പശ്ചിമ കൊച്ചിയിലെ കണ്ണമാലി വിശുദ്ധ ജോസഫിന്റെ നാടാണ്. ആ നാടിന്റെ മറുകരയിലെ കൊച്ചുദ്വീപാണ് കല്ലഞ്ചേരി. കുസൃതിയുടെയും കുറുമ്പിന്റെയും കുടിയേറ്റത്തിന്റെയും ഇറങ്ങിപ്പോക ലിന്റെയും ഭക്തിയുടെയും രാഷ്ട്രീയത്തിന്റെയും സ്‌നേഹത്തിന്റെയും ചരിത്രമുറങ്ങുന്ന ഒരു കൊച്ചു ദ്വീപ്. ഈ ദ്വീപിന്റെ കായല്‍പരിസരത്താണ് 1980 മാര്‍ച്ച് 18ന് മുപ്പതു പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടം ഉണ്ടായത്. ഈയുള്ളവന് അന്നു മൂന്നു വയസ്സേയുള്ളൂ. അന്നു സംഭവിച്ചതൊന്നും ഓര്‍മ്മയുടെ മണ്ഡലത്തില്‍ തങ്ങിനില്‍ക്കുന്നുമില്ല. പക്ഷെ, ഒന്നെനിക്കറിയാം. എന്റെ നാടിനേറ്റ ആഘാതമായിരുന്നു ആ അപകടം. ആ സംഭവത്തെ ചുറ്റിപ്പറ്റി ഒത്തിരി കഥകള്‍ എന്റെ ഗ്രാമത്തിലുണ്ട്. ആ കഥകളുടെ ഇടയിലായിരുന്നു എന്റെ ബാല്യം. അങ്ങനെ കേട്ടുവളര്‍ന്ന ഒരു കഥ ജോസഫിനെ കുറിച്ചുള്ളതായിരുന്നു.
അന്ന്, 1980 മാര്‍ച്ച് 18ന് കണ്ണമാലി പള്ളിയുടെ മുമ്പില്‍നിന്നു തീര്‍ത്ഥാടകരെ കുത്തിനിറച്ച് പെരുമ്പടപ്പിലേക്ക് പുറപ്പെടുവാനൊരുങ്ങിയ ഒരു ബോട്ടിനടുത്തേക്ക് ഒരു വൃദ്ധന്‍ തന്റെ കുട്ടിയോടു കൂടെ വന്നിട്ട് ആ ബോട്ടുടമസ്ഥനോട് വിളിച്ചു പറഞ്ഞു; 'ഈ ബോട്ടില്‍ ഇത്രയും ആള്‍ക്കാരെ കയറ്റരുത്. അത് അപകടകരമാണ്'. പക്ഷേ അവര്‍ ആ വൃദ്ധന്റെ വാക്കുകള്‍ നിരസിച്ച് യാത്ര പുറപ്പെടുകയാണുണ്ടായത്. ആ ബോട്ടാണ് പിന്നീട് കായലിന്റെ ചുഴിയില്‍ അകപ്പെട്ടതും ദുരന്തമായി മാറിയതും! ആര്‍ത്തിയുടെയും ആസക്തിയുടെയും അപകടത്തിന്റെയും മുന്‍പില്‍ മുന്നറിയിപ്പായി നീതിബോധ ത്തിന്റെ തുലാസ് മുന്നിലേക്ക് വച്ചു നീട്ടിയ ആ കാരണവര്‍ വിശുദ്ധ ജോസഫ് ആയിരുന്നുവത്രേ!
സംഭവങ്ങള്‍ ദുരന്തങ്ങളാകുമ്പോള്‍ അതില്‍ നിന്നും അതിശയോക്തി കലര്‍ന്ന കഥകള്‍ ഉണ്ടാകുക സര്‍വസാധാരണമായ കാര്യമാണെന്നു നമുക്ക് വേണമെങ്കില്‍ പറയാം. പക്ഷേ ഇതേ കഥ കള്‍ തന്നെയാണ് എന്റെ ഗ്രാമത്തിനുമേല്‍ ആത്മീയതയുടെ വര്‍ണ്ണങ്ങള്‍ വിതറുന്നതും, ആ നാടിനെ പരിവര്‍ത്തനത്തിന്റെ വഴികളിലൂടെ നടത്തി കൊണ്ടു വന്നതും. അതുകൊണ്ടുതന്നെ ഒരു കാര്യം എനിക്ക് ഉറപ്പിച്ചു പറയാന്‍ സാധിക്കും. ഓരോ കല്ലഞ്ചേരി ക്കാരന്റെയും ആത്മീയ തറവാടിന്റെ കാരണവരാണ് വിശുദ്ധ ജോസഫ്. ഈ കാരണവരുടെ സാന്നിധ്യം നിശ്ശബ്ദമാണ്. പക്ഷേ, ആ നിശബ്ദതയിലും നിറ ഞ്ഞുനില്‍ക്കുന്ന നീതിബോധം ആകാശം മുട്ടുന്നതുമാണ്.
നീതിമാന്‍, തച്ചന്‍ എന്നീ സങ്കല്‍പ്പങ്ങളോട് ബന്ധപ്പെട്ടാണ് സുവിശേഷങ്ങളില്‍ ജോസഫിനെ ചിത്രീകരിച്ചിരിക്കുന്നത്. സുവിശേഷകന്മാര്‍ ജോസഫിനെ നീതിമാന്‍ എന്നഭിസംബോധന ചെയ്യുമ്പോള്‍, സുവിശേഷത്തിലെ ചില കഥാപാത്ര ങ്ങളാണ് അവനെ തച്ചന്‍, മരപ്പണിക്കാരന്‍, ആശാരി, കടച്ചിലു പണിക്കാരന്‍, ശില്പി എന്നര്‍ത്ഥങ്ങള്‍ വരുന്ന ലേസീേി എന്നു വിളിക്കുന്നത്. മത്തായിയുടെയും ലൂക്കായുടെയും സുവിശേഷത്തിലെ കഥാപാത്രങ്ങളാണ് ജോസഫിനെ ലേസീേ എന്ന് വിശേഷിപ്പിക്കുന്നത്. പക്ഷേ മര്‍ക്കോസിന്റെ സുവി ശേഷത്തില്‍ വ്യത്യസ്തമാണ്. അവിടെ ലേസീേ എന്ന വിശേഷണം ലഭിക്കുന്നത് യേശുവിനാണ്: 'ഇവന്‍ മറിയത്തിന്റെ മകനും യാക്കോബ്, യോസെ, യൂദാസ്, ശിമയോന്‍ എന്നിവരുടെ സഹോദരനു മായ മരപ്പണിക്കാരനല്ലേ?' (മര്‍ക്കോ 6:3).
മരപ്പണിക്കാരന്‍: വലിയ ഒരു ഇടര്‍ച്ചയുടെ വിളിപ്പേരാണത്. അതിശയോക്തി കലര്‍ന്ന ഇടര്‍ ച്ചയായിരുന്നു അത്. തച്ചുശാസ്ത്രത്തിന്റെ അളവുക ളില്‍ ഒതുങ്ങിയിരുന്ന ഒരുവന്‍ പെട്ടെന്നൊരു ദിവസം ദൈവവചനം പ്രഘോഷിക്കുന്നു. അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
എത്ര വലിയ കാര്യങ്ങളാണ് ഇവന്‍ വഴി സംഭവിക്കുന്നത്! ഇവന് ഇതെല്ലാം എവിടെ നിന്ന്? ഇവന് കിട്ടിയ ജ്ഞാനം എന്ത്? ഇവന്‍ മരപ്പണിക്കാരന്‍ അല്ലേ? ചോദിക്കുന്നത് ആരുമല്ല സ്വന്തം നാട്ടു കാരാണ്.
ഇവന്‍ മരപ്പണിക്കാരനല്ലേ എന്ന ചോദ്യം ഇവന്‍ നമ്മെപ്പോലെ ഒരു സാധാരണക്കാരനല്ലേ എന്ന ചോദ്യത്തിന് തുല്യമാണ്. ഇവന് എന്താണ് ഇത്ര പ്രത്യേകത? മരപ്പണിക്കാരനില്‍ നിന്നും ദൈവികമായ നന്മകള്‍ വരുമ്പോള്‍ അത്ഭുതപ്പെടുന്നുണ്ടെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് അവരും അവനും തമ്മില്‍ ഒരു വ്യത്യാസമില്ല എന്നാണ്. നീ ഞങ്ങ ളില്‍ ഒരുവനാണ്. നീ മരപ്പണിക്കാരനാണ് അതു കൊണ്ട് തച്ചുശാസ്ത്രം പറഞ്ഞാല്‍ മതി. അതു മാത്രമല്ല ഞങ്ങള്‍ പറയുന്നതുപോലെ നീ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഞങ്ങള്‍ നിന്നെ അംഗീകരിക്കാം. എന്നിട്ട് അവര്‍ ചോദിക്കുന്നുണ്ട്; കഫര്‍ണാമില്‍ നീ ചെയ്ത അത്ഭുതങ്ങള്‍ ഇവിടെയും ചെയ്യുക.
നമുക്ക് ലേസീേ എന്ന പദത്തിലേക്ക് തന്നെ ശ്രദ്ധ തിരിക്കാം. ഇതില്‍ സാമൂഹിക-സാമ്പത്തികമായ അര്‍ത്ഥതലങ്ങള്‍ അടങ്ങിയിട്ടുണ്ട്. ജോസഫിന് ഒരു ഇടത്തര കുടുംബത്തിന്റെ പശ്ചാത്തലം ലേസീേ എന്ന വിശേഷണം ചാര്‍ത്തി കൊടുക്കുന്നുണ്ട്. അവന്‍ ധനികനോ ദരിദ്രനോ അല്ലായിരുന്നു വെന്നും, അനുദിനമുള്ള ജോലികളിലേര്‍പ്പെട്ട് കുടുംബം പോറ്റിയിരുന്നുവെന്നു ചുരുക്കം. പക്ഷേ ലേസീേ എന്ന വാക്കിന്റെ അരമായിക് അര്‍ത്ഥം അന്വേഷിച്ചാല്‍ 'naggara' എന്ന പദത്തില്‍ നമ്മള്‍ വന്നു ചേരും. ആ പദത്തിന് ഗുരുനാഥന്‍, കലാകാരന്‍ എന്നീ അര്‍ത്ഥങ്ങള്‍ കൂടിയുണ്ടെന്ന താണ് ഏറ്റവും രസകരം. അങ്ങനെ നോക്കുമ്പോള്‍ ലേസീേ മരപ്പണിക്കാരന്‍ മാത്രമല്ല, ഗുരുവും കൂടിയാണ്. അപ്പോള്‍ 'ഇവന്‍ ആ തച്ചന്റെ മകനല്ലേ' എന്ന സിനഗോഗിലുള്ളവരുടെ ചോദ്യത്തിന് മറ്റൊരു മാനം കൂടി നല്‍കാവുന്നതാണ്. ഇവന്റെ പിതാവ് ഗുരുവാണ്, ആശാനാണ്. നിയമത്തിനു മുകളില്‍ ആര്‍ദ്രതയ്ക്ക് പ്രാധാന്യം കൊടുത്ത ആശാന്‍. ദൈവികതയെ സ്വപ്നം കണ്ടു ദൈവിക ചോദനയനുസരിച്ച് ജീവിച്ച തച്ചനാശാന്‍.
ജോസഫിനും യേശുവിനും ലഭിക്കുന്ന ലേസീേ എന്ന വിശേഷണം യഹൂദജനതയിലെ സാധാരണക്കാരുടെ ഗണത്തെയാണ് സൂചിപ്പിക്കുന്നത്. സുവിശേഷങ്ങളില്‍ യേശു സഞ്ചരിച്ച ഇടങ്ങള്‍ ശ്രദ്ധിച്ചാല്‍ അവയെല്ലാം സാധാരണക്കാര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ഇടങ്ങളായിരുന്നു. ഉദാഹരണത്തിന് നസ്രത്ത്, കാന, നായിന്‍, കൊറാസിന്‍, കഫര്‍ണാം തുടങ്ങിയ പ്രദേശങ്ങള്‍. യവനരും ധനികരും തിങ്ങിപ്പാര്‍ത്തിരുന്ന സെഫോറിസിലും, തിബേരിയസ്സിലും അവന്‍ പ്രവര്‍ത്തിച്ചിരുന്നതായി സുവിശേഷങ്ങള്‍ ഒന്നും തന്നെ പറയുന്നില്ല. അതായത് ലേസീേ എന്ന വിശേഷണം സാധാരണതയുടെ പര്യായമാണ്.
യേശുവും ജോസഫും തച്ചന്‍മാര്‍ ആയിരുന്നു വെന്നു സുവിശേഷം ചിത്രീകരിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം മനുഷ്യാവതാരത്തിന്റെ സാധാരണതയും ലാളിത്യവുമാണ്. ദൈവം അധ്വാനിക്കുന്ന വര്‍ഗത്തിലേക്കാണ് ഇറങ്ങിവന്നത് എന്ന ബോധം ഓരോ ക്രിസ്ത്യാനിക്കും നെറ്റിയിലെ വിയര്‍പ്പുകൊണ്ട് വിശപ്പടക്കാനുള്ള പ്രേരണയാണ്. ഇത് എല്ലാവര്‍ക്കും ബാധകമാണ്. അവിടെ അല്മായ നെന്നോ പുരോഹിതനെന്നോ വ്യത്യാസമില്ല. അതുകൊണ്ടാണ് പൗലോസപ്പോസ്തലന്‍ കുറിക്കു ന്നത്; 'സഹോദരരേ, ഞങ്ങളുടെ കഠിനാധ്വാനം നിങ്ങള്‍ക്ക് ഓര്‍മ്മയുണ്ടല്ലോ. ദൈവത്തിന്റെ സുവിശേഷം നിങ്ങളോട് പ്രസംഗിക്കുമ്പോള്‍ ഞങ്ങള്‍ നിങ്ങളിലാര്‍ക്കും ഭാരമായിത്തീരരുതെന്നു കരുതി രാപകല്‍ അധ്വാനിച്ചു' (1 തെസ 2:9). വീണ്ടും തെസലോനിക്കകാര്‍ക്കെഴുതിയ രണ്ടാമത്തെ ലേഖനം 3: 10 ല്‍ അപ്പോസ്തലന്‍ കുറിക്കുന്നു: 'അധ്വാനിക്കാത്തവന്‍ ഭക്ഷിക്കതിരിക്കട്ടെ.'
അധ്വാനം ക്രൈസ്തവരെ സംബന്ധിച്ച് വിശ്വസ്തതയോടെ നിറവേറ്റേണ്ട ഒരു പ്രതിബദ്ധ തയാണ്. അപ്പോഴും സംഭരിച്ചു കുന്നുകൂട്ടുക എന്ന ചിത്തഭ്രമത്തിന് അടിമപ്പെടുകയുമരുത്. യേശുവിന്റെ മലയിലെ പ്രസംഗം എന്നും ഓര്‍മ്മയുണ്ടാകണം: 'എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും എന്നു ജീവനെക്കുറിച്ചോ എന്തു ധരിക്കും എന്നു ശരീര ത്തെക്കുറിച്ചോ നിങ്ങള്‍ ഉത്കണ്ഠാകുലരാകേണ്ടാ... (മത്താ 6 : 25).
'അധ്വാനിക്കാന്‍ എനിക്കിഷ്ടമല്ല. ആര്‍ക്കും ഇഷ്ട മല്ലായിരിക്കാം. പക്ഷേ അധ്വാനത്തിനകത്തുള്ളത് എനിക്കിഷ്ടമാണ്. അതിനകത്ത് നിനക്ക് നിന്നെ ത്തന്നെ കണ്ടെത്താന്‍ സാധിക്കും. നീ നിന്റെ യാഥാര്‍ത്ഥ്യം കണ്ടെത്തും. ആ കണ്ടെത്തല്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല, നിനക്ക് വേണ്ടി തന്നെ. ആര്‍ക്കും അത് അറിയാന്‍ സാധിക്കില്ല. കേവലം പുറംമോടി മാത്രമേ അവര്‍ കാണൂ. അതെന്താണെന്ന് അവര്‍ക്ക് മനസ്സിലാവുകയുമില്ല.' ഇത് എന്റെ വാക്കുകളല്ല. ജോസഫ് കോണ്‍റാഡിന്റെ 'ഹാര്‍ട്ട് ഓഫ് ഡാര്‍ക്‌നെസ്' എന്ന നോവലിലെ ചാള്‍സ് മര്‍ലോയുടെ ചിന്തകളാണ്. നമുക്കറിയാം, ജോസഫ് എന്ന സുവിശേഷവ്യക്തിത്വം അധ്വാനം എന്ന ആശയത്തോട് ബന്ധപ്പെട്ടാണിരിക്കുന്നതെന്ന്. അധ്വാനത്തിന്റെ ക്ലേശവും ലാളിത്യവും അവനില്‍ സമജ്ഞ സമായി അടങ്ങിയിട്ടുണ്ട്. അപ്പോഴും നസ്രത്ത് നിവാസികളുടെ 'ഇവന്‍ തച്ചന്റെ മകനല്ലെ?' എന്ന ഐറണിക്ക് കോണ്‍റാഡിന്റെ വരികളില്‍ ഉത്തരമുള്ളതുപോലെ തോന്നുന്നു. അതെ, തച്ചന്‍ എന്നത് അധ്വാനത്തിന്റെ പ്രതീകം മാത്രമല്ല, സ്വയം കണ്ടെ ത്തലിന്റെയും നിര്‍വൃതിയുടെയും അടയാളം കൂടിയാണ്. എന്റെ അധ്വാനത്തിലൂടെയാണ് ഞാന്‍ എന്നെത്തന്നെ അടയാളപ്പെടുത്തുന്നത്. അതുകൊ ണ്ടാണ് ജോലി ഇല്ലാത്ത അവസ്ഥ ആര്‍ക്കും പ്രസന്നത പകരാത്തത്. അധ്വാനിക്കാത്തവന്‍ അസംതൃപ്തനായിരിക്കും.
വേദഗ്രന്ഥം ഒന്ന് പരതിയാല്‍ ഒരു കാര്യം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അധ്വാനമാണ് ദൈവം നമുക്ക് നല്‍കിയ ആദ്യ ഉത്തരവാദിത്വം; കൃഷിചെയ്യാനും സംരക്ഷിക്കാനുമാണ് അവന്‍ ആവശ്യപ്പെടുന്നത് (ഉത്പ 2:15). അധ്വാനം ആത്മസാക്ഷാത്കാരമാണ്. അത് അനുഭവിക്കാന്‍ സാധിക്കാതെ വരിക എന്നതാണ് തൊഴില്‍ രഹിതര്‍ക്കും ഇഷ്ടമില്ലാത്ത ജോലികള്‍ ചെയ്യുന്നവര്‍ക്കും സംഭവിക്കാവുന്ന ദുരന്തം. അവര്‍ അവരില്‍ തന്നെ അന്യഥാത്വം (alienation) അനുഭവിക്കും. ഇവിടെയാണ് ജോസഫിന്റെ പ്രത്യേകത നമ്മള്‍ കാണേണ്ടത്. സ്വന്തം സ്വത്വത്തിനുള്ളില്‍ ദൈവികത ദര്‍ശിച്ചവനാണവന്‍. അതുകൊണ്ടുതന്നെ തച്ചനായിരിക്കുകയെന്നത് ദൈവം തന്നെ ഏല്‍പിച്ച ദൗത്യത്തിന്റെ പൂര്‍ത്തീകരണം മാത്രമല്ല. മറിച്ച് വിശ്വസ്തതയുടെ കൂദാശ കൂടിയാണ്.