ചെറുപ്പം മുതലേ ദൈവം, ഈശ്വരന്‍ എന്നീ പദങ്ങള്‍ പൊതുവായി പല സാഹചര്യങ്ങളിലും കേട്ടിട്ടുണ്ട്. പ്രാര്‍ത്ഥിക്കുമ്പോള്‍ കണ്ണുകള്‍ സ്വര്‍ഗ്ഗത്തിലേക്ക് അല്ലെങ്കില്‍ മുകളിലേക്ക് ഉയര്‍ത്തണമെന്നും പരിശീലിപ്പിക്കപ്പെട്ടിരുന്നു. പാദം മണ്ണിലൂന്നിയ ദൈവത്തെ മനസ്സിലാക്കിത്തുടങ്ങിയത് ക്രിസ്മസുകാലത്തുതന്നെ. ബലം പിടിക്കാത്ത, നമ്മുടെ രൂപസാദൃശ്യമുള്ള ദൈവത്തെ പുല്‍ക്കൂട്ടിലെ ഉണ്ണിയില്‍ കാണുന്നുണ്ട്. വിശക്കുകയും വിയര്‍ക്കുകയും കരയുകയും ചിരിക്കുകയും പ്രാര്‍ത്ഥിക്കുകയും ശ്വസിക്കുകയും നഗ്നനാക്കപ്പെടുകയും ചെയ്യുന്ന ക്രിസ്തുവിനെ വേദഗ്രന്ഥത്തിലുടനീളം കാണാനാവും. യേശുവിനെ പേരെടുത്ത് പരാമര്‍ശിക്കുന്ന ആദ്യത്തെ ചരിത്രകാരന്‍ ഫ്ളാവിയൂസ് ജോസഫൂസ് (Flavius Josephus) എന്ന യഹൂദവംശജനാണ്. അദ്ദേഹം എഴുതിയ 'യഹൂദരുടെ പുരാതനചരിത്രം' (Jewish Antiquitics) എന്ന പുസ്തകത്തില്‍ യേശുവിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.1 നമുക്കെല്ലാവര്‍ക്കും മനസ്സിലാക്കാന്‍ പറ്റുന്ന ദൈവത്തെയാണ് ഈ ധനുമാസരാവില്‍ നാം ധ്യാനിക്കുക. 'ദൈവം നമ്മോടുകൂടെ' എന്ന ഓര്‍മ്മപ്പെടുത്തല്‍ ഇമ്മാനുവേല്‍ ഗീതങ്ങളായി മുഴങ്ങുന്നുമുണ്ട്.
ക്രിസ്തുമതം റോമിന്‍റെ ഔദ്യോഗിക മതം ആയ കാലംമുതലാണ് ക്രിസ്തുവിന്‍റെ ജനനത്തിരുനാള്‍ ഡിസംബര്‍ 25ന് ആഘോഷിച്ചുതുടങ്ങുന്നത്. റോമിന്‍റെ ഔദ്യോഗിക ദേവനായ സൂര്യദേവന്‍റെ തിരുനാള്‍ ദിനമായിരുന്നു ഡിസംബര്‍ 25. ഈയൊരു ദിവസം പിന്നീട് തിരഞ്ഞെടുക്കുകയും നീതിസൂര്യനായ ക്രിസ്തുവിന്‍റെ ജന്മദിനം ഡിസംബര്‍ 25 എന്ന് നിജപ്പെടുത്തുകയും ചെയ്തു.2 ക്രിസ്മസ് ബൃഹത്തായി ആഘോഷിച്ചുതുടങ്ങിയത് ജര്‍മ്മന്‍ വംശജരാണ്. ജാതിമതഭേദമന്യെ ജര്‍മ്മന്‍ വംശജര്‍ ഡിസംബര്‍ 25 ന് 'പ്രകാശത്തിന്‍റെ തിരുനാള്‍' Lichtfest)3 ഒരുമിച്ചാഘോഷിച്ചിരുന്നു. ലോകത്തിന്‍റെ പ്രകാശമായ മിശിഹായുടെ ജന്മദിനം ഡിസംബര്‍ 25 എന്ന കണക്കുകൂട്ടല്‍ അങ്ങനെ ഉചിതമെന്നുതന്നെ കരുതപ്പെട്ടു.
വര്‍ഷത്തിലൊരു ദിവസം ജന്മദിനം ആഘോഷിക്കുക പതിവാണല്ലോ. ഈ ആഘോഷം, അവശേഷിക്കുന്ന 364 ദിവസങ്ങളെ കരുതലോടും ശ്രദ്ധയോടും വിശ്വസ്തതയോടും ജീവിക്കാന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്. നമ്മുടെ ഉള്ളിലെ തണുത്തുറഞ്ഞ ക്രൈസ്തവമൂല്യങ്ങളെ ജ്വലിപ്പിക്കുന്നതാവണം ഓരോ ജന്മദിനങ്ങളും. 'കല്പന ലംഘിച്ചാല്‍ തിരിഞ്ഞുനോക്കാത്ത ദൈവം' എന്ന് ചിലര്‍ മാത്രം നിര്‍വ്വചിക്കുന്ന ദൈവികസമവാക്യങ്ങളെ കേട്ടു തഴമ്പിച്ച നമ്മിലേക്ക് ക്രിസ്തു മുന്നോട്ടുവയ്ക്കുന്നത്, നമ്മുടെ കഴിവിനെയും കഴിവുകേടിനെയും മനസ്സിലാക്കി രൂപപ്പെടുത്തുന്ന 'ആത്മീയത' ആണ്. നൂറുശതമാനവും പൂര്‍ണ്ണരല്ലല്ലോ നമ്മള്‍. നമ്മെത്തന്നെ തിരിച്ചറിയുന്നതിനുള്ള ഒരു ക്ഷണംകൂടിയാണ് പുല്‍ക്കൂട് മുന്നോട്ടുവയ്ക്കുക.
1957 കാലഘട്ടത്തില്‍ പ്രചാരത്തിലിരുന്ന ഒരു കഥയിങ്ങനെയാണ്. തായ്ലന്‍ഡില്‍ മണ്ണുകൊണ്ടു നിര്‍മ്മിച്ച വലിയൊരു ബുദ്ധപ്രതിമ ഉണ്ടായിരുന്നു. ഈ പ്രതിമ സ്ഥാപിക്കപ്പെട്ടിരുന്ന ആലയമാകട്ടെ തീര്‍ത്തും ചെറുതും. വിശ്വാസികളുടെ തിരക്കുകാരണം വിശാലമായ പുതിയൊരു ആലയം നിര്‍മ്മിച്ച് പ്രതിമ പുനഃപ്രതിഷ്ഠ നടത്താന്‍ അതിന്‍റെ നടത്തിപ്പുകാര്‍ തീരുമാനിച്ചു. മഴയില്ലാത്ത, തെളിഞ്ഞ ഒരു ദിവസം പ്രതിമ മാറ്റി സ്ഥാപിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കി. അന്നേ ദിവസം പ്രതിമ പുനഃപ്രതിഷ്ഠയ്ക്കുള്ള ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍ വലിയ മഴയും ആരംഭിച്ചു. പക്ഷേ അവര്‍ ചടങ്ങുകള്‍ തുടര്‍ന്നു. കനത്ത മഴയില്‍ മണ്‍പ്രതിമ നനഞ്ഞുകുതിര്‍ന്നു. മണ്ണെല്ലാം അലിഞ്ഞൊഴുകിയിറങ്ങി. അപ്പോള്‍ മാത്രമാണ് അവര്‍ ആ സത്യം കണ്ടെത്തിയത് - തങ്ങള്‍ ഇതുവരെ പൂജിച്ചിരുന്നത് ഒരു സ്വര്‍ണ്ണവിഗ്രഹത്തെയായിരുന്നു എന്ന്! 2500 കിലോ സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയ ബുദ്ധപ്രതിമ. (ഈ കഥയുടെ പിന്നിലുള്ള ചരിത്രം ഇതാണ്: തായ്ലന്‍ഡ് - ബര്‍മ്മ യുദ്ധത്തില്‍ തായ്ലന്‍ഡ് പരാജയപ്പെട്ടു പിന്‍മാറി. ഈയവസരത്തില്‍ ഇത്രയും വലിയ സ്വര്‍ണ്ണവിഗ്രഹം ശത്രുരാജ്യക്കാരുടെ ശ്രദ്ധയില്‍പ്പെടാതെ സംരക്ഷിക്കുന്നതിനുവേണ്ടി അതില്‍ മണ്ണു തേച്ചുപിടിപ്പിച്ച്, പ്രത്യക്ഷത്തില്‍ ഒരു മണ്‍പ്രതിമയാക്കി.) ദൈവത്തെ അറിയാതെ, ദൈവത്തിന്‍റെ പേരില്‍ നാം നിര്‍മ്മിച്ച ചില മണ്‍കവചങ്ങള്‍ അലിഞ്ഞഴിഞ്ഞെങ്കില്‍ മാത്രമേ ക്രിസ്തുവിന്‍റെ സ്വത്വവും ദൈവത്വവും മൂല്യവും നമുക്കു തിരിച്ചറിയാനാവൂ.
നമ്മുടെ ചുറ്റുപാടുകളിലേക്കൊന്നു കണ്ണോടിച്ചാല്‍ വ്യക്തമാകുന്ന ഒരു സംഗതിയാണ് ക്രിസ്മസ് 'ആഘോഷിക്കുന്ന'വരും 'ആചരിക്കുന്ന'വരും എന്ന് രണ്ടു വിഭാഗങ്ങളുണ്ടെന്നത്. ക്രിസ്മസ് ആഘോഷിക്കുന്നവരാണ് കൂടുതലെന്നു തോന്നുന്നു. അലങ്കാരപൂര്‍ണമായ പുല്‍ക്കൂടും വിവിധ വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള നക്ഷത്രവിളക്കുകളുമൊക്കെ ഒരുക്കി, പടക്കവും കമ്പിത്തിരിയുമൊക്കെ കത്തിച്ച്, വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച് ഡിസംബര്‍ 25 ഒരു ആഘോഷംതന്നെയാക്കി മാറ്റുന്ന വിഭാഗം. എന്നാല്‍ രണ്ടാമത്തെ വിഭാഗം ക്രിസ്മസ് ആചരിക്കുന്നവരാണ്. ഡിസംബര്‍ 25 നു മാത്രം ക്രിസ്തുവിനെ ഓര്‍ത്തെടുക്കാതെ, മറ്റെല്ലാ ദിവസവും അവന്‍റെ ഓര്‍മ്മയെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവര്‍, അവനോടൊപ്പം ജീവിക്കുന്നവര്‍. അതിരമ്പുഴ കാരിസ്ഭവന് അടുത്തൊരു കുര്യാച്ചന്‍ചേട്ടനുണ്ട്. അര്‍ഹരായവര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റ് സഹായങ്ങളുമായി അദ്ദേഹവും കൂട്ടരും കടന്നുചെല്ലുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങളോ, ഫ്ളെക്സുകളോ, ഉദ്ഘാടനചടങ്ങുകളോ ഒന്നുമില്ല. ഏറെ നിശ്ശബ്ദമാണ് അവരുടെ സാന്നിദ്ധ്യം. സഹായം സ്വീകരിക്കുന്നവര്‍ തലകുനിച്ച് ക്യാമറകള്‍ക്കു മുന്നില്‍ നിന്ന് അതേറ്റുവാങ്ങേണ്ടിവരുന്ന സാഹചര്യം അവര്‍ ഒഴിവാക്കുന്നു. ക്രിസ്മസ് ദിനങ്ങളില്‍ മാത്രമല്ല, മറ്റ് പല അവസരങ്ങളിലും ഇവര്‍ സഹായവുമായി കടന്നുചെല്ലാറുണ്ട്. അവശ്യമേഖലകളില്‍ നിശ്ശബ്ദമായി കാരുണ്യസ്പര്‍ശവുമായി കടന്നെത്തുന്ന മറ്റു പലരെയും ഓര്‍ക്കുന്നു.
അറിവിന്‍റെയും അംഗീകാരങ്ങളുടെയും അകമ്പടികളേറെയുണ്ടായിരുന്നിട്ടും തന്‍റെ ആശ്രമത്തിലെ ഏറ്റവും ചെറിയ സഹോദരനെപ്പോലും പുഞ്ചിരിയോടെ എഴുന്നേറ്റുനിന്ന് ആദരിച്ചിരുന്ന സിപ്രിയന്‍ ഇല്ലിക്കമുറി അച്ചനും, അനായാസമായി അനേകം ഭാഷകള്‍ കൈകാര്യം ചെയ്യുകയും മൂല്യവത്തായ ലേഖനങ്ങളെഴുതുകയും ചെയ്തിരുന്ന വലിയ പണ്ഡിതനായിരുന്നിട്ടും പ്രശസ്തിയുടെ തൊങ്ങലുകള്‍ ഒട്ടും ആഗ്രഹിക്കാതെ കടന്നുപോയ ലൂക്ക് അച്ചനും, സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട സഹോദരങ്ങളെ തങ്ങളുടേതായ രീതിയില്‍ അകമഴിഞ്ഞ് സഹായിക്കാനിറങ്ങുന്ന, കോട്ടയം കപ്പൂച്ചിന്‍ വിദ്യാഭവനിലെ വൈദികവിദ്യാര്‍ത്ഥികളുടെ സംരംഭമായ 'ആത്മമിത്ര ചാരിറ്റബിള്‍ ട്രസ്റ്റും' ക്രിസ്മസ് ആചരിച്ചവരും ആചരിക്കുന്നവരുമാണ്. നമുക്കും ക്രിസ്മസ് ആചരിക്കുന്നവരാകാം, ചുറ്റുവട്ടങ്ങളിലേക്ക് കണ്ണുകള്‍ തുറക്കാം.
സാധാരണയായി അതിമാനുഷികരായി പരിപൂര്‍ണ്ണതയുമൊക്കെയുള്ളതായി മാത്രം ദൈവത്തെ പരിചയപ്പെട്ട നമുക്ക് സാധാരണത്വവും കൂടെ അല്പം കുറവുകളുമുള്ള ദൈവത്തെ ഈ ക്രിസ്മസ് രാവില്‍ ധ്യാനിക്കാനാവണം. അപരനെ മനസ്സിലാക്കി സ്നേഹിക്കുന്നവരെ എന്തോ കുറവുകളുള്ളവരായി ചിലപ്പോഴൊക്കെ നാം ചിത്രീകരിക്കാറുണ്ട്. ഒരു കാലഘട്ടത്തില്‍ അസ്സീസിയിലെ വി. ഫ്രാന്‍സിസും ക്ലാരയും തമിഴ്നാട് തിരുമംഗലത്തെ പീറ്റര്‍ റെഡ്ഡിയുമൊക്കെ ഇങ്ങനെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ക്രിസ്തുവിന്‍റെ കുറവുകളെപ്പറ്റി നമ്മെ ചിന്തിപ്പിച്ച വ്യക്തിയാണ് വിയറ്റ്നാമിസ് കര്‍ദ്ദിനാളായ വാന്‍ തുവാന്‍. അദ്ദേഹത്തിന്‍റെ വളരെയധികം ലോകശ്രദ്ധയാകര്‍ഷിച്ച പുസ്തകമാണ് The Testmony of Hope. വിയറ്റ്നാമിലെ കമ്യൂണിസ്റ്റ് ഭരണകാലത്ത് 13 നീണ്ട വര്‍ഷങ്ങള്‍ (അതില്‍ 9 വര്‍ഷം ഏകാന്തവാസം) തടവിലാക്കപ്പെട്ട അദ്ദേഹം ക്രിസ്തുവിനെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്നു. The Defects of Jesus എന്ന് Google Search ചെയ്താല്‍ ഇതു ലഭ്യമാണ്. ക്രിസ്തുവിന്‍റെ അഞ്ചു കുറവുകളാണ് അദ്ദേഹം പറയുന്നത്.
1. യേശുവിന് വളരെ മോശം ഓര്‍മ്മശക്തിയാണ്. (ലൂക്കാ 23:42 നല്ല കള്ളന്‍റെ തെറ്റുകള്‍ പാടേ മറക്കുന്നു.)
2. കണക്കിന്‍റെ കാര്യത്തില്‍ തീരെ പുറകിലാണ്. (ലൂക്കാ 15: 4-5 കാണാതായ ഒരാടിനുവേണ്ടി ബാക്കി 99 നെയും വിട്ടിട്ട് തേടിപ്പോകുന്നു.)
3. ലോജിക് ലേശമില്ല. (കാണാതായ നാണയം തിരിച്ചുകിട്ടിയപ്പോള്‍ വലിയ ആഘോഷം നടത്തിയ കാര്യം യേശു ഓര്‍മ്മിപ്പിക്കുന്നു. വാസ്തവത്തില്‍ ഇതു നഷ്ടക്കച്ചവടം തന്നെ.)
4. ആവശ്യമില്ലാതെ അപകടങ്ങള്‍ വരുത്തിവയ്ക്കുന്നു. (ലൂക്കാ 4:16-20 സുവിശേഷങ്ങളില്‍ എട്ടോളം അവസ്ഥകളില്‍ ക്രിസ്തു തിരസ്കരിക്കപ്പെടുന്നു.)
5. വളരെ മോശം ബിസിനസ്സുകാരനാണ്. (മത്തായി 20:1-15 ഇതു വ്യക്തമാക്കുന്നു.)
ഒരു കാര്യം ശരിയാണ് മാനുഷിക കാഴ്ചപ്പാടില്‍ നമ്മുടെ ദൈവത്തിന് കുറവുകളുണ്ട്.
ഗ്രന്ഥസൂചി:
1. ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി, വചനം വിശ്വാസം ജീവിതം -1 മീഡിയ ഹൗസ്. ഡല്‍ഹി, 2000, പേജ് 148.
2. സീറോ മലബാര്‍ മതബോധന കമ്മീഷന്‍ പ്രസിദ്ധീകരണം, വിശ്വാസവഴിയിലെ സംശയങ്ങള്‍, 2018, പേജ് 112-113
3. ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി, വചനം വിശ്വാസം ജീവിതം -1 മീഡിയ ഹൗസ്. ഡല്‍ഹി, 2000, പേജ് 145.