍ പ്രവാചകരും പുരാണേതിഹാസ നായകന്‍മാരും പുലര്‍ത്തിയിരുന്ന ആത്മാര്‍ത്ഥത കണ്ണുനിറയ്ക്കുന്നവയാണ്.

ഹൈന്ദവ ധര്‍മ്മത്തില്‍ പുരാതന കാലം മുതല്‍ സൗഹൃദങ്ങളും ബന്ധങ്ങളും എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നത് ഒന്ന് ശ്രദ്ധിച്ചാല്‍ സൗഹൃദമെന്ന ആശയത്തിന് പൗരാണികകാലം മുതല്‍ ലഭിച്ചുവന്നിരുന്ന വലിയ സ്വീകാര്യതയെ തിരിച്ചറിയാനാകും.

മഹാഭാരതത്തില്‍, വിവിധ തരത്തിലുള്ള സൗഹൃദങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. അര്‍ജ്ജുന ന്‍റെയും ഭഗവാന്‍ കൃഷ്ണന്‍റെയും സുപരിചിതമായ സൗഹൃദത്തെക്കുറിച്ചും ഭംഗിയായി പരാമര്‍ശിക്കു ന്നുണ്ട്. അത് നര-നാരായണ ബന്ധമാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള അത്യുജ്ജ്വലമായ കര്‍മബന്ധം. അര്‍ജ്ജുനന്‍ ആശയക്കുഴപ്പത്തിലായപ്പോള്‍, പിന്തുണയ്ക്കും വ്യക്തതയ്ക്കും പ്രോത്സാഹനത്തിനുമായി അദ്ദേഹം തന്‍റെ ഉറ്റവനും ദിവ്യനുമായ സുഹൃത്തിലേക്ക് തിരിയുന്നു. ഏതൊരു സൗഹൃദത്തിലും ഒരു ദിവ്യമായ അതീതസൗന്ദര്യം നമുക്ക് ദര്‍ശിക്കാവുന്നതാണ്. നമ്മെ ഉപാധികളില്ലാതെ സ്നേഹിക്കുന്ന സുഹൃത്ത് ദേവതുല്യന്‍ തന്നെ!

കുചേലനും കൃഷ്ണനും തമ്മിലുള്ള സൗഹൃദം അതിരുകളില്ലാത്ത, തളിര്‍പച്ചയുള്ള മനോഹരഭൂമിയെ പോലെയാണ്. ദരിദ്രന്മാരില്‍ ദരിദ്രനായ, സുദാമാവും യാദവകുലത്തിന്‍റെ രാജാവായ നന്ദന്‍റെ മകന്‍ കൃഷ്ണനും തമ്മില്‍ നല്ല കൂട്ടായിരുന്നു. വിദ്യാഭ്യാസം കഴിഞ്ഞതോടെ കൃഷ്ണന്‍ വളര്‍ത്തച്ഛന്‍റെ വീട് വിട്ടു ദ്വാരകയിലേക്കു പോയതോടെ കൂട്ടുകാര്‍ക്കു തമ്മില്‍ കാണാന്‍ സാധിക്കാതെയായി. അങ്ങനെ കാലമേറെ കഴിഞ്ഞു. കൃഷ്ണന്‍ രാജാവായില്ലെങ്കിലും രാജകാര്യങ്ങളും കുടുംബകാര്യങ്ങളുമൊക്കെ നോക്കി കഴിയാന്‍ തുടങ്ങി. എന്നാല്‍ സുദാമാവോ? കൂടുതല്‍ കൂടുതല്‍ ദരിദ്രനായി. കീറിയ വസ്ത്രം ധരിച്ചു മാത്രം കണ്ടുകൊണ്ടിരുന്ന സുദാമാവിന്‍റെ പേര് തന്നെ എല്ലാവരും മറന്നു. പകരം കു'ചേലന്‍' എന്ന പേരായി. പത്നി സുശീലയുടെ ആവശ്യ പ്രകാരം മടിച്ചുമടിച്ചാണെങ്കിലും സുദാമാവ് തന്നാല്‍ കഴിയുന്ന, അവില്‍ നനച്ചതുമായി കൃഷ്ണനെ കാണാന്‍ പോയി. കുചേലന്‍റെ തലവെട്ടം ദൂരെക്കണ്ട് കൃഷ്ണന്‍ മട്ടുപ്പാവില്‍ നിന്നോടിയ ആ ഓട്ടവും, കൃഷ്ണന്‍റെ വരവ് കണ്ടമ്പരന്നു നിന്ന കുചേലന് ലഭിച്ച സ്വീകരണവും, അവില്‍പ്പൊതിതട്ടിപ്പറിച്ചെടുത്ത് കൃഷ്ണന്‍ വാരിവാരിത്തിന്നതും, രുക്മിണി 'മതിയെന്‍റെ കൃഷ്ണാ'യെന്ന് പറഞ്ഞതും ചന്തമേറിയ സൗഹൃദ കഥയാണ്. 'മാറത്തെവിയര്‍പ്പു വെള്ളം കൊണ്ട് നാറും സതീര്‍ഥ്യനെ/മാറത്തുണ്മയൊടുചേര്‍ത്തു ഗാഢം പുണര്‍ന്നു' എന്ന രാമപുരത്തുവാര്യരുടെ വരികള്‍ മാത്രം മതി ആ സൗഹൃദത്തിന്‍റെ വ്യാപ്തി അറിയാന്‍.

