ക്രിസ്തുമസ് പാതിരാക്കുര്‍ബാനയുടെ ക്ഷീണം തീര്‍ത്ത് ഉറങ്ങി എണീറ്റ്, അതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ അരപ്രേസില്‍ ചാരിയിരുന്ന് വാട്സ്ആപ്പില്‍ തിരയുമ്പോഴാണ് അമ്മ അത്ര രസമില്ലാത്ത എന്നാല്‍ വെറുപ്പിക്കാത്ത രീതിയില്‍
'ദേ തങ്കമ്മാമ്മ വരുന്നുണ്ട്' എന്നു പറയുന്നത്.
തെക്കേ വീട്ടിലെ വല്യമ്മയാണ് തങ്കമ്മാമ്മ. ഗേറ്റ് ഒക്കെ തുറന്ന് വീടിന്‍റെ സ്ലോപ്പിലൂടെ സൂക്ഷിച്ച് അവര്‍ ഇറങ്ങി വന്നു. പണ്ട് എന്നെ കുറേ എടുത്തു കൊണ്ട് നടന്നിട്ടുള്ളതിനാല്‍ എന്നെ 'കൊച്ചേ' എന്നാണു ഇപ്പോഴും വിളിക്കാറ്.
'ആഹാ... കൊച്ചെപ്പ വന്നു?'
സ്ഥിരം കേള്‍ക്കുന്നതാണെങ്കിലും, ആ ചോദ്യത്തിന് ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പുതുമയുണ്ട്. അതൊരുപക്ഷേ ഞാനും തങ്കമ്മാമ്മയും തമ്മിലുള്ള അദൃശ്യമായ മാനസിക അടുപ്പം കൊണ്ട് ആയിരിക്കാം.
തങ്കമ്മാമ്മ വന്ന് എന്‍റെ അടുത്തായി ഇരുന്നു. കാച്ചിയ വെളിച്ചെണ്ണയൊക്കെ വച്ച് കുളിച്ച്, തലയില്‍ ഒരു തുളസിക്കതിരൊക്കെ ചൂടി, കാലത്ത് അമ്പലത്തില്‍ പോയിട്ടാണ് വരവ്. നരച്ച മുടികള്‍ പ്രൗഢിയോടെയും, ഇനിയും കറുപ്പ് വിട്ടുമാറാത്ത മുടികള്‍ അല്പം അഹങ്കാരത്തോടെയും ആ തലയില്‍ വിഹരിക്കുകയാണ്. ഇനിയുള്ള തലമുറയ്ക്ക് അത്ര എളുപ്പത്തില്‍ എത്തിപ്പെടാന്‍ ഇടയില്ലാത്ത വന്ദ്യവാര്‍ദ്ധക്യശൈത്യം മുടിയിഴക ളിലൂടെ കൈവിറയിലേക്ക് പടര്‍ന്ന് പിടിച്ചിരിക്കുന്നു. എങ്കിലും ചടുലത നഷ്ടപ്പെടാത്ത സംസാരം എന്നെ അത്ഭുതപ്പെടുത്തി.
അമ്മ ഞങ്ങളുടെ രണ്ടു പേരുടെയും ഇടയിലിരുന്ന് നാട്ടുവര്‍ത്തമാനം പറയാന്‍ തുടങ്ങി. കുറച്ചുനാള്‍ വീട്ടില്‍ ഇല്ലാതിരുന്നത് കൊണ്ടായിരിക്കാം, വീട്ടില്‍ വന്നപ്പോള്‍ മുതല്‍ ഒരു കേക്ക് ഒക്കെ മുറിച്ച് ഒഫീഷ്യല്‍ ആയി വേണ്ടേ ക്രിസ്തുമസ് ആഘോഷിക്കേണ്ടത് എന്ന അനാവശ്യ ഫോര്‍മാലിറ്റി തലയില്‍ കേറ്റി വച്ചാണ് ഞാന്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. എല്ലാവരെയും ഒന്നിച്ച് കിട്ടുന്നില്ല എങ്കില്‍പ്പിന്നെ തങ്കമ്മാമ്മയെക്കൊണ്ട് ഒരു കേക്ക് മുറിപ്പിച്ചാലോ എന്ന് ഒരു ആലോചന എന്‍റെ മനസ്സില്‍ തോന്നി.
പണ്ടൊക്കെ അരക്കിലോയുടെ ചെറിയ ഒരു കേക്ക് മാത്രമാണ് ക്രിസ്തുമസിന് വീട്ടില്‍ ഉണ്ടാവാറുള്ളത്. ആ ഒരു കേക്ക് എല്ലാവരും കൂടി മുറിച്ച് അതിന്‍റെ പകുതിയെടുത്ത് അതേ പ്ലാസ്റ്റിക് കവറിലാക്കി ചാച്ചന്‍റെ ഒരു ക്ലാസിക് പൊതിച്ചില്‍ ഉണ്ട് എന്നിട്ട് ബാക്കി പകുതി ന്യൂയറിനാണ് തുറക്കുക. ഇപ്പോ കേക്ക് രണ്ടും മൂന്നും ഉണ്ടെങ്കിലും കഴിക്കാനോ മുറിക്കാനോ ആര്‍ക്കും സമയമില്ല എന്നുള്ളതാണ് വാസ്തവം.
ഞാന്‍ വേഗംചെന്ന് ഒരു കേക്കിന്‍റെ കവര്‍ തുറന്ന് പാത്രത്തില്‍ വച്ചിട്ട് ചാച്ചനെയും അമ്മ യെയും തങ്കമ്മാമ്മയെയും വിളിച്ച് വീടിന്‍റെ അകത്തേക്ക് കൊണ്ടുവന്നു. ഇന്ന് തങ്കമ്മാമ്മ കേക്ക് മുറിക്കുമെന്ന് ഒരു പ്രഖ്യാപനവും നടത്തി. എന്തോ വലിയ കാര്യം ചെയ്തുവെന്ന ആത്മസംതൃ പ്തിയോടെ തങ്കമ്മാമ്മ കേക്ക് മുറിക്കുന്നതും നോക്കി ഒരു സഹായമനസ്കന്‍റെ ശരാശരി അഹങ്കാരത്തോടെ ഞാന്‍ നിന്നു. കേക്ക്മുറിക്കല്‍ കഴിഞ്ഞ് ഓരോ കഷ്ണം മുറിച്ച് ഓരോരുത്തര്‍ക്ക് കൊടുക്കലായി. ഗസ്റ്റ് തങ്കമ്മാമ ആണല്ലോ, അതു കൊണ്ട്ആദ്യത്തെ ഒരു വലിയ കഷ്ണം മുറിച്ച് ഒരു ക്വാര്‍ട്ടര്‍ പ്ലേറ്റിലാക്കി തങ്കമ്മാമ്മയ്ക്ക് തന്നെ നീട്ടി. ചാച്ചന്‍ തൊട്ടുമുന്നെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചതു കൊണ്ട് കേക്ക് വേണ്ട എന്ന് പറഞ്ഞു. അമ്മയ്ക്കും വലിയൊരു കഷ്ണം മുറിച്ച് കൊടുത്തപ്പോള്‍ പകുതി മതിയെന്നു പറഞ്ഞു. ഞാനും ഒരു ചെറിയ കഷ്ണം മുറിച്ചെടുത്ത് കഴിക്കാന്‍ തുടങ്ങിയപ്പോളേക്കും തങ്കമ്മാമ്മയ്ക്ക് ഒരു വിഷമം.
"എനിക്കും ഇതിന്‍റെ പകുതി മതി കൊച്ചെ"
എന്ന് പറഞ്ഞ് ആ പ്ലേറ്റും കൊണ്ട് എന്‍റെ അടുത്തേക്ക് വന്നു.
കാലത്ത് ഒന്നും കഴിച്ചിട്ടുണ്ടാവില്ലെന്ന് ഉറപ്പാണ്. തങ്കമ്മാമ്മയ്ക്ക് ഒരു മോന്‍ ആണുള്ളത്. അല്പം താമസിച്ചാണ് അയാള്‍ കല്യാണം കഴിച്ചത്. മരുമോള്‍ അമ്മായിയമ്മയ്ക്ക് ഒന്നും കൊടുക്കാറില്ല. തങ്കമ്മാമ്മയ്ക്ക് എന്തെകിലും കഴിക്കണമെങ്കില്‍ വേറെ അടുപ്പില്‍ ഉണ്ടാക്കി കഴിക്കണം അതു കൊണ്ടു തന്നെ രാവിലെയുള്ള ഭക്ഷണം കഴിക്കല്‍ ഒക്കെ കണക്കാണ്. വിശക്കുന്ന വയറിനു മുന്‍പിലും ഭക്ഷണത്തിന്‍റെ അളവ് കൂടുതല്‍ ആണെന്ന് പറഞ്ഞു അന്തസ്സോടെ തലയുയര്‍ത്തി പിടിച്ചു നില്‍ ക്കുന്ന ആ വൃദ്ധയായ സ്ത്രീ എന്നെ അമ്പരപ്പിച്ചു.
ഞാന്‍ നിര്‍ബന്ധിച്ചാണ് അവരെക്കൊണ്ട് ആ കേക്ക് കഷ്ണം കഴിപ്പിച്ചത്. ആ കേക്ക് കഷ്ണം കഴിച്ചു തെല്ലുനേരം കഴിഞ്ഞു അവരുടെ കൈവിറയലിന് അല്പം ശമനം വന്നു എന്ന് ശ്രദ്ധിച്ചപ്പോഴാണ് ഹൃദയത്തില്‍ ആരോ കൊത്തിപ്പറിക്കുന്ന ഒരു വേദന തോന്നിയത്. ആരുടെയും മുന്നില്‍ തലകുനിക്കാതിരിക്കാന്‍ പ്രാഥമിക ആവശ്യമായ വിശപ്പിനെപ്പോലും മുണ്ടിന്‍ തുമ്പുകൊണ്ട് മുറുക്കിക്കെട്ടി അന്തസ്സ് നിലനിര്‍ത്തുന്ന ജീവിതങ്ങള്‍ നമ്മുടെയിടയില്‍ ഒട്ടും വിരളമല്ല. തങ്കമ്മാമ്മയുടെ കൈവിറ, വാര്‍ദ്ധക്യത്തിന്‍റെയോ, ഒരു നേരം ഭക്ഷിക്കാത്തതിന്‍റെയോ മാത്രമായിരുന്നില്ല, അവഗണിക്കപ്പെട്ടതിന്‍റെയും, പുറത്താക്കപ്പെട്ടതിന്‍റെയും, അവജ്ഞയുടെയും പ്രതിഫലനങ്ങള്‍ കൂടിയായിരുന്നു.
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഇടം കൊടുക്കാതെ പുറത്താക്കപ്പെട്ട ഒരു കുടുംബം സകലജനതകളുടെയും മനസില്‍ ഇടംപിടിച്ചതുപോലെ, പുല്‍ക്കൂടിന്‍റെ പാഠങ്ങള്‍ ഓരോന്നായി ഈ വൃദ്ധയിലൂടെ എണ്ണിയെണ്ണി പഠിപ്പിച്ച ഒരു എമ്മാവൂസ് അനുഭവം ആയിരുന്നു ആ വര്‍ഷത്തെ ക്രിസ്തുമസ്.