ആഘോഷങ്ങളിലും, ആരവങ്ങളിലും അഭിരമിക്കാത്തവര്‍ കുറവാണെങ്കിലും ഇതിലൊന്നും ഭ്രമിക്കാതെ സമൂഹത്തിന്‍റെ പ്രകാശമായി വെളിച്ചം വിതറാനുള്ള വിളക്കുകാലുകള്‍പോലെ ജീവിക്കുന്നവരുണ്ട്.
അതിലൊരാളാണ് ആദരണീയനായ വര്‍ഗീസ് കരിപ്പേരിയച്ചന്‍. ജീവിതത്തിന്‍റെ ഇരുള്‍വീഴുന്ന വീഥികളിലും പ്രകാശത്തിന്‍റെ നിയോണ്‍ ലാമ്പുകള്‍ തെളിക്കുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങള്‍ക്ക് ഇന്നും സമൂഹത്തില്‍ അന്യംസംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്നു തൃശൂര്‍ അതിരൂപതയിലെ ഈ വൈദികന്‍.
വേദനിക്കുന്നവരിലും ദുരിതമനുഭവിക്കുന്നവരിലും പട്ടിണിപ്പാവങ്ങളിലും കരിപ്പേരിയച്ചന്‍റെ നന്മ നിറഞ്ഞ നയനങ്ങള്‍ പതിയുമ്പോള്‍ പ്രകാശമാകുന്നത് കെട്ടടങ്ങിയെന്നു കരുതുന്ന ജീവിതങ്ങളാണ്. കാരുണ്യം ഹൃദയത്തിനുള്ളിലുണ്ടായതുകൊണ്ട് കാര്യമില്ല. അതൊരു പ്രവാഹമായി മറ്റുള്ളവരിലേക്ക് ഒഴുകുമ്പോഴാണ് ജീവിതം താരുംതളിരുമണിയുന്നത്. ആയിരക്കണക്കിന് മുരടിച്ചുപോയ ജീവിതങ്ങളെ പ്രകാശത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന കാരുണ്യത്തിന്‍റെ ഉറവയാണ് കരിപ്പേരിയച്ചന്‍.
അദ്ദേഹം തന്‍റെ പൗരോഹിത്യജീവിതത്തിന്‍റെ ജാലകങ്ങളിലൂടെ നോക്കിയപ്പോള്‍ മുന്നില്‍ക്കണ്ട വ്യത്യസ്തമായ ഒരു സേവനസരണിയാണ് 'സാരഥി'. ഡ്രൈവിംഗിനെ ഉദാത്തമായ സേവനത്തിന്‍റെ ചക്രങ്ങളില്‍ ചലിപ്പിച്ചത് അദ്ദേഹമാണ്. കൊച്ചി അന്തര്‍ദ്ദേശീയ വിമാനത്താവളം കേന്ദ്രീകരിച്ച് 2000-ല്‍ കേരളത്തിലെ ടാക്സി-ഓട്ടോ ഡ്രൈവര്‍മാരുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്രവികസനം ലക്ഷ്യമാക്കി ആരംഭിച്ച പ്രചോദനാത്മക പ്രസ്ഥാനമാണു 'സാരഥി.' 'സുസ്ഥിര വികസനത്തിനായി ഡ്രൈവര്‍മാരുടെ ശാക്തീകരണം' എന്നതാണു സാരഥിയുടെ ദര്‍ശനം. മാനുഷികമൂല്യങ്ങളില്‍ അധിഷ്ഠിതമായി, ജോലിയുടെ അന്തസ്സുയര്‍ത്തി, സമാധാനത്തിന്‍റെയും സാമൂഹിക ഐക്യത്തിന്‍റെയും സന്ദേശവാഹകരാകുന്നതിനു ഡ്രൈവര്‍മാരെ ശക്തിപ്പെടുത്തുക എന്നതാണ് ഈ പ്രസ്ഥാനത്തിന്‍റെ ദൗത്യം. 'കാഴ്ചപ്പാടു മാറിയാല്‍ കഷ്ടപ്പാടുമാറും' എന്ന സാരഥിയുടെ മുദ്രാവാക്യത്തില്‍ ഊന്നി തങ്ങള്‍ ചെയ്യുന്നതു കൂലിക്കുവേണ്ടിയുള്ള ഒരു ജോലി മാത്രമല്ല, മറിച്ച് ഇതു വലിയൊരു സേവനവും ശുശ്രൂഷയുമാണ് എന്ന ബോദ്ധ്യം പകര്‍ന്നുകൊടുക്കുന്നുണ്ട്. ബഹു. വര്‍ഗീസ് കരിപ്പേരിയച്ചനാണ് ഈ സംരംഭത്തിന്‍റെ സ്ഥാപകന്‍. സാരഥിയുടെ ആരംഭം മുതല്‍ ഡ്രൈവര്‍മാരുടെ ക്ഷേമത്തിനായി കേരളം മുഴുവന്‍ ഓടിനടന്നു പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച ഈ വൈദികന്‍ ഒരിക്കലും വെറുതെ ഇരിക്കുന്നില്ല.
