"ആരെങ്കിലും എന്നെ ഒന്ന്
ഭ്രാന്താ എന്നു വിളിച്ചിരുന്നെങ്കില്‍
എന്‍റെ സ്വാതന്ത്ര്യത്തിന്‍റെ ലോകം
എത്ര വിശാലമാകുമായിരുന്നു"
മനോജ് ഒറ്റപ്ലാക്കലിന്‍റെ കവിതയാണ്. പരിധികളില്ലാത്ത സ്വാതന്ത്ര്യത്തിന്‍റെ ലോകത്തേക്ക് നീ കടന്നുപോയെങ്കിലും സ്വാതന്ത്ര്യം എന്ന വാക്ക് ആദ്യം എത്തിക്കുന്ന ഓര്‍മ്മ നിന്‍റെ കവിത തന്നെയാണ്. മഹാന്മാര്‍ സങ്കല്പിച്ചതും, നിര്‍വചിച്ചതും, പഠിപ്പിച്ചതുമൊക്കെ കാലഹരണപ്പെടുകയും, പരിധികളില്ലാതെ ജീവിക്കുന്നവനെ ഭ്രാന്തനാക്കുകയും ചെയ്യുന്ന കാലത്തിലാണ് നമ്മുടെ ജീവിതം.
ഓരോ മാസവും കടന്നുവരുമ്പോള്‍, മാസത്തിന്‍റെ പേര് കേള്‍ക്കുമ്പോള്‍ മനസ്സില്‍ വൈകാരികമായ ചില ഭാവങ്ങള്‍ ജനിക്കാറുണ്ടല്ലോ. നമ്മുടെയൊക്കെ വ്യക്തി ജീവിതവുമായി, കുട്ടിക്കാലം മുതല്‍ നമ്മള്‍ വളര്‍ന്നുവന്ന സാഹചര്യവുമായി ബന്ധപ്പെട്ടാണ് ഇത്തരം ഭാവങ്ങള്‍ ജനിക്കാറുള്ളത്. ആഗസ്റ്റ് മാസം ആഗതമാകുകയാണ്. ചിന്തയുടെ ചെറുവെളിച്ചത്തില്‍ തന്നെ സന്തോഷമെന്ന വികാരവും, സ്വാതന്ത്ര്യദിനവും, ത്രിവര്‍ണ്ണപതാകയും മനസ്സിലേക്ക് എത്തിയില്ല എങ്കില്‍ നിങ്ങള്‍ ഒരു ഭാരതീയനല്ല, കേരളീയനും ആകാന്‍ സാധ്യതയില്ല.
പഞ്ഞക്കര്‍ക്കിടകത്തിന്‍റെ അവസാനവും, ഐശ്വര്യചിങ്ങത്തിന്‍റെ ആരംഭവും കാലാവസ്ഥയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്കൊപ്പം സ്വാതന്ത്ര്യദിനത്തിനും ആഗസ്റ്റിനെ സുന്ദരിയാക്കുന്നതില്‍ ചെറുതല്ലാത്ത സ്ഥാനമുണ്ട്. 12 മാസങ്ങളില്‍ ജൂണിനെ മാത്രമാണ് കുട്ടികളുടെ പേരായി കണ്ടിട്ടുള്ളത്, ആഗസ്റ്റിനെയും പരിഗണിക്കാവുന്നതാണ്.
വ്യക്തിപരമായ ചിന്തയില്‍ മഴക്കാലത്തിന്‍റെ ഇരുളിമയില്‍നിന്ന്, പൂക്കളുടെയും, ഓണത്തുമ്പികളുടെയും, ഇളംവെയിലിന്‍റെയും 'അരുമയായ് നുണയുന്ന മധുരമായ്' ത്രിവര്‍ണ്ണഭാരതത്തിന്‍റെയും സന്തോഷകാലം മനസ്സിലേക്ക് ഓടി എത്തുകയാണ്. സ്വാതന്ത്ര്യദിനത്തിന്‍റെ നല്ലോര്‍മ്മകളില്‍ ചെറുഗ്രാമങ്ങളിലെ സരസ്വതീക്ഷേത്രങ്ങളായ വിദ്യാലയ മുറ്റങ്ങള്‍ക്കും കൊടിമരത്തിനും വലിയ സ്ഥാനമുണ്ട്. പുസ്തകക്കെട്ടിന്‍റെ അമിതഭാരമില്ലാതെ, യൂണിഫോമിന്‍റെ ചട്ടക്കൂടുകളില്ലാതെ, ക്ലാസ് മുറികളുടെയും, പഠിക്കലുകളുടെയും, പഠിപ്പിക്കലുകളുടേയും ശിക്ഷണരീതികളില്ലാതെ, ആണ്‍, പെണ്‍ വ്യത്യാസമോ, ക്ലാസ് വ്യത്യാസമോ ഇല്ലാതെ മനസ്സിനു പ്രിയപ്പെട്ടവരെ കാണുവാനും ഒപ്പമായിരിക്കുവാനും, അകവും പുറവും സ്വാതന്ത്ര്യത്തിന്‍റെ വൈകാരികതകളെ നുണഞ്ഞിറക്കുന്ന സുന്ദരദിനങ്ങളിലൊന്ന് ഇന്നും മനസ്സിനു കുളിര്‍മ്മ പകരുകയാണ്. നഗരവാസികളേക്കാള്‍ ഗ്രാമവാസികള്‍ക്കാണ് ഓര്‍മ്മയിലെ ഈ സന്തോഷമെന്നത് തര്‍ക്കരഹിതമായ വസ്തുതയാണ്.
ഇത്തരത്തില്‍ 'സ്വാതന്ത്ര്യ'ത്തെ മനസ്സിലാക്കുമ്പോഴും കോവിഡ് കാലം പഠിപ്പിച്ച സ്വാതന്ത്ര്യ ചിന്തകളൊന്നും ചരിത്രപുസ്തകങ്ങളോ, മഹാത്മാക്കളോ പഠിപ്പിച്ചു തന്നിട്ടില്ല. സാമൂഹ്യ ജീവിതത്തില്‍ മാത്രമല്ല, കുടുംബത്തിലും, വ്യക്തി ജീവിതത്തിലും സ്വാതന്ത്ര്യത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന തിരിച്ചറിവിലേക്ക് നയിച്ച കാലമായിരുന്നു കോവിഡ് കാലം.
എന്തു ശ്വസിക്കണം, എങ്ങനെ ശ്വസിക്കണം എന്നു തുടങ്ങി എങ്ങനെ മരിക്കണം, എങ്ങനെ അടക്കണം എന്നുവരെ സര്‍വ്വസ്വാതന്ത്ര്യങ്ങള്‍ക്കും വിലങ്ങിടപ്പെട്ട വിശേഷമായ ചില ദിവസങ്ങള്‍! സ്വാതന്ത്ര്യത്തിന്‍റെ ഓരോ തരിയിലും ഒളിഞ്ഞിരിക്കുന്ന അനന്തമായ ശക്തിയെ അനുഭവിച്ചറിയുവാന്‍ ഈ കാലം നമ്മെ സഹായിച്ചിട്ടുണ്ട്. മുങ്ങിമരിക്കാന്‍ പോകുന്നവന് ജീവശ്വാസമെന്നപോലെ സ്വാതന്ത്ര്യത്തിനായി കൊതിയോടെ കാത്തിരുന്ന ദിവസങ്ങള്‍! ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളിലൊന്ന് സ്വാതന്ത്ര്യമാണെന്ന് സകല മനുഷ്യരും തിരിച്ചറിഞ്ഞ ദിവസങ്ങള്‍. ഗാന്ധിജി മാത്രമല്ല സ്വാതന്ത്ര്യത്തിനുവേണ്ടി ചെറുവിരലെങ്കിലും അനക്കിയിട്ടുള്ള സകലരും മഹാത്മാക്കളാണ് എന്ന് തിരിച്ചറിഞ്ഞ ദിവസങ്ങള്‍! സ്വാതന്ത്ര്യ സമരസേനാനികള്‍ക്ക് എത്ര വലിയ പദവി നല്‍കിയാലും അതിനൊപ്പം 'അതുക്കുംമേലേ' എന്ന പദപ്രയോഗം കുട്ടികള്‍പോലും നടത്തിയ കാലമായിരുന്നു കോവിഡ് കാലം.
