news-details
കവർ സ്റ്റോറി

ഞാന്‍ തൊട്ടറിഞ്ഞ ഫ്രാന്‍സിസ്

ഞാന്‍ സാന്ത്വന പരിചരണത്തില്‍ (പാലീയേറ്റീവ് കെയര്‍) സേവനമനുഷ്ഠിക്കുന്ന ഡോക്ടറാണ്. പാലീയേറ്റീവ് പരിചരണത്തിന്‍റെ ഏറ്റവും വിലയ മുഖമുദ്രയാണ് വീടുകളില്‍ ചെന്നുള്ള രോഗീസന്ദര്‍ശനം. അവിടെ ചെല്ലുമ്പോള്‍ രോഗിയുടെ ആരോഗ്യാവസ്ഥ മാത്രമല്ല കുടുംബത്തിന്‍റെതന്നെ സാമ്പത്തികവും സാമൂഹികവുമായ അവസ്ഥയും മനസ്സിലാക്കാന്‍ സാധിക്കും. നമ്മള്‍ ഭവനസന്ദര്‍ശനത്തിന് പോകുമ്പോള്‍ ആ സ്ഥലത്തെ വോളന്‍റിയര്‍ ആണ് പോകുന്ന വീടുകളെക്കുറിച്ചും അവിടെയുള്ള രോഗികളെക്കുറിച്ചും പറഞ്ഞുതരിക.

ആ ദിവസം സാധാരണ സംഭവിക്കാത്ത ഒരു കാര്യം നടന്നു. ലിസ്റ്റില്‍ ഉണ്ടായിരുന്ന എല്ലാ രോഗികളെയും കണ്ടുകഴിഞ്ഞപ്പോള്‍ വോളന്‍റിയര്‍ ആയ ദേവസിച്ചേട്ടന്‍ ഒരു പ്രത്യേക സ്ഥലത്തേക്കു പോകാനായി ഡ്രൈവറോട് പറഞ്ഞു. ഈ സ്ഥലത്ത് എത്തിയപ്പോള്‍ കാറില്‍വച്ചുതന്നെ ദേവസിച്ചേട്ടന്‍ പറഞ്ഞു: "സദാനന്ദന്‍റെ അസുഖം കുഷ്ഠമാണ്. ഡോക്ടര്‍ക്ക് വിരോധമില്ലെങ്കില്‍ നമുക്ക് ആ വീടുവരെ പോകാം." ഇതു കേട്ടപ്പോള്‍ എന്‍റെ കൂടെയുണ്ടായിരുന്ന വോളന്‍റിയറും സ്റ്റാഫ് നേഴ്സും പറഞ്ഞു: "ദേവസിച്ചേട്ടന്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ ഞങ്ങള്‍ വരില്ലായിരുന്നു." ദേവസിച്ചേട്ടന്‍ എന്നെ നോക്കി. എന്തെന്നില്ലാത്ത, വാക്കുകളാല്‍ വിവരിക്കാന്‍ കഴിയാത്ത സന്തോഷത്തിലും സമാധാനത്തിലും ആയിരുന്നു ഞാന്‍.

മറ്റുള്ളവര്‍ 'ചര്‍ച്ച' നടത്തുമ്പോള്‍ എന്‍റെ മനസ്സുമുഴുവന്‍ ഫ്രാന്‍സിസിന്‍റെ വില്‍പ്പത്രത്തിലെ(Testament) ആദ്യവരികള്‍ ആയിരുന്നു. "തപശ്ചര്യയുടെ ജീവിതം ആരംഭിക്കാന്‍ ഫ്രാന്‍സിസ് സഹോദരനായ എനിക്ക് ദൈവം കൃപ നല്കിയത് ഇപ്രകാരമാണ്. ഞാന്‍ പാപത്തില്‍ ആയിരുന്നപ്പോള്‍,  കുഷ്ഠരോഗികളെ കാണുക എന്നത് എനിക്ക് ഏറ്റം തിക്തമായ ഒരനുഭവമായി ഞാന്‍ ഗണിച്ചു. ദൈവം തന്നെ എന്നെ അവരുടെ ഇടയിലേക്ക് നയിച്ചു. ഞാന്‍ അവരോട് അനുകമ്പ കാണിക്കുകയും ചെയ്തു. എന്നിട്ട് അവരില്‍നിന്ന് പിന്തിരിഞ്ഞുപോന്നപ്പോള്‍ മുതല്‍ മുമ്പ് കയ്പ്പായി എനിക്കനുഭവപ്പെട്ടത് ആത്മാവിനും ശരീരത്തിനും മധുരമായി പരിണമിച്ചു." പിന്നീട്, ഫ്രാന്‍സിസിന്‍റെ പരിവര്‍ത്തനത്തിന്‍റെ നാളുകളില്‍ ഫ്രാന്‍സിസ് കുതിരപ്പുറത്തു സഞ്ചരിക്കുന്നതും എതിരെ വരുന്ന കുഷ്ഠരോഗിയെ കണ്ട് ദൈവത്താല്‍ പ്രേരിതനായി തന്‍റെ എല്ലാ ഇഷ്ടാനിഷ്ടങ്ങളും മാറ്റിവച്ച് ആ രോഗിയെ ചെന്ന് ആലിംഗനം ചെയ്ത് ചുംബിക്കുന്ന ഫ്രാന്‍സിസിന്‍റെ ചിത്രമാണ്.

സാധാരണ പാലീയേറ്റീവ് ഹോം കെയര്‍ നടത്തുമ്പോള്‍ കുഷ്ഠരോഗികളെ സന്ദര്‍ശിക്കുന്ന പതിവില്ല, (അവര്‍ സാന്ത്വനം ആവശ്യപ്പെടുന്നവരാണെങ്കിലും). ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത ദിവ്യമായ ഒരു അനുഭൂതി എന്നില്‍ നിറഞ്ഞു. എനിക്കും ദൈവം ഒരു അവസരം തന്നല്ലോ. ഞാന്‍ ദേവസിചേട്ടന്‍റെ കൂടെ ആ വീടിനെ ലക്ഷ്യമാക്കി നടന്നു. മനസ്സില്ലാമനസ്സോടെ കൂടെയുണ്ടായിരുന്ന മറ്റുള്ളവരും ഞങ്ങളുടെ പിന്നാലെ പോന്നു. ചെരുപ്പുകള്‍ പുറത്ത് അഴിച്ചുവച്ച് വീടിനകത്തേയ്ക്കു കയറി. അവിടെ തനിക്കുമാത്രമായുണ്ടായിരുന്ന ഒരു മുറിയില്‍ സദാനന്ദന്‍ കിടപ്പുണ്ടായിരുന്നു. ഞങ്ങള്‍ എത്തിയപ്പോള്‍ സദാനന്ദന്‍റെ ഭാര്യ അദ്ദേഹത്തെ വളരെ സാവകാശം കട്ടിലില്‍ പിടിച്ചിരുത്തി എന്നിട്ട് എനിക്ക് ഇരിക്കാനായി ഒരു കസേരയും തന്നു. എന്നാല്‍ ഞാന്‍ സദാനന്ദന്‍റെ കട്ടിലില്‍ അദ്ദേഹത്തിന്‍റെ അടുത്തുതന്നെ പോയിരുന്നു. ഞാന്‍ ഇപ്രകാരം ചെയ്തതും അദ്ദേഹം എന്‍റെ മുഖത്തേയ്ക്കു നോക്കി. തുടര്‍ന്ന് ഭാര്യയുടെ സഹായത്തോടെ എന്നില്‍നിന്ന് കുറച്ചുകൂടെ അകന്നിരിക്കാന്‍ ഭാവിച്ചു. ഞാന്‍ വിട്ടുകൊടുക്കുമോ, ഞാന്‍ വീണ്ടും അദ്ദേഹത്തിന്‍റെ അടുത്തേയ്ക്കു നീങ്ങിയിരുന്നു. എല്ലാവരുടെ മുഖത്തും ഒരു ആശ്ചര്യം കാണാമായിരുന്നു. സദാനന്ദന്‍റെ ഭാര്യ പതുക്കെ മന്ത്രിച്ചു, ഡോക്ടര്‍ക്ക,് ചേട്ടന്‍റെ അസുഖം അറിയുമോ? ഞാനും ചേട്ടനുമല്ലാതെ മറ്റാരും ഈ കട്ടിലില്‍ ഇരിക്കാന്‍ സാഹസപ്പെടാറില്ല. ഒരു പുഞ്ചിരിയോടെ ഞാന്‍ സദാനന്ദന്‍റെ ഇടത്തെകൈയില്‍ പിടിച്ചു. ആ കൈയിലെ ചര്‍മ്മം വേര്‍പെട്ടു തുടങ്ങിയിരുന്നു. എപ്പോള്‍ വേണമെങ്കിലും അറ്റുപോകാവുന്ന വിധത്തിലായിരുന്നു വിരലുകള്‍. ചുറ്റുപാടുമുള്ള ഒന്നും എനിക്ക് കാണാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ വളരെ പതുക്കെ സദാനന്ദന്‍റെ ഓരോ വിരലുകളും അവയുടെ ഘടനയും പിടിച്ചുനോക്കി. തുടര്‍ന്ന് ഓരോ വിരലുകള്‍ക്കിടയിലും ബീറ്റാഡിന്‍ മുക്കിയ പഞ്ഞിവച്ചു. ചര്‍മ്മം ഇല്ലാത്ത കൈപ്പത്തിയുടെ മറുഭാഗത്ത് സോഫറാനെസിനും ബീറ്റാഡിനും ചേര്‍ത്തുപുരട്ടി. ഇതെല്ലാം ഞാന്‍ ചെയ്തത് കൈയുറകള്‍ ഇടാതെ ആയിരുന്നു. ഞാന്‍ ഇതു ചെയ്യുന്ന സമയം മുഴുവനും ഞാന്‍ തനിച്ചായിരുന്നില്ല. ഞാന്‍ അറിയുന്ന, എന്നെ സ്നേഹിക്കുന്ന ഫ്രാന്‍സിസ്, എന്‍റെ കൈകളെ അദ്ദേഹത്തിന്‍റെ ഇഷ്ടപ്രകാരം ചലിപ്പിക്കുകയായിരുന്നു.

സദാനന്ദന്‍റെ കൈകള്‍ എങ്ങനെ ദിവസവും  ഡ്രസ്സ് ചെയ്യണമെന്നു വീട്ടുകാര്‍ക്കു പറഞ്ഞു മനസ്സിലാക്കി കൊടുത്തതിനുശേഷം, നിസ്സഹായനായി എന്‍റെ മുഖത്തേയ്ക്കു മാത്രം നോക്കി ഇരുന്നിരുന്ന ആ വ്യക്തിയെ എന്നോടു ചേര്‍ത്തുപിടിക്കാന്‍ ഞാന്‍ മറന്നില്ല. അവിടെ നിന്ന് ഇറങ്ങുമ്പോള്‍ കൈകഴുകാനുള്ള വെള്ളവും സോപ്പും അദ്ദേഹത്തിന്‍റെ ഭാര്യ തന്നപ്പോള്‍ ഞാന്‍ കൂപ്പുകൈകളോടെ അതു നിരസിച്ചു. (രോഗിയെ കാണുന്നതിനു മുമ്പും പരിശോധിച്ചതിനുശേഷവും കൈ കഴുകേണ്ടതിന്‍റെ ആവശ്യകത, വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ഒരു ഡോക്ടറായ ഞാന്‍ ഇപ്രാവശ്യം എന്നോട് തന്നെ ക്ഷമിച്ചു.) ഒരാഴ്ച കഴിഞ്ഞപ്പോള്‍ ദേവസിച്ചേട്ടന്‍ എന്നെ വിളിച്ചു ചോദിച്ചു, ഡോക്ടര്‍ എന്തു മരുന്നാണ് അദ്ദേഹത്തിനു കൊടുത്തത്? അതു ചുറ്റുപാടുമുള്ള വീട്ടുകാര്‍ക്ക് അറിയണമായിരുന്നു. കാരണം സഹിക്കാന്‍ പ്രയാസമുണ്ടായിരുന്ന വാസന ഡോക്ടറുടെ സന്ദര്‍ശനത്തിനുശേഷം തീര്‍ത്തും ഇല്ലാതായത്രെ. ഞാന്‍ സദാനന്ദനെ വീണ്ടും സന്ദര്‍ശിക്കുമ്പോള്‍ തള്ളവിരല്‍ കൈപ്പത്തിയോട് ചേരുന്ന ഭാഗത്ത് 25 പൈസയുടെ വട്ടത്തില്‍ മാത്രമേ മുറിവ് ഉണങ്ങാതുള്ളൂ. മറ്റു ഭാഗങ്ങളിലെല്ലാം സാധാരണപോലെ ആയിട്ടുണ്ടായിരുന്നു. ഇപ്രാവശ്യം സദാനന്ദന്‍റെ അടുത്ത് അദ്ദേഹം കിടന്നിരുന്ന കട്ടിലില്‍ ഞാന്‍ ചെന്നിരുന്നപ്പോള്‍ എന്നില്‍നിന്നും മാറിയിരിക്കാന്‍ ശ്രമിച്ചില്ല. എന്നാല്‍ ആ കണ്ണുകള്‍ ഈറനണിഞ്ഞു. ഒരു 'മെഡിക്കല്‍ എക്സ്പ്ലനേഷന്‍' പഠിച്ച വൈദ്യശാസ്ത്രത്തിനു നല്‍കാന്‍ ഇല്ല.

എന്‍റെ ഇരുപത്തിയാറുവര്‍ഷത്തെ മെഡിക്കല്‍ ജീവിതത്തില്‍ ഒരിക്കലും മായാത്ത ഓര്‍മ്മകള്‍ തന്നിട്ടുള്ള ചില സാഹചര്യങ്ങളില്‍ ഒന്നാണ് ഇത്.

ഫ്രാന്‍സിസും ഞാനുമറിയുന്ന ക്രൂശിതന്‍ എനിക്ക് നല്‍കിയ വലിയ ഒരു അനുഭവമായിരുന്നു അത.് ഇരുപത്തിയഞ്ചു പൈസയുടെ വട്ടത്തില്‍ ഉണങ്ങാതിരുന്ന ആ മുറിപ്പാട് എന്തിനായിരുന്നുവെന്ന് അറിയുമോ, എളിമയെന്ന പുണ്യം എന്നില്‍നിന്നും നഷ്ടപ്പെടാതിരിക്കാന്‍!  

You can share this post!

ഫ്രാന്‍സിസ്കന്‍ മിസ്റ്റിസിസം

ജോര്‍ജ് വലിയപാടത്ത്
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts