ഇന്ന് ഇവിടെ ഉയരുന്ന വര്‍ഗ്ഗീയതയുടെ പ്രശ്നം വളരെ രാഷ്ട്രീയ തിരിച്ചറിവുള്ളവര്‍ക്കു മാത്രമേ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ സ്ത്രീകള്‍ ഇത്തരം അറിവുകളില്‍നിന്ന് ഒഴിവാക്കപ്പെടുന്നുണ്ട്. അതു സ്ത്രീകളെ ഏറ്റവും വിനാശകരമായ രീതിയില്‍ സമൂഹത്തിന്‍റെ അരികിലേക്ക് ഒതുക്കിക്കളയുന്നു. അധികാരം സ്ത്രീകളെ എന്നും അകറ്റിനിര്‍ത്തിയിരുന്നു.
സമകാലിക ദശയില്‍ സ്ത്രീയുടെ പദവി എത്ര നിന്ദ്യമായിരിക്കുന്നു എന്നതിന്‍റെ സൂചനയടങ്ങുന്നതാണ് പെണ്‍വാണിഭം എന്ന വാക്കുതന്നെ. കേരളമാണ് ഏറ്റവും രാഷ്ട്രീയ പ്രബുദ്ധമായ സംസ്ഥാനമെന്നും ഏറ്റവും സാക്ഷരതയും വിദ്യാഭ്യാസവുമുള്ള സംസ്ഥാനമെന്നും പറയുമ്പോഴും ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പിന്നോക്കം പൊയ്ക്കൊണ്ടിരിക്കുന്നത് ഇവിടെത്തന്നെയാണ്. ഒത്തിരി സാമൂഹിക നവോത്ഥാനങ്ങള്‍ നടന്നിട്ടുണ്ടിവിടെ. സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി ഒട്ടേറെ സംഘടനകളും സംഘങ്ങളും വ്യക്തികളും ഇവിടെ പ്രവര്‍ത്തിച്ചുണ്ടെങ്കിലും അതൊക്കെ തോല്പിക്കപ്പെടുകയും സ്ത്രീകളുടെ പ്രശ്നം വീണ്ടും സൈഡ്ട്രാക്ക് ചെയ്യപ്പെടുകയുമാണുണ്ടായിട്ടുള്ളത്. ഇതൊക്കെ സംഭവിക്കുമ്പോഴും സ്ത്രീകള്‍ക്കു നേരെയുള്ള കടന്നുകയറ്റങ്ങളുടെ എണ്ണവും സ്ത്രീചൂഷണങ്ങളും വര്‍ദ്ധിക്കുന്നു.
സ്ത്രീകളുടെ നേര്‍ക്കുള്ള അക്രമങ്ങളും ചൂഷണങ്ങളും ദിനംപ്രതിയെന്നോണം വര്‍ദ്ധിച്ചുവരുന്നതിനുള്ള ഒരു പ്രധാന കാരണം, മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്കൊന്നിനും സ്ത്രീയുടെ ജീവിതത്തിന് സുരക്ഷിതത്വം നല്കാന്‍ സാധിക്കുന്നില്ല എന്നതാണ്. ഒന്നുകില്‍ സ്ത്രീകള്‍ക്കുവേണ്ടിയുള്ള സര്‍ക്കാരിന്‍റെ പരിപാടികള്‍ പാഴായിപ്പോകുന്നു. അതല്ലെങ്കില്‍ വേണ്ട സമയത്ത് അതു ലഭിക്കുന്നില്ല. നീതിയുടെ കാര്യത്തില്‍ പറഞ്ഞാല്‍ ഉടനെ കിട്ടുന്നതാണ് പരിഹാരം. വര്‍ഷങ്ങള്‍ക്കുശേഷം കിട്ടുന്നത്, കിട്ടാത്തതിനു തുല്യമാണ്. ഇതൊക്കെക്കൊണ്ട്, ഒരു അനീതി നടന്നുകഴിഞ്ഞാല്‍ അതിനെതിരെ നീതി ലഭിക്കുമെന്ന് വിശ്വാസം ക്രമേണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ്.
പിന്നെ, സ്ത്രീധനം പോലൊരു അനാചാരം ഏറ്റവും അസാദ്ധ്യമായ രീതിയിലേക്ക് വളരുന്ന പ്രതിഭാസമാണ് നാം കാണുന്നത്. കാരണം എല്ലാവരും ആവേശഭിരതരായി പൊന്നിന്‍റെയും പണത്തിന്‍റെയും സ്ത്രീധനത്തിന്‍റെയും ഒരു ജീവിതരീതിതന്നെ അംഗീകരിച്ചുറപ്പിക്കുന്ന മട്ടുകാണാനുണ്ട്. ഇത് ഇരുപതുകോടിയുടെ ജീവിതം അറുപതുകോടികളും ലാക്കാക്കികൊണ്ട് അവരുടേതുപോലെ ആവാന്‍ ശ്രമിക്കുന്നതുകൊണ്ടാണ്.
കൊച്ചുകുട്ടിതൊട്ട് വൃദ്ധകള്‍വരെ ബലാല്‍സംഗം ചെയ്യപ്പെടാം എന്ന അരക്ഷിതവും ദുരന്തപൂര്‍ണവുമായ സാദ്ധ്യതയിലാണ് കേരളീയരായ നാമെത്തിയിരിക്കുന്നത്. ഇതെല്ലാം മറുപടിയില്ലാത്ത ദുഃഖങ്ങളാണ് - സ്ത്രീകളെ സംബന്ധിച്ച്. ഇതെങ്ങനെയാണ് പരിഹരിക്കുക എന്നതിനെ സംബന്ധിച്ച് സര്‍ക്കാരിനുപോലും വ്യക്തതയില്ല എന്നത് നമ്മെ ഒട്ടേറെ ആകുലരാക്കുന്നു.
ഒരു മതവും ഇന്ന് സ്ത്രീക്കനുകൂലമായ ഒരവസ്ഥയിലല്ല പ്രവര്‍ത്തിക്കുന്നത്. എല്ലാ മതങ്ങളും സ്ത്രീവിരുദ്ധമായിരിക്കുന്നു. എല്ലാ മതദര്‍ശനങ്ങളും നല്ലതാണ്.
പ്രത്യേകിച്ച് ക്രിസ്തുമതത്തിന് അഭിമാനപൂര്‍വ്വം മുന്നോട്ടു വെയ്ക്കാവുന്ന ഒന്നാണ് സമത്വത്തിന്‍റെയും സ്ത്രീകളെ അംഗീകരിക്കേണ്ടതിന്‍റെയും ദര്‍ശനങ്ങള്‍. ക്രിസ്തുമതം കഴിഞ്ഞാല്‍ അതുപോലുള്ള വാഗ്ദാനങ്ങള്‍ നാം മാര്‍ക്സില്‍ മാത്രമേ കാണുന്നുള്ളൂ. ക്രിസ്തു മുന്നോട്ടു വച്ച ദര്‍ശനങ്ങളുടെയും വ്യക്തിത്വത്തിന്‍റെയും അടിസ്ഥാനത്തിലുള്ളതാണ് ക്രൈസ്തവമതമെങ്കില്‍ ക്രിസ്തുവായിരുന്നേനെ ലോകത്തിലെ ഏറ്റവും വലിയ പ്രതീക്ഷയും ലോകത്തിന്‍റെ തുല്യതയ്ക്കായുള്ള അഭയസ്ഥാനവും. അതില്ല എന്നു നമുക്കറിയാം. കാരണം ഒരു ഹയരാര്‍ക്കിക്കു കീഴിലാണ്, ഭരണാധികാരിക്കു കീഴിലാണ് നാമൊക്കെ വര്‍ത്തിക്കുന്നത്. ഭരണം - അധികാരം എന്നൊക്കെയുള്ളത് ഒരു മതത്തിന് ആവശ്യമാണോ എന്നതാണ് പ്രധാന ചോദ്യം.
ഇന്ത്യയിലിന്ന് ഇതരമതങ്ങള്‍പോലും പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു ഭരണം ആവശ്യമാണെന്നുതന്നെയാണ്. സാധാരണജനങ്ങള്‍ക്കു പകരം അധികാരം ലക്ഷ്യമാവുമ്പോള്‍ മതങ്ങള്‍ക്ക് ജനത്തെ നഷ്ടപ്പെടുക സ്വാഭാവികം മാത്രമാണ്. ക്രിസ്തു ഭരണാധികാരങ്ങള്‍ക്ക് എതിരായിരുന്നുവെന്നതിന് ക്രിസ്തുവിന്‍റെ ജീവിതം തന്നെ വലിയ തെളിവാണ്. സമൂഹത്തിലെ പ്രാന്തവല്കരിക്കപ്പെട്ടവരോടൊപ്പമായിരുന്നു ക്രിസ്തുവിന്‍റെ നിലപാട്. ഭരണം ക്രിസ്തുവിന്‍റെ ലക്ഷ്യമായിരുന്നെങ്കില്‍ ക്രിസ്തു ഒരു ഹിറ്റ്ലറായി മാറുമായിരുന്നു. ഇന്ന് ഇവിടത്തെ മതസ്ഥാപനങ്ങള്‍ക്കകത്ത് എത്തിപ്പെട്ടിട്ടുള്ള സ്വത്തുക്കള്‍ മാത്രം മതി ഇന്നത്തെ ദാരിദ്ര്യവും പട്ടിണിയും പരിഹരിക്കാന്‍. ക്രിസ്തുമതത്തിലിന്ന് സ്ത്രീകളേയില്ല. കാരണം ദൈവം തൊട്ട് ഇങ്ങുതാഴെ വരെ സ്ത്രീകളെയുള്ളൂ.
ആദിമാതാപിതാക്കളില്‍ത്തന്നെ സ്ത്രീയെ പിശാചിനോടും തെറ്റിനോടുമാണ് ഐക്യപ്പെടുത്തിയിട്ടുള്ളത്. പിന്നീടുള്ള ചരിത്രം മുഴുവന്‍ പാട്രിയാര്‍ക്കിയുടേതാണ്. സന്തതി വര്‍ദ്ധനവ് എന്നാല്‍ പുരുഷന്മാരുടെ വര്‍ദ്ധനവാണ് അര്‍ത്ഥമാക്കുന്നത്. സഹനത്തിന്‍റെ കന്യാസ്ത്രീകള്‍ മാത്രമായാണ് സ്ത്രീകള്‍ മാറുന്നത്. കുടുംബത്തില്‍തന്നെ പുരുഷന്‍ ഭര്‍ത്താവാണ് - ഭാര്യ അവനെ അനുസരിച്ച് ജീവിക്കേണ്ടവളാണ്. അങ്ങനെ ഏറ്റവും അതിരുകളിലേയ്ക്ക് തള്ളിമാറ്റപ്പെടുന്ന ഒരു ജനവിഭാഗമാണ് ക്രിസ്തുമതത്തിന്‍റെ പകുതി വരുന്ന ലിംഗവിഭാഗം. അതുകൊണ്ടുതന്നെ അവരുടെ പ്രശ്നം മതത്തിനകത്ത് ചര്‍ച്ചചെയ്യപ്പെടുന്ന ഒരു പ്രശ്നമല്ല. അവരുടെ പ്രശ്നം മതത്തിലെ പ്രധാന പ്രശ്നമാവാത്തിടത്തോളം കാലം മതം അവരെ ചൂഷണത്തിന് വിട്ടുകൊടുക്കുന്നു എന്നുതന്നെ പറയേണ്ടതായി വരും.
ഇതുതന്നെ മറ്റു മതങ്ങളിലും കാണാം. ഇസ്ലാംമതം പറയുന്നത് ഖുറാന്‍ സ്ത്രീകള്‍ക്ക് ഏറ്റവും സംരക്ഷണം ഒരുക്കുന്നു എന്നതാണ്. പക്ഷേ, അവരുടെ പ്രയോഗത്തില്‍ നാലു ഭാര്യമാരെവരെ സ്വീകരിക്കുകയും പര്‍ദ്ദ ധരിക്കേണ്ടുന്ന സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്കാതിരിക്കുകയും കൊച്ചുകുട്ടികളായിരിക്കുമ്പോള്‍തന്നെ വിവാഹം കഴിച്ചുകൊടുക്കുകയും പെണ്ണിന്‍റെ ജീവിതം അനാഥമാക്കുകയും ചെയ്യുന്ന സ്ഥിതിയാണ് കാണാ ന്‍ കഴിയുന്നത്. താലിബാനിലും മറ്റും സ്ത്രീകള്‍ എല്ലാ രംഗങ്ങളില്‍ നിന്നും അടുക്കളയിലേക്ക് ഒതുക്കപ്പെടുന്ന ഒരവസ്ഥയാണുള്ളത്.
ചുരുക്കത്തില്‍ മതഗ്രന്ഥങ്ങള്‍ ഉന്നതദര്‍ശനങ്ങള്‍ വാഗ്ദാനം ചെയ്യുമ്പോഴും മനുഷ്യര്‍ക്കത് അനുഭവമാകുന്നില്ല. കാരണം മതങ്ങളുടെ ദര്‍ശനങ്ങളിലല്ല, പ്രയോഗത്തിലാണ് പ്രശ്നം. ചുരുക്കത്തില്‍ എല്ലാ മതങ്ങളുടെ തത്ത്വശാസ്ത്രങ്ങളും സമത്വവും തുല്യതയും നീതിയും മറ്റും വാഗ്ദാനം ചെയ്യുന്നുവെങ്കിലും മതാധികാരം അതിന്‍റെ പ്രയോഗത്തില്‍ അധികാരവിഹീനരായ സ്ത്രീകളെ കൂടുതല്‍ ദുര്‍ബലരാക്കികളയുന്നു.
ഉപരിവര്‍ഗ്ഗം എന്നും സ്ത്രീകള്‍ക്ക് രണ്ടാംസ്ഥാനമേ നല്‍കിയിട്ടുള്ളൂ. സംസ്കൃതഭാഷപോലും സ്ത്രീകള്‍ക്ക് നിഷിദ്ധമായിരുന്നു. അതു പഠിക്കാനോ പ്രയോഗിക്കാനോ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. സ്ത്രീകള്‍ വല്ല പ്രാകൃതഭാഷയും സംസാരിക്കുകയും പ്രയോഗിക്കുകയും ചെയ്താല്‍ മതിയെന്ന സാമൂഹിക വിധിതീര്‍പ്പായിരുന്നു ഇതിനു പിന്നില്‍ ഉണ്ടായിരുന്നത്. രാമായണം തുടങ്ങിയ കൃതികളിലും മറ്റും, തീരുമാനമെടുക്കുന്നതില്‍നിന്നും സ്ത്രീകളെ മാറ്റിനിര്‍ത്തിയിരുന്ന സമ്പ്രദായത്തിന്‍റെ ചിത്രമാണ് കാണാന്‍ കഴിയുന്നത്.
കേരളത്തിലെ സ്ത്രീകള്‍ ഇന്നു കൂടുതല്‍ കൂടുതല്‍ പിന്നോക്കം പോവുകയാണ്. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി ഇതല്ല. പ്രത്യേകിച്ച് ഹൈന്ദവസമൂഹത്തില്‍ സ്ത്രീകള്‍ എന്നുവച്ചാല്‍ ഉദ്യോഗസ്ഥകളും വിദ്യാര്‍ത്ഥികളുമായ സ്ത്രീകള്‍ കൂടുതല്‍ മതപരമായ ചട്ടക്കൂടുകളിലേയ്ക്ക് ഒതുങ്ങുന്നതാണിവിടെ കണ്ടുകൊണ്ടിരിക്കുന്നത്. അതോടൊപ്പംതന്നെ ഇന്ന് സ്ത്രീകള്‍ കൂടുതല്‍ യാഥാസ്ഥിതികബോധമുള്ളവരായി മാറുന്നുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു. മിക്കവാറും സ്ത്രീകളോടുള്ള പരിചയത്തില്‍നിന്നാണ് ഞാനിതു പറയുന്നത്. കോളേജുകളിലൊക്കെ ചെല്ലുമ്പോള്‍ നമുക്കിത് വ്യക്തമായി കാണാം. ഞാനും എന്‍റെ കുടുംബവും എന്ന ഭീകരമായ മുതലാളിത്ത മനോഭാവത്തിലേക്കും അവസ്ഥയിലേക്കും നമ്മുടെ സ്ത്രീഗണം എത്തിച്ചേര്‍ന്നിട്ടുണ്ടെന്നു തോന്നുന്നു.
ഉത്തരേന്ത്യയിലും മറ്റു കോളേജ് കാമ്പസുകളില്‍ യുവതികള്‍ ഏതുതരം വേഷം ധരിക്കണമെന്നു സ്വയാഭിഷിക്ത ഹൈന്ദവമതനേതൃത്വം നിഷ്കര്‍ഷിക്കുന്നതായിട്ടാണ് പത്രറിപ്പോര്‍ട്ടുകള്‍. അതു ഞാന്‍ മുമ്പു സൂചിപ്പിച്ചതുപോലെ മതാധികാരം കൂടുതല്‍ മൗലികമായ പ്രയോഗത്തിലേക്ക് നീങ്ങുമ്പോള്‍ സ്ത്രീവര്‍ഗ്ഗം കൂടുതല്‍ ഒതുക്കപ്പെടുകയും പ്രാന്തവത്കരിക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയുമാണ് ചെയ്യുന്നത്.