news-details
കവർ സ്റ്റോറി

മണ്‍കുടത്തില്‍ ജലം ചുമക്കുന്നവര്‍

വേദപുസ്തകത്തില്‍ ആദ്യമായി മണ്‍കുടത്തില്‍ ജലം ചുമക്കുന്ന വ്യക്തിയെ നാം റബേക്കയില്‍ കണ്ടെത്തും. ഇസഹാക്കിന്‍റെ ഭാര്യയും, യാക്കോബ്, ഏസാവ് എന്നീ ഇരട്ട സഹോദരങ്ങളുടെ അമ്മയുമാണവള്‍. അബ്രാഹം പുത്രനായ ഇസഹാക്കിന് ഭാര്യയെ കണ്ടെത്താനായി കാര്യസ്ഥനെ പറഞ്ഞയയ്ക്കുന്നു. അയാള്‍ നടന്നു നടന്ന് ഒരു കിണറ്റിന്‍ കരയിലെത്തുന്നു. അവിടെ കണ്ട റബേക്ക എന്ന പെണ്‍കുട്ടിയോട് കുടിവെള്ളം ചോദിക്കുന്നു. തന്നോടു കുടിക്കാന്‍ വെള്ളം ചോദിച്ച വഴിപോക്കന്‍ ആരെന്നോ, അയാളുടെ ലക്ഷ്യം എന്തെന്നോ അറിയാതെയും അന്വേഷിക്കാതെയും അയാള്‍ക്ക് മാത്രമല്ല, ദാഹിക്കുന്ന ഒട്ടകങ്ങള്‍ക്കുള്‍പ്പെടെ സകലര്‍ക്കും ഓടിനടന്ന് വെള്ളം കൊടുക്കുന്ന റബേക്കായുടെ അഴകും ചടുലതയും എത്ര ചേതോഹരം! കണ്വാശ്രമത്തിലെ മുനികന്യക, ശകുന്തളയുടെ പ്രവൃത്തികളോട് റബേക്കായുടെ ജോലികളെ സാധര്‍മ്മ്യം ചെയ്യാം. സ്വയം ജലപാനം ചെയ്യുന്നതിനുമുമ്പ് ഓടിനടന്ന് മുല്ലവള്ളിക്കും മാന്‍കിടാവിനും തണ്ണീര്‍ തേവുന്ന ശകുന്തളക്ക് തുല്യം റബേക്കാ!

പൂര്‍വ്വപിതാവായ യാക്കോബിന്‍റെ കിണറ്റിന്‍കരയില്‍ കുടവുമായെത്തുന്ന രണ്ടാമത്തെ ബൈബിള്‍ കഥാപാത്രമാണ് സമരിയാക്കാരി സ്ത്രീ. കുടിച്ചാല്‍ വീണ്ടുമൊരിക്കലും ദാഹിക്കാത്ത ജീവജലത്തെക്കുറിച്ച് ക്രിസ്തുവില്‍ നിന്നുതന്നെ അവള്‍ അറിയുന്നു - ദൈവം തന്നെയാണ് ജലം. ക്രിസ്തുവിന്‍റെ മുഖത്തുനോക്കി ധ്യാനിക്കുകയായിരുന്നു ആ സമരിയാക്കാരി. ദാഹജലം തേടി കിണറിന്‍റെ തീരത്തു വന്നവള്‍ നിത്യജീവന്‍റെ ഉറവയായ ക്രിസ്തുവിന്‍റെ വചനങ്ങള്‍ ഹൃദയത്തില്‍ സ്വീകരിക്കുമ്പോള്‍ ആത്മാവിന്‍റെ നിറവാണ് അനുഭവവേദ്യമാകുന്നത്. ഭൗതികാവശ്യങ്ങളെല്ലാം മറന്നുപോകുന്നവളായി അവള്‍ മാറുന്നു. തന്‍റെ കുടം ക്രിസ്തുവിന് മുന്‍പില്‍ സമര്‍പ്പിച്ചുകൊണ്ട് പോകുന്നത് അതുകൊണ്ടാണ്. ഉള്ളിലെ ഉറവകള്‍ കണ്ടെത്തിയവര്‍ക്ക് ഇനി കുംഭങ്ങള്‍ ആവശ്യമില്ല. കിണറുകള്‍ മാത്രം പരിചയമുണ്ടായിരുന്ന അവള്‍ ആദ്യമായി ഉറവയില്‍നിന്ന് കുംഭം നിറച്ചു.

മണ്‍കുടത്തില്‍ ജലം ചുമക്കുന്നൊരാളെ നാം കണ്ടുമുട്ടുന്നത് ക്രിസ്തുവിന്‍റെ അവസാന അത്താഴരംഗത്തിലാണ്. "അവന്‍ ശിഷ്യന്മാരില്‍ രണ്ടുപേരെ അയയ്ക്കുമ്പോള്‍ അവരോടു പറഞ്ഞു: നിങ്ങള്‍ നഗരത്തില്‍ പോകുവിന്‍. മണ്‍കുടത്തില്‍ വെള്ളം ചുമന്നുകൊണ്ടുപോകുന്ന ഒരു മനുഷ്യനെ നിങ്ങള്‍ എതിരില്‍ കാണും. അവന്‍റെ പിന്നാലെ പോകുവിന്‍. അവന്‍ പ്രവേശിക്കുന്നിടത്ത് വീട്ടുടമയോട്, ശിഷ്യന്മാരുമായി എനിക്ക് പെസഹാ ഭക്ഷിക്കാനുള്ള അതിഥിശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറയുവിന്‍. പരവതാനി വിരിച്ച് തയ്യാറാക്കിയ ഒരു വലിയ മാളികമുറി അവന്‍ കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി ഒരുക്കങ്ങള്‍ ചെയ്യുവിന്‍" (മര്‍ക്കോ.14: 13-15).

സാധാരണ പട്ടണത്തില്‍ കാണാത്ത ഒരു ദൃശ്യമാണ് യേശു ശിഷ്യന്മാര്‍ക്ക് അടയാളമായി കൊടുക്കുന്നത്. കുടത്തില്‍ വെള്ളം ചുമക്കുന്നത് സാധാരണയായി പെണ്‍കുട്ടികളാണ്. അവര്‍ക്ക് അതിനുള്ള പരിശീലനം കുഞ്ഞുന്നാളിലെ ലഭിക്കുന്നുണ്ട്. പുരുഷന്മാര്‍ സാധാരണയായി വെള്ളം ചുമക്കുന്നത് തുകല്‍സഞ്ചികള്‍ ഒരു കമ്പിന്‍റെ രണ്ടറ്റത്തും  തൂക്കിയിട്ടുകൊണ്ടാണ്. അസാധാരണമായ ഒരു ദൃശ്യം അടയാളമായി കൊടുത്തുകൊണ്ട് ക്രിസ്തു പുതിയ പെസഹാ ഒരുക്കുകയാണ്. ഈ അടയാളം നിരവധിയായ അര്‍ത്ഥം പേറുന്നു.

1. തലയില്‍ മണ്‍കുടവും മണകുടത്തില്‍ ജലവും എന്നത് പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യമാണ്. ആത്മാവ് നിറഞ്ഞ മനുഷ്യര്‍ താന്‍ സ്ഥാപിച്ച സഭയെ നയിക്കും.

2. അയാള്‍ കൂട്ടിക്കൊണ്ടുപോകുന്നത് ഒരു വലിയ മാളികമുറിയിലേക്കാണ്. ഉന്നതമായ ജീവിതദര്‍ശനങ്ങള്‍ പേറുന്നവര്‍ അതിലേക്ക് നമ്മെ വഴി നടത്തും.

3. പതിവിനു വിപരീതമായി ഒരു പുരുഷനാണ് ജലമേന്തിയ കുടം വഹിക്കുന്നത്. സഭയുടെ ശുശ്രൂഷകള്‍ക്ക് പുതിയൊരു മാനം കൈവരുന്നു. പരമ്പരാഗതമായി സ്ത്രീകള്‍ ചെയ്തിരുന്ന ജോലികളും  സേവനങ്ങളും ഇനി പുരുഷന്മാരുടേതു കൂടിയാണ്.

4. പരവതാനി വിരിച്ച് തയ്യാറാക്കിയ ഒരു മുറിയിലേക്കാണ് ആനയിക്കപ്പെടുക. ക്രിസ്തുവിന്‍റെ ജീവിതം അതിന്‍റെ പൂര്‍ണ്ണതയിലെത്തി എന്നതിന്‍റെ സൂചനയായി ഒരുക്കപ്പെട്ട ഈ മാളികമുറി നിലകൊള്ളുന്നു.

പാരമ്പര്യങ്ങള്‍ പറയുന്നത് ജലകുംഭമേന്തുന്ന പുരുഷന്‍ സുവിശേഷകനായ മര്‍ക്കോസ് തന്നെയാണെന്നാണ്. മര്‍ക്കോസിന്‍റെ വിധവയായ അമ്മയും മര്‍ക്കോസും മാത്രമാണ് സാമാന്യം വലിയ ആ വീട്ടില്‍ താമസിച്ചിരുന്നത്. മര്‍ക്കോസിന്‍റെ അമ്മ യേശുവിനെ അനുഗമിച്ചിരുന്ന സ്ത്രീകളുടെ ഗണത്തില്‍ ഉണ്ടായിരുന്നു. പെസഹാ അവരുടെ വീട്ടില്‍ തയ്യാറാക്കണമെന്ന് യേശു നേരത്തെ പറഞ്ഞിരുന്നു. പക്ഷേ, ശിഷ്യന്മാരോട് അതു വെളിപ്പെടുത്തിയിരുന്നില്ല എന്നുമൊക്കെയാണ് പാരമ്പര്യനിഗമനങ്ങള്‍.  

മറ്റൊരു സാധ്യത, ജലവുമായി പ്രത്യക്ഷപ്പെടുന്ന പുരുഷന്‍ ഒരടിമയാണെന്നതാണ്. ഒരടിമ തന്നെ പെസഹാ ആഘോഷത്തിന് ഒരടയാളമാകുന്നത് യാദൃച്ഛികമാവില്ല. നൂറ്റാണ്ടുകളായി അടിമത്തം പേറുന്ന ഇസ്രായേല്യരെ അവര്‍ പിന്നിട്ട അടിമനുകത്തിന്‍റെ ഭാരവഴികളെ ഓര്‍മ്മിപ്പിക്കാന്‍ ഇതിലും നല്ലൊരടയാളം വേറെയേതുണ്ട്?

താലത്തില്‍ വെള്ളമെടുത്ത് ഒരു പക്ഷേ, ഈ പുരുഷന്‍ ചുമന്നുകൊണ്ടുവന്ന ജലമായിരിക്കാം, വെണ്‍കച്ച അരയില്‍ ചുറ്റി, ശിഷ്യന്മാരുടെ പാദങ്ങളെ കഴുകിത്തുടച്ച് അവയെ ചുംബിച്ചുകൊണ്ട് ക്രിസ്തു മനുഷ്യന്‍റെ വിണ്ടുകീറിയ പാദങ്ങളുടെ സൗന്ദര്യം വീണ്ടെടുത്തു. ഇപ്പോള്‍ ഈ കാല്പാദങ്ങളിലൊക്കെ ദൈവം കുടികൊള്ളുന്നതുപോലെ... സുവിശേഷം പറയുന്നവരുടെ പാദങ്ങളെത്രയോ സുന്ദരം. സ്നേഹത്തിന്‍റെയും കരുണയുടെയും സുവിശേഷം പറഞ്ഞ ഗുരുവാണ് ഇപ്പോള്‍ പാദങ്ങള്‍ കഴുകാന്‍ കുനിയുന്നത്. 'കുനിഞ്ഞ് അവന്‍റെ ചെരിപ്പിന്‍റെ വാറഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല' എന്നു പറഞ്ഞ് സ്നാപകയോഹന്നാന്‍ വാഴ്ത്തിയ പാദങ്ങള്‍ക്കുടയോനായ ക്രിസ്തുവാണ് ഇപ്പോള്‍ കുനിഞ്ഞ് അപരന്‍റെ പാദങ്ങള്‍ കഴുകുന്നത്. മറ്റൊരു സന്ദര്‍ഭത്തില്‍ സുവിശേഷം പറഞ്ഞുകൊണ്ടിരുന്ന ക്രിസ്തുവിന്‍റെ പാദങ്ങള്‍ക്കരികേയിരുന്ന്, ഒരു സ്ത്രീ അവന്‍റെ പാദങ്ങള്‍ കണ്ണീരുകൊണ്ട് കഴുകിയതും മുടികൊണ്ട് തുടച്ചതും സുഗന്ധതൈലം പുരട്ടി ചുംബനം നല്‍കിയതും നാം ഹൃദയത്തില്‍ കാണുക.

ഒരു കുഞ്ഞിനെ പാളയില്‍ കിടത്തി സ്വന്തം അമ്മ പാട്ടുപാടി കുളിപ്പിക്കുന്നത്ര ശ്രദ്ധയോടെയാണ് ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുന്നത്. അവരുടെ കാല്പാദങ്ങളും കാല്‍വിരലുകളും മറ്റും കഴുകിതുടയ്ക്കുമ്പോള്‍ സ്നേഹരാഹിത്യത്തിന്‍റെയും തിന്മയുടെയും അഴുക്കും പൊടിയും കഴുകി നിര്‍മ്മലരാക്കി ക്രിസ്തു അവരെ പെസഹാ കൂട്ടായ്മയിലേക്ക് പ്രവേശിപ്പിക്കുകയാണ്. കുഞ്ഞിന്‍റെ തുടുത്ത മുഖത്ത് ഉമ്മവയ്ക്കുന്ന അമ്മയെപ്പോലെ ശിഷ്യരുടെ പാദങ്ങളെ ചുംബിക്കുകയാണവന്‍. ശിഷ്യരുടെ പാദങ്ങള്‍ കഴുകിച്ചെല്ലുമ്പോള്‍, വിറയാര്‍ന്ന സ്വരത്തില്‍ പത്രോസ് പറഞ്ഞു: "നീ എന്‍റെ പാദങ്ങള്‍ കഴുകാന്‍ ഞാന്‍ സമ്മതിക്കില്ല."  "ഈ കര്‍മ്മത്തില്‍ നീ ചേര്‍ന്നില്ലെങ്കില്‍ നിന്നോടെനിക്കു കൂട്ടില്ല" എന്ന മറുപടിയാണ് ക്രിസ്തു ഇതിനു നല്‍കിയത്. "എങ്കില്‍ എന്‍റെ പാദങ്ങള്‍ മാത്രമല്ല, എന്നെ കുളിപ്പിക്കണമേ" എന്ന് പത്രോസ്, ഒരു പൈതലിന്‍റെ പോലത്തെ സ്നേഹശാഠ്യം. ക്രിസ്തുവിന്‍റെ കൂട്ട് മാത്രമല്ല, ചങ്കായിരിക്കാന്‍ കൊതിച്ചുകൊണ്ടാണ് പത്രോസ് അങ്ങനെ പറഞ്ഞത്. "കുളി കഴിഞ്ഞവന്‍റെ പാദങ്ങള്‍ മാത്രം കഴുകിയാല്‍ മതിയല്ലോ" എന്ന് പറഞ്ഞുകൊണ്ടാണ് ക്രിസ്തു പത്രോസിനെ സമാശ്വസിപ്പിച്ചത്. അവന്‍റെ കൂട്ടായ്മയിലേക്കുള്ള ക്ഷണം സ്വീകരിച്ച ഏതൊരുത്തനും സ്നാനപ്പെട്ടവനാണ് - സ്നേഹസ്നാനം. അതില്‍നിന്നുള്ള ഇടര്‍ച്ചകളുടെ പൊടിപടലങ്ങള്‍ കഴുകിക്കളയുകയാണ് പാദക്ഷാളനത്തിലൂടെ സംഭവിക്കുന്നത്.

 

മറ്റൊന്ന് ഓരോ പാദക്ഷാളന കര്‍മ്മവും വിനയത്തിലേക്കുള്ള ക്ഷണമാണെന്നതാണ്. മൂന്ന് സുവിശേഷകന്മാരും വിട്ടുകളഞ്ഞ പാദക്ഷാളനവിവരണം കുര്‍ബാനയുടെ സംസ്ഥാനപത്തോട് ചേര്‍ത്തുവച്ചുകൊണ്ടാണ് യോഹന്നാന്‍ സുവിശേഷകന്‍ വിവരിക്കുന്നത്. "എളിയവര്‍ക്ക് അവന്‍ മേന്മ നല്‍കിയിരിക്കുന്നു' എന്ന മേരിയുടെ സ്തോത്രഗീതത്തിന്‍റെ പ്രതിഷ്ഠാപനമാണ് അവളുടെ മകന്‍ കാലുകഴുകല്‍ ശുശ്രൂഷയിലൂടെ നടത്തിയത്. വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സമ്പന്നരാക്കി എന്നതും തുടര്‍ന്നുവരുന്ന അപ്പംമുറിക്കല്‍ ശുശ്രൂഷയോട് ചേര്‍ത്തു വായിക്കുക.

 

കാല്‍വരി കാത്തിരിപ്പുണ്ട്, തിടുക്കത്തിലാവട്ടെ അരമുറുക്കി, ചെരിപ്പണിഞ്ഞ് ഒരു യാത്ര ബാക്കിയുണ്ട്. ഊട്ടുമേശയുടെ സ്വാസ്ഥ്യത്തിലേക്ക് കടന്നവരൂ. ഗുരുവിന്‍റെ ശ്രേഷ്ഠത മാറ്റിവെച്ച് അവന്‍ നിന്‍റെ പാദങ്ങള്‍ കഴുകി തുടയ്ക്കും. ഒരപ്പം പലതായൊടിച്ച് നല്‍കും. ഒരു കോപ്പയില്‍ ചുണ്ടുകള്‍ നനയ്ക്കും. സങ്കടത്തിന്‍റെയും സന്തോഷത്തിന്‍റെയും ചങ്കിടിപ്പുകള്‍ അവിടെ കേള്‍ക്കും. തിരുവത്താഴത്തിന്‍റെ നേരമാണ്. അവന്‍റെ വക്ഷസ്സില്‍ ചാരിക്കിടക്കാം. എന്നെ മോചിപ്പിക്കണമേ എന്നു തെല്ലു ലജ്ജയോടെ മൊഴിയാം. അതുമല്ലെങ്കില്‍ ഉടന്‍തന്നെ പുറത്തേക്ക് പോകുകയും ആകാം. അപ്പോള്‍ രാത്രിയായിരുന്നു.   

You can share this post!

ഉത്ഥാനം: തിന്മയ്ക്കെതിരെയുള്ള സ്വര്‍ഗ്ഗീയ വിജയം

ഡോ. മാര്‍ട്ടിന്‍ എന്‍. ആന്‍റണി O. de M
അടുത്ത രചന

ഇലക്ടറല്‍ ബോണ്ട് എന്ന ഗുണ്ടാപിരിവ്

എം. കെ. ഷഹസാദ്
Related Posts