news-details
മറ്റുലേഖനങ്ങൾ

ദാരിദ്ര്യമെന്നാലെന്ത്? എന്തുകൊണ്ട്?

ദാരിദ്ര്യം അതിന്‍റെ ഉത്ഭവത്തിലും പ്രകടനത്തിലും തികച്ചും സങ്കീര്‍ണ്ണമായ  ഒരു പ്രതിഭാസമാണ്. ശാസ്ത്രീയതലത്തിലൂള്ള ചര്‍ച്ചകളും മറ്റും ഈ പ്രതിഭാസത്തെ പലപ്പോഴും സാമ്പത്തികതലത്തില്‍ മാത്രം നിന്നുകൊണ്ടാണ് വിശകലനം ചെയ്യുക. സ്ഥിതിവിവരക്കണക്കുകളെയുമാശ്രയിച്ചിരിക്കാം. ഉപവിയുടെയും മനുഷ്യസ്നേഹത്തിന്‍റെയും തലത്തില്‍നിന്ന് ഈ വിഷയത്തെ വീക്ഷിക്കുന്നവര്‍പോലും അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റത്തിനുനേരെ കണ്ണടച്ച് ഔദാര്യത്തിന്‍റെ തലത്തിലാണ് നോക്കിക്കാണുക.

അവശ്യവസ്തുക്കളുടെ അഭാവമാണ് പ്രഥമദൃഷ്ട്യാ 'ദാരിദ്ര്യം' എന്ന പദംകൊണ്ട് നാം അര്‍ത്ഥമാക്കുക. മനുഷ്യജീവന്‍ നിലനിര്‍ത്തുന്നതിനത്യാവശ്യ ഘടകങ്ങളായ ആഹാരം പാര്‍പ്പിടം വസ്ത്രം എന്നിവ ഇല്ലാത്ത അവസ്ഥ ദാരിദ്ര്യമാണ്. സര്‍ക്കാര്‍ പറയുന്ന ദാരിദ്ര്യരേഖയുടെ കീഴിലുള്ളവര്‍ മാത്രമല്ല ദരിദ്രര്‍. പാര്‍പ്പിടവും വസ്ത്രവും ഉണ്ടെങ്കിലും ചൂഷണത്തിനും ഒറ്റപ്പെടുത്തലിനും അവഹേളനത്തിനും പാത്രമാകുന്നവര്‍, ജാതിയുടെയും വര്‍ഗ്ഗത്തിന്‍റെയും നിറത്തിന്‍റെയും പേരില്‍ വിവേചനത്തിനു വിധേയരാവുന്നവര്‍, തൊട്ടുകൂടാത്തവര്‍, ആദിവാസികള്‍, ദളിതര്‍ തുടങ്ങിയവരെല്ലാം ദരിദ്രരുടെ പട്ടികയിലാണുവരിക.

മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ദാരിദ്ര്യം എങ്ങും സ്ഥിതിചെയ്യുന്നതായി നാം കാണുന്നില്ല. മറിച്ച് ഇതു മനുഷ്യന്‍റെ ഒരനുഭവമാണ്. അത്യാവശ്യമുള്ളത് ഇല്ലാതെ വരുമ്പോള്‍, അതു കണ്ടെത്തുവാന്‍ സാധ്യമല്ലാതെ വരുമ്പോഴുണ്ടാകുന്ന അനുഭവം. ദരിദ്രര്‍ സ്വയം ദരിദ്രരായതല്ല ആക്കപ്പെട്ടവരാണ്. ഇവര്‍ ദരിദ്രരാക്കപ്പെടുന്നത് പലവിധത്തിലാണ്.

1, ഒന്നാമതായി വിധികല്പിതം എന്ന ചിന്തയുടെ ഫലം. ദാരിദ്ര്യം ഒരു ദൈവശാപമായും ധനവും സമ്പത്തും ഐശ്വര്യവും  ദൈവാനുഗ്രഹവുമായി കണക്കാക്കപ്പെടുന്നു. മനുഷ്യനു മുകളിലുള്ള ഏതോ അദൃശ്യശക്തിയുടെ പ്രവര്‍ത്തനമായി ഇതു ഗണിക്കപ്പെടുന്നു.

