ദുഃഖവെള്ളിയിലെ 'ഏലി, ഏലി, ല്മാ സബക്ഥാനി' എന്ന നൊമ്പരപ്രാര്‍ത്ഥനയുടെ ഉപസംഹാരമാണ് ഉത്ഥാനം. അതില്‍ ലോകത്തിലെ സകല കഴുമരങ്ങളും നൊമ്പരയിടങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് ഉത്ഥിതന്‍ കുരിശിന്‍റെ അടയാളങ്ങളോടെ ശിഷ്യന്മാര്‍ക്ക് പ്രത്യക്ഷപ്പെട്ടത്. വിശ്വാസപ്രമാണത്തില്‍ നമ്മള്‍ ഒരു കാര്യം ഏറ്റുപറയുന്നുണ്ട്, മരിച്ചതിനുശേഷം അവന്‍ നരകത്തിലേക്ക് ഇറങ്ങിയെന്ന്. എല്ലാ ഈസ്റ്റര്‍ ആഘോഷത്തിലും ഈ ഒരു യാഥാര്‍ത്ഥ്യം കൂടി ഓര്‍മ്മിക്കപ്പെടുകയാണ്. അത് സംഭവ്യമാകുകയുമാണ്. പ്രകാശപൂരിതനായി ശിഷ്യരുടെ ഇടയില്‍ ആഹ്ലാദസാന്നിധ്യമായി വരുന്നതിനുമുന്‍പ് അവന്‍ ഇറങ്ങിച്ചെന്നത് നരകത്തിലേക്കാണ്. ഇന്നും അവന്‍ അങ്ങനെ ഇറങ്ങുന്നുണ്ട്. യുദ്ധങ്ങളുടെയും പട്ടിണികളുടെയും നരകങ്ങളെ അവഗണിച്ച് യേശു ഒരിക്കലും നമ്മുടെ ഇടയിലേക്ക് വരികയില്ല. ഓരോ ഉത്ഥാനാഘോഷത്തിന്‍റെ പിന്നിലും ഓരോ നരകസന്ദര്‍ശനവും സാധ്യമാകുന്നുണ്ട്. എവിടെയൊക്കെയാണ് അവന്‍ ഇറങ്ങി ചെന്നത്? അറിയില്ല. പക്ഷേ ഇന്ന് ജീവിതം ഒരു നരകമായിരിക്കുന്നവര്‍ക്ക് അവന്‍ അന്യനല്ല എന്ന കാര്യം ഓര്‍ക്കണം. 'എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു' എന്ന നിലവിളികള്‍ മുഴങ്ങിക്കേള്‍ക്കുന്ന ഇടങ്ങള്‍ വര്‍ദ്ധിച്ചുവരികയും നരകത്തിന്‍റെ നീളവും വീതിയും മനുഷ്യന്‍റെ ആന്തരികതയില്‍ കൂടുകയും ചെയ്യുമ്പോള്‍ യേശുവിന്‍റെ ഉത്ഥാനത്തെ ശൂന്യമായ ഒരു കല്ലറയുടെ ഓര്‍മ്മപ്പെടുത്തലായല്ല ഇനി നമ്മള്‍ ആഘോഷിക്കേണ്ടത്, ഹൃദയം പൊട്ടിയുള്ള ചില നിലവിളികള്‍ക്കായുള്ള ഉത്തരമായിട്ടായിരിക്കണം.
തിന്മയോടും മരണത്തിനോടും, അതിലുപരി അലസമായ ശീലത്തിനോടും രാജിയാകുന്ന മനുഷ്യചോദനകള്‍ക്കുള്ള മറുപടിയാണ് ഉത്ഥിതനായ യേശു. ഈസ്റ്ററില്‍ നമ്മള്‍ ആഘോഷിക്കുന്നത് സ്വയം രക്ഷിച്ചവനെ അല്ല, എല്ലാവര്‍ക്കുമായി സ്വയം ശൂന്യനായവനെയാണ്. സ്വയം രക്ഷിക്കുക എന്നതാണ് ഏറ്റവും അവസാനത്തെ പ്രലോഭനം. ആ പ്രലോഭനത്തെയും അതിജീവിച്ചവനാണ് അവന്‍. ജീവിച്ചതുപോലെ തന്നെയാണ് അവന്‍ മരിച്ചതും. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് അവന്‍ ജീവിച്ചത്, മരിച്ചതും അതുപോലെതന്നെ. ഒരിക്കലും അവന്‍ ഒറ്റക്കായിരുന്നില്ല. അതുകൊണ്ടാണ് തനിച്ചായിരിക്കാതിരിക്കാന്‍ അവന്‍ സ്വയം ശൂന്യനായത്. അതുകൊണ്ടാണ് ഉത്ഥാനത്തെ മനുഷ്യരുടെ ഇടയിലുള്ള യേശുവിന്‍റെ പുനരവതാരം എന്ന് വിശേഷിപ്പിക്കുന്നത്. എവിടെ യേശു എന്നു ചോദിച്ചാല്‍ അവന്‍ നമ്മുടെ ഇടയിലുണ്ട് എന്നു നമുക്കു പറയാന്‍ സാധിക്കുന്നതും അതുകൊണ്ടാണ്. ദരിദ്രരുടെയും ദുര്‍ബലരുടെയും രോഗികളുടെയും അന്ധരുടെയും വികലാം ഗരുടെയും പാപികളുടെയും നിലവിളിക്കു മുന്നില്‍ അവന്‍റെ ഹൃദയം ഇപ്പോഴും തുറന്നു തന്നെയാണിരി ക്കുന്നത്. കാല്‍വരിക്കു മുന്‍പ് അവരെ അവന്‍ സുഖപ്പെടുത്തിയിരുന്നു, അതിനുശേഷവും അവന്‍ അത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
ക്രൂശിതന്‍റെ തിരിച്ചുവരവാണ് ഉത്ഥാനം. കുരിശിലേറ്റപ്പെട്ട ഏതെങ്കിലും ഒരുവന്‍റേതല്ല ആ തിരിച്ചുവരവ്, ലോകത്തിന്‍റെ പാപങ്ങള്‍ ചുമലിലേറ്റ യേശുവിന്‍റെതാണ്. തിന്മയുടെ ശക്തിയില്‍ നിന്നുള്ള മോചനമാണ് ആ കുരിശില്‍ യാഥാര്‍ത്ഥ്യമായത്. അങ്ങനെ ചിന്തിക്കുമ്പോള്‍ ഉത്ഥാനം ഇന്നലെ നടന്ന ഒരു സംഭവമല്ല, അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണ്. തിന്മയോടും മരണത്തിനോടും രാജിവയ്ക്കാതെയുള്ള ഒരു സമ്പൂര്‍ണ്ണ വെല്ലുവിളിയാണ് കുരിശും ഉത്ഥാനവും. അതുകൊണ്ടു തന്നെ ഉത്ഥാനം ഒരു ചരിത്രസംഭവം എന്നതിനേക്കാള്‍ ഉപരി ഓരോ ക്രൈസ്തവന്‍റെയും അനുദിന കാര്യക്രമം കൂടിയാണ്. കാല്‍വരിയുടെ ഇരുളില്‍ നില്‍ക്കുമ്പോഴും ഉത്ഥാനമെന്ന യാഥാര്‍ത്ഥ്യമാണ് നമുക്ക് ഓരോരുത്തര്‍ക്കും മുന്നിലേക്കുള്ള വഴി തുറക്കുന്നത്. അതു മാത്രമാണ് നിര്‍ണായകമായ ഒരു ദിശാബോധം നമുക്ക് നല്‍കുന്നത്.
ഉത്ഥാനമാണ് നമ്മുടെ ആന്തരികത, നമ്മുടെ ഉള്ളടക്കം. ഏതു കുരിശിന്‍റെ വിരിമാറില്‍ കിടന്നാലും ഉത്ഥാനമെന്ന ഉള്ളിലെ തീയെകെടുത്തുവാന്‍ ആര്‍ക്കും സാധിക്കില്ല. അതുകൊണ്ടാണ് ഈസ്റ്ററുകള്‍ എല്ലാം ഒരുപോലെയല്ല എന്നു പറയുന്നത്. ഓരോന്നിനും ഓരോ ചരിത്രവും ഓരോ ജീവിതവും ഉണ്ട്. ആ ചരിത്രവും ആ ജീവിതങ്ങളുമാണ് നമ്മെ മുന്നിലേക്ക് നയിക്കുന്നത്. അതില്‍ നവലോകത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും ദര്‍ശനങ്ങളും അടങ്ങിയിട്ടുണ്ട്.
ചില ബുദ്ധിജീവികള്‍ നമ്മെ ആശ്വസിപ്പിക്കുന്നുണ്ട്: തിന്മയുമായി കൈകോര്‍ക്കുന്നതില്‍ ഒരു പ്രശ്നവും ഇല്ലെന്നും ഏതു വഴിയിലൂടെ നടന്നാലും ലക്ഷ്യം നല്ലതാണെങ്കില്‍ തിന്മയോടും കൂട്ടുകൂടാം എന്നൊക്കെ. പാടില്ല, ഒരിക്കലും അത് അംഗീകരിക്കരുത്. തിന്മയുമായുള്ള ബന്ധം പ്രത്യയശാസ്ത്രമായി രൂപാന്തരപ്പെടരുത്. അങ്ങനെയുള്ള പ്രത്യയ ശാസ്ത്രങ്ങള്‍ അടിമത്തത്തിലേക്ക് മാത്രമേ നമ്മെ നയിക്കു. തിന്മയില്‍ നിന്നുള്ള മോചനമാണ് ഉത്ഥാനം. ഓരോ ഉത്ഥാനാഘോഷവും തിന്മയുടെ അടിമത്തത്തിലുള്ളവരെ മോചിപ്പിക്കാനാണ് നമ്മോട് ആവശ്യപ്പെടുന്നത്. ഇതാണ് സഭയുടെ ഉത്തരവാദിത്തം. കാരണം സഭയെന്നാല്‍ ഉത്ഥിതനെ പ്രഘോഷിക്കുന്നവരുടെ കൂട്ടായ്മയാണ്. ആ കൂട്ടായ്മയുടെ ആദ്യ നിലപാട് എന്നും എപ്പോഴും തിന്മയ്ക്കെതിരെ മാത്രമായിരിക്കണം. അതിനാല്‍ തിന്മയുമായി രാജിയിലാകുന്ന ഏതു തീരുമാനവും ഉത്ഥിതന് എതിരായുള്ള നിലപാടാണ്. അത് നമ്മെ ആത്യന്തികമായി അടിമത്തത്തിലേക്ക് മാത്രമേ നയിക്കുകയുള്ളൂ.
അതിനാല്‍ കോറിന്തോസില്‍ വച്ച് പൗലോസ പ്പോസ്തലന്‍ ശ്രവിച്ച ദൈവിക ശബ്ദം നമ്മളും കേള്‍ക്കേണ്ടിയിരിക്കുന്നു. 'ഭയപ്പെടേണ്ടാ, നിശ്ശബ്ദനായിരിക്കാതെ പ്രസംഗിക്കുക. എന്തെന്നാല്‍, ഞാന്‍ നിന്നോടുകൂടെയുണ്ട്. ആരും നിന്നെ ആക്രമിക്കുകയോ ഉപദ്രവിക്കുകയോ ഇല്ല. ഈ നഗരത്തില്‍ എനിക്കു വളരെ ആളുകളുണ്ട്' (അപ്പ 18: 9-10). അതെ, നമ്മുടെ ഇടയില്‍ യേശുവിന് വേണ്ടപ്പെട്ട കുറെ ആളുകളുണ്ട്. അവര്‍ നമ്മള്‍ സങ്കല്‍പ്പിക്കുന്നതിനേക്കാള്‍ കൂടുതലാണ്. അവരാണ് സഭ. ആ സഭ ഇന്ന് ഒരു സിനഡല്‍ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. വെറുതെ നടക്കുന്നതിനു വേണ്ടിയല്ല ഈ പാതയിലൂടെ സഞ്ചരിക്കുന്നത്. അതിന് ഒരു ലക്ഷ്യമുണ്ട്. അവിടെ സഹയാത്രികരായി കൂടിയിരിക്കുന്നത് ചില വഴങ്ങലില്‍നിന്നും ഭയത്തില്‍നിന്നുമൊക്കെ ഉയിര്‍ത്തെഴുന്നേറ്റവരാണ്. പൗലോസിന്‍റെ സ്വപ്ന മാണ് നമ്മള്‍ ഇനി സ്വായത്തമാക്കേണ്ടത്. അത് ദൈവത്തിന്‍റെ സ്വപ്നമാണ്. ഓരോ ഹൃദയവും ഇനി ശ്രവിക്കേണ്ടത് ഉത്ഥാനത്തിന്‍റെ സുവിശേഷം ആയിരിക്കണം. ശൂന്യമായ കല്ലറയുടെ മുമ്പില്‍ ഇരുന്നുകൊണ്ട് ദൈവദൂതന്മാര്‍ സ്ത്രീകളോട് പറഞ്ഞ അതേ വചനങ്ങള്‍ നമ്മെയും നയിക്കണം: 'ഭയപ്പെടേണ്ട; ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങള്‍ അന്വേഷിക്കുന്നതെന്ന് എനിക്കറിയാം... അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു... വേഗം പോയി അവന്‍റെ ശിഷ്യന്മാരോട്, അവന്‍ മരിച്ചവരുടെയിടയില്‍ നിന്ന് ഉയര്‍പ്പിക്കപ്പെട്ടെന്നും നിങ്ങള്‍ക്കു മുമ്പേ ഗലീലി യിലേക്കു പോകുന്നെന്നും അവിടെവച്ച് നിങ്ങള്‍ അവനെ കാണുമെന്നും പറയുവിന്‍'(മത്താ 28: 5-7).
ശൂന്യമായ കല്ലറയുടെ മുമ്പില്‍ വിതുമ്പിയും കരഞ്ഞും നിന്ന ആ സ്ത്രീകള്‍ ഒരു ഉത്തര ത്തിനായി ഭൂതകാലത്തിലേക്കാണ് തിരിയുന്നത്. ചില തകര്‍ച്ചകളുടെ മുന്‍പില്‍ ഉത്തരം തേടി നമ്മളും തിരിയുന്നത് ഭൂതകാലത്തിലേക്കാണ്. പക്ഷേ കര്‍ത്താവിന്‍റെ ദൂതന്‍ നമ്മോട് പറയുന്നത് ഭാവിയിലേക്ക് നോക്കാനാണ്. മുന്നിലേക്ക് നോക്കാനാണ്. യേശു നമുക്കു മുമ്പേ ഗലീലിയിലേക്ക് പോയിട്ടുണ്ട്. യേശുവിന്‍റെ ശരീരം സൂക്ഷിച്ചിരുന്ന ശൂന്യമായ ഒരു കല്ലറയല്ല സഭ. യേശുവുമായി കണ്ടുമുട്ടല്‍ സാധ്യമാകുന്ന ഗലീലിയാണ് അത്. അതിനാല്‍ ഒരു ദിശാബോധം നമുക്കും ഉണ്ടാകണം. യേശുവിനെ വ്യക്തിപരമായി കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്ന ഒത്തിരി ആള്‍ക്കാര്‍ നമ്മുടെ ചുറ്റുമുണ്ട്. ദൈവദൂതന്മാര്‍ പറഞ്ഞതുപോലെ അവരോടും പോയി നമ്മള്‍ പറയണം; പോകുവിന്‍ ഗലീലിയിലേക്ക് അവിടെ നിങ്ങളെയും കാത്ത് ഉത്ഥിതന്‍ നില്‍ക്കുന്നുണ്ടെന്ന്. ഓര്‍ക്കുക, വിശ്വസിക്കുന്നവര്‍ക്ക് അസാധ്യമായി ഒന്നുമില്ല!