news-details
കവർ സ്റ്റോറി

നിര്‍മ്മിതബുദ്ധി: ശാസ്ത്രവും മതവും

നിര്‍മ്മിതബുദ്ധി (Artifical Inteligece) ശാസ്ത്ര-സാങ്കേതികരംഗത്തെ ഏറ്റവും പുതിയ മുന്നേറ്റമാണ്. ശാസ്ത്രത്തിന്‍റെ ഈയൊരു പുതിയ ഘട്ടം മനഷ്യന്‍റെ ജീവിത മണ്ഡലങ്ങളില്‍ വലിയ നിലയിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്താന്‍ പോന്നതാണ് എന്ന ചിന്ത നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വിവിധ പഠനങ്ങളും സംവാദങ്ങളും വിവിധ വൈജ്ഞാനിക മണ്ഡലങ്ങളില്‍ നടക്കുന്നു മുണ്ട്. ശാസ്ത്രത്തിന്‍റെ ഈയൊരു മുന്നേറ്റത്തെ മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും പശ്ചാത്തലത്തില്‍ എങ്ങിനെ വിലയിരുത്താന്‍ സാധിക്കും എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പൊതുവെ മനുഷ്യന്‍റെ ഭാവനയിലും വിഭവശേഷിയിലും കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധ്യതയുള്ള നിര്‍മ്മിത ബുദ്ധിയുടെ ശാസ്ത്രവും പ്രയോഗവും ഉയര്‍ത്തുന്ന വേദശാസ്ത്ര- നൈതിക പ്രശ്നങ്ങളെ ചുരുക്കമായി പഠനവിധേയമാക്കാന്‍ ശ്രമിക്കുകയാണ് ഇവിടെ.

മതവും ശാസ്ത്രവും

മതവും ശാസ്ത്രവും രണ്ട് പ്രതലങ്ങളില്‍ (Premises) നിലകൊള്ളുന്നതാണ്. ഒന്ന് യുക്തിക്ക് വിധേയവും മറ്റേത് യുക്തിക്ക് അതീതവും ആണ് എന്ന ചിന്തയാണ് പൊതുവെ നിലനില്‍ക്കുന്നത്. എന്നാല്‍ മതതത്വശാസ്ത്രങ്ങളുടെ ചരിത്രം ഈയൊരു നിലപാടിനെ സാധൂകരിക്കുന്നില്ല. ഭാരതീയ പൗരസ്ത്യ മതതത്വശാസ്ത്രങ്ങള്‍ ആണ് ഇതിന് ഏറ്റവും നല്ല ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാശ്ചാത്യ ഭക്തിവാദ(Pietistic) ക്രൈസ്തവ വേദശാസ്ത്ര സമീപനങ്ങളുടെ രൂപീകരണഘട്ടം യുക്തിക്ക് അതീതമായി വിശ്വാസത്തെ പ്രതിഷ്ഠിച്ച പശ്ചാത്തലത്തിലാണ് ജ്ഞാനോദയഘട്ടത്തിന്‍റെ ആവിര്‍ഭാവം. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ ലോകത്തെക്കുറിച്ചും മനുഷ്യ ജീവജാലങ്ങളെക്കുറിച്ചും ഉള്ള സമീപനങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കാരണമായിത്തീര്‍ന്നു. പില്‍ക്കാലങ്ങളില്‍ ലോകത്തെ ആകമാനം സ്വാധീനിച്ച മുതലാളിത്തവും സോഷ്യലിസവും ആവിര്‍ഭ വിച്ചതും ഈയൊരു ഘട്ടത്തില്‍ തന്നെയാണ്. മതവും വിശ്വാസവും യുക്തിക്ക് വിധേയമായതോടെ അതുവരെയും ഇവ തമ്മില്‍ നിലനിന്നിരുന്ന ഐക്യം തകര്‍ക്കപ്പെട്ടു. ഓരോന്നും അതാതിന്‍റെ വഴികളിലൂടെ സഞ്ചരിച്ചു. ഇത് മനുഷ്യബന്ധങ്ങളിലും വിശ്വാസത്തിലും മതം ഒരു അനിവാര്യതയല്ലാതായിത്തീരാന്‍ കാരണമായിത്തീര്‍ന്നു. അതുവരെയും വേദശാസ്ത്രം(Theology) മറ്റെല്ലാ ശാസ്ത്രങ്ങളുടെയും രാജ്ഞി ആയിരുന്നെങ്കില്‍ ആ സ്ഥാനം അതിന് നഷ്ടപ്പെടുകയും പില്‍ക്കാലങ്ങളില്‍ വേദ ശാസ്ത്രം മറ്റേതൊരു ശാസ്ത്രശാഖപോലെ മാത്രം പരിഗണിക്കപ്പെടുകയും ചെയ്തു. എന്നാല്‍ വേദശാ സ്ത്രത്തെയും വിശ്വാസത്തെയും താത്വികമായി വിശകലനം ചെയ്യേണ്ടതും യുക്തിസഹമായ നിഗമനങ്ങളില്‍ എത്തേണ്ടതും വിശ്വാസത്തെയും വിശ്വ സിക്കുന്നതിനേയും ന്യായികരിക്കുന്നതിന് അത്യന്താപേക്ഷിതമായിത്തീര്‍ന്നു. ശാസ്ത്രവും മതവും തമ്മില്‍ സംവേദനാത്മകമായ (dialogical) സമീപനമാണ് നിലനിന്നിരുന്നത് എന്ന നിലപാട് വേണമെങ്കില്‍ നമുക്ക് സ്വീകരിക്കാം. മതത്തിന്‍റെ കാര്യ ത്തില്‍ അനേകം ദുരാചാരങ്ങളും കാലഹരണപ്പെട്ട തത്വസംഹിതകളും നിഷ്കാസനം ചെയ്യപ്പെട്ടു എന്നത് ചരിത്ര വസ്തുതയാണ്. മതജീവിതവും തത്വങ്ങളും വ്യാഖ്യാനത്തിന് വിധേയമായി. തിരുത്തേണ്ടത് തിരുത്തുന്നത് ദൈവത്തോടും ദൈവവിശ്വാസത്തോടും ന്യായമായി ചെയ്യേണ്ട മത ഉത്തരവാദിത്വമാണ് (Religious Responsibiltiy) എന്നും പരിഗണിക്കപ്പെട്ടു. ചുരുക്കത്തില്‍ ഓരോന്നും അതാതിന്‍റെ സാഹചര്യങ്ങളില്‍ നിലകൊള്ളുകയും പരസ്പരപൂരകമായി ജ്ഞാനശാസ്ത്ര (epistamology) സംഭാവനകള്‍ പങ്കുവച്ച് വളരുകയുമായിരുന്നു. അതായത് മതത്തിന്‍റെ പ്രാമാണികത അവസാനിച്ചുവെങ്കിലും ശാസ്ത്ര വളര്‍ച്ചയ്ക്കൊപ്പം മതവും രൂപാന്തരത്തിന് വിധേയമായി എന്ന ചിന്തയാണ് നാം പങ്കുവച്ചത്. എന്നാല്‍ ഇവിടെയെല്ലാം പ്രാമാണികമായി മനുഷ്യന്‍റെ ജ്ഞാനപരികല്പനകളുടെ ഉള്ളില്‍ നിന്നുകൊണ്ടാണ് ശാസ്ത്രപുരോഗതിയെ കാണാനും മനസ്സിലാക്കും ശ്രമിച്ചത്. എന്നാല്‍ ഇന്ന് മനുഷ്യബുദ്ധിക്ക് മേല്‍ നിര്‍മ്മിത ബുദ്ധിക്ക് ആധിപത്യം കൈവരുന്ന മറ്റൊരു ശാസ്ത്ര ഘട്ടത്തിലേക്ക് ലോകം കടന്നിരിക്കുന്നു. ഇതുവരെയും ഉള്ള ശാസ്ത്രമുന്നേറ്റങ്ങളുടെ മറ്റൊരു സുപ്രധാന വഴിത്തിരിവാണ് ഇത് എന്ന് പറയേണ്ടി വരും.

മതത്തിന്‍റെ കാര്യം പരിശോധിച്ചാല്‍ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ മതജീവിതത്തെ കൂടുതല്‍ മനുഷ്യോന്മുഖമാക്കിയിട്ടുണ്ട്. അതിന്‍റെ ഉള്ളടക്കത്തിനും വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഒരു ഘട്ടത്തില്‍ മതശാസനങ്ങളും മതപുരോഹിതരും ആയിരുന്നു സാമൂഹ്യ-മത ജീവിതത്തിന്‍റെ അവസാന വാക്ക് എങ്കില്‍ 18-ാം നൂറ്റാണ്ടിലെ ജ്ഞാ നോദയത്തോടു (enlightenment) കൂടി ഈയൊരു പ്രവണതയില്‍ മാറ്റം വന്നു. പാശ്ചാത്യലോകത്ത് നടന്ന ഈയൊരു മുന്നേറ്റം സ്വതന്ത്രചിന്തയ്ക്കും യുക്തിക്കും (Reason) കൂടുതല്‍ പ്രാമുഖ്യം കൈവരാന്‍ കാരണമായിത്തീര്‍ന്നു. ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളും യുക്തിബോധവും മത വിശ്വാസങ്ങളെയും ബോധനങ്ങളെയും പുനരാവി ഷ്കരിക്കാന്‍ നിര്‍ബന്ധിതരാക്കി. ശാസ്ത്രപുരോഗതിയുടെ വിവിധ ഘട്ടങ്ങള്‍ മനുഷ്യന്‍റെ ഗുണപരമായ ജീവിതവളര്‍ച്ചയെ (qualtiy of living) സഹായിക്കും എന്ന് വിലയിരുത്തപ്പെട്ടു. ഈയൊരു ചിന്ത നിലനില്‍ക്കുമ്പോഴാണ് നിര്‍മ്മിത ബുദ്ധിയുടെ ശാസ്ത്രഘട്ടത്തിലേക്ക് ലോകം കടക്കുന്നത്. മനുഷ്യജീവിതത്തെ ഇത് കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കുമോ എന്ന ചോദ്യങ്ങളോടെ മാത്രമേ ഈ മാറ്റങ്ങളെ നമുക്ക് അഭിമുഖീകരിക്കാന്‍ കഴിയൂ. ഇതിന്‍റെയെല്ലാം തുടര്‍ച്ചയായിട്ട് വേണം കഴിഞ്ഞ രണ്ട് മൂന്ന് നൂറ്റാണ്ടുകളിലെ ശാസ്ത്ര-സാമൂഹ്യ പുരോഗതിയെ നോക്കിക്കാണന്‍.