2. പിന്നോക്കാവസ്ഥയുടെ ഫലം. സാങ്കേതിക വിദ്യയുടെയോ വിദ്യാഭ്യാസത്തിന്‍റെയോ കുറവുമൂലം സമൂഹങ്ങളും രാജ്യങ്ങളും മറ്റും വികസിതരാജ്യങ്ങളുടെ പിന്നിലാക്കപ്പെടുന്ന അവസ്ഥ.

3. അനീതി നിറഞ്ഞ സാമൂഹ്യവ്യവസ്ഥിതിയുടെ ഫലം. ദാരിദ്ര്യത്തിന്‍റെ പ്രധാന കാരണം തെഴിലില്ലായ്മയാണ്. ഇതിനു കാരണം അനീതിയും ചൂഷണവും നിറഞ്ഞ സാമൂഹ്യവ്യവസ്ഥയും.

ദാരിദ്ര്യവും ദാരിദ്ര്യത്തിന്‍റെ സംസ്കാരവും

ദാരിദ്ര്യം എന്താണെന്നു നമുക്കറിയാം. ദരിദ്രരെ നമുക്കറിയാം. എന്നാല്‍ ദാരിദ്ര്യത്തിന്‍റെ സംസ്കാരം എന്ത് എന്നുകൂടി നാം പരിശോധിക്കണം.

സംസ്കാരം എന്നു കേള്‍ക്കുമ്പോള്‍ ആദ്യമായി സാധാരണ മനുഷ്യന്‍ ചിന്തിക്കുക കലയെക്കുറിച്ചോ, സാഹിത്യത്തെക്കുറിച്ചോ, സംഗീതത്തെപ്പറ്റിയോ ഒക്കെയാകാം. അതുപോലെ തന്നെ സംസ്കാരത്തെ വിദ്യാഭ്യാസവുമായി ബന്ധപ്പെടുത്തി ചിന്തിക്കുന്ന രീതിയും നമുക്കന്യമല്ല. ഉന്നതസംസ്കാരം എന്നും സാധാരണ സംസ്കാരം എന്നുമുള്ള വിവേചനവും നാം കാണുന്നുണ്ട്.

സംസ്കാരം എന്നാല്‍ അത് മനുഷ്യനുള്ള എന്തോ ഒന്ന് എന്നതിനെക്കാള്‍ അവന്‍ ആയിരിക്കുന്ന ഒരു അവസ്ഥയാണ്. സംസ്കാരത്തിന്‍റെ സ്വാധീനം മനുഷ്യന്‍റെ അടിസ്ഥാനതലങ്ങളെ അല്ലെങ്കില്‍ വേരുകളോളം എത്തിനില്ക്കുന്ന ഒന്നാണ്. ഒരു സമൂഹത്തിന്‍റെ ചിന്തകളെയും പ്രവൃത്തികളെയും നിയന്ത്രിക്കുന്ന ആശയങ്ങള്‍ വിശ്വാസങ്ങള്‍ മൂല്യങ്ങള്‍ ലക്ഷ്യം എന്നിവയുടെ ആകെത്തുകയാണ് ആ സമൂഹത്തിന്‍റെ സംസ്കാരം എന്നു പറയാം. അതുകൊണ്ട് സംസ്കാരം എന്നത് ഒരു ജനതയുടെ ജീവിതരീതിയെ ചൂഴ്ന്നുനില്ക്കുന്ന ഒരു പ്രതിഭാസമാണ്. അവരുടെ ഓരോ പ്രവര്‍ത്തനമണ്ഡലത്തിലും അവരുടേതായ സംസ്കാരപ്രകടനങ്ങള്‍ നാം കണ്ടെത്തും.

ഏതു കാലഘട്ടമെടുത്താലും അതിന് കൊടികുത്തി വാഴുന്ന ആശയങ്ങള്‍ ആ കാലഘട്ടത്തിലെ മേലാളന്മാരുടെ ആശയങ്ങള്‍തന്നെയാവും. അധികാരം കയ്യാളുന്നവര്‍ അവരുടെ സംസ്കാരം സാര്‍വ്വത്രികമാക്കുന്നു. അധികാരത്തിന്‍റെ പിന്‍ബലത്തില്‍ അവരുടെ സംസ്കാരം സാധാരണക്കാരുടെമേല്‍ അടിച്ചേല്പിക്കുവാന്‍ അവര്‍ക്ക് അനായാസം കഴിയുന്നു. കാലക്രമത്തില്‍ അധീശസംസ്കാരത്തിനടിമപ്പെട്ട് തങ്ങള്‍ അടിമകളാണെന്നുള്ള ബോധ്യംപോലും അവരില്‍നിന്നും ഇല്ലാതായിത്തീരുന്നു. ഈ അവസ്ഥയില്‍ സ്വന്തം ദുരവസ്ഥയെ സാധൂകരിച്ചുകൊണ്ടവര്‍ ജീവിക്കാനാരംഭിക്കുന്നു. അതുകൊണ്ടാണ് അടിമയെ വിമോചിപ്പിക്കുന്നതിന്‍റെ ആദ്യപടി അവനെ അടിമയാണെന്ന് ബോധ്യപ്പെടുത്തുകയാണ് എന്നു പറയാറുള്ളത്.

ഈ പശ്ചാത്തലത്തില്‍ ദാരിദ്ര്യത്തിന്‍റെ സംസ്കാരം എന്നാല്‍ ഒരു ഭൗതികമായ ഇല്ലായ്മയോ എന്തിന്‍റെ എങ്കിലും കുറവോ അല്ല മറിച്ച് ദരിദ്രര്‍ ആയിരിക്കുന്ന ഒരു അവസ്ഥയാണ് എന്നു കാണാം. സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക തലങ്ങളെയാകെ ഗ്രസിക്കുന്ന ആത്മാഭിമാനത്തെ നശിപ്പിക്കുന്ന ഒരു ലോകവീക്ഷണമാണത്.

നരവംശശാസ്ത്രജ്ഞന്മാര്‍ പഠനവിധേയമാക്കിയിട്ടുള്ള പുരാതനമനുഷ്യസമൂഹങ്ങളും വര്‍ഗ്ഗങ്ങളും സാങ്കേതികവിദ്യയോ സാമഗ്രികളോ ഒന്നും ഇല്ലാതെ കഠിനദാരിദ്ര്യത്തിലാണ് ജീവിച്ചിരുന്നത്. പക്ഷേ അവര്‍ക്ക് ദരിദ്രസംസ്കാരത്തിന്‍റെ സവിശേഷതകള്‍ ഉണ്ടായിരുന്നില്ല.

പൗരസ്ത്യയൂറോപ്പില്‍ ജീവിച്ചിരുന്ന യഹൂദര്‍ ദരിദ്രരായിരുന്നു. അവര്‍ക്കും ദാരിദ്ര്യത്തിന്‍റെ സാംസ്കാരിക സവിശേഷതകള്‍ ഉണ്ടായിരുന്നില്ല. അതിനുകാരണം വിദ്യാപാരമ്പര്യവും സാമൂഹികകൂട്ടായ്മയും അവര്‍ ഒരു തിരഞ്ഞെടുക്കപ്പെട്ട ജനതയാണെന്നുള്ള അവബോധവുമായിരുന്നു. പല തരത്തിലും വ്യത്യസ്ത അവസ്ഥയിലുമുള്ള ദരിദ്രരുണ്ട്. എന്നാല്‍ ദാരിദ്ര്യത്തിന്‍റെ സംസ്കാരം ദരിദ്രര്‍ മേലാളരുടെ സാമൂഹിക സാഹചര്യങ്ങളില്‍ അടിമകളായിക്കഴിയുന്ന മനോഭാവവും ജീവിതശൈലിയുമാണ്.

ദാരിദ്ര്യസംസ്കാരത്തിന്‍റെ സവിശേഷതകള്‍

സമൂഹത്തില്‍ ഈ അവസ്ഥ നിലനില്‍ക്കുന്നതിന് പല കാരണങ്ങളും ഓസ്കാര്‍ ലെവീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കുരുക്കില്‍പ്പെട്ടു കിടക്കുന്നവര്‍ അതിനു ബാഹ്യമായതൊന്നും കാണുന്നില്ല. അവര്‍ക്കാകെ അറിയാവുന്നത് അവരുടെ ദുരിതം മാത്രം. അവരുടെ ആ ദുരിതത്തില്‍ നിന്നൊന്നു മോചിതരാവണം എന്ന എന്ന ഒരു പ്രതീക്ഷ മനസ്സില്‍ കൊളുത്തിവയ്ക്കാനേ അവര്‍ക്കു കഴിയുന്നില്ല. അതിന്‍റെ നീരാളിപ്പിടുത്തം തലമുറകളിലൂടെ നീണ്ടുപോരുന്നു. മാറിമാറി വരുന്ന സാമൂഹ്യാവസ്ഥകളെ അതിന്‍റെ സ്വാധീനത്തില്‍ നിന്നു രക്ഷപെടണമെന്നു സ്വയം ചിന്തിക്കുവാനോ ചേരികളിലെ കുട്ടികള്‍ തയ്യാറാവുന്നില്ല. അതിന്‍റെ ഫലമോ? അവര്‍ പ്രതീക്ഷ നശിച്ചവരും കുറ്റവാളികളുമൊക്കെയായി പരിണമിക്കുന്നു.

മുതലാളിത്തം, കൊളോണിയലിസം, ഫ്യൂഡലിസം എന്നിവകള്‍ക്കൊപ്പം ദാരിദ്ര്യവും ഇഴഞ്ഞെത്തും. നിസ്സഹായത, അനാഥത്വം, ആശ്രിതത്വം, അപകര്‍ഷതാബോധം തുടങ്ങിയവ ദാരിദ്ര്യസംസ്കാരത്തിന്‍റെ ഫലങ്ങളാണ്. മനശ്ശാസ്ത്രപരവും സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങളില്‍കൂടിയല്ലാതെ ഈ സ്ഥിതിക്കു പരിഹാരമുണ്ടാകുകയില്ല.

മതവും ദാരിദ്ര്യത്തിന്‍റെ സംസ്കാരവും

വ്യക്തിയുടെ മേല്‍ മതത്തിനുള്ള സ്വാധീനം കൂടുന്തോറും അവന്‍റെ വിമോചനത്തിനുള്ള സാധ്യതകള്‍ അടയുന്നു എന്നു പറയാറുണ്ട്. മതത്തിന് സമൂഹത്തിന്‍റെ മേല്‍ വലിയ സ്വാധീനം ചെലുത്തുവാന്‍ കഴിവുള്ളതുകൊണ്ട് സമൂഹത്തിന്‍റെ സമഗ്രമായ വിമോചനത്തിനും മതം പലപ്പോഴും വിലങ്ങുതടിയാകാറുണ്ട്. സാമ്പത്തികതലത്തിലും സാമൂഹികതലത്തിലും രാഷ്ട്രീയതലത്തിലും മതം പുലര്‍ത്തുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് പലപ്പോഴും ഇതിനു കാരണമാകുക. മതം പലപ്പോഴും പുരോഗതിക്കു തടസ്സമായിട്ടുള്ള ഒരു വെീരസ മയീൃയെലൃ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഈ കാഴ്ചപ്പാടനുസരിച്ച് ദാരിദ്ര്യവും വേദനയും കഷ്ടപ്പാടുകളും ദൈവഹിതപ്രകാരം വന്നുഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ ക്രിയാത്മകമായി ദാരിദ്ര്യത്തിന് എതിരെ പ്രവര്‍ത്തിക്കുവാന്‍ മതസംവിധാനങ്ങള്‍ക്ക് പലപ്പോഴും കഴിയാതെ പോകുന്നു. സ്വന്തം ആത്മരക്ഷയ്ക്കുവേണ്ടി പാവപ്പെട്ടവനെ സഹായിക്കുക എന്ന ഒരു ദൗത്യം മതം സമ്പന്നരെ ഏല്പിച്ചിട്ടുള്ളതുകൊണ്ട് ഉപവി പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ചോദ്യം ചെയ്യാനുള്ള പാവപ്പെട്ടവന്‍റെ ഊര്‍ജ്ജത്തെ അല്ലെങ്കില്‍ ദോഷത്തെ കെടുത്തിക്കളയുന്നു. ഘടനയ്ക്കു മാറ്റം ഉണ്ടാക്കാതെ ദരിദ്രനെ അവന്‍റെ അവസ്ഥയില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള സേവനപ്രവര്‍ത്തനങ്ങളും ഉപവി പ്രവര്‍ത്തനങ്ങളും പാവപ്പെട്ടവന്‍റെ മനസ്സില്‍ അപകര്‍ഷതാബോധം വളര്‍ത്തുവാന്‍ മാത്രമേ ഉപകരിക്കൂ.

യേശുവിന്‍റെ പ്രബോധനങ്ങളുടെ തെറ്റായ വ്യാഖ്യാനങ്ങളും ഈ സംസ്കാരത്തിന് വളംവച്ചു കൊടുത്തിട്ടുണ്ട്. ദരിദ്രന്‍റെ സദ്വാര്‍ത്തയായ യേശുസന്ദേശം സമ്പന്നന്‍റെ കണ്ണുകളിലൂടെ നോക്കിക്കണ്ട് നല്കപ്പെടുന്ന വ്യാഖ്യാനങ്ങള്‍ അപകടകരമാണ്.

മതത്തിന്‍റെ വിമോചനദൗത്യം

മതം മനുഷ്യനെ നിഷ്ക്രിയത്വത്തിലേക്കു നയിക്കുന്ന ഉപകരണമായും പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന ആരോപണം ഉണ്ടെങ്കിലും ചരിത്രത്തിലുള്ള മതത്തിന്‍റെ സ്വാധീനം ഇതു മാത്രമാണ് എന്നു കരുതുന്നത് ചരിത്രത്തോടു നീതി പുലര്‍ത്തുന്നതാവുകയില്ല. മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള മുറവിളി മതത്തില്‍ നിന്നും ഉയരുന്നതു നാം കണ്ടിട്ടുണ്ട്. നിലവിലുള്ള തെറ്റായ വ്യവസ്ഥകളോടുള്ള / സംവിധാനങ്ങളോടുള്ള എതിര്‍പ്പുമായിട്ടാണ് ബുദ്ധമതം, ജൈനമതം, ഇസ്ലാംമതം എന്നിവ ചരിത്രത്തില്‍ ഉദയം ചെയ്തിട്ടുള്ളത്. എന്നാല്‍ അധികാരികള്‍ രക്ഷയുടെ താക്കോല്‍ സൂക്ഷിപ്പുകാരായതോടെ മതത്തിന്‍റെ വിപ്ലവശക്തി കുറഞ്ഞു എന്നുവേണം പറയാന്‍.

നിങ്ങളുടെ നിരവധിയായ ബലികള്‍ എനിക്കെന്തിന്, എന്‍റെ ജനത്തെ ഞെരുക്കാനും പാവപ്പെട്ടവരുടെ തല ചതയ്ക്കാനും നിങ്ങള്‍ക്കെന്തുകാര്യം. നിങ്ങളുടെ ഉത്സവങ്ങളോട് എനിക്ക് വെറുപ്പാണ്. നിങ്ങളുടെ ധാന്യബലികളും ദഹനബലികളും ഞാന്‍ സ്വീകരിക്കുകയില്ല എന്നു പറയുന്ന പ്രവാചകരും നീതിമാന്മാരെ വെള്ളിക്കു വില്ക്കുന്ന, ഒരു ജോടി ചെരിപ്പിനു സാധുക്കളെ വില്ക്കുന്ന, പാവപ്പെട്ടവരുടെ തല പൂഴിയില്‍ ചവിട്ടി മെതിക്കുന്നവര്‍ക്കെതിരെ കുറ്റവിധി നടത്തുന്ന ആമോസും ആവര്‍ത്തിച്ചു പറയുന്ന സത്യം ഇതാണ.് മതവും സാമൂഹികനീതിയും വേര്‍പെടുത്താനാവാത്ത ഒരു യാഥാര്‍ത്ഥ്യമാണ്, നീതിയില്ലാത്തിടത്ത് യഥാര്‍ത്ഥ മതം ഇല്ല. അടിമയെ മോചിപ്പിക്കാന്‍ വിശുദ്ധമായ പൂജാപാത്രങ്ങള്‍പോലും തച്ചുടച്ചു വില്‍ക്കാന്‍ പറഞ്ഞ വി. അംബ്രോസ് യഥാര്‍ത്ഥജീവിതം എന്താണെന്നു വിളിച്ചോതുന്നു. ദൈവത്തിന്‍റെ നീതി വിളിച്ചോതിയ സഭാപിതാക്കന്മാര്‍ പഴയനിയമപ്രവാചകരുടെ തുടര്‍ച്ചയാണ്. ദൈവാലയത്തില്‍ ചാട്ടവാര്‍ ചുഴറ്റിയ യേശു മതജീവിതത്തിന്‍റെ ആവശ്യകത വ്യക്തമാക്കുകയായിരുന്നു. ചുരുക്കം ചിലരെ വിശുദ്ധരും അനേകരെ പാപികളും ഭ്രഷ്ടരുമാക്കിയ മതസംവിധാനത്തെ തച്ചുടച്ച യേശുമതവും ദൈവജ്ഞാനവും ഒരു ന്യൂനപക്ഷത്തിന്‍റെ കുത്തകയല്ല തറപ്പിച്ചു പറഞ്ഞു. മതം ഒരു മയക്കുമരുന്നല്ല, മര്‍ദ്ദനോപാധിയുമല്ല വിമോചനത്തിന്‍റെ മരുന്നാണെന്നവിടുന്നുദ്ഘോഷിച്ചു.

സമരിയാക്കാരിയുടെ യശസ്സുണര്‍ത്തിയ അവിടുത്തെ സംഭാഷണവും സക്കേവൂസിന്‍റെ ആത്മാഭിമാനം വര്‍ദ്ധിപ്പിച്ച അവിടുത്തെ വിരുന്നിലെ പങ്കുപറ്റലും നിരന്തരം അടിച്ചേല്പിക്കപ്പെട്ട അടിമത്തത്തിന്‍റെ ഭാരം ചുമന്ന് മുതുക് കൂനിപ്പോയവളെ നേരെ നിര്‍ത്തുന്ന യേശുവിന്‍റെ പ്രവര്‍ത്തനശൈലിയും ഇന്നും നമുക്കു മാതൃകയാകണം. വിരുന്നിനു ക്ഷണിക്കപ്പെടുന്നവര്‍ മാനിക്കപ്പെടുന്നു അവര്‍ അംഗീകരിക്കപ്പെടുന്നു. ദരിദ്രന്‍റെ പിച്ചച്ചട്ടിയിലേക്ക് നാണയം എറിഞ്ഞുകൊടുത്തുകൊണ്ടുള്ള സംതൃപ്തിയല്ല, മറിച്ച് പൊന്നോ വെള്ളിയോ തരാനില്ല, നസ്രായനായ യേശുവിന്‍റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക എന്നു പറഞ്ഞ അപ്പസ്തോലസമൂഹത്തിന്‍റെ വിമോചനശൈലിയാണ് നാം സായത്തമാക്കേണ്ടത്.

മതങ്ങളുടെ ആദ്യകാല അരൂപിയിലേക്കുള്ള തിരിച്ചുപോക്കാണ് ഇന്നിന്‍റെ ആവശ്യം. കാലത്തിന്‍റെ ചുവരെഴുത്തുകള്‍ അറിഞ്ഞ് ജനങ്ങളോടൊത്ത് അവരുടെ വിമോചനപ്രക്രിയയില്‍ മതങ്ങള്‍ പങ്കുപറ്റണം. എങ്കിലേ സമൂഹത്തിലെ അനീതിക്കും ചൂഷണത്തിനുമെതിരെ ഫലപ്രദമായി നിലകൊള്ളാന്‍ മതത്തിനു കഴിയൂ. ബ്രസീലിലെ ബിഷപ്പ് ഹെല്‍ഡര്‍ കാമറേയുടെ വാക്കുകള്‍ സമര്‍ത്ഥവുമാണ്.
'ഞാന്‍ ദരിദ്രര്‍ക്ക് അപ്പം കൊടുക്കുമ്പോള്‍
അവരെന്നെ വിശുദ്ധരെന്നുവിളിക്കുന്നു.
എന്നാല്‍ എന്തുകൊണ്ട് ദരിദ്രര്‍ക്ക് അപ്പം ഇല്ല
എന്നു ഞാന്‍ ചോദിച്ചാല്‍ അവരെന്നെ
കമ്യൂണിസ്റ്റ് എന്നു വിളിക്കുന്നു.'
മനുഷ്യകുലം ഇന്ന് അനുഭവിക്കുന്ന തകര്‍ച്ചക്ക് സാമൂഹ്യവും പ്രാപഞ്ചികവുമായ രണ്ടു മുഖങ്ങളുണ്ട്. നീതിയില്‍ അധിഷ്ഠിതമായ ഒരു സമൂഹസൃഷ്ടിയിലൂടെ മാത്രമേ സാമൂഹ്യതലത്തില്‍ മനുഷ്യന്‍ അനുഭവിക്കുന്ന തകര്‍ച്ചക്ക് പരിഹാരമുണ്ടാകൂ. മനുഷ്യന് ഭൗതികതയ്ക്ക് ഉപരിയായ ഒരു മാനം പ്രദാനം ചെയ്യുകയാണ് മനുഷ്യകുലം ഇന്ന് അനുഭവിക്കുന്ന ദുരിതത്തിനുള്ള പരിഹാരം.  മനുഷ്യത്വഹീനമായ ഒരു സാമൂഹികവ്യവസ്ഥിതി നിലവിലിരിക്കുമ്പോള്‍ മതം തീര്‍ച്ചയായും നീതിക്കുവേണ്ടി, സമത്വത്തിനുവേണ്ടി പൊരുതണം. അതുകൊണ്ട് ഭൗതികതയ്ക്ക് ഉപരിയായി മനുഷ്യാസ്തിത്വത്തിന് മറ്റൊരു മാനം നല്കാനുള്ള മതത്തിന്‍റെ കടമയെ അവഗണിക്കുന്നു എന്ന് അര്‍ഥമില്ല.

ഉപസംഹാരം

നിഷ്ക്രിയമായി തങ്ങളുടെ സാഹചര്യങ്ങളെ വീക്ഷിക്കുന്ന ശൈലി ഉപേക്ഷിച്ച് ക്രിയാത്മകമായി തങ്ങളുടെ ഭാവി  സൃഷ്ടിക്കാന്‍ ദരിദ്രരും അടിച്ചമര്‍ത്തപ്പെട്ടവരും ഉണര്‍ന്നെഴുന്നേല്ക്കേണ്ട ഒരു കാലഘട്ടമാണിത്. സമൃദ്ധിയില്‍ കഴിയുന്ന സമ്പന്നരും ഒഴിഞ്ഞവയറുമായി അഴുക്കുപിടിച്ച സാഹചര്യങ്ങളില്‍ കഴിയുന്ന ദരിദ്രരും രണ്ടു വ്യത്യസ്ത ധ്രുവങ്ങളില്‍ നില്ക്കുന്ന സാഹചര്യത്തില്‍ നമ്മുടെ കടമയെക്കുറിച്ചും നാം എടുക്കേണ്ട നിലപാടുകളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. തകര്‍ക്കപ്പെട്ടവര്‍ക്കു പ്രത്യാശ നല്കുക എന്നത് അവരെ നിരാശയിലേക്കും മരണത്തിലേക്കും വലിച്ചിഴക്കുന്ന ശക്തികളുമായി പോരാടുക എന്നാണര്‍ത്ഥം. സാമൂഹിക - മതഘടനയിലും ദരിദ്രരോടുള്ള സമീപനത്തിലും കാഴ്ചപ്പാടുകളിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ വരുത്താന്‍ നമുക്കു കഴിയണം.

You can share this post!

വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം

ഡോ. അരുണ്‍ ഉമ്മന്‍
അടുത്ത രചന

മെഡിക്കല്‍ മിഷന്‍ സന്യാസസഭ ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍

സി. മിനി ഒറ്റപ്ലാക്കല്‍ എം.എം.എസ്.
Related Posts