കാലചക്രത്തിന്‍റെ കറക്കത്തിനനുസരിച്ച് മറവിയുടെ മുളപൊട്ടലുകളും തുടങ്ങിയിട്ടുണ്ടോ? സ്വാതന്ത്ര്യത്തിന്‍റെ അനന്തവിഹായസില്‍ നിന്ന് പാരതന്ത്ര്യത്തിന്‍റെ ചട്ടക്കൂടുകളിലേക്ക് മനുഷ്യന്‍ പറന്നിറങ്ങാന്‍ തുടങ്ങിയിട്ടുണ്ടോ എന്ന് ചെറുതായി സംശയിക്കാവുന്നതാണ്. മതം, രാഷ്ട്രീയം, വ്യക്തിജീവിതം എന്നിങ്ങനെ ചില വിഭജനങ്ങള്‍ ഈ പ്രതിഭാസത്തിന്‍റെ വളര്‍ച്ചയെ നമുക്ക് വ്യക്തമാക്കിത്തരുന്നു. മതകാര്യങ്ങളുടെ സ്വഭാവം പ്രത്യേകരീതിയിലേക്ക് മാറ്റപ്പെടുകയാണ്. എന്‍റെ മതത്തെ ഞാനറിയുന്നു, അത് സത്യമാണെന്നറിയുന്നു, അതു മാത്രമാണ് സത്യമെന്നറിയുന്നു, അതിനായി വാശിപിടിക്കുന്നു' എന്ന അവസ്ഥയിലേക്ക് ചുരുക്കപ്പെടുന്ന മനുഷ്യന്‍! സ്നേഹമാണ് മതങ്ങളുടെ അടിസ്ഥാനമെങ്കില്‍ ഇത്തരം ബന്ധനങ്ങളില്‍നിന്ന് യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തിലേക്കാണ് മനുഷ്യന്‍ നയിക്കപ്പെടേണ്ടത്.
രാഷ്ട്രീയ മേഖലയില്‍ അടിമത്തം പലപ്പോഴും സൃഷ്ടിച്ചെടുക്കുന്നതാണോ എന്ന് സംശയിക്കേണ്ടതുണ്ട്. വോട്ടിനെ മുന്‍നിര്‍ത്തി അടിമത്തത്തിന്‍റെ ഭാഗമായ നിര്‍ബന്ധിക്കപ്പെടലുകളില്‍ സാധാരണ മനുഷ്യന്‍ പെട്ടുപോകുന്ന ദുരവസ്ഥയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. "അറിഞ്ഞതില്‍ നിന്നുള്ള മോചനം" എന്ന ജി. കൃഷ്ണമൂര്‍ത്തിയുടെ ചിന്തയുടെ മനസ്സിലാക്കലിലേക്ക് സമൂഹം കടക്കേണ്ടതാണ്.
'സ്വാതന്ത്ര്യ'ത്തില്‍ ഒരു തരിയെങ്കിലും കലര്‍പ്പ് ഏതെങ്കിലും വിധത്തല്‍ വന്നാല്‍ നേരേ എതിര്‍ദിശയിലേക്ക് അതു നയിക്കപ്പെടും. ആരവങ്ങളോടെ ആഘോഷിക്കുന്ന പലതിന്‍റെയും അര്‍ത്ഥം തിരിച്ചറിയപ്പെടാതെ പോകുന്നതിന്‍റെ കൂട്ടത്തില്‍ സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു. രാജ്യങ്ങള്‍ വിദേശാധിപത്യത്തിന്‍റെ കീഴില്‍ നില്‍ക്കുന്ന വിധത്തിലുള്ള അടിമത്ത്വങ്ങള്‍ ഇന്നിന്‍റെ ലോകത്ത് വലിയ പ്രതിസന്ധിയല്ല. എന്നാല്‍, മത, രാഷ്ട്രീയ, ആള്‍ദൈവ അടിമപ്പെടലുകള്‍ വലിയ പ്രതിസന്ധിതന്നെയാണ്.
സ്വാതന്ത്ര്യത്തിലാണോ എന്ന് സാധാരണക്കാരന് മനസ്സിലാക്കുവാന്‍ അവനെ സഹായിക്കുന്ന ഏഴുചോദ്യങ്ങള്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ലോകത്തിന് നല്‍കിയിട്ടുണ്ട്.
1. അഭിപ്രായം പറയാനും വിമര്‍ശിക്കാനും സാധ്യതയുണ്ടോ?
2. ജനഹിതം ഗവണ്‍മെന്‍റിന് എതിരാണെങ്കില്‍ അതു നടപ്പിലാക്കാനുള്ള വ്യവസ്ഥകളുണ്ടോ?
3. ഭരണാധികാരികള്‍ നീതിന്യായവ്യവസ്ഥയില്‍ ഇടപെടാറുണ്ടോ?
4. നീതിന്യായങ്ങള്‍ കോടതികളില്‍ പാലിക്കപ്പെടുന്നുണ്ടോ?
5. സാമ്പത്തികമോ, സാമൂഹികമോ ആയ ഇടപെടല്‍ നീതി നടത്തുന്നതിന് തടസ്സമാകാറുണ്ടോ?
6. വ്യക്തിയുടെ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നുണ്ടോ?
7. കാരണം വ്യക്തമാകാതെ പോലീസ് എപ്പോള്‍ വേണമെങ്കിലും പിടിച്ചുകൊണ്ടു പോകാനോ ഉപദ്രവിക്കാനോ സാധ്യതയുണ്ട് എന്ന ഭയം ഏതെങ്കിലും പൗരനുണ്ടോ?
അവഗണിക്കപ്പെട്ട ആദിവാസിക്കുവേണ്ടി സഹനത്തിന്‍റെ തീച്ചൂളയില്‍ ജീവന്‍ വെടിയേണ്ടി വന്ന ഫാ. സ്റ്റാന്‍സ്വാമിയെ മുന്നില്‍ നിര്‍ത്തി ഏഴാമത്തെ ചോദ്യത്തെയെങ്കിലും അഭിസംബോധന ചെയ്യാന്‍ നമുക്കു കഴിയട്ടെ. 'ഭാരതപ്രദര്‍ശനശാല' എന്ന നോവലില്‍ പറയുന്നു, "ലണ്ടനില്‍ കുരുമുളകിനു വിലകൂടിയപ്പോള്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയിലെത്തി, ഇന്ത്യയില്‍ ആത്മാഭിമാനത്തിനു വില കൂടിയപ്പോള്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയി". ആത്മാഭിമാനത്തിന് വിലകൂടി വരട്ടെയെന്ന് ആശിച്ചു പ്രാര്‍ത്ഥിക്കാം. ഭ്രാന്തനെന്നു വിളിക്കുമെങ്കിലും, മഴ നനയാനും, ചപ്പുകൂനക്കു തീയിടാനും, എച്ചിലുകളെ വിരുന്നാക്കി മാറ്റാനും, മരണവീട്ടില്‍ പൊട്ടിക്കരയാനും, കല്യാണവീട്ടില്‍ നൃത്തം ചവിട്ടാനും സ്വാതന്ത്ര്യത്തിന്‍റെ ലോകം കൂടുതല്‍ വിശാലമാകുന്ന നല്ലോര്‍മ്മകള്‍ ആശംസിക്കുന്നു.