ദൈവമെ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഉപകരണമാക്കണമെ.
നീണ്ട മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ക്രിസ്തു അക്ഷമയോടെ വിളിച്ചു പറയുന്നത്, 'ഞാന്‍ വന്നിരിക്കുന്നത് സമാധാനവുമായിട്ടല്ല, വാളുമായിട്ടാണ്' സമാധാനം എന്നത് ശരിയായ ചില യുദ്ധത്തില്‍ പങ്കു ചേരുക എന്നതാണ്. ശരിയായ യുദ്ധം ഒരാള്‍ അയാളോട് തന്നെ നടത്തുന്നതായിരിക്കും. ഒരാള്‍ അയാളുടെ തന്നെ വൈകല്യങ്ങളോടും അല്‍പ്പത്തരങ്ങളോടും ഭീതികളോടും നടത്തുന്ന പോരാട്ടം.
അപ്രകാരമുള്ള ഒരു യുദ്ധത്തില്‍ ജയിച്ച മനുഷ്യന് മാത്രമെ പ്രാര്‍ത്ഥിക്കാനാകു 'ദൈവമെ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഉപകരണമാക്കണമെ!'
പത്താം തരം പാസ്സായതോടെ ഒരു സന്യാസ വൈദികനാകണമെന്ന ആശയോടെ നില്‍ക്കുമ്പോള്‍ എങ്ങോട്ട് തിരിയണമെന്ന് വ്യക്തതയില്ലായിരുന്നു. എന്നാലും ഞാന്‍ ഒരു കപ്പൂച്ചിന്‍ ദൈവവിളി ക്യാമ്പില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ഏകദേശം നൂറോളം കുട്ടികള്‍ ആ ക്യാമ്പില്‍ പങ്കെടുക്കുന്നു ണ്ടായിരുന്നു. അന്നത്തെ ക്യാമ്പില്‍ വെച്ചായിരുന്നു ഞാന്‍ ആദ്യമായിട്ട് വി. ഫ്രാന്‍സിസിനെക്കുറിച്ച് കേള്‍ക്കുന്നത്. അന്ന് പ്രസംഗത്തിനും അഭിനയത്തിനും കിട്ടിയത് പുസ്തകങ്ങളായിരുന്നു, പുസ്തകത്തിന്‍റെ പേര്: അസ്സിസിയിലെ പ്രേമഗായകന്‍.
പിന്നീട് എന്‍റെ റെക്ടറും പ്രൊവിന്‍ഷ്യലും ആയിരുന്ന ഫാ. റോബിന്‍ ഡാനിയേല്‍ അന്ന് ക്ലാസ്സെടു ത്തപ്പോള്‍ പറഞ്ഞു, അദ്ദേഹം അനേകം രാജ്യങ്ങളില്‍ പോയിട്ടും അസ്സീസിയില്‍ എത്തുമ്പോള്‍ അനുഭവിക്കുന്ന ഒരു സമാധാനം അനുപമമാണെന്നത് എന്‍റെ മനസ്സില്‍ പതിഞ്ഞു. അസ്സീസി എന്നാല്‍ സമാധാനം തന്നെയാണ്.
എങ്ങനെയാണ് ഫ്രാന്‍സിസ് സമാധാനത്തിന്‍റെ പര്യായമായത്? നിക്കോസ് കസന്‍ദ് സാക്കീസിന്‍റെ ദൈവത്തിന്‍റെ നിസ്വന്‍ എന്ന പുസ്തകത്തില്‍ ഫ്രാന്‍സിസ് അവസാനം പറയുന്നു: സഹോദര ന്മാരെ ഞാന്‍ നിങ്ങളോട് പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞു. എന്‍റെ ഹൃദയത്തില്‍ സ്വന്തമായിരു ന്നതെല്ലാം നിങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. ഇനി നിങ്ങളോട് പറയാന്‍ ഒരു വാക്ക് പോലും എന്‍റെ കൈയിലില്ല. അപ്പോള്‍ സഹോദരന്‍ ജൈല്‍സ് കരഞ്ഞുകൊണ്ട് ഫ്രാന്‍സിസിനോട് ചോദിക്കും, 'ഞങ്ങളോട് പറയാന്‍ അങ്ങേക്ക് ഇനി ഒന്നും ഇല്ലേ?' അപ്പോള്‍ ഫ്രാന്‍സിസ് പറയും, 'ദാരിദ്ര്യം, സമാധാനം, സ്നേഹം.' എന്തുകൊണ്ടാണ് ഫ്രാന്‍ സിസ് സമാധാനത്തിനായി ഇത്ര മാത്രം അഭില ഷിച്ചത്?
ബെല്‍ജിയം തത്വചിന്തകമാരായ ഇസബെല്ലെ സ്റ്റെന്‍ജറും വിന്‍ജിയാന സെസ്പററ്റും ചേര്‍ന്നെഴുതിയ "The Women Who Make Fuss' എന്ന പുസ്ത കത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത് സമാധാനം എന്നത് പന്ത്രണ്ടാമത്തെ ഒട്ടകത്തെ അന്വേഷിക്കുക എന്നതാണ്. ഇതിനെ സാധൂകരിക്കുന്ന ഒരു കഥ അവര്‍ പറയുന്നു: മരുഭൂമിയില്‍ കൂടാരമടിച്ച് ജീവിക്കുന്ന ഒരു അറബി മരണമടയുന്നതിനു മുമ്പ് അദ്ദേഹത്തിന്‍റെ പതിനൊന്ന് ഒട്ടകങ്ങളെ മൂന്നു മക്കള്‍ക്കായി എഴുതി വച്ചു. ഇതനുസരിച്ച് മൂത്ത മകനു പകുതി കിട്ടണം, രണ്ടാമത്തവന് കാല്‍ ഭാഗം കിട്ടണം, മൂന്നാമത്തവന് ആറിലൊന്ന് കിട്ടണം. പിതാവിന്‍റെ മരണശേഷം മക്കള്‍ ഒട്ടകങ്ങളെ വീതിക്കാന്‍ ശ്രമിച്ചപ്പോള്‍ ആകെ പ്രശ്നമായി. പിതാവ് ആഗ്രഹിച്ചതുപോലെ നടക്കണമെങ്കില്‍ അവര്‍ ഒരു ഒട്ടകത്തെ കൊന്നു വീതിക്കേണ്ടി വരും. അവരുടെയിടയില്‍ ഒരു വഴക്ക് ഉണ്ടാകുമെന്നായി. അവസാനം സമാധാനത്തിന് ഒരു അവസരം കൊടുക്കാനായി ആ നാട്ടിലെ ജ്ഞാനിയായ ഒരു വൃദ്ധനെക്കണ്ട് അവര്‍ പ്രശ്നം അവതരിപ്പിച്ചു. അദ്ദേഹം പറഞ്ഞു. "എന്‍റെ മുമ്പില്‍ നിങ്ങളെ സഹായിക്കാന്‍ ഒരു വഴിയേയുള്ളു, മെലിഞ്ഞതും പ്രായമേറിയതുമായ ഒരു ഒട്ടകം എനിക്കുണ്ട് അതു ഞാന്‍ നിങ്ങള്‍ക്കു നല്‍കാം." ഈ പന്ത്രണ്ടാമത്തെ ഒട്ടകത്തെക്കൊണ്ടു വന്ന് അവര്‍ വീതിച്ചപ്പോള്‍ അവരുടെ പിതാവിന്‍റെ ആഗ്രഹം നിറവേറി, ഒന്നാമത്തവന് ആറ് ഒട്ടകത്തെ ലഭിച്ചു, രണ്ടാമത്തവന് മൂന്നെണ്ണത്തെ ലഭിച്ചു. അവസാനത്തവന് രണ്ടും ലഭിച്ചു. അവരെ സഹായിച്ച ജ്ഞാനിയായ മനുഷ്യന്‍റ ഒട്ടകം ബാക്കിയായി, അവര്‍ പോയി ഒട്ടകത്തെ തിരിച്ചു കൊടുത്ത് വലിയൊരു വിഷമസന്ധി നിന്നും രക്ഷപ്പെടുത്തിയതിനു നന്ദി പറഞ്ഞു.
ഇസബെല്ല ഈ കഥ ഉപയോഗിച്ച് പറയുന്നത് സ്ത്രീകള്‍ ഇന്ന് എന്തെങ്കിലും നേടിയെടുത്തിട്ടുങ്കില്‍ അതവര്‍ പന്ത്രണ്ടാമത്തെ ഒരു ഒട്ടകത്തെ കണ്ടെത്തിയതുകൊണ്ടാണ്, അല്ലാതെ ഒരു ഒട്ടകത്തെ കീറി മുറിച്ചതുകൊണ്ടല്ല എന്നാണ്. പന്ത്രണ്ടാമത്തെ ഒരു ഒട്ടകത്തെ അന്വേഷിക്കാത്തതാണ് നമ്മുടെ പ്രശ്നമെങ്കിലോ? സമാധാനത്തിന് ഒരു അവസരം കൊടുത്തുകൊണ്ട് എന്തുകൊണ്ടാണ് നമ്മുക്ക് ഒരു ജ്ഞാനിയെ അന്വേഷിച്ച് പോകാന്‍ സാധിക്കാത്തത്?
സമാധാനം എന്നത് നഷ്ടങ്ങളുടെ നികത്ത ലാണ്. ഒന്നും എന്നേക്കുമായി നഷ്ടപ്പെട്ടു പോയിട്ടില്ലാ എന്നും നഷ്ടപ്പെട്ടതിനെ തിരിച്ച് കൊണ്ടു വരാന്‍ നമ്മള്‍ നടത്തേണ്ട ചില യാത്രകളുണ്ടെന്നുമുള്ള തിരിച്ചറിവുമാണ് സമാധാനം. സമാധാനത്തിന്‍റെ സാധ്യതകള്‍ കാണിച്ച് തരാന്‍ കഴി യുന്ന ജ്ഞാനികള്‍ നമുക്കുണ്ടാകേണ്ടിയിരിക്കുന്നു. ഫ്രാന്‍സിസ് അങ്ങനത്തെ ഒരു ജ്ഞാനിയാണ്.
നമ്മുടെ കാലത്ത് ഫ്രാന്‍സിസിന്‍റെ പ്രസക്തിയെകുറിച്ചുള്ള മനോഹരമായ ഒരു സാക്ഷ്യം ലഭിക്കുന്നത് പ്രശസ്ത സാഹിത്യകാരനായ ഹെന്‍റി മില്ലറിന്‍റെ,"The Wisdom of the Heart' എന്ന പുസ്തകത്തില്‍ നിന്നാണ്.
ഇതില്‍ അദ്ദേഹം ഗ്രാഹാം ഹോവ് എന്ന മിസ്റ്റിക് ചിന്തകനെ പരിചയപ്പെടുത്തുന്നു. ഹോവിന്‍റെ ഒരു പുസ്തകത്തിന്‍റെ പേര്, "War Dance' എന്നാണ്. ഹോവ് ഈ പുസ്തകത്തില്‍ യുദ്ധത്തിന്‍റെ സ്വഭാവത്തെ കുറിച്ച് പറയുന്നു, "ഉള്ളിലെ ബോധ്യത്തിന്‍റെ ആഴമുള്ള പ്രക്രിയയില്‍ നിന്നും ഉന്നതരായ മനുഷ്യന്‍ മനസ്സിലാക്കുന്നത് സത്യം വിരോധാഭാസമാണെന്നും താന്‍ സുരക്ഷിതനായിരിക്കുന്നത് ഒട്ടും തന്നെ പ്രതിരോധിക്കാതിരിക്കുമ്പോഴാണെന്നാണ്. ജീവിത യുദ്ധം ഒന്നാണ്; മനുഷ്യരുടെ യുദ്ധം മറ്റൊന്നാണ്, യുദ്ധത്തെകുറിലുള്ള യുദ്ധം, യുദ്ധത്തിനെതിരെയുള്ള യുദ്ധം, ആക്രമണാത്മകവും പ്രതിരോധാത്മകവുമായ വാദത്തിന്‍റെ അനന്തമായ അധോഗമനങ്ങള്‍."
ഹോവിന്‍റെ വാദമനുസരിച്ച് ലോകത്ത് ചെറിയ മനുഷ്യരുമുണ്ട് വലിയ മനുഷ്യരുമുണ്ട്. ഒന്നിനെയും പ്രതിരോധിക്കാതിരുന്ന ഫ്രാന്‍സിസ് ഒരു വലിയ മനുഷ്യനായിരുന്നു. ഹോവ് ഫ്രാന്‍സിസിനെക്കുറിച്ചെഴുതുന്നു, 'അപ്പത്തിനുപകരം കല്ലുകള്‍യാചിച്ച ആദ്യത്തെ മനുഷ്യന്‍ ഫ്രാന്‍സിസായിരുന്നു. മറ്റുള്ളവര്‍ വലിച്ചെറിയുന്ന ഉച്ഛിഷ്ടങ്ങളില്‍ ജീവിച്ച് അത്ഭുതങ്ങള്‍ ചെയ്യാനുള്ള കഴിവ് അദ്ദേഹം നേടി. ലോകത്തില്‍ കുറച്ച് മനുഷ്യര്‍ക്ക് മാത്രം നല്‍കാന്‍ കഴിയുന്ന അപൂര്‍വ്വ സന്തോഷത്തെ അദ്ദേഹം പ്രചോദിപ്പിക്കാനും ഏറ്റവും ഉദാത്തവും ലളിതുമാ യവ എഴുതാനുമുള്ള ശക്തി അദ്ദേഹം കൈവരിച്ചു, എല്ലാ സാഹിത്യത്തിലും വെച്ച് നമുക്കുള്ള നന്ദി യുടെ വാചാലമായ സ്തോത്രം - സൂര്യാസ്തവം അദ്ദേഹം രചിച്ചു: പോകട്ടെ, സംഭവിക്കട്ടെ!"
ഹോവ് വീണ്ടും പ്രചോദിപ്പിച്ചുകൊണ്ട് എഴുതുന്നു, ഉണ്മ എന്നാല്‍ ജ്വലിക്കലാണ്. സമാധാനം ഉണ്ടാകുന്നെങ്കില്‍ അത് സംഭവിക്കുന്നത് പിടിച്ചെടു ക്കലിലൂടെയല്ല, പകരം ആയിരിക്കുന്നതിലൂടെയാണ്.
ഫ്രാന്‍സിസ് ഒന്നും സ്വന്തമാക്കാതെ നേടിയെടുത്ത സമ്പത്താണ് സമാധാനം. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്ന് മാലാഖമാര്‍ പാടുന്നത് ഫ്രാന്‍സിസ് കേട്ടു.
അപ്പോള്‍ ഫ്രാന്‍സിസ് സന്മനസ്സുള്ളവനാ യിരിക്കാന്‍ തീരുമാനിച്ചു, സമാധാനത്തിന്‍റെ ഒരു നീര്‍ച്ചാല്‍.