അഗസ്റ്റസ് സീസര്‍, ഹേറോദേസ് അന്തിപ്പാസ് എന്നിവരുടെ ഭരണവാഴ്ച, അവരുടെ മരണം എന്നീ ചരിത്ര യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധിപ്പിച്ച് കാലഗണന നടത്തുമ്പോള്‍ ഈശോ ജനിച്ചത് മിക്കവാറും BCE 3 അല്ലെങ്കില്‍ 4-ല്‍ ആയിരിക്കും എന്നാണ് പണ്ഡിതമതം. അതായത് യേശു കൊല്ലപ്പെട്ടിരിക്കുക മിക്കവാറും CE 30ല്‍ ആയിരിക്കണം എന്നതാണ് ശാസ്ത്രീയ നിലപാട്. മര്‍ക്കോസ് ആദ്യത്തെ സുവിശേഷം എഴുതുന്നത് മിക്കവാറും CE 65ന് ശേഷം ആണെന്നാണ് കണക്കാക്കപ്പെടുന്നത്. നമുക്ക് ലഭിച്ചിട്ടുള്ളതില്‍ ഏറ്റവും ആദ്യം എഴുതപ്പെട്ടിട്ടുള്ള കൃതികള്‍ മിക്കവയും വിശുദ്ധ പൗലോസ് എഴുതിയിട്ടുള്ളതാണ്. അദ്ദേഹം മരിക്കുന്നതാകട്ടെ മിക്കവാറും CE 62ല്‍ ആയിരിക്കണം. അതാ യത് നമുക്ക് ഇന്ന് ലഭ്യമായിട്ടുള്ള സുവിശേഷങ്ങള്‍ എല്ലാം വിശുദ്ധ പൗലോസിന്‍റെ മരണശേഷമാണ് എഴുതപ്പെട്ടിട്ടുള്ളത്. പൗലോസിന്‍റെ ആദ്യ രചനകളായി അറിയപ്പെടുന്ന ലേഖനങ്ങള്‍ CE 45 മുതല്‍ ആണ് എഴുതപ്പെട്ടിട്ടുള്ളത്. എന്നാല്‍ CE 45 -നുമുമ്പ് - അതായത് യേശു മരിച്ചതിന് പത്തു പതിനഞ്ച് വര്‍ഷത്തിനകം - എഴുതപ്പെട്ടിട്ടുള്ളതായിട്ട് ഒന്നും ഇല്ലെന്നാണോ? തീര്‍ച്ചയായും ഉണ്ട്. അവ പലതും പൗലോസിന്‍റെ രചനകളില്‍ ഉള്ളടങ്ങിയാണ് നമുക്ക് ലഭിച്ചിട്ടുണ്ട്. അവ CE 33 മുതല്‍ 45 വരെ ഉള്ള കാലഘട്ടത്തില്‍ എഴുതപ്പെട്ടതാണെ ന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് യേശു മരിച്ചിട്ട് രണ്ടോ മൂന്നോ വര്‍ഷത്തിനകം മുതല്‍ തന്നെ ആദിമ സഭാസമൂഹം രചിച്ച് പാടിപ്പോന്ന ഗീതങ്ങള്‍.
ക്രിസ്ത്വാവബോധ ഗീതങ്ങളാണ് അവ മിക്കവയും. പൗലോസ് അവയെ അതേപടി ഉദ്ധരിച്ചിരിക്കുന്നത് കാണാം. ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനത്തില്‍ 2-ാം അദ്ധ്യായം 6 മുതല്‍11 വരെ നമ്മള്‍ അതാണ് കാണുന്നത്. 'ദൈവത്തിന്‍റെ രൂപത്തില്‍ ആയിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ചു; മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്നു ... ' എന്ന് തുടങ്ങുന്നത് അത്തരം ഒരു ഗീതമാണ്. കൊളോസിയര്‍ക്കെഴുതിയ ലേഖനം 1-ാം അദ്ധ്യായം 15 മുതല്‍18 വരെ ഇത്തരം മറ്റൊരു ഗീതം കാണാം. 'അവന്‍ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യ ജാതനും ... ' എന്ന് തുടങ്ങുന്നതാണ് ആ ഗീതം. തിമോത്തി യോസിനുള്ള 1-ാം ലേഖനത്തിന്‍റെ 3-ാം അദ്ധ്യായം 16-ാം വാക്യത്തില്‍ കാണുന്നതും ഇത്തരം ഒരു ഗീതത്തിന്‍റെ ഭാഗമാണ്. 'ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടവന്‍
ആത്മാവില്‍ ദൂതന്മാര്‍ക്ക് ദൃശ്യനായി
ജനപദങ്ങളുടെ ഇടയില്‍ പ്രഘോഷിക്കപ്പെട്ടു
ലോകം അവനില്‍ വിശ്വസിച്ചു
മഹത്വത്തിലേക്ക് അവന്‍ സംവഹിക്കപ്പെടുകയും ചെയ്തു' എന്നതാണ് അത്. കൊറിന്തോ സ്കാര്‍ക്കെഴുതിയ 1-ാം ലേഖനത്തില്‍ 11-ാം അദ്ധ്യാ യം 23 മുതല്‍ 27 വരെ കാണുന്ന 'കര്‍ത്താവായ യേശു ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍ അപ്പമെടുത്ത് കൃതജ്ഞതാ സ്തോത്രം ചൊല്ലി, മുറിച്ച് ...' എന്ന് തുടങ്ങുന്ന പരിശുദ്ധ കുര്‍ബാനയുടെ സ്ഥാപന വചനങ്ങളും ആദിമസഭയിലെ അനാമ്നേസിസിനെ ഉദ്ധരിക്കുന്നതാണ്.
പൗലോസിന്‍റെ രചനാ സങ്കേതങ്ങളുമായി ഒത്തു പോകുന്നവയല്ല ഇവ എന്നതിനാലും വളരെ വൃത്തിയായിയേശു സംസാരിച്ച അറമായിക്ക് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യാന്‍ കഴിയുന്നവയാണ് ഇവ, എന്നതിനാലും ഹെബ്രായ കാവ്യ ശൈലിയാണ് ഇവയില്‍ പ്രകടമായി ദൃശ്യമാകു ന്നത് എന്നതിനാലുമാണ് ഇവയൊന്നും പൗലോസ് എഴുതിയതല്ല എന്ന നിഗമനത്തില്‍ പഠിതാക്കളെ കൃത്യമായും എത്തിക്കുന്നത്. പൗലോസിന്‍റെ രചനകള്‍ക്ക് പുറത്ത് യോഹന്നാന്‍റെ സുവിശേഷത്തിലും - അതിന്‍റെ ആമുഖമായി കാണുന്നത് ഇത്തരം ഒരു ഗീതമാണ് എന്നാണ് ഇപ്പോള്‍ പൊതുവേ കണക്കാക്കപ്പെടുന്നത്. 'ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെയായിരുന്നു; വചനം ദൈവമായിരുന്നു... സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല...' എന്നിങ്ങനെയാണ് പ്രസ്തുതഗീതം. മിക്കവാറും യോഹന്നാന്‍ ഭാഗമായിരുന്ന ആദിമ സഭാ സമൂഹത്തില്‍ രചിക്കപ്പെട്ടത് ആയിരുന്നിരിക്കണം ഈ ഗീതം. അതായത്, ഏറ്റവും പുരാതനമായ ക്രൈസ്തവ രചനകളാണ് മേല്‍പ്പറഞ്ഞ ഗീതങ്ങളെല്ലാം.
മേല്‍പ്പറഞ്ഞ ഗീതങ്ങളെല്ലാം ക്രിസ്ത്വാവബോധം നിറഞ്ഞ ഗീതങ്ങളാണ് എന്നു മുമ്പ് പറഞ്ഞുവല്ലോ. ക്രിസ്തു-അവബോധം എന്ന് പറയുമ്പോള്‍, സൃഷ്ടിയും സ്രഷ്ടാവും ഒന്നില്‍ അലിയുന്നതായ അവബോധം, എന്നുകൂടി അര്‍ത്ഥമുണ്ട്. സൃഷ്ടിപ്രക്രിയ ഈ ഗീതങ്ങളില്‍ മുഴച്ചു നില്‍ക്കുന്നുണ്ട്. സര്‍വ്വ സൃഷ്ടികളെയും കുറിച്ചുള്ള ഒരു ദര്‍ശനം ഈ ഗീതങ്ങളില്‍ കാണാം. അതുകൊണ്ടുതന്നെയാണ് സൃഷ്ട്യുന്മുഖവും ക്രിസ്തു കേന്ദ്രീകൃതവും മനുഷ്യാവതാര കേന്ദ്രീകൃതവും കുരിശിനെ ആഘോഷിക്കുന്നതും ദിവ്യകാരുണ്യ-അടിസ്ഥിതവുമായ ഫ്രാന്‍സിസ്കന്‍ അദ്ധ്യാത്മിക പാരമ്പര്യത്തില്‍ മേല്‍പ്പറഞ്ഞ ഗീത ങ്ങള്‍ക്ക് നിസ്തുലമായ പ്രാധാന്യം കൈവരുന്നത്. അതായത്, ഫ്രാന്‍സിസ്കന്‍ അദ്ധ്യാത്മികതയിലും ദൈവശാസ്ത്രത്തിനും മിസ്റ്റിക്കല്‍ പാരമ്പര്യ ത്തിലും ഇപ്പറഞ്ഞ ആദിമസഭാ ഗീതങ്ങളുടെ ആഴമുള്ള സ്വാധീനം കാണാനാകും.
'ഫ്രാന്‍സിസ്കന്‍' എന്ന് നാം പറയുമ്പോള്‍, അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഒരു തുടക്കക്കാരന്‍ മാത്രമേ ആകുന്നുള്ളൂ. ഫ്രാന്‍സിസ്, കവി ഹൃദയമുള്ള ഒരു വ്യക്തിയായിരുന്നു എന്ന് നമുക്കറിയാം. അദ്ദേഹത്തിന്‍റെ രചനകള്‍ തന്നെ അതിന് സാക്ഷ്യം വഹിക്കുന്നുണ്ട്. ഫ്രാന്‍സിസ്കന്‍ ധാര ഏറ്റവും ആദിമമായ ക്രൈസ്തവ ധാരയെ തിരിച്ചു പിടിച്ചത് തന്നെയാണ്. ഫ്രാന്‍സിസ് അതിനൊരു ദൈവിക നിമിത്തമായി എന്നുമാത്രം. ദൈവാരൂ പിയെ വിശ്വസിച്ച് പിന്നാലെ നടന്നു എന്നത് മാത്രമേ ഫ്രാന്‍സിസ് ചെയ്തിട്ടുള്ളൂ. ബാക്കിയെല്ലാം ദൈവ ത്തിന്‍റെ പ്രവൃത്തിയായിരുന്നു. സുവിശേഷമാണ് ജീവിക്കേണ്ടത്. അപ്പസ്തോലന്മാരാണ് വഴികാട്ടികള്‍. കാലിത്തൊഴുത്തിലേക്കും കുരിശിലേക്കും ദിവ്യകാരുണ്യയപ്പത്തിലേക്കും ആണ് നോക്കേണ്ടത്. സ്നേഹവും സമാധാനവും ആനന്ദവുമാണ് മാര്‍ഗ്ഗം. പരിശുദ്ധ അമ്മയാണ് സംരക്ഷക. സൃഷ്ടികളെ ഭയക്കുകയല്ല, സൃഷ്ടികളിലൂടെ നോക്കുകയാണ് വേണ്ടത്. അടിസ്ഥാനപരമായ ഇത്രയും കാര്യങ്ങള്‍ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ഉള്‍ക്കാഴ്ചകള്‍ തന്നെ വ്യക്തമായി കാട്ടിത്തരുന്നുണ്ട്. ഫ്രാന്‍സിസിന് ഒപ്പവും പിന്നാലെയും വന്നവര്‍ ഈ ഉള്‍ക്കാഴ്ചക ളിലൂടെയാണ് മുന്നോട്ടുപോയത്. അതുകൊണ്ടു തന്നെ ഫ്രാന്‍സിസിന്‍റെ പിന്നാലെ വന്ന ഒന്നാം സഭയിലും ക്ലാരക്ക് പിന്നാലെ വന്ന രണ്ടാം സഭ യിലും ലൂക്കേഷ്യസിന്‍റയും ബോണഡോണയു ടെയും പിന്നാലെ വന്ന മൂന്നാം സഭയിലും നിന്നായി ഒത്തിരിപ്പേര്‍ നൂറ്റാണ്ടുകളിലൂടെ ധ്യാനവും ജീവിതവും നല്കി വളര്‍ത്തിയതാണ് ഫ്രാന്‍സിസ്കന്‍ പാരമ്പര്യം എന്ന ഒറ്റമരം.
വി. ഫ്രാന്‍സിസിന്‍റെ മിസ്റ്റിക്കല്‍ ഉള്‍ക്കാഴ്ചകളെക്കുറിച്ച് നമുക്കെല്ലാം ഒട്ടൊക്കെ അറിവുള്ളതാണ്. ഫ്രാന്‍സിസിന്‍റെ സമകാലികയും സഹകാരിയും ശിഷ്യയും ആയിരുന്ന അസ്സീസിയിലെ വി. ക്ലാരയുടെ മിസ്റ്റിക്കല്‍ ദര്‍ശനങ്ങളെക്കുറിച്ച് രണ്ടുമാസം മുമ്പ്, അവളുടെ തിരുനാള്‍ ആചരിച്ച ആഗസ്റ്റ് മാസത്തില്‍ അസ്സീസി മാസിക സാമാന്യം ആഴത്തില്‍ പ്രതിപാദിച്ചിരുന്നല്ലോ. 1226-ല്‍ ഫ്രാന്‍സിസും 1253-ല്‍ ക്ലാരയും മരിച്ചു. അപ്പോഴേക്കും പലവിധ കാരണങ്ങളാല്‍ സമൂഹത്തില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടു. അത്തരമൊരു കലുഷിതാവ സ്ഥയില്‍ സമൂഹത്തെ ബലപ്പെടുത്താനും ഒന്നിച്ചു നിറുത്താനും ദൈവം നിയോഗിച്ചത് ബോനവെഞ്ചര്‍ എന്ന യുവസന്ന്യാസിയെ ആയിരുന്നു. 1221-ല്‍ ഇറ്റലിയിലെ ബാഞ്ഞോറേജിയോ എന്ന പട്ടന്നത്തിലായിരുന്നു അയാളുടെ ജനനം. ഫ്രാന്‍സിസിനെ പോലെ ജോണ്‍ എന്ന മാമ്മോദീസപ്പേരുള്ള അദ്ദേഹത്തിന് ബോന-വെന്തൂര (ഇറ്റാലിയന്‍ ഉച്ചാരണം) എന്ന വിളിപ്പേര് വന്നതിന് വി. ഫ്രാന്‍സിസുമായി ബന്ധപ്പെടുത്തി കഥകളുണ്ട്. ഇരുപത്തിരണ്ടാം വയസ്സിലാണ് ബോനവെഞ്ചര്‍ ഫ്രാന്‍സിസ്കന്‍ സന്ന്യാസ സമൂഹത്തില്‍ പ്രവേശിക്കുന്നത്. അക്കാലത്തെ ഏറ്റവും പ്രശസ്തവും ഉന്നതവുമായ പാരീസ് സര്‍വ്വകലാശാലയില്‍ ആയിരുന്നു പഠനം. 1253 - ല്‍ പഠനം പൂര്‍ത്തിയാക്കി യെങ്കിലും സന്ന്യാസികള്‍ക്ക് ഡിഗ്രി കൊടുത്തു കൂടാ എന്ന സെക്കുലര്‍ വൈദികരുടെയും അല്മായരുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ഗ്രാജ്വേഷന്‍ നീണ്ടുപോയി. എങ്കിലും 1253 മുതല്‍ അതേ യൂണിവേഴ്സിറ്റിയിലെ ഫ്രാന്‍സിസ്കന്‍ ചെയറിന്‍റെ മേധാവിയായി അദ്ദേഹം അധ്യാപനം നടത്തി. പിന്നീട് മാര്‍പാപ്പാ ഇടപെട്ടിട്ടാണ് വി. തോമസ് അക്വിനാസിനൊപ്പം വി. ബോനവെഞ്ചറും ഗ്രാജ്വേഷന്‍ സ്വീകരിക്കുന്നത്. ചെയ്ത പഠനങ്ങ ളുടെ പേരില്‍ അതിനോടകം അദ്ദേഹം ഖ്യാതി നേടിയിരുന്നു.
എങ്കിലും പാരീസിലെ അധ്യാപനം ഏറെ നീണ്ടുനിന്നില്ല. മുന്നമേ സൂചിപ്പിച്ചതുപോലെ, സമൂഹത്തില്‍ ഉണ്ടായ പടല പിണക്കങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം ജനറല്‍ മിനിസ്റ്ററായി നിയോഗിക്കപ്പെട്ടു. അതിനാല്‍ അദ്ദേഹത്തിന് യൂണിവേഴ്സിറ്റി അധ്യാപനം മതിയാക്കി പോരേണ്ടതായി വന്നു. സഭാനേതൃത്വ ശുശ്രൂഷ ഏറ്റെടുത്ത അദ്ദേഹം 1259 സെപ്റ്റംബര്‍ രണ്ടാം പകുതിയിലും ഒക്ടോബര്‍ ആദ്യത്തിലുമായി വ്യക്തിപരമായ ഒരു ധ്യാനം നടത്താനായി വിശുദ്ധ ഫ്രാന്‍സിസിന് പഞ്ചക്ഷതം സിദ്ധിച്ച 'ലാ വേര്‍ണ' മലയിലേക്ക് പോയി. അവിടെവെച്ച് തന്‍റെ ധ്യാനത്തിനിടെ ദൈവം ബോനവെഞ്ചറിന് അദ്ധ്യാത്മികമായ ഉള്‍ക്കാഴ്ചകള്‍ നല്‍കി. അങ്ങനെയാണ് 'ഇറ്റിനെറാറിയും' - 'യാത്രാമാര്‍ഗ്ഗം: ദൈവത്തിലേക്കുള്ള ആത്മാവിന്‍റെ യാത്ര' എന്ന ഗ്രന്ഥം രചിക്കുന്നത്.
ഈ ഗ്രന്ഥത്തിലൂടെയാണ് വിശുദ്ധ ബൊനവെഞ്ചറിന്‍റെ മിസ്റ്റിക്കല്‍ ആയ ഉള്‍ക്കാഴ്ചകളെക്കുറിച്ച് നമുക്ക് കൂടുതലായിട്ടും അറിവ് ലഭിക്കുന്നത്. സെന്‍റ് അഗസ്റ്റിന്‍റെ സ്വാധീനങ്ങള്‍ ബോനവെഞ്ചറിലും പല ഫ്രാന്‍സിസ്കന്‍ ചിന്തകരിലും കാണാനുണ്ട്. മനസ്സിനെ വിട്ടുകളയണം എന്ന് അദ്ദേഹം പറയുന്നു. സ്നേഹത്തിലേക്ക് ആഴ്ന്നിറങ്ങണം. സ്നേഹമായിരിക്കണം നമ്മെ മുന്നോട്ട് ചലിപ്പിക്കുന്നത്. സ്വതന്ത്ര ഇച്ഛ, വാത്സല്യം, ഹൃദയ വികാരം എന്നിവക്കെല്ലാം ആണ് ഫ്രാന്‍സിസ്കന്‍ മിസ്റ്റിക്കല്‍ പാരമ്പര്യത്തില്‍ മുന്‍തൂക്കം. ഇവയിലൂ ടെയാണ് ദൈവൈക്യബോധത്തിലേക്ക് നമുക്ക് വളരാന്‍ ആവുക. ദൈവൈക്യ ബോധത്തിലേക്ക് വളരാന്‍ ഇരു പാരമ്യങ്ങളും ഉപേക്ഷിക്കുവാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുന്നു. അങ്ങേയറ്റത്തെ അയവും (lax) പാടില്ല; അങ്ങേയറ്റത്തെ കാഠിന്യവും rigor)) പാടില്ല.
ദൈവൈക്യ അനുഭവത്തിലേക്ക് എത്താന്‍ ആറ് പടവുകള്‍ അല്ലെങ്കില്‍ ഘട്ടങ്ങള്‍ ആണ് ബോനവെഞ്ചര്‍ നിര്‍ദ്ദേശിക്കുന്നത്. ദൈവൈക്യ അനുഭവം എന്നതിനെ 'വിശ്രമം' ആയിട്ടാണ് അദ്ദേഹം പരികല്പന ചെയ്യുന്നത്. ഏഴാം ദിവസത്തെ- സാബത്തിലെ ദൈവിക വിശ്രമം. സ്വര്‍ഗ്ഗത്തിലെ ദൈവൈക്യത്തെ വിശ്രമത്തിലേക്ക് പ്രവേശിക്കുന്നതായി ഹെബ്രായര്‍ക്കുള്ള ലേഖനം സങ്കല്പിക്കുന്നുണ്ടല്ലോ (4:3). ഫ്രാന്‍സിസ്കന്‍ പാരമ്പര്യത്തില്‍ സൃഷ്ടികര്‍മ്മത്തിന് ഉള്ള പ്രാധാന്യത്തെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. ബോനവെഞ്ചറും ഉല്പത്തി പുസ്തകത്തിലെ സൃഷ്ടികര്‍മ്മത്തെയാണ് ദൈവൈക്യത്തിലേക്കുള്ള മാര്‍ഗ്ഗമായി വിശദീകരിക്കുന്നത്. അതിനാല്‍ ഏഴാം പടവ് അഥവാ ഏഴാം ഘട്ടമാണ് ദൈവൈക്യം. അവിടേക്ക് എത്താന്‍ ആറു ദിവസത്തെ 'സൃഷ്ടി' ആവശ്യമാണ്. ആറു ദിവസത്തെ സൃഷ്ടി ആറ് പടവുകളാണ്. ആറു ദിവസത്തെ സൃഷ്ടിയും അഥവാ അധ്വാനവും ഏഴാം ദിവസത്തിലേക്ക് എത്താനുള്ള പടവുകളാണ്.
ധ്യാനത്തിലൂടെ നമുക്ക് ചുറ്റുമുള്ള ദൈവസൃഷ്ടി കളില്‍ ദൈവത്തെ കാണുന്നതാണ് ഒന്നാം പടവ്.
നമ്മുടെ പഞ്ചേന്ദ്രിയങ്ങളിലൂടെലോകത്തെ അതിന്‍റെ ഭൗതികതയില്‍ കാണുന്ന അനുഭവ ധ്യാനമാണ് രണ്ടാം പടവ്.
നമ്മുടെതന്നെ അഞ്ച് ഇന്ദ്രിയങ്ങളുടെ പ്രതിഭാസത്തില്‍, നമ്മുടെതന്നെ ഭാവന, ഇച്ഛ എന്നിവയില്‍ ദൈവത്തിന്‍റെ സാന്നിധ്യം നാമനുഭവിക്കുന്നു.
നമ്മുടെ ആന്തര ലോകത്തെ നോക്കി അതില്‍ ദൈവിക സാന്നിധ്യം കാണുകയാണ് മൂന്നാംപടവ്.
കൃപയാല്‍ സ്പര്‍ശിക്കപ്പെട്ട, കൃപയാല്‍ വീണ്ടെടുക്കപ്പെട്ട നമ്മുടെ ആന്തരാത്മാവിനെ, ദൈവികതയാര്‍ന്ന മാനവനെ ദൈവികചൈതന്യത്തോടെ കാണുകയാണ് നാലാം പടവ്.
നമുക്ക് ഉപരിയായ, അപരിമേയനായ, സര്‍വ്വവ്യാ പിയായ ദൈവത്തെ ധ്യാനിക്കുകയാണ് അഞ്ചാം പടവ്.
ദൈവത്തെ ത്രിത്വമായി, നന്മയുടെ പൂര്‍ണ്ണത യായി, നന്മ തന്നെയായി തിരിച്ചറിയുന്ന ധ്യാന ത്തിന്‍റെ ഘട്ടമാണ് ആറാം പടവ്.
പക്ഷേ, അവിടെ എത്തിനില്‍ക്കാന്‍ ഉള്ളതല്ല ആത്മാവിന്‍റെ യാത്ര. ഏഴാം ഘട്ടത്തില്‍ നാം ദൈവത്തോടൊപ്പം ചേരുകയാണ്, ഇദഃപര്യന്തമുള്ള ആത്മീയ യാത്രയെയും അതിന്‍റെ ക്ലേശങ്ങളെയും അന്തരാ ഉള്‍ക്കൊണ്ട് ദൈവിക സാന്നിധ്യത്തില്‍ ആറാടുകയാണ്. കാരണം, ഇവിടെ നാം സ്നേഹത്തിലേക്ക് പ്രവേശിക്കുകയാണ്; സമ്പൂര്‍ണ്ണമായ സ്നേഹം. എല്ലാറ്റിനെയും തന്നോട് ചേര്‍ത്ത് ഒന്നാക്കുന്ന സ്നേഹം.
സൃഷ്ടികളില്‍ തുടങ്ങി, സൃഷ്ടി തന്നെയായ മര്‍ത്ത്യനിലൂടെ, സൃഷ്ടിക്കും അപ്പുറം രക്ഷിതനായ മാനവനിലൂടെ, കൃപയുടെ ദൈവത്തെ നന്മയായി തിരിച്ചറിഞ്ഞ്, ആത്യന്തികമായി ദൈവത്തെ സ്നേഹത്തില്‍ അനുഭവിക്കുന്ന ധ്യാനയാത്രയാണ് അദ്ദേഹം നമുക്ക് മുന്നില്‍ വരച്ചിടുന്നത്.
തന്‍റെ മിസ്റ്റിക്കലും പ്രയോഗികവും ആത്മീയവും ആയ പാടവങ്ങളിലൂടെ ബോനവെഞ്ചര്‍ ഫ്രാന്‍സിസ്കന്‍ കുടുംബത്തിന്‍റെ തന്നെ രണ്ടാം സ്ഥാപകനായി ഉയര്‍ന്നു. വിരുദ്ധ ധ്രുവങ്ങളെ അദ്ദേഹം സമന്വയിപ്പിച്ചു. സമൂഹത്തിന് മദ്ധ്യ മാര്‍ഗത്തിന്‍റെ വിശുദ്ധ വഴി നല്‍കി.
ബാഞ്ഞൊറേജിയോ എന്ന പട്ടണത്തിലൂടെ കടന്നു പോകുകയായിരുന്ന അസീസിയിലെ ഫ്രാന്‍സിസിനടുത്തേക്ക് ഒരമ്മ തന്‍റെ അതീവ രോഗഗ്രസ്തനായ കുഞ്ഞിനെയും എടുത്തുകൊണ്ട് ഓടിയണയുകയാണ്. തന്‍റെ കുഞ്ഞിനെ അനുഗ്രഹിക്കണം, അതിനെ മരണത്തില്‍ നിന്ന് രക്ഷിക്കണം. കുഞ്ഞിനെ ആശീര്‍വദിച്ച ശേഷം ഫ്രാന്‍സിസ് അവനെ നോക്കി ബോനവെന്തൂര എന്ന് വിളിച്ചുവത്രേ! നല്ലത്വരുന്നു, അല്ലെങ്കില്‍ നല്ല കാലം വരുന്നു എന്നാണ് അതിനര്‍ത്ഥം.
പുണ്യമാര്‍ഗ്ഗത്തെ ചൊല്ലിത്തന്നെ സഹോദരന്മാര്‍ തമ്മില്‍ കലഹിച്ച്, അകാല ചരമം അടയേണ്ടിയിരുന്ന സഹോദര സമൂഹത്തിന് പുനര്‍ജന്മം നല്‍കി, സഭയ്ക്ക് ആ നിധി കളഞ്ഞുപോകാതെ തിരിച്ചു നല്‍കിയതിന് നാം ബോനവെഞ്ചറിനോട് കടപ്പെട്ടിരിക്കുന്നു.
.......................................................
അല്‍ബാനോ രൂപതയുടെ മെത്രാനും കര്‍ദ്ദിനാളുമായി അവരോധിക്കപ്പെട്ട ബോനവെഞ്ചര്‍, ലയോണിലെ രണ്ടാം കൗണ്‍സിലില്‍ പങ്കെടുക്കേ മരണമടഞ്ഞു. അദ്ദേഹത്തെ വിശുദ്ധനും സഭയുടെ വേദപാരംഗതനും ആയി സഭ നാമകരണം ചെയ്തു. ദൈവത്തോട് ഏറ്റവും സ്നേഹമുള്ള മാലാഖ ഗണം സെറാഫിക് മാലാഖകളാണ് എന്നാണ് വിശ്വാസം. സെറാഫിക് ഡോക്ടര്‍ എന്നാണ് സഭ അദ്ദേഹത്തെ വിളിക്കുന്നത്!