മദര്‍ തെരേസയോടൊപ്പമുള്ള നിമിഷങ്ങള്‍
കരിപ്പേരിയച്ചന്‍ മദര്‍ തെരേസയെ ആദ്യമായി കാണുന്നത് 1995 സെപ്റ്റംബര്‍ 22 നാണ്. പ്രിസണ്‍ മിനിസ്ട്രി ഓഫ് ഇന്ത്യയുടെ ദേശീയസമ്മേളനത്തിന് തുടക്കം കുറിക്കുന്ന ദിവസമാണത്. മദര്‍ ഉത്ഘാടകയായിരുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് നിശ്ചിതസമയത്തിനു രണ്ട് മണിക്കൂര്‍ മുമ്പ് മദര്‍ എത്തി. ഒരച്ചന്‍ ഓടി വന്നു പറഞ്ഞു 'ദേ, മദര്‍ തെരേസ വന്നിരിക്കുന്നു.' ആ സ്വരം ഒരു ആരവമായി മാറി. കരിപ്പേരിയച്ചനടക്കമുള്ള സംഘാടകര്‍ ഓടി വന്നു മദറിനെ സ്വീകരിച്ചു. അഞ്ചടി ഉയരം, ഏകദേശം 38 കിലോഗ്രാം തൂക്കം കാണും, കൂനിക്കൂടിയ രൂപം. പക്ഷേ ഏറ്റവും വലിയ ദൈവകാരുണ്യത്തിന്‍റെ തേജസ്സ് ആ മുഖത്തു കാണാം. ഏതാണ്ട് അരമണിക്കൂറോളം വ്യക്തിപരമായി മദര്‍ കരിപ്പേരിയച്ചനോട് സംസാരിച്ചു. 'തടവറയില്‍ കിടക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത് ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്, ഏറ്റവും മനോഹരമായ പ്രവൃത്തിയാണത് വളരെ ശാന്തസ്വരത്തില്‍ മദര്‍ പറഞ്ഞു. പ്രിസണ്‍ മിനിസ്ട്രിയുടെ ദര്‍ശനത്തെകുറിച്ച് കരിപ്പേരിയച്ചന്‍ മദറിനോട് വിശദീകരിച്ചു. മദര്‍ തെരേസയുടെ കാലഘട്ടത്തില്‍ ജീവിക്കുകയും വിശുദ്ധയെ തൊട്ടടുത്ത് കാണാനും വേദി പങ്കിടാനും സാധിച്ചത് വലിയ കൃപയായി അച്ചന്‍ കാണുന്നു. കരിപ്പേരിയച്ചന്‍റെ ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മദര്‍ തെരേസയുടെ സ്വാധീനം പ്രകടമായി കാണുന്നുമുണ്ട്.
