അബ്‌സെന്റ്റീസവും പ്രസന്റ്റീസവും (absenteeism & Presentism) ലോക ത്തിലെ എല്ലാ തൊഴില്‍മേഖലകളിലും കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന പ്രതിഭാസങ്ങളാണ്. പലവിധ കാരണങ്ങളാല്‍ തുടരെത്തുടരെ ജോലിയില്‍നിന്ന് അവധി എടുക്കുന്ന അവസ്ഥാവിശേഷമാണ് അബ്‌സെന്റ്റിസം. അതേസമയം ആദ്യം ജോലിക്ക് സന്നിഹിതനായിട്ടും പലവിധ ബുദ്ധിമുട്ടുകള്‍ കാരണം കാര്യക്ഷമമായി ജോലിയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് പ്രസന്റ്റീസം. ശാരീരിക രോഗങ്ങളും മാനസിക രോഗങ്ങളും ഈ പ്രതിഭാസത്തിന് കാരണമാകുന്നുണ്ട്.
അമേരിക്കയിലെയും യൂറോപ്പിലെയും കണക്കുകള്‍ പ്രകാരം ജോലി എടുക്കുന്നവരില്‍ വൈകല്യ ആനുകൂല്യങ്ങള്‍ (disability benefits) കൈപ്പറ്റുന്നവര്‍ ഏകദേശം ആറ് ശതമാനം വരും. ഇതില്‍ 50 ശതമാനത്തോളം പേര്‍ പ്രത്യക്ഷമായോ പരോക്ഷമായോ പലവിധ മാനസിക രോഗങ്ങളും സംഘര്‍ഷങ്ങളും അനുഭവിക്കുന്നവരാണ് എന്നാണ് ഈ പഠനങ്ങള്‍ തെളിയിക്കുന്നുത്.
ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം മാനസികരോഗങ്ങള്‍ മൂലം പ്രതിവര്‍ഷം ആഗോള വ്യാവസായിക മേഖലയ്ക്ക് ഉണ്ടാകുന്ന നഷ്ടം ഏകദേശം ഒരു ലക്ഷം കോടി ഡോളര്‍ ആണ്. ഇന്ത്യയില്‍ തന്നെ നടത്തിയ പഠനങ്ങളില്‍ പതിനായിരം തൊഴിലാളികളുള്ള ഐടി മേഖലയില്‍ ഉത്കണ്ഠാരോഗവും അനുബന്ധ പ്രശ്‌നങ്ങളും കൈകാര്യം ചെയ്യാന്‍ ഏകദേശം 50 കോടി യോളം രൂപ തന്നെ ചെലവഴിക്കുന്നുണ്ട്.
ജോലി ചെയ്യുന്ന ഒട്ടുമിക്ക ആളുകളെ സംബന്ധിച്ചിടത്തോളം അവരുടെ തൊഴിലിടം ഒരു രണ്ടാം വീട് ആണ് എന്നു പറയുന്നതില്‍ തെറ്റില്ല. ചില സന്ദര്‍ഭങ്ങളില്‍ വീട്ടില്‍ ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഈ തൊഴിലിടങ്ങളില്‍ ചെലവഴിക്കുന്നവരുണ്ട് മാത്രമല്ല, സ്വന്തം ഭവനത്തെക്കാള്‍ വിഭിന്നമായ മറ്റൊരു സാമൂഹിക അന്തരീക്ഷത്തില്‍ കുടുംബാംഗങ്ങളെക്കാള്‍ കൂടുതല്‍ തന്റെ സഹപ്രവര്‍ത്തകരോട് ഒരാള്‍ക്ക് ഇടപെടേണ്ടി വരുന്ന സാഹചര്യവും ഇന്നു നിലനില്‍ക്കുന്നുണ്ട്.
ഒരാളുടെ ജീവിതത്തിന്റെ ഗണ്യമായ ഭാഗം ജോലിസ്ഥലത്താണ് ചെലവഴിക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ ഒരു അന്തരീക്ഷം തൊഴിലിടങ്ങളില്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
തൊഴിലിടങ്ങളിലെ ശാരീരികമായ വൈകല്യങ്ങളെക്കുറിച്ച് എല്ലാവരും ബോധവാന്മാരായതു കൊണ്ട് എത്രയും പെട്ടെന്ന് തന്നെ ഈ കാര്യങ്ങളില്‍ നടപടികള്‍ ഉണ്ടാകാറുണ്ട്.
ശാരീരികാസ്വാസ്ഥ്യങ്ങള്‍ക്ക് ചികിത്സ ആവശ്യമാണെന്നതുപോലെ തന്നെ, മാനസികരോഗങ്ങള്‍ക്കും ചികിത്സ ആവശ്യമാണ്. എന്നാല്‍ സമൂഹത്തിന് പൊതുവേയുള്ള തെറ്റിദ്ധാരണ മൂലം മാനസികപ്രശ്‌നങ്ങളെക്കുറിച്ചു തുറന്ന് സംസാരിക്കുന്നതിനും ശാസ്ത്രീയമായ ചികില്‍ത്സ നേടുന്നതിനും ആളുകള്‍ വിമുഖത കാണിക്കുന്നു.
മാനസികാരോഗ്യം സംരക്ഷിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ ഉത്തരവാദിത്വം ആണെന്ന കാഴ്ചപ്പാട് മാറ്റേണ്ടതുണ്ട്. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസികരോഗങ്ങളെ പ്രതിരോധിക്കുന്നതിനും സമൂഹത്തിന് കൂട്ടായ ഉത്തരവാദിത്തമാണുള്ളത്.
തൊഴിലിടങ്ങളില്‍ അഞ്ചില്‍ ഒരാള്‍ക്കുവീതം മാനസികാരോഗ്യപ്രശ്‌നം ഉണ്ടെന്നാണ് കണക്ക്. സ്വകാര്യമേഖലയിലും പൊതുമേഖലയിലും ഇതുതന്നെ സ്ഥിതി. ഈ കണ്ടെത്തലുകളിലേക്ക് ജനശ്രദ്ധയാകര്‍ഷിക്കുന്നതിനുവേണ്ടിയാണ് 'തൊഴിലിടങ്ങളിലെ മാനസികാരോഗ്യം' എന്ന വിഷയം 2017 വര്‍ഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ ചര്‍ച്ചാവിഷയമായത്.
എന്തുകൊണ്ട് ?
വിഷാദരോഗവും അമിതമായ ഉല്‍ക്കണ്ഠകളുമാണ് തൊഴിലിടങ്ങളിലെ പ്രധാന മാനസികാരോ ഗ്യപ്രശ്‌നങ്ങള്‍. മദ്യത്തിന്റെയും മയക്കുമരുന്നുകളു ടെയും ദുരുപയോഗമാണ് തൊഴിലിടങ്ങളിലെ മറ്റൊരു പ്രധാന ആരോഗ്യപ്രശ്‌നം.
തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ മാനസികാരോഗ്യം തകര്‍ക്കുന്ന പല സാഹചര്യവുമുണ്ട്. ജീവനക്കാരെ ശല്യപ്പെടുത്തുക, അവരോട് ക്രൂരമായി പെരുമാറുക, പീഡിപ്പിക്കുക, അവരുടെ ആരോഗ്യപരിചരണവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ വീഴ്ചവരുത്തുക, ശരിയായ ആശയവിനിമയമില്ലായ്മ, തൊഴില്‍ദാതാക്കളുടെയും മേല്‍നോട്ടക്കാരുടെയും വൈദഗ്ധ്യക്കുറവ്, ജീവനക്കാര്‍ക്ക് അര്‍ഹമായ പരിഗണനയും പ്രോത്സാഹനവും നല്‍കാതിരിക്കല്‍, അമിത ജോലിഭാരം തുടങ്ങിയവ ഇതില്‍ പ്രധാനമാണ്.
കൂടാതെ കുറഞ്ഞ ശമ്പളം, പെട്ടെന്നുള്ള ജോലി നഷ്ടപ്പെടല്‍, അമിതമായ ജോലിഭാരം, വളരാനോ, മുന്നേറാനോ, ജോലിയില്‍ സ്ഥാനകയറ്റം ലഭിക്കാനോ ഉള്ള അവസരം ഇല്ലായ്മ, കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നതും വെല്ലുവിളിയുണര്‍ത്തുന്നതുമായ ജോലി സാഹചര്യങ്ങള്‍, തൊഴില്‍പരമായ ലിംഗവിവേചനം, ജോലിയെ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ സ്വയം അഭിപ്രായം പറയാനോ തിരുമാനം എടുക്കാനോ കഴിയാത്ത സാഹചര്യങ്ങള്‍, ജീവനോ സുരക്ഷക്കോ ഒട്ടും പ്രാധാന്യം കൊടുക്കാത്ത തൊഴിലിടങ്ങള്‍. ജോലിയെ സംബന്ധിച്ചുള്ള അമിത പ്രതീക്ഷയും മത്സരബുദ്ധിയോടെയുള്ള സമീപനവും, ഇവയൊക്കെ മാനസിക സംഘര്‍ഷത്തെ കൂട്ടുകയും കുടുംബബന്ധത്തേയും വ്യക്തിജീവിതത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
പ്രശ്‌നം ചര്‍ച്ചചെയ്യുന്നതിനു പകരം എന്താണ് ഇതിനൊരു പരിഹാരം എന്ന് നോക്കുന്നതാകും പ്രായോഗികവും ബുദ്ധിപൂര്‍വ്വകവുമായ തീരുമാനം.
തൊഴിലാളിയായ ഞാന്‍ ചെയ്യേണ്ടത്
1. മാനസിക സംഘര്‍ഷമുണ്ടാക്കുന്ന സാഹചര്യങ്ങളെ കൃത്യമായി തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. അത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ ചിന്ത, വികാരങ്ങള്‍, പെരുമാറ്റം എന്നിവയില്‍ വരുന്ന മാറ്റങ്ങളെ മനസ്സിലാക്കാനായാല്‍ നിങ്ങള്‍ക്ക് നിങ്ങളെ സ്വയം നിയന്ത്രിക്കാനാകും.
മാനസിക സമ്മര്‍ദ്ദമുളവാക്കുന്ന വ്യക്തികളോടും സാഹചര്യങ്ങളോടും പ്രകോപനപരമായി പ്രതികരിക്കാതിരിക്കാന്‍ ഇത് സഹായം ചെയ്യും.
2. ജോലി മാത്രമാണ് എല്ലാം എന്ന ചിന്ത മാറ്റി വെയ്ക്കുക. ആവശ്യത്തിനു വിശ്രമിക്കാനും മാനസികോല്ലാസത്തിനുമുള്ള അവസരം കണ്ടെത്തുക.
3. ചെയ്യേണ്ട ജോലികള്‍ മുന്‍ഗണനാക്രമത്തില്‍ ലിസ്റ്റ് ചെയ്യുക. കുടുതല്‍ പ്രാധാന്യമുള്ളതും വേഗം തിര്‍ക്കേണ്ടതുമായ കാര്യങ്ങള്‍ ആദ്യംതന്നെ ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കുക.
4. ജോലി സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി മദ്യത്തിലോ, മറ്റു ലഹരി പദാര്‍ത്ഥങ്ങളിലോ ആശ്രയിക്കാതിരിക്കുക. അല്പനേരത്തേയ്ക്കുള്ള ടെന്‍ഷന്‍ മറികടക്കാന്‍ ഉപയോഗിക്കുന്ന ലഹരി, മാനസികാ രോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഓര്‍ക്കുക.
5. ചെയ്തുതീര്‍ക്കേണ്ട ജോലി പിന്നത്തേയ്ക്കു മാറ്റിവെക്കുന്നത് നല്ലതല്ല. ഇത് പിന്നീട് ജോലിഭാരം കൂട്ടാനേ ഉപകരിക്കൂ.
6. ഒരു സമയപരിധിക്കുള്ളില്‍ നിന്നുകൊണ്ട്, കൃത്യമായി ചെയ്തുതീര്‍ക്കാന്‍ കഴിയില്ല എന്ന് ഉറപ്പുള്ള ജോലികള്‍ ഏറ്റെടുക്കാതിരിക്കുക. എല്ലാം എന്നെ കൊണ്ടു ചെയ്തുതീര്‍ക്കാന്‍ കഴിയുമെന്നുള്ള അമിതാത്മവിശ്വാസം നല്ലതല്ല.
7. ഓരോ ദിവസത്തെയും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുക. ഇന്ന് എന്തു ചെയ്യണം, ആരെ കാണണം എന്ന തരത്തിലുള്ള വ്യക്തമായ ധാരണ തൊഴില്‍ പരമായ അമിതസംഘര്‍ഷത്തെ കുറയ്ക്കും.
8. തൊഴില്‍ ഇടങ്ങളിലെ എല്ലാവരുമായി സൗഹൃദത്തോടെ, യോജിച്ച് പ്രവര്‍ത്തിക്കാനും ഇടപെടാനും ശ്രമിക്കുക, വ്യക്തിപരമായ പ്രശ്‌നങ്ങള്‍, വിദ്വേഷം എന്നിവ മൂലം ജോലിക്ക് തടസ്സം ഉണ്ടാക്കാതെ, പറഞ്ഞുതീര്‍ക്കുക.
9. ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ വിട്ടിലേയ്ക്ക് കൊണ്ടുപോകാതിരിക്കുക. ഇത് കുടും ബബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
10. ചെയ്യുന്ന ജോലിയില്‍ സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക. ഒട്ടുമിക്ക ആള്‍ക്കാര്‍ക്കും അവരവര്‍ക്ക് ഇഷ്ടപ്പെട്ട ജോലി ലഭിച്ചിട്ടില്ല എന്ന് ഓര്‍ക്കുക. മാനസിക സന്തോഷം നല്കുന്ന തൊഴില്‍ ലഭിക്കുന്നതിനായി പരിശ്രമിച്ചു കൊണ്ടേ യിരിക്കുക.
തൊഴില്‍ ദാതാക്കളോട് :
തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേട്ട് പരിഹരിക്കാന്‍ മേലുദ്യോഗസ്ഥരും തൊഴില്‍ ദാതാക്കളും ശ്രദ്ധവെക്കേണ്ടതുണ്ട്..
1. ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കുന്നതിന് തൊഴില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെ ടുത്തുക.
2. തൊഴില്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോട് ജീവനക്കാര്‍ക്കു തങ്ങളുടെ മാനസിക ബുദ്ധിമുട്ടുകള്‍ തുറന്നു പറയാനുള്ള സാഹചര്യം നല്‍കുക.
3. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ പ്രോത്സാഹിപ്പിക്കുക.
4. ജോലിസ്ഥലങ്ങളില്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വിദഗ്ദരുടെ സേവനം ലഭ്യമാക്കുക.
തൊഴില്‍ സംബന്ധമായ സമ്മര്‍ദ്ദം നമ്മുടെ ശാരീരിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. തൃപ്തികരമല്ലാത്ത തൊഴില്‍സാഹചര്യം ജീവനക്കാരില്‍ മാനസികസംഘര്‍ഷം ഉണ്ടാക്കും. തൊഴില്‍മേഖലയിലെ അവരുടെ ഉല്‍പ്പാദനക്ഷമ തയെ ഇത് പ്രതികൂലമായി ബാധിക്കും.
കൊറോണയുടെ കാര്യത്തിലെന്നപോലെ തന്നെ, പ്രതിരോധമാണ് തൊഴിലിടങ്ങളിലെ മാനസിക ആരോഗ്യം നിലനിര്‍ത്താനുള്ള ഉള്ള മുഖ്യ പ്രതിവിധി. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായ തിനുശേഷം പരിഹരിക്കുന്നതിനെകുറിച്ച് കൂലങ്കഷമായി ചിന്തിക്കുന്നതിനേക്കാള്‍, തൊഴിലിടങ്ങളില്‍ സന്തോഷകരവും സമാധാനപരവുമായ അന്തരീക്ഷം എങ്ങനെ ഉണ്ടാക്കിയെടുക്കാം, നിലനിര്‍ത്താം എന്നു ചിന്തിക്കുന്നതാണ് അഭികാമ്യം.
(ഡോ. ഫാ. ഡേവ് അഗസ്റ്റിന്‍ അക്കര കപ്പൂച്ചിന്‍ തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മാനസികാരോഗ്യ വിഭാഗം ഡിപ്പാര്‍ട്ട്‌മെന്റ് സീനിയര്‍ റെസിഡന്റ് ഡോക്ടറാണ്.)