news-details
കവർ സ്റ്റോറി

പ്രതിഷേധച്ചൂരിന്‍റെ മറുപുറങ്ങള്‍

തന്‍റെ ജീവിതകാലയളവില്‍ ഒരിക്കല്‍പ്പോലും, വയനാട്ടിലെ പനച്ചിയില്‍ അജീഷ് ഓര്‍ത്തിട്ടുണ്ടാകില്ല, ഒരു കാട്ടാനയുടെ ആക്രമണത്തില്‍ താന്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന്. മരണത്തെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടെങ്കില്‍ ത്തന്നെ ആയുസ്സിന്‍റെ തികവില്‍ ഏറ്റവും ശാന്തമായ ഒരു മരണത്തെ ആയിരിക്കും അജീഷ് വിഭാവനം ചെയ്തിട്ടുണ്ടാകുക. തനിക്ക് ഒരു അകാലവേര്‍ പാട് സംഭവിക്കുമെന്നോ, തന്‍റെ മൃതശരീരവും കൈയിലേന്തി ഒരു വലിയ ജനക്കൂട്ടം പ്രക്ഷോഭം ഉണ്ടാക്കുമെന്നോ ഒരു തമാശയ്ക്കുപോലും അജീഷ് ചിന്തിച്ചിട്ടുണ്ടാകില്ല. അതുപോലെ തന്നെയാണ് പോളും ചിന്തിച്ചിട്ടുണ്ടാകുക. അജീഷും പോളും മാത്രമല്ല, ഇതിനുമുന്‍പ് വന്യജീവികളുടെ ആക്രമണത്തില്‍ മരണപ്പെട്ട നിരവധി ആളുകളും തങ്ങളുടെ ജീവിതം അവസാനിക്കുക ഇങ്ങനെ ആയിരിക്കുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിട്ടുണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍, വയനാടന്‍ ജനതയ്ക്ക് തങ്ങളുടെ മരണം എങ്ങനെയാകാമെന്ന് ഊഹിക്കാന്‍ സാധിക്കും. വഴിയരികിലോ, കൃഷിയിടങ്ങളിലോ, എന്തിനേറെപ്പറയുന്നു വീടുകളില്‍ പോലും തങ്ങളെത്തേടി പാഞ്ഞുവരുന്ന ആനയെയും കടുവയെയും കരടിയെയും കാട്ടുപോത്തിനെയുമൊക്കെ ഏതുസമയത്തും പ്രതീക്ഷിക്കുന്ന ഒരു കൂട്ടം പാവപ്പെട്ട മനുഷ്യരുടെ ജീവിതം നിലവിലെ സാഹചര്യത്തില്‍ ഒരു ചോദ്യചിഹ്നമായി മാറി യിരിക്കുകയാണ്. ഇപ്പോള്‍ സ്കൂളില്‍ പോകുന്ന കുഞ്ഞുമക്കളോട് മാതാപിതാക്കള്‍ നല്‍കുന്ന ഉപദേശം ആനയോ, കടുവയോ, പന്നിയോ മുന്നില്‍ വന്നാല്‍ എന്തുചെയ്യണം എന്നുള്ളതാണ്.

മെട്രോപൊളിറ്റന്‍ നഗരത്തിലെ ശീതീകരിച്ച മുറിയിലിരുന്നു ടിവിയും 5G സ്പീഡില്‍ യൂ ട്യൂബും മാറി മാറി നോക്കി രസിക്കുന്നവര്‍ക്ക് പാവപ്പെട്ട മലയോര ജനതയുടെ വിഷമതകള്‍ മനസ്സിലാക്കാന്‍ അല്പമല്ല, സാമാന്യം നല്ല രീതിയില്‍ ബുദ്ധിമുട്ടാണ്. ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്‍റുകള്‍ നോക്കിയാല്‍ മനസ്സിലാകും വലിയ തോതിലുള്ള ഉപേദശക്കാര്‍ നിരന്നിരിക്കുന്നത്. 'പ്രകൃതിയോടിണങ്ങികൊണ്ട് വന്യമൃഗങ്ങളുമായി ഒരു ധാരണയിലെത്തി അവരുമായി സ്നേഹത്തോടെ ജീവിക്കുക', 'വന്യമൃഗങ്ങള്‍ക്ക് സ്വന്തം വീട്ടിലെ കോഴിയേയും ആടിനെയുമൊക്കെ കൊന്നും കറിവെച്ചും വറുത്തുമൊക്കെ കൊടുത്ത് മനുഷ്യജീവന്‍ രക്ഷിക്കാന്‍ നോക്ക്' തുടങ്ങിയ വളരെ 'പ്രായോഗികമായ' ഉപദേശങ്ങള്‍ പാവപ്പെട്ട മലയോര ജനത കണ്ടതാണ്. ഗാലറിയിലിരുന്നു കളികാണുന്നവര്‍ കളിക്കാരുടെ ബുദ്ധിമുട്ട് മനസ്സിലാക്കേണ്ട കാര്യമില്ലെന്നു പറയുന്നതുപോലെയാണ് ഇതും. കാഴ്ചക്കാര്‍ക്ക് എന്തും പറായം. എങ്കിലും ചിലതൊക്കെ ഞങ്ങളും പറയാം. ഒരു ശരാശരി വയനാട്ടുകാരന്‍റെ ദിവസം തുടങ്ങുന്നത് വെളുപ്പിന് നാലരയ്ക്കും അവസാനിക്കുന്നത് രാത്രി 11 മണിക്കുമായിരിക്കും. പശുവോ, ആടോ പ്രസവിക്കാനായെങ്കില്‍ രാത്രിയിലും ഉറങ്ങാതെയിരിക്കും. കൃഷി വിളവെടുക്കാനായാല്‍ വിള നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങളെ പേടിപ്പിച്ചോടിക്കാന്‍ മിക്കവാറും വയലിലോ പറമ്പിലോ ഒക്കെയുമായിരിക്കും രാത്രിയിലെ ഇവരുടെ 'ഉറക്കം'. കാടിനും വന്യ മൃഗങ്ങള്‍ക്കും നടുവിലുള്ള ഒരു കൂട്ടം ആളുകള്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് വൈല്‍ഡ് ലൈഫ്?

ആനയും പന്നിയും കുരങ്ങുമൊക്കെ വന്ന് ഈ പാവപ്പെട്ട മനുഷ്യരുടെ ചക്കയോ മാങ്ങയോ കപ്പയോ ഒക്കെ തിന്നിട്ട് പോയപ്പോള്‍ അവര്‍  ക്ഷമിച്ചിട്ടുണ്ട്. പന്നികുത്തിയ കപ്പയുടെയും കുരങ്ങു കടിച്ച പച്ചക്കറികളുടെയും കഷ്ണം മുറിച്ചു കളഞ്ഞു പുഴുങ്ങിയും വേവിച്ചും തിന്ന് അവരും  മക്കളും വിശപ്പടക്കിയപ്പോഴും ക്ഷമിച്ചു. കടമെടുത്ത്,  വാഴയും നെല്ലുമൊക്കെ വന്നു നശിപ്പിച്ച് അവസാനം കൃഷി ചെയ്യാന്‍ കഴിയാതെ കുറേ വര്‍ഷം വെറുതെ ഇട്ട് കിട്ടിയ വിലയ്ക്ക് ഭൂമി വില്‍ക്കേണ്ടി വന്നപ്പോഴും ക്ഷമിച്ചു. രാവും പകലും വ്യത്യാസമില്ലാതെ മൃഗങ്ങള്‍ നാട്ടിലിറങ്ങിയപ്പോഴും ഈ പറയപ്പെട്ട ജനങ്ങള്‍ ക്ഷമിച്ചതല്ലേ? എന്നാല്‍ കൂടെയുള്ള വരുടെ എണ്ണം കുറയാന്‍ തുടങ്ങിയപ്പോള്‍, അവര്‍ പ്രതികരിച്ചു തുടങ്ങിയപ്പോള്‍ നിങ്ങള്‍ക്ക് ഒക്കെയും തമാശ.

പ്രകൃതിഭംഗി ആസ്വദിക്കാന്‍ ചുരം കയറി മലയോര മേഖലകളിലേക്കെത്തുന്ന നിരവധിപേരുണ്ട്. എന്നിട്ട് അവിടം മലിനമാക്കി പട്ടണ സംസ്കാരവും കാണിച്ച് എല്ലാവരും കടന്നു പോകും. പാവപ്പെട്ട ഈ മനുഷ്യര്‍ക്ക് പിന്നെയും പരിസ്ഥിതി ലോലവും പട്ടിണിയും കടബാധ്യതയും മിച്ചം. ജീവിക്കാന്‍ വേണ്ടി പകല്‍ പണിക്കിറങ്ങാതെ നിവര്‍ത്തിയില്ല ഇവര്‍ക്ക്... തവണ മുടങ്ങിയാല്‍ ബാങ്കില്‍ നിന്നുള്ള കൂട്ടുപലിശയുടെ നോട്ടീസ് വീട്ടുമുറ്റത്ത് വന്നു നിന്ന് കൊഞ്ഞനം കുത്തും. പേടിയാണ്, നടന്നുപോകുന്ന വഴിയരികില്‍ ഒരു കരിയിലയുടെ അനക്കം കേട്ടാല്‍, ഇലകള്‍ക്കിടയിലൂടെ ഒരു കോഴി കൊക്കിയാല്‍, സന്ധ്യയായാല്‍ ഒരു എലിക്കെണി വെക്കാന്‍ പുറത്തിറങ്ങാന്‍പോലും പേടിയാണ്. എന്തിന്, വീടിന്‍റെ കാളിങ് ബെല്‍ അടിക്കുന്ന ഒച്ച കേട്ടാല്‍ പോലും  വാതില്‍ തുറക്കുന്നതിനു മുന്‍പ് ഇവരെല്ലാം രണ്ടു വട്ടം ആലോചിക്കും, പുറത്ത് വല്ല കടുവയോ ആനയോ ആണോ എന്ന്. അതിനുമപ്പുറം എങ്ങനെയാണ് ഈ ജനത പ്രകൃതിയെ മനസ്സിലാക്കേണ്ടത്? ഇതിലും കൂടുതല്‍ എങ്ങനെയാണു ഇവരെല്ലാം അഡ്ജസ്റ്റ് ചെയ്യേണ്ടത്? ഇനിയിപ്പോള്‍ ചില പ്രതിവിധികള്‍ നിര്‍ദേശിക്കാനുള്ളത്, കാട്ടുമൃഗങ്ങളെ സ്നേഹിക്കുന്ന കോഴ്സ് പഠിപ്പിക്കുന്ന കോളേജുകള്‍ വരട്ടെ. അവിടെ ഈ മനുഷ്യര്‍ക്ക് അഡ്മിഷന്‍ നല്‍കി നന്നായി പഠിപ്പിച്ചു പുറത്തു വിടട്ടെ. അങ്ങനെയൊക്കെ ആകുമ്പോള്‍ നിലവിലെ കാഴ്ചകള്‍ കണ്ടു രസിക്കുന്നവര്‍ക്ക് ഇനി വയ നാടും, മറ്റു മലയോര മേഖലകളും കാണാന്‍ വരുമ്പോള്‍ ഇവിടുത്തെ ഹോട്ടലുകളില്‍ ബംഗാളികള്‍ക്ക് പകരം കടുവയെക്കൊണ്ടും ആനയെ ക്കൊണ്ടും കപ്പയും കാന്താരിയും വിളമ്പിക്കാം.

അജീഷിന്‍റെ മരണത്തില്‍ മാനന്തവാടിയില്‍ എത്തിച്ചേര്‍ന്ന ജനാവലിയുടെ പ്രതിഷേധം കേരളം കണ്ടതാണ്. അതിലും ശക്തമായിരുന്നു പോളിന്‍റെ മൃതദേഹവുമായി പുല്പള്ളിയില്‍ നടന്ന പ്രതിഷേധം. ക്ഷമിച്ചും സഹിച്ചും പരിതപിച്ചും കഴിഞ്ഞു കൂടിയ ഒരു ജനതയുടെ ആനക്കലിയായിരുന്നു  അത്. സഹതാപം, കണ്ണുനീര് എന്നതിലുപരിയായി ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി സര്‍ക്കാരിനോട് പടപൊരുതേണ്ട അവസ്ഥ അങ്ങേയറ്റം വേദനാജനകമാണ്; അതും കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍നിന്ന് തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. മരണത്തിന്‍റെ നിഴല്‍ തങ്ങളുടെ മേലും പതിക്കുമ്പോള്‍ സംഭവിക്കുന്ന തികച്ചും സ്വാഭാവികമായ ഒരു പ്രതിരോധം. പ്രതിഷേധ 'ചൂര്' മാനന്തവാടിയിലും പുല്പള്ളിയിലും തളം കെട്ടി നില്‍ക്കുമ്പോഴും ജില്ലയുടെ പലയിടങ്ങളിലും കടുവയും ആനയും കരടിയും നിറഞ്ഞാടുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതും ഏറ്റവും ഗൗരവത രമായി കണക്കാക്കണം.

കൃഷിയില്‍ തുടങ്ങി ജീവനെടുക്കുന്ന കാട്ടു മൃഗങ്ങള്‍

ഒത്തിരി പ്രതീക്ഷയോടെയാണ് ഓരോ കര്‍ഷകനും വിത്തിടുന്നതും വളമിടുന്നതും തന്‍റെ വിളയെ പരിപാലിക്കുന്നതും. നല്ല വിളവ് എന്നത് നിലവിലെ സാഹചര്യംവച്ച് ഒരു വലിയ സമസ്യതന്നെയാണ്. കാരണം, കാലാവസ്ഥാ വ്യതിയാനങ്ങളെയും വന്യ മൃഗശല്യങ്ങളെയും അതിജീവിച്ച് വിളവുണ്ടായാല്‍ത്തന്നെ വിപണിയിലെ വിലവ്യത്യാസങ്ങളും കര്‍ഷകന്‍റെ പ്രതീക്ഷകളില്‍ വില്ലനായി വരും. ആദ്യമൊക്കെ ഇവയില്‍ ഏതെങ്കിലുമൊരെണ്ണം തരണംചെയ്താല്‍ മതിയായിരുന്നു. എന്നാല്‍ ഇന്ന് ഗ്രാമീണകര്‍ഷകര്‍ക്ക് ഇവയെല്ലാം തരണം ചെയ്താലേ കൃഷി സാധ്യമാകൂ. സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക നല്‍കിയാല്‍ത്തന്നെ മുടക്കുമുതലിന്‍റെ പകുതിപോലും വരില്ല അവയൊന്നും.

 

കായ്ക്കാറായ വിളവുകള്‍ നഷ്ടപ്പെടുന്നത്, കര്‍ഷകര്‍ക്ക് സ്വന്തം മക്കള്‍ നഷ്ടപ്പെടുന്നതിനു തുല്യമാണ്. അതുപോലെതന്നെ ആട്, പശു തുടങ്ങി,  ഉപജീവനത്തിനായുള്ള മാര്‍ഗങ്ങളെയും കടുവ കൊന്നൊടുക്കുന്ന വാര്‍ത്ത നാം അറിയുന്നുണ്ട്. വയനാട്ടിലെ കൃഷിയിലുണ്ടായ വന്‍കുറവു പോലും വന്യമൃഗശല്യം മൂലമാണ് എന്ന വസ്തുത നമുക്ക് മറച്ചുവയ്ക്കാനാകില്ല. നെല്ലും വാഴയും ഇഞ്ചിയും മറ്റു പച്ചക്കറികളും എല്ലാം കണ്മുന്നില്‍ വച്ച് നശിപ്പിക്കപ്പെടുമ്പോള്‍ കണ്ണുനിറയുന്ന കര്‍ഷകന്‍റെ ചേതോവികാരം വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ സാധിക്കില്ല. അങ്ങനെയൊരു സ്ഥിതിയിലൂടെ കടന്നുപോകുമ്പോള്‍ തങ്ങളുടെ ജീവനെ വരെ അപഹരിക്കാവുന്ന രീതിയില്‍ വന്യമൃഗശല്യവും ഉണ്ടാകുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയാണ്.

 

വടക്കനാട്: ഒരു സമരചരിത്രം

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലെ വടക്കനാട് എന്ന ഗ്രാമത്തില്‍ ആനയുടെ ശല്യം സഹിക്കവയ്യാതെ ജീവിതം വഴിമുട്ടിയ നാട്ടുകാര്‍ നയിച്ച സമരം വയനാടന്‍ ജനതയ്ക്കു പരിചിതമാണ്. വന്യജീവികളുടെ ശല്യത്തില്‍നിന്ന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വടക്കനാട് ഗ്രാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ അനിശ്ചിതകാല നിരാഹാരസമരം വയനാടിന്‍റെ പ്രതിഷേധത്തിന് പുതിയ മാനം നല്‍കി. 2018 മാര്‍ച്ച് 17-ന് ആരംഭിച്ച നിരാഹാരസമരം രണ്ടാഴ്ചയോളം നീണ്ടുനിന്നു.

രാപ്പകല്‍ വ്യത്യാസമില്ലാതെ വിവിധ ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ സുല്‍ത്താന്‍ ബത്തേരി നഗരത്തെ പിടിച്ചുലച്ചു. ആയിരത്തോളം ആളുകള്‍ നൂറിലധികം പ്രകടനങ്ങളുമായി സമരപ്പന്തലിലേയ്ക്കെത്തുകയും രാപ്പകല്‍ വ്യത്യാസമില്ലാതെ വടക്കനാട്ടിലെ ജനതയുടെ പ്രശ്നത്തെ ഗൗരവതരമായി കണ്ട് ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തു. രാവുംപകലും ഒരുപോലെ നടന്ന സമരത്തിന് ഒരു നാടുമുഴുവനും ഒറ്റക്കെട്ടായിനിന്നു.

242 സംഘടനകളില്‍നിന്ന് അരലക്ഷത്തോളം പേര്‍ ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി. വടക്കനാട്ടെ സ്ത്രീകളും കുട്ടികളുമടക്കം ഉപവാസമിരുന്നു. മന്ത്രിതലയോഗം ചേരുകയും കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്ത ഈ സമരം ഒരു നാടിന്‍റെ ഇച്ഛാശക്തി കൊണ്ടുമാത്രം വിജയിച്ച ഒന്നാണ്. അന്നന്നത്തേയ്ക്കുള്ള അന്നത്തിനുവേണ്ടി പണിയെടുക്കുന്ന പാവപ്പെട്ട ഒരു ജനത അതിനെപ്പോലും വകവയ്ക്കാതെ സമരപ്പന്തലില്‍ വന്നിരുന്നു നിരാഹാരം ചെയ്തിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും അവരുടെ മുന്നില്‍ മറ്റൊരു മാര്‍ഗം ഇല്ലാത്തതുകൊണ്ടാണ്.

പാമ്പ് മുതല്‍ ആന വരെ

ചെറുതും വലുതുമായ നിരവധി വന്യജീവികള്‍ ജനങ്ങളുടെ ജീവന് ഭീഷണിയായുണ്ട്. സംസ്ഥാനത്ത് 2016 മുതല്‍ 2022 വരെ പാമ്പുകടിയേറ്റു മരണമടഞ്ഞത് 476 പേരാണ്. ഈ കാലയളവില്‍ പാമ്പ്, കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത്, കടുവ, എന്നീ വന്യജീവികളുടെ ആക്രമണത്തില്‍ 637 ജനങ്ങള്‍ കൊല്ലപ്പെട്ടു. 2018-19 കാലയളവിലാണ് ഏറ്റവും കൂടുതല്‍ വന്യജീവി ആക്രമണങ്ങളും മരണങ്ങളും സംഭവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആ വര്‍ഷം 146 പേര്‍ മരണപ്പെട്ടു. വനം വകുപ്പില്‍ നിന്നുള്ള രേഖകളില്‍നിന്നാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ കണക്കുകള്‍ ലഭ്യമായത്.
എട്ടുവര്‍ഷത്തിനിടെ കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 909 ജീവനുകളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ കാലയളവില്‍ 55,839 വന്യജീവി ആക്രമണങ്ങളിലായി 7492 പേര്‍ക്ക് പരിക്കേറ്റു. അതോടൊപ്പം 68.43 കോടി രൂപയുടെ കൃഷിനാശവും സംഭവിച്ചു. ജീവഹാനി സംഭവിച്ച 706 പേരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുകയുണ്ടായി. പരിക്കേറ്റ 6059 പേര്‍ക്ക് ചികിത്സാസഹായം അനുവദിച്ചെങ്കിലും ഇതൊന്നും ഒരു ശാശ്വതപരിഹാരമല്ലെന്ന് ഓര്‍മ്മിക്കണം.

മരിച്ചുജീവിക്കുന്നവര്‍

വന്യജീവി ആക്രമണങ്ങളില്‍ മരണം സംഭവിക്കുന്നത് വലിയ ചര്‍ച്ചയാകുന്നുണ്ടെങ്കിലും പരിക്കേറ്റവരുടെ കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്നുള്ള വസ്തുത നിഷേധിക്കാനാകില്ല. കുടുംബത്തിന്‍റെ അത്താണിയായ നിരവധിപേര്‍ എഴുന്നേറ്റുനടക്കാന്‍പോലും സാധിക്കാതെ ജീവിക്കുന്നുണ്ട്. വന്യജീവികള്‍ നേരിട്ടും അല്ലാതെയും പരിക്കേല്പിക്കുന്ന ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇക്കഴിഞ്ഞ ജനുവരി 26-ന് വയനാട് കല്ലോടി സ്വദേശി കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ജോണിയുടെ മകന്‍ എബിന്‍ എന്ന 31-കാരനു സംഭവിച്ച അപകടം മറ്റൊരു ഉദാഹരണമാണ്. ഗുണ്ടല്‍പ്പെട്ടു നിന്നു മടങ്ങിവരികയായിരുന്ന എബിന്‍റെ ബൈക്കിനു കുറുകെ മുത്തങ്ങയിലെ പൊന്‍കുഴിക്കടുത്തുനിന്നു ഒരു മാന്‍ ചാടുകയും നിയന്ത്രണംവിട്ട വാഹനത്തില്‍നിന്നു വീണ് എബിന്‍റെ തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇപ്പോഴും വെന്‍റിലേറ്ററില്‍ ആയിരിക്കുന്ന എബിന്‍ ജീവിത ത്തിലേയ്ക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയോടെയാണ് മൂന്നുവയസ്സുകാരി മകളടക്കമുള്ള കുടുംബം.

ഇതുപോലെ പ്രത്യക്ഷവും പരോക്ഷവുമായ ആക്രമണങ്ങളില്‍ ജീവിതം വഴിമുട്ടിയ നിരവധി കുടുംബങ്ങളാണുള്ളത്. നട്ടെല്ലു തകര്‍ന്നു കിടക്കുന്ന വനംവകുപ്പ് താല്‍ക്കാലിക ജീവനക്കാരനുമായ നടവയല്‍കാരന്‍ രാജു സെബാസ്റ്റ്യന്‍, മൂടക്കൊല്ലി പ്രജീഷ്, ചോലമല കുഞ്ഞവറാന്‍, ഉസ്താദ്, തോല്‍പ്പെട്ടി ലക്ഷ്മണന്‍, ചാലിഗദ്ധ അജി, പാക്കംപോള്‍ തൊണ്ടര്‍നാട് തോമസ്, പുല്‍പ്പള്ളി ശിവകുമാര്‍, വെങ്കിടദാസ് ചേകാടി, ശരത്ത് പാക്കം. പരിക്കേറ്റവരുടെ ലിസ്റ്റ് ഇനിയും നീളും. എങ്കിലും യാദൃശ്ചികമായി ഒരു പന്നിയോ, മാനോ, കുരങ്ങോ കൊല്ലപ്പെട്ടാല്‍ പിന്നീട് അയാള്‍ക്കെതിരെയുള്ള സര്‍ക്കാരിന്‍റെ നിയമനടപടികള്‍ അതിദാരുണമാണ്. അവിടെയാണ് മനുഷ്യനോ, മൃഗത്തിനോ കൂടുതല്‍ വില എന്നുള്ള ചോദ്യമുയരുന്നത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന അടിസ്ഥാനപരമായ ആവശ്യത്തിനു വേണ്ടിയാണ് നിലവില്‍ ജനങ്ങള്‍ പോരാട്ടം നടത്തുന്നത്. സോളാര്‍ ഫെന്‍സിംഗോടുകൂടിയ കല്‍മതില്‍ നിര്‍മ്മിക്കുക, കാടും നാടും വേര്‍തിരിക്കുക, വന്യ ജീവികളുടെ ആക്രമണത്താല്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങളുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരവും ആശ്രിതനു ജോലിയും നല്‍കുക, പരിക്കേല്‍ക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന ചികിത്സാസഹായം നല്‍കുക തുടങ്ങിയ കാര്യങ്ങളില്‍ ഗൗരവതരമായ ശ്രദ്ധ സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്.

ഇനിയുമൊരു മനുഷ്യജീവന്‍ വന്യമൃഗത്തിനു നല്‍കാതെ സൂക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. ഇനി ഒരു ജീവന്‍കൂടി കാടെടുത്താല്‍ ക്ഷമ നശിച്ച പാവപ്പെട്ട ജനത എങ്ങനെയാണു പ്രതികരിക്കുക എന്ന് ഊഹിക്കാന്‍പോലും സാധിക്കില്ല. ആഴ്ചയില്‍ ഒരാളെ വീതം വന്യമൃഗങ്ങള്‍ക്കു കുരുതികൊടുക്കേണ്ട സ്ഥിതിവിശേഷത്തില്‍നിന്നും ഒരു നാടിനെ മോചിപ്പിക്കേണ്ടതുണ്ട്. സ്വപ്നങ്ങള്‍ ബാക്കിവച്ച് പ്രതീക്ഷയോടെ വിറങ്ങലിച്ചു ജീവിക്കുന്ന ഒരു നാടിന്‍റെയും ജനതയുടെയും സുരക്ഷയ്ക്കായി അധികൃതര്‍ ഉണരുമെന്ന് നമുക്ക് പ്രതീ ക്ഷിക്കാം.

You can share this post!

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
അടുത്ത രചന

തെളിയട്ടെ, യുവഹൃദയങ്ങള്‍

കീര്‍ത്തി ജേക്കബ്
Related Posts