പുതിയ മേല്‍വിലാസം
ഒരിക്കല്‍ തൃശൂരിലെ ജയില്‍മോചിതര്‍ക്കായുള്ള വെട്ടുകാട് സ്നേഹാശ്രമത്തില്‍ വന്ന ചെറുപ്പക്കാരന് പേരുണ്ട് പക്ഷേ അഡ്രസ്സില്ല. സുബോധമില്ലാത്ത അമ്മ മൂന്നുവയസ്സുള്ള ആ മകനെ വഴിയില്‍ ഇറക്കി വിട്ടു. അച്ഛന്‍ അവരെ നേരത്തെ ഉപേക്ഷിച്ചിരുന്നു. പിന്നീട് ആ കുഞ്ഞ് തെരുവിന്‍റെ സന്തതിയായി. അഡ്രസ്സുള്ളവരുടെ ഇടയില്‍ അഡ്രസ്സ് ഇല്ലാത്ത ആ യുവാവ് ജീവിച്ചുവളര്‍ന്നു! പഴയ വസ്തുക്കള്‍ ശേഖരിച്ചിരുന്ന അവന്‍ ചില സാഹചര്യങ്ങളില്‍പ്പെട്ട് മദ്യപാനിയായി, കളവുകേസില്‍പ്പെട്ട് ജയിലിലായി. ജീവിതം വീണ്ടെടുക്കാന്‍ സ്നേഹാശ്രമത്തിലെത്തി. അവന്‍റെ ആഗ്രഹമായിരുന്നു ഒരു വിവാഹജീവിതം. പക്ഷേ അവന് അഡ്രസ്സില്ല. ഒരു സ്ഥലത്തുനിന്നും ഒരു റെക്കോര്‍ഡും കിട്ടാനില്ല. അവസാനം കരിപ്പേരിയച്ചന്‍ പ്രത്യേകം സാക്ഷിനിന്ന്, ഒരു പുതിയ പേരും, വീട്ടുപേരും അവനു കൊടുത്തു. അങ്ങനെ ആ യുവാവ് വിവാഹം കഴിച്ചു, ഇന്ന് മനോഹരമായ കുടുംബജീവിതം നയിക്കുന്നു. ഈ തടവറവിമുക്ത സഹോദരന്‍ സമര്‍പ്പണത്തിന്‍റെ സമ്പാദ്യമായി നില്‍ക്കുന്നു. കോടിക്കണക്കിനു രൂപയേക്കാള്‍ വലിയ സമ്പാദ്യമായി കരിപ്പേരിയച്ചന്‍ ഇതിനെ കണക്കാക്കുന്നു. 'നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കുന്നതിനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്' (ലൂക്ക19:10).
ആരെ സഹായിക്കണം എന്നാണ് അദ്ദേഹത്തിന്‍റെ ചിന്ത മുഴുവനും. കുരിയച്ചിറ ഇടവകയിലെ കുര്‍ബാനയും മറ്റു ചുമതലകളും കഴിഞ്ഞാല്‍, പേരിനു ബൈക്ക് എന്ന് പറയാവുന്ന തുരുമ്പെടുത്ത പഴയ ഹീറോ ഹോണ്ടയും കൊണ്ട് ഒറ്റപാച്ചിലാണ്.
ഏതെങ്കിലും ചേരിയിലേക്കോ, അല്ലെങ്കില്‍ വിഷമം അനുഭവിക്കുന്ന ആളുകളുടെ അടുത്തേയ്ക്കോ ആയിരിക്കും ആ ഓട്ടം. കരിപ്പേരിയച്ചനെ അറിയാത്തവര്‍ ചുരുക്കമേ കാണൂ. ദേശീയതലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ജീസസ് ഫ്രറ്റേണിറ്റി, പ്രിസണ്‍ മിനിസ്ട്രി, എന്നിവയുടെ സ്ഥാപകരില്‍ ഒരാള്‍. 1995-ല്‍ മദര്‍ തെരേസപോലും നേരിട്ടെത്തി കരിപ്പേരിയച്ചനെ അഭിനന്ദിച്ചിട്ടുണ്ട്. തടവറയുടെ ഇരുട്ടില്‍ ആണ്ടു കിടന്ന കുറ്റവാളികള്‍ക്ക് പ്രതീക്ഷയുടെ വെട്ടം പകര്‍ന്നു നല്‍കിയത് അച്ചന്‍റെ പ്രവര്‍ത്തനങ്ങളാണ്. ജയില്‍മോചിതരുടെ പ്രശ്നങ്ങളെക്കുറിച്ചു 2001-ല്‍ അമേരിക്കയില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ സമ്മേളനത്തില്‍ ഫാ.കരിപ്പേരി അവതരിപ്പിച്ച പ്രബന്ധം അന്താരാഷ്ട്ര തലത്തില്‍ പ്രത്യേകം ശ്രദ്ധ നേടിയിരുന്നു.
വിവിധ തൊഴില്‍മേഖലകളിലെ ആളുകളെ കൂട്ടിച്ചേര്‍ത്തു പ്രാര്‍ത്ഥനയില്‍ ഒന്നിപ്പിച്ചു ക്ഷേമപ്രവൃത്തികള്‍ ചെയ്യാന്‍ രൂപപ്പെടുത്തിയ 'ശാന്തിസമാജ്' ആയിരക്കണക്കിന് ആളുകള്‍ക്ക് സാന്ത്വനം നല്‍കുന്നു. അനാഥരെയും, ആത്മഹത്യ പ്രവണത ഉള്ളവരെയും കണ്ടെത്തി സഹായിക്കുന്ന സംഘടന. 2000 ആളുകള്‍ ഇതുവരെ ഈ സംഘടന വഴി ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു. 'ശാന്തിരഥം' എന്ന മാരുതി ഓമ്നിവാന്‍ തൃശൂര്‍ നഗരത്തിലും, പ്രാന്തപ്രാദേശങ്ങളിലും സഞ്ചരിച്ചുകൊണ്ട്, അലയുന്ന വ്യക്തികള്‍ക്ക് ഭക്ഷണം നല്‍കുന്നു. നിരാശ നിറഞ്ഞവരെ പ്രത്യാശയിലേക്കു നയിക്കുന്നു. സാമ്പത്തികമായി കഴിവുള്ള കുട്ടികള്‍, കഴിവ് കുറഞ്ഞ കുട്ടികളെ സഹായിക്കുന്ന 'ഗ്ലോബല്‍ ചില്‍ഡ്രന്‍' പദ്ധതി, ഉദാരതനിറഞ്ഞ സ്ത്രീകളെകൊണ്ട്, സ്ത്രീകളെ സഹായിക്കാന്‍ രൂപപ്പെടുത്തിയ 'ലേഡി ഗ്ലോബല്‍ ട്രസ്റ്റ്', റിട്ടയര്‍ ചെയ്തവര്‍ക്കും, വയോധികര്‍ക്കുംവേണ്ടി സ്ഥാപിച്ച 'ഗോള്‍ഡന്‍ ലൈഫ് പ്രോഗ്രാം' അഥവാ 'ക്രിസ്ഗോള്‍ഡ്'. കരിപ്പേരിയച്ചന്‍റെ നവീന ജീവകാരുണ്യപ്രസ്ഥാനങ്ങള്‍ അവസാനിക്കുന്നില്ല. അഗതികളെ എപ്പോഴും ഹൃദയത്തില്‍ ഏറ്റി നടക്കുന്നതിനിടയില്‍ സ്വന്തം കാര്യങ്ങള്‍പോലും മറന്നുപോകുന്ന പുരോഹിതന്‍.
ജീവിതത്തിന്‍റെ നാല്‍ക്കവലകളിലെവിടെയോ അനാഥമാക്കപ്പെട്ട ജയില്‍മോചിതര്‍ക്കായുളള കേന്ദ്രം അതാണ് വെട്ടുകാടുള്ള 'സ്നേഹാശ്രമം.' കരിപ്പേരിയച്ചന്‍റെ ഏറ്റവും ഉദാത്തമായ മറ്റൊരു സംരംഭം. ഇതിന്‍റെ സ്ഥാപകഡയറക്ടര്‍ ആണ് വര്‍ഗീസച്ചന്‍. നീലാകാശം പോലെയാണ് കര്‍ത്താവിന്‍റെ കാരുണ്യം എന്ന് മനസ്സിലാക്കിയ വര്‍ഗീസ് കരിപ്പേരിയച്ചന്‍, തന്നെ ഭരമേല്‍പ്പിച്ച ഇടവകജനത്തെ, പാവങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിച്ചു. നമ്മുടെ രാജ്യത്ത് എവിടെ ദുരന്തമുണ്ടായാലും കുരിയച്ചിറക്കാര്‍ അവിടെ ഓടിയെത്തണമെന്ന് അദ്ദേഹം നിരന്തരം ഓര്‍മ്മിപ്പിച്ചു. മാത്രമല്ല പരസ്നേഹപ്രവൃത്തികളെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി കാണിച്ചുകൊടുത്തു.
സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും തെളിഞ്ഞ പ്രവൃത്തികള്‍കൊണ്ട് കുരിയച്ചിറ ഇടവകയെ കരുണ്യത്തിന്‍റെ ഉറവയാക്കിയതില്‍ വലിയ പങ്ക് കരിപ്പേരിയച്ചന്‍റെയാണ്. മദര്‍ തെരേസ ഫെസ്റ്റ് നടത്തി ആയിരക്കണക്കിന് പാവങ്ങളെ സഹായിച്ചു. അദിലാബാദ് രൂപതയില്‍ കുരിയച്ചിറക്കാരുടെ സഹായത്തോടെ പള്ളികള്‍ നിര്‍മ്മിച്ചു നല്‍കി. ചില പള്ളികളെ ദത്തെടുത്തു. കേരളത്തിലെ പ്രളയകാലത്ത് ഉറങ്ങാതെ, കേരളം മുഴുവന്‍ സഹായമെത്തിക്കാന്‍ ഓടിനടന്നു. മുഴുവന്‍ ഇടവകജനങ്ങളെയും വിവിധ പ്രദേശങ്ങളിലേക്ക്േ അയച്ചു. കഷ്ടപ്പെടുന്ന ജനങ്ങളെ കരുതലോടെ സംരക്ഷിച്ചു.
ഭൂമിയില്‍ ക്രിസ്തുവിന്‍റെ രക്ഷാകര ജോലിയാണ് താന്‍ തുടരുന്നത് എന്ന വിശ്വാസദാര്‍ഢ്യമാണ് അദ്ദേഹത്തിന്‍റെ പൗരോഹിത്യജീവിതത്തിന് മിഴിവേകുന്നത്. അപരനെ കാണുമ്പോള്‍ ദൈവമാണ് തന്‍റെ മുന്‍പിലുള്ളത് എന്നു കരുതുന്ന മനോഭാവമാണ് കരിപ്പേരിയച്ചന്‍റേത്. 'ഒരു മനുഷ്യന്‍ എന്ന നിലയില്‍ ഞാന്‍ മറ്റുള്ളവരില്‍ ക്രിസ്തുവിനെ കണ്ടെത്തുന്നു. അവിടുത്തെ സഹനങ്ങളെ, അനീതികള്‍ക്കിരയായവനിലും പാവപ്പെട്ടവനിലും ദുരിതമനുഭവിക്കുന്നവനിലും കാണുന്നു'. ഇതാണ് അച്ചന്‍റെ ജീവിത ദര്‍ശനം.
അസ്ഥികൂടം സംസാരിക്കുന്നു
കരിപ്പേരിയച്ചന്‍റെ മൈനര്‍ സെമിനാരിയിലെ മൂന്നാം വര്‍ഷ പഠനകാലം. തൃശൂര്‍ ജില്ലാ ആശുപത്രിയുടെ എല്ലുരോഗ വാര്‍ഡിലേക്ക് (കാല്‍ വെട്ടിക്കളഞ്ഞവരുടെയും, ഒടിഞ്ഞവരുടെയും വാര്‍ഡ്) വൈദികവിദ്യാര്‍ത്ഥിയായ ബ്രദര്‍ കരിപ്പേരി കടന്നുചെന്നു. അവിടെ ഒരു സ്ത്രീയെ കണ്ടു. ജീവനുള്ള ഒരു പകുതി അസ്ഥികൂടം. രണ്ടു കാലുകളും വെട്ടിക്കളഞ്ഞ ദേവകിചേച്ചി! അവരോട് കരിപ്പേരി ബ്രദര്‍ ചോദിച്ചു, "എത്ര നാളായി ആശുപത്രിയില്‍ കിടക്കുന്നു?" "ഒരു വര്‍ഷമായി മോനെ, വീടൊന്നുമില്ല. ആകെയുള്ളത് വിവാഹം കഴിക്കാതെയുണ്ടായ ഒരു മകന്‍. ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. ഒരു പ്രാവശ്യം കാണാന്‍ വന്നു. വീട്ടുജോലി ചെയ്യുമ്പോള്‍ കാല്‍ തട്ടി വീണു. നീരുവന്നു നീലനിറമായി. പതുക്കെ നീലനിറം അടുത്തകാലിലേക്കും വ്യാപിച്ചു. പിന്നീട് രണ്ടു കാലും മുറിച്ചുകളഞ്ഞു." ഇനി ആശുപത്രി വിട്ടാല്‍ എങ്ങനെ ജീവിക്കും എന്ന ചോദ്യത്തിന് ദേവകിചേച്ചിയുടെ മറുപടി ഇങ്ങനെയായിരുന്നു, "വാ കീറിയ തമ്പുരാന്‍ ഇര തരാതിരിക്കില്ല." ദൈവ പരിപാലനയില്‍ ആശ്രയിച്ചുകൊണ്ടുള്ള അത്രയും മനോഹരമായ മറുപടി. ഉല്‍കണ്ഠകള്‍കൊണ്ട് ജീവിതം നരകതുല്യമാക്കുന്ന വ്യക്തികള്‍ക്കുള്ള കരിപ്പേരിയച്ചന്‍റെ ഏറ്റവും വലിയ മറുപടിയാണ് ഇന്നും ദേവകിചേച്ചിയുടെ ആ മറുപടി.
'അതിനാല്‍ എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും, എന്തു ധരിക്കും എന്ന് വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ട'(മത്തായി 6:31).
ചിരിക്കുന്ന മുഖത്തോടെ മറ്റുള്ളവരുടെ മനസ്സിന്‍റെ നൊമ്പരങ്ങള്‍ ഒപ്പിയെടുത്ത് ആത്മാവിന്‍റെ അഭിഷേകംകൊണ്ട് എല്ലാവരേയും സന്തോഷത്തിന്‍റെ വചനക്കടലില്‍ മുക്കുന്ന വൈദികനാണ് കരിപ്പേരിയച്ചന്‍. പുരോഹിതജീവിതം, അവകാശങ്ങളും ബഹുമാനങ്ങളും അംഗീകാരങ്ങളും നേടിയെടുക്കാനുള്ള ചവിട്ടുപടികളല്ല, മറിച്ച് ദൈവമുഖം ദര്‍ശിച്ച് ദൈവജനത്തിനുവേണ്ടി സേവനം ചെയ്യാനുള്ള വിളിയാണെന്നു സ്വജീവിതത്തില്‍ കാണിച്ചുതരുന്ന വൈദികന്‍.
കേരളസഭ ദൈവവിളിയുടെ പറുദീസാ ആയി നിലനിന്നിരുന്നതും നിലനില്‍ക്കുന്നതും ക്രിസ്തുവിനെ മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന കരിപ്പേരിയച്ചനെ പോലുള്ള നിരവധി വിശുദ്ധരായ വൈദികര്‍ ഉണ്ടായതുകൊണ്ടാണ്. തൃശൂര്‍ അതിരൂപതയുടെ മാത്രമല്ല ഭാരതസഭയുടെതന്നെ അഭിമാനമായിരിക്കുന്നു ഈ വൈദികന്‍. ഒരു ധ്യാനഗുരുവിനെപ്പോലെ എത്രയോ പേരെ നന്മയിലേക്കും വിശുദ്ധിയിലേക്കും കൂട്ടിക്കൊണ്ടുപോയിരിക്കുന്നു കരിപ്പേരിയച്ചന്‍. ഈ വൈദികന്‍റെ കാരുണ്യംകൊണ്ട് പുതിയ ആകാശവും ഭൂമിയും കിട്ടിയ എത്രയോ പേര്... വീടുകിട്ടിയവര്‍... ജീവിതം കിട്ടിയവര്‍... നഷ്ടസ്വപ്നങ്ങള്‍ വീണ്ടുകിട്ടിയവര്‍... വിവാഹംകഴിക്കാന്‍ സാധിച്ചവര്‍... ആത്മഹത്യയില്‍നിന്നും രക്ഷപ്രാപിച്ചവര്‍.
മനുഷ്യസ്നേഹത്തിന്‍റെ അതിശയമാര്‍ന്ന മാതൃകയാണ് കരിപ്പേരിയച്ചന്‍. ആധുനികലോകത്തില്‍ കൈമാറ്റം ചെയ്യപ്പെടേണ്ട നല്ല ഗുണമാണ് സഹജീവികളോടുള്ള കാരുണ്യമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കാരുണ്യസ്പര്‍ശത്തിന്‍റെ ഉദാത്ത മാതൃകകളാണ് ഈ വൈദികന്‍റെ ഓരോ പ്രവൃത്തികളും വെളിച്ചത്തുകൊണ്ടുവരുന്നത്. സ്വന്തമായി ഒന്നും നേടാതെ, ആത്മസമര്‍പ്പണം തപസ്യയാക്കുന്ന, നിരന്തരമായ, പ്രതിഫലമില്ലാത്ത ആത്മബലിയാണത്. ദരിദ്രര്‍ക്കും അവശര്‍ക്കും ജയില്‍മോചിതര്‍ക്കും വേണ്ടിയുള്ള സ്വയംസമര്‍പ്പണം.
പ്രത്യാശയുടെ തണലിലേക്ക് അനേകരെ കൈപിടിച്ചുയര്‍ത്തിയ വൈദികന്‍. തന്‍റെ മുന്‍പില്‍ കണ്ണീരോടെ എത്തിയവരെ സഹായിക്കുവാനായി അനേകര്‍ക്ക് മുന്നില്‍ വിനീതമായ യാചനയുടെ ശബ്ദമായി മാറിയ വ്യക്തി.
കരിപ്പേരിയച്ചന്‍ വിശ്രമിക്കുന്നില്ല. പ്രാര്‍ത്ഥനയും ഉദാരതയും പരിത്യാഗവുമെല്ലാം കൂട്ടിച്ചേര്‍ത്ത് ദൈവത്തിങ്കലേക്ക് മനുഷ്യരെ ആനയിക്കുന്ന ഈ ദൈവമനുഷ്യന്‍, പാവങ്ങള്‍ക്കും സമൂഹത്തില്‍നിന്നും പിന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ വഴി 'കാരുണ്യത്തിന്‍റെ മധ്യസ്ഥന്‍' ആയി പ്രവര്‍ത്തിക്കുന്നു.
ജീവിതം സേവനമാക്കിയവര്‍
കരിപ്പേരിയച്ചന്‍റെ ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ക്കുള്ള സാരഥിയുടെ അംഗമാണ് ചാലക്കുടിക്ക് സമീപം മേലൂര്‍ സ്വദേശി ഓട്ടോഡ്രൈവര്‍ സൈമണ്‍. ഞായറാഴ്ചകളില്‍ സൈമണും ഭാര്യയും നാലു കുട്ടികളും ഉച്ചകഴിഞ്ഞു ചാലക്കുടിടൗണിലേക്ക് പുറപ്പെടും. എന്തിനാണെന്നോ? വിശക്കുന്നവരുടെ വിശപ്പ് അകറ്റാന്‍! ആ ഓട്ടോറിക്ഷയില്‍ 40 പൊതിച്ചോറുകളുണ്ടായിരിക്കും. 40 പാവപ്പെട്ടവര്‍ക്ക് കൊടുക്കാന്‍! ശനിയാഴ്ച വാങ്ങികൊണ്ട് വരുന്ന പച്ചക്കറി അരിഞ്ഞുവച്ച്, ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു വന്ന് ചോറും കറിയും വീട്ടില്‍ ശരിയാക്കി പൊതിച്ചോറുകളാക്കുന്നു. ഭാര്യയും മക്കളും അതില്‍ പങ്കുചേരുന്നു. ടൗണില്‍ ഭിക്ഷ യാചിക്കുന്നവര്‍ക്ക് ഓരോ പൊതികള്‍ നല്‍കുന്നു. ഭക്ഷണം മാത്രമല്ല സ്നേഹവും ആശ്വാസവും നല്‍കിയാണ് ഇവര്‍ മുന്നോട്ടു നീങ്ങുന്നത്. പൊതിച്ചോറുകള്‍ നല്‍കുന്ന തൃശ്ശൂരിനടുത്തു തലോര്‍ സ്വദേശി സെബുവും, തനിക്കു ലഭിക്കുന്നതിന്‍റെ ദശാംശം പാവപ്പെട്ടവര്‍ക്ക് മാറ്റിവെയ്ക്കാന്‍ ബാങ്കില്‍ അക്കൗണ്ട് തുറന്ന പുത്തൂര്‍ സ്വദേശി ഷിന്‍റോയും, നന്മയുടെ നേര്‍പതിപ്പായ അങ്കമാലിക്കാരന്‍ ടാക്സിഡ്രൈവര്‍ തോമസും കരിപ്പേരിയച്ചന്‍റെ സാരഥിയുടെ സംഭാവനകളാണ്.
'സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്" (മത്തായി 25:40).
കൊച്ചുകുഞ്ഞുങ്ങളുടെ വലിയ ഹൃദയം
1998-ല്‍ മധ്യപ്രദേശിലെ ഭോപ്പാലിലെ വിദിശ റെയില്‍വേസ്റ്റേഷനില്‍ ട്രെയിന്‍ കാത്തുനില്‍ക്കുമ്പോള്‍ കരിപ്പേരിയച്ചന്‍ ആ കാഴ്ച കണ്ടു. മൂന്ന് ജീവനുള്ള അസ്ഥികൂടങ്ങള്‍! 24 വയസുള്ള, തൊലി എല്ലിനോട് ഒട്ടിയിരിക്കുന്ന യുവതിയും, ആഫ്രിക്കന്‍ രാജ്യങ്ങളിലെപോലെ എല്ലുംതോലുമായ മൂന്നുവയസുളള പെണ്‍കുട്ടിയും, ഒരു വയസുള്ള ഒരാണ്‍കുട്ടിയും. ആണ്‍കുട്ടി വിശന്നുകരയുമ്പോള്‍ അവന്‍റെ അമ്മ ആ കുഞ്ഞുതലയില്‍ രണ്ടുപ്രാവശ്യം അടിക്കും. അപ്പോള്‍ അവന്‍ കരച്ചില്‍ നിര്‍ത്തും. പിന്നെ വീണ്ടും കരയും, അമ്മ വീണ്ടും ഇടിക്കും. അങ്ങനെ നാലഞ്ച് തവണ ഇതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. ദയ തോന്നിയ അച്ചന്‍ ചെറിയ ഒരു ബിസ്ക്കറ്റ് കടയില്‍നിന്നും രണ്ടു പാക്കറ്റ് വാങ്ങി ആ കുട്ടികളുടെ കൈയില്‍ കൊടുത്തു. അവരാകട്ടെ ആര്‍ത്തിയോടെ അതു ഭക്ഷിച്ചു. ഈ സംഭവത്തില്‍ നിന്നാണ് 'ഗ്ലോബല്‍ ചില്‍ഡ്രന്‍' എന്ന ആശയം ഉദിച്ചത്. കഴിവുള്ള കുട്ടികള്‍ കഴിവില്ലാത്ത കുട്ടികളെ സഹായിക്കുക. അവര്‍ തമ്മില്‍ ഒരു പാലം പണിയുക. സ്വന്തം കാര്യം മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഉദാരതയുടെ സന്ദേശമെത്തിക്കുകയാണ് ഗ്ലോബല്‍ ചില്‍ഡ്രന്‍.
ഫാദര്‍ വര്‍ഗീസ് കരിപ്പേരിയുടെ ഗ്രന്ഥങ്ങള്‍
Prisoners:Our Own Brethren, Star of Hope in Dark Cells മോചനയാത്ര, ആന്തരിക സൗഖ്യത്തിന്‍റെ സുവര്‍ണ്ണതാക്കോല്‍, ക്യാമ്പ് കളികള്‍
പ്രസിദ്ധീകരിച്ച മാസികകള്‍
പ്രിസണ്‍ വോയ്സ്, വിമോചനം, ഐക്യസാരഥി, ശക്തകാഹളം
ലഭിച്ച പുരസ്കാരങ്ങള്‍
ദ സ്പിരിറ്റ് ഓഫ് അസ്സീസി നാഷണല്‍ അവാര്‍ഡ്, സേവന്‍ മിത്ര അവാര്‍ഡ്, തൃശൂര്‍ അതിരൂപത പബ്ലിക് റിലേഷന്‍ രജതജൂബിലി അവാര്‍ഡ്, പ്ലാറ്റൂണ്‍ അവാര്‍ഡ്, ഹോസാന അവാർഡ്
തൃശൂരിലെ നെല്ലിക്കുന്ന് സ്വദേശി. കരിപ്പേരി പൈലോത്-കുഞ്ഞില ദമ്പതികളുടെ 13 മക്കളില്‍ പത്താമനായി 1959 ഏപ്രില്‍ 10-നു ജനിച്ചു. ഇപ്പോള്‍ കുരിയച്ചിറ സെന്‍റ് ജോസഫ് ഇടവക വികാരി. ഫിലോസഫിയിലും, തിയോളജിയിലും ബിരുദങ്ങള്‍, സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം.