news-details
കവർ സ്റ്റോറി
"നീ വെള്ളിയാങ്കല്ലിനെക്കുറിച്ച് കേട്ടിട്ടില്ലേ? ജനിക്കുന്നതിനു മുന്‍പ് നമ്മുടെ ആത്മാവുകള്‍ അവിടെയായിരുന്നു. വെള്ളിയില്‍ തീര്‍ത്ത ആ പാറ ജനിമൃതികള്‍ക്കിടയിലെ വിശ്രമസ്ഥലമാണ്.
 
അവിടെ ആത്മാവുകള്‍ക്ക് ഭാരമില്ല. തുമ്പിയെപ്പോലെ നമുക്കവിടെ പാറിനടക്കാം. വാസൂട്ടി, വെള്ളിയാങ്കല്ല് എന്നെ വിളിക്കുന്നു." (എം. മുകുന്ദന്‍, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍)
 
2019 ലേക്ക് കലണ്ടര്‍ താളുകള്‍ മറിഞ്ഞുവീഴുന്നത് യാന്ത്രികമായാണ്. പുതുവര്‍ഷരാവിന്‍റെ ഉത്സവമേളങ്ങള്‍ എങ്ങും അലയടിക്കുമ്പോഴും ജീവിതത്തിലേക്കുള്ള വഴികളില്‍ ആനന്ദം കണ്ടെത്തിയവര്‍ തുലോം തുച്ഛമാണിന്ന്. എന്നാലോ സ്വപ്നങ്ങളെപ്പറ്റി, ലക്ഷ്യബോധത്തെപ്പറ്റി, വിജയിയുടെ കിരീടങ്ങളെപ്പറ്റി നിറം പിടിപ്പിച്ച പാഠങ്ങളും കഥകളും എണ്ണിയാലൊടുങ്ങാത്തതും. 'പുതിയവര്‍ഷത്തില്‍ പുത്തന്‍ തീരുമാനങ്ങള്‍ വേണ്ടേ? കഴിഞ്ഞവര്‍ഷം എടുത്ത തീരുമാനങ്ങളുടെ പത്തു ശതമാനംപോലും നടപ്പില്‍ വരുത്തിയില്ലെങ്കിലും പുതുതെന്തെങ്കിലും ഇല്ലെങ്കില്‍ 'ഗരിമ' പോരല്ലോ...
 
എന്നാല്‍ സാധാരണമോ അസാധാരണമോ എന്ന് ആര്‍ക്കും സംശയം തോന്നാവുന്ന തരത്തില്‍ ചില നിലപാടുകളും നിരീക്ഷണങ്ങളുംകൊണ്ട് ജീവിതം 'ഇന്നില്‍' ജീവിക്കുന്ന വി. ബാലചന്ദ്രന്‍ എന്ന ഒരു മനുഷ്യനെ പകര്‍ത്താനുള്ള ശ്രമമാണിവിടെ.
 
ഈ പരിശ്രമത്തില്‍ രണ്ടു തലമുറകളുടെ വൈവിധ്യം ഉണ്ട്. അസ്സീസിയുടെ താളുകളില്‍  Gen-next എന്ന പംക്തി കൈകാര്യം ചെയ്തിരുന്ന നാലുയുവസുഹൃത്തുക്കള്‍ (ആന്‍മേരി, ലെജിന്‍, മരിയ, റോബിന്‍) ജീവിതത്തിലേക്കുള്ള വഴികളില്‍ വേറിട്ട ഒരു മുഖത്തെ അസ്സീസിക്കായി പരിചയപ്പെടുത്തുന്നു. 
 
** ** **
"തുമ്പിയെപറ്റി എന്താണഭിപ്രായം?" മാസികയില്‍ നിന്ന് ഒരു ഫീച്ചര്‍ തയ്യാറാക്കാനായി അവസരം കിട്ടിയപ്പോള്‍ വന്ന ആദ്യചോദ്യം ഇതായിരുന്നു. ഞങ്ങള്‍ നാലാള്‍ക്കും 'തുമ്പി' എന്ന വാക്ക് ബാല്യത്തിലേക്കുള്ള തിരിച്ചുപോക്കായിരുന്നു. പാടവരമ്പത്തു തുമ്പികളെ തപ്പിനടന്നതുമുതല്‍ തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുവരെ ഓര്‍ത്തെടുക്കാന്‍ നിരവധി കുറുമ്പുനിറഞ്ഞ ഓര്‍മ്മകള്‍.
 
എന്‍റെ ജീവിതത്തില്‍ കടന്നുവരുന്ന പലതും പ്രത്യേകിച്ചു കാരണങ്ങളില്ലാതെയാണ്. എനിക്ക് പെട്ടെന്നൊരിഷ്ടം ചില കാര്യങ്ങളോട് തോന്നുക, അതില്‍ പൂര്‍ണമായും മുഴുകുക, അതില്‍ സംതൃപ്തി കണ്ടെത്തുക ഇതാണെന്‍റെ ശൈലി. തുമ്പിനിരീക്ഷണവും അങ്ങനെതന്നെ. ഒപ്പം അതിലൊരു കാര്യമുള്ളത് നിങ്ങള്‍ ജീവിതത്തിലെ ചെറുതുകളെ നിരീക്ഷിച്ചു തുടങ്ങുക. നിങ്ങളുടെ ജീവിതംതന്നെ അതു മാറ്റിക്കളയും. മനുഷ്യന്‍ പലപ്പോഴും ചുറ്റുമുള്ള നിസ്സാരകാര്യങ്ങളെ അവഗണിച്ച് മറ്റെന്തിനൊക്കെയോ വേണ്ടി പരക്കംപായുകയാണ്. അങ്ങനെ സങ്കീര്‍ണതകളില്‍ അഭിരമിക്കുന്ന ഒരു ലോകമാണ് നമുക്കുചുറ്റും.
 
ഭംഗിയുള്ള തുമ്പിയെ പിടിച്ചപ്പോള്‍ ചിറകറ്റ് അതു മൃതമായതും കരച്ചിലടക്കാനാവാതെ പൂക്കള്‍കൊണ്ട് ശവമഞ്ചമുണ്ടാക്കി സംസ്കരിച്ചതും എന്നും പുതിയ പൂക്കള്‍ തുമ്പിയുടെ 'കല്ലറ'യില്‍ സമര്‍പ്പിച്ചതുമൊക്കെ പെട്ടെന്നു ഞങ്ങളുടെ സംസാരങ്ങളില്‍ നിന്ന് പുറത്തുചാടി. ഡിസംബര്‍ പതിനാലാം തീയതിയിലെ അപ്രതീക്ഷിത ഹര്‍ത്താലില്‍ മനം മടുത്തിരുന്നപ്പോള്‍ വീണുകിട്ടിയ അവസരമായിരുന്നു ഈ 'തുമ്പി ചോദ്യം'. അന്നത്തെ ഹര്‍ത്താല്‍ ദിനം അതിരാവിലെതന്നെ 'തുമ്പിചോദ്യത്തിന്‍റെ' ഉത്തരത്തിനായി ഞങ്ങള്‍ ഇറങ്ങി.
 
ബാലചന്ദ്രന്‍ വി. എന്ന 'ബാലനങ്കിള്‍' പ്രകൃതിസ്നേഹിയും ബ്ലോഗറും യാത്രികനും കലാസ്വാദകനും ഒക്കെയായി നിരവധി മേഖലകളിലൂടെ യാത്രചെയ്യുന്ന വ്യക്തിയാണ്. കൗമാരചെറുപ്പകാലങ്ങളില്‍ വായനയില്‍ ആഴ്ന്നിറങ്ങിയിരുന്ന ഈ മനുഷ്യന്‍ പിന്നീട് ബാങ്കിംഗ് മേഖലയില്‍ നിരവധിവര്‍ഷം ജോലിചെയ്തു. കണക്കുകളുടെ ലോകത്ത് ഏകാകിയായിപോയതിനാലാവണം യാത്രകളില്‍ പ്രത്യേകിച്ച് ഹിമാലയന്‍ യാത്രകളില്‍ നിരന്തരം അഭിരമിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തിയിരുന്നു ഇദ്ദേഹം. ജീവിതപങ്കാളി പാര്‍വ്വതിയും പലപ്പോഴും ഒപ്പമുണ്ടായിരുന്നു. പിന്നീട് എഴുത്തിന്‍റെ വഴികളില്‍ ബാങ്കിംഗിന്‍റെ വിരസതകള്‍ അകറ്റാന്‍ തുടങ്ങി. അങ്ങനെ കഴിഞ്ഞ കുറച്ചുകാലങ്ങളായി ബാങ്ക് ഉദ്യോഗത്തിനോടു വിടപറഞ്ഞ് ജീവിതത്തിന്‍റെ ശിഷ്ടഭാഗം ഏറ്റവും ഇഷ്ടപ്പെടുന്ന ചില തൊഴിലുകള്‍ക്കായി മാറ്റിവയ്ക്കാന്‍ ഇറങ്ങി പുറപ്പെട്ടു എന്നുതന്നെ പറയാം. ഈ ഇഷ്ടവിനോദങ്ങളൊക്കെ വെറും വിനോദത്തിനല്ല എന്നതാണിവിടെകാര്യം. നിലവില്‍ അദ്ദേഹം മനംനിറഞ്ഞ് ഇടപെടുന്ന ഒരു മേഖല തുമ്പിനിരീക്ഷണം ആണ്. ഈ ഒരു മേഖലയിലെ ബാലനങ്കിളിന്‍റെ താത്പര്യവും ഇഷ്ടവുമാണ് അദ്ദേഹത്തിലേക്ക് ഞങ്ങളെത്താന്‍ നിമിത്തമായത്. 
 
അതിരാവിലെ തലസ്ഥാനനഗരിയിലെ ബാലനങ്കിളിന്‍റെ ഭവനത്തിലെത്തിയപ്പോള്‍ നിറപുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചത് ബാലനങ്കിളിനോടും പ്രിയസഹധര്‍മ്മിണി പാര്‍വ്വതിയാന്‍റിയോടുമൊപ്പം സാഞ്ചോയും സാലിയുമായിരുന്നു. സ്വതവേ പട്ടിപേടിയുള്ള ഞങ്ങളെ സാഞ്ചോയും സാലിയും അവരുടെ വാത്സല്യംകൊണ്ട് കീഴടക്കികളഞ്ഞു. ഇനി സംഭാഷണങ്ങളിലേക്കു കടക്കാം. 
 
? സാഞ്ചോ, സാലി എന്നീ വളര്‍ത്തുനായ്ക്കള്‍ എന്തുകൊണ്ടാണിത്ര സ്നേഹപൂര്‍വ്വം പെരുമാറുന്നത്? (ബാലനങ്കിളിനോടുള്ള അവയുടെ ആത്മാര്‍ത്ഥമായ ഇഴയടുപ്പം ഞങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ അതിശയിപ്പിക്കുന്നതായിരുന്നു).
 
ഒരു വേള അത് ഞങ്ങളുടെതന്നെ ജീവിതത്തിന്‍റെ ഭാഗമാണെന്നു പറയാം. സ്നേഹം മാത്രം തിരികെ നല്‍കാന്‍ അറിയാവുന്നവരാണീ ജീവികള്‍.  അവരുടെ അത്ര വിശ്വസ്തതയും ലോകത്ത് മറ്റാര്‍ക്കും പൊതുവില്‍ അവകാശപ്പെടാനാവുമെന്നു തോന്നുന്നില്ല. 
 
നായ്ക്കള്‍ സ്നേഹത്തിന്‍റെയും വിശ്വസ്തതയുടെയും കാര്യത്തില്‍ മുന്‍പന്തിയിലാണ്. നായ്ക്കളെ ഇഷ്ടമുള്ളവരെല്ലാം അവയെ മനുഷ്യരായിതന്നെയാണ് കാണുന്നത്. എന്നില്‍നിന്ന് വേറിട്ടൊരു Status അവര്‍ക്കു നല്‍കാന്‍ എനിക്കാവില്ല. ദമ്പതിമാരുടെ ഇടയില്‍പ്പോലും രണ്ടുപേരും കൂടി ഇഷ്ടപ്പെടുന്ന ഒരു നായയുണ്ടായാല്‍ ജീവിതം കൂടുതല്‍ ആനന്ദപ്രദമാകുമെന്നാണ് എന്‍റെ അഭിപ്രായം. അടുത്തിട ഞാന്‍ കണ്ട വളരെ മനോഹരമായ വിവാഹചിത്രങ്ങളിലൊന്ന് നവവധുവും വരനും ഒരുമിച്ച് അവരുടെ നായയെ ഓമനിക്കുന്ന ചിത്രമാണ്. രാഹുല്‍ സടഗോപന്‍ എന്ന ഫോട്ടോഗ്രാഫറുടേതാണ് ആ ചിത്രം.
  
? ശരിയാണ് ഞങ്ങളുടെ ഒരു പൊതുസുഹൃത്തിനും ഭാര്യയ്ക്കും ഒരു സൈബീരിയന്‍ ഹസ്കി എന്ന ജനുസ്സില്‍പ്പെട്ട ഒരു നായ ഉണ്ട്. അവരുടെ ജീവിതത്തിലും ആ നായയോടുള്ള അടുപ്പം സ്വാധീനം ചെലുത്തുന്നതായി തോന്നാറുണ്ട്.
 
തീര്‍ച്ചയായും എന്നാല്‍ ഞാന്‍ തികഞ്ഞ ഒരു "Anti-Breed'വാദിയാണ്.  അതായത് വിശേഷപ്പെട്ട ജനുസ്സുകളുടെ പിന്നാലെ ആളും അര്‍ത്ഥവും ചെലവഴിക്കുന്നത്, ഒരു തരത്തില്‍ പറഞ്ഞാല്‍ പൊങ്ങച്ചം കാണിക്കാനുള്ള വഴി മാത്രമല്ലേ പലര്‍ക്കും? നിങ്ങള്‍ക്കീ മിണ്ടാപ്രാണിയോടു സ്നേഹമുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതത്തിന്‍റെ പല പരുക്കന്‍ഭാവങ്ങളും അപ്രത്യക്ഷമായി ജീവിതം കുറേക്കൂടി സരളവും ഋജുവുമാകും.
 
തരളമാകും.  അതല്ലാതെ വിശേഷപ്പെട്ട ജനുസുകളുടെ വിശേഷണങ്ങള്‍ പറയാന്‍ മാത്രമാണീ കമ്പമെങ്കില്‍ അതില്‍നിന്ന് കാര്യമായി ഒന്നും ജീവിതത്തിലേക്ക് എടുക്കാനുണ്ടാവില്ല. 
(തുടര്‍ന്ന് വെള്ളായണി കായലിന്‍റെ കരയില്‍ തുമ്പിനിരീക്ഷിക്കാനായി ഞങ്ങള്‍ പുറപ്പെട്ടു.)
 
? എന്താണിപ്പോള്‍ അങ്ങ് തുമ്പികളില്‍ ഇത്ര ആകൃഷ്ടനാകാന്‍ കാരണം?
 
എന്‍റെ ജീവിതത്തില്‍ കടന്നുവരുന്ന പലതും പ്രത്യേകിച്ചു കാരണങ്ങളില്ലാതെയാണ്. എനിക്ക് പെട്ടെന്നൊരിഷ്ടം ചില കാര്യങ്ങളോട് തോന്നുക, അതില്‍ പൂര്‍ണമായും മുഴുകുക, അതില്‍ സംതൃപ്തി കണ്ടെത്തുക ഇതാണെന്‍റെ ശൈലി. തുമ്പിനിരീക്ഷണവും അങ്ങനെതന്നെ. ഒപ്പം അതിലൊരു കാര്യമുള്ളത് നിങ്ങള്‍ ജീവിതത്തിലെ ചെറുതുകളെ നിരീക്ഷിച്ചു തുടങ്ങുക. നിങ്ങളുടെ ജീവിതംതന്നെ അതു മാറ്റിക്കളയും. മനുഷ്യന്‍ പലപ്പോഴും ചുറ്റുമുള്ള നിസ്സാരകാര്യങ്ങളെ അവഗണിച്ച് മറ്റെന്തിനൊക്കെയോ വേണ്ടി പരക്കംപായുകയാണ്. അങ്ങനെ സങ്കീര്‍ണതകളില്‍ അഭിരമിക്കുന്ന ഒരു ലോകമാണ് നമുക്കുചുറ്റും. എന്നാല്‍ നിങ്ങള്‍ ലളിതമായ ഒരു കാര്യം ചെയ്തു നോക്കുക. ഏറ്റവും ചെറുതിനെ പ്രകൃതിയില്‍ നിരീക്ഷിച്ചുതുടങ്ങുക. ജീവിതംതന്നെ മാറാം. 
 
? തുമ്പികളുടെ ലോകത്തെ പ്രത്യേകതകള്‍ പറയാമോ?
 
തീര്‍ച്ചയായും. ഒരു വശത്ത് ലളിതവും സുന്ദരവും ഭാരമില്ലാതെ ജീവിക്കുന്നവരുമാണെങ്കിലും തികച്ചും Agressive ആയ ജീവിവര്‍ഗമാണിത്. ആണ്‍തുമ്പികള്‍ ഇണചേരുന്നതും മറ്റുള്ള ആണ്‍തുമ്പികളെ അധികാരത്തോടെ ഓടിക്കുന്നതും മുതല്‍ അവയുടെ ചരിത്രം പറഞ്ഞാല്‍ തീരാത്ത ഒരു വിഷയമാണ്. ആയുസ്സിന്‍റെ എഴുപത് എണ്‍പതുശതമാനവും ലാര്‍വയായി ജലത്തിലാണ് അവ ചെലവിടുന്നത്. ലോകത്തില്‍ ഏതാണ്ട് ആറായിരം ഇനം തുമ്പികളുണ്ട്. ചില തുമ്പികള്‍ ആഫ്രിക്കയില്‍നിന്നും ഓസ്ട്രേലിയായില്‍നിന്നും ഒക്കെ പറന്നിവിടെ വരുന്ന ദേശാടകരാണ്. ഏതാണ്ട് 11000 കീലോമീറ്ററെങ്കിലും അവ പറന്നെത്തും.
വളരെ വിചിത്രവും എന്നാല്‍ അതിശയം കലര്‍ന്നതുമാണ് ഈ ചെറുജീവികളുടെ ജീവിതം.
അപ്പോഴേക്കും ഞങ്ങളുടെ സംഭാഷണങ്ങള്‍ തുമ്പികളില്‍ നിന്നും ചെറുതുകളുടെ വലിയ ലോകത്തിലേക്ക് പറിച്ചുമാറ്റപ്പെട്ടിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധി ഇനം തുമ്പികളെ അന്നു കണ്‍നിറയെ കണ്ടു. അവയുടെ തരംതിരിച്ചുള്ള വിവരണങ്ങളും അറിവും ജൈവലോകത്തിന്‍റെ പുതിയ വിസ്മയങ്ങളിലേക്കും മനുഷ്യന്‍റെ നിസ്സാരതകളിലേക്കും ഞങ്ങളെ കൊണ്ടെത്തിച്ചു. സത്യത്തില്‍ ഇത്രയധികം വൈവിധ്യങ്ങള്‍ നമുക്കുചുറ്റുമുള്ളപ്പോഴും ഒരിക്കലും ധ്യാനലീനമാവാതെ സദാ ബഹളങ്ങളില്‍ നിറയുന്നതിനെപ്പറ്റി ഞങ്ങളോടുതന്നെ പുച്ഛം തോന്നിയ നിമിഷമായിരുന്നു അത്. ഈ മനുഷ്യനൊപ്പം നിരീക്ഷണങ്ങളും ചിത്രമെടുപ്പും നടത്തിയപ്പോള്‍ ഞങ്ങള്‍ ആലീസിന്‍റെ അത്ഭുതലോകത്തെന്നവണ്ണം ഭാരമില്ലാതെ നിരവധി കാഴ്ചകളിലൂടെ തെന്നിനീങ്ങി. എന്നാല്‍ ജീവിതത്തിന്‍റെ ആഴങ്ങളിലേക്കുള്ള ഒരു ക്ഷണമായിരുന്നു അതെന്നു മടക്കയാത്രയിലാണ് തിരിച്ചറിഞ്ഞത്. ഹര്‍ത്താലാഘോഷിക്കാന്‍ വന്ന് നിശബ്ദതയെ ഭഞ്ജിച്ചവരൊക്കെ ഞങ്ങളെ അസ്വസ്ഥരാക്കി. അതെ, ചെറുതുകളുടെ ലോകത്തെ കൂടുതല്‍ അറിയുന്തോറും ഞങ്ങള്‍ വളരെയധികം ശാന്തരാവുകയായിരുന്നു. അങ്ങനെ സംഭാഷണങ്ങളില്‍നിന്നും വിടപറഞ്ഞ് ഞങ്ങളും അവയുടെ ചിറകുകളിലെ വര്‍ണങ്ങളും വിന്യാസങ്ങളും ചിത്രങ്ങളുമൊക്കെ സൂക്ഷ്മദര്‍ശിനിയിലൂടെ കണ്ട് ആഹ്ളാദിച്ചു തുടങ്ങി. ബാല്യത്തിന്‍റെ കൗതുകംപോലെ പരസ്പരം തുമ്പികളെ കാണിച്ചു കൊടുത്ത് ഉള്ളിലെ ആനന്ദം പങ്കുവച്ചു. 
 
? തുമ്പിനിരീക്ഷണത്തിന്‍റെ സാധ്യതകള്‍ വിപുലീകരിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍
തീര്‍ച്ചയായും, വിദ്യാര്‍ത്ഥികളുടെയും പ്രകൃതിസ്നേഹികളുടെയും ഇടയില്‍ നിരീക്ഷണപഠനസാധ്യതകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി തുമ്പിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു സൊസൈറ്റി ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. ഇപ്പോള്‍ തന്നെ ഞങ്ങള്‍ കുറച്ചുപേര്‍ അതിന്‍റെ ഭാഗമായി ക്ലാസുകളും പഠനശിബിരങ്ങളും നടത്തുന്നുണ്ട്. 

 

ഞാന്‍ സത്യത്തില്‍ ഈ മേഖലയില്‍ അത്ര അഗ്രഗണ്യനൊന്നുമല്ല. നിരവധി സുഹൃത്തുക്കള്‍, നല്ല വൈദഗ്ദ്ധ്യമുള്ളവര്‍, തുമ്പിനിരീക്ഷണം മുതല്‍ പ്രകൃതിജീവനത്തിന്‍റെ സമസ്തമേഖലകളിലുമുണ്ട്. അവരുടെ സംഭാവനകളോടും കഴിവുകളോടുമായി എന്നെ തുലനം ചെയ്യരുത്. ഞാന്‍ വെറുമൊരു സാധാരണക്കാരന്‍ മാത്രം.
 
തിരക്കൊഴിഞ്ഞ റോഡിലൂടെ ഹര്‍ത്താലിന്‍റെ ശാന്തതയില്‍ ഉച്ചഭക്ഷണം തേടി ഒരു ആശുപത്രി വളപ്പിലെ ഇന്ത്യന്‍ കോഫീഹൗസിലെത്തി. ഒരു മേശ മുഴുവന്‍ സ്വന്തമാക്കി ഞങ്ങളുടെ സംഭാഷണം തുടര്‍ന്നു. വെള്ളായണി കായല്‍തീരത്ത് കണ്ട ജീവജാലങ്ങളുടെ വൈവിധ്യസമൃദ്ധി തികച്ചും ആഹ്ളാദം ജനപ്പിക്കുന്നതാണ്. 'ഒടിയനെ'ന്ന മലയാള സിനിമ റിലീസ് ചെയ്ത ഒരു തിയേറ്റര്‍ കടന്നുവേണം ഞങ്ങള്‍ക്ക് യാത്രചെയ്യാന്‍. ഹര്‍ത്താലിനതീതമായി പ്രദര്‍ശിപ്പിക്കപ്പെട്ട ഈ ചിത്രം കാണാന്‍ തിക്കിത്തിരക്കുന്ന ജനങ്ങള്‍ പ്രത്യേകിച്ചൊരു വികാരവും മമതയും ഞങ്ങളില്‍ സൃഷ്ടിച്ചില്ല എന്നത് ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു. 
 
? അങ്കിള്‍ ഇത്രയും മൃഗസ്നേഹിയും പ്രകൃതിസ്നേഹിയും ആയതിനാല്‍ ഭക്ഷണക്രമങ്ങളില്‍ സസ്യഭുക്കാണെന്നാണ് ഞങ്ങള്‍ കരുതിയത്...
 
(തെല്ലൊരു ചിരിയോടെ...) ഭക്ഷണം എനിക്കിഷ്ടമാണ്. അത് സസ്യാഹാരം മാത്രമല്ല, മാംസാഹാരവും. ഭക്ഷണക്രമത്തില്‍ സസ്യഭുക്കല്ലാത്തതുകൊണ്ട് നിങ്ങള്‍ പ്രകൃതിവിരുദ്ധരോ മൃഗവിരോധിയോ ആണെന്നുപറയാന്‍ പറ്റില്ല. അനാവശ്യമായ നിയന്ത്രണങ്ങള്‍ മനുഷ്യനന്മയെക്കരുതി ഒഴിവാക്കാവുന്നതാണ്. ഈ ഇന്‍ഡ്യന്‍ കോഫിഹൗസില്‍ വരുന്നതുതന്നെ ബീഫ് കഴിക്കാനാണ്. ചില ചെറിയ കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ സന്തോഷം തരിക. കോട്ടയം കാരുടെ ബീഫ് കറി കഴിക്കാന്‍ തിരുവനന്തപുരംകാരനായ എനിക്ക് വളരെ ഇഷ്ടമാണ്.  
 
ഉച്ചതിരിഞ്ഞ് തിരികെ എത്തിയ ഞങ്ങളെ കാത്ത് സാഞ്ചോയും സാലിയും നിന്നിരുന്നു. പുറത്തുപോയി തിരികെ വന്ന തങ്ങളുടെ ആത്മമിത്രത്തെ അവര്‍ ഇമചിമ്മാതെ നോക്കിനിന്നു. സാഞ്ചോ പാര്‍വ്വതിആന്‍റിയുടെ മടിയിലിരിക്കുമ്പോഴും നോട്ടം ബാലനങ്കിളില്‍ മാത്രം. അവന്‍റെ മിഴികളില്‍ ഒരേ ഒരാള്‍...
 
? സാഞ്ചോയെ പിരിയാന്‍ വിഷമമുണ്ടോ? 
 
'ഉണ്ടോ എന്നോ?' എനിക്കും പാര്‍വ്വതിക്കും സാഞ്ചോയും സാലിയും ഉള്ളതിനാല്‍ ഒരുമിച്ച് ഒരു  യാത്രപോകാന്‍ സാധിക്കില്ല. കാരണം ഇവരെ പിരിയാന്‍ നല്ല വിഷമം ഉണ്ട്. ഞങ്ങളുടെ 
 
ജീവിതം ഇവരെ ചുറ്റിപ്പറ്റി എന്നുവേണം പറയാന്‍. 
ഏതാണ്ട് ഒരു മുപ്പതുവര്‍ഷത്തോളം ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ഞാന്‍ ഹിമാലയന്‍യാത്രകള്‍ ഒറ്റയ്ക്കും കൂട്ടായുമൊക്കെ നടത്താറുണ്ടായിരുന്നു. ഇപ്പോള്‍ അതും വേണമെന്നു തോന്നുന്നില്ല. സത്യത്തില്‍ ഇവരെ പിരിയുന്ന വേദന ഓര്‍ത്തിട്ടാണെങ്കിലും ഇപ്പോള്‍ തോന്നുന്നത് എന്തിന് ഒരു യാത്രപോകണം, ഇന്നത്തെ ജീവിതത്തില്‍ ഞാന്‍ സന്തുഷ്ടനാണ്. ആ ആഹ്ലാദം ഉള്ളില്‍ നിന്നുതന്നെ വരുന്നു. സാഞ്ചോ പോലും ആ ആനന്ദത്തിന്‍റെ ഭാഗമാണിന്ന്. പിന്നെന്തിനു ഞാന്‍ യാത്രപോകണം.
 
? ഇപ്പോള്‍ യാത്രയെപ്പറ്റി ഇങ്ങനെ ഒരു ദര്‍ശനം രൂപപ്പെട്ടപ്പോഴും ഈ അടുത്തകാലം വരെ നിരന്തരം യാത്രകളോട് പ്രണയമായിരുന്നു എന്നാണ് ബ്ലോഗ് (www.mytravelsmylife.blog.spot.com) വായിക്കുമ്പോള്‍ തോന്നിയത്. യാത്രകള്‍ ജീവിതത്തെ മാറ്റിയിട്ടുണ്ടോ? 
 
തീര്‍ച്ചയായും, ഞാന്‍ യാത്രകളെ തീവ്രമായി ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അത് എന്‍റെ ജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ അറിയില്ല. യാത്രകള്‍ ഉള്ളിലുള്ള പലതിനേയും ഉരച്ചു മിനുക്കി മൂര്‍ച്ചപ്പെടുത്തും എന്നതിനപ്പുറം ജീവിതത്തെ ഭാഷാന്തരം ചെയ്യുമെന്നു ഞാന്‍ കരുതുന്നില്ല. 'ഞാന്‍ എന്താണോ അതായിരിക്കും യാത്രക്കുശേഷവും ഞാന്‍' എന്നാണെനിക്കു തോന്നുന്നത്. ഇതൊക്കെ ആപേക്ഷികമാണെന്നു ഞാന്‍ കരുതുന്നു. വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് അത് വ്യത്യാസപ്പെട്ടിരിക്കും. ചിലനേരങ്ങളില്‍ യാത്ര ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിലും തീവ്രതയില്‍ ശൂന്യതയിലേയ്ക്കും യാത്ര എന്നെ എത്തിച്ചിട്ടുണ്ട്. 'നീലകണ്ഠപര്‍വ്വതദര്‍ശനത്തിലും ഹിമവാന്‍റെ മുമ്പിലും പലപ്പോഴും ഞാന്‍ ഈ ശൂന്യതയില്‍ പെട്ടിട്ടുണ്ട്.
 
(ഇതു പറയുമ്പോഴും 'ഇവന്‍ ഒറ്റ ഒരുത്തന്‍' കാരണമാണിപ്പോള്‍ യാത്രകള്‍ കുറഞ്ഞതെന്ന് പറഞ്ഞ് 'സാഞ്ചോയെ' വാത്സല്യംകലര്‍ന്ന കുറ്റപ്പെടുത്തലോടെ നോക്കുന്നുണ്ട്. പാര്‍വ്വതിയാന്‍റിയും അതു ശരിവച്ചു).  അച്ഛന്‍റെ ഒപ്പം കാട്ടിലൂടെയായിരുന്ന ആദ്യകാലയാത്രകള്‍. പിന്നീട് എന്‍റെ സ്കൂട്ടറില്‍. ജോലി ലഭിച്ചശേഷം പൂര്‍ണ്ണകുംഭമേള കാണാന്‍ പോയി. അതെനിക്കു വലിയൊരു വാതായനമാണ് തുറന്നു തന്നത്. പിന്നീടങ്ങോട്ട് അവസാനിക്കാത്ത യാത്രകളായിരുന്നു. (ഇതിനിടയില്‍ അന്ന് വെള്ളായണിയില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങള്‍ ലാപ്ടോപ്പിലേക്ക് മാറ്റുന്നുണ്ടായിരുന്നു).
 
അതിനുശേഷം അന്ന് എടുത്ത ചിത്രങ്ങളും പഴയചിത്രങ്ങളുമൊക്കെ കാണിച്ചു തന്നു. ഓരോ ചിത്രവും സ്ക്രീനില്‍ തെളിയുമ്പോള്‍ പുതിയകളിപ്പാട്ടം കൈയ്യില്‍ കിട്ടിയ കൊച്ചുകുഞ്ഞിന്‍റെ നിഷ്കളങ്ക ചിരികണ്ടു. അതിന്‍റെ പിന്നിലെ കഥകള്‍ അദ്ദേഹം ഞങ്ങള്‍ക്കു സമ്മാനിച്ചു. ഓരോ ചിത്രത്തിനും പിന്നിലുള്ള ക്ഷമയും, കാത്തിരിപ്പും അദ്ദേഹത്തിന്‍റെ വാക്കുകളില്‍ തന്നെ നമുക്കനുഭവിക്കാം. ഓരോ നിമിഷവും അദ്ദേഹം പൂര്‍ണ്ണമായും ജീവിക്കുന്നുണ്ട്.
 
? എന്താണ് Bliss//പരമാനന്ദം
 
Totally living in the moment...അതല്ലേ Bliss. ഞാന്‍ ഒരു ചിത്രം എടുക്കുമ്പോള്‍ ഞാനും ആ Object ഉം മാത്രം. ഞങ്ങള്‍ രണ്ടും മാത്രമാകുന്ന അവസ്ഥ. ഞാന്‍ കാട്ടില്‍ പോകുമ്പോള്‍ ചിലപ്പോള്‍ സ്വയം സംസാരിച്ചുപോകും. ഇലയുടെ അടിയിലിരിക്കുന്ന ചിലന്തി, അതിന്‍റെ പ്രത്യേകതകള്‍, അതിനെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ etc. Its a moment of lightness.  ജീവിതത്തില്‍ ഇത്രയും ഭാരമില്ലായ്മ അനുഭവപ്പെടുക തന്നെയല്ലേ Bliss.. പ്രകൃതിയില്‍ അലിയുമ്പോള്‍ കഴിഞ്ഞതിനെ പറ്റിയുള്ള വ്യാകുലതയും ഇല്ല, നാളെയെപ്പറ്റിയുള്ള ആകുലതകളുമില്ല. ഈ നിമിഷത്തില്‍ മാത്രം ജീവിക്കാന്‍ നിങ്ങള്‍ തുടങ്ങൂ. നിങ്ങളുടെ കാഴ്ചകള്‍ മാറിയേക്കാം.
 
എല്ലാവര്‍ക്കും അത് എപ്പോഴും പറ്റിയെന്നു വരില്ല. എനിക്ക് 'ഇന്നി'ല്‍ ജീവിക്കാന്‍ പ്രേരണ പ്രകൃതിയാണ് തരുന്നത്. നിങ്ങള്‍ ഒരു മുറിവൃത്തിയാക്കുമ്പോഴും അത് അനുഭവിക്കാന്‍ പറ്റും. ചൂലിന്‍റെ ഈര്‍ക്കിലികള്‍ ഓരോ ചെറിയ അഴുക്കുകളെയും പുറത്തേക്ക് അടിച്ചു മാറ്റുന്നതുപോലെ. ഇങ്ങനെ ഒരു ചെറിയ പ്രവൃത്തിയില്‍ ലയിച്ചാല്‍ അതാണ് ധ്യാനം. അത് അറിഞ്ഞ് അവബോധത്തോടെ ചെയ്യണമെന്നു മാത്രം. എനിക്ക് മുറി ക്ലീന്‍ ചെയ്യുന്നതുപോലെ മെഡിറ്റേറ്റീവായ മറ്റൊരു നിമിഷം ഇല്ല.Meditation is totaly aware of the moment. ഞാന്‍ ബുള്ളറ്റില്‍ യാത്ര ചെയ്യുന്നതുപോലും എനിക്ക് മെഡിറ്റേഷന്‍ ആയി അനുഭവപ്പെടാറുണ്ട്. അതൊരു ആനന്ദമാണ്. ('ആനന്ദത്തിലേക്ക് ഒരു മിന്നല്‍പിണര്‍': അതാണ് ബാലനങ്കിളിന്‍റെ ബുള്ളറ്റിലുള്ള ഹിമാലയന്‍ ഒഡീസിയുടെ യാത്ര വിവരണത്തിന്‍റെ തലക്കെട്ട്) ഒരു Duality ഇല്ലാതാകുക, ചെയ്യുന്ന പ്രവൃത്തിയും ജീവിതവും അനുഭവവും തമ്മില്‍. അവിടെ പരമാനന്ദം അനുഭവിക്കാം. 
 
ഇടക്കു വീണ്ടും സംഭാഷണം ജനം തെരുവില്‍ ഉപേക്ഷിക്കുന്ന നായകളെ പറ്റിയും അവയെ സംരക്ഷിക്കുന്ന Sheltor നെ കുറിച്ചുമായിരുന്നു. വയസ്സായാല്‍ ഇന്നു തെരുവിലെക്കിവയെ വലിച്ചെറിയും. നമ്മളില്‍ ഇന്ന് ഉപയോഗം ഇല്ലാത്തതിനെ കളയുക എന്ന സ്വാര്‍ത്ഥത വളരെ കൂടുതലാണ്.
 
? ബാലന്‍ അങ്കിളിന്‍റെ എഴുത്ത്...
 
ബാങ്കിലിരുന്ന് മുരടിച്ച വേളകളിലാണ് ഞാന്‍ എഴുതിത്തുടങ്ങിയത്. ആദ്യകാലഘട്ടത്തില്‍ ഏകാന്തത, പ്രേമനൈരാശ്യം ഒക്കെ എഴുത്തിന് വിഷയമായി എന്നു കൂട്ടിക്കോളൂ. എന്നാല്‍  ആ തുടക്കത്തില്‍ നിന്ന് എന്‍റെ എഴുത്തിന്‍റെ ശൈലികള്‍ മാറി. പിന്നീട് ബ്ലോഗില്‍ വായനക്കാരുടെ എണ്ണം കുറഞ്ഞു. അത് സോഷ്യല്‍ മീഡിയയുടെ ഇംപാക്ട് ആണ്. എഫ്.ബി.യിലാണെങ്കിലും വായനകളെ ഗൗരവമായി എടുക്കുന്നവര്‍ കുറഞ്ഞു. എഴുതി തുടങ്ങിയ സമയത്ത് എഴുത്ത് എനിക്കൊരഭയമായിരുന്നു. എന്‍റെ മടുപ്പിനെ മാറ്റാന്‍. എന്നാല്‍ ഇന്ന് ഞാന്‍ കൂടുതല്‍ ആഹ്ലാദവാനാണ്. എനിക്ക് ആനന്ദം പകരുന്ന കാനനയാത്രകളും പ്രകൃതിനിരീക്ഷണവും വായനയും ഒക്കെയായി ഞാന്‍ സ്വയം സംതൃപ്തനാകുന്നു. അപ്പോള്‍ എഴുത്ത് കുറഞ്ഞു വരുന്നത് സ്വാഭാവികം.
 
ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന പലകാര്യങ്ങളിലും ഞാന്‍ Disturbed ആകുന്നില്ല. ഒരു Indifferenceസാമൂഹിക ലോകത്തോടുണ്ട്. കാരണം പ്രകൃതിയിലെ വിശാല ലോകത്തേക്ക് നോക്കാന്‍ പഠിക്കുമ്പോള്‍ 'ഞാന്‍' എന്ന ഭാവം ഇല്ലാതാകുന്നുണ്ട്. അതാണ് എന്‍റെ ആനന്ദം. ചെറിയ ഒരു സങ്കടം എനിക്കു വളരെ ബഹുമാനവും കഴിവുള്ള പല പ്രകൃതിനിരീക്ഷകരും പരിസ്ഥിതി വാദികളും ഈ 'ഞാന്‍' എന്ന പ്രശ്നത്തില്‍ കുടുങ്ങുന്നുണ്ട് എന്നതാണ്.
 
? വായന ജീവിതത്തെ പരിവര്‍ത്തനം ചെയ്തിട്ടുണ്ടോ
 
സത്യത്തില്‍ എന്‍റെ വായനക്ക് ആഴവും പരപ്പും ഉണ്ടായിരുന്നു. എന്നാല്‍ യാത്രയുടെ കാര്യംപോലെ  വായന നിങ്ങളെ മാറ്റി മറിക്കാനൊന്നും പോകില്ല എന്നു തോന്നുന്നു. നിങ്ങളുടെ ഉള്ളിലെന്തുണ്ടോ അതായിരിക്കണം നിങ്ങള്‍. ഉള്ളിലൊരു വിത്തുണ്ടാവുക എന്നത് പ്രധാനമാണ്. ആ വിത്ത് ഉള്ളവര്‍ എവിടെ ആയാലും വായനയിലും ജീവിതത്തിലും ആനന്ദം കണ്ടെത്തും. യാത്ര ചെയ്യുന്നവര്‍ എല്ലാം മഹാന്മാരാകുമെങ്കില്‍ എത്രയോപേരുണ്ട് നിരന്തരം യാത്രചെയ്യുന്നവര്‍. വായനയും അങ്ങനെതന്നെയാണ്.
 
പുസ്തകങ്ങളുടെ ഒരു ചെറുതല്ലാത്ത ശേഖരം ഉണ്ട്. പിന്നെ ചെറുപ്പത്തിലൊക്കെ ഞാന്‍ വായിക്കുമ്പോള്‍ സ്വയംകഥാപാത്രമായി സങ്കല്‍പിച്ച് നടക്കുമായിരുന്നു. വായനയില്‍ ഞാനത്രമാത്രം മുഴുകിയിട്ടുണ്ട്. ഹെമ്മിങ്ങ്വേയാണ് വായനയില്‍ എന്‍റെ പ്രിയ എഴുത്തുകാരന്‍.
 
ഹെമ്മിങ്ങ്വേയുടെ കഥകളില്‍ നമുക്കുകൂടി ഒരിടം ഉണ്ട്. വായിച്ചതുകൊണ്ട് ഞാന്‍ കൂടുതല്‍ മെച്ചപ്പെട്ടു എന്നു തോന്നുന്നില്ല. പക്ഷേ യാത്രപോലെ പുതിയ ലോകങ്ങള്‍ കാണാന്‍ പറ്റി. ഭാഷയുടെ Dignity, Charactor എന്നിവ എന്നെ വളരെ ആകര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ വായന എന്നെ പരിവര്‍ത്തനം ചെയ്തോ എന്നു ചോദിച്ചാല്‍ അറിയില്ല എന്നതാണ് ശരിയായ ഉത്തരം.  ഒരു എഴുത്താകാരന്‍റെ loyalty, conviction ഒക്കെ എഴുത്തില്‍ കണ്ടെത്താന്‍ പറ്റും.
 
ഫെയ്സ്ബുക്ക് മാധ്യമത്തിലൂടെ എഴുത്ത് മനോഹരമായി കൈകാര്യം ചെയ്യുന്ന നിരവധി വ്യക്തികളുണ്ട്. എനിക്ക് അതില്‍ വളരെ ഇഷ്ടമുള്ള ഒരാളാണ് നസീര്‍ ഹുസൈന്‍.
 
? ജീവിതത്തെ ഇത്ര ലളിതമായി എടുക്കുമ്പോഴും എപ്പോഴെങ്കിലും ഒറ്റപ്പെടല്‍ /Out of the box എന്ന ചിന്തകള്‍ വരാറുണ്ടോ.
 
ഇല്ല. ഇപ്പോഴത്തെ അവസ്ഥയില്‍ എനിക്ക് പഴയ കൂട്ടങ്ങളിലും അനാവശ്യ ആഘോഷങ്ങളിലും താത്പര്യമില്ല. ചില ചെറിയ കാര്യങ്ങള്‍, എഴുത്ത്, പിന്നെ ഇപ്പോള്‍ ചെയ്യുന്ന പലതും എന്നെ സംതൃപ്തനാക്കുന്നുണ്ട്.
 
?ചില വ്യക്തികള്‍ അവരുടെ ജീവിതം പൂര്‍ണ്ണമായും പരിസ്ഥിതിക്കും, സമൂഹത്തിനും വേണ്ടി സമര്‍പ്പിച്ചിട്ടുണ്ട്. ഡോ. ലത, കണ്ണന്‍ ചേട്ടന്‍ തുടങ്ങി നിരവധിപേര്‍. അവരെപ്പറ്റി എന്തുപറയുന്നു.
 
സത്യത്തില്‍ എനിക്കവരെപ്പറ്റി അസൂയയാണ്. ഒരേ കാര്യത്തിനുവേണ്ടി നിരന്തരം നിലകൊള്ളുക. അതിന്‍റെ ആഴങ്ങളിലേക്കിറങ്ങുക. ഡോ. ലത എന്നു പറഞ്ഞാല്‍ ചാലക്കുടി പുഴയാണെന്നു പറയാം. ഞാന്‍ ഉപരിപ്ലവമായി ആണ് പലപ്പോഴും ജീവിക്കുന്നത്. ഞാന്‍ പൂമ്പാറ്റയെപോലെയാണ്, ഒരു പൂവില്‍ നിന്ന് മറ്റൊന്നിലേക്ക് തെന്നി മാറുന്നതുപോലെ എന്‍റെ താത്പര്യങ്ങള്‍ മാറുന്നുണ്ട്. ഇപ്പോള്‍ കുറെക്കാലമായി തുമ്പിയെ പിടിച്ചിട്ടുണ്ട്. എന്ന് വിടുമെന്നറിയില്ല. എനിക്ക് ഈ പറഞ്ഞ വ്യക്തികളെപോലെ ആഴങ്ങളിലേക്ക് പോകാന്‍ കഴിവില്ലാത്തതുകൊണ്ടാണത്. അതിനാല്‍ത്തന്നെ അവരോടെല്ലാം ആദരവുമാത്രം. 'പട്ടി' എന്നത് എന്‍റെ അസ്ഥിയില്‍ പിടിച്ച പ്രേമമാണ്. Achievements എന്നത് focused ആയി നിരന്തരം അതില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് സാധിക്കുന്നതുമാണ്. ജീവിതത്തിന്‍റെ ഒരു larger view ല്‍ ഞാന്‍ ചോദിക്കുന്നത് അത്ര ആഴത്തില്‍ നാം പോകണോ? എനിക്ക് തോന്നുന്നത് ഇതെല്ലാം ഒരു പേഴ്സണല്‍ ചോയ്സ് ആണ്. ഇവര്‍ അത്തരം അന്താരാഷ്ട്രപ്രശസ്തി ആഗ്രഹിച്ചല്ലല്ലോ പുഴസംരക്ഷണത്തിന് ഇറങ്ങുന്നത്. അവര്‍ക്കിത് ചെയ്യാതിരിക്കാനാവില്ല എന്നതുകൊണ്ടുമാത്രം അവര്‍ ചെയ്യുന്നതാണ്.
 
ഇന്ന് നിങ്ങളോട് എനിക്ക് പറയാനുള്ള ഏക കാര്യം ജീവിതം എപ്പോള്‍ സങ്കീര്‍ണ്ണമാണെന്നു തോന്നുന്നുവോ, വെറുതെ ഒറ്റയ്ക്ക് കാട്ടിലേക്ക് പോവുക. അവിടെ നിങ്ങള്‍ വ്യത്യാസം തിരിച്ചറിയും. വെറുതെ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
 
? യാത്രകളില്‍ ഭയം തോന്നിയിട്ടുണ്ടോ
 
തീര്‍ച്ചയായും. അടുത്തിടെ തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ തുമ്പി നിരീക്ഷണത്തിനുപോയി. അവിടെവച്ച് ഒരു ആന എന്നെ ഓടിച്ചു. നിലത്തുവീണുപോയ ഞാന്‍ തന്‍റെ മരണം ഉറപ്പിച്ചിരുന്നു. വഴികാട്ടിയായ ആദിവാസി ഒച്ചവെച്ച് ആനയെ തിരികെ ഓടിച്ചതുകൊണ്ടിപ്പോള്‍ ജീവനോടെ ഇരിക്കുന്നു. ഇത്തരം നിരവധി ഭയപ്പെടുത്തിയ അനുഭവങ്ങള്‍ യാത്രയിലുടനീളം ഉണ്ടായിട്ടുണ്ട്. എങ്കിലും യാത്ര ചെയ്യാതിരിക്കാന്‍ ഇതൊരു കാരണമാകുന്നില്ല.
 
സംഭാഷണം വീണ്ടും വായനയിലേക്ക് തിരിഞ്ഞു. ആഗലേയ സാഹിത്യം പഠിക്കുന്ന നിങ്ങള്‍ വായന ഗൗരവമായി എടുക്കണം എന്നു പറഞ്ഞ് തന്‍റെ പുസ്തകശേഖരത്തില്‍ നിന്ന് കവിത പുസ്തകങ്ങള്‍ എടുത്തു. പിന്നെ ഒരു ഒഴുക്കായിരുന്നു സംഭവിച്ചത്. കവിതകളിലൂടെ, വിശ്വസാഹിത്യത്തിലെ തലതൊട്ടപ്പന്മാരിലൂടെ കടന്നുവന്ന് തന്‍റെ വായനയുടെ പരിസരങ്ങളെ ഊട്ടിയുറപ്പിച്ച Illustrated classics ന്‍റെ കുട്ടിപുസ്തകങ്ങളെ  (കളയാതെ സൂക്ഷിച്ച) പഴയ കൗമാരക്കാരന്‍റെ കൗതുകത്തോടെ നോക്കാന്‍ തന്ന് സര്‍വ്വം മറന്നുള്ള ഒരു നില്‍പ്. Philip Lark, Ted Hueghs ന്‍റെ കവിതകളിലേക്ക് പോയി അവസാനം View of a Pig എന്ന കവിത വായിച്ചവസാനിപ്പിക്കുമ്പോള്‍ സാഹിത്യ വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ വായിക്കാറുണ്ടെങ്കിലും ഒരു കവിത അസ്ഥിയിലേക്ക് തുളഞ്ഞിറങ്ങിയ അനുഭവമായിരുന്നു അദ്ദേഹത്തിന്‍റെ ഈ കവിതാ പാരായണം കേട്ടപ്പോള്‍ തോന്നിയത്. Yes,  it’s “too deadly factual”!
വളരെ കുറച്ചു സമയം മാത്രമാണ് സംസാരിച്ചതെങ്കിലും ഹൃദയത്തെ തൊട്ട മറ്റൊന്നുകൂടി അവിടെ സംഭവിച്ചു. അത് പാര്‍വ്വതി ആന്‍റിയുടെ Art & crafts ആയിരുന്നു. തമാശയാണെങ്കിലും ബാലനങ്കിളിന്‍റെ Art Junk എന്ന പ്രയോഗത്തെ സാക്ഷ്യപ്പെടുത്തുന്നതായിരുന്നു അവരുടെ വര്‍ക്ക് സ്പേസ്. പക്ഷേ അത് തികച്ചും പുരോഗമനപരമായിട്ടാണ് എന്നുമാത്രം. അതായത് എല്ലാംതന്നെ  re-cycle & upcycle കലാവിരുതുകളാണ്. ഉപയോഗശൂന്യം എന്ന് നാം കരുതുന്ന പല പാഴ്വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കരകൗശലവസ്തുക്കള്‍ മുതല്‍ വിവിധതരത്തിലുള്ള tribal/Nontribal കലാസങ്കേതങ്ങളും അവയുടെ ചെറിയ ശേഖരവും. ഇപ്പോഴും കലാപഠനം തുടരുന്ന, മൗനം വാചാലമാക്കുന്ന റിട്ടയേര്‍ഡ് പ്രഫസര്‍  പാര്‍വതിയാന്‍റിയുടെ ഒരു ചിരിയില്‍ ഒളിഞ്ഞിരിക്കുന്ന ജീശെശ്ശേ്യേ വാക്കുകളില്‍ വിവരിക്കാനാവാത്തതാണ്. Pain & Palleative Care നായി കൈകൊണ്ട് നിര്‍മ്മിച്ച ക്രിസ്തുമസ് പുതുവത്സരാശംസ കാര്‍ഡുകളുടെ നീണ്ടനിരയ്ക്കൊപ്പം അവരുടെ ഉള്ളിലെ വാത്സല്യത്തിനും വലിയ നീളമുണ്ടെന്ന് ആ മുഖത്തുനിന്ന് വായിച്ചെടുക്കാം.
 
അങ്ങനെ സംഭാഷണങ്ങളവസാനിപ്പിച്ച് തിരികെ ഹോസ്റ്റലുകളിലേക്ക് മടങ്ങുമ്പോഴും മനസ്സ് തങ്ങിനിന്നത് ഈ രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങളിലാണ്. ഒന്നു ചിന്തിച്ചാല്‍ പരക്കം പാച്ചിലുകളുടെയും സങ്കീര്‍ണ്ണതകളുടേയും ഈ ലോകത്ത് ജീവിതത്തെ ഇത്ര അനായാസേന ലളിതമായി കാണാനാവുക എത്രപേര്‍ക്കു പറ്റും? അതിലല്ലേ യഥാര്‍ത്ഥ ആനന്ദം കുടി കൊള്ളുന്നത്.
 
'ഇന്നി'ല്‍ ജീവിക്കുന്ന ഈ മനുഷ്യര്‍ ഞങ്ങളെ ശരിക്കും കീഴടക്കിക്കളഞ്ഞു. മറ്റൊന്നിനേയും പരാതികളില്ലാതെ ഇവര്‍ സ്വീകരിക്കുമ്പോഴും മറ്റൊന്നിനെപ്പറ്റിയും വലിയ botherations ഇല്ലെന്നു പറയുമ്പോഴും ഏറ്റവും ചെറിയ കാര്യങ്ങളില്‍പോലും തികഞ്ഞ ശ്രദ്ധാലുക്കളാണിവര്‍; ഇവരുടെയല്ല, സഹജീവികളുടെ. ഈ പുതിയ വര്‍ഷത്തിലേക്ക് ഹര്‍ത്താല്‍ സമ്മാനിച്ച ഒരു പുതുവര്‍ഷ സമ്മാനമായിരുന്നു ഈ സംഭാഷണം.
 
തുമ്പികളെപ്പോലെ ഭാരമില്ലാതെ പാറിനടക്കാന്‍ ഇത്തരം ചില ജന്മങ്ങള്‍ പ്രചോദനമാകട്ടെ!
ചിത്രങ്ങള്‍, കടപ്പാട്: ബാലചന്ദ്രന്‍ വി.
 ചിത്രങ്ങള്‍, കടപ്പാട്  : രാഹുൽ 

You can share this post!

കാരുണ്യത്തിന്‍റെ കരിപ്പേരി പാഠങ്ങള്‍

ടോണി ചിറ്റിലപ്പിള്ളി
അടുത്ത രചന

സമാധാനം

ജെര്‍ളി
Related Posts