സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടില്‍ എന്നിവരാണ് ലോകം കണ്ട നലംതികഞ്ഞ മൗലികരായ തത്വചിന്തകര്‍. അവരുടെ ചുവടു പിടിച്ചു മാത്രമേ ഏതു തത്വചിന്തയ്ക്കും ഇന്നും നിലനില്‍ ക്കാനാകൂ; ഒന്നുകില്‍ അവരെ അനുകൂലിച്ചും, അല്ലെങ്കില്‍ അവരെ പ്രതികൂലിച്ചും. ഏതോ ഒരു നിമിത്തമെന്നോണം വേണം ഇവര്‍ മൂവരും ഒരേ നാട്ടില്‍ ഗുരു-ശിഷ്യ പരമ്പരയായി തന്നെ ജീവിച്ചത്. അത്രമാത്രം ലോകത്തെയും തത്വചിന്തയെയും എന്തി നേറെ നമ്മുടെ വ്യവഹാരങ്ങളെയും ഒരുപക്ഷെ നമ്മളറിയാതെ തന്നെ നമ്മുടെ വ്യക്തിത്വങ്ങളെയും ഇവര്‍ മൂവരും, അവരുടെ ചിന്താലോകവും ഇന്നും സ്വാധീനിക്കുന്നുണ്ട്. ഏതാശയത്തിനും ഒരു പരിണതഫലമുണ്ടല്ലോ. പ്ലേറ്റോയുടെ വിശ്വവിഖ്യാതമായ 'റിപ്പബ്ളിക്കില്‍' ജനാധിപത്യത്തിന് സ്ഥാനമില്ലായിരുന്നു. ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം മാനിച്ചു, 'യുവാക്കളെ തന്‍റെ ചിന്തകൊണ്ട് വഴിതെറ്റിക്കുന്നു' എന്ന് ആരോപിച്ചുകൊണ്ട് തന്‍റെ ഗുരുവായ സോക്രട്ടീസിനെ വിഷം നല്‍കി കൊന്ന ഈ വ്യവസ്ഥിതിയെ പ്ലേറ്റോ എതിര്‍ത്തു എന്നതാണ് ഒരു കാരണം. മറ്റൊന്ന്, രാജ്യം ഭരിക്കേണ്ടത് ഒരു 'തത്വജ്ഞാനിയായ രാജാവ്' ആയിരിക്കണം എന്നതാണ് പ്ലേറ്റോയുടെ ആശയം. ഭൂരിപ ക്ഷ-ന്യൂനപക്ഷ സൂചികകളല്ല മറിച്ചു ധിഷണാപരമായി മേന്മ യുള്ള ഒരു തത്വജ്ഞാനിയുടെ ഭരണമാണ് പ്ലേറ്റോയ്ക്കു കരണീയം. എന്നാല്‍ ഇത് ഏകാധിപതിയുടെ രാജവാഴ്ചയല്ല, മറിച്ചു തത്വചിന്തയുടെ, ഉന്നതമായ നന്മയില്‍ ഊന്നിയുള്ള (Perfect Good) ഭരണമാണ്. ഇത് അജ്ഞതയില്‍ നിന്നും വിജ്ഞാനത്തിലേക്കുള്ള ഒരു ജനതയുടെ പ്രയാണമാണ്, അതിന്‍റെ നായകനാണ് തത്വജ്ഞാനിയായ രാജാവ്. പ്ലേറ്റോയുടെ പ്രശസ്തമായ 'ഗുഹയുടെ' കഥ അറിയുമല്ലോ? അജ്ഞതയുടെ ഇരുണ്ട ഗുഹയി ലടയ്ക്കപെട്ട മനുഷ്യര്‍, ഗുഹാമുഖത്തിലൂടെ വരുന്ന കീറ് വെളിച്ചം അവരെ വിജ്ഞാനത്തിലേക്കു വഴികാ ട്ടുന്നു. ഭാരതീയ പാരമ്പര്യത്തില്‍ 'അസതോമ സത്ഗമയ' എന്ന മന്ത്രം തന്നെയാണിത്. ലിയോണാര്‍ഡ് കോ ഹെന്‍റെ പ്രശസ്തമായ ഗാനത്തിന്‍റെ ഈരടികള്‍ ഇതിന്‍റെ ഒരു ആധുനിക ഭാഷ്യമാണ്."There is a crack, a Crak in everything. That's how the light gets in.' ഒരു ഭരണാധികാരിയുടെ മുഖമുദ്ര ഈ വിജ്ഞാനവും തന്‍റെ ജനതയെ അതിലേക്കു നയിക്കാനുള്ള ധിഷണതയുമാണ്.
പൗരാണിക ഭാരതത്തിനും ധിഷണാപരമായിത്തന്നെ അഭിമാനിക്കാവുന്ന ധാരാളം ജ്ഞാനശാഖകള്‍ ഉണ്ട്. സര്‍വദേശീയത്വം പുലര്‍ത്തിയിരുന്ന സര്‍വകലാശാലകളും ജ്ഞാന സങ്കേതങ്ങളും ഒക്കെ ഭാരതത്തിന്‍റെ അഭിമാനമായിരുന്നു. മതങ്ങള്‍ക്കുള്ളില്‍ നിന്നും, മതങ്ങളോടു കലഹിച്ചു കൊണ്ടും ജ്ഞാനശാഖകള്‍ രൂപപ്പെട്ടു. ഭാരതത്തിലെ മിക്ക ഭരണാധികാരികള്‍ക്കും 'രാജഗുരുവായ' ഒരു തത്വജ്ഞാനിയുടെ പിന്‍ബലം കൊട്ടാരങ്ങളില്‍ ഉണ്ടായിരുന്നു. ഇന്നു രാജാവോ രാജഗുരുവോ ഇല്ല. എന്നാല്‍ ഏതൊരു ഭരണകര്‍ത്താവും അടിസ്ഥാന പരമായി പുലര്‍ത്തേണ്ടത് നീതിയും ധര്‍മവും ആണ് എന്നത് അവികലമായ സത്യമാണ്. തത്വചിന്തകരും 'രാജഗുരുക്കളും' ഒക്കെ പുലര്‍ത്തിയിരുന്ന നൈതി കബോധം ഇന്ന് ഭരണനിര്‍വ്വഹണത്തില്‍നിന്നും എന്നേ നഷ്ടപ്പെട്ടിരിക്കുന്നു എന്ന വിലാപം ഉയരുന്നുണ്ട്. രാജവാഴ്ചയെ മഹത്വവല്‍ക്കരിക്കുകയല്ല, മറിച്ച്, ഏകാധിപത്യത്തിലും, ചില നേരമെങ്കിലും അവര്‍ പുലര്‍ത്തിയിരുന്ന നൈതിക ബോധം ഇന്ന് ജനാധിപത്യത്തില്‍പ്പോലും കാണാന്‍ കഴിയുന്നില്ല എന്ന ദുഃഖം രേഖപ്പെടു ത്തുക മാത്രമാണ്. കലിംഗയുദ്ധം ജയിച്ചെങ്കിലും കബന്ധങ്ങളുടെ മുമ്പില്‍ മനസ്സു മരവിച്ചു നിന്ന അശോകനാണ് യുദ്ധത്തിന്‍റെ ഭീകരതയും നിരര്‍ത്ഥകതയും ഒരു പോലെ കണ്ട ഒരു ഭരണാധികാരി. തന്‍റെ വാള്‍ ഉറയിലേക്കിടുകയും, അഹിംസയുടെ ബുദ്ധസൂക്തങ്ങള്‍ നാട് മുഴുവന്‍ കൊത്തിവയ്ക്കുകയും ചെയ്ത കര്‍മയോഗിയാണ് അശോകന്‍. ഒരുപക്ഷെ ആദ്യമായി തത്വചിന്താ നിര്‍ഭരമായി ഭാരതത്തിന്‍റെ ആത്മാവിനെ ബൗദ്ധ സൂക്തങ്ങളില്‍ കണ്ടെത്തിയത് അശോകനാകാം. യുദ്ധകാഹളങ്ങള്‍ ബുദ്ധമന്ത്രങ്ങള്‍ക്കു വഴിമാറി. ഭാരതത്തിന്‍റെ ആത്മാവ് യുദ്ധങ്ങളിലും, കല്പിതകഥകളിലും അല്ല മറിച്ചു, മൈത്രേയന്‍റെ ചതുര്‍സത്യങ്ങളിലും അഷ്ടാംഗമാര്‍ഗങ്ങളിലും ആണെന്ന് അശോകന് ബോധ്യപ്പെട്ടു.
മധ്യകാലഘട്ടത്തില്‍, അധികാരം ദൈവത്തില്‍ നിന്നും ലഭിച്ചു എന്നു വിശ്വസിച്ചുകൊണ്ട് പടയോട്ടം നടത്തിയ യൂറോപ്പും അറേബിയയുമൊക്കെ നട ത്തിയ നരനായാട്ടുകളും ചരിത്രത്തില്‍ ഉണ്ട്. എന്തി നേറെ തികച്ചും ആത്മീയമായ ലക്ഷ്യത്തോടെ മാത്രം രചിക്കപ്പെട്ട രചനകള്‍പോലും പില്‍ക്കാലത്ത് അധികാരം പിടിക്കാനുള്ള ആശയപ്രചാരണത്തിന് ഉപയോഗിച്ചിട്ടുണ്ട്. മധ്യകാലത്തില്‍ ക്രിസ്തീയ ദൈവശാസ്ത്രജ്ഞനും, ഒരു സന്യാസ സമൂഹ ത്തിന്‍റെ സ്ഥാപകനുമായിരുന്ന ജോവാക്കിം ഫിയോറെ (Joachim von Fiore) യുടെ ചിന്തകള്‍, ഏറ്റവും വേഗത്തില്‍ സമാഗതമാകാന്‍ പോകുന്ന ദൈവാരാജ്യത്തെക്കുറിച്ചായിരുന്നു മധ്യകാലത്തിൽ ഇദ്ദേഹത്തിന്‍റെ അപോകലിപ്റ്റിക് ആയ ആശയങ്ങള്‍ക്ക് വലിയ മതിപ്പായിരുന്നു. പരിശുദ്ധ ത്രിത്വത്തിലെ പിതാവിന്‍റെയും പുത്രന്‍റെയും യുഗങ്ങള്‍ വന്നുകഴിഞ്ഞെന്നും, ഇനിയുള്ള അവസാനകാലം പരിശുദ്ധാത്മാവിന്‍റെ ആണെന്നുമായിരുന്നു ജോവാക്കിമിന്‍റെ ദര്‍ശനം. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഉയിര്‍ക്കൊണ്ട ഫ്രാന്‍സിസ്കന്‍ സഭാസ്ഥാപകന്‍ ഫ്രാന്‍സിസ് അസ്സീസിയുടെ ജീവിതദര്‍ശനത്തെ, അദ്ദേഹത്തിന്‍റെ ശിഷ്യന്മാരായ ഫ്രാന്‍സിസ്ക്കന്‍സ്, ജോവാക്കിമിന്‍റെ ദര്‍ശനത്തിലെ പരിശുദ്ധാത്മാവിന്‍റെ കാലഘട്ടമായി വ്യാഖ്യാനിച്ചു. ഒരു ആത്മീയപ്രസ്ഥാനം എന്നതു കൊണ്ട് അതില്‍ യാതൊരു അതിശയോക്തിയും പറയാനില്ല. എന്നാല്‍ ആധുനിക കാലത്തെ മനുഷ്യക്കുരുതിക്കു കാരണക്കാരായ ഇറ്റലിയിലെ മുസ്സോളിനിയും ജര്‍മനിയുടെ ഹിറ്റ്ലറും ജോവാക്കിമിന്‍റെ പരിശുദ്ധാത്മാവിന്‍റെ സമയത്തെ, തങ്ങളുടെ രാഷ്ട്രീയ, ഫാസിസ്റ്റു ആശയത്തോട് ചേര്‍ത്തുവച്ചു. Drittes Reich (The Third Empire) എന്ന ആശയവും അതിന്‍റെ എവൃലൃ എന്ന ലീഡര്‍ തങ്ങളാണെന്നും ഇവര്‍ കൊണ്ടുവന്നു. ആത്മീയമായ ഒരു ആശയത്തെപ്പോലും രാഷ്ട്രീയ മായ പ്രൊപ്പഗാന്താ ആയി മാറ്റുന്നതിലെ അപകടം കാണേണ്ടതുണ്ട്. കല്പിതകഥകളിലൂടെ ഒരു ജനത്തെ മുഴുവന്‍ ജൂതജനതയ്ക്കെതിരെ തിരിക്കാനും, ആര്യവംശത്തിന്‍റെ മഹത്വം കാരണം തങ്ങള്‍ മറ്റുള്ളവരെക്കാളും ഉയര്‍ന്നതാണെന്ന മിഥ്യാധാരണ ഉണ്ടാക്കാനും ഹിറ്റ്ലറിന് കഴിഞ്ഞു. അങ്ങനെ യഹൂദര്‍ എന്ന 'അന്യരെ' സൃഷ്ടിക്കുന്നതില്‍ ഹിറ്റ്ലര്‍ വിജയിച്ചു. അന്യര്‍ സ്റ്റേറ്റിന് ആപത്തും കൊല്ലപ്പെടേണ്ടവരുമാണെന്ന ബോധം സൃഷ്ടിക്കപ്പെട്ടു. മഹത്വവല്‍ക്കരിച്ച ആര്യചിന്തയുടെ അതേ ആഖ്യാനം തന്നെയാണ് ഭൂരിപക്ഷ മതദേശീയ വാദത്തിനുള്ളതും. ഇങ്ങനെയുള്ള കല്പിതകഥക ളിലൂടെയുള്ള 'ചരിത്ര വായനയുടെ' നിരവധി ഉദാഹരണങ്ങള്‍ സമകാലിക ഇന്ത്യയില്‍ ഉണ്ടല്ലോ.
മനുഷ്യാന്തസ്സിന്‍റെ സാര്‍വ്വലൗകീകതയെ ഉയര്‍ത്തിപ്പിടിക്കുന്ന തത്വചിന്താപരമായ ആശയ ത്തില്‍ നിന്നുമാണ് ഓരോ രാജ്യങ്ങളും അതിന്‍റെ ഭരണഘടനയില്‍, അതാതു രാജ്യങ്ങള്‍ ഉയര്‍ത്തിപ്പി ടിക്കുന്ന മൂല്യങ്ങള്‍ നിര്‍വചിച്ചിട്ടുള്ളത്. ഇത് കേവലമായ ആശയത്തില്‍നിന്നും മാത്രമല്ല, മറിച്ചു നീതിക്കായുള്ള പോരാട്ടംകൊണ്ടു കൂടി നേടി യെടുത്തതാണ്. മനുഷ്യനെ മനുഷ്യനായി കാണാഞ്ഞ മാമൂലുകള്‍ നിറഞ്ഞ ആശയങ്ങളെ തൂത്തെറിഞ്ഞും, രാജവാഴ്ചയുടെ ദുഷിപ്പുകളെ തുടച്ചു നീക്കിയും, സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ചേര്‍ത്തുപിടിച്ചുകൊണ്ടാണ് മനുഷ്യര്‍ സ്വതന്ത്രരാജ്യങ്ങളായി കൊളോണിയല്‍ കാലഘട്ടത്തിനുശേഷം ഉയര്‍ത്തെഴുന്നേറ്റത്. പ്ലേറ്റോയില്‍ നിന്നും ആധുനിക കാലത്തേക്ക് വന്നപ്പോള്‍ ജനാധിപത്യം, 'സാധ്യമായതില്‍' വച്ച് ഏറ്റവും ശ്രേഷ്ഠമായ ഭരണക്രമം ആയി. അതിന്‍റെ സൗന്ദര്യം എന്നത് മതാധിപത്യത്തില്‍നിന്നും സ്റ്റേറ്റിനെ സ്വതന്ത്രമാക്കാന്‍ കഴിഞ്ഞു എന്നതാണ്; ഇന്ത്യന്‍ ഭരണഘടനയുടെ സൗന്ദര്യം ആകട്ടെ അതിന്‍റെ സെക്യൂലറിസവും. ഈ മതനിരപേക്ഷത, നാളിതുവരെ ഉണ്ടായിരുന്ന ജാതീയമായ അതിര്‍വരമ്പുകള്‍ ഭേദിക്കാനും, ഉച്ചനീചത്വങ്ങള്‍ ഒരു പരിധിവരെ തുടച്ചുമാറ്റാനും സഹായിച്ചു. ഭൂരിപക്ഷ മതാധിപത്യം എന്ന 'രഹസ്യ കാര്യ പരിപാടി' വച്ചുപുലര്‍ത്തിക്കൊണ്ടു മതനിഷ്ഠമായി പഴയ സാംസ്കാരിക ദുഷിപ്പുകളും അവശിഷ്ട ങ്ങളും പേറാന്‍, മതത്തിന്‍റെ പേരും പറഞ്ഞു മനുഷ്യനിലെ അധമമായ ജന്മവാസനകളെ ഉണര്‍ത്താനുള്ള ശ്രമങ്ങള്‍ ബോധപൂര്‍വം തുറന്നു കാട്ടുകതന്നെ വേണം. അതിന്‍റെ മറ്റൊരു രൂപമാണ് 'ചെങ്കോല്‍' വാഴ്ചയിലൂടെ നാം കണ്ടത്. നേരത്തെ സൂചിപ്പിച്ച രാജകൊട്ടാരങ്ങളിലെ രാജ്ഗുരു ഉണര്‍ത്തിവിട്ട തത്വചിന്താ ദര്‍ശനമോ, ബൗദ്ധിക ഉന്നതിയോ, നൈതികതയോ ഒന്നും സ്വീകരിക്കാതെ ചെങ്കോല്‍ എന്ന അധികാരസൂചികയെയാണ് ജനാധിപത്യത്തിന്‍റെ കോവിലില്‍ പ്രതിഷ്ഠിച്ചത്. ഇന്ത്യയുടെ 'ദര്‍ശനമായ' ഭരണഘടന ആയിരുന്നു അവിടെ പ്രതിഷ്ഠിക്കേണ്ടിയിരുന്നത്. അതിന്‍റെ മുമ്പിലായിരുന്നു സാഷ്ടാംഗം പ്രണമിക്കേണ്ടിയിരുന്നത്. ആ ശ്രീകോവിലിലെ 'കാര്‍മ്മികര്‍' ആകട്ടെ, ജനപ്രതിനിധികളും.
നൂറ്റാണ്ടുകളായി രാജാക്കന്മാരുടെ കാലത്തും; 'വിഭജിച്ചു ഭരിക്കുക' എന്ന തന്ത്രം പയറ്റിയ ബ്രിട്ടീഷ് രാജിന്‍റെ കാലത്തും ഒക്കെ, ഗോത്രപരവും, സ്ഥല പരവും (Tribal & Land identity ) ആയ വ്യത്യസ്തതകളില്‍ ഊന്നിത്തന്നെ ജീവിച്ചിരുന്ന മണിപ്പൂരിലെ 'മെയ്തികളും' 'കുക്കികളും' കഴിഞ്ഞ ഏതാനും ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ പോരടിക്കുകയും ചോരപ്പുഴ ഒഴുക്കുകയും ചെയ്തു എന്ന് അറിയുമ്പോള്‍ ഇവരില്‍ മതാന്ധത കുത്തിവയ്ക്കുന്നവര്‍ എത്രമാത്രം ഇവരെ റാഡിക്കലൈസ് ചെയ്തു എന്ന് മനസ്സിലാക്കണം. ഇന്ത്യയുടെ ആത്മാവ് അതിന്‍റെ ഗ്രാമങ്ങളിലാണ് എന്നു ഗാന്ധിജി പറയുമ്പോള്‍ അതു ചെന്നു നില്‍ക്കുന്നത് അതിന്‍റെ വര്‍ണാഭമായ വ്യത്യസ്തകളുടെ ആഘോഷങ്ങളിലേക്കാ യിരിക്കണം, അല്ലാതെ ഏകശില രൂപങ്ങളിലേക്കല്ല. ക്രിസ്തുമത ദര്‍ശനം, 'അന്യരെ' വിളിച്ച പേരാണ് 'അയല്‍ക്കാരന്‍.' ഈ ദര്‍ശനം 'നിന്നെപ്പോലെതന്നെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കുക' എന്ന യേശുവിന്‍റെ കല്പന കൂടിയാണ്. സ്നേഹം, അന്യനെ അയല്‍ക്കാരനാക്കുന്നു. പക്ഷെ പലപ്പോഴും പീഡനം അനുഭവിക്കുന്ന ക്രിസ്ത്യാനികള്‍ അന്യരാക്കപ്പെടുകയാണ്. നീതിനിര്‍വഹണം നടത്തേണ്ട ഭരണകൂടം തന്നെ 'അന്യരെ' സൃഷ്ടി ക്കാന്‍ കൂട്ടുനില്‍ക്കുകയും, അക്രമികളെ സംരക്ഷി ക്കുകയും ചെയ്യുന്നു എന്നത് എത്രയോ ഭീകരമാണ്. സത്യത്തില്‍, 'സമാധാനം' എത്ര ലോലം ആണെന്നത് ഞെട്ടിപ്പിക്കുന്നതാണ്. ജനിച്ച നാട്ടില്‍ തെല്ലുനേരംകൊണ്ട് അഭയാര്‍ഥികളാക്കപ്പെടുകയും, ചുട്ടെരിക്കപ്പെടുകയും ചെയ്യുന്നതെങ്ങനെയാണ്? ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ആശയം എന്തായിരുന്നു എന്നതാണ് ചിന്തയ്ക്കു വിഷയമാകേണ്ടത്. അക്രമത്തിനു പിന്നില്‍ ഇവരെ ഇതിനു പ്രേരിപ്പിച്ച 'ആശയപരമായ' ഘടകവും ഒരു പോലെ തന്നെ പ്രധാനപ്പെട്ടതാണ്. 'മുസ്ലിംകളും ക്രിസ്ത്യാനികളും വിദേശികളാണ് എന്ന വാദം ആണ് ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത്. നല്ല അയല്‍ക്കാരായ ഇവരെ അന്യരാക്കുന്ന വിദ്വേഷത്തിന്‍റെ ഈ ആശയമാണ് അക്രമങ്ങള്‍ക്കു കാരണം. മണിപ്പൂര്‍ ഒരു പരീക്ഷണശാല കൂടിയാണ്. ഫാസി സിസ്റ്റ് ആശയത്തിന്‍റെ ഒരു നോര്‍ത്ത് ഈസ്റ്റേണ്‍ പരീക്ഷണ 'അറവു'ശാല. രാഷ്ട്രനിര്‍മാണം അന്യരെ അയല്‍ക്കാരാക്കുന്ന സിവിക് ബോധമാണ്. തനിമവാദത്തിന്‍റെയും, 'കപട' ദേശീയവാദത്തിന്‍റെയും ഇരകളാണ് അന്യരാക്കപ്പെടുന്ന മനുഷ്യര്‍. അരികുകളും, മതിലുകളുമല്ല; അയലുകളാണ് സൃഷ്ടിക്കേണ്ടതെന്നു ഇവരോട് ആര് പറയും? ചെറിയ ലാഭങ്ങള്‍ക്കുവേണ്ടിയും, പരിഗണനക ള്‍ക്കു വേണ്ടിയും ഒക്കെ വര്‍ഗീയതയോടു സന്ധി ചെയ്യുന്നവര്‍, നമ്മുടെ ഭരണഘടനയുടെ പിന്നിലെ സമഭാവനയുടെയും, സഹവര്‍ത്തിത്തത്തിന്‍റെയും ദര്‍ശനത്തെയാണ് തള്ളിപ്പറയുന്നത്. ഒടുവില്‍ അവര്‍ നമ്മളെ തേടി എത്തുമ്പോള്‍ മാത്രമായിരിക്കും നമ്മള്‍ അറിയുന്നത്, അവര്‍ വേട്ടക്കാരും നമ്മള്‍ വെറും ഇരകളും ആയിരുന്നതെന്ന്.