പല ഭാരതീയ നൃത്തരൂപങ്ങളും രണ്ട് സ്ത്രീകള്‍ തമ്മിലുള്ള ഉറ്റ സൗഹൃദത്തെ ചിത്രീ കരിക്കുന്നതായി കാണാം. നായികയായ സ്ത്രീയും അവളുടെ സഹകാരിയായ സഖിയും. മദനനെ ഓര്‍ത്തുഴലുന്ന ലീലയ്ക്കുവേണ്ടി തോഴിയായ മാധവിയെയാണ് കുമാരനാശാന്‍ അയയ്ക്കുന്നത്. അവള്‍ തിരിച്ചുവന്ന് പറയുന്ന വാക്കുകള്‍ മലയാളിയുടെ കാതിനിമ്പമായി: 'പ്രണയപരവശേ ശുഭം നിനക്ക്, ഉണരുക, ഉണ്ടൊരു ദിക്കില്‍ നിന്‍ പ്രിയന്‍!'

സൗഹൃദത്തെയും സ്നേഹബന്ധങ്ങളെയും സ്വന്തം താല്പര്യങ്ങള്‍ക്കനുസരിച്ചു സൗകര്യ പൂര്‍വം ഓര്‍ക്കുകയും മറക്കുകയും ചെയ്യുന്ന ഒരുകൂട്ടമാളുകളില്‍ നിന്നും വ്യത്യസ്തമായി മഗ്ദലനമറിയത്തിന്‍റെയും യേശുവിന്‍റെയും ദിവ്യമായ സ്നേഹസൗഹൃദം നിലനില്‍ക്കുന്നു. 'ഏതുതരം സ്ത്രീയാണ്  ഇവള്‍ എന്ന് അറിയാമോ' എന്ന്  വിമര്‍ശിക്കുന്ന ശിമയോനോട് യേശു പറയുന്നത് ഇതാണ് 'ശിമയോനെ, ഇവളെക്കാള്‍ വലിയ സ്നേഹം ഭൂമിയില്‍ ആര്‍ക്കുമില്ല.'  ഇതിനേക്കാള്‍ വലിയൊരു വാഴ്ത്ത്  ഈ ഭൂമിയില്‍ ആര്‍ക്കെങ്കിലും കാംക്ഷിക്കേണ്ടതായിട്ടുണ്ടോ?

കുറ്റാരോപണങ്ങളുടെ നെരിപ്പോടില്‍ വെന്തു നീറിയ ജീവിതത്തില്‍, കരുണയുടെ സ്നേഹ സ്പര്‍ശം കൊണ്ട് ആ നീറ്റലിനെ ശമിപ്പിച്ച ക്രിസ്തുവിനോട് പാപിനിയായ സ്ത്രീക്ക് കനല്‍ കെടാത്ത സ്നേഹമായിരുന്നു. 'ആരും നിന്നെ വിധിച്ചില്ലേ, ഞാനും നിന്നെ വിധിക്കുന്നില്ല' എന്ന ഗുരുവിന്‍റെ തിരുമൊഴികളെ അവളുടെ ജീവിതത്തിന്‍റെ വരമൊഴിയായി അവള്‍ മാറ്റി. സ്ത്രീക്കും പുരുഷനുമിടയില്‍ രൂപപ്പെടാവുന്ന ഗാഢവും നിര്‍മ്മല വുമായ ചില സ്നേഹബന്ധങ്ങള്‍ ഉണ്ടല്ലോ... ചപലതകളുടെ കല്ലറയില്‍ നിന്നും വിശുദ്ധിയുടെ ജീവിതത്തിലേക്ക് അവള്‍ ഉത്ഥാനം ചെയ്തു. പ്രത്യാശയുടെ ചിറകുകളുമായി അവള്‍ പറന്നുയര്‍ന്നു.'മണ്ണ് ശുദ്ധം, മഴയും ശുദ്ധം. പിന്നെയെ ങ്ങനെ ചെളി ഉണ്ടായി...?'  മണ്ണും മഴയും ചേര്‍ന്ന് രൂപപ്പെടുത്തുന്ന പനിനീര്‍പ്പൂക്കളെ എന്തേ കാണാതെ പോകുന്നു....

മതങ്ങളിലും വിശ്വാസങ്ങളിലും സൗഹൃദങ്ങള്‍ക്കും ആത്മാര്‍ത്ഥതയ്ക്കും ഒരേ സ്വരമാണ്, ഒരേ രൂപമാണ്. യഥാര്‍ത്ഥസുഹൃത്തുക്കള്‍ വജ്രം പോലെയാണ്. അത് അമൂല്യവും അപൂര്‍വവുമാണ്. എന്നാല്‍ കപടസൗഹൃദം ശരത്കാല ഇലകള്‍ പോലെയാണ്, അവ എല്ലായിടത്തും കാണപ്പെടുന്നു.

കാരൂര്‍ കഥകള്‍ എനിക്കെന്നും പ്രിയപ്പെട്ടതാണ്. വരികളിലെ ലാളിത്യമാവാം അല്ലെങ്കില്‍ നമുക്ക് ചുറ്റുമുള്ള, നമുക്കേറെ പരിചയമുള്ള ആരുടെയൊ ക്കെയോ ജീവിതങ്ങള്‍ അതില്‍ പ്രതിഫലിക്കുന്നത് കൊണ്ടുമാവാം. കാരൂരിന്‍റെ കഥകള്‍ പകുതി വായനയില്‍ ഉപേക്ഷിച്ചു പോകാന്‍ ഒരിക്കല്‍പോലും തോന്നിയിട്ടില്ല. അക്ഷരങ്ങള്‍ വലിച്ചടിപ്പിക്കും പോലെ തോന്നും...

ആദ്യമൊരു ദൃശ്യാവിഷ്കാരമായും പിന്നീട് അക്ഷരങ്ങളായിട്ടുമാണ് കാരൂരിന്‍റെ 'മോതിരം' എനിക്ക് മുന്നിലെത്തുന്നത്. ഇപ്പോഴുമുണ്ട് ഉള്ളിലൊരു നീറ്റല്‍.. ചില സ്ത്രീപുരുഷ ബന്ധങ്ങളെ സൗഹൃദമെന്നോ, പ്രണയമെന്നോ, അനുകമ്പയെന്നോ, ആരാധനയെന്നോ ഒക്കെ പേരിട്ടു വിളിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.

എഴുപത്തഞ്ചു വയസുള്ള ആനക്കാരന്‍ കുഞ്ചു നായര്‍ക്ക് ഒടുക്കത്തെ ആനക്കമ്പം ആണ്. അമ്പല പ്പുഴ ആറാട്ടിനു ഭ്രാന്തിളകിയ ബാലഗോപാലനെ തളച്ചിട്ട് തുപ്പന്‍ നമ്പൂതിരിയോട് ഞാന്‍ ഇവനെ നോക്കിക്കോളാം മനയ്ക്കലെ ആനക്കാരനായി എന്ന പറച്ചില്‍ കേള്‍ക്കുമ്പോഴേ മനസിലാകും ആനപ്രാന്തന്‍ ആണെന്ന്. അല്ലാതെ വരില്ലല്ലോ, അതല്ലേ ബാലഗോപാലന്‍ കൊമ്പ് കൊണ്ട് കുത്തി കുസൃതി കാണിച്ചിട്ടിട്ടും സ്നേഹം കുറയാത്തത്. ആ ആനപ്രാന്തിന്‍റെ പ്രതീകമാണല്ലോ വീടിന്‍റെ ആകൃതിയില്‍ ഉള്ള തടിപ്പെട്ടിയില്‍ പ്ലാവിന്‍ പലക കൊണ്ട് തീര്‍ത്ത ആനയുടെ രൂപം. അതും കൊമ്പും നഖവും വെള്ളി കൊണ്ടുണ്ടാക്കിയത്.

തുപ്പന്‍ നമ്പൂതിരിയുടെ വിധവ കുഞ്ഞിക്കാവമ്മയുടെ സാമീപ്യം കുഞ്ചുനായര്‍ക്ക് ഒരു പുത്തന്‍ ഉണര്‍വാണ് നല്‍കിയത്. തെക്കേ ചായ്പ്പില്‍ ഒരടി പൊക്കമുള്ള കയറ്റു കട്ടിലില്‍ ഇരുന്ന് ശോഷിച്ച കാലില്‍ കുഴമ്പ് തേച്ചും ചകിരി നാരുകൊണ്ട് കയറു നെയ്തും പിച്ചളക്കെട്ട് മിനുക്കിയും കഴിഞ്ഞിരുന്ന കുഞ്ചുനായര്‍ക്ക് അങ്ങനെ മിണ്ടാനും പഴയ കാലം ഓര്‍ത്തെടുക്കാനും ഒരു കൂട്ട് കിട്ടുന്നു.

അമ്പാടി മനയ്ക്കലെ തുപ്പന്‍ നമ്പൂതിരിയുടെ വിധവയായ അറുപത്തഞ്ച് വയസുള്ള കുഞ്ഞിക്കാ വമ്മയും ഭാര്യ നഷ്ടപ്പെട്ട കുഞ്ചു നായരുടെയും അടുപ്പത്തെ പ്രണയമെന്ന് വിളിക്കുന്നത് കുറ്റമായി പ്പോകും.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ആനക്കാരന്‍ കുഞ്ചു നായര്‍ തീവെട്ടിയുടെ വെട്ടത്തില്‍ പച്ച റൗക്കയുമിട്ടു, കസവുകരയുള്ള മുലക്കച്ചയും കെട്ടിയ കുഞ്ഞിക്കാവമ്മയുടെ മുഖം ഇന്നലത്തെ പോലെ ഓര്‍ത്തിരിക്കുന്നത്എന്തിനാവും? അന്ന് നാഗപടം മാലയും വെള്ളക്കല്ലു പതിച്ച മൂക്കുത്തിയും അണിഞ്ഞ് നിന്ന കുഞ്ഞിക്കാവമ്മയെ കുഞ്ചുനായര്‍ എന്തിനാവും സ്വയം മറന്ന് നോക്കിനിന്നത്? പ്രണയമാകാം.

അരുതാത്തത് ആഗ്രഹിച്ചു കൂടെന്ന് ഉള്ളിലാരോ ഇരുന്ന് മുറവിളി കൂട്ടുംവരെ, കുറച്ചു നേരം മാത്രം തോന്നിയ ഒരു പ്രണയം.. അതിന്‍റെ ബാക്കി പത്രമായിട്ടാകുമോ കുഞ്ചുനായര്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം മോതിരമൂരി കുഞ്ഞിക്കാവമ്മയുടെ വിരലില്‍ അണിയിക്കുന്നത്? സ്വര്‍ണ്ണമോതിരം ഇട്ട കൈകൊണ്ട് മുഖത്തു വെള്ളം തളിച്ചാല്‍ ആരോഗ്യ ത്തിനു നല്ലതാത്രെ. ആ മോതിരമല്ലേ കുഞ്ചുണ്ണി നായര്‍ കുഞ്ഞിക്കാവമ്മയ്ക്ക് നല്‍കിയത്. അപ്പൊ അയാള്‍ എന്തോ തന്‍റെ ആരോഗ്യത്തെകുറിച്ച് വേവലാതിപ്പെട്ടില്ല. പിന്നെ ഒരിക്കല്‍ കുഞ്ചുനായര്‍ മരണപ്പെടുന്നു. അത് മോതിരത്തിന്‍റെ അസാന്നിധ്യം കൊണ്ടാണോ എന്ന് പൊട്ടബുദ്ധിയില്‍ ആരും വെറുതെ ചിന്തിച്ചു പോകും..

മരിച്ചതിന്‍റെ ദുഃഖമൊന്ന് തണുത്തപ്പോള്‍ മക്കള്‍ കുഞ്ചുവമ്മാവന്‍റെ കയ്യില്‍കിടന്ന മോതിരം അന്വേഷിക്കാന്‍ തുടങ്ങി. വല്ലവരും തട്ടിക്കൊണ്ടു പോയിരിക്കാമെന്ന് സന്ദേഹിക്കുന്നു. മോതിരത്തോടു ചേര്‍ത്ത് പലതും ആലോചിച്ചുകൂട്ടുന്നു. എന്നാല്‍ ആ മോതിരം വാര്‍ദ്ധക്യത്തിന്‍റെ പുഴ കടന്ന് എങ്ങോട്ടോ പോകുകയാണ്.

കുഞ്ഞിക്കാവമ്മയുടെയും കുഞ്ചുനായരുടെയും അടുപ്പത്തെ എങ്ങനെ നിര്‍വചിക്കണം എന്നെനിക്ക് അറിയില്ല. പ്രണയമെന്ന് വിളിച്ചാല്‍ അത് പാപമായിപ്പോകും. മനയ്ക്കലെ തമ്പ്രാട്ടിയോടുള്ള ആ പഴയ ആനക്കാരന്‍റെ ബഹുമാനമായി തന്നെ അത് ഇരിക്കട്ടെ..

ചില സൗഹൃദങ്ങള്‍ അപ്പൂപ്പന്‍താടി പോലെയാണ്. എവിടെ നിന്നെന്നറിയാതെ പറന്നു വരും. ലാഘവത്തോടെ ജീവിതത്തെ സ്പര്‍ശിച്ച് സന്തോഷം നല്‍കി എങ്ങോട്ടോ യാത്രയാവും. നാമാകട്ടെ ഒരു കുട്ടിയുടെ മനസ്സുമായി അപ്പൂപ്പന്‍താടിയെ കാത്തിരിക്കും ...
ലോകം മുഴുവന്‍ സുഹൃത്തുക്കള്‍ ഇല്ലെങ്കിലും ഉള്ളത്, ആത്മാര്‍ത്ഥതയോടെ നിലനിര്‍ത്താന്‍ കഴിയട്ടെയെന്ന് ഈ സൗഹൃദദിനത്തില്‍ ആശംസിക്കുന്നു. കട്ടചങ്കുകള്‍ക്ക് ചങ്കിടിപ്പായി എന്നും നിലകൊള്ളുക. ലോകം കൊതിക്കട്ടെ, നിങ്ങളുടെ സൗഹൃദത്തിനോളം വലിപ്പമില്ലല്ലോ എന്ന് പരിഭവിക്കട്ടെ.

ജീവിതത്തില്‍ രണ്ടായി പിരിയുന്ന വേളയില്‍ ഓട്ടോഗ്രാഫില്‍ പല വാചകങ്ങളും കുറിച്ച് വെക്കാ റുണ്ടെങ്കിലും, അതില്‍ മിക്ക സൗഹൃദങ്ങളും ജീവിതത്തിന്‍റെ തിരക്കുള്ള മോടിയില്‍ ഒരു മൂലയിലേക്ക് ഒതുങ്ങിപ്പോകാറുണ്ട്. നല്ല സമയങ്ങളിലും മോശം സമയങ്ങളിലും രോഗത്തിലും ആരോഗ്യത്തിലും യഥാര്‍ത്ഥസുഹൃത്തുക്കള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ പരസ്പരം കൂടെ നില്‍ക്കും. യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ഒരിക്കലും അവസരവാദികളല്ല. 'ഈ ലോകം മുഴുവന്‍ നടന്നകന്നാലും യഥാര്‍ത്ഥ സുഹൃത്ത് നമ്മിലേക്ക് നടന്നടുക്കും' എന്നത് എത്ര മനോഹരമായ പ്രയോഗമാണ്!

വേറെ ചില സൗഹൃദങ്ങള്‍ ഗുല്‍മോഹര്‍ പോലെയാണ്. വരണ്ടതും വിവര്‍ണ്ണവുമായ ജീവിതത്തില്‍ അരുണിമയേറ്റി പെട്ടെന്നൊരു ദിവസം അവര്‍ ജീവിതത്തെ നിറത്തില്‍ കുളി പ്പിക്കും. ഒടുവില്‍ പൊഴിഞ്ഞു  വീണ ഗുല്‍മോഹര്‍ പൂവിതളുകള്‍ വഴിയില്‍ ചുവന്ന പരവതാനി വിരിച്ചിടുന്ന പോലെ സൗഹൃദത്തിന്‍റെ പരവതാനി വിരിച്ചവര്‍ യാത്രയാവും, അടുത്ത വേനലില്‍ വീണ്ടും പൂത്തുലയാന്‍.

ചില സൗഹൃദങ്ങളാകട്ടെ അഗ്നിപര്‍വ്വതം പോലെ ഉള്ളിലങ്ങനെ പുകഞ്ഞുകൊണ്ടിരിക്കും. ലാവയായ് പുറത്തു ചീറ്റി വന്ന് അത് എന്നെയും നിന്നെയും ഉരുക്കിക്കളയും...

മറ്റു ചില സൗഹൃദങ്ങള്‍ മഞ്ഞു പോലെയാണ്. മനസ്സില്‍ ഒരു തണുപ്പുമായ് അവ പെയ്തിറങ്ങും. ഒടുവില്‍ നാം പോലുമറിയാതെ അലിഞ്ഞില്ലാതെയാകും...

കുളിര്‍നിലാവുപോലെ പരന്നു നില്ക്കുന്ന സൗഹൃദങ്ങളുണ്ട്. അവയെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ പോരാ!

വേനലിലെ സൂര്യനെപ്പോലെ ചുട്ടുപൊള്ളിയ്ക്കുന്ന സൗഹൃദങ്ങളുമുണ്ട്. എത്ര വേനല്‍മഴ പെയ്താലും ഒട്ടും കുറയാത്ത ചൂടുപോലെ അതങ്ങനെ നില്ക്കും ഏറ്റക്കുറച്ചിലില്ലാതെ...

മഴയായ്പെയ്തിറങ്ങുന്ന സൗഹൃദങ്ങള്‍ കണ്ണീരിനെ ഒഴുക്കിക്കളഞ്ഞ് പുതുജീവന്‍ നല്കുന്നു. വരണ്ട മനസ്സിനും ജീവനും പുത്തനുണര്‍വ്വ് നല്കുന്നു... ഇടവപ്പാതിയായും തുലാവര്‍ഷമായും പെയ്തിറങ്ങി നമ്മെ നാമായ്ത്തന്നെ നിലനിര്‍ത്തുന്നു.

വേറെ ചില സൗഹൃദങ്ങള്‍ വേനലിലെ കാറ്റു പോലെയാണ്. വീശിയാലും ഇല്ലെങ്കിലും അത് മനസ്സിനെ വലച്ചുകൊണ്ടിരിക്കും ... ഇടയ്ക്ക് ആശ്വാസമായും മറ്റു ചിലപ്പോള്‍ വേവലാതിയായും അതങ്ങനെ കറങ്ങി നില്പുണ്ടാവും.

ചില സൗഹൃദങ്ങള്‍ വായുവിനെ പോലെയാണ്. കാണാന്‍ കഴിയില്ലെങ്കിലും അതെപ്പോഴും കൂടെ യുണ്ടാകും. ഈ സൗഹൃദമില്ലാതായാല്‍ നാമും ഇല്ലാതാവും.ലോകം മുഴുവന്‍ സുഹൃത്തുക്കള്‍ ഇല്ലെങ്കിലും ഉള്ളത്, ആത്മാര്‍ത്ഥതയോടെ നിലനിര്‍ത്താന്‍ കഴിയട്ടെയെന്ന് ഈ സൗഹൃദദിനത്തില്‍ ആശംസിക്കുന്നു.  ജീവിതം തന്നെ നിലനിര്‍ത്തുന്ന ഇത്തരം സൗഹൃദങ്ങളത്രേ എന്നെയും നിന്നെയും കൂട്ടിയിണക്കി നിര്‍ത്തുന്നത് - ശ്വാസവും ജീവനും പോലെ!

You can share this post!

മരച്ചുവട്ടില്‍ അവള്‍ കണ്ണാടി നോക്കുന്നു!

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts