news-details
കവർ സ്റ്റോറി

ഉള്ളുലച്ച വര്‍ത്തമാനം

MiND ( Mobility in Dystrophy)  ട്രസ്റ്റിന്‍റെ ഏഴാം വാര്‍ഷികത്തിന് നമ്മളൊരു  പാനല്‍ചര്‍ച്ച വച്ചിട്ടുണ്ട്, ടീച്ചര്‍ മോഡറേറ്റര്‍ ആവാമോ എന്ന കൃഷ്ണയുടെ ചോദ്യത്തിന്, വിഷയമെന്തെന്നു പോലും ചോദിക്കാതെയാണ് സമ്മതം പറഞ്ഞത്.

എന്താ കൃഷ്ണാ വിഷയം?

എല്ലാ കാര്യങ്ങളും എക്സിക്യൂട്ടീവ് മെമ്പര്‍  ആയ പൂനം നല്‍കും.

താമസിയാതെ വിവരങ്ങളൊക്കെ വ്യക്തമായും കൃത്യമായും പൂനം അറിയിച്ചു .
People with Disabilities and Social Challenges.

വിഷയത്തെക്കുറിച്ച് പഠിക്കുന്തോറും എനിക്ക് എന്തെന്നില്ലാത്ത വിഷമം! ഇത്രയും ആഴവും വ്യാപ്തിയുമുള്ള കാര്യങ്ങള്‍! ഇന്നോളം ഞാനെത്ര മാത്രം ഇക്കാര്യങ്ങളില്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട് എന്ന ചിന്ത വല്ലാതെ അലട്ടി.

ഭിന്നശേഷി (Disability)യുമായി എന്‍റെ നേര്‍ക്കാഴ്ചയും അനുഭവവും പരിമിതമായിരുന്നു. മനസ്സില്‍ രണ്ടു മുഖങ്ങള്‍ തെളിഞ്ഞു; ആന്‍റിയുടെ മകന്‍ മാനുക്കുട്ടനും, B Ed ന് എന്‍റെ റൂംമേറ്റായിരുന്ന ഷില്ലിയും. മാനുക്കുട്ടന് സംസാരിക്കുവാനോ, ചലിക്കുവാനോ ഒന്നുമേ സാധിക്കില്ലായിരുന്നു. എന്നാല്‍ അവന്‍റെ മാതാപിതാക്കളും ചേച്ചിയും ഏറെ സ്നേഹത്തോടെ അവനെ പരിപാലിക്കുന്നതു കണ്ടു. ഇടയ്ക്കു ചെല്ലുമ്പോള്‍ ഞങ്ങള്‍ രണ്ടാളും മുഖം ചേര്‍ത്തു വച്ച് കുറേ വര്‍ത്തമാനം പറയും. കണ്ണുകളിലൂടെയും ചിരിയിലൂടെയും അവന്‍  പ്രതികരിച്ചു. ഷില്ലിക്ക് കാഴ്ച തീരെയില്ലായിരുന്നു. അതു മാത്രമേ ഒരു പരിമിതിയുള്ളൂ എന്നവള്‍ തെളിയിച്ചുകൊണ്ടേയിരുന്നു. അധ്യാപികയായി മുന്നേറുന്നു. ഇവരെയല്ലാതെ ആരേയും ശ്രദ്ധിച്ചിട്ടില്ലേ ഞാന്‍?  

ശ്രദ്ധിച്ചിട്ടുണ്ടാവാം. കരുതിയിട്ടുണ്ടോ? കൂടെയായിരുന്നിട്ടുണ്ടോ?  ആശ്വസിക്കുവാനുള്ള ഉത്തരം ഒന്നും കിട്ടിയില്ല.

സമ്മതം പറഞ്ഞ സ്ഥിതിക്ക് പിറകോട്ടു പോവേണ്ടതില്ല. മോഡറേറ്റര്‍ആവുക തന്നെ. കാഴ്ചയില്ലാത്ത അവസ്ഥയെ നേരിട്ട്, സമാനാവസ്ഥയില്‍ ഉള്ളവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ടിഫാനി ബ്രാര്‍,  Muscular Dystrophy എന്ന പരിമിതി നേരിടുന്ന പ്രജിത്ത് പൂങ്കാവനം,  ASD (Autistic Spectrum Diosrder) ത്തിലൂടെ കടന്നു പോകുന്ന ഒരു മകളുടെ പിതാവായ പ്രശാന്ത് നായര്‍  എന്നിവരായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍.

Spinal Muscular Atrophy (SMA), Muscular Dystrophy (MD) എന്നീ പേരുകളൊക്കെ എന്നെ പഠിപ്പിച്ചത് MiND ആണ്. SMA or MD എന്നീ ശാരീരിക പരിമിതികള്‍ ഉള്ളവരുടെ കൂട്ടായ്മ, അതാണ് MiND! ശാസ്ത്രീയനാമങ്ങളും വശങ്ങളും അവിടെ നില്‍ക്കട്ടെ. പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തപ്പോള്‍, നമ്മുടെ അറിവില്ലായ്മകൊണ്ടോ ശ്രദ്ധ കുറവുകൊണ്ടോ നമ്മള്‍ വരുത്തുന്ന ചില ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. നമുക്ക് സാധ്യമാവുന്ന ചില കുഞ്ഞുവലിയകാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കപ്പെട്ടു.

Disability is a possibility എന്ന് തെളിയിച്ചു കൊണ്ട്, ജ്യോതിര്‍ഗമയ സ്ഥാപിച്ച്, കാഴ്ചപരിമിതിയെ തോല്‍പ്പിച്ചു മുന്നേറുന്ന ടിഫാനി ബ്രാര്‍. അവരുടെ വാക്കുകളിലെ ഊര്‍ജ്ജവും, ദൃഢതയും സത്യത്തില്‍  എന്നെ കോരിത്തരിപ്പിച്ചു. 'നിനക്കത് സാധിക്കില്ല, നിനക്കിത് സാധിക്കില്ല' എന്ന് അന്ധനായൊരു വ്യക്തിക്ക് ചുറ്റുംനിന്ന് എല്ലാവരും പറഞ്ഞപ്പോള്‍, എന്തും സാധ്യമാണെന്നു തെളിയിച്ചുകൊണ്ട് മുന്നേറുന്ന ടിഫാനി ഓര്‍മ്മിപ്പിച്ചത് പൊതുനിരത്തുകള്‍, നടപ്പാതകള്‍ ഒക്കെ ഇനിയും disabled friendly ആവേണ്ടതുണ്ട് എന്നാണ്.

നമുക്ക് ചിന്തിക്കുവാനും ഓര്‍മ്മയില്‍ സൂക്ഷിക്കുവാനും ഇത്തിരി കാര്യങ്ങള്‍ മൂന്ന് പാനലി സ്റ്റുകളും പങ്കുവച്ചു. ശരീരത്തില്‍ മാത്രമേ അവര്‍ പരിമിതികള്‍ അനു ഭവിക്കുന്നുള്ളൂ, മനസ്സിനില്ല. Disability ഉള്ള ഒരാളെ കാണുമ്പോള്‍, ദയവുചെയ്ത് വല്ലാത്ത സഹാനുഭൂതി  കണ്ണുകളില്‍ വരുത്തി, താടിക്ക് കൈയും കൊടുത്ത് നിന്ന് ഒരോ ഡയലോഗ് പറയരുതേ. നിങ്ങളുടെ അത്തരത്തിലുള്ള ഒരു നോട്ടംപോലും, എത്രമാത്രം അവരെ പിന്നോട്ടാക്കുമെന്നറിയാമോ?!

വിശേഷാവസരങ്ങളിലേയ്ക്ക് ക്ഷണിക്കാന്‍ പോകുമ്പോള്‍, എല്ലാവരോടും പറയുന്നതുപോലെ അവരോടും പറയണം, അവരേയും  ക്ഷണിക്കണം. മറിച്ച് 'ഓ നിനക്ക് വരാന്‍ പറ്റില്ലല്ലോ' എന്നു പറഞ്ഞു അവരെ തളര്‍ത്തരുത്, തകര്‍ക്കരുത്.

സിനിമ കാണണം, യാത്ര ചെയ്യണം, കൂട്ടു കൂടണം, കളിക്കണം, കടല്‍ കാണണം, മഴ നനയണം, പാട്ടു പാടണം... അങ്ങനങ്ങനെ ഏതൊരാള്‍ക്കും ഇഷ്ടമുള്ളതെല്ലാം അവര്‍ക്കും ഇഷ്ടമാണ്.  തന്നെയും ഉള്‍പ്പെടുത്തി ക്രിക്കറ്റ് കളിക്കുന്ന കൂട്ടുകാരുണ്ടെന്നു പ്രജിത്ത് പറഞ്ഞു കേട്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നി.

Disability ഉള്ള ഒരു കുഞ്ഞിന്‍റെ മാതാപിതാക്കളെ ഒറ്റപ്പെടുത്തരുത്. കുഞ്ഞിനും, അവര്‍ സ്വയമേയും ബലം നല്‍കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുമ്പോള്‍, നമ്മുടെ പെരുമാറ്റങ്ങള്‍ അവരെ ശക്തിപ്പെടുത്തുന്നതല്ലെങ്കില്ലോ? ചേര്‍ത്തുനിര്‍ത്തിയില്ലെങ്കിലും അകറ്റിനിര്‍ത്താതിരുന്നു കൂടെ?

ഇനി പണിതുയര്‍ത്തുന്ന വീടുകളും കെട്ടിടങ്ങളും സുഗമമായ തരത്തില്‍ വീല്‍ച്ചെയര്‍ ഉപയോഗിക്കാവുന്ന രീതിയില്‍ ആയിരുന്നെങ്കില്‍, അവര്‍ക്കും നമ്മുടെ അടുത്തേയ്ക്ക് വരാമായിരുന്നു, ഹോട്ടലില്‍ പോയി ഭക്ഷണം ആസ്വദിക്കാമായിരുന്നു, ഒത്തുചേരലുകള്‍ക്ക് എത്താമായിരുന്നു. ഗവണ്‍മെന്‍റ് ഉത്തരവുകള്‍ പാലിച്ചെന്നു വരുത്താന്‍ നിര്‍മ്മിക്കുന്ന റാമ്പുകളെക്കുറിച്ചല്ല  പറയുന്നത്, ശരിക്കും വീല്‍ചെയറില്‍ യാത്രചെയ്യാനുതകുന്ന,   കൊണ്ടുപോകാവുന്ന റാമ്പ് വേണം എന്നാണ്.

അവര്‍ക്കുവേണ്ടി എന്തെങ്കിലും തീരുമാനങ്ങളെടുക്കുന്ന കമ്മിറ്റികളില്‍ അവരുടെ പ്രാതിനിധ്യം വേണം. കാരണം, അത്തരം ബുദ്ധിമുട്ടുകള്‍ യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്നവര്‍ മുന്നിലുള്ളപ്പോള്‍ ആ പരിമിതികള്‍ അനുഭവിക്കാത്തവര്‍ അത് ആലോചിച്ചെടുക്കേണ്ടതുണ്ടോ? അഥവാ ആലോചിച്ചെടുത്താലും കൃത്യമാവണമെന്നുണ്ടോ!

ഇല്ലാതെ പോയതിനെക്കുറിച്ചല്ല, ഉള്ളിലുള്ളതിനെ തിരിച്ചറിയാനും വളര്‍ത്താനും നമ്മള്‍ കൂടെയാന്നു നിന്നാല്‍ മതി. MiND ന്‍റെ സന്നദ്ധസംഘടനയായ 'കൂട്ട് ' പോലെ.

Disability ക്ക് അപ്പുറം അന്തസ്സോടെ, ആത്മാഭി മാനത്തോടെ ജീവിക്കാനുള്ള ആത്മവിശ്വാസം അവര്‍ക്ക് നല്‍കാം. അതല്ലേ നമ്മുടെ സന്തോഷം! അതു കൂടിയാവണം നമ്മുടെ സന്തോഷം. ഈ വര്‍ത്തമാനം എന്‍റെ ഉള്ളുലച്ചു. ഒത്തിരിയേറെ പാകപ്പെടാനുണ്ട് എന്നോര്‍മ്മിപ്പിച്ചു. ശരിയല്ലേ, ഇക്കാര്യങ്ങളില്‍ നമ്മുടെ ഒരു പാകപ്പെടല്‍ അത്യന്താപേക്ഷിതമാണ്.

MiND, you have stolen my MIND! I'm with you Mindfully.

You can share this post!

നാം തുറക്കേണ്ട സാംസ്കാരിക ജാലകങ്ങള്‍

ജോർജ്ജ് വലിയപാടത്ത്
അടുത്ത രചന

വഴിമാറി നടന്ന മാര്‍ത്തോമ്മ

ഫാ. ഷാജി സി എം ഐ
Related Posts