നിര്‍മ്മിത ബുദ്ധിശാസ്ത്രത്തിന്‍റെ പുതിയ മുഖം

നിര്‍മ്മിതബുദ്ധിയും മനുഷ്യബുദ്ധിയും തമ്മിലുള്ള അകലം കുറയുന്നു എന്ന നിലയിലുള്ള ചര്‍ച്ചകള്‍ ശാസ്ത്രലോകത്തില്‍ ഇന്ന് സജീവമാണ്. മനുഷ്യന്‍റെ ഭാഷയില്‍ തന്നെ സംസാരിക്കാനും ഒരു പടികൂടി കടന്ന് ചിത്രങ്ങള്‍ മനസിലാക്കാനും ശേഷി നേടിയ ചാറ്റ് ജി. പി. ടി കാലക്രമത്തില്‍ മനുഷ്യബുദ്ധിക്ക് മേല്‍ ആധിപത്യം സ്ഥാപിക്കുമോ എന്ന ഭയാശങ്കയാണ് നിലനില്‍ക്കുന്നത്. എന്തു കൊണ്ട് ഇത് ഒരു മഹാവിപ്ലവമാകുന്നു എന്നത് പരിശോധിക്കേണ്ടതാണ്. ഒന്നാമതായി ഇതില്‍ ഉള്‍ച്ചേരുന്ന കിടമല്‍സരം ഇതിനെ പരിധിയില്ലാത്ത വളര്‍ച്ചക്ക് സഹായിക്കുന്നു. കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയെ കൈപ്പിടിയില്‍ ഒതുക്കിയ മൈക്രോ സോഫ്റ്റും (BARD) ഐ. ടി. ഭീമനായ ഗൂഗിളും (ആല്‍ഫാ ബെറ്റ്) തമ്മില്‍ ആകുമ്പോള്‍ വിപണിക്കും ലാഭത്തിനും വേണ്ടിയുള്ള കിടമത്സരം ധാര്‍മ്മിക പരിധികള്‍ (ethical standards) അതിലംഘിക്കും എന്ന് സംശയിക്കേണ്ട കാര്യമില്ല. ടൈം മാഗസിന്‍ റിപ്പോര്‍ട്ട് പ്രകാരം 10 മില്യണ്‍ ഡോളറാണ് മൈക്രോസോഫ്റ്റ് ഇപ്പോള്‍ ചാറ്റ് ജി.പി.ടി.യുടെയും ഡാലിയുടെയും നിര്‍മ്മാതക്കളായ ഓപ്പണ്‍ എ.ഐ.യില്‍ നിക്ഷേപിച്ചിരിക്കുന്നത്. ഈ അടുത്ത സമയത്ത് ഇന്ത്യ സന്ദര്‍ശിച്ച ഓപ്പണ്‍ എ.ഐ. ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ആയ സാം ഓള്‍ട്ട്മാന്‍-ന്‍റെ വാക്കുകള്‍ ശ്രദ്ധേയമാണ്. നിര്‍മ്മിതബുദ്ധിക്ക് നിയന്ത്രണം വേണം എന്നും അത് ഇരുതലമൂര്‍ ച്ചയുള്ള വിനാശകാരിയായ ആയുധം പോലെയാണ് എന്നും അദ്ദേഹം പറയുന്നു. അതോടൊപ്പം ഈ ലോകത്തെ പൂര്‍ണ്ണമായും കമ്പനികളുടെയോ സ്ഥാപനങ്ങളുടെയോ കൈയ്യില്‍ ഏല്‍പ്പിക്കരുത് എന്നും ഇത് സാമൂഹ്യ ഉത്തരവദിത്വത്തിന്‍റെ പരിധിയില്‍ നിലനിര്‍ത്തണം എന്നും ഉള്ള അദ്ദേഹത്തിന്‍റെ പ്രതികരണം ശ്രദ്ധിക്കേണ്ടതാണ്.

രണ്ടാമതായി, ചിന്താശേഷിയും ഓര്‍മ്മയും സ്മാര്‍ട്ട് ഫോണ്‍ കൈയ്യില്‍ ഉള്ളിടത്തോളം വലിയ കാര്യമെന്നുമല്ല എന്ന ചിന്ത സര്‍വ്വസാധാരണമാണ്. ചാറ്റ് ജി.പി.ടി സെര്‍ച്ച് രംഗത്ത് എത്തുമ്പോള്‍ അതിലും വലിയ സൗകര്യമാണ്. മനുഷ്യ മസ്തിഷ്കത്തിലെ പ്രവര്‍ത്തനങ്ങളെയും ചിന്താമണ്ഡലത്തെയും അനുകരിച്ച് തയ്യാറാക്കിയ ന്യൂറല്‍ ലാംഗ്വേജ് മോഡലുകളുടെ പിന്‍ബലത്തിലാണ് ചാറ്റ് ജി.പി.ടി.യും ഗൂഗിളിന്‍റെ ബാര്‍ഡും പ്രവര്‍ ത്തിക്കുന്നത്. ലളിതമായ ഭാഷയിലും മാനസിക അടുപ്പത്തിലും സംസാരിക്കാന്‍ ശേഷിയുള്ള ഈ സാങ്കേതികവിദ്യ സെര്‍ച്ച് സംവിധാനങ്ങളിലേക്ക് എത്തുമ്പോള്‍ വിവരാന്വേഷണവും വായനയും കൂടുതല്‍ യാന്ത്രികമാവുകയും നമ്മുടെ ശീലങ്ങളില്‍ മാറ്റം വരുകയും ചെയ്യും എന്ന കാര്യത്തില്‍ സംശയം വേണ്ട.

എല്ലാ ഐ.ടി. ഭീമന്മാരും ഒറ്റ സ്വരത്തില്‍ പറയുന്ന കാര്യം ചാറ്റ് ജി.പി.ടി സോഫ്റ്റ്വെയര്‍ മേഖലയെ അടിമുടിമാറ്റിക്കളയും എന്നാണ്. അതുകൊണ്ട് തന്നെ ഓരോ ഐ.ടി. കമ്പനിയും അവരവരുടെ വെര്‍ഷന്‍ രംഗത്ത് കൊണ്ടുവരാനും വിപണി പിടിക്കാനുമുള്ള തീവ്രശ്രമത്തിലാണ് ഇപ്പോള്‍. ഇത് ആശയപ്രചരണ വേദിയാകും എന്ന കാര്യത്തിലും സംശയം വേണ്ട. മനുഷ്യരുടെ ബുദ്ധിയെയും ചിന്താശേഷിയെയും അനുകരിക്കാന്‍ യന്ത്രങ്ങളെ പരിശീലിപ്പിച്ചെടുക്കുകയാണ് ഈ സാങ്കേതികവിദ്യയുടെ ഭാഗമായി ചെയ്തു പോരുന്നത്. ഇത് ലോകരാജ്യങ്ങളുടെ ഇടയില്‍ ഭയാശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അതുകൊണ്ട് ചില രാജ്യങ്ങള്‍ ഇത് നിരോധിക്കുന്നു മറ്റ് രാജ്യങ്ങള്‍ തങ്ങളുടെതായ സാങ്കേതിക വിദ്യ വികസിപ്പിച്ച് പുതിയത് സൃഷ്ടിക്കുന്നു. സ്വാഭാവികമായും ഇത്തരം ചാറ്റ് ബോട്ടുകള്‍ അസത്യങ്ങളുടെയും അര്‍ദ്ധസത്യങ്ങളുടെയും പ്രചരണത്തിന്‍റെ പ്രഭവകേന്ദ്രമായിത്തീരുമെന്നതില്‍ സംശയിക്കേണ്ടതില്ല. മൈക്രോസോഫ്റ്റിന്‍റെ ചാറ്റ് ബോട്ടായ ടേയ് (Tay) വംശീയവും സ്ത്രീ വിരുദ്ധവുമായ പ്രസ്താവനകള്‍ നടത്തി വിവാദത്തിലായത് ചരിത്രമാണ്. ഒരു കൗമാരക്കാരിയായ അമേരിക്കന്‍ പെണ്‍കുട്ടിയുടെ ഭാഷാരീതി അനുകരിച്ചു കൊണ്ട് പ്രതികരിക്കുന്ന 'ടേയ്' ജൂത വംശഹത്യ എന്നൊന്ന് ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്നും ഹിറ്റ്ലറായിരുന്നു ശരി, ഞാന്‍ ജൂതന്മാരെ വെറുക്കുന്നുവെന്നും ഫെമിനിസ്റ്റുകളെല്ലാം ചാവണമെന്നും അവര്‍ നരകത്തില്‍ കത്തി യെരിയണമെന്നും പറയുകയുണ്ടായി. ഇത്തരത്തിലുള്ള പ്രകോപനപരമായ പരാമര്‍ശങ്ങളുടെ പേരില്‍ മൈക്രോസോഫ്റ്റിന് 16 മണിക്കൂറിനുള്ളില്‍ ഈ ചാറ്റ് ബോട്ട് പിന്‍വലിക്കേണ്ടി വന്നു. യുക്തിസഹമായ അനുമാനങ്ങളുടെ അടിസ്ഥാനത്തില്‍ പഠിക്കാനും നിഗമനങ്ങളില്‍ എത്താനും മനുഷ്യന് മാത്രമെ കഴിയൂ. അങ്ങിനെ മാത്രമെ ധാര്‍മ്മികമായി ചിന്തിക്കാന്‍ സാധിക്കൂ. ചാറ്റ് ജി.പി.ടിക്ക് അതില്ല എന്ന തുറന്ന കുറ്റസമ്മതവും കമ്പനി തന്നെ നടത്തുന്നുണ്ട്.

മനുഷ്യന് ബുദ്ധി ഉപയോഗിച്ച് ചെയ്യാവുന്ന എന്തു കാര്യവും അതുപോലെ ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യ എന്ന സങ്കല്‍പ്പമാണ് ആര്‍ട്ടിഫിഷല്‍ ജനറല്‍ ഇന്‍റ ലിജന്‍സ് (AGI G.P.T 4) പതിപ്പ്. ഇത് പുറത്തുവന്നതോടെ മനുഷ്യവംശത്തിന് തന്നെ ഭീഷണിയാകുന്ന തരത്തിലേക്കാണ് ഗവേഷണങ്ങള്‍ പോകുന്നത് എന്ന ചിന്ത വ്യാപകമാണ്. മനുഷ്യന്‍റെ നൈസര്‍ഗികമായ കഴിവിനുമേല്‍ സാങ്കേതികവിദ്യ ആധിപത്യം സ്ഥാപിക്കും എന്നുള്ളതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട എല്ലാ പുതിയ ഗവേഷണങ്ങളും വലിയ ചര്‍ച്ചകള്‍ക്കുശേഷം മാത്രമെ നടത്താവൂ എന്ന വാദം ഇന്ന് സജീവമാണ്.  പേരിലെ ജി.പി.ടി സൂചിപ്പിക്കുന്നതു പോലെ പുനരുത്പാദനപരമായ (Generative) പൂര്‍വ്വശിക്ഷിത (Pre-trained) പരിവര്‍ത്തനോപാധി (Transformer) യാണ് ഇത്. അതായത് നാം കൊടുക്കുന്ന ഉള്ള ടക്കം മുന്‍കൂട്ടി പഠിച്ചതിലപ്പുറമായി അതിന് പ്രതിക രണങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. മനുഷ്യ മസ്തിഷക്കത്തിലെന്നപോലെ നിര്‍മ്മിത ബുദ്ധിയുടെ കംപ്യൂട്ടര്‍ പ്രോഗ്രാമുകളില്‍ ഒരു കൃത്രിമ സിരാ ശൃംഖലയുണ്ടായിരിക്കും. അതില്‍ മനുഷ്യമസ്തിഷ്ക്കത്തിനു സമാനമായ ഒരു നിര്‍ദ്ദേശപ്പട്ടിക (Algorithm) പ്രര്‍ത്തിക്കുന്നുണ്ട്. ഓര്‍മ്മ, ചിന്ത, ഭാവന, യുക്തി തുടങ്ങിയ ബുദ്ധിപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുകയാണ് ഇതിന്‍റെ ദൗത്യം. ഈ അല്‍ഗോരിതത്തിന്‍റെ ഭാഷയും ഭാവനയുമാണ് ഇനി സര്‍ഗാത്മകതയുടെ മേഖലയെ മാറ്റിമറിക്കാന്‍ പോകുന്നത്.

നിര്‍മ്മിതബുദ്ധിയുടെ മറ്റൊരു ഉപവിഭാഗമാണ് ഗണനസര്‍ഗാത്മകത (computational Creativtiy). ചിത്രം വരയ്ക്കാനും സാഹിത്യ രചന നടത്താനും സഹായിക്കുന്ന സോഫ്റ്റ്വെയറുകളെക്കുറിച്ച് പഠിക്കുന്ന നിര്‍മ്മിതബുദ്ധിയുടെ ഉപവിഭാഗമാണ്. ഇത് ഫലം കാണുന്നത് വഴി മനുഷ്യസര്‍ഗാത്മകതയുടെ സൂക്ഷ്മഭേദങ്ങള്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്നും മുന്‍കാല രചനകളില്‍നിന്നും കലാരൂപങ്ങളില്‍നിന്നും പ്രചോദനമുള്‍ക്കൊള്ളാന്‍ ഇതിന് സാധിക്കുമെന്നും കരുതപ്പെടുന്നു. കൂടാതെ പരസ്പരവിരുദ്ധമെന്നു തോന്നുന്ന ആശയങ്ങളെ അതിവിദഗ്ധമായി കൂട്ടിയിണക്കാന്‍ കഴിയുന്നതായ ഭാഷാമാതൃകകളെ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ അത് മനുഷ്യ ഭാവനയുടെ ചരിത്രത്തെ നെടുകെപ്പിളരുന്ന ഒരു ദശാസന്ധിയാകും എന്ന് സാമൂഹ്യശാസ്ത്രകാരന്മാര്‍ നിരീക്ഷിക്കുന്നു. (ഡോ. എന്‍. പി. സജീഷ്, മഷിയും മെഷീനും. മാതൃഭുമി ആഴ്ചപ്പതിപ്പ്, മാര്‍ച്ച് 26, 2023) എ.ഐ. യുടെ തലതൊട്ടപ്പന്മാരില്‍ ഒരാളും ആര്‍ട്ടിഫിഷ്യല്‍ ന്യൂറല്‍ നെറ്റ്വര്‍ക്കുകളുടെ ലോകത്തേക്ക് സാങ്കേതികലോകത്തെ കൈപിടിച്ചുയര്‍ത്തിയ ജഫ്രി ഹിന്‍റണ്‍ പറയുന്നത് നിര്‍മ്മിത ബുദ്ധി കാലാവസ്ഥ വ്യതിയാനത്തേക്കാള്‍ അപകടകരമാണ് എന്നാണ്. അതുകൊണ്ട് അദ്ദേഹം നിര്‍മ്മിതബുദ്ധിക്ക് എതിരെയുള്ള പോരാട്ടത്തിനായി രംഗത്തിറങ്ങിയിരിക്കുകയാണ്.

ശാസ്ത്ര-സാങ്കേതിക രംഗത്തെ ഈ പുതിയ പ്രവണതകള്‍ ലോകത്തില്‍ മനുഷ്യന്‍റെ സ്ഥാനത്തെയും ഉത്തരവാദിത്വങ്ങളെയും പുനര്‍നിര്‍ണ്ണയിക്കും എന്നതില്‍ സംശയിക്കേണ്ട കാര്യമില്ല. അതുകൊണ്ട് ഇതു സംബന്ധിച്ചുള്ള തുടരന്വേഷണങ്ങള്‍ക്ക് ഇനിയും അമാന്തിച്ചുകൂടാ എന്ന നിലപാടാണ് ഉള്ളത്.

ഭാവനയുടെ ലോകം

യന്ത്രങ്ങളുടെ ലോകം ഭാവനയുടെ ലോകത്തെ അടച്ചുകളയും എന്ന പൊതുധാരണ നിലനില്‍ക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ എന്താണ് ഭാവന? അത് മനുഷ്യരില്‍ എങ്ങിനെ ഉടലെടുക്കുന്നു എന്ന് ആല്‍ബെര്‍ട്ട് റീഡിന്‍റെ നിരീക്ഷണങ്ങളെ മുന്‍നിര്‍ത്തി, 'കാലാനുവര്‍ ത്തിയോ മനുഷ്യഭാവന' എന്ന തലക്കെട്ടില്‍ ഡോ. ജെ. പ്രഭാഷ് എഴുതിയ ലേഖനം (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂണ്‍ 28, 2023) ഈയൊരു പശ്ചാത്തലത്തില്‍ പ്രസക്തമാണ്. മനുഷ്യോല്‍പ്പത്തി മുതല്‍ ഇന്നുവരെയും മനുഷ്യരെയും ലോകത്തേയും മാറ്റിത്തീര്‍ത്തത് ഭാവനയിലൂടെയാണ് എന്നും ആശയങ്ങളെ ഭാവനയുടെ ഉരകല്ലില്‍ ഉരച്ച് മിനുസപ്പെടുത്തുന്ന പ്രക്രിയ നിരന്തരം സംഭവിക്കേണ്ടതാണെന്നും നിരീക്ഷിക്കുന്നു. ആല്‍ബെര്‍ട്ട് റീഡിനെ ഉദ്ധരിച്ചുകൊണ്ട് പറയുന്നത് ഇപ്രകാരമാണ് "അസാധ്യമായ കാര്യങ്ങളെക്കുറിച്ച് അനിതര സാധാരണമായി ചിന്തിക്കുമ്പോഴാണ് സാധ്യമായ കാര്യങ്ങള്‍പോലും നമുക്ക് പ്രാപ്യമാകുന്നത്. ഭാവനാസമ്പന്നര്‍ ഒത്തുകൂടുമ്പോള്‍ ആശയങ്ങളുടെ മേഘവിസ്ഫോടനം നടക്കുന്നു. ബി.സി.15-ാം നൂറ്റാണ്ടിലെ ഏതന്‍സും 4, 6 നൂറ്റാണ്ടുകളിലെ ഇന്ത്യയും 8, 9 നൂറ്റണ്ടുകളിലെ ബാഗ്ദാദൂം എലിസബത്തന്‍ ഇംഗ്ലണ്ടുമൊക്കെ ഇതിന്‍റെ ഉദാഹരണങ്ങളാണ്. സമൂഹം ഭാവനയുടെ കാര്യത്തില്‍ സമ്പന്നമാകുമ്പോള്‍ അതിന്‍റെ കാഴ്ചപ്പാട് വിശാലമാകുന്നു. അത് മുന്നോട്ട് പോകുന്നു. ഭൗതികമായും ആശയപരമായും ധൈഷണികമായും പുഷ്ക്കലമാവുക മാത്രമല്ല രാഷ്ട്രീയമായി അത് ജനാതിപത്യവത്കരിക്കപ്പെടുകയും ചെയ്യുന്നു". (P-59) ഭാവനയുടെ ലോകം ഈ നിലയില്‍ വികസിക്കണമെങ്കില്‍ നിര്‍ഭയമായി ഭാവനയുടെ തുറവി സാധിക്കണം. ഭാവനയ്ക്ക് കൂച്ചുവിലങ്ങിട്ടാല്‍ അതിന് മരിക്കുക മാത്രമെ വഴിയുള്ളൂ. വിവരസാങ്കേതിക വിദ്യയുടെ വിപ്ലവകരമായ മാറ്റങ്ങള്‍ മനുഷ്യഭാവനയെ എങ്ങനെ ബാധിക്കുന്നു എന്ന് ആപ്പിള്‍ കമ്പിനിയുടെ സി.ഇ.ഒ ടിം കുക്കിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറയുന്നുണ്ട്. "ഡിജിറ്റല്‍ നിരീക്ഷണത്തിന്‍റെ കാലം സ്വയം സെന്‍സര്‍ഷിപ്പിന്‍റെതാണ്. നിങ്ങള്‍ നിങ്ങളെത്തന്നെ സെന്‍സര്‍ ചെയ്യുന്നു. മുഴുവനുമാ യല്ല മെല്ലെ, മെല്ലെ. നാം സാഹസികത കുറയ്ക്കുന്നു. ചിന്ത കുറയ്ക്കുന്നു. ഭാവനാരഹിതമായ ലോകത്തിലേക്കാണ് നാം നടന്നടുക്കുന്നത്. തുടക്കത്തില്‍ മുഴുവനായുമല്ല. കുറേശ്ശെ, കുറേശ്ശെ". (P-67) ഇത് സൂപ്പര്‍ ഇന്‍റലിജന്‍റായ ലോകത്തെ ഭാവനയില്‍ക്കണ്ട് ടീം കുക്ക് മൂന്ന് വര്‍ഷം മുന്‍പ് നടത്തിയ പ്രസ്താവമാണ്. ഇതിലൂടെ നാം ഇപ്പോള്‍ സത്യാനന്തരകാലം കഴിഞ്ഞ് ഭാവനാനന്തരകാലത്തിലേക്കുള്ള പ്രയാണത്തിലാണ് എന്നു പറഞ്ഞു വയ്ക്കുകയാണ്.

ഈയൊരു നിരീക്ഷണങ്ങള്‍ക്ക് ഒരു മറുപുറം കൂടിയുണ്ട്. കംപ്യൂട്ടര്‍ രംഗപ്രവേശനം ചെയ്ത സമയത്ത് തന്നെ അതിലെ സാങ്കേതികവിദ്യ അനു ദിനം വികസിക്കും എന്ന് തിരിച്ചറിഞ്ഞതാണ്. ഏതാണ്ട് ഒന്നര നൂറ്റാണ്ടിന് മുന്‍പ് ചരിത്രത്തിലെ ആദ്യത്തെ കംപ്യൂട്ടര്‍ പ്രോഗ്രാമറും അതിന്‍റെ പിതാവുമായ ചാള്‍സ് ബാബേജിന്‍റെ സുഹൃത്തുമായ അഡലവ്ലേസ് പറഞ്ഞുവയ്ക്കുന്നത് കപ്യൂട്ടറിന്‍റെ സര്‍ഗാത്മഗത എഞ്ചിന്‍റേതല്ല അത് പ്രവര്‍ത്തിപ്പിക്കുന്ന എന്‍ജിനിയറുടേതാണ് എന്നാണ്. യന്ത്രങ്ങള്‍ക്കും സര്‍ഗാത്മകതയുടെയും സൗന്ദ്യര്യത്തിന്‍റെയും സവിശേഷ മാതൃകകളെ സൃഷ്ടിക്കാന്‍ കഴിയും എന്ന് അവര്‍ പറഞ്ഞിരുന്നു. സാധാരണ കണക്കിന്‍റെ സമവാക്യങ്ങള്‍ക്ക് അപ്പുറം ചിന്തിച്ചിരുന്ന ലവ്ലേസ് ഭാവനയുടെ വിതാനങ്ങള്‍ വിപുലമാക്കുന്നതിനായി യന്ത്രങ്ങള്‍ക്കും മാനവരാശിക്കും പൊതുവായി ഒരു ഭാഷ രൂപപ്പെടുമെന്നും പ്രവചിച്ചു. ഇതാണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്ന ചാറ്റ് ജി.പി.ടി എന്ന ചാറ്റ് ബോട്ട് എന്നാണ് ഡോ. എന്‍. പി. സജീഷ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ യന്ത്രങ്ങള്‍ക്ക് ഭാവനാപൂര്‍ണ്ണമായ വളര്‍ച്ച സാധ്യമാണ് എന്ന നിഗമനം ശരിവയ്ക്കുന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്‍റലിജന്‍ സിന്‍റെ ഈ പുതിയ ഘട്ടം.

നിര്‍മ്മിത ബുദ്ധി ഉയര്‍ത്തുന്ന നൈതിക ധാര്‍മ്മിക പ്രശ്നങ്ങളെ ഇന്ന് ലോകം ഗൗരവമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇത് ദാര്‍ശനികമായ ചില അസ്തിത്വ പ്രശ്നങ്ങളിലേക്കും (existential) വിരല്‍ ചൂണ്ടുന്നു. മനുഷ്യനെക്കാള്‍ കാര്യക്ഷമമായി ചിന്തിക്കുകയും പഠിക്കുകയും ചെയ്യുന്ന യന്ത്രങ്ങളെ സൃഷ്ടിക്കാനാണ് ഈ മേഖലയില്‍ നീക്കം നടക്കുന്നത്. ഈ മേഖലയില്‍ നടക്കുന്ന കടുത്ത മത്സരം ഇതിന് ആക്കം കൂട്ടും എന്നതിനും സംശയമില്ല. അതോടൊപ്പം ഗവേഷകരില്‍ ഒരു വിഭാഗം മെഷീനുകള്‍ക്ക് മാനുഷിക മൂല്യം കൊടുക്കാന്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇതിലുമുണ്ട് അപകടം എന്ന് തിരിച്ചറിയണം, മെഷീനുകളിലേക്ക് കടത്തിവിടുന്ന വിവരങ്ങളുടെ ധാര്‍മ്മിക നിലവാരം ആരാണ് നിര്‍ണ്ണയിക്കുക എന്നത് പരമപ്രധാന മാണ്. വന്‍കിടകുത്തകകളുടെയും മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെയും ഉല്പന്നങ്ങളായി പുറത്തുവരുന്ന വിവരങ്ങള്‍ ആയിരിക്കും അത്. വിപണികേന്ദ്രീകൃതവും മത്സരാധിഷ്ഠിതവും ആയ ധാര്‍മ്മിക നിലവാരത്തിന്‍റെ വിപണനം കൂടിയായിരിക്കും ഇതിലൂടെ നടക്കുക എന്നതിനും സംശയം വേണ്ട. ആഗോളവത്കരണത്തിന്‍റെ ഗതിവേഗം വര്‍ദ്ധിപ്പിക്കുന്നതും മനുഷ്യന്‍റെ അറിവിലേക്കും സംസ്ക്കാരത്തിലേക്കും ഭാഷയിലേക്കും സര്‍വ്വോപരി മതചിന്തയിലേക്കും കടന്നെത്തി ജീവിത ഇടങ്ങളില്‍ നിന്ന് മനുഷ്യനെ അന്യപ്പെടുത്തുന്ന ഇടപെടലാവും ഇത് എന്ന് സംശയിച്ചാല്‍ നിഷേധിക്കാന്‍ സാധിക്കില്ല.

മനുഷ്യന്‍ ദൈവത്തിന്‍റെ പ്രതിരൂപം

മനുഷ്യചരിത്രം വിവിധ ഘട്ടങ്ങള്‍ പിന്നിട്ടാണ് ഇന്ന് ഇവിടെ എത്തിനില്‍ക്കുന്നത്. ഇതിന്‍റെ പിന്നിലേക്ക് നാം ഒന്ന് കണ്ണോടിച്ചാല്‍ വികാസപരിണാമങ്ങളുടെ കഥയായിരിക്കും നമ്മുടെ മുന്‍പില്‍ തെളിയുക. പ്രപഞ്ചവും മനുഷ്യനും ദൈവസൃഷ്ടിയാണ് എന്നാണ് മിക്കവാറും എല്ലാ മതങ്ങളും പറഞ്ഞുവയ്ക്കുന്നത്. സാമൂഹ്യനരവംശ ശാസ്ത്രകാരന്മാര്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു നിലപാടും സ്വീകരിക്കുന്നു. നിലപാടും യാഥാര്‍ ത്ഥ്യവും എന്തുതന്നെയായാലും സൃഷ്ടിയുടെ സമഗ്രത (Integrtiy of Creation) ഒരു യാഥാത്ഥ്യ മാണ് എന്നത് വസ്തുതയാണ്. ഭാവനാ പൂര്‍ണ്ണമായ രൂപീകരണവും വികാസവും ആണ് അതിന്‍റെ പൂര്‍ണ്ണത. മനുഷ്യന്‍റെ ഭാവനയും നേതൃത്വവും ആണ് അതിന് ഊടും പാവും നല്‍കുന്നത്. ക്രൈസ്തവ വേദശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന നിലപാട് മനുഷ്യന്‍റെ സൃഷ്ടിയിലെ സ്ഥാനം ശുശ്രൂഷാപരമാണ്, ആധിപത്യപരമല്ല എന്നാണല്ലോ. പ്രപഞ്ചത്തെ മുഴുവനും മനുഷ്യകേന്ദ്രികൃതമായുള്ള പ്രതിഭാസമായി വ്യാഖ്യാനിക്കുന്ന പ്രവണതയ്ക്കുപകരം ഒരു പടികൂടി കടന്ന് ഭൗമകേന്ദ്രീകൃതമായി (eco centric) വ്യാഖ്യാനിക്കാനാണ് നാം കൂടുതലും ശ്രമിക്കേണ്ടത്. ഇവിടെ മാത്രമാണ് സൃഷ്ടിയുമായുള്ള ബന്ധത്തില്‍ ആധിപത്യപരമായ (hegemonic) ശീലങ്ങളില്‍ നിന്ന് മനുഷ്യന് മാറിചിന്തിക്കാനും സൃഷ്ടിയുടെ സമഗ്രതയില്‍ മനുഷ്യന്‍റെ സ്ഥാനം നിര്‍ണ്ണയിക്കാനും സാധിക്കുകയുള്ളൂ. പ്രപഞ്ചം ദൈവസൃഷ്ടിയാണ് എന്ന സങ്കല്‍പ്പം തന്നെ ഭൗമകേന്ദ്രീകൃതമായ പരികല്പനയ്ക്ക് കൂടുതല്‍ ബലം നല്‍കുകയും മനോഹരമാ ക്കുകയും ചെയ്യും. എന്നാല്‍ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ പുതിയ വളര്‍ച്ചയുടെ ഈ കാലത്ത് മുന്നോട്ടുവയ്ക്കുന്ന തിരുത്തലുകളെ ജാഗ്രതയോടെ നേരിടാന്‍ നമ്മോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

പ്രപഞ്ചത്തില്‍ മനുഷ്യന്‍റെ സ്ഥാനം നിര്‍ണ്ണയിക്കാനുളള പരിശ്രമങ്ങളുടെ സഞ്ചയമാണ് ലോകചരിത്രം. ബൈബിളിന്‍റെ രചനകളിലും ഇത് തന്നെയാണ് നാം കാണുന്നത്. ബൈബിള്‍ ദൈവത്തോട് അടുത്ത സ്ഥാനമാണ് മനുഷ്യന് നല്‍കുന്നത്. ഉല്പത്തി പുസ്തകത്തില്‍ ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നത് ദൈവത്തിന്‍റെ സ്വരൂപത്തിലും സാദൃശ്യത്തിലുമാണ്. (image and likeness) ദൈവത്തിന്‍റെ പ്രതിരൂപമായി വര്‍ത്തിക്കാനും സൃഷ്ടിയുടെ ഉദ്ദേശം പൂര്‍ത്തീകരിക്കാനും നിറവേറ്റാനും ആണ് മനുഷ്യനെ ദൈവം സൃഷ്ടിയില്‍ ആക്കിവയ്ക്കുന്നത്. ദൈവപരിപാലനയുടെ പ്രത്യക്ഷമായ അടയാളം നാം തിരിച്ചറിയുന്നത് മനുഷ്യനിലാണ്. യേശുവിന്‍റെ പഠിപ്പിക്കലുകളില്‍ ദൈവരാജ്യത്തിലേക്കുള്ള മനുഷ്യന്‍റെ മാനസാന്തരം പ്രധാനമായി പരിഗണിക്കുന്നുണ്ട്. മാനസാ ന്തരപ്പെട്ട മനുഷ്യനാണ് ദൈവരാജ്യത്തിന്‍റെ പ്രത്യക്ഷ അടയാളം. ഇവിടെ നിന്ന് മാത്രമെ നീതിയും സത്യവും സമത്വവും സമഭാവനയും ഉള്ള ഒരു ലോകക്രമത്തെ സ്വപ്നം കാണാന്‍ കഴിയൂ. അതായത് മനുഷ്യനെ വിരൂപമാക്കുന്നതും നിഷ്പ്രഭമാക്കുന്നതും സൃഷ്ടിയുടെ സമഗ്രവളര്‍ച്ചക്ക് തടസ്സമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ബുദ്ധിയുടെ നിര്‍മ്മിതി മനുഷ്യനെ മറികടക്കാനുള്ള പരിശ്രമമായി കാണാന്‍ ശ്രമിച്ചാല്‍ നാശം മാത്രമായിരിക്കും അതിന്‍റെ ഫലം.

You can share this post!

നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന നിര്‍മ്മിതബുദ്ധി

കവര്‍സ്റ്റോറി - നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന നിര്‍മ്മിതബുദ്ധി, ട്രീസ മേരി സുനു (മൊഴിമാറ്റം : ടോം മാത്യു)
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts