Man with the Scar എന്ന ഈ തലക്കെട്ട് ജോസഫ് എന്ന ചിത്രത്തിന്റെ പരസ്യവാചകമാണ്. ചലച്ചിത്രകാരന്‍ ജോസഫ് എന്ന കഥാപാത്രത്തിനു നല്കുന്നത് മുറിവുകളുടെ മനുഷ്യനെന്ന പരാമര്‍ശമാണ്. അറിയാതെ തന്നെ ഒരു ചിന്ത മനസ്സിലൂറിയെത്തി. പഴയ നിയമത്തിലെ ജോസഫും പുതിയ നിയമത്തിലെ ജോസഫും മുറിവുകളുടെ മനുഷ്യരാണ്.
പുതിയ നിയമത്തില്‍ പറയുന്നു: ''ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നു'' (ലൂക്കാ 2/4). പഴയ നിയമത്തിലെ രാജാവിന്റെ വേരുകളില്‍ വളരുന്ന വ്യക്തിത്വം. ജസ്സെയുടെ കുറ്റിയില്‍നിന്നുള്ള മുളയായ യേശുക്രിസ്തുവിന് ദാവീദിന്റെ പരമ്പരയിലെ ബന്ധം ലഭിക്കുന്നത് യൗസേപ്പ് പിതാവിലൂടെയാണ്. മറിയം ദാവീദിന്റെ പരമ്പരയില്‍പെട്ടയാളല്ല. ഭാര്യയ്ക്കുള്ളത് ഭര്‍ത്താവിന്റെ മേല്‍വിലാസമാണ്. അതിന്‍പ്രകാരം മറിയത്തിന്റെ പുത്രന്‍ ദാവീദിന്റെ വംശാവലിയുടെ ഭാഗമായി. അബ്രാഹം മുതലുള്ള വംശാവലി മത്തായി സുവിശേഷകന്‍ വിവരിക്കുന്നു. അതില്‍ പ്രത്യേക പിതാക്കന്മാരുടെയും പുത്രന്മാരുടെയും പേരുകള്‍ പറഞ്ഞുവരുമ്പോള്‍ മത്തായി 1/6ല്‍ പറയുന്നു: ''യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നും ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു.'' ദാവീദിനെ ജോസഫുമായി ബന്ധിപ്പിക്കുന്ന പരാമര്‍ശം ലൂക്കോസ് സുവിശേഷകന്‍ പഴയനിയമത്തിലെ പ്രവചനത്തിന്റെ പൂര്‍ത്തീകരണം യേശുവിലാണെന്നു വ്യക്തമാക്കാനാണ്.
''നിന്റെ കുടുംബവും രാജത്വവും എന്റെ മുമ്പില്‍ സ്ഥിരമായിരിക്കും. നിന്റെ സിംഹാസനം എന്നേക്കും നിലനില്‍ക്കും. ഈ വാക്കുകളും ദര്‍ശനവും നാഥാന്‍ ദാവീദിനെ അറിയിച്ചു'' (2 സാമു. 7/ 16, 17).
ദൂതന്‍ മംഗളവാര്‍ത്തയില്‍ പരിശുദ്ധ കന്യാമറിയത്തോടരുളി: ''അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ് അവനു കൊടുക്കും'' (ലൂക്കാ 1/32).
ദൈവപിതാവിനു മുമ്പിലെ സമ്പൂര്‍ണ സമര്‍പ്പണമായിരുന്നു പുത്രന്‍ തമ്പുരാന്‍. ''ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യരെപ്പോലെ കാണപ്പെട്ടു. മരണംവരെ, കുരിശുമരണം വരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍ ദൈവം അവനെ അത്യധികം ഉയര്‍ത്തി.'' (ഫിലി. 2/6).
മൂന്നു തലങ്ങള്‍ ഇവിടെ കാണുന്നു- ശൂന്യവത്കരണം, അനുസരിക്കുന്ന വിധേയത്വം, ദൈവത്താല്‍ ഉയര്‍ത്തപ്പെടുന്നു. ഈ മൂന്നു തലങ്ങള്‍ പൂര്‍വ്വപിതാവായ ജോസഫിലും പുതിയ നിയമത്തിലെ യൗസേപ്പിതാവിലും കാണാനാകും. വീട് തള്ളിക്കളഞ്ഞ മകനാണ് പൂര്‍വ്വ പിതാവായ ജോസഫ്. സഹോദരങ്ങളാല്‍ പൊട്ടക്കിണറ്റില്‍ കഴിയേണ്ടി വന്ന ജോസഫ്. പൊത്തിഫറിന്റെ ഭവനം അപമാനിച്ച നീതിമാനായ ജോസഫ്. തടവറയിലും പ്രതീക്ഷ നിലനിര്‍ത്തിയ തടവുകാരനായ ജോസഫ്. പക്ഷേ സഹനങ്ങളെ അനുഗ്രഹമായി കാണുവാന്‍ ജോസഫിനുള്ള കഴിവ് ദൈവാത്മാവാല്‍ നിറഞ്ഞ ജീവിതവീക്ഷണത്താലായിരുന്നു.
ജോഷ്വാ ഭരണസാരഥ്യം ഏല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ഒരു ഉപദേശം ലഭിക്കുന്നു. ''ന്യായപ്രമാണഗ്രന്ഥം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്ധിക്കണം. അതിനെക്കുറിച്ച് രാവും പകലും ധ്യാനിക്കണം'' (ജോഷ്വാ 1/8).
വിജാതീയ ദേശത്തും ന്യായപ്രമാണഗ്രന്ഥം ജീവിതത്തോടു ചേര്‍ത്തുവച്ച ജീവിതമായിരുന്നു പൂര്‍വ്വ യൗസേപ്പിന്റേത്. പൊത്തിഫറിന്റെ ഭാര്യയോട് ജോസഫ് പറയുന്നു: ''ഞാന്‍ എങ്ങനെയാണ് ഇത്ര നീചമായി പ്രവര്‍ത്തിച്ചു ദൈവത്തിനെതിരെ പാപം ചെയ്യുക'' (ഉത്പ. 39/9).
ദൈവത്തിനു മുമ്പില്‍ ശൂന്യനാകുവാനും അനുസരണം നല്കുവാനും തയ്യാറാകുന്ന ജോസഫിനെ ദൈവം ഉയര്‍ത്തുന്നു. വിജാതീയനായ ഫറവോ പോലും ജോസഫില്‍ പ്രവര്‍ത്തിക്കുന്ന ദൈവാത്മാവിനെ തിരിച്ചറിയുന്നു. ജോസഫ് നല്കിയ സ്വപ്നവ്യാഖ്യാനം ഫറവോയെ അത്ഭുതപ്പെടുത്തി. അദ്ദേഹം സേവകന്മാരോടു പറഞ്ഞു: ''ദൈവത്തിന്റെ ആത്മാവു കുടികൊള്ളുന്ന ഇവനെപ്പോലെ മറ്റൊരു മനുഷ്യനെ കണ്ടെത്തുവാന്‍ നമുക്കു കഴിയുമോ? ഫറവോ ജോസഫിനോടു പറഞ്ഞു, ദൈവം ഇക്കാര്യമെല്ലാം നിനക്കു വെളിപ്പെടുത്തി തന്നിരിക്കുന്നതുകൊണ്ട് നിന്നെപ്പോലെ വിവേകിയും ബുദ്ധിമാനുമായ വേറൊരാള്‍ ഇല്ല. നീ എന്റെ വീടിനു മേലാളായിരിക്കും. എന്റെ ജനം മുഴുവന്‍ നിന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കും. സിംഹാസനത്തില്‍ മാത്രം ഞാന്‍ നിന്നേക്കാള്‍ വലിയവനായിരിക്കും'' (ഉത്പ 41/28).
യഹൂദരുടെ നിയമങ്ങള്‍ പാലിക്കുന്നയാളാണ് നീതിമാന്‍. യൗസേപ്പിതാവ് നീതിമാനായിരുന്നു. ഗര്‍ഭിണിയായ മറിയത്തെ ഉപേക്ഷിക്കുവാന്‍ തീരുമാനിച്ചുവെങ്കിലും ദൈവതിരുമനസ്സിനു മുമ്പില്‍ തന്റെ തീരുമാനങ്ങള്‍ ഉപേക്ഷിച്ചു ശൂന്യനായി. ദൈവവചനം പൂര്‍ണമായും അനുസരിച്ചു. ഗത്സെമനിയില്‍ യേശുനാഥന്‍ പ്രാര്‍ത്ഥിക്കുന്നു: ''പിതാവേ, അങ്ങേയ്ക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റേണമെ. എങ്കിലും എന്റെ ഹിതമല്ല, അവിടുത്തെ ഹിതം നിറവേറട്ടെ'' (ലൂക്കാ 22/24).
ദൈവപിതാവിന് സമ്പൂര്‍ണസമര്‍പ്പണം നല്കുന്ന ഈ പുത്രന് യേശു എന്നു പേരിടാന്‍ ദൈവം നിയോഗിച്ചത് യൗസേപ്പിതാവിനെയാണ്. ''അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം'' (മത്താ. 1/21).
സ്വര്‍ഗം തിരുക്കുടുംബത്തിന്റെ സംരക്ഷകനായി യൗസേപ്പിതാവിനെ തിരഞ്ഞെടുത്തു. പുറപ്പാടു സംഭവത്തില്‍ മോശയെ തിരഞ്ഞെടുത്ത ദൈവം സ്‌നേഹിതനോടെന്നപോലെ അദ്ദേഹത്തോടു സംസാരിച്ചു. പഴയ നിയമത്തിലെ പുറപ്പാട് ഈജിപ്തില്‍ നിന്നുള്ളതെങ്കില്‍ തിരുക്കുടുംബത്തിന്റെ പുറപ്പാട് ഈജിപ്തിലേക്കാണ്. യൗസേപ്പിതാവിന്റെ നേതൃത്വത്തിലായിരുന്നു ആ പുറപ്പാട്. ഈജിപ്തില്‍ ആദ്യജാതരെ നഷ്ടമായതിനെ ചൊല്ലിയുള്ള വിലാപമായിരുന്നെങ്കില്‍ ബേത്‌ലഹെമില്‍ ഹേറോദേസ് വധിച്ച കുഞ്ഞുങ്ങളെച്ചൊല്ലിയുള്ള വിലാപമായിരുന്നു. പഴയ നിയമത്തില്‍ മോശയോടൊപ്പം സഹോദരിയായ മിറിയവുമുണ്ട്. പഴയ നിയമത്തിലെ മിറിയം മോശയുടെ അധികാരത്തെ ചോദ്യം ചെയ്ത് കുഷ്ഠരോഗിയായി. പുതിയ നിയമത്തിലെ മറിയം യൗസേപ്പ് പിതാവിന് ദൈവം നല്കിയ അധികാരത്തിന് സമ്പൂര്‍ണസമര്‍പ്പണമേകി. വാഗ്ദത്തനാട്ടിലേക്കുള്ള മോശയുടെ യാത്ര പെസഹായുടെ ഓര്‍മ്മയും ആചരണവുമായിരുന്നെങ്കില്‍ തിരുക്കുടുംബത്തിന്റെ യാത്ര പുതിയ പെസഹാ കുഞ്ഞാടായ യേശുനാഥനോടൊപ്പമാണ്. ''അവന്‍ നിത്യരക്ഷ പ്രാപിച്ചത് കോലാടുകളുടെയോ, കാളക്കുട്ടികളുടെയോ രക്തത്തിലൂടെയല്ല. സ്വന്തം രക്തത്തിലൂടെയാണ്.'' (ഹെബ്രാ 9/12). പഴയ നിയമത്തിലെ ഒരു നിഴല്‍ യേശുക്രിസ്തുവില്‍ പൊരുളായി മാറുന്നു. ''ഇസ്രായേല്‍ ശിശുവായിരുന്നപ്പോള്‍ ഞാനവനെ സ്‌നേഹിച്ചു. ഈജിപ്തില്‍ നിന്ന് ഞാന്‍ എന്റെ മകനെ വിളിച്ചു'' (ഹോസിയാ 11/1). മത്തായി സുവിശേഷകന്‍ ഇതോടൊപ്പം എഴുതുന്നു: ''ഈജിപ്തില്‍ നിന്ന് ഞാന്‍ എന്റെ പുത്രനെ വിളിച്ചു എന്ന് പ്രവാചകനിലൂടെ കര്‍ത്താവ് അരുളിച്ചെയ്തതു പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.'' (മത്താ. 2/15).
ഈ പ്രവചനമൊഴി പൂര്‍ത്തീകരിക്കുവാനുള്ള യാത്രയുടെ ദൗത്യം ലഭിച്ചത് യൗസേപ്പിതാവിനാണ്. തിരുക്കുടുംബം അദ്ദേഹത്തോടൊപ്പമാണ് യാത്ര ചെയ്യുന്നത്.
പ്രവചനങ്ങള്‍ക്ക് ആനുകാലികമായ ഒരു പ്രവചനബന്ധവും ലക്ഷ്യം വയ്ക്കുന്ന ഒരു പൂര്‍ത്തീകരണവുമുണ്ട്. ഒരു കാലഘട്ടത്തിന്റെ സംഭവങ്ങളെ പ്രവാചകന്മാര്‍ വ്യാഖ്യാനിക്കുമ്പോള്‍ തന്നെ പൂര്‍ത്തീകരണം യേശുക്രിസ്തുവിലാണ്. കുതറാത്ത വിശ്വാസം യൗസേപ്പിതാവില്‍ നമ്മള്‍ കാണുന്നു. മാലാഖ സ്‌നാപകന്റെ ജനനത്തെപ്പറ്റി പുരോഹിതനായ സഖറിയായെ അറിയിക്കുമ്പോള്‍ അദ്ദേഹം അവിശ്വസിക്കുന്നു. വാര്‍ദ്ധക്യത്തില്‍ മക്കളുണ്ടായ അനേകം പിതാക്കന്മാരുടെ ചരിത്രം അറിയാവുന്ന ആളാണ് ദൈവത്തെ അവിശ്വസിക്കുന്നത്. ലോകചരിത്രത്തില്‍ കന്യക പുത്രനെ പ്രസവിക്കുന്നത് ആദ്യമായാണ്. അവിശ്വസിക്കുവാന്‍ കാരണങ്ങള്‍ നിരത്തുന്നതിനു പകരം ദൈവവചനത്തിന് 'ആമേന്‍' പറയുന്ന പിതാവാണ് യൗസേപ്പിതാവ്.
ദൈവാലയത്തില്‍ യേശുവിനെ സമര്‍പ്പിക്കാന്‍ കൊണ്ടുചെല്ലുമ്പോള്‍ കര്‍ത്താവിന്റെ അഭിഷിക്തനെ ശിമയോന്‍ കാണുന്നത് മറിയത്തിന്റെയും യൗസേപ്പിതാവിന്റെയുമൊപ്പമാണ്.
നമ്മുടെ ജീവിതത്തില്‍ തിരുക്കുടുംബത്തിലെ ഈശോയെ കാണുന്ന ബന്ധങ്ങള്‍ നമുക്ക് മാതാവിനോടും യൗസേപ്പിതാവിനോടും ഉണ്ടാകട്ടെ.
യേശുവിനെ ദൈവാലയത്തില്‍ കാണാതെ പോകുമ്പോള്‍ മാതാവ് എത്രയോ ശ്രേഷ്ഠമായാണ് മകന്റെ മുമ്പില്‍ യൗസേപ്പിതാവിനെക്കുറിച്ചു പറയുന്നത്. ''നിന്റെ പിതാവും ഞാനും ഉത്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു.'' (ലൂക്കാ 2/48). യൗസേപ്പിതാവിന്റെ അലച്ചിലുകളെ മാനിക്കുകയും അതു മകനു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന അമ്മമനസ്സിന്റെ ഗരിമ ഇവിടെ കാണുന്നു.
യേശുനാഥന്റെ മറുപടി ഇവിടെ ശ്രദ്ധേയമാണ്: ''ഞാന്‍ എന്റെ പിതാവിന്റെ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കേണ്ടതാണെന്നു നിങ്ങള്‍ അറിയുന്നില്ലേ?(ലൂക്കാ 2/49). ഇവിടെ യൗസേപ്പിതാവ് നിഴലും ദൈവപിതാവ് പൊരുളുമായി മാറുന്നു. ''പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസ്രത്തില്‍ വന്ന് അവര്‍ക്ക് വിധേയനായി ജീവിച്ചു.''(ലൂക്കാ 2/51).
നമ്മുടെ കര്‍ത്താവ് മാനിച്ച യൗസേപ്പിതാവിനെയും മാതാവിനെയും മാനിക്കുമ്പോള്‍ ദൈവത്തെ മാനിക്കുന്നു. ''പിതാവിനോടു കാണിക്കുന്ന കാരുണ്യം വിസ്മരിക്കപ്പെടുകയില്ല.'' (പ്രഭാ. 3/14).
അനുസരണം ആരാധനയാക്കിയ Man of Scar ആണ് യൗസേപ്പിതാവ്. ''കഷ്ടത സഹനശീലവും സഹനശീലം ആത്മധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാക്കുന്നു.'' (റോമ 5/4).