"മനുഷ്യന്‍ അവന്‍ സ്വയം നിര്‍മ്മിച്ചെടുക്കുന്നതിന് അപ്പുറം ഒന്നുമല്ല."
- ഴാങ്ങ് പോള്‍ സാര്‍ത്ര് 

കുറഞ്ഞൊരു കാലത്തിനുള്ളില്‍ വ്യാപകമായ ജനശ്രദ്ധ പിടിച്ചുപറ്റിയ എ. ഐ. (A I എന്ന ചുരുക്കപ്പേരില്‍ വിളിക്കപ്പെടുന്ന നിര്‍മ്മിതബുദ്ധി (Artificial Intelligence)-യെക്കുറിച്ച് നമുക്കു ചുറ്റും വിശദമായ ചര്‍ച്ചകള്‍ നടന്നുവരുന്നു. പല വിധത്തില്‍ ലോകത്തിന് ഉപകാരപ്രദമായ സാങ്കേതികവിദ്യയുടെ ഈ പുതിയ സന്തതി പക്ഷേ മനുഷ്യരെ മന്ദബുദ്ധികളാക്കുകയും ചെയ്യുന്നു. ഭയപ്പെടുത്തുന്ന കൃത്യതയില്‍, ഈ കൂറ്റന്‍ കൃത്രിമ കുമിളയ്ക്കുള്ളില്‍ എല്ലാ കാര്യങ്ങളും കുറ്റമറ്റ രീതിയില്‍ നടക്കുന്നു. അതു പ്രതീക്ഷകള്‍ക്കൊപ്പം വലിയ ആശങ്കകളും ഉയര്‍ത്തുന്നു. "പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള, ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ഉപാധിയാണ് ബുദ്ധി എന്നതിനാല്‍ നിര്‍മ്മിതബുദ്ധി നമുക്ക് പ്രതീക്ഷ പകരുന്നു. എന്നാല്‍ ഭാഷയെയും അറിവിനെയും അതിന്‍റെ അടിസ്ഥാനലക്ഷ്യങ്ങളില്‍നിന്ന് വഴിമാറ്റി, വികലമായ കാഴ്ചപ്പാടോടെ സാങ്കേതികവിദ്യയുടെ സര്‍വ്വസ്വാതന്ത്ര്യത്തിലേക്ക് തുറന്നുവിടുന്നത് ശാസ്ത്രത്തെ അപമാനവീകരിക്കുകയും നൈതികതയെ അപ്രസക്തമാക്കുകയും ചെയ്യുമെന്ന് നാം ഭയക്കുകയും ചെയ്യുന്നു" എന്ന് 'ചാറ്റ് ജി പി ടി നല്‍കുന്ന കപടവാഗ്ദാനം'(The False Promise of Chat GPT എന്ന ലേഖനത്തില്‍ ആധുനിക ഭാഷാശാസ്ത്രജ്ഞന്‍ നോം ചോംസ്കി (Nom Chomski) നിര്‍മ്മിതബുദ്ധി നല്കുന്ന പ്രതീക്ഷകളെയും ആശങ്കകളെയും വിലയിരുത്തുന്നു. നിര്‍മ്മിതബുദ്ധി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നിലവില്‍ സംഗതവും അതിനാല്‍ത്തന്നെ സൂക്ഷ്മമായ പരിഗണന ആവശ്യപ്പെടുന്നതുമാണ്. ആ വെല്ലുവിളിയുടെ ഭയാനകത തെല്ലും കുറയുന്നില്ലായെന്നതും അതിന്‍റെ കര്‍ക്കശസ്വഭാവവും മാനവികസംസ്കാരത്തിന്‍റെ ഇഴയടുപ്പത്തിനുമേല്‍ കരിനിഴല്‍ വീഴ്ത്തുകയും ചെയ്യുന്നു.   മാനവികതയില്‍ നിന്ന് യാന്ത്രികതയിലേക്കുള്ള ചുവടുമാറ്റമാണ് പരിഹാരമില്ലാത്ത അതിന്‍റെ അനന്തരഫലങ്ങളില്‍ ഏറ്റം പ്രധാനം. ഇത്, ശരിയേത് തെറ്റേത് എന്നു സംശയമുണര്‍ത്തുന്ന, ഉറപ്പില്ലാത്ത, ഒരു അവസ്ഥാവിശേഷത്തിലേക്ക് നമ്മെ നയിക്കുമോ? അതോ എല്ലാം കൈവിട്ടുപോകുന്ന, ഒന്നുമേ വ്യക്തമല്ലാത്ത സ്ഥിതിയിലേക്കാണോ നാം മുന്നേറുന്നത്?

സംഭരിച്ചുവയ്ക്കപ്പെട്ട വിവരങ്ങളുടെ (datas) അടിസ്ഥാനത്തിലാണ് നിര്‍മ്മിതബുദ്ധി പ്രവര്‍ത്തിക്കുക. വിദഗ്ദ്ധമായ വിശകലനശേഷി ഉപയോഗിച്ച് നിര്‍മ്മിതബുദ്ധി അതിവിപുലമായ വിവരശേഖരം വിശകലനം ചെയ്യുകയും അതിന്‍റെ രീതികളും പ്രയോഗങ്ങളും പഠിക്കുകയും അതിന്‍റെ അടിസ്ഥാനത്തില്‍ പുതിയ വിവരങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയും ചെയ്യുന്നു.

അധികമധികം ഉപയോഗിക്കുംതോറും അധികമധികം സമര്‍ത്ഥമാകുന്ന നിര്‍മ്മിതബുദ്ധി, അതുവഴി മാനുഷികഗുണങ്ങളും ആര്‍ജ്ജിച്ചെടുക്കുന്നു. മനുഷ്യബന്ധിതമായ ഇടപെടലുകള്‍ വഴി നിര്‍മ്മിതബുദ്ധി വികാരങ്ങള്‍ സ്വായത്തമാക്കുന്നു. വ്യക്തികള്‍ നിര്‍മ്മിതബുദ്ധിയെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കുകയും അത് അടിമത്തത്തിലേക്ക് നയിക്കുകയും ചെയ്യുന്നതോടെ മാനുഷികബുദ്ധി അന്യാധീനപ്പെടുകയും മനുഷ്യന് മേധാശക്തിയും മേല്‍ക്കോയ്മയും നഷ്ടപ്പെടുകുകയും ചെയ്യുന്നു. ആശ്രിതത്വം അവനവനെതിരെ ഉപയോഗിക്കപ്പെടാവുന്ന ഏറ്റവും അപകടകരമായ ആയുധമാണ്. മനുഷ്യബുദ്ധിയെ മറികടക്കാന്‍ പോന്നവിധം സര്‍വ്വസജ്ജമാണ് നിര്‍മ്മിതബുദ്ധി. യാന്ത്രികവിശകലനരീതിയില്‍ നിന്ന് നാഡീവ്യൂഹ വിശകലനരീതിയിലേക്കുള്ള പുരോഗതി പ്രാഥമികതലത്തില്‍നിന്ന് വൈവിധ്യമാര്‍ന്നതും സങ്കീര്‍ണവുമായ അതിവിദഗ്ദ്ധതലത്തിലേക്ക് നിര്‍മ്മിതബുദ്ധിയെ ഉയര്‍ത്തി. തുടക്കത്തില്‍ നിര്‍മ്മിതബുദ്ധി ഉള്ളടക്കത്തെ സംസ്കരിച്ചെടുക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ. ഉള്ളടക്കത്തെ സൃഷ്ടിക്കാനുള്ള കഴിവ് അതിനുണ്ടായിരുന്നില്ല. ഇന്നു പക്ഷേ നിര്‍മ്മിതബുദ്ധി ഉള്ളടക്കത്തെ സംസ്കരിച്ചെടുക്കുന്നതിനോടൊപ്പം പുതിയ ഉള്ളടക്കത്തെ സൃഷ്ടിക്കാനുള്ള കഴിവും ആര്‍ജ്ജിച്ചിരിക്കുന്നു. ഇതോടെ മനുഷ്യവിവേകത്തിന് സ്ഥാനം കുറഞ്ഞുവരുന്നു. യാഥാര്‍ത്ഥ്യവുമായി നേരിട്ടുള്ള സമ്പര്‍ക്കം കുറഞ്ഞതോടെ മനുഷ്യന്‍റെ അറിവ് പരിമിതമായി. ആശയലോകത്തിന്‍റെ, അഥവാ അമൂര്‍ത്ത ആശയങ്ങളുടെ ബാഹ്യപ്രതിഫലനം മാത്രമാണ് ഭൗതികലോകമെന്ന് പ്ലേറ്റോ നിരീക്ഷിച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യത്തില്‍നിന്ന് രണ്ടുവട്ടം വ്യത്യസ്തമാണ് കലയെന്നും അദ്ദേഹം പറഞ്ഞുവച്ചു. നിര്‍മ്മിതബുദ്ധി മനുഷ്യനുമേല്‍ ആധിപത്യം ചെലുത്തിത്തുടങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ ഈ ഭൗതികലോകത്തെ ഒരു കലയായി കണക്കാക്കിയാല്‍, നാം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് എത്രമടങ്ങ് അകലെയാണെന്ന ചോദ്യം  അഭിമുഖീകരിക്കേണ്ടി വരും. മനുഷ്യന്‍റെ അവബോധത്തെ സാഹിത്യം വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. സാംസ്കാരിക മാനദണ്ഡങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അതിന് വലിയ പങ്കുണ്ട്. ഒരു ചെറിയ കൂട്ടം ആളുകള്‍ സൃഷ്ടിച്ചെടുത്ത അത്തരമൊരു സംസ്കാരത്തില്‍ അകപ്പെട്ടുകിടക്കുകയാണ് നാം. ഈ സംസ്കാരത്തിന്‍റെ പൗരാണികതയുടെ വേര് മുപ്പതിനായിരം വര്‍ഷത്തിനു മുമ്പുള്ള കഥപറച്ചിലുകാരിലായിരിക്കും എത്തിനില്‍ക്കുക. അതിനാല്‍, യാഥാര്‍ത്ഥ്യമെന്നത് സാഹിത്യത്തിന്‍റെ സൃഷ്ടിയാണോ എന്ന ചോദ്യം തികച്ചും സംഗതമാണ്. അതു സത്യമെങ്കില്‍ നിര്‍മ്മിതബുദ്ധി നമ്മുടെ ബോധമണ്ഡലത്തില്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്നത് അത്തരമൊരു പ്രവൃത്തിയാണെന്ന് നാം  മനസ്സിലാക്കേണ്ടിവരും. മനുഷ്യന്‍റേതല്ലാത്ത ഈ ബുദ്ധി സൃഷ്ടിച്ചെടുത്തിരിക്കുന്ന ബഹുവര്‍ണജാലകത്തിലൂടെയാണ് മനുഷ്യന്‍ യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കുന്നത്! അത് സമത്വത്തിനും നീതിക്കും വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നു.

നിര്‍മ്മിതബുദ്ധി വിവരങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് മുന്നേ നിലവിലുള്ള വിവരശേഖരത്തില്‍ നിന്നാണെന്നതിനാല്‍ അതില്‍ മുന്‍വിധികള്‍ക്കും പക്ഷപാതങ്ങള്‍ക്കും സാധ്യത ഏറെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മാനവികമായ സഹജാവബോധത്താല്‍ സംസ്കരിക്കപ്പെടുന്നില്ലെങ്കില്‍ വിവേചനങ്ങളും അനീതികളും സൃഷ്ടിക്കപ്പെടാനും നിലവിലുള്ളവ വര്‍ദ്ധിതമാകാനും നിര്‍മ്മിതബുദ്ധി കാരണമാകും. പക്ഷപാതപരമായ വിവരങ്ങളുടെ പ്രചരണം സാമൂഹിക നിക്ഷ്പക്ഷത തകര്‍ക്കുകയും വ്യാജ ഉള്ളടക്കങ്ങള്‍ സത്യവും കള്ളവും തമ്മിലുള്ള വേര്‍തിരിവ് നഷ്ടമാക്കുകയും ചെയ്യാം. നീതിയും സമത്വവും നിലനിര്‍ത്താന്‍ മനുഷ്യേതര ബുദ്ധിയില്‍ കര്‍ക്കശ നിയന്ത്രണം അത്യാവശ്യമാണ്. അതു നടപ്പാകുന്നില്ലെങ്കില്‍ ജനാധിപത്യഘടനയെ തകര്‍ക്കുന്നതിനുള്ള അതിന്‍റെ കഴിവിന് നാം ബോധപൂര്‍വ്വം വളംവെച്ചു കൊടുക്കുകയാവും ചെയ്യുക. നിര്‍മ്മിതബുദ്ധിയുടെ സ്വാധീനത്താല്‍ ജനാധിപത്യഘടന സെര്‍വാന്‍റിസിന്‍റെ പ്രഖ്യാതകഥാപാത്രം ഡോണ്‍ ക്വിക്സോട്ടിനെപ്പോലെ വെറും കോമാളിത്തമായി മാറിയേക്കാം. കാറ്റാടിയന്ത്രങ്ങളെ ശത്രുസൈന്യനിരയായി കല്പിച്ച് പോരാട്ടത്തിനിറങ്ങിയ ഡോണ്‍ ക്വിക്സോട്ടിന്‍റെ ഭ്രാന്തന്‍ ആശയലോകത്തിന് സമാനമായി പൊതുജനാഭിപ്രായത്തെ അട്ടിമറിക്കാന്‍ നിര്‍മ്മിതബുദ്ധിയുടെ അല്‍ഗോരിത വിശകലനപാടവം നിമിത്തമായേക്കാം. നിര്‍മ്മിതബുദ്ധി സമര്‍ത്ഥമായി മെനഞ്ഞെടുക്കുന്ന 'ഐതിഹ്യ'ങ്ങളാല്‍ ജനാധിപത്യവ്യവസ്ഥിതി എപ്രകാരം വഞ്ചിക്കപ്പെടാമെന്നതിന്‍റെ ഉത്തമ ഉദാഹരണമായിരിക്കുന്നു ഈ കഥ.

'വിവരങ്ങളെ' അറിവിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതാണ് ഫ്രെഡറിക് നീഷേയുടെ അഭിപ്രായത്തില്‍ യഥാര്‍ത്ഥ ബൗദ്ധികത. വിവേകബുദ്ധിയും വിശകലനപാടവവും ആവശ്യമായ ആത്മനിഷ്ഠ പ്രക്രിയയാണ് അത്. ഈ ബൗദ്ധികതലം രൂപപ്പെടുത്താനും വളര്‍ത്താനുമുള്ള മനുഷ്യന്‍റെ വിമുഖത നിര്‍മ്മിതബുദ്ധിയുടെ ആധിപത്യത്തിലേക്കും വഴിതെളിക്കും. വിവരങ്ങളുടെ വിശദാംശങ്ങളും പിന്നെ സാധ്യതകളുടെ പ്രവചനവുമാണ് യാന്ത്രികബുദ്ധിയുടെ കാതല്‍. അതില്‍ ചിന്തയുടെയും വിവേകത്തിന്‍റെയും പ്രകാശമില്ല. നിര്‍മ്മിതബുദ്ധിയുടെ വ്യാപകമായ ഉപയോഗം മനുഷ്യനെ യാന്ത്രികതയിലേക്കും യന്ത്രങ്ങളെ മാനുഷികപദവിയിലേക്ക് പരിഗണിക്കപ്പെടുന്ന സാഹചര്യത്തിലേക്കും നയിച്ചേക്കാം. സാങ്കേതികവിദ്യയുടെ സമ്പൂര്‍ണാധിപത്യത്തില്‍ അടിമുടിയുള്ള ഈ മാറ്റം മാനവികധര്‍മ്മങ്ങള്‍ക്ക് വെല്ലുവിളിയാകും. ഏതു കാര്യത്തിന്‍റെയും കൃത്യമായ വിശദീകരണം സങ്കീര്‍ണമായ പ്രക്രിയയാണെന്നിരിക്കെ (അപൂര്‍ണസിദ്ധാന്തം: കുര്‍ദ് ഗോഡെല്‍, incompleteness theory - Kurt Godel) നിര്‍മ്മിതബുദ്ധി തികച്ചും യുക്തിരഹിതമായി സകലതും കൈകാര്യം ചെയ്യുന്നു. എന്തുതരം വിവരങ്ങളും നിര്‍മ്മിക്കാന്‍ അവയ്ക്ക് കഴിയും. അതില്‍ യുക്തിയുടെയോ ധാര്‍മികതയുടെയോ ചെറിയൊരംശം പോലും ഉണ്ടാകണമെന്നില്ല. എന്നാല്‍ അവ നല്‍കുന്ന ഉത്തരത്തിന് വിശ്വസനീയമായ തരത്തിലുള്ള ഏതെങ്കിലുമൊക്കെ വിശദീകരണങ്ങളും നല്‍കാന്‍ അതിനു കഴിയും. ഉദാഹരണത്തിന് ചാറ്റ് ജീ പിറ്റിക്ക്, യുക്തിയുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളെ വേര്‍തിരിക്കാന്‍ കഴിയുകയില്ല. നേരത്തെ ശേഖരിച്ചു വച്ചിരിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി എന്തെങ്കിലുമൊക്കെ പുനര്‍ നിര്‍മ്മിക്കുന്നു എന്നേയുള്ളൂ. അതായത്, ഭൂമി ഉരുണ്ടതാണെന്നും പരന്നതാണെന്നും ഒരേ സമയം ഉത്തരം നല്‍കാനും ആ ഉത്തരങ്ങള്‍ക്ക് ചേര്‍ന്ന കാരണങ്ങള്‍ (reasons) നിരത്താനും അതിന് കഴിയും. ഇപ്രകാരമാണ് എല്ലാത്തരം നിര്‍മ്മിത ബുദ്ധികളുടെയും പ്രവര്‍ത്തനം. ചിന്തയുടെയും ഭാവനയുടെയും വികാരങ്ങളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് മനുഷ്യബുദ്ധി വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത്. യുക്തിരഹിതവും അധാര്‍മ്മീകവുമായവ സ്വീകരിക്കാനോ കൈമാറാനോ സാധാരണ മനുഷ്യന്‍ ശ്രമിക്കാറില്ല.

യുവാല്‍ നോഹ ഹരാരിയുടെ അഭിപ്രായത്തില്‍ 'എഐ' യോട് പേടിച്ചു നില്‍ക്കുകയോ മത്സരിക്കുകയോ ചെയ്യുന്നതിന് പകരം അതിനെ കൃത്യമായി ഉപയോഗിക്കാന്‍ പഠിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. മനുഷ്യന്‍റെ ഉയര്‍ന്ന നിലവാരമുള്ള ബൗദ്ധീകതലം ഉപയോഗിച്ച് യുക്തിസഹവും ധാര്‍മികവുമായ രീതിയില്‍ നിര്‍മ്മിത ബുദ്ധിയെ രൂപപ്പെടുത്തുകയോ അല്ലെങ്കില്‍ പരിശീലി പരിശീലിപ്പിച്ചെടുക്കുകയോ (treat or train it) ആണ് വേണ്ടത്.

അല്‍ഗോരിതങ്ങള്‍ക്ക് കീഴടങ്ങുന്നതിനു പകരം മാനവികതയുടെ സവിശേഷ ഗുണങ്ങളിലേക്ക് നമുക്ക് ശ്രദ്ധ പറിച്ചുനടാം. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സര്‍ഗാത്മകമായി ചിന്തിക്കുന്നതിനും സൃഷ്ടിപരമായി വിമര്‍ശിക്കുന്നതിനും ബുദ്ധിക്ക് ഹൃദയത്തിന്‍റെ ചാരുത നല്‍കുന്നതിനും നവീനമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും സഹാനുഭൂതിയില്‍ സഹവസിക്കുന്നതിനും നമുക്കു ശ്രമിക്കാം. നിര്‍മ്മിതബുദ്ധിയുടെ ഉപയോക്താക്കള്‍ക്കെന്നല്ല, സൃഷ്ടാക്കള്‍ക്കുപോലും അതിന്‍റെ ശേഷി എത്രമാത്രമെന്ന് അറിയില്ല. അതിനാല്‍ ഈ മനുഷ്യേതര ബുദ്ധിക്കുമേല്‍ സമ്പൂര്‍ണ ബൗദ്ധിക നിയന്ത്രണം അത്യന്തം അത്യന്താപേക്ഷിതമാണ്. നിര്‍മ്മിതബുദ്ധിയുടെ അല്‍ഗോരിതങ്ങള്‍ ബോധപൂര്‍വ്വം വസ്തുതാപരിശോധനകള്‍ക്ക് വിധേയമാക്കിക്കൊണ്ട് പുതിയ കാലത്തെ വിമതരായി നമുക്കു മാറാം.  ധാര്‍മ്മികമായ അളവുകോലുകളുമായി ചേര്‍ത്തുവച്ചുകൊണ്ട് സാങ്കേതികമുന്നേറ്റത്തിന്‍റെ ഗതിനിര്‍ണയത്തില്‍ നമുക്കൊരു മാര്‍ഗദര്‍ശിയുടെ പങ്കുവഹിക്കാം.

 

(ട്രീസ മേരി സുനു - ചങ്ങനാശ്ശേരി സെന്‍റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനില്‍ ഇംഗ്ലീഷ് അധ്യാപികയാണ്)

You can share this post!

മരച്ചുവട്ടില്‍ അവള്‍ കണ്ണാടി നോക്കുന്നു!

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts