പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്‍റെ ആത്മഹത്യയും, മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന തരത്തില്‍ പിന്നീട് പുറത്തുവന്ന വാര്‍ത്തകളും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു. കാമ്പസില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് റാഗിംഗ് എന്ന പേരില്‍, മറ്റ് കുട്ടികള്‍ക്ക് മുമ്പില്‍ സിദ്ധാര്‍ത്ഥിനെ വിവസ്ത്രനാക്കി പൊതുവിചാരണക്കിരയാക്കുകയും ബെല്‍റ്റുകള്‍ കൊണ്ടും ഇലക്ട്രിക് വയറുകള്‍കൊണ്ടും കമ്പികള്‍ കൊണ്ടും അടിക്കുകയും പട്ടിണിക്കിടുകയും ചെയ്തു എന്നാണ് കുടുംബം പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്. ഇതില്‍ കാമ്പസിലെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐക്കും അതിലെ അംഗങ്ങള്‍ക്കും വ്യക്തമായ പങ്കുണ്ടെന്ന കാര്യവും പുറത്തു വന്നിരുന്നു. കുറ്റം തെളിയുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഈ സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചില വെളിപ്പെടുത്തലുകള്‍ പൊതുസമൂഹം ചര്‍ച്ച ചെയ്യേണ്ടതും പരിഹാരം കണ്ടെത്തേണ്ടതുമായ കാര്യങ്ങളാണ്. ഒന്നാമതായി, പോലീസ് പറയുന്ന തനുസരിച്ച് ഹോസ്റ്റലിന്‍റെ നടുമുറ്റത്ത് വച്ചാണ് സിദ്ധാര്‍ത്ഥിനെ പ്രതികള്‍ ആള്‍ക്കൂട്ട വിചാരണ ചെയ്തത്.
130 ഓളം വിദ്യാര്‍ത്ഥികളുള്ള ഹോസ്റ്റലിലെ എല്ലാവരും നോക്കിനിന്നു. ഒരാളു പോലും അക്രമം തടയാന്‍ ചെന്നില്ല, ഇത് സിദ്ധാര്‍ത്ഥിനെ തളര്‍ത്തി. അടുത്ത സുഹൃത്തുക്കള്‍ പോലും സിദ്ധാര്‍ത്ഥിനെ രക്ഷിക്കാന്‍ നോക്കിയില്ല. മൂന്നു മണിക്കൂര്‍ നീണ്ട ക്രൂരമര്‍ദ്ദനത്തിനുശേഷം സിദ്ധാര്‍ത്ഥ് മനോവിഷമത്തിലായിരുന്നു. വിവരം പുറത്തു പറഞ്ഞാല്‍ തലയുണ്ടാകില്ലെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ ആരും സിദ്ധാര്‍ത്ഥിന്‍റെ സഹായത്തിന് എത്തുകയോ ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തയ്യാറാവുകയോ ചെയ്തില്ല. അതോടെ ശാരീരികമായും മാനസികമായും അവശനായ സിദ്ധാര്‍ത്ഥ് ജീവനൊടുക്കുകയായിരുന്നു.
പ്രതികള്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് അക്രമം തടയാനോ സിദ്ധാര്‍ത്ഥിനെ രക്ഷിക്കാനോ തയ്യാറാകാഞ്ഞത് എന്നാണ് പീഡനം കണ്ടുനിന്ന വിദ്യാര്‍ത്ഥികളില്‍ പലരും പോലീസിനോട് പറഞ്ഞത്. എത്ര വലിയ ഭീഷണിയുടെ പേരിലായാലും കേരളത്തിന്‍റെ ഭാവി വാഗ്ദാനങ്ങളെന്നറിയപ്പെടുന്ന ഈ യുവാക്കളുടെ നിസ്സംഗത ന്യായീകരിക്കാവുന്നതല്ല.
യുവജനങ്ങളില്‍ രണ്ടാമതൊരു കൂട്ടരുണ്ട്. തങ്ങള്‍ ഭാഗമായിരിക്കുന്ന സംഘടനയുടെ കീഴില്‍ ഏതു തരത്തിലുള്ള അക്രമം നടന്നാലും, അത് എത്രമാത്രം ക്രൂരവും പൈശാചികവുമായാലും, അതിനെ ന്യായീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്നവര്‍. സിദ്ധാര്‍ത്ഥിന്‍റെ കേസിനോടനുബന്ധിച്ച് എസ്എഫ് ഐ സംഘടനയിലെ പ്രതിനിധികള്‍ തങ്ങളുടെ പ്രസ്ഥാനത്തേയും കേസില്‍ പ്രതികളായ തങ്ങളുടെ സംഘടനയിലെ അംഗങ്ങളേയും സംരക്ഷിക്കാനും ന്യായീകരിക്കാനുമായി ചാനലുകളിലും സോഷ്യല്‍ മീഡിയകളിലും അവതരിച്ചിരുന്നു. നടന്നത് വലിയ കുറ്റകൃത്യമാണെന്ന് കോടതി വിധിച്ചാലും പ്രതികള്‍ നിഷ്കളങ്കരാണെന്ന് സ്ഥാപിക്കാനും പാര്‍ട്ടിയെ വെള്ളപൂശാനുമായി അവര്‍ അരയും തലയും മുറുക്കി വീണ്ടും രംഗത്തെത്തും.
കേരളത്തിലെ യുവാക്കള്‍ ഇങ്ങനെയായാല്‍ മതിയോ?
സാക്ഷരതയിലും സംസ്കാരത്തിലും ഏറെ മുന്നിലെന്ന് അഭിമാനിക്കുന്ന കേരളത്തിലെ യുവാക്കള്‍ ഇങ്ങനെ പോയാല്‍ മതിയോ? അവകാശ സംരക്ഷണത്തിനും ധര്‍മ്മത്തിനും വേണ്ടി ശബ്ദമുയര്‍ത്താനും അനീതിക്കും അഴിമതിക്കുമെതിരേ മുഷ്ടിചുരുട്ടാനും കരങ്ങള്‍ ചേര്‍ത്ത് ഒരുമയുടെ മനുഷ്യച്ചങ്ങല തീര്‍ക്കാനും ബാധ്യസ്ഥരാണവര്‍. വിദ്യാസമ്പന്നരെന്ന് അഭിമാനിച്ചാല്‍ മാത്രംപോരാ, മൂല്യങ്ങള്‍ വളര്‍ത്താനും മൂല്യാധിഷ്ഠിത ജീവിതം നയിക്കാനും കഴിയണം. അങ്ങനെയുള്ളവരാണ് നാടിനു പ്രതീക്ഷയാകുന്നത്. അനീതികള്‍ ക്കെതിരെയുള്ള യുവസ്വരങ്ങള്‍ക്ക് ഒരേ താളമാകണം. സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകളെ അതിനായി ഉപയോഗിക്കുകയുമാകാം.
യുവജന സംഘടനകളുടെ ദൗത്യം എന്താണ്?
സംഘടനയിലെ അംഗങ്ങള്‍ ചെയ്യുന്ന അനീതിയും അക്രമവും ഏതുവിധേനയും ന്യായീകരിക്കുക, തെറ്റ് ചെയ്തവരെ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണോ രാഷ്ട്രീയ പാര്‍ട്ടികളുടെ കീഴിലുള്ള യുവജനസംഘടനകളുടെ ദൗത്യം എന്ന് സംശയം തോന്നിപ്പോകും. കാരണം നിത്യേന അതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന സാമൂഹികപ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ അതിനെതിരെ കൂടുതള്‍ ഊര്‍ജസ്വലമായി പ്രതികരിക്കാനും പരിഹാരം കണ്ടെത്താനുമാണ് രാഷ്ട്രീയപാര്‍ട്ടികളുടെ യുവജനസംഘടനകള്‍ ആര്‍ജവം കാണിക്കണ്ടേത്, മറിച്ച് അവയെ കണ്ടില്ലെന്നു നടിക്കാനും പക്ഷപാതപരമായി വിലയിരുത്തല്‍ നടത്താനുമല്ല. വിദ്വേഷ രാഷ്ട്രീയത്തെ എതിര്‍ത്തു തോല്പിക്കാന്‍ മുന്നിട്ടിറങ്ങേണ്ടവരാണ് യുവാക്കള്‍. പകരം അതിന്‍റെ ഭാഗമാകേണ്ടവരല്ല.
സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍ മനസിലുണ്ടാകട്ടെ. ആത്മവിശ്വാസവും തെളിഞ്ഞ ഹൃദയവുമുള്ള ധീരരായ യുവാക്കളാണ് രാജ്യത്തിന്‍റെ അടിത്തറയെന്ന് സ്വാമി വിവേകാനന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യനില്‍ അന്തര്‍ലീനമായിരിക്കുന്ന പൂര്‍ണതയുടെ സാക്ഷാത്കാരമാണ് വിദ്യാഭ്യാസമെന്നും മറ്റുള്ളവര്‍ക്കായി ജീവിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നതെന്നും അല്ലാത്തവര്‍ മരിച്ചവരാണെന്നും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. അതായത് വിദ്യാഭ്യാസത്തിലൂടെ തെളിഞ്ഞതും അലിവുള്ളതുമായ ഹൃദയം സ്വന്തമാക്കാന്‍ കഴിയണം. എങ്കില്‍ മാത്രമേ നന്മയുടെ വെളിച്ചം ചുറ്റിലുമുള്ളവരിലേയ്ക്ക് പകരാന്‍ കഴിയുകയുള്ളു.