'നന്മകള്‍ നമുക്കു നിരസിക്കുവാന്‍ നമ്മില്‍ കാരണങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്നു ദൈവം നോക്കി. കാരണങ്ങള്‍ കണ്ടെത്തുവാന്‍ പ്രയാസമുണ്ടായില്ല. തന്‍റെ വാഗ്ദാനങ്ങള്‍ നമുക്കേകുവാന്‍ അര്‍ഹത നമ്മിലെന്തെന്ന് അവന്‍ അന്വേഷിച്ചു; യാതൊന്നും കണ്ടില്ല.'
ഹിപ്പോയിലെ മെത്രാനും വേദശാസ്ത്രപണ്ഡി തനുമായിരുന്ന വി. അഗസ്തീനോസിന്‍റെ ഈ ആത്മവിചാരം മാനവരാശിയെയാകെ ആത്മാന്വേഷണത്തിനു പ്രേരിപ്പിക്കണം. നമ്മുടെ യോഗ്യതകളാരയുന്ന ആത്മവിമര്‍ശനാത്മകമായ ആന്തരനോട്ടങ്ങളിലാണ് ദൈവാശ്രയത്വം വളരുന്നത്. ഉള്ളിലേക്കുള്ള നോട്ടത്തിലൂടെ ഉരുത്തിരിയുന്ന തിരിച്ചറി വില്‍ 'കര്‍ത്താവേ, ഞാന്‍ പാപിയാണ്' (ലൂക്കാ 5, 8) എന്നുറക്കെ പറഞ്ഞവനെ ചേര്‍ത്തുനിര്‍ത്തി, കൂടെനടത്തി ശിഷ്യപ്രമുഖനാക്കിയ ദൈവപുത്രന്‍ ആത്മനോട്ടങ്ങളിലൂടെ സാധ്യമാകുന്ന ആത്മീയോന്നതിയെ അടയാളപ്പെടുത്തുകയാണ്.
വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ വാര്‍ത്തകളാകുന്ന കാലമാണിത്. അര്‍ഹതയില്ലാത്തതു നേടിയെടുക്കാനുള്ള വ്യഗ്രതയില്‍ കാണാതെപോകുന്നതും കൈയൊഴിയുന്നതും ധാര്‍മ്മികമൂല്യങ്ങളെയാണ്. ജീവിതാലച്ചിലുകളില്‍ ഉഴറിയ ഒരമ്മയുടെയും മകന്‍റെയും കഥ കേട്ടുപഴകിയതാണ് (പഴകുമ്പോളാണല്ലോ വീര്യമേറുക!). ഉപജീവനം തേടിയുള്ള യാത്രയില്‍ വഴിയരികില്‍ വീണുകിടന്ന തേങ്ങയില്‍ അമ്മയുടെ കണ്ണുടക്കുന്നു. ഇരുവശവും കണ്ണയച്ച് ആരും കാണുന്നില്ലെന്നുറപ്പാക്കി ആ തേങ്ങയു മെടുത്ത് അവള്‍ ചുവടുകള്‍വെക്കവേ മകന്‍റെ ചോദ്യമെത്തുകയാണ്: "അമ്മേ, അതെടുക്കുംമുമ്പ് അമ്മ മുമ്പിലും പിറകിലും നോക്കി. മുകളിലേക്കു നോക്കാന്‍ മറന്നതെന്തേ?"
അമ്മയുടെ കണ്ഠമിടറുകയാണ്; കണ്ണുകള്‍ നിറയുകയും.
മുകളിലേക്കുള്ള ചില നോട്ടങ്ങള്‍ നമ്മുടെ ജീവിതങ്ങളെയും ചുറ്റുപാടുകളെയും സ്വര്‍ഗ്ഗീയമാക്കാനിടയുണ്ട്. ചുറ്റുപാടുകളിലേക്കു മാത്രം നമ്മുടെ നോട്ടങ്ങള്‍ ചുരുങ്ങുമ്പോള്‍ അഥവാ ദൈവത്തിങ്കലേക്കുള്ള നോട്ടങ്ങള്‍ കുറയുമ്പോള്‍ പത്രോസിനെ പ്പോലെ കടലാഴങ്ങളില്‍ നാമും കൈകാലിട്ടടിക്കേണ്ടി വരും. വ്യാജം ചമച്ചും നടിച്ചും ലോകദൃഷ്ടിയില്‍ പലതുമാര്‍ജിക്കാം. പക്ഷേ, സ്വര്‍ഗ്ഗവും സ്വര്‍ഗ്ഗീയസാക്ഷ്യവും നമുക്ക് അന്യമാവുമെന്നുറപ്പ്. സ്വര്‍ഗ്ഗത്തിന്‍റെ സാക്ഷ്യപത്രങ്ങള്‍ ക്രിസ്തുജീവിതത്തില്‍ ആവര്‍ത്തിക്കുന്നുണ്ട്. 'ഇവന്‍ എന്‍റെ പ്രിയ പുത്രന്‍' (മര്‍ക്കോ. 1,11; 9,7) എന്ന സ്വര്‍ഗ്ഗീയസാ ക്ഷ്യമാണ് ജീവിതവഴികളില്‍ ദൈവപുത്രന്‍റെ കൈമുതല്‍. പിതാവിന്‍റെ പ്രവൃത്തികളെ ജീവിത മാക്കി പുത്രന്‍ ഈ സാക്ഷ്യങ്ങളെ അന്വര്‍ത്ഥമാക്കുന്നു. 'ദൈവകൃപ നിറഞ്ഞവള്‍' (ലൂക്ക 1, 28) എന്നതാണു മറിയത്തിനു മാലാഖ നല്കുന്ന സാക്ഷ്യപത്രം. നന്മ നിറഞ്ഞവള്‍ എന്നും ഈ സാക്ഷ്യത്തെ പരാവര്‍ത്തനപ്പെടുത്തിയിട്ടുണ്ട്.
ചിന്തകളെയും കര്‍മ്മങ്ങളെയും നന്മകളാല്‍ നിറയ്ക്കുമ്പോള്‍ ജീവിതം ദൈവകൃപ നിറഞ്ഞതാകും. അതല്ലെങ്കില്‍ ജീവിതം നന്മകളാല്‍ നിറയണമെങ്കില്‍ ദൈവകൃപ കൂടിയേ തീരൂ. അറിയിക്കാതെ ചെയ്യുന്ന നന്മകളുടെ മിഴിവാണ് ദൈവത്തോടടുപ്പിക്കുക, ചെയ്യുന്നവരെയും സ്വീകരിക്കുന്നവരെയും.
നല്ലവനെന്നു സുവിശേഷം വിളിക്കുന്നൊരു സമറിയാക്കാരനുണ്ട് (ലൂക്കാ 10, 25-37). പ്രശ സ്തിയോ പ്രതിഫലമോ ഇച്ഛിക്കാതെ നന്മ ചെയ്തു കടന്നുപോയൊരുവന്‍. സുവിശേഷങ്ങള്‍ വരച്ചിടുന്ന ക്രിസ്തുചിത്രവും സമാനമാണ് (മത്താ. 9, 35). ക്രിസ്തുവിലും നല്ല സമറിയാക്കാരനിലും കാണുന്ന സമാനത മനസ്സലിവ് എന്ന ഗുണമാണ്. പിതാവിന്‍റെ കരുണാസ്വഭാവത്തെ കുറിക്കുന്ന ലൂക്കാ 6,36-നെ മലയാളീകരിക്കുമ്പോള്‍ കരുണയെന്ന പദത്തിനുപകരം ചില വിവര്‍ത്തകര്‍ ചേര്‍ത്തുവെക്കുന്ന പദവും മനസ്സലിവെന്നതാണ്. 'നിങ്ങളുടെ പിതാവു മനസ്സലിവുള്ളവന്‍ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവര്‍ ആകുവിന്‍.' ഈ മനസ്സലിവിനെ ജീവിതമാക്കുന്നവര്‍ക്കു സ്വര്‍ഗ്ഗം നല്കുന്ന സാക്ഷ്യമാണ് 'നന്മ നിറഞ്ഞവര്‍' എന്നത്.
മനസ്സുള്ളവരുടെ വലിയ നന്മ അപരന്‍റെ ഉള്ളു കാണാനുള്ള ശേഷിയാണ്; കാനായിലെ കുടുംബ ത്തിന്‍റെ പ്രതിസന്ധി കണ്ടറിഞ്ഞ മറിയത്തെ പ്പോലെ. ആ ദുഃഖം കണ്ടറിയുമ്പോള്‍ അവരറിയാതെ പരിഹാരമാര്‍ഗം തേടുന്ന മറിയമാണ് പരസ്യജീവിതത്തില്‍ പുത്രനു മാതൃകയാകുന്നത്. ചെയ്തുപോയ നന്മകള്‍ അറിയാക്കഥകളായി അവശേഷിപ്പിച്ചവളായിരുന്നിരിക്കണം മറിയം. പുത്രനുമായി ബന്ധപ്പെട്ടതല്ലാതെ അവളുടെ കഥകള്‍ നാം കാണുന്നതേയില്ല. സ്വര്‍ഗ്ഗം 'നന്മ നിറ ഞ്ഞവള്‍' എന്നു സാക്ഷ്യപ്പെടുത്തിയവളുടെ നന്മകള്‍ അതിലൊതുങ്ങുക സാധ്യമല്ലല്ലോ. പ്രശസ്തി യോ പ്രചാരമോ നന്ദിവാക്കുപോലുമോ പ്രതീക്ഷിക്കാതെ നന്മ വിതറുക. ദൈവസ്നേഹം ഉള്ളിലൂറിയാല്‍ പിന്നെ നാം നന്മ ചെയ്യുന്നതു ഫലകാംക്ഷക ളാലാകില്ല. സദാ പ്രവര്‍ത്തനനിരതമായ ആത്മാവ് അതിന്‍റെ സ്വഭാവം പ്രകടിപ്പിക്കുന്നുവെന്നു മാത്രം. ചെയ്തുപോയ നന്മകളുടെ അറിയാക്കഥകള്‍ മരണാനന്തരം വെളിപ്പെട്ടപ്പോള്‍ മലയാളക്കരയാകെ ഒരു നേതാവിനെ നെഞ്ചേറ്റിയ കാഴ്ചയ്ക്ക് ഏതാനും ദിനങ്ങളുടെ പ്രായമേയുള്ളു.
നന്മനിറഞ്ഞ ജീവിതങ്ങളുടെ സവിശേഷത അവ എളിമയുടേതുമാണെന്നതാണ്. 'എല്ലാ നന്മകളെയും കോര്‍ത്തിണക്കുന്ന ചരടാണ് എളിമ'യെന്ന് വി. ജോണ്‍ മരിയ വിയാനി. നന്മ നിറഞ്ഞവളേയെന്ന് സ്വര്‍ഗ്ഗം വിളിക്കുമ്പോള്‍ മറിയത്തിന്‍റെ മറുപടി വിനയം നിറഞ്ഞതാണ്. ദൈവപുത്രന്‍റെ മാതൃപദവിയിലും അവള്‍ സ്വയം വിശേഷിപ്പിക്കുക കര്‍ത്താവിന്‍റെ ദാസിയെന്നാണ്.
അധികാരമഹിമകള്‍ സംബന്ധിച്ച ലോകബോധങ്ങള്‍ തകരുകയാണിവിടെ. ശക്തന്മാരെ സിംഹാസനത്തില്‍നിന്നു മറിച്ചിടുന്നതും സമ്പന്നരെ വെറുംകൈയോടെ പറഞ്ഞയയ്ക്കുന്നതും എന്നാല്‍ എളിയവരെ ഉയര്‍ത്തുന്നതും വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍കൊണ്ടു സംതൃപ്തരാക്കുന്നതുമായ (ലൂക്കാ 1, 52-53) പുതുബോധം ലൗകിക തയ്ക്കു തിരിയാത്ത സ്വര്‍ഗ്ഗീയാദര്‍ശമാണ്. വലിപ്പച്ചെറുപ്പങ്ങളുടെ മാനുഷിക മാനദണ്ഡങ്ങള്‍ അപ്രസക്തമാകുന്ന ഈ പുതിയ ക്രമമാണു ദൈവരാജ്യം. അധികാരമല്ല, ശുശ്രൂഷയാണ് ഇവിടെ ധര്‍മ്മമാകു ന്നത്. വചനത്തെ ഉടലിലും ആത്മാവിലും സംവഹി ക്കുകയെന്നതാണ് നന്മനിറഞ്ഞ ജീവിതത്തിലേക്കുള്ള എളുപ്പവഴി. ആത്മാവിലാര്‍ജിക്കുന്ന വചനം ചിന്തകളെ ദൈവികമാക്കും; ഉടല്‍രൂപമാര്‍ ജിക്കുന്ന വചനമാകട്ടെ സ്നേഹമായി പരക്കും. വചനം ഹൃദയം തുറക്കുന്നതും കരങ്ങള്‍ വിടര്‍ത്തു ന്നതുമായ അത്ഭുതം വിരിയുന്നതിവിടെയാണ്. നന്മ ജീവിതാദര്‍ശമാകുമ്പോള്‍ ജീവിതം സുവിശേഷമാകും. മറിയത്തിന്‍റെ നന്മകളുടെ ധ്യാനം നമ്മുടെ ജീവിതങ്ങളെയും നന്മ നിറഞ്ഞതാക്കണം.
'പാപികള്‍ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണനേരത്തും തമ്പുരാനോട് അപേക്ഷിക്കണമേ.' എന്നതാണു മറിയത്തോടുള്ള നമ്മുടെ നിരന്തര പ്രാര്‍ത്ഥനകളിലൊന്ന്. മരണനേരങ്ങളെ നന്മയുടെ, സ്നേഹത്തിന്‍റെ അറിയാക്കഥകളുടെ നിറവാക്കി മാറ്റാന്‍ പരി. അമ്മയുടെ മാധ്യസ്ഥ്യം നമ്മെ സഹായിക്കട്ടെ.